Devi

Devi

Saturday, December 5, 2015

ദിവസം 45. ശ്രീമദ്‌ ദേവീഭാഗവതം. 3. 8. ഗുണരൂപസംസ്ഥാനം

ദിവസം 45. ശ്രീമദ്‌ ദേവീഭാഗവതം. 3. 8. ഗുണരൂപസംസ്ഥാനം

സര്‍ഗ്ഗോ fയം കഥിത സ്താത്ത യത്പൃഷ്ടോfഹം ത്വയാfധുനാ
ഗുണാനാം രൂപ സംസ്ഥാം വൈ ശൃണഷ്വൈകാഗ്രമാനസ: 
സത്വം പ്രീത്യാത്മകം ജ്ഞേയം സുഖാത് പ്രീതിസമുദ്ഭവ:
ആര്‍ജ്ജവം ച തഥാ സത്യം ശൗചം ശ്രദ്ധാ ക്ഷമാ ധൃതി:  

ബ്രഹ്മാവ്‌ പറഞ്ഞു: 'സൃഷ്ടിസ്വരൂപവിവരണമാണ് ഞാന്‍ ഇതുവരെ പറഞ്ഞത്. ഇനി ഗുണസ്വരൂപം വിശദമാക്കാം. ശ്രദ്ധിച്ചു കേട്ടാലും. പ്രീതിയാണ് സത്വഗുണത്തിന്റെ സ്വരൂപം. സുഖമാണ് പ്രീതിക്ക് നിദാനം. ആര്‍ജ്ജവം, സത്യം, ശുചിത്വം, ക്ഷമ, ശ്രദ്ധ, ധൃതി, ദയ, ലജ്ജ, ശാന്തി, സന്തോഷം, എന്നിവയുണ്ടെങ്കില്‍ സദാ സത്വഗുണമാണ് പ്രകടമാവുന്നതെന്ന് മനസ്സിലാക്കാം. ശുഭ്രവര്‍ണ്ണമാണ് സത്വത്തിനുള്ളത്. ധര്‍മ്മത്തില്‍ നിസ്തന്ദ്രമായ താല്പര്യം, നന്മയില്‍ ശ്രദ്ധ, തിന്മയില്‍ അശ്രദ്ധ എന്നിവ സത്വഗുണലക്ഷണങ്ങളാണ്.

ശ്രദ്ധയും സാത്വികം, രാജസം, താമസം എന്നിങ്ങിനെ മൂന്നുവിധത്തിലാണ്. രക്തവര്‍ണ്ണമാണ് രജോഗുണസംബന്ധിയായി പറയപ്പെടുന്നത്. അപ്രീതിയും തുടര്‍ന്നുണ്ടാകുന്ന ദുഖവും രജോഗുണത്തിന്റെ ലക്ഷണങ്ങളാണ്. ദ്വേഷം, മത്സരം, ദ്രോഹം, ഡംഭ്, ഉദ്ഘണ്ഠ, നിദ്ര, എന്നിവ രാജസമായ ശ്രദ്ധയില്‍പ്പെടുന്നു. മാനം, മദം, എന്നിവയും രജസ്സിനാല്‍ സൃഷ്ടമാവുന്നു. കറുപ്പാണ് തമോഗുണത്തിന്റെ നിറം. മോഹം, ആലസ്യം, നിദ്ര, അജ്ഞാനം, ദീനത, ഭയം, ആധികള്‍, ലുബ്ധ്, തര്‍ക്കം, കുടിലത, നാസ്തിക്യം, പരദൂഷണം, എന്നിവയെല്ലാം തമോഗുണലക്ഷണങ്ങളാണ്. പരോപദ്രവപരമാണ് താമസികമായ ശ്രദ്ധ. ശുഭേച്ഛുക്കള്‍ സത്വത്തെ വര്‍ദ്ധിപ്പിക്കാനും, രജസ്സിനെ അടക്കാനും തമസ്സിനെ ഇല്ലാതാക്കാനുമുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവ എപ്പോഴും ഒരുമിച്ചാണ് നിലകൊള്ളുന്നതെങ്കിലും ഒരാളില്‍ത്തന്നെ ഈ മൂന്നുഗുണങ്ങളും പരസ്പരം പോരാടിക്കഴിയുന്നു. ത്രിഗുണങ്ങള്‍ക്ക് ഓരോന്നിനും അതതിന്റെ ശുദ്ധഭാവത്തില്‍ നിലനില്‍ക്കാനാവില്ല. അവയുടെ പരസ്പരബന്ധം എങ്ങിനെയെന്ന് അറിയുന്നതുപോലും സംസാരബന്ധത്തെ ഇല്ലായ്മ ചെയ്യാന്‍ പോന്നതാണ്. എന്റെ വാക്കുകളെ നീ സംശയിക്കേണ്ടതില്ല. എങ്കിലും അനുഭവമാണ് ജ്ഞാനം നല്‍കുന്നത് എന്നറിയുക. ആ അനുഭവങ്ങള്‍ ഫലസിദ്ധിപ്രാപിക്കുമ്പോഴേ ജ്ഞാനം സംസ്കാരമാവൂ.

ഉദാഹരണത്തിന് നല്ലൊരു തീര്‍ത്ഥസ്ഥലമുണ്ടെന്ന് രാജസബുദ്ധിയില്‍ ഒരു വാര്‍ത്ത കേട്ടുവെന്നിരിക്കട്ടെ. വേഗം തന്നെ അങ്ങോട്ട്‌ പോയി അത്  ബോദ്ധ്യപ്പെട്ടു. സ്നാനവും മറ്റും ചെയ്ത് ദാനധര്‍മ്മങ്ങളും നടത്തി കുറച്ചു നാള്‍ അവിടെ കഴിഞ്ഞു. ഉള്ളിലുള്ള കാമക്രോധാദികള്‍ ഇനിയും നശിച്ചിട്ടില്ല. നാട്ടിലേയ്ക്ക് മടങ്ങിയെത്തി വീണ്ടും പഴയപോലെ ജീവിതം നയിക്കുന്നു എന്നിരിക്കട്ടെ. അങ്ങിനെയെങ്കില്‍ തീര്‍ത്ഥയാത്രയില്‍ അയാള്‍ യാതൊന്നും കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല, കേട്ടിട്ടുമില്ല. കൃഷിചെയ്താല്‍ ഭക്ഷണം കഴിക്കാനുള്ള ധാന്യം ലഭിക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തീര്‍ത്ഥങ്ങള്‍ക്ക് പാപം ഇല്ലാതാക്കാനുള്ള കഴിവുണ്ട് എന്നെല്ലാവര്‍ക്കും അറിയാം. 

ദേഹത്തിലെ പാപവികാരങ്ങളായ കാമക്രോധലോഭമോഹമദങ്ങളും അസൂയയും തൃഷ്ണയും അവിവേകവും, ഈര്‍ഷ്യയും സാഹസവും ഒരു മനുഷ്യനില്‍ നിന്നും നീങ്ങിയിട്ടില്ലെങ്കില്‍ അയാള്‍ പാപി തന്നെയാണ്. തീര്‍ത്ഥാടനം കൊണ്ട് അവന്റെ പാപം നീങ്ങിയില്ലെങ്കില്‍ വിത്ത്‌ കിളുര്‍ത്ത് വളര്‍ന്നു  വിളയുണ്ടാകാത്ത വയലില്‍ വൃഥാവൃത്തി ചെയ്ത കര്‍ഷകന് സമമാണ് ഈ യാത്രികന്‍. കഷ്ടപ്പെട്ട്  അദ്ധ്വാനിച്ചു നിലമൊരുക്കി കൃഷി ചെയ്ത് കര്‍ഷകന്‍ ഫലത്തിനായി കാത്തിരിക്കുന്നു. എന്നാല്‍ കര്‍ഷകന്‍ ഒന്നുറങ്ങിപ്പോയപ്പോഴെയ്ക്ക് കാട്ടുജന്തുക്കളും കൃമികീടങ്ങളും വന്ന് ആ കൃഷിയാകെ നശിപ്പിച്ചപോലെയാണ് തീര്‍ത്ഥാടനം കൊണ്ട് ദുസ്വഭാവങ്ങള്‍ക്ക് മാറ്റമുണ്ടാകാത്തവന്റെ കാര്യം.

എന്നാല്‍ നാരദാ, സത്വഗുണം തീവ്രമായിത്തീര്‍ന്നു വേദജ്ഞാനം ഉള്ളില്‍ ഉണര്‍ന്നാല്‍ അത് തമോഗുണങ്ങളെ ഇല്ലാതെയാക്കും. രജസ്സിനെയും തമസ്സിനെയും ഇല്ലാതെയാക്കാന്‍ സത്വത്തിനാകും. താമസവിഷയങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ സത്വഗുണത്തിനു കഴിയും. രജോഗുണം ലോഭത്തോടു ചേര്‍ന്ന് വര്‍ദ്ധിച്ചും തമസ്സ് മോഹത്തോടു ചേര്‍ന്ന് തീവ്രമായും രജസ്-സത്വഗുണങ്ങളെ കീഴടക്കുന്നു. ഓരോരോ ഗുണങ്ങള്‍ മറ്റുള്ളവയെ എങ്ങിനെ സ്വാധീനിക്കുന്നു എന്നിനി നോക്കാം. സത്വഗുണം ഉയരുമ്പോള്‍ ധര്‍മ്മബുദ്ധി ഉറയ്ക്കുന്നു. അപ്പോള്‍ രജസ്-തമോ ജന്യങ്ങളായ വിഷയങ്ങളില്‍ മനസ്സുടക്കുകയില്ല. സത്വഗുണസംബന്ധിയായ വിഷയങ്ങളില്‍ മനസ്സ് രമിക്കുന്നു. അപ്പോള്‍ ധാര്‍മ്മികമായ യജ്ഞം, കര്‍മ്മം, അര്‍ത്ഥസമ്പാദനം എന്നിവയില്‍ മാത്രം  ആഭിമുഖ്യമുണ്ടാകുന്നു. കേവലം സാത്വികഗുണങ്ങളില്‍ മാത്രം വ്യാപരിച്ചിരിക്കുന്ന അങ്ങിനെയുള്ള ഒരാളില്‍ രാജസവും താമസവും ആയ വിഷയങ്ങള്‍ കടന്നുവരികയേ ഇല്ല. രജസ്സിനെ കീഴടക്കി തമസ്സിനെ ജയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ശുദ്ധസത്വം മാത്രമാണ് നിലകൊള്ളുന്നത്. എന്നാല്‍ രജസ്സ് കൂടുമ്പോള്‍ സത്യധര്‍മ്മാദികള്‍ക്ക് മൂല്യച്യുതിയുണ്ടാവുന്നു. ചിലപ്പോള്‍ ധര്‍മ്മത്തിനെതിരായും ചിലര്‍ വര്‍ത്തിക്കുന്നത് അങ്ങിനെയാണ്. സത്വവും നശിക്കുന്നത് തന്നെയാണ്, എന്നാല്‍ അപ്പോള്‍ താമസഗുണവും അവിടെ നിന്ന് മാറി നില്‍ക്കും. തമസ്സാണ് പെരുകുന്നതെങ്കില്‍ വേദധര്‍മ്മശാസ്ത്രങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നശിക്കും. നാശത്തിനു പലവിധത്തിലുള്ള ഭാവങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും ദ്രോഹങ്ങള്‍ പെരുകി ശാന്തി തീരെ ഇല്ലാതെയാകും. രജസ്-സത്വ ഗുണങ്ങളെ കീഴടക്കി, ക്രുദ്ധനും മൂര്‍ഖനുമായി താന്തോന്നിയായി നടക്കുന്നവന്‍ ഭോഗലാലസനായി ജീവിതം കഴിക്കുന്നു.

എന്നാലും നാരദാ, ഈ ത്രിഗുണങ്ങള്‍ പരസ്പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അവയുടെ പ്രഭാവങ്ങള്‍ കാലദേശബദ്ധമാണ്താനും. രജസ്സില്ലാതെ സത്വമില്ല. അതുപോലെ തിരിച്ചും. ഇവയ്ക്ക് രണ്ടിനും നിലനില്‍ക്കാന്‍ തമസ്സും വേണം. രണ്ടു ഗുണങ്ങളെങ്കിലും ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളു. പരസ്പരമുള്ള ഈ ഇഴുകിച്ചേരല്‍ മറ്റു ഗുണങ്ങളെ ഉണ്ടാക്കാനും പര്യാപ്തമാണ്. സത്വത്തില്‍ നിന്നും മറ്റു രണ്ടു ഗുണങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകും. അതുപോലെ തമോഗുണം സത്വത്തെയും രജസ്സിനെയും ഉണ്ടാക്കിയെന്നും വരാം. കേവല ജഡമായ മണ്ണ് കുടത്തെ ജനിപ്പിക്കുന്നു എന്നതുപോലെയാണത്. മൂന്നുപേര്‍ ചേര്‍ന്ന് യുക്തമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ പോലെയും, സ്ത്രീപുരുഷ സംയോഗത്താല്‍ കുഞ്ഞുണ്ടാവുന്നതുപോലെയും ഗുണങ്ങള്‍ പരസ്പരം ബുദ്ധിയുടെ തലത്തില്‍ കൂട്ടുചേര്‍ന്ന് പാരസ്പര്യത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജസ്സും സത്വവും ചേര്‍ന്നും, സത്വവും രജസ്സും ചേര്‍ന്നും, സത്വരജസ്സുകളും തമസ്സും ചേര്‍ന്നും, മൈഥുനഭാവത്തില്‍ ചേരുംപടി ചേര്‍ന്ന് കഴിയുന്നു.'

നാരദന്‍ പറഞ്ഞു: 'ഇങ്ങിനെ ഗുണങ്ങളെപ്പറ്റി അച്ഛന്‍ വര്‍ണ്ണിച്ചപ്പോള്‍ എന്നില്‍ വീണ്ടും ചോദ്യങ്ങള്‍ ഉണര്‍ന്നു പൊങ്ങിവന്നു.'   

No comments:

Post a Comment