Devi

Devi

Monday, December 21, 2015

ദിവസം 61. ശ്രീമദ്‌ ദേവീഭാഗവതം. 3. 24. കാശീ ദുര്‍ഗാവാസം

ദിവസം 61. ശ്രീമദ്‌ ദേവീഭാഗവതം. 3. 24. കാശീ ദുര്‍ഗാവാസം

തസ്യാസ്തദ്വചനം ശ്രുത്വാ ഭവാന്യാ: സ നൃചോത്തമ:
പ്രോവാ വചനം തത്ര സുബാഹുര്‍ ഭക്തിസംയുത:
എകതോ ദേവലോകസ്യ രാജ്യം ഭൂമാണ്ഡലസ്യ ച
എകതോ ദര്‍ശനം തേ വൈ ന ച തുല്യം കദാചന  

വ്യാസന്‍ തുടര്‍ന്നു: ഭഗവതി വരദാനം ചെയ്തപ്പോള്‍ സുബാഹു പറഞ്ഞു: 'അമ്മേ, ദേവലോകങ്ങളും ഭൂമണ്ഡലങ്ങളും ചേര്‍ത്ത് ഒരുതട്ടില്‍ വച്ചാലും അവിടുത്തെ ദര്‍ശനഭാഗ്യം മറുതട്ടില്‍ വച്ചാല്‍ അതിനു തന്നെയാണ് മുന്‍‌തൂക്കം. മൂന്നുലോകത്തിലും അവിടുത്തെ ദര്‍ശനത്തിനു തുല്യമായി മറ്റ് യാതൊന്നുമില്ല. പിന്നെ ഞാനെന്തു വരമാണ് ചോദിക്കുക? എന്നാല്‍ ഒരു വരം അമ്മയെനിക്ക് തന്നാലും. അമ്മയില്‍ അചഞ്ചലമായ ഭക്തിയുണ്ടാവാന്‍ അമ്മയെന്നെ അനുഗ്രഹിക്കണം. അമ്മ ഈ കാശിനഗരത്തില്‍ വസിക്കണം. ശക്തിസ്വരൂപിണിയായ അമ്മ ദുര്‍ഗ്ഗാദേവിയായി ഈ നഗരത്തെ എന്നെന്നും കാത്തു സംരക്ഷിക്കുക. സുദര്‍ശനനെ ശത്രുദുഖത്തില്‍ നിന്നും കരകയറ്റിയതുപോലെ ഈ വാരാണസി നഗരത്തെയും അമ്മ തന്നെ കാത്തു രക്ഷിക്കണം. ശത്രുനാശം വരുത്തി പാരിന്‍റെ സകല ദോഷങ്ങളും ഇല്ലാതാക്കി അമ്മ എല്ലാവരെയും അനുഗ്രഹിച്ചാലും.' 

രാജാവിന്റെ സ്തുതികേട്ട് സംപ്രീതയായ ജഗദംബിക ഇങ്ങിനെ അരുളി: 'ഈ ഭൂമിയുള്ളിടത്തോളം കാലം സര്‍വ്വലോകഹിതാര്‍ത്ഥം ഞാനിവിടെ വാണുകൊള്ളാം. അപ്പോഴേയ്ക്കും സുദര്‍ശനന്‍ ഭക്തിപുരസ്സരം അമ്മയെ നമസ്കരിച്ചിട്ട്‌ ഇങ്ങിനെ സ്തുതിച്ചു. ‘അമ്മയുടെ കൃപയുടെ ഔന്നത്യം ഞാനങ്ങിനെ വര്‍ണ്ണിക്കും? ഭക്തിയുറയ്ക്കാത്ത ഈയുള്ളവനെപ്പോലും അമ്മ സംരക്ഷിച്ചു. ഭക്തരക്ഷ വ്രതമാക്കിയിരിക്കുന്ന അവിടുന്ന് സകലര്‍ക്കും രക്ഷയേകുന്നു. അവിടുന്നാണ് വിശ്വസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണഭൂതയായിരിക്കുന്നതെന്ന് ഞാന്‍ കേട്ടിരിക്കുന്നു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവിടുന്നു തന്നെ കല്‍പ്പിച്ചാലും. അവിടുത്തെ വാക്കുകള്‍ അണുവിടതെറ്റാതെ ഞാന്‍ അനുഷ്ടിക്കാം.  


അപ്പോള്‍ ഭഗവതി പറഞ്ഞു: മഹാഭാഗ, നീ അയോദ്ധ്യയില്‍ ചെന്ന് അവിടം ഭരിക്കുക. എന്നും എന്നെ സ്മരിച്ചു പൂജിക്കുക. ഞാന്‍ നിന്‍റെ രാജ്യത്തിന്‌ മംഗളം വരുത്തും. അഷ്ടമിക്കും, നവമിക്കും ചതുര്‍ദ്ദശിക്കും ഉചിതമായ ബാലിദാനങ്ങളോടെ പൂജകള്‍ ചെയ്യുക. അയോദ്ധ്യയില്‍ എനിക്കായി ഒരു ക്ഷേത്രം പണിയിച്ചു ത്രികാലപൂജകള്‍ വിധിയാംവണ്ണം ചെയ്താലും. ആണ്ടുതോറും നവരാത്രി മഹാപൂജ ആഘോഷമായി നടത്തണം. മേടം, കര്‍ക്കിടകം, കുംഭം, തുലാം മാസങ്ങളില്‍ നവരാത്രി മഹോത്സവം നടത്തുക. ഭക്തവിദ്വാന്മാര്‍ എന്റെ പൂജ നടത്തുന്നത് കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയിലും അഷ്ടമിയിലുമാണ്.” 


ദുര്‍ഗ്ഗതിനിവാരിണിയായ ദേവി അപ്രത്യക്ഷയായപ്പോള്‍ രാജാക്കന്മാര്‍ സുദര്‍ശനനെ അനുമോദിക്കാനെത്തി. സുബാഹുവും അവിടെയെത്തി അദ്ദേഹത്തെ വണങ്ങി. അവര്‍ പറഞ്ഞു: രാജാവേ, അങ്ങാണ് ഞങ്ങള്‍ക്ക് പ്രഭു. അയോദ്ധ്യാധിപതിയായി അവിടുന്ന് ഞങ്ങളെ നയിച്ചാലും. ലോകനാഥയായ ജഗദംബികയെ കാണാന്‍ ഞങ്ങള്‍ക്ക് സൌഭാഗ്യമുണ്ടായത് അങ്ങയുടെ കനിവിനാലാണ്. പുരുഷാര്‍ത്ഥങ്ങള്‍ നാലും നല്‍കുന്നതാണാ ദിവ്യദര്‍ശനം. ധന്യനും സുകൃതിയുമായ നിനക്ക് രക്ഷയേകാന്‍ ഭഗവതി പ്രത്യക്ഷയായി. ഞങ്ങള്‍ ഭാര്യാപുത്രവിത്തങ്ങളില്‍ മനസ്സുറച്ചവരാകയാല്‍ ഭവാബ്ദിയില്‍, നിത്യതമസ്സില്‍ത്തന്നെ കഴിഞ്ഞു കൂടുന്നവരാണ്. ജഗദംബികയെ ഓര്‍ക്കാന്‍ കൂടി ഞങ്ങള്‍ക്ക് സമയമില്ല. എന്നാല്‍ അങ്ങേയ്ക്കെല്ലാമറിയം. ഈ ശക്തിയുടെ ആവീര്‍ഭാവം എങ്ങിനെയാണ്? അവളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ എന്തൊക്കെയാണ്? ദേവീമാഹാത്മ്യം പറയുന്നതിലൂടെ ഭവസാഗരതരണത്തിനുള്ള തോണിയായി മാറാന്‍ നിനക്കിതാ ഒരവസരം വന്നിരിക്കുന്നു. ദേവിയുടെ ഉത്ഭവം, രൂപം, പ്രഭാവം, എല്ലാം ഞങ്ങള്‍ക്കായി വിവരിച്ചു പറഞ്ഞാലും.' 


സാമന്തരാജാക്കന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചു സുദര്‍ശനന്‍ അല്‍പനേരം ദേവിയെ ധ്യാനിച്ചശേഷം ഇങ്ങിനെ പറഞ്ഞു: 'ജഗദംബയുടെ ശ്രേഷ്ഠചരിതം ഞാനെന്തു പറയാനാണ്? ബ്രഹ്മാദികള്‍ക്കും ഇന്ദ്രാദികള്‍ക്കും അതറിഞ്ഞുകൂടാ. അവളാണ് എല്ലാറ്റിന്റെയും ആദി. വിശ്വരക്ഷയാണ് അവളുടെ ഏകലക്ഷ്യം. വരേണ്യയും മഹാലക്ഷ്മിയും അവളാണ്. സൃഷ്ടിക്കുമ്പോള്‍ അവള്‍ രജോരൂപ, പരിപാലിക്കാനവള്‍ സത്വസ്വരൂപിണി. സംഹരിക്കാന്‍ തമോരൂപിണി. ഇങ്ങിനെ മൂന്നു ഗുണങ്ങളും അവളില്‍ സമ്യക്കായിരിക്കുന്നു. സര്‍വ്വകാമദയായ ദേവി പരാശക്തിയാകുന്നു. എന്നാല്‍ അവള്‍ നിര്‍ഗ്ഗുണയാണ്. ബ്രഹ്മാദികള്‍ക്കും ആലംബം ദേവിയാണ്. യോഗീന്ദ്രന്മാര്‍ക്കും നിര്‍ഗുണയായ അവളെ അറിയാന്‍ കഴിയാത്തതിനാല്‍ അവര്‍പോലും ദേവിയെ സഗുണരൂപത്തില്‍ ധ്യാനം ചെയ്യുന്നു.' 


കുഞ്ഞായിരുന്നപ്പോള്‍ സുദര്‍ശനന്‍ കാട്ടില്‍ ചെന്നിട്ടുണ്ടായ കാര്യങ്ങളും, ജഗന്മയിയായ പരാശക്തിയെപ്പറ്റി അറിഞ്ഞതും എല്ലാം വിശദമാക്കാന്‍ രാജാക്കന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ സുദര്‍ശനന്‍ ഇങ്ങിനെ തുടര്‍ന്നു: 'ചെറിയകുട്ടിയായിരിക്കുമ്പോള്‍ എനിക്ക് കാമരാജം എന്ന സിദ്ധമന്ത്രം ലഭിക്കുകയുണ്ടായി. കുട്ടിക്കാലത്ത് ആ മന്ത്രം ഞാന്‍ സദാ ജപിക്കുമായിരുന്നു. ഋഷിമാരാണ് എനിക്കാ ദേവിയെപ്പറ്റി പറഞ്ഞു തന്നത്. രാപകലെന്യേ ഞാന്‍ ദേവിയെ ഭക്തി നിറഞ്ഞ മനസ്സോടെ സദാ സ്മരിച്ചുകൊണ്ടേയിരിക്കുന്നു. 


സുദര്‍ശനന്‍ പറഞ്ഞതു കേട്ട് ദേവിയെ പരാശക്തിയാണെന്ന് തിരിച്ചറിഞ്ഞ രാജാക്കന്മാര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങി. സുദര്‍ശനന്‍ അയോദ്ധ്യയിലെത്തി. സുബാഹുവും സ്വന്തം കൊട്ടാരത്തിലെത്തി. യുദ്ധത്തില്‍ ശത്രുജിത്തിന്‍റെ അന്ത്യമുണ്ടായത് കേട്ട് മന്ത്രിമാരും മറ്റും പുതിയ രാജാവിനെ എതിരേല്‍ക്കാന്‍ സമ്മാനങ്ങളുമായി നഗരവാതില്‍ക്കലെത്തി. ധ്രുവസന്ധിയുടെ കനിഷ്ഠപുത്രനെ അവര്‍ക്ക് സ്വീകാര്യമായിരുന്നു. സുദര്‍ശനന്‍ തന്‍റെ പ്രിയതമയോടു കൂടി രാജധാനിയിലെത്തി. അദ്ദേഹം നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് അവരെ സന്തോഷിപ്പിച്ചു. മന്ത്രിമാര്‍ അദ്ദേഹത്തെ വന്ദിച്ചു. സ്തുതിപാഠകര്‍ പുതിയ ഗീതങ്ങള്‍ ആലപിച്ചു. മലരും പൂവും തൂകി കന്യകമാര്‍ രാജാവിനെ ആദരിച്ചു.

No comments:

Post a Comment