ദിവസം 58. ശ്രീമദ് ദേവീഭാഗവതം. 3. വിവാഹ നിശ്ചയം
സുബാഹുരപി തച് ശ്രുത്വാ
യുക്തമുക്തം തയാ യദാ
ചിന്താവിഷ്ടോ ബഭുവാശു കിം
കര്‍ത്തവ്യമത: പരം
സംഗതാ: പൃഥ്വീ പാലാ:
സസൈന്യാ: സപരിഗ്രഹാ:
ഉപവിഷ്ടാശ്ച മഞ്ചേഷു
യോദ്ധുകാമാ മഹാബലാ:
വ്യാസന്‍ തുടര്‍ന്നു:
മകളുടെ യുക്തിപൂര്‍വ്വമായ വാക്കുകള്‍ കേട്ടിട്ട് ‘ഞാനിനിഎന്ത് ചെയ്യും' എന്നാലോചിച്ച് സുബാഹു ആകുലചിത്തനായി. 'യുദ്ധക്കൊതിയന്മാരായ രാജാക്കന്മാര്‍ സേനാ
സന്നാഹങ്ങളോടെ അവരവരുടെ മഞ്ചങ്ങളില്‍ ആസനസ്ഥരാണ്. സ്വയംവരമണ്ഡപത്തിലേയ്ക്ക് മകള്‍
വരുന്നില്ല എന്നെങ്ങിനെ അവരോടു പറയും? അത് കേട്ടാല്‍ അപ്പോള്‍ത്തന്നെ അവരെന്നെ
വധിക്കാനും മതി. എനിക്കാണെങ്കില്‍ സൈന്യബലം കുറവാണ്. സുദര്‍ശനന്‍ ആണെങ്കിലോ ആള്‍ബലം
ഇല്ലാത്തവനുമാണ്. ധനബലവും അവനില്ല.' ഇങ്ങിനെ വിഷമിച്ചു നിന്ന രാജാവ് ഒടുവില്‍
ധൈര്യമവലംബിച്ചുകൊണ്ട് സദസ്സില്‍ ചെന്ന് രാജാക്കന്മാരോട് ഇങ്ങിനെ പറഞ്ഞു.
‘രാജ്ഞിയും ഞാനും എന്തൊക്കെ പറഞ്ഞു നിര്‍ബ്ബന്ധിച്ചിട്ടും മകള്‍ മണ്ഡപത്തിലേയ്ക്ക്
വരാന്‍ തയ്യാറാകുന്നില്ല. ഞാന്‍ നിങ്ങളെ സാഷ്ടാംഗം നമസ്കരിക്കുന്നു. ദയവു ചെയ്ത്
ആതിഥ്യം സ്വീകരിച്ചു നിങ്ങള്‍ മടങ്ങിപ്പോയാലും. രത്നങ്ങളോ ഗജരഥങ്ങളോ മറ്റു
സമ്മാനങ്ങളോ നല്‍കാം ഞാന്‍. അവയും വാങ്ങി നിങ്ങള്‍ ദയവായി മടങ്ങിപ്പോയ്ക്കൊള്ളുക. മകളെ
ഇനിയും ഞാന്‍ നിര്‍ബ്ബന്ധിച്ചാല്‍ പാവം അവള്‍ മരിച്ചുപോകും. അതിലും കൊടിയ
ദുഖമെന്താണുള്ളത്? നിങ്ങളെല്ലാം അതീവ തേജസ്വികള്‍. അവളോ, കേവലം ഭാഗ്യഹീന.
അവളെക്കൊണ്ട് നിങ്ങള്‍ക്കെന്ത് കാര്യം! നിങ്ങള്‍ സ്വന്തം മകളെപ്പോലെ അവളെ
അനുഗ്രഹിച്ചാലും. എന്റെ അഭ്യര്‍ത്ഥനയാണിത്.'
വ്യാസന്‍ തുടര്‍ന്നു:
രാജാക്കന്മാര്‍ പലരും മറുപടിയായി ഒന്നും പറഞ്ഞില്ല. എന്നാല്‍ യുധാജിത്ത്
രോഷംകൊണ്ട് ചുവന്ന കണ്ണുകളുമായി പറഞ്ഞു: ‘എന്തുകരുതിയാണ് നിങ്ങള്‍ ഈ സ്വയംവരം
നിശ്ചയിച്ചത്? നാണമില്ലാതെ ഇത്രയും ചെയ്തു വച്ചിട്ട് ക്ഷണിച്ചു വന്ന ഞങ്ങളോട്
മടങ്ങിപ്പോകാനോ? ഈ രാജാക്കന്മാരെ അപമാനിച്ചിട്ടു മകളെ സുദര്‍ശനന് നല്‍കാന്‍
പോവുകയാണോ? ഇതെന്തു നീതിയാണ്? വിദ്വാന്മാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് വേണ്ടതുപോലെ
ആലോചിച്ചിട്ടാണ്. ധനത്താലും പ്രതാപത്തലും ഉന്നതരായ ഈ രാജാക്കന്മാരെ ആരെയും
വേണ്ടെന്നുവച്ച് സുദര്‍ശനനെത്തന്നെ വേണമെന്ന് പറയാന്‍ കാരണമെന്താണ്? നിന്നെയും
കൊന്ന്, ആ കുമാരനെയും ഹനിച്ചിട്ട് കന്യകയെ എന്റെ ചെറുമകന് നല്‍കാന്‍ പോവുന്നു.
ഞാനിവിടെയുള്ളപ്പോള്‍ അവളെ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റില്ല. ആരാണീ ദുര്‍ബ്ബലനായ
സുദര്‍ശനന്‍? നിര്‍ദ്ധനന്‍! ശിശു! പണ്ട് മുനി ഭാരധ്വാജനെയോര്‍ത്ത് അവനെ കൊല്ലാതെ
വിട്ടതാണ് ഞാന്‍. ഇനിയാ ചെക്കനെ ജീവിക്കാന്‍ അനുവദിക്കില്ല ഞാന്‍. നീ നിന്റെ
പത്നിയും മകളുമായി സംസാരിച്ചിട്ട് കന്യകയെ എന്റെ ദൌഹിത്രന് നല്‍കാനുള്ള ഏര്‍പ്പാടുകള്‍
ചെയ്താലും. അവളെ എന്റെ കുടുംബത്തിലയച്ചു നിനക്കും ഉന്നതരുമായുള്ള ബന്ധുത്വം നേടാം. പ്രാണതുല്യയായ പുത്രിയെ വീടും കുടിയും ഗതിയുമില്ലാത്തവന് നല്‍കിയിട്ട്
നിനക്ക് മനസുഖത്തോടെ ജീവിക്കാന്‍ കഴിയുമോ? വരന്റെ കുലം, ധനം, ബലം, രൂപം, രാജ്യം,
കോട്ടകള്‍, സുഹൃത്തുക്കള്‍, ഇവയെല്ലാം നോക്കിവേണം മകളെ കൊടുക്കാന്‍. എങ്കിലേ
മാതാപിതാക്കള്‍ക്ക് സുഖമാവൂ. നിന്നോടു ഞാന്‍ ഹിതം പറയുന്നത് നീയെനിക്ക്
പ്രിയപ്പെട്ടവനായതുകൊണ്ടാണ്. ഇനിയിപ്പോള്‍ സുദര്‍ശനന്‍ ഒഴികെ മറ്റാരെയെങ്കിലും
നിന്റെ മകള്‍ സ്വീകരിക്കുകയാണെങ്കിലും ഞാന്‍ അംഗീകരിച്ചുകൊള്ളാം. കന്യകയെ
മണ്ഡപത്തിലേയ്ക്ക് ആനയിച്ചാലും. എന്നാല്‍ ഇതിനൊന്നും ഭാവമില്ലെങ്കില്‍ അവളെ
കടത്തിക്കൊണ്ടുപോവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല എന്ന് ഞാന്‍ പ്രത്യേകിച്ചു പറഞ്ഞു
തരണമെന്നില്ലല്ലോ? വെറുതേ പിണങ്ങാന്‍ നില്‍ക്കണ്ട.'
വ്യാസന്‍ തുടര്‍ന്നു:
യുധാജിത്തിന്റെ വാക്കുകള്‍ കേട്ട് പരിക്ഷീണിതനായ സുബാഹു പള്ളിയറയിലെത്തി രാജ്ഞിയെ
കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ‘നീ മകളോട് പറയൂ. യുദ്ധം ആസന്നമായിരിക്കുന്നു.
ഞാന്‍ എന്താണ് ചെയ്യുക? നിനക്ക് അധീനനാണ് ഞാന്‍. രാജ്ഞി മകളെ വിളിച്ചു പറഞ്ഞു. 'നിന്നാല്‍ അച്ഛന്‍ ദുഖിതനാണ്. നീ മൂലം രാജാക്കന്മാരുടെ ഇടയില്‍ വലിയൊരു സംഗരം
ഉണ്ടാവാന്‍ പോവുന്നു. നീ സുദര്‍ശനനെത്തന്നെ വരിക്കണമെന്നു വാശിപിടിച്ചാല്‍
നിന്നെയും ഞങ്ങളെയും നിനക്ക് പ്രിയപ്പെട്ടവനെയും യുധാജിത്ത് കൊല്ലും. അതുകൊണ്ട്
മറ്റാരെയെങ്കിലും നിനക്ക് സ്വീകരിച്ചു കൂടെ? യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും
നിനക്ക് അന്യനെ വരിക്കേണ്ടിവരും എന്നത് നിശ്ചയം. നീ എല്ലാവരുടെയും സുഖമാണ്
ആഗ്രഹിക്കുന്നതെങ്കില്‍ മറ്റൊരു രാജാവിനെ സ്വീകരിക്കുക.' അച്ഛനും അമ്മയും അവളെ
മാറിമാറി ഉപദേഷിച്ചുവെങ്കിലും ശശികല ഭയമൊന്നുമില്ലാതെ തന്റെ തീരുമാനത്തില്‍
ഉറച്ചുനിന്നു. ‘എന്റെ വ്രതം അങ്ങേയ്ക്കറിയാം. ഞാന്‍ സുദര്‍ശനനെയല്ലാതെ ആരെയും
സ്വീകരിക്കുകയില്ല. അച്ഛന് രാജാക്കന്മാരെ പേടിയുണ്ടെങ്കില്‍ എന്നെ സുദര്‍ശനന് നല്‍കി
വീടിനു വെളിയിലാക്കിയാലും. അവനുമായി തേരില്‍ക്കയറി ഞാന്‍ ഈ നഗരം വിട്ടുപോകും. പിന്നെ
വരുന്നത് വരട്ടെ. വരാനുള്ളതൊന്നും വരാതിരിക്കില്ല.'
രാജാവ് പറഞ്ഞു: 'സാഹസം
കാണിക്കുന്നത് ബുദ്ധിയുള്ളവര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല. അനേകംപേരെ ഒരേസമയം വെറുപ്പിക്കാന്‍ പാടില്ല എന്നതാണ് വേദമതം. എങ്ങിനെയാണ് കുമാരിയെ രാജകുമാരന് നല്‍കി
പറഞ്ഞയക്കുക? നിനക്ക് വേണമെങ്കില്‍ സ്വയംവരത്തിനു പകരം പന്തയം നിശ്ചയിക്കാം. പണ്ട്
സീതാസ്വയംവരത്തിനു ശൈവചാപം എന്നതുപോലെ ഞാനും എന്തെങ്കിലും ഉചിതമായ പന്തയം ഏര്‍പ്പാടാക്കാം.
അങ്ങിനെ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാം. സുദര്‍ശനനോ, മറ്റൊരാളോ
ആരാണെങ്കിലും വിജയിക്കുന്നയാള്‍ നിന്നെ വരിക്കട്ടെ എന്ന് വയ്ക്കാം. അങ്ങിനെ
അലോസരമൊന്നുമില്ലാതെ വിവാഹം നടത്താം.'
അപ്പോള്‍ ശശികല പറഞ്ഞു:
‘അച്ഛാ എനിക്കത് സമ്മതമല്ല. മൂര്‍ഖന്മാരാണ് ഇത്തരം വിവാഹ മത്സരങ്ങളില്‍ ഏര്‍പ്പെടുക. സുദര്‍ശനനെ
ഞാന്‍ മനസാ വരിച്ചു കഴിഞ്ഞു. അതിലിനി മാറ്റമില്ല. പുണ്യപാപങ്ങള്‍ മനസ്സിനെ
ആശ്രയിച്ചിരിക്കുന്നു. ഒരിക്കല്‍ ഒരാളെ വരിച്ചതിനു ശേഷം ഇങ്ങിനെയൊന്നില്‍ ഏര്‍പ്പെട്ടാല്‍
വീണ്ടും ഞാന്‍ എല്ലാവര്‍ക്കും കീഴിലായി എന്ന് വന്നു. ഇനി ഈ പന്തയം ഒരാളോ രണ്ടാളോ
ജയിച്ചുവെന്ന് വരുകില്‍ അതും തര്‍ക്കത്തിനിടയാക്കും. അതെല്ലാം സംശയാസ്പദമായ
കാര്യമാണ്. അതിനാല്‍ ശങ്കയില്ലാതെ എന്നെ സുദര്‍ശന രാജാവിന് നല്‍കൂ. എല്ലാറ്റിനും
ശുഭമേകാന്‍ സാക്ഷാല്‍ ചണ്ഡികയുണ്ട്. ആരെ പൂജിച്ചു ഭജിച്ചാല്‍ വാഞ്ഛിതങ്ങള്‍
ലഭ്യമാകുമോ ആ അമ്മയെ നിനച്ചുകൊണ്ട് ഈ സദ്കര്‍മ്മം നടത്തുക. രാജാക്കന്മാരെ
സമീപിച്ചു തൊഴുകയ്യോടെ പറയൂ, നാളെ എല്ലാവരും സ്വയംവരത്തിനു വരണമെന്ന്! എന്നിട്ട്
വേദപ്രകാരം രാത്രിയില്‍ത്തന്നെ വിവാഹം നടത്തുക. വരനുള്ള സമ്മാനവും യഥാശക്തി നല്‍കി
ധൃവസന്ധിയുടെ പുത്രന്റെ കൂടെ എന്നെ തേരിലേറ്റിയാലും. ആ സമയത്ത് രാജാക്കന്മാര്‍
ആരെങ്കിലും രണത്തിനു വന്നാല്‍ ദേവി ഭഗവതി ഞങ്ങളെ തുണയ്ക്കും എന്നെനിക്കുറപ്പുണ്ട്.
എന്നാല്‍ രാജകുമാരന്മാരുമായി പൊരുതി അദ്ദേഹം മരിച്ചു വീണാല്‍ ഞാനും തല്‍ക്ഷണം
മൃതിയെ പുല്‍കും. അതുകൊണ്ട് പിതാവേ, സൈന്യസമേതം എന്നെ അദ്ദേഹത്തിനെ ഏല്‍പ്പിക്കൂ. ഞങ്ങളെ അനുഗ്രഹിക്കൂ. അങ്ങേയ്ക്കും നന്മ മാത്രമേ ഉണ്ടാകൂ.'
മകളുടെ ഉറച്ച മനസ്സുകണ്ട്
രാജാവ് അവളുടെ ഇംഗിതം നിറവേറ്റാന്‍ തന്നെ തീരുമാനിച്ചു.
No comments:
Post a Comment