ദിവസം 70. ശ്രീമദ് ദേവീഭാഗവതം. 4. 3. അദിതി ശാപം
കാരണാനി ബഹുന്യത്രാപ്യവതാരേ
ഹരേ: കില
സര്‍വേഷാം ചൈവ
ദേവാനാമംശാവതരണേഷ്വപി
വാസുദേവാവതാരസ്യ കാരണം ശൃണു
തത്ത്വത:
ദേവക്യാംശ്ചൈവ രോഹിണ്യാ
അവതാരസ്യ കാരണം
വ്യാസന്‍ പറഞ്ഞു:
ദേവന്മാരുടെ അംശാവതാരങ്ങള്‍ക്കും ഭഗവാന്‍ ഹരിയുടെ കൃഷ്ണാവതാരത്തിനും വസുദേവരുടെ ജനനത്തിനും, ദേവകിയുടെയും രോഹിണിയുടെയും ജനത്തിനുള്ള ഹേതുവും, എല്ലാം ഞാന്‍ പറയാം.
വരുണന്റെ പശുവിനെ ഒരിക്കല്‍ കശ്യപന്‍ മോഷ്ടിച്ചു. പലതവണ വരുണന്‍ വന്നു ചോദിച്ചിട്ടും മുനി പശുവിനെ തിരികെ കൊടുക്കുകയുണ്ടായില്ല. അതിനാല്‍ വരുണന്‍ ലോകനാഥനായ
ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ചു. തന്റെ പശുവിനെ
വിട്ടുകിട്ടാത്തതുകൊണ്ട് കശ്യപനെ ഒരു ഗോപനായി ജനിക്കാന്‍ താന്‍ ശപിച്ചുവെന്നു വരുണന്‍ ബ്രഹ്മദേവനെ
അറിയിച്ചു. മനുഷ്യനായുള്ള ആ ജന്മത്തിലും അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍
ഉണ്ടായിരിക്കും. എന്നാല്‍ എന്റെ പൈക്കിടാങ്ങള്‍ തള്ളയില്ലാഞ്ഞു വലയുന്നതുകൊണ്ട് അവരും മക്കള്‍ മരിച്ച് ദുഖിക്കാന്‍ ഇടവരട്ടെ എന്നു മാത്രമല്ല, കാരഗ്രഹവാസം കൂടി ഞാന്‍
ശപിച്ചു നല്‍കിയിട്ടുണ്ട്. അദിതിയാണ് ഇങ്ങിനെ പുത്രദുഖമനുഭവിച്ച് കാരാഗ്രഹത്തില്‍ കഴിയാന്‍ പോകുന്നത്.
ബ്രഹ്മദേവന്‍ ഇത്
കേട്ടപ്പോള്‍ കശ്യപനെ വിളിച്ചു വരുത്തി. ‘അങ്ങെന്തിനാണ് വരുണന്റെ പശുവിനെ
മോഷ്ടിച്ചത്? ചോദിച്ചിട്ട് തിരികെ കൊടുക്കുന്നുമില്ല. അന്യരുടെ സ്വത്ത് അപഹരിക്കുക
എന്നതെത്ര അധര്‍മ്മമാണെന്ന് അറിയാമല്ലോ? മഹാന്മാരെപ്പോലും ലോഭം ബാധിക്കുന്നു.
നരകമാണ് ലോഭത്തിന്റെ ഫലം. സാക്ഷാല്‍ കശ്യപനുപോലും ലോഭത്തെ വെല്ലാന്‍ കഴിഞ്ഞില്ല!
അപ്പോള്‍ ലോഭത്തിനാണ് ഞാന്‍ എന്റെ സൃഷ്ടിയില്‍ ഏറ്റവും വലിയ സ്ഥാനം നല്‍കിയതെന്ന്
തോന്നുന്നു! വൈഖാനസന്മാരും ലോഭം ത്യജിച്ചവരുമായ മാമുനിമാരാണ് ശരിയ്ക്കും ധന്യര്‍.
ലോഭമെന്ന ദുഷ്ടന് കശ്യപമുനിപോലും വശഗതനായി! തന്റെ പൌത്രനാണെങ്കിലും ബ്രഹ്മാവും
കശ്യപനെ ശപിച്ചു. ‘നീ പശുപാലകനായി ജനിച്ചു ഭാര്യമാരോട് കൂടി യദുകുലത്തില്‍ വാഴുക!’
ഭൂഭാരം തീര്‍ക്കാന്‍ ഭഗവാന്‍
ഹരി കൈക്കൊള്ളുന്ന അംശാവതാരത്തിനു
വഴിയൊരുക്കാനായി ബ്രഹ്മാവിന്റെയും വരുണന്റെയും ശാപപ്രകാരമാണ് കശ്യപന്‍ വസുദേവരായി
ജന്മമെടുത്തത്. ദുഖിതയായ ദിതി തന്റെ സഹോദരിയെയും ശപിച്ചു. “നിനക്കുണ്ടാകുന്ന
പുത്രന്മാരേഴും ജനിക്കുന്നയുടനെതന്നെ മരിച്ചു പോകട്ടെ”
ജനമേജയന്‍ ചോദിച്ചു: ‘എന്തിനാണ്
അദിതിയെ സഹോദരി ശപിച്ചത്? അത് ന്യായമാണോ?’
ഇതിനുത്തരമായി വ്യാസന്‍
പറഞ്ഞു: ദക്ഷന്റെ പുത്രിമാരാണല്ലോ ദിതിയും അദിതിയും. അദിതിക്ക് ഇന്ദ്രന്‍
പുത്രനായി ജനിച്ചപ്പോള്‍ തനിക്കും അങ്ങിനെയുള്ള തേജസ്സുറ്റ ഒരു പുത്രന്‍ വേണമെന്ന് ദിതിയും
ആഗ്രഹിച്ചു. ‘ഇന്ദ്രന്റെ ബലം, വീര്യം, ധര്‍മ്മനിഷ്ഠ, എല്ലാമുള്ള ഒരു പുത്രനെ തനിക്ക് തരണമെന്ന് അവള്‍ ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ കശ്യപന്‍
പറഞ്ഞത്, ‘പ്രിയേ, ഞാന്‍ പറയുന്ന വ്രതം അനുഷ്ടിച്ചാല്‍ നിനക്ക് ഇന്ദ്രതുല്യനായ ഒരു പുത്രന്‍ ജനിക്കും’ എന്നാണ്. അങ്ങിനെയാവട്ടെ എന്ന് പറഞ്ഞ് ആ സുന്ദരി വ്രതമെടുത്തു.
കാലക്രമത്തില്‍ ഗര്‍ഭവും ധരിച്ചു. വെറും മണ്ണില്‍ കിടന്നുറങ്ങി അവള്‍ ‘പയോവ്രതം’ അനുഷ്ടിച്ചു. ഗര്‍ഭിണികള്‍ക്കു സ്വാഭാവികമായുണ്ടാവുന്ന മുഖപ്രസാദവും, വ്രതത്താല്‍ ആര്‍ജ്ജിച്ച പ്രഭയും നിറഞ്ഞ ദിതിയെക്കണ്ട്
ആദിതിക്ക് അസൂയ തോന്നി. ‘ഇവള്‍ക്ക് അതിപ്രഭാവവാനായ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ
പുത്രന്റെ കാന്തി മങ്ങിപ്പോകും’ എന്നവള്‍ കുണ്ഠിതപ്പെട്ടു. അവള്‍ തന്റെ മകനോടു
പറഞ്ഞു: ’നിനക്ക് ശത്രുവായി ഒരാള്‍ അദിതിയുടെ ഗര്‍ഭത്തില്‍ വളരുന്നുണ്ട്. അതീവ
ബലവാനാവാന്‍ പോകുന്ന അവനെ വെല്ലാന്‍ നീ തന്നെ ഉപായം കണ്ടെത്തുക. സഹോദരിയാണെങ്കിലും സപത്നിയായ
അവളെക്കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ക്ഷയരോഗംപോലെയാണ് ശത്രുവിന്റെ വളര്‍ച്ച.
അത് മുറ്റിവളര്‍ന്നാല്‍ പിന്നെ
തടയാനാവില്ല. ശത്രുവിനെ വേരോടെ അറുത്തു കളയണം. എന്നെ തൃപ്തിപ്പെടുത്താനായി നീയതു
ചെയ്യുക. സാമ, ദാന, ഭേദ ദണ്ഡങ്ങള്‍ എന്തായാലും വേണ്ടില്ല. അവളുടെ ഗര്‍ഭം എന്നെ
ഒരിരുമ്പാണി പോലെ കുത്തി നോവിക്കുന്നു.’
ഇന്ദ്രന്‍ ഒന്ന് ചിന്തിച്ച
ശേഷം ചിറ്റമ്മയെ ചെന്ന് കണ്ടു. പാപചിന്തയോടെയാണെങ്കിലും ആ അമ്മയെ വണങ്ങി. വിഷം
ഉള്ളില്‍ വെച്ച് മധുരമായി ഇന്ദ്രന്‍ ഇങ്ങിനെ പറഞ്ഞു: ‘അമ്മേ, വ്രതം കൊണ്ട് തളര്‍ന്ന നിന്നെ
ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നത്. അമ്മയുടെ കാലുകള്‍ ഞാന്‍ തിരുമ്മിത്തരാം.
ഗുരുശുശ്രൂഷകൊണ്ട് സുകൃതം ലഭിക്കും എന്നാണല്ലോ! സദ്ഗതിക്കും നല്ലതാണ് മാതൃ ശുശ്രൂഷ.
അദിതിയും നീയും എനിക്ക് ഒരുപോലെയാണ്. പാദശുശ്രൂഷ ചെയ്യുന്ന ഇന്ദ്രന്റെ വാക്കുകള്‍ വിശ്വസിച്ച ദിതി, ക്ഷീണത്തില്‍ ഒന്ന് മയങ്ങിപ്പോയി. ആ സമയം ഇന്ദ്രന്‍
സൂക്ഷ്മരൂപമെടുത്ത് ആയുധധാരിയായി ദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. അയാള്‍ ആ ഗര്‍ഭപിണ്ഡത്തെ
ഏഴായി മുറിച്ചു. വജ്രായുധം തറച്ചപ്പോള്‍ കരഞ്ഞു വിളിച്ച ശിശുവിനെ ‘മാ രുദ’ –
കരയരുത് എന്ന് മയത്തില്‍ പറഞ്ഞ് ഇന്ദ്രന്‍ സമാധാനിപ്പിച്ചു. ഈ എഴു പിണ്ഡങ്ങളെ
വീണ്ടും ഏഴായി മുറിച്ച് ആകെ നാല്‍പ്പത്തിയൊന്‍പതു കഷണങ്ങളാക്കി. അങ്ങിനെയാണ്
മരുത്തുക്കള്‍ ഉണ്ടാവുന്നത്.
ഉറക്കമുണര്‍ന്ന ദിതി തന്റെ
ഗര്‍ഭത്തിന്റെ അവസ്ഥ കണ്ടു ഖിന്നയായി. അവള്‍ തന്റെ സഹോദരിയുടെ ചതി
മനസ്സിലാക്കി, കോപത്തോടെ അമ്മയെയും മകനെയും ശപിച്ചു:
“ഭുവനത്തിന്റെ നായകസ്ഥാനം ഇന്ദ്രന് ഇല്ലാതെ പോകട്ടെ. പാപിയായ നിന്റെ മകന്‍
എന്റെ ഗര്‍ഭം നശിപ്പിച്ചതുപോലെ, അടുത്ത ജന്മത്തില്‍ നിനക്കുണ്ടാകുന്ന പുത്രന്മാര്‍
അപ്പപ്പോള്‍ത്തന്നെ മരിച്ചു പോകട്ടെ. പുത്രദുഖവും കാരാഗ്രഹവാസവും
നിനക്കുണ്ടാവട്ടെ.
ഇങ്ങിനെയുള്ള ശാപവര്‍ത്തമാനം
അറിഞ്ഞ കശ്യപന്‍ ദിതിയെ ആശ്വസിപ്പിച്ചു. ‘മരുത്തുക്കള്‍ നിനക്ക് പ്രബലരായ
മക്കളായിത്തീരും. അവര്‍ ഇന്ദ്രന്റെ സഖാക്കളുമാകും. ഇരുപത്തിയെട്ടാം ദ്വാപരത്തില്‍
നാരിയായി അംശാവതാരമെടുക്കുമ്പോള്‍
അദിതിക്ക് നിന്റെ ശാപം അനുഭവമാകും. വരുണനും അവളെ ശപിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ
വാക്കുകള്‍ കേട്ട് ആശ്വാസം കൊണ്ട ദിതി തന്റെ കുലീനത കാരണം മറുത്തൊന്നും പറഞ്ഞില്ല.
ഇതാണ് രാജാവേ, അദിതിയുടെ അംശം ദേവകിയായി ജനിക്കാനിടയായത്തിന്റെ പിറകിലുള്ള
കഥ.
No comments:
Post a Comment