Devi

Devi

Saturday, April 8, 2017

ദിവസം 241. ശ്രീമദ്‌ ദേവീഭാഗവതം -9.19. തുളസീക്രീഡ

ദിവസം 241ശ്രീമദ്‌ ദേവീഭാഗവതം 9.19.  തുളസീക്രീഡ

വിചിത്രമിദമാഖ്യാനം ഭവതാ സമുദാഹൃതം
ശ്രുതേന യേന മേ തൃപ്തിർ ന കദാപി ഹി ജായതേ
തത: പരംതു യജ്ജാതം തത്വം വദ മഹാമതേ

നാരദൻ പറഞ്ഞു: മഹാത്മൻ, വിചിത്രമായ ഈ കഥ കേട്ടിട്ടു് അതിലെനിക്ക് ഇനിയും മതി വന്നിട്ടില്ല. അതിനുശേഷമുണ്ടായ കാര്യങ്ങൾകൂടി പറഞ്ഞുതന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ശംഖചൂഡനെയും തുളസിയേയും അനുഗ്രഹിച്ച് ബ്രഹ്മാവ് സ്വധാമത്തിലേക്ക് മടങ്ങി. ചന്ദ്രചൂഡൻ ഗന്ധർവ്വവിധിപ്രകാരം തുളസിയെ വിവാഹം കഴിച്ചു. ആകാശത്തുനിന്ന് അപ്പോൾ പുഷ്പവൃഷ്ടിയുണ്ടായി. ഇഷ്ടപ്പെട്ടവരനെ ലഭിച്ച തുളസീദേവി നവസംഭോഗസുഖസമുദ്രത്തിൽ മുങ്ങി പലവിധത്തിലുള്ള സുഖാനുഭൂതികൾ അനുഭവിച്ചു. അറുപത്തിനാലുവിധം കാമകലാരൂപങ്ങളും അതിനൊത്ത രസാനുഭൂതികളും ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. സ്ത്രീഹൃദയങ്ങളെ സമാകർഷിക്കുന്ന കലകൾ രസികന്മാർക്കു വേണ്ടി കാമശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ദാനവനായ ശംഖചൂഡൻ അവകളിൽ എല്ലാം നിപുണനായിരുന്നു.

പുഴക്കരയിലും വിജനവനങ്ങളിലും അവർ രതിക്രീഡ ചെയ്തു. പുഷ്പചന്ദനങ്ങൾ കൊണ്ടലങ്കരിച്ച പള്ളിമെത്തയിലും നന്ദനോദ്യാനങ്ങളിലും അവർ കാമകേളിയിൽ മുഴുകിക്കഴിഞ്ഞു. ശൃംഗാരരസികനും യുവകോമളനമായ ചന്ദ്രചൂഡൻ തുളസീദേവിയുടെ മനം കവർന്നു. സദാ രതിലീലയിൽ മുഴുകിയിട്ടും അവർക്കതിൽ മതിവന്നില്ല. രതിക്രിയക്കിടക്ക് കാന്തന്റെ നെറ്റിക്കുറിയും  മാറിലെ ചന്ദനവും അവൾ മായ്ച്ചു കളഞ്ഞു. അവനാണെങ്കിൽ കാന്തയുടെ പൊട്ടും പത്തിക്കീറ്റും കൈത്തലം കൊണ്ട് മായ്ച്ചു. അവൻ അവളുടെ മാറിടത്തിലും കവിളത്തും കൈനഖപ്പാടുകൾ വീഴ്ത്തിയപ്പോൾ അവളുടെ വളകൾ പൊട്ടി അവന്റെ വയറിൽ രക്തം പൊടിഞ്ഞു. പരസ്പരം അവർ ചുണ്ടുകളെ ചുംബിച്ചു ചുവപ്പിച്ചു. ദീർഘമായ ആലിംഗനങ്ങളിൽ മുഴുകി അവരുടെ മെയ്യൊന്നായി. സുരതലീല കഴിയവേ അവർ പരസ്പരം ആടയാഭരണങ്ങൾ അണിയിച്ചു. പരസ്പരം ചന്ദനകുങ്കുമാദികൾ മെയ്യിലണിയിച്ചു. കളഭമണിയിച്ചു. വിശിഷ്ടവസ്ത്രങ്ങൾ ധരിപ്പിച്ചു. 

'
ഞാനങ്ങയുടെ ദാസി’, എന്നവളും ‘നിന്റെയടിമയാണ് ഞാൻ’ എന്നവനും വികാരത്തോടെ പറഞ്ഞു. വരുണൻ പണ്ട് കാഴ്ചയായി നല്കിയ ചേലകൾ അവനവൾക്ക് സമ്മാനിച്ചു. വ്രീളഭാവേന ചേലകൊണ്ടു് മൂടിയ മുഖം അനാവരണം ചെയ്ത് അവളെയവൻ തെരുതെരെ ചുംബിച്ചു. അവളുടെ മുടിയിൽ മാംഗല്യഭൂഷകളും കഴുത്തിൽ രത്നമാലയും അവനണിയിച്ചു. സ്വാഹാദേവി നല്കിയ രത്നനിർമ്മിതമായ കാൽച്ചിലമ്പ്, ഛായാദേവി നല്കിയ തോൾവളകൾ, രോഹിണി നല്കിയ കുണ്ഡലങ്ങൾ, രതീദേവി നല്കിയ വളകൾ, രത്നമോതിരങ്ങൾ, വിശ്വകർമ്മാവ് നല്കിയ ശംഖ് എന്നിവയും നല്ലൊരു പട്ടുമെത്തയും ശംഖചൂഡൻ അവൾക്ക് സമ്മാനിച്ചു. എന്നിട്ടവൻ പ്രിയതമയുടെ മുടിയും മുഖവും അലങ്കരിച്ചു. കവിളിലെ മാഞ്ഞുപോയിരുന്ന പത്തിക്കീറ്റ് വീണ്ടും സസൂക്ഷ്മം വരച്ചുകൊടുത്തു. അതിനു നടുക്ക് ദീപനാളം പോലൊരു പൊട്ടും വരച്ചു. ഓരോ നടത്തയിലും പൂവിരിയുന്ന അവളുടെ പാദനഖങ്ങളിൽ ചെമ്പഞ്ഞിച്ചാറു പൂശിയിട്ട് അവനാ ചരണങ്ങൾ മടിയിലെടുത്തു വച്ച് ഓമനിച്ചു. അവളെ വീണ്ടും ഗാഢം പുണർന്നു.

അവളെയും കൊണ്ട് അവൻ മറ്റുദേശങ്ങളിലക്ക് ഉല്ലാസയാത്ര പോയി. അവൾക്ക് പരിചിതമല്ലാത്ത കാട്ടിലും മേട്ടിലുള്ള കാഴ്ചകൾ കാണിച്ചു കൊടുത്തു. ആളില്ലാ പൂവനങ്ങൾ, അഴകോലും കടൽത്തീരം, ഗിരിഗഹ്വരങ്ങൾ, സദാ കുളുർതെന്നൽ വീശുന്ന പുഷ്പഭദ്രാനദീതടം, പഞ്ചാരമണൽ വിരിഞ്ഞു കിടക്കുന്ന നദീതീരങ്ങൾ, പൂഞ്ചോലകൾ എന്നിവിടങ്ങളിലെല്ലാം അവർ ക്രീഡാലോലരായി വിഹരിച്ചു. വസന്തഋതുവിൽ വണ്ടുകൾ മുരളുന്ന വിസ്പന്ദനത്തിലും, ദേവോദ്യാനമായ നന്ദനത്തിലും ഗന്ധമാദനത്തിലും,  മല്ലി, പിച്ചകം, മുല്ല, കൈത, ചമ്പകം, പാരിജാതം, എന്നിവ നിറഞ്ഞു വളരുന്ന  പുഷ്പവാടികകളിലും, ആ കാമുകൻ പ്രിയയെ കൊണ്ടുനടന്നു. ഓരോ കല്പവൃക്ഷത്തോപ്പിലും പാരിജാതവനങ്ങളിലുംവച്ച് രമിച്ചിട്ടും അവരിലെ ആസക്തിക്ക്  അവസാനമായില്ല. യാത്രകഴിഞ്ഞ് കൊട്ടാരത്തിലെ പട്ടുമെത്തയിലും അവർ രാസക്രീഡ തുടർന്നു.

രാജരാജനായ ശംഖചൂഡൻ ഒരു മന്വന്തരക്കാലം ദേവാസുരമാനുഷഗന്ധർവ്വൻമാർക്കെല്ലാം  ഭയമേകി ഭരണം നടത്തി. ദേവൻമാരുടെ പ്രതാപം നശിച്ചു. അവർ ഭിക്ഷുക്കളായി. അവരെല്ലാം ചേർന്ന് ബ്രഹ്മാവിനോട് സങ്കടം പറഞ്ഞു. ബ്രഹ്മാവും സുരൻമാരോടൊപ്പം ചേർന്ന് മുക്കണ്ണനായ പരമശിവനെ കാണാൻ പോയി. അദ്ദേഹവും അവരോടൊപ്പം വൈകുണ്ഠത്തിലേക്ക് പുറപ്പെട്ടു.

വൈകുണ്ഠം ജരാമൃത്യുരഹിതമായ മോക്ഷദ്വാരമാണെന്ന് പ്രസിദ്ധമാണല്ലോ. അവിടെയവർ പീതാംബരധാരികളായ ദ്വാരപാലകൻമാരെ കാണുകയുണ്ടായി. രത്നസിംഹാസനസ്ഥരായ അവർ ശംഖചക്രഗദാധാരികളും വനമാലയണിഞ്ഞവരും ശ്യാമസുന്ദരഗാത്രരും ആയിരുന്നു. ബ്രഹ്മദേവൻ അവരോട് അനുവാദം വാങ്ങി എല്ലാവരും അകത്തു കടന്നു. ആദ്യംകണ്ട വാതിൽ പോലുള്ള പതിനാറുദ്വാരങ്ങളും അവിടെയെല്ലാമുള്ള ദ്വാരപാലകൻമാരെയും കടന്ന് അവർ വിഷ്ണുസഭയിലെത്തി. ദേവർഷിമാരും ചതുർഭുജന്മാരും നാരായണസ്വരൂപരും നിറഞ്ഞതായിരുന്നു വിഷ്ണുസഭ. സദാ പ്രകാശം പൊഴിക്കുന്ന വൈരക്കല്ലും മുത്തും നിറഞ്ഞ മണ്ഡപം നവേന്ദുമണ്ഡലാകൃതിയിൽ ചമച്ചിരിക്കുന്നു. അനർഘരത്നങ്ങളും മുത്തുമാലകളും മറ്റും ശ്രീഹരിയുടെ താല്പര്യമനുസരിച്ച് മണ്ഡപത്തെ അലങ്കരിച്ചു. വൃത്താകാരത്തിലുള്ള കണ്ണാടികൾ, ചിത്രപ്പണികൾ, പത്മരാഗനിറത്തിൽ സ്യമന്തകനിർമ്മിതമായ  സോപാനങ്ങൾ, ഇന്ദ്രനീലക്കല്ലുകൊണ്ട്‌ നിർമ്മിച്ച തൂണുകൾ, പട്ടുനൂലിൽ കോർത്തു തൂക്കിയിട്ട ചന്ദനത്തളിർമാലകൾ, രത്നാഭമായ പൂർണ്ണകുംഭങ്ങൾ, പാരിജാതമാലകൾ, കസ്തൂരി ചേര്‍ത്ത കുങ്കുമത്തിന്റെ ഗന്ധം പൊഴിക്കുന്ന ചന്ദനമരം കൊണ്ട് തീർത്ത അരുണാഭമായ മേൽക്കൂര, എന്നിവയൊക്കെയുമായി  അതീവ കമനീയമായി വിളങ്ങുന്ന മണ്ഡപത്തിൽ വിദ്യാധരസ്ത്രീകളുടെ നൃത്തം ആസ്വദിച്ചുകൊണ്ട് താരകൾ ചുറ്റിനും വിലസുന്ന ചന്ദ്രനെപ്പോലെ സഭാമദ്ധ്യത്തിലിരിക്കുന്ന ശ്രീഹരിയെ ബ്രഹ്മാദികൾ കണ്ടു. 

അമൂല്യരത്നസിംഹാസനത്തിൽ താമര കൈയിലേന്തി ലക്ഷ്മീദേവിയാൽ പാദസേവ ചെയ്യപ്പെട്ട് സുഗന്ധതാംബൂലം ചവച്ചുകൊണ്ട് പ്രശാന്തനായി ഭഗവാനവിടെ വിരാജിക്കുന്നു. ഗംഗ ഭഗവാനെ വെഞ്ചാമരം വീശുന്നു. ഋഷീവൃന്ദം ഭഗവാനു മുന്നിൽ ശിരസ്സുനമിച്ചു വണങ്ങിനില്ക്കുന്നു. ശ്രീഹരിയെ ബ്രഹ്മാദികളും ദേവൻമാരും നമസ്കരിച്ചു. ശ്രേഷ്ഠതമനും പരിപൂർണ്ണനും പ്രഭുവുമായ ശ്രീഹരിയെ കണ്ട് എല്ലാവരും പുളകിതയാത്രരായി. അവർ ഭഗവാനെ സ്തുതിച്ചു. തൊഴുകൈയുമായി ജഗത്പതിയായ ബ്രഹ്മാവ് ശ്രീഹരിയോട് ആഗമനോദ്ദേശം അറിയിച്ചു. ഭഗവാന്‍ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു.

ശ്രീഭഗവാൻ പറഞ്ഞു: ബ്രഹ്മദേവാ, ശംഖചൂഡന്റെ കാര്യമെല്ലാം ഞാനറിയുന്നു. അവൻ പണ്ടെന്റെ സഖാവായ ഒരു ഗോപനായിരുന്നു. എന്റെ ഭക്തനും ഗോലോകവാസിയുമായ അവന്റെ ചരിതം ഞാൻ പറയാം. ഗോലോകത്തിന്റെ കഥ കേൾക്കുന്നതു പോലും പാപനാശകരമാണ്. സുദാമാവ് എന്നായിരുന്നു അവന്റെ പേര്. രാധയുടെ ശാപത്താൽ അവൻ അസുരയോനിയിൽ ജനിച്ചു ദൈത്യനായി. ഒരിക്കൽ ഞാൻ വിരജ എന്നു പേരായ ഗോപികയുമൊത്ത് രാസമണ്ഡലത്തിൽ പ്രവേശിച്ചു. അവിടെയപ്പോള്‍ എന്റെ പ്രാണപ്രിയയായ രാധയുണ്ടായിരുന്നു. അവൾ തന്റെ സഖിമാരിൽ നിന്നും എന്റെ കൂടെ വരജയുള്ള കാര്യമറിഞ്ഞ് രോഷാകുലയായി. അവൾ എന്നെത്തിരഞ്ഞുവന്നെങ്കിലും ഒരിടത്തും എന്നെ കണ്ടില്ല. രാധയെ ഭയന്ന് വിരജ സ്വയം ഒരു നദിയായി മാറി.

പിന്നീടു് ഒരിക്കൽ എന്നെ സുദാമാവുമൊരുമിച്ച് രാധ കാണുകയുണ്ടായി. അപ്പോൾ ഞാൻ മൗനമവലംബിച്ച് അവൾ പറഞ്ഞ ശകാരമെല്ലാം കേട്ടുനിന്നു. അതു കേട്ട  സുദാമാവ് അവളെ തിരികെ ശകാരിച്ചു. അപ്പോൾ അവൾ സുദാമാവിനെ ഭർസിച്ച് അവനെ എന്റെയടുക്കൽ നിന്നും പിടിച്ചു മാറ്റാൻ രാധ തന്റെ സഖിമാരോടു  കല്പിച്ചു. അവളുടെ ലക്ഷം സംഖ്യയുള്ള സഖീവൃന്ദം തേജസ്വികളും ശക്തിശാലികളുമായിരുന്നു. അവർ അവനെ പിടിച്ചു പുറത്താക്കി. സുദാമാവും അങ്ങിനെ വിട്ടു കൊടുത്തില്ല. തന്റെ തോഴിമാരെ അവൻ താഡിച്ചുവെന്നറിഞ്ഞ രാധ അവനെ ശപിച്ചു. 'നീ പോയി അസുരയോനിയിൽ ജനിക്കട്ടെ' 

ശാപമേറ്റ് ദീനനായി വിലപിച്ച അവനെക്കണ്ട്  പിന്നീട് രാധയ്ക്ക് തന്നെ പശ്ചാത്താപം തോന്നി. ദുഃഖത്താൽ വിലപിക്കുന്ന രാധയേയും ഗോപഗോപികളെയും ഞാൻ സമാധാനിപ്പിച്ചു. അവൻ ശാപഫലം അനുഭവിച്ചിട്ട് താമസിയാതെ മടങ്ങിയെത്തും. ‘സുദാമാവേ, നീ വേഗം മടങ്ങി വരണം.’ ഗോലോകത്തിലെ ഒരു നിമിഷം ഭൂലോകത്തിൽ ഒരു മന്വന്തരമാണെന്ന് മനസ്സിലാക്കിയാലും. ശംഖചൂഡൻ ഉടനേ തന്നെ ഇവിടെയെത്തും. അവനിപ്പോൾ സമർത്ഥനും ബലവാനും സർവ്വമായാവിദഗ്ദ്ധനുമാണ്. അതിനാൽ അവനെ വധിക്കാൻ എന്റെ ശൂലംതന്നെ വേണ്ടിവരും. പരമശിവൻ അതെടുത്ത് രാക്ഷസനെ സംഹരിക്കട്ടെ.

എന്നാല്‍ ശംഖചൂഡന്റെ കഴുത്തിൽ എന്റെ കവചമുള്ളിടത്തോളം അവനെ ആർക്കും തോല്പിക്കാനാവില്ല. അവന്റെ സർവ്വമംഗളങ്ങൾക്കും കാരണമായ ആ കവചം ഞാനൊരു ബ്രാഹ്മണവേഷത്തിൽ ചെന്ന് യാചിച്ചു വാങ്ങിക്കൊള്ളാം. അവന്റെ പത്നിയുടെ സ്ത്രീത്വത്തിന് ഹാനി സംഭവിക്കുന്നതുവരെ അവന് മരണമുണ്ടാവില്ല എന്നൊരു വരം അങ്ങു തന്നെ അവനു കൊടുത്തിട്ടുമുണ്ടല്ലോ. ഞാൻ അവന്റെ പത്നിയിൽ ഗർഭാധാനം ചെയ്ത് അവന്റെ മൃത്യു ഉറപ്പാക്കിക്കൊള്ളാം. പിന്നീട് തുളസീദേവി  സ്വദേഹം വെടിഞ്ഞ് ഇവിടെയെത്തി എന്റെ പത്നിയായിത്തീരും. ഇങ്ങിനെ ശ്രീഹരി നല്കിയ പ്രശ്നപരിഹാരത്തിൽ തൃപ്തരായ ബ്രഹ്മാദികൾ വൈകുണ്ഠത്തിൽ നിന്നും മടങ്ങി

No comments:

Post a Comment