ദിവസം 318. ശ്രീമദ് ദേവീഭാഗവതം. 12.9. ഗൗതമശാപം
കദാചിദഥ കാലേ തു ദശ പഞ്ച സമാ വിഭോ
പ്രാണിനാം കർമ്മവശതോ ന വവർഷ ശതക്രതു:
അനാവൃഷ്ട്യാതിദുർഭിക്ഷമഭവത് ക്ഷയകാരകം
ഗൃഹേ ഗൃഹേ ശവാനാം തു സംഖ്യാ കർത്തും നശക്യതേ
വ്യാസൻ പറഞ്ഞു: പണ്ടൊരിക്കൽ കർമ്മദോഷം കാരണം ഭൂമിയിൽ പതിനഞ്ചു വർഷത്തോളം മഴ പെയ്തില്ല. മഴ പെയ്യാഞ്ഞ് ഭൂമിയിൽ കടുത്ത ഭക്ഷണ ക്ഷാമം അനുഭവപ്പെട്ടു. ഓരോ വീട്ടിലും പട്ടിണി കൊണ്ട് അസംഖ്യം പേർ മരിച്ചു പോയി. ചിലർ പശിയൊടുക്കാൻ പന്നി കുതിര മുതലായ മൃഗങ്ങളെ കൊന്നു തിന്നു. മറ്റു ചിലർ മനുഷ്യ ശവങ്ങൾ പോലും ആഹരിക്കുകയുണ്ടായി. അമ്മമാർ മക്കളെയും പുരുഷൻ തന്റെ പത്നിയേയും തിന്നു. എല്ലാവരും ആഹാരം കിട്ടാതെ വലഞ്ഞു തെണ്ടിത്തിരിഞ്ഞു.
ബ്രാഹ്മണർ എന്താണീ ദുർഭിക്ഷം തീർക്കാനൊരു വഴിയെന്നാലോചിച്ചു. "ഈ കഷ്ടപ്പാട് തീർക്കാൻ മഹർഷി ഗൗതമന് മാത്രമേ കഴിയൂ" എന്നാലോചിച്ച് അവർ അദ്ദേഹത്തെ ചെന്ന് കാണാൻ തീരുമാനിച്ചു. ഗൗതമാശ്രമത്തിൽ അദ്ദേഹം സദാ ഗായത്രീ ജപത്തിൽ മുഴുകിയാണിരിക്കുന്നത്. മഹർഷിയുടെ അടുത്ത് ഭക്ഷണം ധാരാളമുണ്ട് എന്നറിഞ്ഞ് പലരും അങ്ങോട്ട് പോയിട്ടുമുണ്ട്.
എല്ലാവരും തങ്ങൾക്കുള്ള പശുക്കളേയും ഭൃത്യജനങ്ങളേയും കൂട്ടി ഗൗതമാശ്രമത്തിലേയ്ക്ക് യാത്രയായി. നാനാദിക്കിൽ നിന്നും വന്നെത്തിയ വിപ്രരെ മഹർഷി ഉപചാരപൂർവ്വം സ്വീകരിച്ചാനയിച്ചു. കുശലം ചോദിച്ച് ബ്രാഹ്മണരുടെ ആഗമനോദ്ദേശം മനസ്സിലാക്കി.
ഞാൻ നിങ്ങൾക്ക് ദാസനാണ്. ഈ വീട് നിങ്ങൾക്ക് സ്വന്തമെന്ന പോലെ ഉപയോഗിക്കാം. ഞാനുള്ളപ്പോൾ നിങ്ങൾ ഭക്ഷണകാര്യത്തേക്കുറിച്ച് വ്യാകുലപ്പെടേണ്ട. തപോധനൻമാരായ നിങ്ങളെ കണ്ടതു തന്നെ ഭാഗ്യമായി ഞാൻ കരുതുന്നു. ബ്രാഹ്മണ ദർശനം തന്നെ പുണ്യ പ്രദമത്രേ. അവരുടെ പാദധൂളി ഭക്ത ഗൃഹങ്ങളെ പവിത്രീകരിക്കുന്നു. നിങ്ങൾക്കിവിടെ സുഖമായി താമസിക്കാം.
ഇങ്ങിനെ പറഞ്ഞ് വിപ്രൻമാരെ ആശ്വസിപ്പിച്ച ഗൗതമ മുനി ഗായത്രീ ദേവിയെ കൈകൂപ്പി പ്രാർത്ഥിച്ചു. "ദേവീ, മഹാവിദ്യാ സ്വരൂപിണീ, അംബികേ, വേദജനനീ, പരാത്പരേ, മഹാ മന്ത്ര സ്വരൂപേ, പ്രണവസ്വരൂപേ, സാമ്യാവസ്ഥാത്മികേ ഹ്രീങ്കാരേ, നമസ്ക്കാരം.
സ്വാഹാ സ്വധാ രൂപത്തിൽ വർത്തിക്കുന്ന സർവ്വാർത്ഥ സാധികയായ അമ്മ ഭക്തർക്ക് കല്പതരുവാണ്. അവസ്ഥാത്രയങ്ങൾക്ക് സാക്ഷിയായി വർത്തിക്കുന്ന അവിടുന്ന് തുരീയാതീതയാണ്. സച്ചിദാനന്ദ വിഗ്രഹയും സർവ്വവേദാന്ത സംവേദ്യയും സൂര്യ മണ്ഡലവാസിനിയും ആയ അവിടുന്ന് പ്രഭാതത്തിൽ തങ്കവർണ്ണത്തിൽ ബാലയായും മധ്യാഹ്നത്തിൽ യുവകോമളയായും സായാഹ്നത്തിൽ കൃഷ്ണവർണ്ണം പൂണ്ട വൃദ്ധയുമായി വിരാജിക്കുന്നു. സർവ്വഭൂതങ്ങൾക്കും ആശ്രയമായ ദേവീ, മഹാമായേ, പരമേശ്വരീ, നമസ്ക്കാരം, നമസ്ക്കാരം"
ഗൗതമസ്തുതിയിൽ സംപ്രീതയായ ജഗ്മാതാവായ ദേവി മുനിക്ക് മുന്നിൽ പ്രത്യക്ഷയായി. എല്ലാവിധ ആഗ്രഹങ്ങളും ക്ഷണത്തിൽ സാധിപ്പിക്കുന്ന അമൂല്യമായൊരു പാത്രം മഹർഷിക്കു സമ്മാനിച്ചിട്ട് ദേവിയിങ്ങിനെ പറഞ്ഞനുഗ്രഹിച്ചു. 'അങ്ങെന്ത് ആഗ്രഹിക്കുന്നുവോ അതെല്ലാം ഈ പാത്രം സാധിച്ചു തരും.' എന്നു പറഞ്ഞ് ഗായത്രീദേവി അപ്രത്യക്ഷയായി.
പെട്ടെന്ന് ആ പാത്രത്തിൽ നിന്നും കുന്നുപോലെ ചോറും കറികളും ഉണ്ടായി. ആറ് രസങ്ങളും പച്ചക്കറി വർഗ്ഗങ്ങളും ഇലകളും ദിവാഭരണങ്ങളും പട്ടുവസ്ത്രങ്ങളും പാത്രങ്ങളും മഹർഷിയാഗ്രഹിച്ചപോലെ അവിടെ കുമിഞ്ഞു കൂടി.
മഹർഷി അതിഥികളായ ബ്രാഹ്മണ സംഘത്തെ വിളിച്ച് സന്തുഷ്ടമനസ്സോടെ ദിവ്യപാത്രം നൽകിയ ഭക്ഷണവും മറ്റും നൽകി. ഭക്ഷണം കഴിച്ച് തൃപ്തരായ ബ്രാഹ്മണർ കൂട്ടായി നിന്ന് യജ്ഞത്തിൽ ഏർപ്പെട്ടു. പാത്രത്തിൽ നിന്നും യജ്ഞത്തിനാവശ്യമായ സ്രുക്ക് സ്രുവങ്ങളും ഗോമഹിഷ്യാദികളും അവർക്ക് കിട്ടിയിരുന്നു.
യജ്ഞഫലമായി അവിടം സ്വർഗ്ഗതുല്യമായ ഒരിടമായി മാറി. ഗായത്രീ ദേവി സമ്മാനിച്ച പാത്രത്തിൽ നിന്നും എല്ലാവരുടെ അഭീഷ്ടങ്ങൾക്കും അനുസരിച്ചുള്ള വസ്തുക്കൾ ഉണ്ടായി. തിളങ്ങുന്ന വേഷ ഭൂഷകളാൽ അലങ്കൃതരായ വിപ്രൻമാർ ദേവസദൃശ്യരായും അവരുടെ പത്നിമാർ ദേവനാരിമാരെപ്പോലെയും കാണപ്പെട്ടു. ജരാനരകളോ രോഗപീഡകളോ ഇല്ലാത്ത ആ നാട്ടിൽ ആർക്കും ദൈത്യഭയവും ഇല്ലായിരുന്നു. എന്നുമവിടെ ഉത്സവമായിരുന്നു.
ഐശ്വര്യമേറിയ ആ നാട്ടിൽ മറ്റ് ജീവജാലങ്ങൾ താനേ വന്നുകൂടി ക്രമേണ ആശ്രമം വളർന്നു വളരെ വലുതായി. ബ്രാഹ്മണർ നാനാവിധ യജ്ഞങ്ങൾ യഥാവിധി ചെയ്ത് അവിടം സ്വർഗ്ഗം തന്നെയായി. വിപ്രൻമാർ ഗൗതമ മഹർഷിയുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടി. ദേവേന്ദ്രൻ തന്റെ സഭയിലും ഗൌതമാശ്രമത്തിലെ യജ്ഞങ്ങളെ പുകഴ്ത്തിപ്പറഞ്ഞു. "നമ്മുടെ അഭീഷ്ടമനുസരിച്ച് എല്ലാം നൽകുന്ന കൽപ്പവൃക്ഷം തന്നെയാണീ മഹാമുനി. അല്ലെങ്കിൽ ഭൂമിയിൽ ക്ഷാമമുള്ളപ്പോൾ ദേവൻമാർക്കുള്ള ഹവിസ്സും വപയുമൊക്കെ നമുക്കെങ്ങിനെ മുടക്കമില്ലാതെ ലഭിക്കും.?"
ഗർവ്വ് അശേഷം തീണ്ടാതെ ഇങ്ങിനെയൊരു പന്ത്രണ്ട് കൊല്ലം ഗൗതമൻ ബ്രാഹ്മണരെ സകുടുംബം സംരക്ഷിച്ചു. അദ്ദേഹം ഒരു ഗായത്രീക്ഷേത്രം അവിടെ നിർമ്മിച്ചു. ആ കോവിലിൽ പുരശ്ചര്യക്രമത്തോടെ ത്രിസന്ധ്യാ പൂജകളോടെ മുനിമാർ ജഗദംബികയെ പൂജിക്കുന്നു. പ്രഭാതത്തിൽ ദേവിയവിടെ ബാലികയാണ്. മദ്ധ്യാഹ്നത്തിൽ യുവതിയും സായാഹ്നത്തിൽ വൃദ്ധയുമാണ്.
ഒരിക്കലവിടെ മുനി ശ്രേഷ്ഠനായ നാരദമഹർഷി തന്റെ വീണയായ മഹതിയിൽ ഗായത്രീ ദേവിയുടെ അപദാനങ്ങൾ മീട്ടി ഗൗതമാദി മുനിമാരുടെ സഭയിലെത്തി. മുനിമാർ നാരദരെ അത്യധികം ബഹുമാനത്തോടെ സ്വീകരിച്ചു. നാരദൻ പല കഥകളും പറയുന്ന കൂട്ടത്തിൽ ഗൗതമമഹർഷി ലോകത്താർജ്ജിച്ച യശസ്സിനെ സ്തുതിച്ചു. "മഹർഷേ, ബ്രാഹ്മണരക്ഷ ചെയ്യുന്ന അങ്ങയുടെ കീർത്തി സ്വർഗ്ഗത്തിലൊക്കെ നന്നായി പരന്നിരിക്കുന്നു. ദേവേന്ദ്രൻ തന്നെ പല തവണ ഇവിടുത്തെ ഐശ്വര്യത്തെപ്പറ്റി പറയുകയുണ്ടായി. അതൊന്ന് നേരിൽക്കണ്ട് മനസ്സിലാക്കാനാണ് ഞാനിപ്പോൾ വന്നത്. ജഗദംബ അനുഗ്രഹിക്കയാൽ അങ്ങ് ധന്യധന്യനാണ്".
നാരദൻ ഗായത്രീക്ഷേത്രത്തിൽ ചെന്ന് ദേവിയെ സ്തുതിച്ച ശേഷം ദേവലോകത്തേക്ക് മടങ്ങി.
ഗൗതമുനിയുടെ കീർത്തി അത്രത്തോളം വർദ്ധിച്ചുവെന്ന് നാരദമുനിയിൽ നിന്നുമറിഞ്ഞ വിപ്രൻമാർക്ക് അസൂയയായി. "ഈ കീർത്തി നശിപ്പിക്കാൻ നമുക്കെന്തെങ്കിലും ചെയ്യണം" എന്നവർ തീരുമാനിച്ചു. കാലക്രമത്തിൽ ഭൂമിയിൽ മഴ പെയ്തു. ക്ഷാമാവസ്ഥ മാറി, എല്ലായിടവും ഫലഭൂയിഷ്ടമായി. തങ്ങളുടെ കഷ്ടപ്പാട് മാറിയപ്പോൾ കുമെന്നു പറയട്ടേ, ബ്രാഹ്മണർ ഗൗതമനെ ശപിക്കാൻ ഒരുമ്പെട്ടു. അവർ ചാവാറായ ഒരു തളളപ്പശുവിനെ മായ കൊണ്ട് നിർമ്മിച്ച് ഗൗതമന്റെ യജ്ഞശാലയിലേയ്ക്ക് വിട്ടു. ഹോമ സമയത്ത് അവിടെച്ചെന്ന് ശല്യമുണ്ടാക്കിയപ്പോൾ മഹർഷി 'ഹും ഹും' എന്നതിനെ വിലക്കി. പെട്ടെന്നാ ചാവാലിപ്പശു യജ്ഞശാലയിൽ ചത്തുവീണു.
'മഹർഷി പശുവിനെ കൊന്നേ' എന്ന് ബ്രാഹ്മണർ വിളിച്ചു കൂവി. ഗൗതമൻ ഹോമവസാനിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ചു. തന്റെ സംരക്ഷണത്തിൽ കഴിയുന്ന നന്ദിയില്ലാത്ത ബ്രാഹ്മണർ ചെയ്ത ചതിയാണിതെന്ന് അദ്ദേഹം പെട്ടെന്ന് മനസ്സിലാക്കി. കോപത്താൽ ചുവന്ന കണ്ണുകളുമായി മഹർഷി ബ്രാഹ്മണരെ ശപിച്ചു. 'നീച ബ്രാഹ്മണരേ, നിങ്ങൾ എന്നും വേദമാതാവായ ഗായത്രി ജപത്തിലും ധ്യാനത്തിലും വിമുഖരായിത്തീരട്ടെ! മൂലപ്രകൃതിയെ ധ്യാനിക്കുന്നതിലും തത്കഥാശ്രവണത്തിലും നിങ്ങൾ വിമുഖരാവട്ടെ. ദേവീ മന്ത്രത്തിലും പൂജയിലും ദേവീക്ഷേത്രത്തിലും നിങ്ങൾക്ക് താൽപ്പര്യം ഇല്ലാതാവട്ടെ. ദേവീ ഭക്തൻമാരെ കാണാനും ബഹുമാനിക്കാനും നിങ്ങൾക്ക് അവസരമില്ലാതെ പോകട്ടെ. പരമശിവനിലും ശിവ ശാസ്ത്രാദികളിലും ശിവമന്ത്രത്തിലും നിങ്ങൾ വിമുഖരാവട്ടെ. ദേവിയുടെ ഉത്സവം കാണുന്നതിലും ദേവീനാമകീർത്തനത്തിലും നിങ്ങൾ വിമുഖരാവട്ടെ. രുദ്രാക്ഷത്തിലും വില്വ പത്രത്തിലും ഭസ്മത്തിലും നിങ്ങൾ വിമുഖരാവട്ടെ. ശ്രുതി സ്മൃതി സദാചാരങ്ങൾ, ജ്ഞാന മാർഗ്ഗങ്ങൾ, അദ്വൈതനിഷ്ഠകൾ, ശമദമാദി സാധനകൾ എന്നിവയിലെല്ലാം നീചവിപ്രരേ നിങ്ങൾ സദാ വിമുഖരാവട്ടെ. നിത്യ കർമ്മങ്ങളിലും അഗ്നിഹോത്ര കർമ്മങ്ങളിലും നിങ്ങൾ വിമുഖരാവട്ടെ. സ്വാധ്യായം, പ്രവചനം എന്നിവയിൽ നിങ്ങൾക്ക് താൽപ്പര്യമില്ലാതാവട്ടെ. ഗോദാനം പിതൃശ്രാദ്ധം എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയില്ലാതാവട്ടെ. കൃച്ഛ്രചാന്ദ്രായണം, പ്രായശ്ചിത്തം, എന്നിവയിൽ നിങ്ങൾ വിമുഖരാവട്ടെ. ശ്രീദേവിയൊഴികെ മറ്റ് ദേവതകളിൽ മാത്രം നിങ്ങളുടെ ശ്രദ്ധാഭക്തികൾ കേന്ദ്രീകൃതമാവട്ടെ. നിങ്ങൾ ശംഖചക്രമുദ്രകൾ ധരിച്ചവരായിത്തീരട്ടെ. നീചരേ, നിങ്ങൾ കാപാലിക മതക്കാരും ബൗദ്ധ ദർശനത്തിൽ ആസക്തിയുള്ളവരും നാസ്തികരുമായിത്തീരട്ടെ. നിങ്ങൾ സ്വന്തം മാതാപിതാക്കളേയും പുത്രകളത്രാദികളെയും വില്ക്കുന്നത്ര നീചരായി ഭവിക്കട്ടെ. നിങ്ങൾ വേദവും തീർത്ഥവും ധർമ്മവും വില്പനയ്ക്ക് വയ്ക്കുന്നവരായിത്തീരട്ടെ. നിങ്ങൾക്ക് കാമശാസ്ത്രം, പാഞ്ച രാത്രം, കാപാലിക മതം, ബുദ്ധ ശാസ്ത്രം എന്നിവയിൽ താൽപ്പര്യമുറയ്ക്കട്ടെ. നിങ്ങൾ മാതാവിനെയും സ്വപുത്രിയേയും പ്രാപിക്കാൻ മടിയില്ലാത്ത നീചരാവട്ടെ. നിങ്ങൾ പരസ്ത്രീലമ്പടരാവട്ടെ . സ്ത്രീകളടക്കം നിങ്ങളുടെ വംശത്തിലുണ്ടാവുന്ന എല്ലാവർക്കും എന്റെ ശാപംഫലിക്കട്ടെ. മൂലപ്രകൃതിയായ ഈശ്വരി, പരമശ്രേഷ്ഠയായ ഗായത്രിയുടെ കോപം നിങ്ങളിൽ പതിക്കട്ടെ."
വ്യാസൻ പറഞ്ഞു: ഗൗതമമുനി ശാപവാക്കുകൾ പറഞ്ഞ് ജലമെടുത്ത് കുടഞ്ഞു. അദ്ദേഹം ഗായത്രീ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്ക് പോയി. ജഗദംബികയെ പ്രണമിച്ചു. എന്നാൽ ആശ്രിതവൽസലയും പരാത്പരയുമായ ദേവി വിപ്രൻമാരുടെ ദുരിതമോർത്ത് പരിതപിച്ചു വിസ്മയം പൂണ്ടു. ഇന്നും ദേവീ വദനത്തിൽ ആ വിസ്മയം കാണാം.
ദേവി മഹർഷിയോട് പറഞ്ഞു.: "പാലു കൊടുത്താലും പാമ്പ് വിഷമല്ലേ പകരം തരൂ. അങ്ങ് പ്രശാന്തനായാലും കാലത്തിന്റെ ഗതി ഇങ്ങിനെയൊക്കെയാണ് എന്ന് സമാധാനിക്കുക". മഹർഷി ദേവിയെ നമസ്ക്കരിച്ച് മടങ്ങി.
ശാപമേറ്റ ബ്രാഹ്മണർ വേദവും ഗായത്രിയും മറന്നു. അവർ പോലും ആ ദുർഗതിയിൽ അത്ഭുതസ്തബ്ധരായി. ഒടുവിലവർ ഗൗതമനെത്തന്നെ സമീപിച്ച് തല കുനിച്ചു നിന്നു. "ദയവുണ്ടായി തങ്ങളിൽ പ്രസാദിക്കണേ" എന്നവർ മൗനമായി പ്രാർത്ഥിച്ചു. കൃപാർദ്രചിത്തനായ മുനി അവർക്ക് ശാപമോക്ഷം നൽകി. "എന്റെ ശാപം ഫലിക്കാതെ വരില്ല എന്നറിയുക. കൃഷ്ണാവതാരം വരേയ്ക്ക് നിങ്ങൾ കുംഭീപാകത്തിൽ കിടക്കേണ്ടി വരും. എങ്കിലും ഗായത്രീ ദേവിയെ ഭജിച്ച് നിങ്ങൾക്ക് പാപമോചനം നേടാം."
"ഇത് പ്രാരബ്ധം തന്നെ" എന്ന് ഗൗതമമുനി സമാധാനിച്ചു. ജ്ഞാനസ്വരൂപനായ ശ്രീകൃഷ്ണൻ വൈകുണ്ഠം പൂകിയ ശേഷം കലികാലം സമാഗതമായി. അപ്പോൾ കുംഭീ പാകത്തിൽ നിന്നും ആ ബ്രാഹ്മണർ ഭൂമിയിൽ പുനർജനിച്ചു. അവരിൽ ത്രിസന്ധ്യാ നിഷ്ഠയും ഗായത്രീ ഭക്തിയും ഉണ്ടായിരുന്നില്ല. വേദഭക്തിയില്ലാത്ത അക്കൂട്ടർ നിരീശ്വരവാദികളും ഹോമാദി കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവരും ആയിരുന്നു. മൂലപ്രകൃതിയെ അറിയാത്ത അവർക്ക് സൽകർമ്മങ്ങൾ എന്താണെന്നും അറിയില്ല -
കാപാലികർ, ജൈനന്മാർ, ബൗദ്ധൻമാർ എന്നിവരിൽ പണ്ഡിതൻമാർ ഉണ്ടെങ്കിലും അവർ ദുരാചാരികളാണ്. അവരിൽ ചിലർ ദേഹത്ത് പച്ചകുത്തുന്നവരാണ്. കപാലികരും, കൗളൻമാരും, അക്കൂട്ടത്തിലുണ്ട്. പരദാര ഭ്രമം വിടാത്തതു കൊണ്ട് അവർ വീണ്ടും കുംഭീപാകത്തിൽത്തന്നെ ചെന്നു വീഴും.
അതു കൊണ്ട് ദേവീഭജനം ഒന്നു മാത്രമേ നമുക്ക് കരണീയമായുള്ളു. ശിവോപാസനയും വിഷ്ണുപാസനയും താൽക്കാലികമാണ്. ശാശ്വതമായത് ദേവീയുപാസനയൊന്നു മാത്രമാണ്. അതില്ലാഞ്ഞാൽ അധപ്പതനമാണ് ഫലം.
അനഘനായ രാജാവേ, അങ്ങ് ചോദിച്ചതിന് ഞാൻ ഉത്തരമേകിയല്ലോ. ഇനി ഭുവനേശ്വരിയുടെ ആസ്ഥാനമായ മണി ദ്വീപിനെ ഞാൻ വർണ്ണിക്കാം. സംസാരദുഖത്തെ നശിപ്പിക്കുന്നതും ജഗദംബിക വാണരുളുന്നതുമായ മണിദ്വീപ് സകലലോകങ്ങൾക്കും മുകളിലത്രേ.

No comments:
Post a Comment