ദിവസം 62. ശ്രീമദ് ദേവീഭാഗവതം. 3. 25 സുദര്‍ശനന്റെ സിംഹാസനാരോഹണം
ഗത്വാ fയോദ്ധ്യാം നൃപ ശ്രേഷ്ഠോ ഗൃഹം രാജ്ഞ: സുഹൃദ് വൃത:
ശത്രുജിന്മാതരം പ്രാഹ
പ്രണമ്യ ശോകസങ്കുലാം
മാതര്‍ന്ന തേ മയാ പുത്ര:
സംഗ്രാമേ നിഹത:കില
ന പിതാ തേ യുധാജിച്ച ശപേ തേ
ചരണൌ തഥാ
വ്യാസന്‍ തുടര്‍ന്നു: സുഹൃദ് ജനങ്ങളുമായി അയോദ്ധ്യയില്‍ എത്തിയ സുദര്‍ശനന്‍ ആദ്യം തന്നെ ശത്രുജിത്തിന്റെ അമ്മയെക്കണ്ട് നമസ്കരിച്ചു. ‘അമ്മേ, അമ്മയുടെ അച്ഛന്‍ യുധാജിത്തിനെയും പുത്രന്‍ ശത്രുജിത്തിനെയും ഞാനല്ല വധിച്ചത്. സാക്ഷാല്‍ ദുര്‍ഗ്ഗയാണ് അത് ചെയ്തത്. അതില്‍ എന്നെ പഴിക്കരുതേ. പുത്രന്‍ മരിച്ചതില്‍ ദുഃഖിക്കരുത്. എല്ലാം കര്‍മ്മഫലം തന്നെയാണ്. അമ്മയ്ക്ക് ദാസനായി ഞാനുണ്ട്. എന്റെ മാതാവ് മനോരമയും അവിടുന്നും എനിക്ക് ഒരുപോലെയാണ്. നന്മതിന്മകള്‍ നിറഞ്ഞ അനുഭവങ്ങള്‍ സ്വകര്‍മ്മവശാല്‍ ഉണ്ടാകുന്നവയാണ്. അത് അനുഭവിച്ചു തന്നെ തീരണം. ഹര്‍ഷവും ശോകവും ശത്രുക്കളാണ്. രണ്ടിലും അധികമായി മുഴുകരുത്. ജഗത്ത് നമുക്ക് അധീനമല്ല. എല്ലാം ദൈവാധീനമാണ്. ബുദ്ധിയുള്ളവര്‍ അഴലില്‍ അമിതമായി മാഴ്കുകയില്ല. പാവകളിക്കാരന്റെ കയ്യിലെ പാവപോലെയാണ് നാം കര്‍മ്മത്തിനടിപ്പെട്ടു ജീവിക്കുന്നത്. ഞാന്‍ കാട്ടില്‍ ജീവിക്കുമ്പോഴും ദുഖിക്കുകയുണ്ടായില്ല. അതെന്റെ കര്‍മ്മഫലമെന്നേ കരുതിയുള്ളു. ഇവിടെ എന്റെ മുത്തശ്ശന്‍ മരിച്ചപ്പോള്‍ അമ്മ എന്നെയും കൊണ്ട് കാട്ടില്‍പ്പോയി. കയ്യിലുണ്ടായുരുന്ന വസ്ത്രവും പണവും കൊള്ളക്കാര്‍ കൊണ്ടുപോയി. വഴിയാധാരയായ അമ്മ എന്നെയുംകൊണ്ട് ഭരദ്വാജന്റെ ആശ്രമത്തില്‍ അഭയം തേടി. വിദല്ലനും ഒരായയും ഞങ്ങള്‍ക്ക് കൂട്ട് വന്നിരുന്നു. മുനിമാരും അവരുടെ പത്നിമാരും ഞങ്ങളെ സ്നേഹമൂട്ടി കായ്കനികള്‍ തന്നു സംരക്ഷിച്ചു. അന്ന് എനിക്ക് ദുഖമോ ഇപ്പോള്‍ ജയത്തില്‍ ആഹ്ലാദമോ തോന്നുന്നില്ല. ആരോടും എനിക്ക് പകയുമില്ല. രാജകീയമായ സദ്യയേക്കാള്‍ കാട്ടിലെ വരിനെല്ലരിച്ചോറാണെനിക്ക് പഥ്യം. രാജഭോഗിക്ക് വരുന്ന അസുഖങ്ങള്‍ അതുകൊണ്ട് വരികയില്ലല്ലോ. ധര്‍മ്മചരണമാണ് അറിവുള്ളവന്റെ കടമ. അതിനായി ഇന്ദ്രിയങ്ങളെ അടക്കുകയും വേണം. അങ്ങിനെയുള്ള ധര്‍മ്മിഷ്ഠനു നരകഭയം വേണ്ട. അമ്മെ, മര്‍ത്ത്യജന്മം അതിദുര്‍ലഭം. പുണ്യഭൂമിയായ ഭാരതത്തില്‍ ജനിക്കുന്നത് തന്നെ അതിവിശിഷ്ടം. ആഹാരാദി സുഖങ്ങള്‍ എല്ലാ പ്രാണികള്‍ക്കും സഹജമാണല്ലോ. എന്നാല്‍ മനുഷ്യനുമാത്രമേ മോക്ഷസാദ്ധ്യതയുള്ളൂ. അതിനാല്‍ ദുര്‍ലഭമായ മനുഷ്യജന്മം ധര്‍മ്മാനുഷ്ഠാനത്തിനായി വിനിയോഗിക്കണം.”
മകന്റെ വാക്കുകള്‍കേട്ടു ശോകം വെടിഞ്ഞ ലീലാവതി ഇങ്ങിനെ പറഞ്ഞു: ‘എന്റെ അച്ഛന്‍ ബലമായി പിടിച്ചടക്കിയതാണ് രാജ്യം. എന്റെ മകനും അതിനു കൂട്ട് നിന്നു. അന്നവരെ തടുക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ. അതിനാല്‍ ഞാനാണ് തെറ്റുകാരി. അവര്‍ക്ക് അവരവരുടെ കര്‍മ്മഫലം തന്നെയാണ് ലഭിച്ചത്. അതില്‍ ഞാന്‍ ദുഖിക്കുന്നില്ലിപ്പോള്‍. സ്വകര്‍മ്മഫലമോര്‍ത്തു മാത്രമേ എനിക്ക് ശോകമുള്ളു. പുണ്യാത്മാവായ നീയെന്റെ മകന്‍ തന്നെയാണ്. മനോരമ എന്റെ സഹോദരിയും. നിന്നില്‍ എനിക്ക് ക്രോധമോ എന്നിലിപ്പോള്‍ ശോകമോ ഇല്ല. മഹാഭാഗനായ നീ രാജ്യം ഭരിച്ചാലും. ദേവിയുടെ പ്രസാദം നിന്നെ സദാ വിജയിയാക്കട്ടെ. ഇപ്പോളീ രാജ്യം ശത്രുരഹിതമായി.” സുദര്‍ശനന്‍ മാതാവിനെ നമസ്കരിച്ച ശേഷം മനോരമയുടെ കൊട്ടാരത്തിലെത്തി. മന്ത്രിമാരെ വിളിച്ചു മുഹൂര്‍ത്തം കുറിപ്പിച്ചു. ‘മധുരമനോജ്ഞമായ ഒരു സ്വര്‍ണ്ണ സിംഹാസനം തീര്‍പ്പിച്ച് അവിടെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ വരമായി സദാ നല്‍കുന്ന ജഗദംബയെ കുടിയിരുത്തണം. ആ ദേവിയെ പൂജിച്ചു കൊണ്ട് രാമാദിരാജാക്കന്മാര്‍ പണ്ട് ചെയ്തിരുന്നതുപോലെ ഞാന്‍ രാജ്യം ഭരിച്ചുകൊള്ളാം. നാട്ടുകാരും ഈ ദേവിയെ സദാ പൂജിക്കണം പരാശക്തിയായ അംബിക അവരുടെ എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കും. മന്ത്രിമാര്‍ ഉടനെ ശില്‍പ്പികളെ വരുത്തി. അതിസുന്ദരമായ ഒരു മന്ദിരം പണിത് അതിനുള്ളിലെ ശ്രീകോവിലില്‍ കമനീയമായ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചു. ബ്രാഹ്മണര്‍ വേദഘോഷങ്ങളോടെ ഹോമങ്ങള്‍ നടത്തി. പൊടിപൂരമായി ഉത്സവമായിത്തന്നെ പ്രതിഷ്ഠാകര്‍മ്മം കൊണ്ടാടി. നാനാവിധത്തിലുള്ള പൂജകള്‍ നടത്തിചെയ്തശേഷം കുമാരന്‍ പൈതൃകമായി കിട്ടിയ രാജ്യഭാരം ഏറ്റെടുത്തു. ജഗദംബികയുടെ യശസ്സും രാജ്യത്തിന്റെ കീര്‍ത്തിയും എങ്ങും പരന്നു. സാമന്തരാജാക്കന്മാരെയും ധര്‍മ്മിഷ്ഠമായ പാതയിലേയ്ക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. ശ്രീരാമനെപ്പോലെ, ദിലീപപുത്രനായ രഘുവിനെപ്പോലെ, പ്രജകള്‍ക്ക് അനുദിനം അഭിവൃദ്ധിയെ പ്രദാനം ചെയ്തുകൊണ്ട് സുദര്‍ശനന്‍ രാജ്യം ഭരിച്ചു. നീതി, ക്ഷേമം, വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നിവ കൃത്യമായി പാലിക്കപ്പെട്ടു. സാമന്ത രാജാക്കന്മാരും അവര്‍ക്കൊത്തവണ്ണം ദേവീക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. അധര്‍മ്മത്തില്‍ ആര്‍ക്കും താല്‍പ്പര്യമില്ലാതെയായി. ദേവീപൂജ നാട്ടിലെങ്ങും പുകള്‍ നേടി. സുബാഹു രാജാവും കാശിയില്‍ വലിയൊരു ദുര്‍ഗ്ഗാക്ഷേത്രം നിര്‍മ്മിച്ചു. ദേവിയുടെ ശുഭവിഗ്രഹം അവിടെയും പ്രതിഷിച്ചു പൂജിച്ചു. കാശിയിലെ വിശ്വനാഥനൊപ്പം ദുര്‍ഗ്ഗയെയും ജനങ്ങള്‍ പൂജിച്ചു വന്നു. ദുര്‍ഗ്ഗാദേവിയുടെ പ്രശസ്തി എല്ലാടവും പരന്നു. സമസ്ത ഭാരതദേശത്തും എല്ലാ വര്‍ണ്ണക്കാരും ഭവാനീപൂജ നടത്താന്‍ ഇടയായത് ഇങ്ങിനെയാണ്. വേദോക്തമായ സ്തോത്രങ്ങള്‍ ജപിച്ചുകൊണ്ട് ശക്തിയെ പൂജിച്ച് ജനങ്ങള്‍ ധ്യാനത്തില്‍ മുഴുകി. നവരാത്രികള്‍ തോറും ഹോമയജ്ഞനങ്ങളും അര്‍ച്ചനയും ചെയ്ത് അവര്‍ ദേവീപൂജ സാഘോഷം കൊണ്ടാടി.
No comments:
Post a Comment