Devi

Devi

Tuesday, December 15, 2015

ദിവസം 55. ശ്രീമദ്‌ ദേവീഭാഗവതം. 3. 18 ശശികലാവിവാഹോദ്യോഗം

ദിവസം 55. ശ്രീമദ്‌ ദേവീഭാഗവതം. 3. 18  ശശികലാവിവാഹോദ്യോഗം

ശ്രുത്വാ തദ്വചനം ശ്യാമാ പ്രേമയുക്താ ബഭുവ ഹ
പ്രതസ്ഥേ ബ്രാഹ്മണസ്തസ്മാത് സ്ഥാനാദുക്ത്വാ സമാഹിത:
സാതു പൂര്‍വ്വാനുരാഗദൈ: മഗ്നാ പ്രേമ്ണാ fതി ചഞ്ചലാ
കാമബാണഹതേ വാസ ഗതേ തസ്മിന്‍ ദ്വിജോത്തമേ 

വ്യാസന്‍ തുടര്‍ന്നു: ബ്രാഹ്മണനില്‍ നിന്നും സുദര്‍ശനനെപ്പറ്റി കേട്ടപ്പോള്‍ത്തന്നെ ശശികല അവനില്‍ അത്യധികം പ്രേമവിവശയായി. അയാള്‍ അവിടെനിന്നും പോയപ്പോഴേയ്ക്ക് അവള്‍ മാരതാപത്താല്‍ പരിക്ഷീണയായി. ‘സുദര്‍ശനകുമാരന്റെ വിശേഷങ്ങള്‍ കേട്ടിട്ട് എന്റെ ദേഹം വികാരതരളിതമായിരിക്കുന്നു. സദ്കുലത്തില്‍ പിറന്ന ആ കുമാരനെപ്പറ്റി കേട്ടതുമുതല്‍ ദുഷ്ടനായ കാമന്‍ എന്നെ വിടാതെ പിടികൂടിയിരിക്കുന്നു. ഞാന്‍ സ്വപ്നത്തില്‍ കണ്ട കുമാരന്‍ കാമദേവന് സമമാണ്. അവന്‍ എന്നെ തപിപ്പിക്കുന്നു. ദേഹത്ത് പുരട്ടിയ ചന്ദനച്ചാറെനിക്ക് പൊള്ളല്‍ ഏല്‍പ്പിക്കുന്ന വിഷമായിത്തീര്‍ന്നിരിക്കുന്നു. പൂമാല സര്‍പ്പമായും പൂനിലാവ്‌ തീയായും തോന്നാനെന്തേ കാരണം? കുന്നും പൊയ്കയും രാവും പകലും ഒന്നുമെന്നില്‍ മനസുഖം ഉണ്ടാക്കുന്നില്ല. താംബൂലവും വാദ്യനൃത്തസംഗീതങ്ങളും ഒന്നും എന്നെ സംതൃപ്തയാക്കുന്നില്ല. ഇനി ആ കുമാരന്‍ വാഴുന്ന കാട്ടിലേയ്ക്ക് ഞാന്‍ നിര്‍ലജ്ജം നേരിട്ട് പോയാലോ? ഞാനൊരു കുലസ്ത്രീയല്ലേ? അങ്ങിനെ ചെയ്ത് അച്ഛന് നാണക്കെടുണ്ടാക്കാന്‍ വയ്യ. അച്ഛനാണെങ്കില്‍ എന്റെ സ്വയംവരം നടത്തുന്നുമില്ല. സ്വയംവരം നടത്തിയെങ്കില്‍ ഞാന്‍ എന്നെ അവനായി സമര്‍പ്പിച്ചു സസുഖം വാണേനെ.'

ധനസമ്പത്തില്ലാത്തവനെങ്കിലും കായ്കനികളാല്‍ ക്ഷുത്തടക്കി ജീവിക്കുന്നവനാണെങ്കിലും ശശികലയുടെ ഉള്ളില്‍ സുദര്‍ശനന്‍ തന്നെയായിരുന്നു ഉത്തമവരന്‍. അവള്‍ക്ക് ജഗദംബികയെ ഭജിക്കുകമൂലം വാഗ്ബീജ സിദ്ധിയുണ്ടായിരുന്നു. സുദര്‍ശനനു നേരത്തെതന്നെ ബീജമന്ത്രം വശമായിരുന്നുവല്ലോ. വിശ്വമാതാവായ പൂര്‍ണ്ണസ്വരൂപയെ കുമാരനും സ്വപ്നത്തില്‍ കണ്ടിരുന്നു. ശൃംഗവേരപുരത്തിന്റെ അധിപനായ നിഷാദരാജാവ് ശംബരന്‍ കുമാരന്റെ രാജപാരമ്പര്യം മനസ്സിലാക്കി അവന് നാല് കുതിരകളെ പൂട്ടുന്നതും പതാകയുള്ളതുമായ ഒരുത്തമരഥം സമ്മാനിച്ചു. കുമാരന്‍ ആ സമ്മാനത്തെ സസന്തോഷം സ്വീകരിച്ചു. രാജാവിനെ കാട്ടില്‍ ലഭ്യമായ ഏറ്റവും നല്ല കായ്കനികള്‍ കൊണ്ട് കുമാരന്‍ സല്‍ക്കരിക്കുകയും ചെയ്തു. രാജാവ് പോയിക്കഴിഞ്ഞപ്പോള്‍ മുനിമാര്‍ കുമാരനോടു പറഞ്ഞു: ‘നീയും താമസിയാതെ ഒരു രാജാവാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിശ്വമോഹിനിയായ ജഗദംബികയുടെ അനുഗ്രഹവും രാജപ്രതാപവും നിനക്ക് വേണ്ടുവോളമുണ്ട്. ഇപ്പോളിതാ ഒരു രാജാവിന് യോജിച്ച സന്നാഹങ്ങളും സഹായങ്ങളും നിന്നെത്തേടി വന്നിരിക്കുന്നു.’ അവര്‍ മനോരമയോടും ഈ സദ്‌ വാര്‍ത്ത അറിയിച്ചു. ‘നിന്റെ പുത്രന്‍ രാജാവാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’. ‘നിങ്ങളുടെ വാക്കുകള്‍ സത്യമാവട്ടെ. അവന്‍ ആരായിത്തീര്‍ന്നാലും നിങ്ങള്‍ക്ക് എന്നും ദാസനായിരിക്കും’ എന്ന് രാജ്ഞി വിനയാന്വിതയായി പറഞ്ഞു. എന്റെ പുത്രന് പടയോ, മന്ത്രിമാരോ മറ്റു തുണകളോ ഇല്ല! എങ്കിലും മന്ത്രോപാസകരായ മഹാമുനിമാരുടെ ആശീര്‍വ്വാദം ഒരിക്കലും പാഴാവില്ല എന്നെനിക്ക് ഉറപ്പുണ്ട്.’

അതിബുദ്ധിമാനായ സുദര്‍ശനന്‍ രഥമേറി എവിടെപ്പോയാലും അവിടെയെല്ലാം ഒരക്ഷൌഹിണിപ്പടതന്നെ നിരന്നതായ പ്രതീതിയുണ്ടായി. ഇതെല്ലാം സാധിച്ചത് ഭഗവതിയുടെ മന്ത്രബീജത്തിന്റെ പ്രാഭാവത്താല്‍ മാത്രമാണ്. സുദര്‍ശനന്‍ മുറതെറ്റാതെ ആ ബീജമന്ത്രം ദിവസവും ജപിച്ചു വന്നു. കാമരാജം എന്ന് പേരുള്ള ഈ മന്ത്രം ഗുരുമുഖത്തു നിന്നും പഠിച്ചു ജപിക്കുന്നവന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതാണ്. ജഗജ്ജനനിയായ  ദേവിയുടെ പ്രസാദത്താല്‍ നിവൃത്തിക്കാന്‍ അരുതാത്ത ഏതൊരാഗ്രഹമാണ് ഈ ലോകത്തുള്ളത്? എന്നാല്‍ ആരാണോ ദേവീപ്രസാദം നേടാന്‍ പ്രയത്നിക്കാത്തത്, അവനില്‍ ദൌര്‍ഭാഗ്യവും മൂഢത്വവും രോഗപീഢയും സഹജമായിരിക്കും. ആദിമാതാവായി പ്രകീര്‍ത്തിക്കപ്പെടുന്നത് ജഗദംബികയാണ്. എന്നാല്‍ മായാമോഹിതര്‍ ഇതൊന്നുമറിയാത്തതിനാല്‍ ആയിരിക്കണം വൃഥാ വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു വലഞ്ഞു ദേവീ പൂജകളില്‍ ശ്രദ്ധ വയ്ക്കുന്നില്ല. ബുദ്ധി, കീര്‍ത്തി, ശക്തി, സ്മൃതി, ശക്തി, മതി, ധൃതി എന്നിങ്ങിനെയുള്ള നാനാവിധ ഗുണഗണങ്ങളും ആ അമ്മയാണ് പ്രാണികള്‍ക്ക് കനിഞ്ഞു നല്‍കി അനുഗ്രഹിക്കുന്നത്.

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും ഇന്ദ്രന്‍, കാലന്‍, വരുണന്‍, അഗ്നി, വായു, കുബേരന്‍, ത്വഷ്ടാവ്, പൂഷാവ്, അശ്വിനീദേവകള്‍, രുദ്രര്‍ എന്ന് വേണ്ട എല്ലാ ദേവതകള്‍ക്കും ആരാദ്ധ്യയായി അമ്മ മാത്രമേയുള്ളൂ. ആ ദേവിയെ അറിയാത്ത ആരാണ് വിദ്വാനായിത്തീര്‍ന്നിട്ടുള്ളത്‌? സുദര്‍ശനന്‍ അമ്മയെ സകലചരാചരത്തിന്റെയും മാതാവായി അറിഞ്ഞിരുന്നു. ദുഷ് പ്രാപ്യയായ ദേവി ബ്രഹ്മം തന്നെയാണ്. വിദ്യയ്ക്കും അവിദ്യക്കും നിദാനമാണവള്‍. യോഗത്താല്‍ മാത്രം കണ്ടെത്താനാവുന്ന പരബ്രഹ്മമാണ്. ആ ഭഗവതിയുടെ കൃപയില്ലാതെ പരമാത്മസ്വരൂപത്തെ കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല. രാജ്യം ഇല്ലെങ്കിലും രാജാവിനെക്കാള്‍ സുഖവും സന്തോഷവും സുദര്‍ശനന്‍ അനുഭവിച്ചത് ദേവീ കടാക്ഷത്താലാണ്.

ശശികലയ്ക്കാണെങ്കില്‍ കാമദേവന്‍ നല്‍കുന്ന പീഡ അവളുടെ മൃദുലമേനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. എങ്കിലും അവള്‍ തന്റെ ശരീരം ഒരുവിധത്തില്‍ നിലനിര്‍ത്തിയെന്നെ പറയാവൂ. മകള്‍ക്ക് വിവാഹമോഹം ഉണ്ടായതറിഞ്ഞ സുബാഹു സ്വയംവരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 

രാജാക്കന്മാര്‍ക്ക് മൂന്നുവിധത്തിലുള്ള സ്വയംവരം ആവാം. മറ്റുള്ളവര്‍ക്ക് അതിനു വിധിയില്ല. ഒന്നാമത്തേത് സ്വയം വരം- കന്യക തനിക്കിഷ്ടപ്പെട്ട വരനെ പൊതു സദസ്സില്‍ നിന്നും തിരഞ്ഞെടുക്കുന്നതാണത്. രണ്ടാമത്തേത് നിബന്ധനപ്രകാരമുള്ള ‘പണം’. ത്രയംബകം വില്ല് ഭഞ്ജിച്ചു രാമന്‍ സീതയെ വേട്ടത് ഇങ്ങിനെയാണ്‌. മൂന്നാമത്തേത് ശൂരന്മാര്‍ക്ക് ചേര്‍ന്ന ‘ശൌര്യശുല്കം’. സുബാഹു തന്റെ മകള്‍ക്കായി നിശ്ചയിച്ചത് ഇച്ഛാസ്വയംവരമാണ്. രാജാവ് നല്ലൊരു സ്വയംവരമണ്ഡപം ഭംഗിയായി പണികഴിപ്പിച്ചു മഞ്ചങ്ങളാലും വിതാനങ്ങളാലും അലങ്കരിച്ചു. ഈ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ശശികല തന്റെ തോഴിയോട് താന്‍ ധ്രുവസന്ധിയുടെ പുത്രനായ സുദര്‍ശനനെ മനസാ വരിച്ചിട്ടുണ്ടെന്ന് അമ്മയെ അറിയിക്കണം എന്നാവശ്യപ്പെട്ടു. 'മറ്റൊരുവനെ ഞാന്‍ വരിക്കുകയില്ല. കാരണം ജഗദംബികയായ പരമേശ്വരിയുടെ അഭീഷ്ടവും അതാണ്‌.' മഞ്ജുവാണിയായ തോഴി രാജ്ഞിയെക്കണ്ട് കാര്യങ്ങള്‍ അറിയിച്ചു. രാജ്ഞി ആ വൃത്താന്തം രാജാവിനെയും അറിയിച്ചു. രാജാവാണെങ്കില്‍ ഇക്കാര്യം കേട്ട് ചിരിച്ചതേയുള്ളൂ. ‘ഭവതിക്കറിയാമോ, ഈ സുദര്‍ശനന്‍ രാജ്യഭ്രഷ്ടനാണ്. അമ്മയുമൊത്ത് കാട്ടില്‍ ഒളിച്ചു താമസിക്കുകയാണവന്‍. യുധാജിത്ത് വീരസേനനെ കൊന്നത് ഇവന്‍ മൂലമാണ്. ഇപ്പോള്‍ ദരിദ്രനും ഭവനരഹിതനുമായ അവനെങ്ങിനെ നമ്മുടെ കുമാരിക്ക് യോജിച്ച വരനാവും? സ്വയംവരത്തിനു വരുന്നത് ഉന്നതരായ രാജാക്കന്മാരാണ്‌. അവരെ പിണക്കി അയക്കരുതെന്ന് ഭവതി മകളെ ഉപദേശിക്കണം.’

No comments:

Post a Comment