Devi

Devi

Sunday, April 16, 2017

ദിവസം 243. ശ്രീമദ്‌ ദേവീഭാഗവതം. 9. 21. യുദ്ധാരംഭം

ദിവസം 243ശ്രീമദ്‌ ദേവീഭാഗവതം9. 21.  യുദ്ധാരംഭം

ശ്രീകൃഷ്ണം മനസാ ധ്യാത്വാ രക്ഷ: കൃഷ്ണപരായണ:
ബ്രാഹ്മേ മുഹൂർത്തേ ഉത്ഥായ പുഷ്പ തല്പാന്മനോഹരാത്
രാത്രി വാസ: പരിത്യജ്യ സ്നാത്വാ മംഗള വാരിണാ
ധൗതേ ച വാസസീ ധൃത്വാ കൃത്വാ തിലകമുജ്വലം


ശ്രീ നാരായണൻ പറഞ്ഞു: ശ്രീകൃഷ്ണഭക്തനായ ആ ദൈത്യൻ അതിരാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ തന്റെ പൂമെത്തെമേൽ നിന്നും എഴുന്നേറ്റ് ഭഗവാനെ മനസാ ധ്യാനിച്ചു. രാത്രിയിൽ ധരിച്ചിരുന്ന വേഷം മാറ്റി കുളിച്ച് ശുഭ്രവസ്ത്രം ധരിച്ചു. നെറ്റിയിൽ ഭംഗിയായി തിലകം തൊട്ടു. പ്രഭാതകർമങ്ങൾക്കുശേഷം അദ്ദേഹം മംഗളകരമായ വസ്തുക്കൾ- തയിര്, നെയ്യ്, തേൻ, മലര്, മുതലായവ കണിയായി ദർശിച്ചു. ശ്രേഷ്ഠമായ വസ്ത്രാദികൾ മാത്രമല്ല വിലപിടിച്ച രത്നങ്ങളും ധനവുമെല്ലാം അദ്ദേഹം ബ്രാഹ്മണർക്ക് ദാനം നല്കി. യാത്രാമംഗളമെന്ന ഉദ്ദേശത്തിൽ അദ്ദേഹം തന്റെ ഗുരുവിന് വൈഡൂര്യവും മാണിക്യവും മറ്റ് മുത്തുകളും ദക്ഷിണയായി നല്കി. ആനകളെയും കുതിരകളെയും മറ്റും തന്റെ സേവകർക്കും ദരിദ്രബ്രാഹ്മണർക്കും ദാനമായി നല്കി. രണ്ടുലക്ഷം നഗരങ്ങളും അളവില്ലാത്തത്ര ധനവും അദ്ദേഹം ബ്രാഹ്മണർക്ക് കൊടുത്തു.

ദാനങ്ങൾക്ക് ശേഷം ചന്ദ്രചൂഡൻ മകനെ ദൈത്യൻമാരുടെ രാജാവായി വാഴിച്ചു. നാടും നഗരവും ധനവും ഭൃത്യവർഗ്ഗവും വാഹനങ്ങളും ഭണ്ഡാരവും എല്ലാം അദ്ദേഹം മകനെ ഏല്പിച്ചു. രാജാവ് അമ്പും വില്ലുമെടുത്ത് യുദ്ധസന്നദ്ധനായി നിന്നു. മൂന്നുലക്ഷം കുതിരകൾ, ഒരുലക്ഷം മത്തഗജങ്ങൾ, മൂന്നുകോടി വില്ലാളികൾ, പത്തായിരം രഥങ്ങൾ, പടച്ചട്ടയണിഞ്ഞ മൂന്നുകോടി കാലാൾപട, മൂന്നുകോടി ശൂലധാരികൾ എന്നിങ്ങിനെ വിപുലമായിരുന്നു അദ്ദേഹത്തിന്റെ ദാനവപ്പട. മഹാരഥൻ എന്നു പേരായ  യുദ്ധവീരനെ മൂന്നുലക്ഷം അക്ഷൗഹിണിപ്പടക്കും അധിപനായി അദ്ദേഹം നിർത്തി. ഭണ്ഡാരത്തിനു കാവലായി മുപ്പതുലക്ഷം അക്ഷൗഹിണി വേറെയുമുണ്ടായിരുന്നു. ഇത്രയും സന്നാഹങ്ങള്‍ ഒരുക്കി നിർത്തിയിട്ട് അദ്ദേഹം ഭഗവാനെ സ്മരിച്ചുകൊണ്ട് കെട്ടാരം വിട്ടിറങ്ങി തന്റെ വിമാനത്തിലേറി പുഷ്പഭദ്രാനദീ തീരത്ത് പരമശിവന്റെ സവിധത്തിലെത്തി.

അവിടെയാണ് പുണ്യക്ഷേത്രമായ സിദ്ധാശ്രമം ഉള്ളത്. മലയപർവ്വതത്തിനു പടിഞ്ഞാറായി, കിഴക്കേ സമുദ്രങ്ങൾക്ക് കിഴക്കായി, ശ്രീശൈലത്തിനു വടക്കായി, ഗന്ധമാദനഗരിക്ക് തെക്കായി, സിദ്ധാശ്രമം നിലകൊള്ളുന്നു. കപിലമുനി തപസ്സുചെയ്ത ഇടമാണത്. മാത്രമല്ല, അക്ഷയവടവൃക്ഷവും അവിടെയാണ്. അഞ്ചുയോജന വിസ്താരവും അതിന്റെ നൂറിരട്ടി നീളവുമുള്ള പുഷ്പഭദ്രാനദിയിലെ ജലം സ്പടികസമാനം തെളിഞ്ഞതാണ്. നിത്യസൗഭാഗ്യവതിയും ലവണസമുദ്രത്തിന്റെ പ്രിയപത്നിയുമായ പുഷ്പഭദ്ര, ഹിമാലയത്തിൽ നിന്നും ഉത്ഭവിച്ച് ശരാവതിയുമായി ചേർന്ന് ഗോമതിയുടെ വലതുഭാഗത്ത്കൂടി ഒഴുകി കടലിൽ ചെന്നുചേരുന്നു. ആ പുണ്യനദിക്കരയിൽ ശംഖചൂഡൻ ചന്ദ്രചൂഡനായ പരമശിവനെ ദർശിച്ചു.

ത്രിശൂലംകൈയ്യിലേന്തി പട്ടിശവും പുലിത്തോലുമുടുത്ത് പ്രോജ്വലിക്കുന്ന ബ്രഹ്മതേജസ്സോടെ ശുഭ്രവർണ്ണത്തിൽ ഭഗവാൻ ഒരു പേരാലിന്റെ ചുവട്ടിൽ ഇരിക്കുന്നു. കോടിസൂര്യപ്രഭയോടെ യോഗഭാവത്തിൽ യോഗമുദ്രയോടെ ഭഗവാൻ അവിടെ ഇരുന്നരുളുന്നു. മൃത്യുഭയമില്ലാതാക്കുന്നവനും ശാന്തനും കാന്തനും ക്ഷിപ്രപ്രസാദിയും പ്രസന്നമുഖനും വിശ്വനാഥനും വിശ്വബീജനും വിശ്വരൂപനും, വിശ്വജനും വിശ്വംഭരനും വിശ്വവരനും വിശ്വസംഹാരകനും കാരണകാരണനും നരകസമുദ്രത്തെ കടത്തുന്നവനും ജ്ഞാനപ്രദനും ജ്ഞാനബീജനും ജ്ഞാനാനന്ദനും സനാതനനും ആയ ഭഗവാനെ കണ്ടപ്പോൾത്തന്നെ ശംഖചൂഡൻ വിമാനത്തിൽ നിന്നിറങ്ങി ഭക്തിപൂർവ്വം നമസ്ക്കരിച്ചു. പിന്നീട് സ്കന്ദനെയും കാളിയെയും വന്ദിച്ചു. നന്ദീശ്വരാദികൾ ശംഖചൂഡൻ വരുന്നതുകണ്ട് ബഹുമാനത്തോടെ എഴുന്നേറ്റു.

ശിവസന്നിധിയിൽ ആഗതനായ ദൈത്യരാജനോട് പരമശിവൻ പറഞ്ഞു: 'ജഗത്സൃഷ്ടാവായ ബ്രഹ്മാവ് ധർമ്മജ്ഞനാണ്. ധർമ്മന്റെ പിതാവാണദ്ദേഹം. ധാർമ്മികനും വൈഷ്ണവനുമായ മരീചി അദ്ദേഹത്തിന്റെ മകനാണ്. മഹാനായ കശ്യപൻ മരീചിയുടെ പുത്രനാണ്. ദക്ഷപ്രജാപതി തന്റെ പതിമൂന്നു കന്യകമാരെ കശ്യപനു വിവാഹം ചെയ്തു കൊടുത്തു. അതിലൊരാളാണ് സൗഭാഗ്യവതിയായ ദനു. ദനുവിന് നാല്പത് മക്കളാണ്. അവരിലൊരാളായ വിപ്രചിത്തി വലിയ വീപരാക്രമിയായിരുന്നു. വിപ്രചിത്തിയുടെ പുത്രൻ ദംഭൻ ജിതേന്ദ്രിയനും വിഷ്ണുഭക്തനും ആയിരുന്നു. ശ്രീ ശുകനെ ഗുരുവാക്കി അദ്ദേഹം ലക്ഷംതവണ ശ്രീകൃഷ്ണമന്ത്രം ഉരുക്കഴിച്ചു. പുഷ്ക്കരത്തിൽ വച്ച് ദംഭൻ ചെയ്ത സാധനയുടെ ഫലമായാണ് നീ അദ്ദേഹത്തിനു പുത്രനായി പിറന്നത്.

ഗോപപാർഷദനായിരുന്ന നീ രാധാശാപംമൂലം ദാനവനായി ഭരതഭൂമിയിൽ ജനിക്കാനിടയായി. വിഷ്ണുഭക്തന് ഹരിസേവയൊഴികെ ഒന്നിനും താല്പര്യമില്ല. ബ്രഹ്മാവുമുതൽ പുൽക്കൊടിവരെ എല്ലാം അവർക്ക് നിസ്സാരം. സാലോക്യമോ സാരൂപ്യമോ സാമീപ്യമോ സായൂജ്യമോ ഒന്നും അവർക്ക് താല്പര്യമുള്ള വിഷയങ്ങളല്ല. ബ്രഹ്മത്വവും അമരത്വവും അവർക്ക് തുച്ഛമാണ്. കൃഷ്ണഭക്തൻമാരുടെ കാര്യം അങ്ങിനെയായിരിക്കുമ്പോൾ അങ്ങേയ്ക്ക് എന്തുകൊണ്ടാണ് ദേവൻമാരുടെ സ്വത്തിലും രാജ്യത്തിലും ഇത്ര ഭ്രമം? എന്നെയോർത്ത് നീ ദേവൻമാർക്കുള്ളതെല്ലാം വിട്ടുകൊടുക്കുക. സഹജീവികളെ ദ്രോഹിക്കൽ മതിയാക്കിയാലും. നിനക്കും സ്വന്തം രാജ്യം ഭരിക്കാം. ദേവൻമാരും അവരുടെ രാജ്യം സ്വയം ഭരിക്കട്ടെ. എല്ലാവരും കശ്യപന്‍റെ കുലത്തിൽ പിറന്നവർ തന്നെയാണ്. ബന്ധുക്കളെ ദ്രോഹിച്ചാൽ ബ്രഹ്മഹത്യയേക്കാൾ വലിയ പാപം വന്നുകൂടും എന്നറിയാമല്ലോ. നീ ദേവൻമാർക്ക് അവരുടെ രാജ്യം വിട്ടുകൊടുത്താൽ നിന്‍റെ പ്രതാപത്തിന് കോട്ടമുണ്ടാവുമെന്ന പേടിയൊന്നും വേണ്ട. എല്ലാവർക്കും എല്ലാക്കാലത്തും ഒരുപോലെ ആയിരിക്കുക സാദ്ധ്യമല്ലല്ലോ. പ്രളയകാലത്ത് ബ്രഹ്മാവിനു പോലും നിലനില്പില്ല.

പ്രളയശേഷം ബ്രഹ്മാവ് വീണ്ടും ഉദ്ഭൂതനാവുന്നത് ഈശ്വരേച്ഛകൊണ്ടു് മാത്രമാണ്. തപസ്സുകൊണ്ടു് ജ്ഞാനം വർദ്ധിക്കുമെങ്കിലും സ്മൃതിനാശവും ഉണ്ടാവും. ജ്ഞാനത്തിന്‍റെ നിറവിലാണ് ബ്രഹ്മാവ് സൃഷ്ടി ചെയ്യുന്നത്. സത്യയുഗത്തിൽ ധർമ്മത്തിന് സമ്പൂർണ്ണമായ സ്ഥാനമുണ്ട്. ത്രേതായുഗത്തിൽ അത് മുക്കാൽ ഭാഗമേയുള്ളു. ദ്വാപരത്തിൽ പകുതിയും കലിയിൽ കാൽഭാഗവുമാണ് ധർമ്മത്തിന്റെ നില. കലിയുഗത്തിന്റെ ആരംഭദിശയിൽ നാലിലൊന്ന് ധർമ്മാവസ്ഥയുണ്ടാകുമെങ്കിലും അത് ക്രമേണ ലോപിച്ചുവരും. ക്രമേണ ധർമ്മത്തിന്‍റെ അംശം തീരെ ഇല്ലാതാകും. ഭീഷ്മകാലജ്യോതിയുടെ പ്രഭ സൂര്യനില്‍ ശിശിരകാലത്ത് ഉണ്ടാവുകയില്ല. ഉച്ചസമയത്തെ ചൂട് രാവിലെയും വൈകിട്ടും ഉണ്ടാവുകയില്ലല്ലോ. പ്രഭാതത്തിൽ ഉദിച്ചുയർന് സൂര്യൻ മദ്ധ്യാഹ്നത്തിൽ പ്രചണ്ഡനായി പിന്നീടു് അന്തിയിൽ അസ്തമിക്കുന്നു. എന്നാൽ ചില ദിനങ്ങളിൽ രവിയും കാർമേഘങ്ങൾക്കിടയിൽ മറഞ്ഞു പോവും. ഗ്രഹണസമയത്തും സൂര്യൻ മറയ്ക്കപ്പെടും. വെളത്തവാവിൽ പൂർണ്ണമുഖം പുറത്തുകാണിക്കുന്ന തിങ്കൾ കറുത്തവാവിൽ ഒളി തീരെയില്ലാതെയിരിക്കും. എന്നാൽ അമാവാസിമുതൽ ക്രമീകമായി അതിന്റെ ശോഭ തെളിഞ്ഞുതെളിഞ്ഞു വരും.

ശുക്ളപക്ഷത്തിൽ ചന്ദ്രന് കലാസമ്പത്തുണ്ടു്. എന്നാൽ കൃഷ്ണപക്ഷത്തിൽ അത് ക്രമാൽ ക്ഷയിച്ചു വരുന്നു. രാഹുവിന്റെ പിടിയിൽപ്പെട്ട് മ്ലാനനായിരിക്കുന്ന ചന്ദ്രൻ ദുർദ്ദിനങ്ങളിൽ ഉദിക്കുന്നതേയില്ല. ചന്ദ്രനിൽ ഐശ്വര്യം നിറയുന്നതും ഇല്ലാതാവുന്നതും കാലമനുസരിച്ചാണ്. അതുപോലെ അതിപ്രതാപവാനായിരുന്ന ഇന്ദ്രനും സുതലവാസം അനുഭവിക്കേണ്ടതായി വന്നുവല്ലോ.

ഭൂമിയെ സസ്യശ്യാമളയാക്കുന്നത് കാലമാണ്. അതേ കാലത്തിന്റെ ചക്രം തിരിയുമ്പോൾ ഭൂമി പ്രളയജലത്തിൽ മറയുകയും ചെയ്യുന്നു. വിശ്വത്തിലുള്ള എല്ലാമെല്ലാം വിശ്വം തന്നെയും കാലനിബദ്ധമായി നാശത്തിനു വിധേയമാകുന്നു. ചരാചരങ്ങൾ കാലത്തിനനുസരിച്ച് ഉണ്ടായി മറയുന്നു. എന്നുമെന്നും മാറാതെ നിലനില്ക്കുന്നത് പരമാത്മാവ് അല്ലെങ്കിൽ ബ്രഹ്മം മാത്രമാണ്. ഞാൻ മൃത്യുഞ്ജയനായതുകൊണ്ട് അസംഖ്യം പ്രളയങ്ങൾ കണ്ടിട്ടുണ്ട്. ഇനിയും ഒന്നിനു പിറകേ ഒന്നായി അനേകം പ്രളയങ്ങൾ കാണാനിരിക്കുന്നു. നാനാ രൂപഭാവങ്ങളിൽ പ്രകടമാവുന്നത് ആ ഒരേയൊരു പരംപൊരുൾ മാത്രമാണ്. പ്രകൃതിയും ആത്മാവും ജീവനും രൂപഭാവങ്ങളാർജിക്കുന്ന സത്തയും അവനൊരാൾ മാത്രമാകുന്നു. അവനെ പ്രകീർത്തിച്ചു ധ്യാനിച്ചാൽ മൃത്യുഭീതി ഒഴിവാക്കാം.

സൃഷ്ടികർമ്മത്തിനു ബ്രഹ്മാവിനെയും സുരക്ഷയ്ക്ക് വിഷ്ണുവിനെയും എല്ലാം യഥാസമയം സംഹരിക്കാൻ എന്നെയും ചുമതലപ്പെടുത്തിയിരിക്കുന്നത് ആ പരംപുമാനാണ്. കാലാഗ്നിരുദ്രനെ സംഹാരത്തിനായി നിയോഗിച്ചിട്ടു് ഞാനും ആ പരംപൊരുളിനെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ എന്നിൽ മൃത്യുഭയമില്ല. അതുകൊണ്ടു് ഗരുഡനെ കണ്ട പാമ്പെന്നപോലെ മൃത്യു ഓടി ഒളിക്കുന്നു.' ഇത്രയും പറഞ്ഞ് ശംഭു ശംഖചൂഡനോടുള്ള ഉപദേശം അവസാനിപ്പിച്ചു.

ശംഖചൂഡൻ പറഞ്ഞു: ‘ദേവദേവ, അങ്ങയുടെ വാക്കുകൾ സത്യമല്ലാതാവുകയില്ല. എങ്കിലും എനിക്ക് ചില വസ്തുതകൾ അറിയിക്കാനുണ്ട്. ബന്ധുദ്രോഹം മഹാപാപമാണെന്ന് അങ്ങ് പറഞ്ഞല്ലോ. ദേവന്മാര്‍ മഹാബലിയെ സുതലത്തിലേക്ക് പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിന്റെ എല്ലാം കവർന്നെടുത്തു. അന്ന് അപഹരിച്ചെടുത്ത ഐശ്വര്യം ഞാൻ തിരികെ പിടിച്ചെടുത്തു എന്നേയുള്ളു. സുതലത്തിൽ മഹാവിഷ്ണു കാവലുള്ളതുകൊണ്ടു് ബലിയെ അവിടെനിന്നും ഉദ്ധരിക്കാൻ എനിക്കു കഴിഞ്ഞില്ല. ഇനി മറ്റൊന്നുകൂടി പറയാം. ഭഗവാന്‍ നരസിംഹമായി വന്നു ഹിരണ്യകശിപുവിനെ ശിക്ഷിച്ചതിന്റെ കാര്യം മനസ്സിലാക്കാം എന്നാൽ എന്തിനാണ് അദ്ദേഹത്തിന്റെ സഹോദരൻ ഹിരണ്യാക്ഷനേക്കൂടി ശിക്ഷിച്ചത്? അതുപോലെ ശുംഭനിശുംഭന്മാരെ എന്തിനാണ് ദേവൻമാർ കൊന്നത്?

പാലാഴി കടഞ്ഞ് കിട്ടിയ അമൃത് മുഴുവനും ഞങ്ങൾക്കു തരാതെ ഭക്ഷിച്ചത് ദേവൻമാരല്ലേ? പാലാഴിമഥനസമയത്ത് ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ഞങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. ക്ലേശങ്ങൾ ഞങ്ങൾക്ക്, അമൃത് ദേവൻമാർക്ക്! അതെന്തു ന്യായമാണ്? പ്രകൃതി മാതാവിന്‍റെ കളിക്കോപ്പാണ് ഈ വിശ്വമെന്നത് സത്യമാണെങ്കിൽ ആ പരമാത്മസത്ത ഐശ്വര്യം ആർക്കാണോ നല്കുന്നത് അവൻ വിജയിയാവും. അപ്പോൾപ്പിന്നെ ദേവദാനവമത്സരം സഹജമായും നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കും. ജയപരാജയങ്ങൾ മാറിമാറി വരും. ഈ ലീലയിൽ അങ്ങയുടെ ഇടപെടൽ വൃഥാവിലാണ്. ഞങ്ങൾ രണ്ടു കൂട്ടർക്കും അങ്ങ് ഒരുപോലെ ബന്ധുവാണ്. മഹാത്മാവായ അങ്ങ് ഞങ്ങളോട് യുദ്ധം ചെയ്യുന്നത് അങ്ങേയ്ക്ക് തന്നെ നാണക്കേടാണ്. അങ്ങയുമായുള്ള രണത്തിൽ ഞങ്ങൾ ജയിച്ചാൽ ഉണ്ടാവുന്ന കീർത്തി വളരെ വലുതാണ്. എന്നാൽ അങ്ങ് ജയിച്ചാൽ അതിൽ വലിയ കാര്യമൊന്നുമില്ല. അങ്ങയുടെ പരാജയം വലിയ അപകീർത്തി വരുത്തി വയ്ക്കും താനും.

പരമശിവൻ പുഞ്ചിരയോടെ ശംഖചൂഡനോട് മറുപടിയായി ഇങ്ങിനെ പറഞ്ഞു: ബ്രഹ്മ വംശജരായ നിങ്ങളോട് യുദ്ധം ചെയ്യുന്നതിൽ എനിക്ക് നാണക്കേടില്ല. ഭഗവാൻ ഹരി മധുകൈടഭൻമാരോട് യുദ്ധം ചെയ്തുവല്ലോ. ഹിരണ്യകശിപുവിനോടും ഹിരണ്യാക്ഷനോടും ഭഗവാന്‍ യുദ്ധം ചെയ്തു. ഞാൻ പണ്ടു് ത്രിപുരൻമാരോട് യുദ്ധം ചെയ്തിട്ടുണ്ട്. ജഗജ്ജനനിയായ സർവ്വേശ്വരി ശുംഭാദികളോട് രണത്തിലേർപ്പെട്ടു. നീയാണെങ്കിൽ ശ്രീകൃഷ്ണന്റെ പാർഷദൻമാരിൽ മുഖ്യനാണ്. യുദ്ധത്തിൽ നീ തോല്പിച്ചവരുടെ കാര്യം നോക്കിയാൽ അവരാരും മോശക്കാരായിരുന്നില്ല. അപ്പോൾപ്പിന്നെ നിന്നോടു് യുദ്ധം ചെയ്യാൻ എനിക്ക് മടിക്കേണ്ട കാര്യമില്ല. അതിൽ മാനക്കേടില്ല.

ദേവൻമാർ ആവലാതി പറഞ്ഞതുകൊണ്ടു് സാക്ഷാൽ മഹാവിഷ്ണുവാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ദേവൻമാർക്ക് രാജ്യം നല്കുക എന്നത് മാത്രമാണ് അങ്ങേയ്ക്കുളള പോംവഴി. അല്ലെങ്കിൽ വെറുതേ നിന്ന് വാദിക്കാതെ എന്നോട് യുദ്ധം ചെയ്യുക.'

ഭഗവാൻ സംഭാഷണം അവസാനിപ്പിച്ച് എഴുന്നേറ്റു. ശംഖചൂഡനും തന്‍റെ മന്ത്രിമാരോടു കൂടി എഴുന്നേറ്റു തന്‍റെ വിമാനത്തില്‍ക്കയറി.

No comments:

Post a Comment