Devi

Devi

Friday, December 4, 2015

ദിവസം 44. ശ്രീമദ്‌ ദേവീഭാഗവതം. 3. 7. ഗുണതത്വനിരൂപണം

ദിവസം 44. ശ്രീമദ്‌ ദേവീഭാഗവതം. 3. 7. ഗുണതത്വനിരൂപണം

ഏവം പ്രഭാവാ സാ ദേവീ മയാ ദൃഷ്ടാഥ വിഷ്ണുനാ
ശിവേനാപി മഹാഭാഗ താസ്താ ദേവ്യ: പൃഥക് പൃഥക്
ഇത്യാകര്‍ണ്യ പിതൃവാക്യം നാരദോ മുനിസത്തമ:
പപ്രച്ഛ പരമപ്രീത: പ്രജാപതിമിദം വച:

ബ്രഹ്മാവ്‌ പറഞ്ഞു: ഇത്ര മാഹാത്മ്യമുള്ള ആ മഹാമായയെയും മറ്റു ദേവിമാരെയും ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആരാധിച്ചു. ഇക്കഥ കേട്ട് സംപ്രീതനായ നാരദന്‍ ചോദിച്ചു:'നാശമില്ലാത്ത നിര്‍ഗ്ഗുണനും അക്ഷയനും ആദ്യനുമായ ആ പരമപുരുഷന്റെ ചിദ് രൂപം അങ്ങേയ്ക്ക് കാണാന്‍ കഴിഞ്ഞുവല്ലോ? ആ കാഴ്ച്ചയെ ഞങ്ങള്‍ക്കായി വര്‍ണ്ണിച്ചാലും. ദേവിയുടെ സഗുണാകാരം എനിക്കും കാണാന്‍ കഴിഞ്ഞു. എന്നാല്‍ ആ അമ്മയുടെ നിര്‍ഗുണരൂപം എന്താണ്? അവളോടു ചേര്‍ന്നിരിക്കുന്ന പരമപുരുഷന്റെ രൂപമെന്തെന്നും  എനിക്കറിയണമെന്നുണ്ട്. ഈ ദൃശ്യസാക്ഷാത്കാരം  സാധിക്കാനായി ഞാന്‍ ശ്വേതദ്വീപില്‍ കഠിനമായ തപസ്സു ചെയ്തിട്ടുണ്ട്. അവിടെ അനേകം സിദ്ധന്മാരായ മുനിമാരെ ഞാന്‍ കണ്ടു. എന്നാല്‍ ഈ കണ്ണുകൊണ്ട് പരമാത്മാവിനെ എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനായി വീണ്ടും ചെയ്ത തപസ്സും ഫലം കണ്ടില്ല. അങ്ങ് തന്നെ പറയൂ, സഗുണാത്മികയായ ശക്തിയെ അങ്ങേയ്ക്കറിയാം. എന്നാല്‍ നിര്‍ഗുണയായ ദേവിയും നിര്‍ഗുണനായ പരമാത്മാവും എന്താണെന്ന് പറഞ്ഞു തന്നാലും.'

നാരദന്റെ ചോദ്യത്തിനുത്തരമായി ബ്രഹ്മാവ്‌ പറഞ്ഞു തുടങ്ങി: 'നിര്‍ഗുണമായ ഒന്നിന്റെ രൂപം ദൃഷ്ടിക്ക് ഗോചരമാവുകയില്ല. നിര്‍ഗുണമൂര്‍ത്തികളെ പ്രാപിക്കുക തുലോം ദുഷ്കരമത്രേ. അവരെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ മാത്രമേ നമുക്ക് കണ്ടെത്താനാകൂ. ബാക്കിയെല്ലാം ഭാവനമാത്രം. ആദ്യന്തവിഹീനരാണ് പ്രകൃതിയും പുരുഷനും. അവരെ കണ്ടെത്താന്‍ വിശ്വാസം തന്നെ ആശ്രയം. അവിശ്വാസികള്‍ക്കവര്‍ അപ്രാപ്യരത്രേ. സദാ തുടിക്കുന്ന ചൈതന്യമായി എല്ലാറ്റിലും നിലകൊള്ളുന്നത് പരമാത്മാവാണ്. എല്ലായിടവും നിറഞ്ഞു വിളങ്ങുന്ന തേജസ്സും അതാകുന്നു. എല്ലാടവും നിറഞ്ഞു വിളങ്ങുന്ന പുരുഷനും ശക്തിയും അല്ലാതെ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ല. പ്രാണിദേഹങ്ങളില്‍ പ്രകൃതി പുരുഷന്മാര്‍ കൂടിക്കലര്‍ന്നും ചിത്തത്തില്‍ നിര്‍ഗുണനിരാകാരരായും അവര്‍ നിറഞ്ഞു വിളങ്ങുന്നു. പരമാത്മാവു തന്നെയാണ് ശക്തി. അവ തമ്മിലുള്ള സൂക്ഷ്മഭേദം ആര്‍ക്കും അറിയാവുന്നതല്ല. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ളവര്‍ക്കുപോലും അതിസൂക്ഷ്മമായ  ഭേദം എന്തെന്ന് തിരിച്ചറിയാനാവുന്നില്ല.

ഈ ലോകം അഹങ്കാരകല്പിതമാണ്. എത്ര കാലം കഴിഞ്ഞാലും ഈ അഹങ്കാരമുള്ളപ്പോള്‍ പരമത്മജ്ഞാനം അപ്രാപ്യമാണ്. സഗുണന് നിര്‍ഗുണനെ കണ്ണുകൊണ്ട് കാണാന്‍ എങ്ങിനെ കഴിയും? അതിനാല്‍ കണ്ണുള്ളവന് ഉപാസിക്കാന്‍ സഗുണന്‍ തന്നയാണ് ശരണം. പിത്തം പിടിച്ച നാവു സ്വാദും, പീള കെട്ടി മങ്ങിയ കണ്ണുകള്‍ നിറവും എങ്ങിനെ തിരിച്ചറിയും? അതുപോലെയാണ് സഗുണം നിര്‍ഗുണത്തെ അറിയാന്‍ ശ്രമിക്കുന്നത്. അഹങ്കാരത്തിന്റെ സന്തതിയെങ്ങിനെ ഗുണവീതമാകും? ഗുണങ്ങള്‍ ഉള്ളിടത്തോളം പരമപുരുഷദര്‍ശനം അസാദ്ധ്യം.'

അപ്പോള്‍ നാരദന്‍ പറഞ്ഞു: 'ദേവദേവാ, ത്രിവിധങ്ങളായ അഹങ്കാരത്തെപ്പറ്റിയും ത്രിഗുണങ്ങളെപ്പറ്റിയും വിസ്തരിച്ചു പറഞ്ഞു തന്നാലും. സത്വരജസ്തമോ ഗുണങ്ങളുടെ ലക്ഷണങ്ങളും വെവ്വേറെ പറയൂ. പിന്നെ മുക്തിപ്രദായകമായ അറിവേതാണോ അതും ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.'

ബ്രഹ്മാവ്‌ തുടര്‍ന്നു: 'ജ്ഞാനശക്തി സത്വത്തിന്, ക്രിയാശക്തി രജസ്സിന്, ദ്രവ്യശക്തി തമസ്സിന് എന്നിങ്ങിനെ മൂന്നാണ് ഈ ഗുണങ്ങള്‍ക്ക് സഹജമായ പ്രാഭവങ്ങള്‍. ദ്രവ്യശക്തിയില്‍ നിന്നാണ് ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം, എന്നീ തന്മാത്രകള്‍ ഉണ്ടായത്. ശബ്ദമെന്ന ഗുണം ആകാശത്തിന്റെതാണ്. സ്പര്‍ശം വായുവിന്റെതും, രസം ജലത്തിന്റെയും, ഗന്ധം ഭൂമിയുടേതുമാണ്. ഇവ സൂക്ഷ്മങ്ങളുമാണ്. ഇപ്പറഞ്ഞ പത്തും സമ്യക്കായി ഒത്തുചേര്‍ന്ന് പ്രകടമാകുമ്പോള്‍  ബ്രഹ്മാണ്ഡം ഉദ്ഭൂതമാകുന്നു. രാജസത്തിന്റെ ക്രിയാശക്തിയാലാണ് ചെവി, ത്വക്ക്, നാക്ക്, കണ്ണ്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; വാക്ക്, കൈകള്‍, കാലുകള്‍, ഗുദം, ലിംഗം എന്നീ കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നത്. ഇതുകൂടാതെ പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ പഞ്ചവായുക്കളും രാജസത്തിന്റെ ശക്തി പ്രഭാവമാണ്. ഈ പതിനഞ്ച് ഇന്ദ്രിയങ്ങളും ചിത്ശക്തിയുടെ അനുവൃത്തരാണ്. ജ്ഞാനശക്തി പ്രഭാവത്തിനു കാരണമായ സാത്വികാഹങ്കാരത്തില്‍ നിന്നും സൂര്യനും, ദിക്കും, കാറ്റും, അശ്വിനിദേവകളും വരുണനും ഉണ്ടായി. അവര്‍ ജ്ഞാനേന്ദ്രിയങ്ങളുടെ അദ്ധ്യക്ഷദേവതകളാകുന്നു. ചന്ദ്രന്‍, ബ്രഹ്മാവ്‌, രുദ്രന്‍, ക്ഷേത്രജ്ഞന്‍ എന്നിങ്ങിനെ നാലുപേര്‍ ചേര്‍ന്നാല്‍ അന്തക്കരണം. അതിന്റെ കൂടെ മനസ്സ് ചേര്‍ന്നാല്‍ അതും ചേര്‍ത്ത് അഞ്ച്. അങ്ങിനെ പതിനഞ്ച് ഇന്ദ്രിയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അന്തകരണം എന്ന അഞ്ച്. ഈ സൃഷ്ടി സാത്വികമാണ്. 

ജ്ഞാനികള്‍ സ്ഥൂലം, സൂക്ഷ്മം, എന്നിങ്ങിനെ പരമാത്മാവിന് ഭേദം കല്‍പിച്ചിരിക്കുന്നു. നിരാകാരവും ജ്ഞാനരൂപവുമാണ് സൂക്ഷ്മം. പരമാത്മാവിന്റെ സൂക്ഷ്മശരീരം എന്നറിയപ്പെടുന്നത് ഇതാണ്. എന്റെയീ സൂക്ഷ്മദേഹത്തെ ‘സൂത്രം’ എന്നാണു ജ്ഞാനികള്‍ വിളിക്കുന്നത്. എന്നാല്‍ സാധകന് ധ്യാനിക്കാന്‍ സ്ഥൂലരൂപം തന്നെ വേണം.  നാരദാ, ഇനി പരമാത്മാവിന്റെ, അതായത് ബ്രഹ്മത്തിന്റെ സ്ഥൂലശരീരത്തെപ്പറ്റി പറയാം. സൂക്ഷ്മങ്ങളായ ഭൂതങ്ങള്‍ - തന്മാത്രകളെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ. ഈ അഞ്ചു തന്മാത്രകള്‍ പഞ്ചീകരിച്ചാണ് പഞ്ചഭൂതങ്ങളും തദ്വാരാ ശരീരവും ഉണ്ടാവുന്നത്. പഞ്ചീകരണം എന്നാല്‍ എന്തെന്ന് അറിയാന്‍ ആദ്യം ജലതന്‍മാത്രയായ ‘രസം’ നിന്‍റെ സങ്കല്‍പ്പത്തില്‍ കൊണ്ടുവരിക. അതിന്റെ പകുതി എടുത്ത്, ഒരു പാതിയെ ജലമായി കരുതുക. മറ്റുള്ള ഭൂതങ്ങളെയും ഇപ്രകാരം രണ്ടായി വിഭജിക്കുക. ആ ഭൂതങ്ങളെയും ഓരോരോ പാതി ഭാഗം കൊണ്ട് വായു, ആകാശം, അഗ്നി, ഭൂമി എന്നിവയെ സങ്കല്‍പ്പിച്ചു വയ്ക്കുക. എല്ലാ ഭൂതങ്ങളിലെയും ബാക്കിയായ പാതി ഭാഗം ഓരോന്നും വീണ്ടും നാലായി വിഭജിക്കുക. ഈ നാലുഭാഗങ്ങള്‍ മറ്റു ഭൂതങ്ങള്‍ക്കായി വിഭജിച്ചു നല്‍കുക. ഉദാഹരണത്തിന് ജലത്തിന്റെ പാതി തന്മാത്രയോടു കൂടി വായു, ആകാശം, അഗ്നി, ഭൂമി എന്നിവയുടെ തന്മാത്രകളുടെ പകുതിയുടെ നാലില്‍ ഒന്ന് വീതം ചേര്‍ക്കുക. അപ്പോള്‍ ജലതന്മാത്രയുടെ പകുതിയും, മറ്റു തന്മാത്രകളുടെ എട്ടില്‍ ഒരുഭാഗം ചേര്‍ന്നുള്ള പകുതിയും (നാല് എട്ടിലൊന്നു ഭാഗങ്ങള്‍ ചേര്‍ന്നാല്‍ പകുതി ആയല്ലോ) ചേര്‍ക്കുമ്പോള്‍ ജലം എന്ന പഞ്ചഭൂതം, ഒരു മുഴുവന്‍ തന്മാത്രയായി സംജാതമാവുന്നു. ഇങ്ങിനെ മറ്റു ഭൂതങ്ങളും ഉണ്ടാവുകയാണ്. അതായത് പഞ്ചഭൂതങ്ങള്‍ ഓരോന്നിലും മറ്റു ഭൂതങ്ങളുടെ തന്മാത്രകളും വിലീനമാണ്. പഞ്ചഭൂതങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ചൈതന്യവത്തായ പ്രാണിദേഹം ഉണ്ടാവുന്നത്. ചൈതന്യം പ്രഭാസിക്കുമ്പോള്‍ അഹംബുദ്ധി ജനിക്കുന്നു. ഈ ചൈതന്യത്തെ ആദിനാരായണന്‍, ദേവന്‍, ഭഗവാന്‍ എന്നെല്ലാം നാം വിളിക്കുന്നു. 

പഞ്ചഭൂതങ്ങള്‍ ഘനീഭവിച്ചു സ്പഷ്ടമാകുമ്പോള്‍ അവയുടെ ഗുണങ്ങള്‍ക്കും ഒന്നിനൊന്നു വര്‍ദ്ധനവും ദൃഢതയും കൈവരുന്നു. ആകാശത്തിന്‌ ശബ്ദം എന്ന ഒരു ഗുണമേയുള്ളൂ. വായുവിനു ശബ്ദം, സ്പര്‍ശം എന്നീ രണ്ടു ഗുണങ്ങള്‍. അഗ്നിയ്ക്ക് ശബ്ദം, സ്പര്‍ശം, രൂപം, ഇങ്ങിനെ മൂന്ന് ഗുണങ്ങള്‍ ഉണ്ട്. ജലത്തിന് ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയാണ് ഗുണങ്ങള്‍. ഭൂമിക്കാകട്ടെ ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയെക്കൂടാതെ ഗന്ധം എന്ന ഗുണം കൂടിയുണ്ട്. ഈ അഞ്ചു ഭൂതങ്ങളും ചേര്‍ന്നുള്ള സംഘാതമാണ്‌ ബ്രഹ്മാണ്ഡം. ബ്രഹ്മാണ്ഡത്തിന്റെ അംശങ്ങളായുള്ള ജീവജാലങ്ങള്‍ വികസ്വരമായിരിക്കുന്നത് എണ്‍പത്തിനാല് ലക്ഷം ജീവജാതികളായിട്ടാണ്. 


2 comments: