Devi

Devi

Saturday, November 25, 2017

ദിവസം 312 ശ്രീമദ്‌ ദേവീഭാഗവതം. 12.3. ഗായത്രീകവചം

ദിവസം 312  ശ്രീമദ്‌ ദേവീഭാഗവതം. 12.3.  ഗായത്രീകവചം

സ്വാമിൻ സർവജഗന്നാഥ സംശയോfസ്തി മമപ്രഭോ
ചതു: ഷഷ്ടി കലാഭിജ്ഞ പാതകാദ്യോഗവിദ്വര
മുച്യതേ കേന പുണ്യേന ബ്രഹ്മരൂപ: കഥം ഭവേത്
ദേഹശ്ച ദേവതാരൂപോ മന്ത്രരൂപോ വിശേഷത:

നാരദൻ പറഞ്ഞു: അല്ലയോ സർവ്വജഗത്തിന്റെയും നാഥനായ നാരായണാ, അങ്ങ് അറുപത്തിനാല് കലകളിലും നിപുണനാണ്. എന്നിൽ ഇനിയുമൊരു സംശയമുണ്ട്. ഏതു പുണ്യമാണ് ഒരുവനെ പാപങ്ങളിൽ നിന്നും മുക്തനാക്കുക? എന്റെ ദേഹത്തിന് ബ്രഹ്മരൂപവും ദേവതാരൂപവും മന്ത്രസ്വരൂപവും കൈവരാൻ എന്താണ് ചെയ്യേണ്ടത്? അതിനുള്ള വിധിക്രമം ഋഷി, ദേവത, ഛന്ദസ്സ് എന്നിവ സഹിതം എന്നെ ഉദ്ബോധിപ്പിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: ഏറ്റവും നിഗൂഢമായുള്ള ഗായത്രീ കവചം വേണ്ടതു പോലെ പഠിച്ചാൽ സർവ്വപാപങ്ങളിൽ നിന്നും മുക്തനാകാം. സകല അഭീഷ്ടങ്ങളും സാധിതമായി സ്വയം ദേവീരൂപം ധരിക്കാൻ ഇതുകൊണ്ട് സാധിക്കും. ബ്രഹ്മാവിഷ്ണുമഹേശ്വരൻമാർ തന്നെയാണ് ഗായത്രീകവചത്തിന്റെ ഋഷികൾ. ഋക്, യജുസ്സ്, സാമം, അഥർവ്വം എന്നീ ചതുർവേദങ്ങൾ അതിന്റെ ഛന്ദസ്സുകൾ ആണ്. ബ്രഹ്മസ്വരൂപിണിയായ ഗായത്രിയാണതിന്റെ ദേവത.

തത് എന്നത് ബീജവും, ഭർഗ്ഗ എന്നത് ഈ കവചത്തിന്റെ ശക്തിയുമാണ്. ധിയ: എന്നത് കീലകം. അത് മോക്ഷാർത്ഥമായി വിനിയോഗിക്കുന്നതാണ്.

"തത്സവിതു ഹൃദയായ നമ: " എന്ന് ഹൃദയവും
"വരേണ്യം ശിരസേ സ്വാഹാ" എന്ന് ശിരസ്സും
"ഭർഗോദേവസ്യ ശിഖായൈ വഷട് " എന്ന് ശിക്ഷയും
"ധീമഹി കവചായ ഹും" എന്ന് കവചവും
"ധിയോയോന: നേത്രത്രയായ വൗഷട്"  നേത്രവും
"പ്രചോദയാത് അസ്ത്രായ ഫട്"  എന്ന് അസ്ത്രവുമായിട്ടാണ് ഗായത്രീ കവചം ന്യസിക്കേണ്ടത്.

ഇനി ധ്യാനം. "തൃക്കരങ്ങളിലാല്‍ ചക്രം, ശംഖ്, വരം, അഭയം, കയർ, ചമ്മട്ടി, കപാലം, തോട്ടി, രണ്ടു ചെന്താമരപ്പൂക്കൾ എന്നിവ പിടിച്ചു കൊണ്ട് തത്വാർഥവർണാത്മികയായി മൂന്നു കണ്ണുകളോടെ ചന്ദ്രക്കലയുള്ള രത്നകിരീടം ചൂടി മുത്ത്, പവിഴം, സ്വർണ്ണം, നീലമണി, ശംഖ് എന്നിവയുടെ പഞ്ചാസ്യ മുഖശോഭയോടെ വിരാജിക്കുന്ന ഗായത്രിയെ ഞാൻ ഭജിക്കുന്നു."

"ഗായത്രീദേവിയെന്റെ മുൻഭാഗവും സാവിത്രീദേവിയെന്റെ വലംഭാഗവും ബ്രഹ്മസന്ധ്യയെന്റെ പിൻഭാഗവും സരസ്വതിയെന്റെ ഇടം ഭാഗവും കാക്കട്ടെ."

"അഗ്നി കോണിൽ ജലശായിനിയായ പാവകിയും നിര്യതി കോണിൽ യാതുധാനയും വായു കോണിൽ പവമാനയും ഈശാന കോണിൽ രുദ്രാണിയും എനിക്ക് രക്ഷയാകട്ടെ."

"ബ്രഹ്മാണിയെന്റെ മുകൾവശവും വൈഷ്ണവി കീഴ് വശവും കാക്കട്ടെ."

" സർവ്വാംഗങ്ങളും പത്തു ദിക്കുകളും ഭുവനേശ്വരി കാത്തിടട്ടെ"

"'തത്' എന്റെ പാദങ്ങളും, 'സവിതു:' കണങ്കാലും, 'വരേണ്യ' കടിപ്രദേശവും, 'ഭർഗ' നാഭിയും, 'ദേവസ്യ' ഹൃദയവും, 'ധീമഹി' കവിൾത്തടങ്ങളും, 'ധിയ:' നേത്രങ്ങളും, 'യ:' നെറ്റിയും, 'ന:' ശിരസ്സും, 'പ്രചോദയാത്' ശിഖയും, 'തത്' മൂർധാവും, 'സ' നെറ്റിയും, 'വി' കണ്ണകളും, 'തു' രണ്ടു കവിൾത്തടങ്ങളും, 'വ' നാസാ പുടങ്ങളും, 'രേ' മുഖവും, 'ണി' മേൽച്ചുണ്ടും, 'യ' താഴത്തെ ചുണ്ടും, 'ഭ' ആസ്യ മദ്ധ്യവും, 'ർ,ഗ്ഗോ' ചിബുകങ്ങളും കണ്ഠദേശവും, 'വ'  സ്കന്ധദേശവും, 'സ്യ' വലംകരവും, 'ധീ' ഇടം കരവും, 'മ' ഹൃദയവും, 'ഹി' കാരം ഉദരവും,  'ധി' കാരം നാഭിദേശവും,  'യോ' കാരം കടി പ്രദേശവും, 'യോ' കാരം ഗുഹ്യവും, 'ന:' പദം തുടയും, 'പ്ര' കാരം കാൽമുട്ടുകളും, 'ചോ' കാരം ജംഘയും, 'ദ' കാരം കാൽ മടമ്പും, 'യോ' കാരം കാൽപാദങ്ങളും,  'ത' കാരം എന്റെ സർവ്വാംഗങ്ങളെയും സദാ രക്ഷിക്കട്ടെ."

ഈ ദിവ്യകവചത്തിന് സകല ബാധകളെയും ഇല്ലാതാക്കാൻ കഴിയും. അറുപത്തിനാലു കലകളും ഒടുവിൽ മോക്ഷവും പ്രദാനം ചെയ്യുന്നതാണീ ദിവ്യകവചം. സർവ്വപാപ പ്രണാശനമാണിത്. ആയിരം ഗോദാനപുണ്യവും ബ്രഹ്മപ്രാപ്തിയും ഗായത്രീ കവചം പഠിക്കുന്നതുകൊണ്ടും കേൾക്കുന്നതുകൊണ്ടും സിദ്ധിക്കുന്നു.

No comments:

Post a Comment