ദിവസം 59. ശ്രീമദ് ദേവീഭാഗവതം. 3. 22. സുദര്‍ശന വിവാഹം.
ശ്രുത്വാ
സുതാവാക്യമനിന്ദിതാത്മാ
നൃപാംശ്ചഗത്വാ നൃപതിര്‍
ജഗാദ
വ്രജന്തു കാമം ശിബിരാണി
ഭൂപാ:
ശ്വോവാ വിവാഹം കില
സംവിധാസ്യേ
വ്യാസന്‍ തുടര്‍ന്നു: പുത്രിയുടെ വാക്കുകള്‍ കേട്ട് മനസ്സുറപ്പിച്ചു രാജാവ് അതിഥികളോട് പറഞ്ഞു: നിങ്ങള്‍ ഇന്ന് പോയി വിശ്രമിക്കൂ. നാളെയാണ് വിവാഹാഘോഷം. ഇന്ന് നിങ്ങള്‍ എന്റെ ആതിഥ്യം സ്വീകരിച്ചു തൃപ്തരാവുക. നാളെയീ മണ്ഡപത്തില്‍ത്തന്നെ മംഗളകരമായ ആ കര്‍മ്മം നമുക്ക് നടത്താം. ഇപ്പോള്‍ ഈ മണ്ഡപത്തിന്റെ മദ്ധ്യത്തില്‍ വരാന്‍ മകള്‍ കൂട്ടാക്കുന്നില്ല. നാളെ രാവിലെ ഞാന്‍ അവളെ അനുനയിപ്പിച്ചു കൊണ്ടുവരാം. മകളോടും എന്നോടും ബുദ്ധിമാന്‍മാരായ നിങ്ങള്‍ കരുണ കാണിക്കുക. ഇന്നിപ്പോള്‍ കലഹം ഒന്നും കൂടാതെ പിരിഞ്ഞുപോയാലും. വിവാഹം അഭീഷ്ടപ്രകാരമോ, വ്യവസ്ഥപ്രകാരമോ (ശുല്കം) വേണ്ടത് എന്ന് നാളെ തീരുമാനിക്കാം. രാജാവിന്റെ വാക്കുകളെ മാനിച്ച് അതിഥികള്‍ പിരിഞ്ഞുപോയി. രാജാവ് നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പാടാക്കിയിരുന്നു.
വ്യാസന്‍ തുടര്‍ന്നു: പുത്രിയുടെ വാക്കുകള്‍ കേട്ട് മനസ്സുറപ്പിച്ചു രാജാവ് അതിഥികളോട് പറഞ്ഞു: നിങ്ങള്‍ ഇന്ന് പോയി വിശ്രമിക്കൂ. നാളെയാണ് വിവാഹാഘോഷം. ഇന്ന് നിങ്ങള്‍ എന്റെ ആതിഥ്യം സ്വീകരിച്ചു തൃപ്തരാവുക. നാളെയീ മണ്ഡപത്തില്‍ത്തന്നെ മംഗളകരമായ ആ കര്‍മ്മം നമുക്ക് നടത്താം. ഇപ്പോള്‍ ഈ മണ്ഡപത്തിന്റെ മദ്ധ്യത്തില്‍ വരാന്‍ മകള്‍ കൂട്ടാക്കുന്നില്ല. നാളെ രാവിലെ ഞാന്‍ അവളെ അനുനയിപ്പിച്ചു കൊണ്ടുവരാം. മകളോടും എന്നോടും ബുദ്ധിമാന്‍മാരായ നിങ്ങള്‍ കരുണ കാണിക്കുക. ഇന്നിപ്പോള്‍ കലഹം ഒന്നും കൂടാതെ പിരിഞ്ഞുപോയാലും. വിവാഹം അഭീഷ്ടപ്രകാരമോ, വ്യവസ്ഥപ്രകാരമോ (ശുല്കം) വേണ്ടത് എന്ന് നാളെ തീരുമാനിക്കാം. രാജാവിന്റെ വാക്കുകളെ മാനിച്ച് അതിഥികള്‍ പിരിഞ്ഞുപോയി. രാജാവ് നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പാടാക്കിയിരുന്നു.
സുബാഹു പുരോഹിതന്‍മാരുമായി മകളെ ഗോപ്യമായ ഒരു സ്ഥലത്ത് കൊണ്ടുവന്ന് വിവാഹപൂജകള്‍ അപ്പോള്‍ത്തന്നെ ആരംഭിച്ചു. വരനായ സുദര്‍ശനനെയും രഹസ്യമായി അവിടെയെത്തിച്ചു. വരനെ മംഗളസ്നാനം ചെയ്യിച്ചു സമ്മാനങ്ങളും അര്‍ഘ്യങ്ങളും നല്‍കി, ഗോദാനം നടത്തി, കന്യാദാനത്തിനായി തയ്യാറായി. കുമാരനും അമ്മയായ മനോരമയും സന്തോഷിച്ചു. തന്റെ പുത്രന് കിട്ടിയത് കുബേരകന്യയെപ്പോലുള്ള സുന്ദരിയെയാണല്ലോ എന്ന് രാജ്ഞി സന്തോഷിച്ചു. മണ്ഡപത്തിലേയ്ക്ക് കുമാരനെ നയിച്ച് മന്ത്രിമാര്‍ സന്തുഷ്ടരായി. സര്‍വ്വാഭരണവിഭൂഷിതയായ വധുവും ആനയിക്കപ്പെട്ടു. ഹോമാഗ്നി തെളിയിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് ഒടുവില്‍ പ്രേമമധുരഭാവം പൂണ്ട വധൂവരന്മാര്‍ മണ്ഡപത്തിന്റെ മുന്നിലേയ്ക്ക് വന്നു. അവിടെ ലാജാഹോമം നടന്നു. കുലോചിതമായ രീതിയില്‍ പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ അഗ്നിയെ പ്രദക്ഷിണം ചെയ്തു. കുതിരകളെ പൂട്ടിയതും ആയുധങ്ങള്‍ നിറഞ്ഞതുമായ ഇരുന്നൂറു യുദ്ധരഥങ്ങളാണ് സുബാഹു വരന് സമ്മാനമായി നല്‍കിയത്. പുഷ്ടശരീരികളായ നൂറ്റിയിരുപത്തിയഞ്ച് ആനകളെ സ്വര്‍ണ്ണാലങ്കാരത്തോടെ നല്‍കി. സ്വര്‍ണ്ണമലങ്കരിച്ച അഴകുള്ള നൂറു പിടിയാനകള്‍, നൂറു ദാസിമാര്‍, ആയുധധാരികളായ ആയിരം ദാസന്മാര്‍, രത്നഖചിതമായ വസ്ത്രങ്ങള്‍, ദിവ്യങ്ങളായ പട്ടുചേലകള്‍ എന്നിവയായിരുന്നു മറ്റുസമ്മാനങ്ങള്‍. അതിരമ്യങ്ങളായ വാസഗൃഹങ്ങള്‍ അവര്‍ക്കായി സമ്മാനിക്കപ്പെട്ടു. സിന്ധുദേശത്ത് ജനിച്ച രണ്ടായിരം അഴകൊത്ത കുതിരകള്‍, ഭാരംവലിക്കാന്‍ കഴിവുള്ള മുന്നൂറ് ഒട്ടകങ്ങള്‍, ധാന്യം നിറച്ച ഇരുന്നൂറു വണ്ടികള്‍ എന്നിങ്ങിനെ വിപുലമായിരുന്നു സമ്മാനങ്ങള്‍. മനോരമയെക്കണ്ട് സുബാഹു വന്ദനം പറഞ്ഞു: ഭവതിക്ക് വിധേയനാണ് ഞാന്‍. ഈ വിവാഹത്തില്‍ അവിടുത്തേയ്ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ തുറന്നു പറഞ്ഞാലും.’. അപ്പോള്‍ രാജ്ഞിയും കുശലം പറഞ്ഞു. ‘അങ്ങയുടെ മകളെ കിട്ടിയതുതന്നെ ഞങ്ങള്‍ക്കുള്ള സമ്മാനം. അങ്ങയുടെ കുലത്തിനു മംഗളമുണ്ടാവട്ടെ. സ്തുതിപാഠകയല്ലാത്തതുകൊണ്ട് അങ്ങയുടെ മാഹാത്മ്യം വാഴ്ത്താന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. എന്നാല്‍ അങ്ങുമായുള്ള ബന്ധുതമൂലം എന്റെ മകന്‍ സുമേരുസമാനമായ ഉയരത്തിലെത്തിയിരിക്കുന്നു. അങ്ങയുടെ കാര്യം അതിവിചിത്രം തന്നെ. വീടും കുടിയുമില്ലാത്ത ഒരുവന് അങ്ങ് പുത്രിയെ നല്‍കിയിരിക്കുന്നു! സ്വയംവരത്തിനു വന്ന രാജാക്കന്മാരെയെല്ലാം അവഗണിച്ച് കാട്ടില്‍ കായ്കനികള്‍ തിന്നു കഴിയുന്ന ഒരുവന് തന്റെ സുപുത്രിയെ നല്‍കിയെന്നത് വിചിത്രം തന്നെ. കുലം, ധനം, ബലം, എന്നിവയൊക്കെ നോക്കിയല്ലേ തന്റെ പുത്രിയെ രാജാവ് ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയുള്ളൂ? എന്നാല്‍ ഇവിടെ വന്നുചേര്‍ന്ന പ്രബലരാജാക്കന്മാര്‍ക്ക് വൈരമുണ്ടാക്കുന്ന വിധത്തില്‍ ഈ വിവാഹം നടത്തിയത് വര്‍ണ്ണനാതീതമായ ധൈര്യം തന്നെ.'
അപ്പോള്‍ രാജാവ് വിനയാന്വിതനായി പറഞ്ഞു: 'അവിടുന്ന് ഈ രാജ്യം തന്നെ സ്വീകരിച്ചാലും. ഞാന്‍ സേനാപതിയായി കഴിഞ്ഞുകൊള്ളാം. അല്ലെങ്കില്‍ പാതി രാജ്യം സ്വീകരിച്ചാലും. നിങ്ങള്‍ വാരാണസിയില്‍ത്തന്നെ കഴിയുന്നതാണ് എനിക്കിഷ്ടം. മറ്റു പട്ടണങ്ങളിലോ വനത്തിലോ പോയി നിങ്ങള്‍ താമസിക്കുന്നതെന്തിനാണ് ? ഇവിടെ വന്ന രാജാക്കന്മാര്‍ വഴക്കുണ്ടാക്കും എന്ന് തീര്‍ച്ചയാണ്. ആദ്യം നമുക്കവരെ അനുനയിപ്പിക്കാന്‍ നോക്കാം. സാമം കഴിഞ്ഞാല്‍ പിന്നെയുമുണ്ടല്ലോ ഭേദവും ദണ്ഡവും. അതുമല്ലെങ്കില്‍ ഒടുവില്‍ യുദ്ധം തന്നെ നടക്കട്ടെ. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഈശ്വരനാണ്. ധര്‍മ്മം ഒടുവില്‍ ജയിക്കും എന്നത് തീര്‍ച്ചയാണ്. അധാര്‍മ്മികരായ രാജാക്കന്മാര്‍ക്ക് വിജയം ഉണ്ടാവുകയില്ല.’
എന്നാല്‍ മനോരമ സന്തോഷത്തോടെ പറഞ്ഞത് തനിക്ക് രാജ്യമൊന്നും വേണ്ട എന്നാണ്. ‘അങ്ങേയ്ക്ക് മംഗളം ഭവിക്കട്ടെ. അയോദ്ധ്യ വീണ്ടെടുത്ത് എന്റെ മകന്‍ ഇങ്ങെത്തും എന്നെനിക്കുറപ്പുണ്ട്. ഞങ്ങളെ മടങ്ങാന്‍ അനുവദിക്കുക. ജഗദംബികയെ സദാ പൂജിക്കുന്ന എനിക്ക് ഭയമില്ല. മറ്റൊരാഗ്രഹങ്ങളും എനിക്കില്ല.’ അമൃതസമാനമായ വാക്കുകള്‍ പരസ്പരം പറഞ്ഞു സന്തോഷചിത്തരായി അവര്‍ ആ രാത്രി അവിടെക്കഴിഞ്ഞു.
രാവിലെതന്നെ രാജാക്കന്മാര്‍ വിവാഹവൃത്താന്തം മനസ്സിലാക്കി. 'രാജാക്കന്മാര്‍ക്ക് കളങ്കമാണ് സുബാഹു. യോഗ്യതയില്ലാത്തവന് കന്യാദാനം ചെയ്ത അവനെയും, കുമാരിയേയും, ആ ബാലനെയും കൊന്നുകളഞ്ഞ് അവന്റെ സ്വത്തും നമുക്ക് കൈയ്ക്കലാക്കാം. അല്ലാതെ നാണംകേട്ട് വെറും കയ്യോടെ നാമെങ്ങിനെ മടങ്ങിപ്പോകും? അതാ ആ കേള്‍ക്കുന്നത് വിവാഹാഘോഷത്തിന്റെ ഭേരിയും വേദമന്ത്രങ്ങളും ഒക്കെയല്ലേ? നമ്മളെയെല്ലാം പറ്റിച്ചിട്ട് സുബാഹു പുത്രിയെ ആ സുദര്‍ശനന് നല്‍കി. ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആലോചിച്ചു തീരുമാനിക്കണം.’ ഇങ്ങിനെ രാജാക്കന്മാര്‍ സംസാരിച്ചു നില്‍ക്കവേ, സുബാഹു വന്ന് അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. രാജാക്കന്മാര്‍ മൌനമലംബിച്ചു നിന്നതേയുള്ളു. കൈകൂപ്പി സുബാഹു അവരെ വിവാഹസദ്യ കഴിക്കാനായി ക്ഷണിച്ചു. ‘കുമാരി ആ രാജകുമാരനെത്തന്നെ വേണമെന്ന പിടിവാശിയിലായിപ്പോയി. ഞാനെന്തുചെയ്യാന്‍. മഹാന്മാരായ നിങ്ങള്‍ ക്ഷമിക്കണം.’.
‘ഞങ്ങള്‍ക്ക് ഊണെല്ലാം മതിയായി. നീ നിന്‍റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി സ്വന്തം കാര്യങ്ങള്‍ നടത്തിക്കൊള്ളുക. രാജാക്കന്മാരെല്ലാം മടങ്ങുകയാണ്', എന്നവര്‍ ക്രുദ്ധരായി പറഞ്ഞു. അവരിനി എന്തൊക്കെ വരുത്തിവയ്ക്കും എന്നറിയാതെ സുബാഹു കൊട്ടാരത്തിലേയ്ക്ക് മടങ്ങി. രാജാവ് പോയപ്പോള്‍ കുമാരനെ കൊന്നുകളഞ്ഞു കുമാരിയെ തട്ടിക്കൊണ്ടു പോവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞത്, 'ആ കുമാരനെ കൊന്നിട്ടെന്തു കാര്യം? നമുക്കീ കോലാഹലമൊക്കെ ആസ്വദിച്ചു സദ്യയും ഉണ്ട് സാവധാനം മടങ്ങിയാല്‍ പോരേ?' എന്നായിരുന്നു. രാജാക്കന്മാര്‍ വിവാഹാഘോഷത്തിനു വഴിതടയാന്‍ തയ്യാറായി അവിടെത്തന്നെ നിന്നു. സുബാഹുവാകട്ടെ തന്റെ കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തു.
No comments:
Post a Comment