Devi

Devi

Wednesday, December 2, 2015

ദിവസം 42. ശ്രീമദ്‌ ദേവീഭാഗവതം. 3. 5. ശിവബ്രഹ്മസ്തുതി

ദിവസം 42. ശ്രീമദ്‌ ദേവീഭാഗവതം. 3. 5.  ശിവബ്രഹ്മസ്തുതി

ഇത്യുക്ത്വാ വിരതേ വിഷ്ണൌ ദേവദേവേ ജനാര്‍ദ്ദനേ
ഉവാച ശങ്കര: ശര്‍വ്വ: പ്രണത: പുരാത: സ്ഥിത:
യതി ഹരിസ്തവ ദേവി വിഭാജവ-
സ്തദനു പത്മജ ഏവ തവോദ്ഭവ:
കിമഹമത്ര തവാപി ന സദ്‌ഗുണ:
സകലലോകവിധൌ ചതുരാ ശിവേ

ഭഗവാന്‍ വിഷ്ണുവിന്റെ ദേവീസ്തുതി കഴിഞ്ഞപ്പോള്‍ പരമശിവന്‍ ദേവിയെ ഇങ്ങിനെ സ്തുതിച്ചു തുടങ്ങി:  'ദേവീ, അവിടുത്തെ മായാവിഭൂതിയിലല്ലേ ഹരിയും ബ്രഹ്മാവും ജനിച്ചത്? സഗുണനായ ഈയുള്ളവനും അമ്മയുടെ സൃഷ്ടിയാണ്. എല്ലാത്തരം സൃഷ്ടികളിലും അതിവിദഗ്ധയാണ് അമ്മ. പഞ്ചഭൂതങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരവും അവിടുന്നാകുന്നു. അറിവില്ലാത്തവരുടെ ഉദീരണങ്ങളില്‍ ഞങ്ങള്‍ മൂവരാണ് ഭുവനത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നതെന്ന് കാണാം. എന്നാല്‍ വാസ്തവത്തില്‍ ഞങ്ങളെ സൃഷ്ടിച്ചത് തന്നെ അമ്മയല്ലേ? പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ സഗുണപ്രഭാവമെല്ലാം  അമ്മേ, അവിടുത്തെ സര്‍ഗ്ഗവൈഭവമല്ലേ? ആ ദിവ്യകലയുടെ അഭാവത്തില്‍ ഭുവനനിര്‍മ്മിതി അസാദ്ധ്യം. ചരാചരപ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിച്ചു സംഹരിച്ചു കളിച്ചുരസിക്കാനും യഥേഷ്ടം ആ കളി നിര്‍ത്താനും നീ തന്നെയാണ് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാകുന്നത്. ലോകസൃഷ്ടിക്കായി ദാഹിക്കുമ്പോള്‍ ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ അവിടുത്തെ പാദങ്ങളാണല്ലോ ആശ്രയിക്കുന്നത്. അവിടുത്തെ ദയാര്‍ദ്രത ഹേതുവായി ഞാന്‍ തമോഗുണവും, വിരിഞ്ചന്‍ രജോഗുണവും ഹരി സത്വഗുണവും ഞങ്ങളുടെ മുഖ്യഗുണങ്ങളായി പരിപാലിക്കുന്നു.

അമ്മേ, അവിടുത്തെ മാനസം അസമമല്ല എന്ന് വരികില്‍ ഈ ലോകത്ത് ഇത്രയധികം വൈവിദ്ധ്യതകള്‍ എങ്ങിനെയാണ് സംജാതമായത്? ചിലര്‍ രാജാക്കന്മാര്‍, ചിലര്‍ പരിചാരകര്‍. ചിലര്‍ സമ്പന്നര്‍, ചിലര്‍ ദരിദ്രര്‍. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കായി ഞങ്ങള്‍ മൂവരെ ഭിന്നഗുണപ്രധാനികളായി അവിടുന്നു സൃഷ്ടിച്ചു. ഞങ്ങള്‍ ആകാശമാര്‍ഗ്ഗത്തില്‍ വരുമ്പോള്‍ കണ്ടതായ പുതുപുതുലോകങ്ങളെ രചിച്ചതും മറ്റാരുമല്ല എന്ന് ഞാനറിയുന്നു. ജഗത്തിന്റെ മുഴുവന്‍ അമ്മയായ അവിടുന്നു സ്വാഭീഷ്ടപ്രകാരം എല്ലാത്തിനെയും സൃഷ്ടിച്ചു പരിപാലിച്ചു സംഹരികച്ച്ക്കു രസിക്കുന്നു. അവിടുത്തെ പതിയായ പരമപുരുഷനെ രഞ്ജിപ്പിക്കാനാണീ കലകള്‍ അവതരിപ്പിക്കുന്നത് എന്ന് ഞങ്ങളറിയുന്നു. എങ്കിലും അവിടുത്തെ മാര്‍ഗ്ഗം ഞങ്ങള്‍ക്ക് അജ്ഞാതമാണ്. അവിടുത്തെ ഭക്തരായ ഞങ്ങള്‍ക്ക് പുരുഷത്വം ഉണ്ടെന്നാലും അമ്മയെ സേവിക്കാനവസരം ഇല്ലെങ്കില്‍ എങ്ങിനെ സൌഖ്യം ലഭിക്കാനാണ്? അവിടുത്തെ പാദ ഭജനമല്ലാതെ ത്രിഭുവനങ്ങളെ ഭരിക്കാന്‍ അവസരം ലഭിക്കുന്നതിലും മനുഷ്യനായി ജനിച്ചു ജീവിക്കുന്നതിലും ഒന്നും എനിക്ക് താല്‍പര്യമില്ല. അവിടുത്തെ പാദങ്ങളെ പൂജിക്കാന്‍ അവസരമില്ലെങ്കില്‍ യുവതീഭാവത്തില്‍ ഇങ്ങിനെ വാഴുന്നതിലും എനിക്ക് തൃപ്തിയില്ല. മറിച്ച് വെറുതെ പുരുഷത്വം കിട്ടിയതുകൊണ്ടും കാര്യമില്ല. അതിനാല്‍ 'ശിവന്‍ സ്ത്രീരൂപത്തില്‍ അമ്മയെ സേവിക്കുകയാണ്' എന്ന കീര്‍ത്തി പരന്നുകൊള്ളട്ടെ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ അപകീര്‍ത്തിയയി കണക്കാക്കുന്നില്ല. ആ പദമലരുകളുടെ സാമീപ്യമില്ലാഞ്ഞാല്‍ ഒരു നിമിഷം ഒരു യുഗത്തിനു സമമായിരിക്കും! അവിടുത്തെ പാദാംബുജം പണിയുന്നതിനുപകരം കഠിനമായ തപസ്സില്‍ മുഴുകിയ മുനിമാരുടെ കാര്യം കഷ്ടമാണ്. വിധിയവരെ കണക്കിന് പറ്റിച്ചിരിക്കുന്നു. മുക്തിസാദ്ധ്യത്തിന് അവിടുത്തെ പദഭജനം മാത്രമേ വഴിയുള്ളൂ എന്ന്‍ അവരില്‍ അറിവങ്കുരിക്കാത്തതെന്തുകൊണ്ടാണ്? അവര്‍ക്ക് ഭൌതീക സുഖങ്ങളും വെറുപ്പാണല്ലോ. ആ വെറുപ്പിനെ ഇല്ലായ്മ ചെയ്യാനും ഭവതിയുടെ അനുഗ്രഹം കൂടിയേ തീരൂ. ഭവസാഗരതരണത്തിനായി അമ്മയെ ഭജിക്കുക എന്നൊരു മാര്‍ഗ്ഗം മാത്രമേയുള്ളൂ. അമ്മേ, അവിടുത്തെ ദയാവായ്പ്പ് എന്നില്‍ ചൊരിഞ്ഞ് അവിടുത്തെ നവാക്ഷരീമന്ത്രം എനിക്ക് ഉപദേശിച്ചു തന്നാലും. അത് ജപിച്ചും ധ്യാനിച്ചും ഞാന്‍ സുഖിമാനായി ഭവിക്കട്ടെ. ആദ്യജന്മത്തില്‍ എന്നില്‍ ഉണ്ടായിരുന്ന ആ മന്ത്രം എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നില്ല. അതെനിക്ക് എന്നുമെപ്പോഴും മനതാരില്‍ തെളിയിച്ചു തരേണമേ. അമ്മേ, അങ്ങിനെ ഞാന്‍ ഭവസാഗരതീരമണയട്ടെ.'

അപ്പോള്‍ ബ്രഹ്മാവ്‌:പറഞ്ഞു: പരമശിവന്റെ സ്തുതിയില്‍ സംപ്രീതയായ ദേവി അപ്പോള്‍ത്തന്നെ ശങ്കരന് നവാക്ഷരമന്ത്രം സ്പഷ്ടമായി ചൊല്ലിക്കൊടുത്തു. ഉചിതമായ സ്വരശ്രുതിഭാവങ്ങളോടെ മന്ത്രമുരുവിട്ട് മഹാദേവന്‍ അതീവസന്തോഷത്തോടെ അവിടെ നിന്നു. അങ്ങിനെ ചന്ദ്രകലാധരന്‍ ധ്യാനനിമഗ്നനായി ദേവീ സവിധത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാനും ദേവിയെ സ്തുതിക്കാന്‍ തുടങ്ങി: 'വേദങ്ങള്‍ അമ്മയെ സകലതിന്റെയും ആധാരമായി വര്‍ണ്ണിക്കുന്നില്ല. അത് മാമറകള്‍ക്ക് (വേദങ്ങള്‍ക്ക്) അറിവില്ലാത്തതുകൊണ്ടാണെന്നു തോന്നുന്നില്ല. എല്ലാ വേദപൂജകളിലും യാഗങ്ങളിലും ‘സ്വാഹാ’, എന്ന് പറഞ്ഞു ത്രിലോകങ്ങളിലും അമ്മയെ സങ്കീര്‍ത്തനം ചെയ്യുന്നുണ്ടല്ലോ? “ഞാന്‍ അത്യതിശയമായ ഈ ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചുവെന്നും എന്റെയത്ര സൃഷ്ടിനൈപുണ്യം മറ്റാര്‍ക്കുണ്ടാവുമെന്നും സര്‍വ്വാതിശായിയായ ബ്രഹ്മം ഞാനാണെന്നും ഗര്‍വ്വിച്ചു നില്‍ക്കെ ഞാന്‍ ഭവസാഗരത്തില്‍ മുങ്ങിപ്പോകുന്നു. ഇന്നിപ്പോള്‍ അവിടുത്തെ പാദരേണുക്കളുടെ പ്രഭാവം മൂലം എന്നില്‍ നേരുണര്‍ന്നു തെളിഞ്ഞതിനാല്‍ ഞാന്‍ ധന്യനായി. പരമേശ്വരിയായ അവിടുന്നു തന്നെ എന്നെ അവിടുത്തെ ഭക്തനാക്കണം. മുക്തിപ്രദായികയാണ് ഭവതി. മോഹപാശമകറ്റാനും നീയാണ് സമര്‍ത്ഥ. അവിടുന്നു നിര്‍മ്മിച്ചതായ താമരപ്പൂവിലാണ് ഞാന്‍ ജനിച്ചത്. അപ്പോള്‍പ്പിന്നെ എനിക്ക് മുക്തിമാര്‍ഗ്ഗം കാണിച്ചു തരേണ്ടതും നീയാണ്. അവിടുത്തെ കിങ്കരനായ ഞാന്‍ ബുദ്ധിമോശത്തില്‍ ഭാവാബ്ധിയില്‍പ്പെട്ട് പോയി. എന്നെ അതില്‍ നിന്ന് കരകയറ്റിയാലും. അവിടുത്തെ പ്രാഭവത്തെ അറിയാത്തവര്‍ എന്നെ പ്രഭുവായി കണക്കാക്കുന്നു. സ്വര്‍ഗ്ഗലബ്ധിക്കായി യാഗാദികള്‍ നടത്തുന്ന അവരുണ്ടോ നിന്റെ പ്രഭാവങ്ങളെ അറിയുന്നു? അമ്മേ, അവിടുന്നാണ് എന്നെ നാലുതരം സൃഷ്ടികള്‍ നടത്താനുള്ള ജോലി ഏല്‍പ്പിച്ചത്. അണ്ഡജം, സ്വേദജം, ഉദ്ഭിജം, ജരായുജം എന്നിങ്ങനെയുള്ള നാല് ജാതി ജന്മങ്ങളെ ങ്ങളെ ഞാന്‍ ഉണ്ടാക്കുന്നു എന്ന അഹങ്കാരം എന്നില്‍ ഉണ്ടായിപ്പോയി. ഈ അഹങ്കാരാപരാധത്തെ അവിടുന്നു പൊറുക്കണം. വളരെ കഷ്ടപ്പെട്ട് അഷ്ടാംഗയോഗങ്ങളൊക്കെ ഹൃദിസ്ഥമാക്കി ധ്യാനത്തിലും മറ്റും മുഴുകിയിരിക്കുന്ന മൂഢര്‍ നിന്റെ നാമം അറിയാതെയെങ്കിലും നാവിലുദിച്ചാല്‍ അതുപോലും മുക്തിപ്രദമാണെന്ന് അറിയുന്നുണ്ടോ? (ശൃംഗാരാദി കലകള്‍ക്കിടയില്‍ ആണെങ്കില്‍പ്പോലും ഭവതിയുടെ നാമം സ്മരിച്ചാല്‍ കരതലാമലകംപോലെ മുക്തി ലഭിക്കും എന്നറിയാവുന്നവര്‍ അവിടുത്തെ ഭജിക്കാതിരിക്കുമോ?). തത്വചിന്താവിശാരദന്‍മാരായ സാംഖ്യയോഗികള്‍ നിന്റെ പേര് പോലും മറന്ന് വേദവാക്യാദികളില്‍, ആ വാക്യജാലത്തില്‍ മോഹിച്ചു വശാവുന്നു. എന്നാല്‍ പരമതത്വം ഗ്രഹിച്ച പൂര്‍വ്വികര്‍ അമ്മയെ സ്മരിക്കാതെയും അവിടുത്തെ ഭജിക്കാതെയും ഒരു നിമിഷാര്‍ത്ഥംപോലും കഴിക്കുന്നില്ല.

കടക്കണ്ണിന്റെ ചെറുചലനം മാത്രം നടത്തി വിശ്വത്തെ നിഷ് പ്രയാസം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള അമ്മ വെറുമൊരു വിനോദമായി എന്നെ ആ ജോലി ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് ഞാനിപ്പോള്‍ അറിയുന്നു. അവിടുത്തെ ഇച്ഛാനുവര്‍ത്തി മാത്രമാണ് ഞാന്‍. മഹാവിഷ്ണുവിനെ മധുകൈടഭന്മാരില്‍നിന്നും രക്ഷിച്ചത് നീയാണ്. കല്‍പ്പകാലത്ത് മഹാദേവനെപ്പോലും സംഹരിച്ചത് നീയാണ്. അങ്ങിനെ സംഹരിക്കപ്പെട്ട ശിവനാണല്ലോ എന്റെ ഭ്രൂമദ്ധ്യത്തില്‍ നിന്നും വീണ്ടും ഉണ്ടായത്. നിന്‍റെ ജന്മത്തെപ്പറ്റി ആര്‍ക്കും ഒന്നും അറിയില്ല. അനാദ്യന്തയും ആദിപരാശക്തിയും ആയ മാഹാമായ അവിടുന്നാണെന്ന് വേദങ്ങള്‍ പറയുന്നു. അവിടുന്നു കൂടെയുണ്ടെങ്കില്‍ സൃഷ്ടിക്കു ഞാനും സ്ഥിതിപാലനത്തിനു വിഷ്ണുവും സംഹാരത്തിനു ശിവനും മിടുക്കുണ്ട്. നീ കൈവിട്ടാല്‍ ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ തീര്‍ത്തും അശക്തരാണ്. വാസ്തവത്തില്‍ ഞങ്ങള്‍ മൂന്നാളെന്നല്ല മറ്റാരെങ്കിലും ജനിക്കുന്നും മരിക്കുന്നുമുണ്ടോ? അവിടുത്തെ ഈ വിളയാട്ടത്തില്‍ ഭ്രമിക്കാത്തവരായി ആരുമില്ല തന്നെ.

നിര്‍ഗ്ഗുണനിരാകാരനും ഉപാധിരഹിതനുമായ പരമപുരുഷന്‍ നിന്റെ ലീലകള്‍ കണ്ടു രസിക്കുന്നു എന്നാണു ശാസ്ത്രപക്ഷം. ദൃശ്യാദൃശ്യലോകങ്ങളില്‍ നിനക്കും മുന്‍പുള്ളത് പരമപുരുഷന്‍. ഇനി മൂന്നാമത് മറ്റൊരാളില്ല എന്ന് നിശ്ചയം. ഒന്നേയുള്ളൂ, രണ്ടില്ല എന്ന - എകമേവാദ്വിതീയം -വേദവചനത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെങ്കിലും എന്നില്‍ ഒരു സംശയം ഉണ്ടായിരിക്കുന്നു. രണ്ടുണ്ടോ ഇല്ലയോ? അമ്മയെ നേരിട്ട് കാണാന്‍ ഇപ്പോള്‍ സാധിച്ചതുകൊണ്ട് ആ മുഖതാരില്‍ നിന്ന് തന്നെ എനിക്കാ സംശയം ദൂരീകരിക്കാന്‍ ആഗ്രമുണ്ട്. അമ്മ പുരുഷനാണോ? സ്ത്രീയാണോ? അമ്മയുടെ ശക്തിസ്വരൂപത്തിന്റെ 'സ്വ'ത്വം എന്തെന്നു തിരിച്ചറിഞ്ഞ് എനിക്കീ ഭവസാഗരം തരണം ചെയ്യണം.'     

No comments:

Post a Comment