Devi

Devi

Wednesday, November 29, 2017

ദിവസം 319. ശ്രീമദ്‌ ദേവീഭാഗവതം. 12.10. മണിദ്വീപവർണ്ണനം

ദിവസം 319.  ശ്രീമദ്‌ ദേവീഭാഗവതം. 12.10. മണിദ്വീപവർണ്ണനം

ബ്രഹ്മലോകാദൂർധ്വഭാഗേ സർവലോകോfസ്തി യ: ശ്രുത:
മണിദ്വീപ: സ ഏവാസ്തി യത്ര ദേവീ വിരാജതേ
സർവസ്മാദധികോ യസ്മാത് സർവലോകസ്തത: സ്മൃത:
പുരാ പരാംബയൈവായം കല്പിതോ മാനസേച്ഛയാ

വ്യാസൻ പറഞ്ഞു: ബ്രഹ്മലോകത്തിനും ഉപരിയായി സർവ്വലോകമെന്നു പേരുകേട്ട, ദേവിയുടെ ഇരിപ്പിടമായ  മണിദ്വീപം നിലകൊള്ളുന്നു. സർവ്വലോകങ്ങളിലും വച്ച് പരമോൽക്കൃഷ്ടമായ ഇവിടം പരമേശ്വരി സ്വയം ഇച്ഛാ കൽപ്പിതമായി നിർമ്മിച്ചതത്രേ. ശിവരഹസ്യത്തിൽ ദേവിയുടെ പ്രാർത്ഥനയനുസരിച്ച് ശിവൻ നിർമ്മിച്ചതാണെന്നും ലളിതോപാഖ്യാനത്തിൽ വിശ്വകർമ്മാവിനാൽ നിർമ്മിതമാണ് മണിദ്വീപം എന്നും പറയപ്പെടുന്നുണ്ട്.

ഗോലോക വൈകുണ്ഠങ്ങളേക്കാളെല്ലാം ഉത്തമമാണ് സർവ്വലോകം എന്നത് ജ്ഞാനികൾ എല്ലാവർക്കും അറിയാം. മൂന്നു ലോകത്തിലും ഇതിനു തുല്യമായി മറ്റൊരിടമില്ല. മൂന്നു ലോകത്തിലേയും ഭവതാപം അകറ്റാനായി ബ്രഹ്മാണ്ഡത്തിനു മുകളിൽ പിടിച്ച വെൺകൊറ്റക്കുടയെന്നപോലെ മണിദ്വീപം നിലകൊള്ളുന്നു. ബഹുയോജന വിസ്താരമുള്ള ദ്വീപിനു ചുറ്റും സുധാസമുദ്രത്തിലെ തിരകൾ ഉച്ചത്തിൽ ആഞ്ഞടിക്കുന്നു. ആ തിരമാലകളിൽ നിന്നും രത്നങ്ങളും മത്സ്യങ്ങളും ശംഖുകളും മണൽവിരിപ്പുകളും ചിതറിത്തെറിക്കുന്നു. നാനാവിധ കൊടിക്കൂറകൾ ചാർത്തിയ ജലയാനങ്ങൾ ദ്വീപിനു ചുറ്റും സുധാസിന്ധുവിൽ പ്രയാണം നടത്തുന്നു.

മണി ദ്വീപിന്റെ തീരത്ത് രത്നവൃക്ഷങ്ങൾ നിറഞ്ഞൊരു വനമുണ്ട്. അതിനുമപ്പുറത്ത് ആകാശം മുട്ടുന്നൊരു കോട്ട. ഏഴു യോജന വലിപ്പമുള്ള കോട്ടയിൽ ആയുധവിദ്യകളിൽ വിദഗ്ധരായ അനേകം പോർ പടയാളികൾ കാവൽക്കാരായുണ്ട്. ജഗൻമയിയായ പരമേശ്വരിയെ കാണാൻ, ആ ലോകമാതാവിന്റെ ദർശനം കൊതിച്ച് അനേകം ഭക്തജനങ്ങൾ എപ്പോഴും വന്നു ചേരുന്നു. ഭക്തജനസഞ്ചയങ്ങൾ വന്നെത്തിയ നൂറ് കണക്കിനു വിമാനങ്ങൾ അവിടെ നിരന്നു കിടക്കുന്നു. ആകാശക്കപ്പലുകൾ വന്നു പോകുന്നതിന്റെ ഇരമ്പലും തിരക്കും മണിയൊച്ചയും കുതിരക്കുളമ്പടിയൊച്ചയും ശംഖു നാദവും കൊണ്ട് അവിടമാകെ മുഖരിതമാണ്. തിരക്ക് നിയന്ത്രിക്കാൻ ചൂരൽപ്രയോഗം നടത്തുന്ന കാവൽക്കാരും അവിടെ തിരക്കിട്ട് ഓടി നടക്കുന്നു.

അവിടെ ശുദ്ധമായ അമൃതതുല്യമായ ജലം നിറഞ്ഞ തടാകങ്ങൾ കാണാം. രത്ന പുഷ്പങ്ങൾ വിരിഞ്ഞു വിരാജിക്കുന്ന നന്ദനോദ്യാനങ്ങളും നിറയെ കാണാം. അതിനുമപ്പുറം ഓടു കൊണ്ട് വാർത്തെടുത്ത ആകാശം മുട്ടുമാറ് വലുപ്പമുള്ള ഒരു കോട്ടയുണ്ട്. ആദ്യത്തെകോട്ടയേക്കാൾ നൂറ് മടങ്ങ് പ്രഭാ പൂരമാണീ കോട്ട. ഗോപുരങ്ങളും തഴച്ചു പൂത്തുലഞ്ഞു നിൽക്കുന്ന വൻവൃക്ഷങ്ങളും കൊണ്ടാ സ്ഥലം നിറഞ്ഞിരിക്കുന്നു. ഫലവൃക്ഷങ്ങൾ കായ്ച്ചു കനംതൂങ്ങി നില്ക്കുന്നു. സദാപുഷ്പിണികളായ വൃക്ഷലതാദികൾ അവിടെ പൂമ്പൊടിയും പൂമണവുമുതിർത്ത് ഉലഞ്ഞാടുകയാണ്.

പ്ലാവ്, ഇലഞ്ഞി, പാച്ചോറ്റി, കർണികാരം, ശിംശപം, ദേവതാരു പൂപ്പാതിരി, നാരകം, തേന്മാവ്, സുമേരു, പുളിയഞ്ചീര, ഓടൽ, ചൈലമരം, ഇലവർങ്ഗം, കുമ്പിൾ, പതിരിമരം, ചെമ്പകം, കരിമ്പന, പച്ചിലമരം, പൈൻ, കക്കോലം, നാഗപ്പൂമരം, പെരുമുത്തങ്ങ, പുന്നമരം, ഉകുമരം സാല്വകം, കർപ്പൂരമരം, മരുത്, ആവണക്ക്, ചിറ്റീന്തൽ, മാതളം, എരുക്ക്, ഉച്ചമലരി, ചെറുനാരകം, പൊൻകുറിഞ്ഞി, പൂമരുത്, അകിൽ, ചന്ദനം, ഈത്ത, കുറുമൊഴി മുല്ല, കരിമ്പ്, പാൽവൃക്ഷം, കരിങ്ങാലി, പുളിമരം, ചേർമരം, മാതളനാരകം, കുടകപ്പാല, കൂവളം, തുടങ്ങിയ മരങ്ങളും തുളസി, മല്ലിക തുടങ്ങിയ ചെടികൾ ഇടതൂർന്നു വളർന്ന പച്ചിലപ്പടർപ്പും പൂന്തോട്ടങ്ങളും നിറഞ്ഞതാണീ പ്രദേശം. ചുറ്റുപാടും അനേകം ജലാശയങ്ങൾ. പക്ഷികളും വണ്ടുകളും മത്സരിച്ചു പാടി അവിടമെല്ലാം മുഖരിതമാണ്. കറയൊഴുകുന്ന, തണൽ വിരിക്കുന്ന വൃക്ഷങ്ങളാണ് എല്ലാടവും നിറഞ്ഞു കാണുന്നത്.

മാടപ്രാവ്, തത്ത, കുയിൽ, ഹംസം, എന്നു വേണ്ട കിളികളുടെ വൻ കൂട്ടങ്ങൾ തന്നെയാ വനസ്ഥലിയിൽ കാലാകാലങ്ങളിൽ ഋതുഭേദമനുസരിച്ച് പറന്നെത്തി പാറി നടക്കുന്നു.  വനത്തിലെ മരങ്ങൾ ചാഞ്ചാടുമ്പോൾ കാറ്റ് പൂമണം പരത്തി എല്ലാവരെയും സന്തോഷിപ്പിക്കുന്നു. മാൻകൂട്ടങ്ങൾ ഭയരഹിതരായി അവിടവിടെ ഓടി നടക്കുന്നു. മയിൽക്കൂട്ടം പീലി വിരിച്ചാടുന്നു. പഞ്ചേന്ദ്രിയങ്ങൾക്കും ആഹ്ളാദമേകുന്ന ആ വനം ആറ് ഋതുക്കളിലും സുസമൃദ്ധമായി പരിലസിക്കുന്നു.

ഓടുകൊണ്ടുള്ള ഈ കോട്ടയ്ക്കുമപ്പുറത്ത് ഏഴു യോജന ഉയരത്തിൽ ചെമ്പുകോട്ടയാണ്. അതിനുള്ളിലെ കൽപ്പകപ്പൂന്തോട്ടത്തിൽ തങ്കനിറത്തിലുള്ള പൂക്കൾ സദാ വിടർന്നു വിലസുന്ന മരങ്ങളുണ്ട്. അവയുടെ ഇലകളും കായുമെല്ലാം സ്വർണ്ണമയമാണ്. പത്തുയോജന വിസ്താരത്തിലാ പൂക്കളുടെ പരിമളം എങ്ങും നിറയുന്നുണ്ട്. ഋതുരാജനായ വസന്തനാണ് ആ വനത്തെ സംരക്ഷിക്കുന്നത്. പൂക്കുട ചൂടി പുഷ്പസിംഹാസനത്തിലിരുന്ന് പുഷ്പമാല്യങ്ങൾ കഴുത്തിലണിഞ്ഞ വസന്തൻ പൂന്തേൻ നുകർന്ന് മത്തനായി വിരാജിക്കുന്നു. അദ്ദേഹത്തിന് മധുശ്രീ, മാധവശ്രീ എന്നീ രണ്ടു പത്നിമാരാണുള്ളത്. അവരവിടെ പുഞ്ചിരി തൂകി പൂപ്പന്തടിച്ചു കളിക്കുന്നു. അവിടുത്തെ തോട്ടങ്ങളിൽ കാണുന്ന പൂക്കളിലെല്ലാം തേനൊലിക്കുന്നതിനാൽ അവിടെ വീശുന്ന കാറ്റിൽ സദാ തേൻമണമുണ്ട്.

കൂട്ടുകാരിയുമായി വിഹരിക്കുന്ന ദിവ്യ ഗന്ധർവ്വൻമാർ ഗാനങ്ങളാലപിക്കുന്നു. മത്തകോകിലങ്ങളും പാട്ടുപാടിയാണാ വനത്തിൽ വിഹരിക്കുന്നത്. വസന്തലക്ഷ്മിയവിടെ സ്വച്ഛവിഹാരം ചെയ്യുന്നതിനാൽ കാമികളുടെ അഭീഷ്ടങ്ങൾ എല്ലാം അവിടെ നിറവേറ്റപ്പെടുന്നു.

ചെമ്പുകോട്ട കഴിഞ്ഞാൽ ഇനി കാരീയത്തിന്റെ കോട്ടയാണ്. ഏഴു യോജന ഉയരമാണീ കോട്ടയ്ക്കുള്ളത്. ഈ കോട്ടകൾക്കിടയിൽ സന്താന വൃക്ഷ വാടികയാണ്. അവിടെയും പത്തു യോജന വിസ്താരത്തിൽ പൂമണം പരന്നിരിക്കുന്നു. വിടർന്നു പൊന്നിൻ നിറത്തിലുള്ള പൂക്കളാണിവിടെ. അവിടെയുള്ള ചെടികളിൽ അമൃതുല്യമായ, മധുപൊഴിക്കുന്ന പഴങ്ങളുണ്ട്.

ഗ്രീഷ്മർത്തുവാണാ വനത്തിന്റെ സംരക്ഷകൻ. അദ്ദേഹത്തിന് ശുകശ്രീ, ശുചിശ്രീ എന്നീ ഭാര്യമാരാണ്. സിദ്ധൻമാരും ദേവൻമാരും തങ്ങളിലെ കാമ താപം അകറ്റാനായി താന്താങ്ങളുടെ കാമിനിമാരുമായി അവിടുത്തെ പൂഞ്ചോലകളിൽ നിന്നുമുള്ള കുളിർ കാറ്റ് ഏൽക്കുന്നു. ഉടലിൽ അവർ കളഭച്ചാറ് പൂശുന്നു. പൂമാല കൈയിലേന്തിയ വിലാസലോലകളായ തരുണീമണികൾ ആ കോട്ടയുടെ മാറ്റ് കൂട്ടുന്നു.

ഇനിയുള്ളത് ഏഴുയോജന വിസ്താരമുള്ള പിച്ചളക്കോട്ടയാണ്.  വെൺചന്ദന മലർക്കാവാണ് ഈ കോട്ടകൾക്കിടയിലുള്ളത്. അവിടുത്തെ സംരക്ഷകൻ വർഷർത്തുവാണ്. അയാളുടെ മാർച്ചട്ട കരിങ്കാറാണ്. ധനുസ്സ് മഴവില്ലാണ്. വജ്രം ഇടിമുഴക്കമാണ്. കണ്ണുകൾ മിന്നലാണ്. ആയിരക്കണക്കിന് മഴനൂലുകളാകുന്ന അമ്പുകൾ വർഷിച്ച് അദ്ദേഹം മദവിഹ്വലരായ പന്ത്രണ്ടു ഭാര്യമാരൊത്ത് ആ പ്രദേശത്തെ സംരക്ഷിക്കുന്നു. നഭശ്രീ, നഭസ്യശ്രീ, സ്വരസാ, അരസ്യ, മാലിനി, അംബാ, ദുല, നിരത്നി, അഭ്രമന്തി, മേഘയന്തി, വർഷയന്തി, ചിബൂണികാ, വാരിധാരാ എന്നിവരാണ് ആ പന്ത്രണ്ടു പേർ. പുതു പൂവല്ലി നിറഞ്ഞ അവിടം തളിർത്തു പൂത്ത ചെടികളും തളിരണിഞ്ഞ വൃക്ഷങ്ങളും പച്ചപ്പുൽമേടുകളും നിറഞ്ഞിരിക്കുന്നു.

നദികളവിടെ നിറഞ്ഞ് ഒഴുകുന്നു. പൊയ്കകൾ കലങ്ങി നിൽക്കുന്നു. ദേവിക്കായി വാപി ,കൂപം, തടാകം, എന്നിവ നിർമ്മിക്കാൻ ഉത്സുകരായി ദേവൻമാരും സിദ്ധരും അവരുടെ ഭാര്യമാരൊത്ത്  അവിടെ രമ്യതയോടെ വസിക്കുന്നു.

പിച്ചളക്കോട്ടയ്ക്കപ്പുറം ഏഴുയോജന നീളത്തിൽ പഞ്ചലോഹ നിർമ്മിതമായ ഒരു കോട്ടയുണ്ട്. അതിനു നടുക്കായി നാനാ പുഷ്പങ്ങളും വള്ളികളും നിറഞ്ഞമന്ദാരമലർവാടി. ശരത്ത് ഋതുവാണവിടെ സംരക്ഷകൻ. ഊർജലക്ഷ്മി, ഇഷുലക്ഷ്മി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ശരദൃതുവിനുള്ളത്. പരിവാര -പത്നി സമേതം നാനാ സിദ്ധ ഗണങ്ങളവിടെ കഴിയുന്നു.

ഈ കോട്ടയ്ക്കുമപ്പുറത്ത് ഏഴുയോജന വലുപ്പത്തിൽ താഴികക്കുടങ്ങൾ ഉള്ള ഒരു വെള്ളി മതിലാണ്. ആ മതിലിനും പഞ്ചലോഹക്കോട്ടയ്ക്കുമിടയ്ക്ക് പാരിജാത മലരുകൾ നിറഞ്ഞൊരു പൂന്തോപ്പാണ്.  അവിടെ പൂങ്കുലച്ചാർത്തുകളിൽ നിന്നും വീശുന്ന സുഗന്ധം ദേവീ ഭക്തരെ ആനന്ദിപ്പിക്കുന്നു. ഹേമന്തനാണ് ഇവിടുത്തെ സംരക്ഷകൻ. സഹ്യശ്രീ, സഹസ്രശ്രീ, എന്നീ ഭാര്യമാരാണ് ഹേമന്ത ഋതുവിനുള്ളത്. ഭൃത്യരും ആയുധങ്ങളുമായി ഹേമന്തൻ രാജാവിനെപ്പോലെ കഴിയുന്നു. കൃച്ഛ്രവ്രതം അനുഷ്ഠിക്കുന്നവരാണ് ഇവിടെ വാഴുന്നവർ.

വെള്ളി മതിലിനപ്പുറം സ്വർണ്ണക്കോട്ടയാണ്. ഹാടക സ്വർണ്ണം കൊണ്ടാണീ മതിൽ നിർമ്മിച്ചിരിക്കുന്നത്. പൂവണിഞ്ഞ കദംബവനമാണ്  മതിലുകൾക്കിടയിൽ ഉള്ളത്. കദംബമദ്യം സേവിച്ച് നിജാനന്ദമനുഭവിക്കുന്ന അനേകം സിദ്ധൻമാർ അവിടെയുണ്ട്. ശിശിരഋതുവാണാ കോട്ടയുടെ സംരക്ഷകൻ. തപഃശ്രീ, തപസ്യശ്രീ, എന്നീ ഭാര്യമാരൊത്ത് നാനാ ഗണങ്ങളാൽ പരിസേവിതനായി ശിശിരൻ അവിടെ രമിച്ചു കഴിയുന്നു. അവിടെയുള്ള സിദ്ധരും നാനാവിധ ഭോഗങ്ങളിൽ നിന്നുമുള്ള ആനന്ദം അനുഭവിച്ച് ഭാര്യാ പരിവാരങ്ങളോടെയാണവിടെ കഴിയുന്നത്.

സ്വർണ്ണമതിലിനുമപ്പുറം കുങ്കുമ നിറത്തിൽ ഏഴുയോജന നീളമുള്ള പുഷ്യരാഗക്കോട്ടയാണ്.  രത്നവർണ്ണ സമുജ്വലങ്ങളാണ് അവിടെയുള്ള ഭൂമിയും, കാവും, പൂന്തോട്ടവും, വൃക്ഷങ്ങളും എല്ലാം. മതിലുണ്ടാക്കിയ അതേ രത്നങ്ങളാൽ വൃക്ഷാദികളും പക്ഷികളും ജലാശയങ്ങളും മണ്ഡപങ്ങളും പ്രാകാരങ്ങളും തീർത്തിരിക്കുന്നു. ഇവിടുത്തെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. മറ്റു കോട്ടകളേക്കാൾ ലക്ഷം തവണ തേജോമയമാണീ കോട്ട.

ഓരോരോ ബ്രഹ്മാണ്ഡങ്ങളിലേയും ദിക്പാലകരുടെ പ്രതിബിംബങ്ങളാണ് ഇവിടുത്തെ വരായുധ ധാരികളായ ദിക്പാലകർ. സമഷ്ടി രൂപത്തിലാണവർ അവിടെക്കഴിയുന്നത്. കോട്ടയുടെ പൂർവ്വ ശൃംഗത്തിലായി അമരാവതിയാണ്. ദേവേന്ദ്രൻ വാഴുന്നതവിടെയാണ്. സ്വർഗ്ഗത്തിലുള്ള ഇന്ദ്രനേക്കാൾ ആയിരം മടങ്ങ് ശോഭയോടെയാണ് ഇവിടുള്ള ഇന്ദ്രന്. വജ്രവും കൈയിലേന്തി ഐരാപുരത്തിന്റെ മുകളിൽ ഇരുന്ന് അദ്ദേഹമവിടെ വിരാജിക്കുന്നു. ദേവാംഗനകളുമൊത്ത് ഇന്ദ്രപത്നിയായ ശചിയും അവിടെയുണ്ട്.

സ്വാഹാ, സ്വധാ എന്നിവരുമൊത്ത് അഗ്നിദേവനും തന്റെ ദേവഗണങ്ങൾ സഹിതം അവിടെയുണ്ട്. ഇതിന്റെ തെക്കേ കോണിൽ യമപുരി. ചിത്രഗുപ്തൻ തുടങ്ങിയ പരിവാരങ്ങളുമായി ദണ്ഡധരനായ യമനവിടെ വാഴുന്നു. രാക്ഷസമായ നിരൃതി കോണിൽ പരിവാരസമേതം നിരൃതി വാഴുന്നു. വരുണദിക്കിൽ പ്രതാപത്തോടെ വരുണദേവൻ വാഴുന്നു. പാശധാരിയായ വരുണൻ വരുണാനിസഹിതം മഹാ മത്സ്യാരൂഢനായി വരുണലോകം വാഴുന്നു.

വായു കോണിലാണ് വായു ഭഗവാൻ വാഴുന്ന വായു ലോകം. പ്രാണായാമം ചെയ്യുന്നതിൽ സദാ മുഴുകിയിരിക്കുന്ന സിദ്ധൻമാർ വാഴുന്ന വായു ലോകത്ത് മൃഗവാഹനനായ വായുദേവൻ വിശാലാക്ഷനായി മരുദ്ഗണങ്ങളോടെ മരുവുന്നു.

വടക്കേ ദിക്കിൽ യക്ഷ ലോകമാണ്. അവിടെയാണ് സമസ്ത ഐശ്വര്യസമ്പത്തുകൾക്കും അധിപനായ കുബേരൻ വാഴുന്നത്. ശംഖ് തുടങ്ങിയ ഒൻപതുനിധികളും കുബേരന്റെ കൈയിലാണ്. യക്ഷ സേനാനികളായ മണിഭദ്രൻ, പൂർണ്ണഭദ്രൻ, മണിമാൻ, മണി കന്ധരൻ, മണിഭൂഷൻ, മണി സ്രഗ്വി,  മണി കാർമുകധാരൻ എന്നിവരെല്ലാം അവരവരുടെ ശക്തികളോടുകൂടിയവിടെ വസിക്കുന്നു.

ഈശാന കോണിൽ രുദ്ര ലോകമാണ്. കോപോജ്വലനയനങ്ങളുമായി അനർഘ രത്നങ്ങൾ പതിച്ച ആ ലോകത്തിൽ രുദ്രദേവൻ വാഴുന്നു. രുദ്ര ദേവന്റെ പുറത്ത്  അമ്പു നിറഞ്ഞ ആവനാഴിയുണ്ട്.  ഇടംകയ്യിൽ കുലച്ചു പിടിച്ച വില്ല്. തന്നെപ്പോലുള്ള അസംഖ്യം വില്ലാളിമാർക്ക് നടുവിലാണ് ശിവ ഭഗവാൻ ചുവന്ന കണ്ണുകളുമായി നില്ക്കുന്നത്. കൂടെയുള്ള ശിവഗണങ്ങൾ രുദ്രരൂപം ധരിച്ചിരിക്കുന്നു. ശൂലധാരികൾ, വികൃതമുഖൻമാർ, കരാളമുഖർ, തീ തുപ്പുന്നവർ, പത്തുകൈയ്യുള്ളവർ, നൂറ് കൈയ്യുള്ളവർ, ആയിരം കൈയ്യുള്ളവർ, പത്തു കാലുള്ളവർ, പത്തു കഴുത്തുള്ളവർ, മൂന്നു കണ്ണുള്ളവർ, എന്നു വേണ്ട ഭീതിദമായ സകലഭാവങ്ങളും പൂണ്ട രൂപങ്ങൾ ശിവനു ചുറ്റും അവരവരുടെ രുദ്രാണിമാരോടുകൂടി നിരന്നു നില്ക്കുന്നു. ഭദ്രകാളി മുതലായ മാതാക്കളും, നാനാശക്തിസമ്പന്നരായ ഡാമര്യാദിഗണങ്ങളും വീരഭദ്രാദികളും പ്രമഥാദികളും ഭൂതാവാസനായ മഹേശ്വരനെ സേവിച്ചുകൊണ്ട് അവിടെക്കഴിയുന്നു.

തലയോട്ടിമാല, പുലിത്തോൽ, എന്നിവയണിഞ്ഞ് നാഗമാല ചാർത്തി ചിതാഭസ്മം പൂശി, ദിക്കുകൾ മുഴങ്ങുമാറ് കടുന്തുടി കൊട്ടി ഘോരാട്ടഹാസം മുഴക്കി ഈശാന ദിക്കിൽ മഹേശ്വരൻ വസിക്കുന്നു. ഈശാന ദിക്കിന്റെ അധിപതി ഈശാനനനായ മഹേശ്വരനാണ്.

No comments:

Post a Comment