Devi

Devi

Saturday, November 11, 2017

ദിവസം 307 ശ്രീമദ്‌ ദേവീഭാഗവതം. 11.22. വൈശ്വദേവാദി വിധി

ദിവസം 307  ശ്രീമദ്‌ ദേവീഭാഗവതം. 11.22. വൈശ്വദേവാദി വിധി

അഥാത: ശ്രൂയതാം ബ്രഹ്മൻ വൈശ്വ ദേവവിധാനകം
പുരശ്ചര്യാ പ്രസംഗേന മമാപി സ്മൃതിമാഗതം
ദേവയജ്ഞോ ബ്രഹ്മയജ്ഞോ ഭൂതയജ്ഞസ്തഥൈവ ച
പിതൃയജ്ഞോ മനുഷ്യസ്യ യജ്ഞശ്ചൈവ തു പഞ്ചമ:

ശ്രീ നാരായണൻ പറഞ്ഞു: ഇനി വൈശ്വദേവ പൂജകൾ ചെയ്യേണ്ടതിനെപ്പറ്റിപ്പറയാം. ദേവയജ്ഞം, ബ്രഹ്മയജ്ഞം, ഭൂതയജ്ഞം, പിതൃയജ്ഞം, മനുഷ്യ യജ്ഞം, എന്നിങ്ങിനെ അഞ്ച് തരമാണ് യജ്ഞങ്ങൾ. മനുഷ്യർക്ക് അടുപ്പ്,അമ്മിക്കല്ല്, കൊടുവാള്, ഉരൽ, കിണ്ടി എന്നിവയാൽ ഏർപ്പെടുന്ന അഞ്ചു പാപങ്ങൾ പോക്കാനാണീ പഞ്ചയജ്ഞങ്ങൾ അനുഷ്ഠിക്കുന്നത്.

വെറും നിലത്തോ അടുപ്പിലോ ഇരുമ്പ് പാത്രത്തിലോ മൺപാത്രത്തിലോ വൈശ്വദേവം നടത്തരുത്. അതിനുവേണ്ടി ഒരു തറ പണിത് അല്ലെങ്കിൽ ഒരു തീക്കുണ്ഡമുണ്ടാക്കി വേണം വൈശ്വദേവം ചെയ്യാൻ.

തീ ഊതിത്തന്നെ വേണം കത്തിക്കാൻ. അഗ്നി ഉദ്ഭവിക്കുന്നത് മുഖത്തു നിന്നാകയാൽ മുറം, കൈയ്, തുണി, തോല്, എന്നിവ കൊണ്ട് വീശി തീ കത്തിക്കരുത്. വസ്ത്രം കൊണ്ടു വീശിയാൽ വ്യാധി വർദ്ധിക്കും. മുറം കൊണ്ട് വീശിയാൽ ധനനഷ്ടമുണ്ടാവും കൈകൊണ്ടു വീശിയാൽ മരണമുണ്ടാവും എന്നാൽ ഊതിക്കൊണ്ട് തീ കത്തിച്ചാലത് കർമസിദ്ധി പ്രദമത്രേ.

യജ്ഞത്തിനായി നെയ്യ്, തൈര്, ഫലങ്ങൾ, കിഴങ്ങ്, ഇലകൾ എന്നിവയെല്ലാം ഉപയോഗിക്കാം. ഇവ കിട്ടാത്തപ്പോൾ പുല്ലും വിറക്കകുമൊക്കെ ഉപയോഗിക്കാം. നെയ്യിലോ തൈരിലോ പാലിലോ മുക്കിയാണ് ഹോമം നടത്തേണ്ടത്. അവയിൽ ഉപ്പും എണ്ണയും പുരളാൻ പാടില്ല.

ജീർണ്ണിച്ചതും ഉണങ്ങിയതും ഹോമിച്ചാൽ കുഷ്ഠം ഫലം. എച്ചിൽ പുരണ്ടതാണെങ്കിൽ ശത്രു ഭയമുണ്ടാവും. എരിവു കലർന്നാൽ ദാരിദ്ര്യം ഉറപ്പാണ്. ഉപ്പു കലർന്നാൽ വിപ്രന്‍ പതിതനാവും. അടുപ്പിന്റെ വടക്കായി ചാരം നീക്കിയ തീക്കനലിലാണ് നിത്യഹോമം ചെയ്യേണ്ടത്.

വൈശ്വദേവത്തിനു മുൻപ് ഭക്ഷണം കഴിക്കുന്ന ബ്രാഹ്മണന് കാലസൂത്രമെന്ന നരകത്തിൽ തലകീഴായി കിടക്കാനാണ് യോഗം. തനിക്ക് കഴിക്കാൻ യോഗ്യമായതെന്തും വൈശ്വദേവത്തിനുപയോഗിക്കാം. ഹോമത്തിനു മുൻപ് ഭിക്ഷയ്ക്കായി എത്തുന്നവർക്കും ഈ ഹോമദ്രവ്യങ്ങൾ തന്നെ നൽകാം. വൈശ്വദേവത്തിൽ എന്തെങ്കിലും പിഴയുണ്ടായാൽ അത് തീർക്കാൻ ഭിക്ഷുവിന് കഴിയും.എന്നാൽ ഭിക്ഷുവിന് ആഹാരം കൊടുക്കാത്തതിന്റെ ദോഷം തീർക്കാൻ ഈ നിത്യഹോമത്തിനു കഴിയുകയില്ല.

സന്യാസിക്കും ബ്രഹ്മചാരിക്കും വേവിച്ച ചോറ് നല്കണം. അവർക്ക് കൊടുക്കാതെയുണ്ണുന്നത് പ്രായശ്ചിത്തം ചെയ്യേണ്ടുന്ന  പാപമത്രെ. വൈശ്വദേവം കഴിഞ്ഞാൽ ചോറുരുളകൾ പശുവിനും നൽകണം. "വിഷ്ണു സവിധം വാഴുന്ന കാമധേനുവായ സുരഭീ, നീയീ ഉരുള സ്വീകരിച്ചാലും എന്നു സങ്കൽപ്പിച്ചു വേണം പശുവിനെ ഊട്ടാൻ. ഗോക്കൾക്ക് നമസ്ക്കാരം പറഞ്ഞ് ആദരപൂർവ്വം വേണം ചോറുരുളനൽകാൻ. എന്നിട്ട് പശുവിനെ കറക്കുന്നത് കൺനിറയെ കണ്ടു  നില്ക്കുക.

ഭഗ്നാശനായി ഒരതിഥിയോ ഭിക്ഷുവോ വീട്ടിൽ നിന്നും മടങ്ങിപ്പോയാൽ അയാളുടെ ദുഷ്കൃതമെല്ലാം ഗൃഹസ്ഥനെ ബാധിക്കും. ഗൃഹസ്ഥന്റെ പുണ്യമെല്ലാം അയാൾക്ക് സ്വന്തമാവുകയും ചെയ്യും.

മാതാപിതാക്കളെയും ഗുരുക്കൻമാരെയും സഹോദരൻമാരെയും മക്കളെയും, ആശ്രിതരെയും, ബന്ധുക്കളെയും ഭൃത്യരെയും അതിഥികളെയും കെടാത്ത അഗ്നിയെയും സംരക്ഷിക്കേണ്ടത് ഗൃഹസ്ഥനാണ്. ഈ ചുമതലയെ പേടിച്ച് ഗൃഹസ്ഥൻ ആകാൻ മടിക്കുന്നവന് ഇഹത്തിലും പരത്തിലും ഗതിയുണ്ടാവില്ല.  എന്നാൽ ദിനവും പഞ്ചമഹായജ്ഞം നടത്തുന്നവന് സോമയാഗത്തിന്റെ ഫലം നേടാം.

ഇനി പ്രാണാഗ്നിഹോത്രം എന്തെന്നു നോക്കാം. ഇതിനെപ്പറ്റി അറിയുന്നതു പോലും മരണത്തെ വെല്ലാനുതകും. നല്ലതുപോലെയിത് മനസ്സിലാക്കിയാൽ മഹാപാപങ്ങളിൽ നിന്നവൻ മുക്തനുമാവും.  വിധിയാംവണ്ണം പ്രാണാഗ്നിഹോത്രം ചെയ്ത് ഒരുവനവന്റെ ഇരുപത്തിയൊന്ന് തലമുറകളെ ഉദ്ധരിക്കാം. അവന് സർവ്വയജ്ഞ ഫലം ലഭിക്കും. മാത്രമല്ലാ അവന് യഥേഷ്ടം എങ്ങും സഞ്ചരിക്കാനും കഴിയും.

ഹൃദയസ്ഥിതമായ താമരയാണ് അരണി. മനസ്സ് കടകോൽ. വായുവാണ് കയർ. കണ്ണ് ഹോതാവ്. ഇവകൊണ്ട് ജഡരാഗ്നിയെ മഥിച്ച് പ്രാണാഹുതി നടത്തണം. ചൂണ്ടാണിവിരലും നടുവിരലും തള്ളവിരലും ചേർത്താണ് പ്രാണാഹുതി നൽകേണ്ടത്. ചെറുവിരലും മോതിരവിരലും തളളവിരലും ചേർത്ത് വ്യാനനും ചെറുവിരലും ചൂണ്ടാണിയും തള്ളവിരലും ചേർത്ത് ഉദാനനും എല്ലാ വിരലും ചേർത്ത് അന്നമെടുത്ത് സമാനനും ആഹൂതിയർപ്പിക്കുക.

'ഓം പ്രാണായ സ്വാഹാ', 'ഓം അപാനായ സ്വാഹാ',  'ഓം വ്യാനായ സ്വാഹാ', 'ഓം ഉദാനായ സ്വാഹാ', 'ഓം സമാനായ സ്വാഹാ', എന്നിങ്ങിനെ ജപിച്ച് മുഖത്ത് ആഹവനീയാഗ്നിയും ഹൃദയത്തിൽ ഗാർഹപത്യാഗ്നിയും നാഭിയിൽ ദക്ഷിണാഗ്നിയും, സ്വാധിഷ്ഠാനമായ  അധോഭാഗത്ത് സഭ്യാഗ്നിയും മൂലാധാരത്തിൽ അവസത്ഥ്യാഗ്നിയും തെളിച്ച് വാക്ക് ഹോതാവും, പ്രാണൻ ഉദ്ഗാതാവും, ഉൾക്കണ്ണ് യാജകനുമാക്കി, മനസ്സിനെ ബ്രഹ്മാവാക്കി, ചെവിയെ അഗ്നീധ്രൻമാരാക്കി, അഹങ്കാരത്തെ യജ്ഞപശുവാക്കി, പ്രണവത്തെ ജലമാക്കി, ബുദ്ധിയെ യജമാനപത്നിയാക്കി, അവൾക്കധീനനെ ഗൃഹസ്ഥനാക്കി, മാറിടം യജ്ഞവേദിയാക്കി, രോമങ്ങൾ ദർഭകളാക്കി, കൈകളെ യജ്ഞപാത്രവും തവിയുമാക്കി, യജ്ഞം ചെയ്യുക.

പ്രാണമന്ത്രത്തിന്റെ ഋഷി സ്വർണ്ണ നിറത്തിലുള്ള ക്ഷുധാഗ്നിയാണ്. ആദിത്യൻ ദേവത, ഛന്ദസ്സ് ഗായത്രിയാണ്. 'ഓം പ്രാണായ സ്വാഹാ', 'ഇദമാദിത്യദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത്.

അപാനമന്ത്രത്തിന്റെ ഋഷി പശുവിൻ പാൽ പോലെ വെളുത്ത ശ്രദ്ധാഗ്നിയാണ്. സോമൻ ദേവത. ഉഷ്ണിക് ഛന്ദസ്സ്. 'ഓം അപാനായ സ്വഹാ', ഇദം സോമദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത്.

വ്യാനമന്ത്രത്തിന്റെ ഋഷി താമരനിറത്തിൽ നിലകൊള്ളുന്ന ഹുതാശനനാണ്. ദേവത അഗ്നിയും ഛന്ദസ്സ് അനുഷ്ടുപ്പുമാണ്. 'ഓം വ്യാനായസ്വാഹാ', 'ഇദം അഗ്നിദേവായ, ന മമ' എന്നാണ് ജപിക്കേണ്ടത്.

ഉദാനമന്ത്രത്തിന്റെ  ഋഷി കൃഷ്ണവർണ്ണം പൂണ്ട അഗ്നിയാണ്. വായു ദേവത. ബൃഹതീ ഛന്ദസ്സ്. 'ഓം ഉദാനായ സ്വഹാ', ഇദം വായുദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത്.

സമാനമന്ത്രത്തിന്റെ ഋഷി വിദ്യുത്വർണ്ണത്തിൽ ജ്വലിക്കുന്ന അഗ്നിയാണ്. പർജ്ജന്യൻ ദേവത. പംക്തി ഛന്ദസ്സ്. 'ഓം സമാനായ സ്വാഹാ', 'ഇദം പർജ്ജന്യ ദേവായ, ന മമ' എന്നതാണ് ജപിക്കേണ്ടത് .

ആറാമതായി ചെയ്യേണ്ട മഹാഗ്നി ആഹുതിക്ക് വൈശ്വാനരൻ ഋഷിയാകുന്നു. ഗായത്രി ഛന്ദസ്സ്. ആത്മാവ് ദേവത. 'ഓം പരമാത്മനേ നമ:, ഇദം ന മമ' എന്ന് ജപിച്ച് പ്രാണാഗ്നിഹോത്രം അവസാനിപ്പിക്കാം. ഇത് വേണ്ടപോലെ അനുഷ്ഠിച്ച് ബ്രഹ്മമായിത്തീരാൻ കഴിയും.

No comments:

Post a Comment