Devi

Devi

Thursday, December 10, 2015

ദിവസം 50. ശ്രീമദ്‌ ദേവീഭാഗവതം. 3. 13. അംബായജ്ഞാനുഷ്ഠാനം

ദിവസം 50. ശ്രീമദ്‌ ദേവീഭാഗവതം. 3. 13. അംബായജ്ഞാനുഷ്ഠാനം

ഹരിണാ തു കഥം യജ്ഞ: കൃത: പൂര്‍വ്വം പിതാമഹ
ജഗത്കാരണരൂപേണ വിഷ്ണുനാ പ്രഭവിഷ്ണുനാ
കേ സഹായാസ്തു തത്രാസന്‍ ബ്രാഹ്മണാ: കേ മഹാമതേ
ഋത്വിജോ വേദതത്ത്വജ്ഞാസ്തന്മേ ബ്രൂഹി പരന്തപ

ജനമേജയന്‍ ചോദിച്ചു: 'ഭഗവാന്‍ വിഷ്ണു സ്വയം ജഗത്കാരണനാണല്ലോ? അദ്ദേഹമെങ്ങിനെയാണ് യജ്ഞം നടത്തിയത്? ആരൊക്കെയാണ് യാഗസഹായത്തിന് കൂടെ കൂടിയവര്‍? ഭഗവാന്‍ വിഷ്ണു ചെയ്ത അംബായജ്ഞത്തിന്റെ വിശേഷങ്ങള്‍ കേട്ട് മനസ്സിലാക്കിയ ശേഷം ഞാനും ശ്രദ്ധാപൂര്‍വ്വം അംബായജ്ഞത്തെ അനുഷ്ഠിച്ചുകൊള്ളാം.'

വ്യാസന്‍ പറഞ്ഞു: 'ഭഗവാന്‍ വിഷ്ണു ചെയ്ത ആ മഹാ യജ്ഞത്തിന്റെ വൈശിഷ്ട്യം പറഞ്ഞാല്‍ തീരില്ല. എങ്കിലും ഞാനത് അങ്ങേയുടെ അറിവിലേയ്ക്കായി സവിസ്തരം പറഞ്ഞു നോക്കാം. മൂന്നു ശക്തികളെ സഹധര്‍മ്മം അനുഷ്ഠിക്കാന്‍ കൂട്ടു നല്‍കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ ദേവി വിമാനമാര്‍ഗ്ഗം തിരികെ അയച്ചതിനെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ? അവര്‍ മൂന്ന് ദമ്പതികളും ഘോരസമുദ്രത്തില്‍ ചെന്ന് സ്വധാമങ്ങള്‍ നിര്‍മ്മിക്കാനായി ആദ്യം ഭൂമിയെ സൃഷ്ടിച്ചു. അപ്പോള്‍ ദേവി സ്വമേധയാ തന്‍റെ ആധാരശക്തിയെ അവര്‍ക്കായി നല്‍കി. അങ്ങിനെ ഭൂമി ആധാരശക്തിയെ ആശ്രയിച്ചു മേദസ്സോടു കൂടി നിലകൊണ്ടു. മധുകൈടഭന്‍മാരുടെ മേദസ്സിനാല്‍ മേദിനിയായും എല്ലാറ്റിനെയും ധരിക്കുന്നവളാകയാല്‍ ധരയായും വിസ്താരം കൊണ്ട് പ്രിഥ്വിയായും വലുപ്പം കൊണ്ട് മഹിയായും ഭൂമി അറിയപ്പെട്ടു. ദേവി ആ ഭൂമിയെ ശേഷന്റെ മസ്തകത്തിലെ നാഗമണിയായി പ്രതിഷ്ഠിച്ചു. എന്നിട്ട് മരക്കഷണങ്ങള്‍ ഉറപ്പിക്കാന്‍ ആശാരിമാര്‍ ആണി വെയ്ക്കുന്നതുപോലെ സര്‍പ്പമസ്തകത്തിലിരിക്കുന്ന ഭൂഗോളം ഇളകാതിരിക്കാന്‍ ദേവി പര്‍വ്വതങ്ങളെയും സ്ഥാപിച്ചു. അതിനാല്‍ പണ്ഡിതന്മാര്‍ പര്‍വ്വതങ്ങളെ മഹീധരം എന്ന് വിളിക്കുന്നു. മഹീധരങ്ങളില്‍ പ്രമുഖനാണ് മേരു. അതിവിസ്തൃതിയും രത്നശൃംഗങ്ങള്‍ നിറഞ്ഞതുമാണ് ആ മഹാപര്‍വ്വതം.

ബ്രഹ്മാവ്‌, മരീചി, യത്രി, പുലഹന്‍, പുലസ്ത്യന്‍, നാരദന്‍, ക്രതു, ദക്ഷന്‍, വസിഷ്ഠന്‍, തുടങ്ങിയവരെ തന്‍റെ മാനസപുത്രന്മാരായി സൃഷ്ടിച്ചു. മരീചിയില്‍ നിന്ന് കശ്യപന്‍ ജനിച്ചു. ദക്ഷന് പതിമൂന്നു പുത്രിമാരുണ്ടായിരുന്നു. അവരില്‍ നിന്നാണ് ദേവാസുരജാതികളുടെയെല്ലാം  ഉദ്ഭവം. കശ്യപന്‍ വീണ്ടും സൃഷ്ടി തുടര്‍ന്നു. മനുഷ്യന്‍, പശു, മറ്റു മൃഗങ്ങള്‍, സര്‍പ്പങ്ങള്‍,  എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളായിരുന്നു കശ്യപസൃഷ്ടികള്‍. ബ്രഹ്മാവിന്റെ പാതി മെയ്യില്‍ വലത്തുഭാഗത്തുനിന്ന് സ്വയംഭുവമനുവും ഇടതുഭാഗത്തുനിന്നും ശതരൂപയും ആവീര്‍ഭവിച്ചു. അവരുടെ മക്കളാണ് ഉത്താനപാദനും പ്രിയവ്രതനും. അവര്‍ക്ക് മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ബ്രഹ്മാവ്‌ ഇങ്ങിനെയുള്ള സൃഷ്ടികള്‍ ചെയ്തശേഷം സുമേരു പര്‍വ്വതത്തിന്റെ മുകളിലായി ബ്രഹ്മലോകത്തെ സൃഷ്ടിച്ചു. ഭഗവാന്‍ വിഷ്ണുവാകട്ടെ തന്റെ വാമഭാഗമായ ലക്ഷ്മീദേവിയെ സന്തോഷിപ്പക്കാന്‍ വൈകുണ്ഡം നിര്‍മ്മിച്ചു. പരമശിവന്‍ തനിക്കായി കൈലാസം സൃഷ്ടിച്ചു. കൈലാസത്തില്‍ കിങ്കരന്മാരായി ഭൂതഗണങ്ങളെയും സൃഷ്ടിച്ച് ഭാഗവാനവിടെ സദാ ധ്യാനമഗ്നനായിക്കഴിഞ്ഞു.

മേരുശിഖിരത്തിലാണ് ഇന്ദ്രന്റെ ആസ്ഥാനമായ സ്വര്‍ഗ്ഗം. നാനാവിധ രത്നങ്ങളാല്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ഗ്ഗലോകം ത്രിവിഷ്ടപമാണ്. പാലാഴി മഥനവേളയില്‍ ലഭ്യമായ പാരിജാതം, ഐരാവതം (ആന), ഉച്ചൈശ്രവസ് (കുതിര), കാമധേനു, രംഭാദികളായ അപ്സരസ്സുകള്‍, ഇങ്ങിനെയുള്ള ദിവ്യജീവികള്‍ സ്വര്‍ഗ്ഗത്തിനു മോടി കൂട്ടി. ധന്വന്തരിയും, ചന്ദ്രനും പാലാഴി മഥനത്തില്‍ നിന്നും ഉത്ഭവിച്ചവരാണ്. അവരും സ്വര്‍ഗ്ഗത്തില്‍ത്തന്നെ വസിക്കുന്നു. പൊതുവില്‍ മനുഷ്യര്‍, ദേവന്മാര്‍, മൃഗങ്ങള്‍ എന്നിങ്ങിനെ മൂന്നു തരമാണ് സൃഷ്ടികള്‍. കര്‍മ്മാനുസാരിയായി അണ്ഡജം (മുട്ടയില്‍ നിന്നും), സ്വേദജം (വിയര്‍പ്പില്‍ നിന്നും), ഉദ്ബിജം (പൊട്ടിമുളച്ച്), ജരായുജം (പ്രസവിച്ച്) എന്നിങ്ങിനെ നാലുതരമാണ് ജീവസൃഷ്ടികള്‍. ഇങ്ങിനെയുള്ള വൈവിദ്ധ്യതയാര്‍ന്ന സൃഷ്ടികളുണ്ടാക്കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ സസുഖം വാണു.

സൃഷ്ടികള്‍ തുടരവേ, ഒരുനാള്‍ ലക്ഷ്മീദേവിയുമൊരുമിച്ചു രമിച്ചിരുന്ന വിഷ്ണുഭഗവാന്‍ സുധാസിന്ധുവില്‍ കുടികൊള്ളുന്ന രത്നവിഭൂഷിതമായ ആ മണിദ്വീപിനെപ്പറ്റി ഓര്‍ക്കുകയുണ്ടായി. അവിടെവച്ചാണല്ലോ ദേവീസ്മരണയാല്‍ താന്‍ സ്ത്രീരൂപം പ്രാപിച്ചത്! മഹാമായയെ നേരിട്ട് ദര്‍ശിച്ചതിനാല്‍ തനിക്ക് മന്ത്രദീക്ഷകിട്ടിയതും അവിടെ വച്ചാണ്. എന്നാലിനി അംബികായജ്ഞം നടത്തുകതന്നെ എന്ന് നിശ്ചയിച്ച ഹരി മറ്റുള്ളവരെയെല്ലാം വിളിച്ചു കൂട്ടി. ബ്രഹ്മാവ്‌, ശിവന്‍, വരുണന്‍, ശക്രന്‍, അഗ്നി, യമന്‍, വസിഷ്ഠന്‍, കശ്യപന്‍, ദക്ഷന്‍, വാമദേവന്‍, ബൃഹസ്പതി, എന്നിവര്‍ ചേര്‍ന്ന് ഒരു മഹായാഗത്തിനുള്ള ഒരുക്കം തുടങ്ങി. ഏറ്റവും മനോഹരമായ ഒരു യജ്ഞമണ്ഡപം തീര്‍ക്കാന്‍ അതിവിദഗ്ദ്ധരായ ശില്‍പികള്‍ വന്നെത്തി. യാഗശാലയില്‍ ഇരുപത്തേഴു ഋത്വിക്കുകള്‍ നിരന്നു. ചിതിയും വലിയ യജ്ഞവേദിയും അവിടെ നിര്‍മ്മിക്കപ്പെട്ടു. യാഗശാല മന്ത്രമുഖരിതമായി. വിധിയാംവണ്ണം പ്രോജ്വലിപ്പിച്ചുയര്‍ന്ന അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കവേ ഒരശരീരി കേട്ടു: ‘വിഷ്ണോ, ദേവന്മാരില്‍ സുപ്രധാനി നീയാകട്ടെ. ബ്രഹ്മാദികളായ മറ്റു ദേവന്മാര്‍ നിന്നെ പൂജിക്കട്ടെ. ഭൂമിയിലെ ജനങ്ങള്‍ നിന്നെ പൂജിക്കട്ടെ. നീ അവരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാകട്ടെ. ദൈത്യപീഢയാല്‍ വലയുന്നവര്‍ക്ക് നീ ആശ്വാസം നല്‍കാന്‍ നിനക്കാവട്ടെ. എല്ലാ വേദങ്ങളും പൂജാര്‍ഹനായി അങ്ങയെ കണക്കാക്കട്ടെ. ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭൂമിയില്‍ യഥാസമയം അവതരിച്ചു ധര്‍മ്മസംരക്ഷണം ചെയ്യുക എന്ന കര്‍ത്തവ്യം അങ്ങില്‍ നിക്ഷിപ്തമാണ്. നാനായോനികളിലായി അങ്ങ് കൈക്കൊള്ളുന്ന അംശാവതാരങ്ങളെല്ലാം സര്‍വദാ പൂജനീയമായിത്തീരും. മൂന്നു ലോകത്തിലും അങ്ങയുടെ പുകള്‍ പരക്കും. അവിടെയെല്ലാം ശക്തിയുടെ സാന്നിദ്ധ്യവും സഹായവും അങ്ങേയ്ക്ക് കൂട്ടായി ഉണ്ടാവും. ഈ അവതാരങ്ങള്‍ക്ക് തുണയായി വാരാഹി, നാരസിംഹി എന്നിങ്ങിനെയുള്ള ഭേദങ്ങളോടെ ശക്തി പ്രകടിതമാവും. നാനാതരം വേഷഭൂഷകളും, സര്‍വ്വാഭരണങ്ങളും അണിഞ്ഞു വിളങ്ങുന്ന ശക്തിയുടെ പിന്തുണയോടെ എല്ലാ ദേവകാര്യങ്ങളും നടത്താന്‍ ഞാന്‍ അങ്ങയെ ചുമതലപ്പെടുത്തുന്നു. എന്‍റെ വരം മൂലമാണ് നിനക്കീ പ്രാഭവങ്ങള്‍ എല്ലാമുണ്ടാവുന്നതെന്ന് മറക്കാതിരിക്കുക. ഗര്‍വ്വലേശംപോലും നീയീ ശക്തി ഭേദങ്ങളോടു കാണിക്കാനിടവരരുത്. നീയീ ശക്തികളെ യഥാവിധി പൂജിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങിനെ സകലാഭീഷ്ടങ്ങളെയും നല്‍കുന്ന ശക്തിസ്വരൂപിണികള്‍ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും. ഭൂമണ്ഡലത്തില്‍ മാത്രമല്ല, സപ്തദ്വീപുകളിലും മനുഷ്യര്‍ അവരവരുടെ ആഗ്രഹസംപൂര്‍ത്തിക്കായി എപ്പോഴും അവരെ പൂജിക്കുന്നതാണ്. അവര്‍ക്കും നിനക്കും അങ്ങിനെ യശസ്സ് വര്‍ദ്ധിക്കട്ടെ. ഓരോരോ മന്ത്രങ്ങള്‍ കൊണ്ടു ജപിച്ചും നാനാവിധ വസ്തുക്കള്‍ കൊണ്ട് അര്‍ച്ചിച്ചും അവര്‍ നിങ്ങളെ പൂജിക്കും. മാനവ പൂജയാല്‍ അങ്ങേയ്ക്ക് കീര്‍ത്തിയും അഭിവൃദ്ധിയും ഉത്തരോത്തരം വര്‍ദ്ധിതമാവും.'

വ്യാസന്‍ പറഞ്ഞു: ദിവ്യമായ അശരീരി നിലയ്ക്കവേ ഭഗവാന്‍ ഹരി സംപ്രീതഭാവത്തോടെ മനസ്സുമുഴുവന്‍ ദേവിയില്‍ അര്‍പ്പിച്ചു വിധിപൂര്‍വ്വം യജ്ഞമവസാനിപ്പിച്ചു. എല്ലാ ദേവന്മാരെയും യാത്രയയച്ച ശേഷം ഭഗവാന്‍ തന്‍റെ ഗരുഡവാഹനമേറി അനുചരസമേതം വൈകുണ്ഡം പൂകി. യജ്ഞത്തിന്റെ ദിവ്യവാര്‍ത്തകള്‍ പരസ്പരം പറഞ്ഞും സന്തോഷിച്ചും ദേവന്മാര്‍ തങ്ങളുടെ ഗേഹങ്ങളിലേയ്ക്ക് മടങ്ങി. അങ്ങിനെ കാതിനു തേന്മൊഴിയായി മുഴങ്ങിയ ആകാശവാണി കേട്ട് എല്ലാവര്‍ക്കും ഭഗവതിയോട് അനന്യമായ ഭക്തിയുണ്ടായി. അതിനുശേഷം മുനിമാരും ബ്രാഹ്മണരും മറ്റുസജ്ജനങ്ങളും വേദവിഹിതവും സര്‍വ്വഫലദായകവുമായ ദേവീപൂജ – അംബായജ്ഞം- നിത്യവും ചെയ്യാന്‍ തുടങ്ങി.  

No comments:

Post a Comment