Devi

Devi

Wednesday, November 15, 2017

ദിവസം 308 ശ്രീമദ്‌ ദേവീഭാഗവതം. 11.23. തപ്തകൃഛ്റാദി ലക്ഷണം

ദിവസം 308  ശ്രീമദ്‌ ദേവീഭാഗവതം. 11.23.  തപ്തകൃഛ്റാദി ലക്ഷണം

അമൃതാപിധാനമിത്യേവമൂച്ചാര്യ സാധകോത്തമ:
ഉച്ചിഷ്ട ഭാഗ്ഭ്യ: പാത്രാന്നം ദദ്യാദന്തേ വിചക്ഷണ:
യേ കേ ചാസ്മത് കുലേ ജാതാ ദാസദാസ്യോ fന്നകംക്ഷിണ:
തേ സർവേ തൃപ്തിമായാന്തു മയാ ദത്തേന ഭൂതലേ

ശ്രീ നാരായണൻ തുടർന്നു: ഭക്ഷണം കഴിയുമ്പോൾ 'അമൃതാപിധാനമസി' എന്നു ചൊല്ലി വെള്ളം കുടിക്കുക. അതിനു ശേഷം പാത്രത്തിൽ ഉള്ള ഭക്ഷണം അവകാശികൾക്ക് കൊടുക്കണം. 'ഞാൻ നൽകുന്ന അന്നത്താൽ എന്റെ ദാസദാസീജനങ്ങൾ സംതൃപ്തരാവട്ടെ' എന്ന സങ്കൽപ്പത്തോടെ വേണം അന്നം നൽകാൻ. മാത്രമല്ല, 'എത്രയോ കാലങ്ങളായിരൗരവം മുതലായ നരകങ്ങളിൽ ദാഹിച്ച് കേഴുന്നവർ ഞാൻ തളിക്കുന്ന തീർത്ഥം കൊണ്ട് സന്തുഷ്ടരാവട്ടെ' എന്നും പ്രാർത്ഥിക്കുക. ഊണ് കഴിക്കുമ്പോൾ കൈയ്യിൽ കെട്ടിയ പവിത്രമഴിച്ചു വെയ്ക്കണം. അത് എച്ചിൽപ്പാത്രത്തിൽ ഇട്ടാൽ വിപ്രന് പന്തി ദോഷമാണ് ഫലം.

ഭക്ഷണം കഴിഞ്ഞ് സ്വയം എച്ചിൽ തൊടുന്നതും നിഷിദ്ധമാണ്. നായോ ശൂദ്രനോ ബ്രാഹ്മണനെ തൊട്ടാലും അത് അശുദ്ധമാവും. അതിന്റെ ദോഷം തീർക്കാൻ ബ്രാഹ്മണൻ പഞ്ചഗവ്യം കഴിച്ച് രാത്രി ഉപവസിക്കണം. തൊടുന്നത് ഉച്ഛിഷ്ടം അല്ലെങ്കിൽ ഒന്നു കുളിച്ചാൽ അശുദ്ധി ഇല്ലാതാകും. ഒരു പ്രാണാഹുതിക്ക് കോടിയജ്ഞഫലവും അഞ്ച് പ്രാണാഹുതിക്ക് അഞ്ചുകോടി യജ്ഞഫലവും ലഭിക്കും. പ്രാണാഗ്നി ഹോത്രം ചെയ്ത് വിജ്ഞനായ ഒരുവന് അന്നം കൊടുക്കുന്നത് ഇരുവര്‍ക്കും പുണ്യപ്രദമാണ്. സ്വർഗ്ഗവാസഫലമാണ് രണ്ടാൾക്കും ലഭിക്കുക.

പവിത്രധാരിയായ വിപ്രൻ വിധിപോലെ കഴിക്കുന്ന ഓരോ ഉരുളച്ചോറിനും പഞ്ചഗവ്യസേവയുടെ ഫലം ലഭിക്കും. ദിവസത്തിലെ മൂന്നു പൂജാ സമയങ്ങളിലും ജപം, തർപ്പണം, ഹോമം, ബ്രാഹ്മണഭോജനം, ഇവ മുടക്കരുത്. ഇതാണ് പുരശ്ചരണ ക്രമം. പുരശ്ചരണനിഷ്ഠൻ നിലത്ത് കിടന്നുറങ്ങണം. ഇന്ദ്രിയങ്ങൾ അടക്കി വിനയത്തോടെയും പ്രശാന്ത മനസ്സോടെയും ലഘുഭക്ഷണം കഴിച്ച് ശുഭഭാഷണം മാത്രം പറഞ്ഞ് മൂന്നു നേരം കുളിച്ച് നിത്യ കർമ്മങ്ങൾ അനുഷ്ഠിക്കണം. സ്ത്രീ, ശൂദ്രൻ, പതിതൻ, ഭ്രഷ്ടൻ, നാസ്തികൻ, ദീക്ഷയില്ലാത്തവർ, ചണ്ഡാളൻ, എന്നിവരോട് സംസാരിക്കരുത്.

ജലഹോമാർച്ചനകൾ ചെയ്യുമ്പോൾ അവ മുടക്കിയെഴുന്നേറ്റ് ആരോടും കുശലം പറയുകയോ വന്ദിക്കുകയോ അരുത്. ആ സമയത്ത് മൈഥുന സംബന്ധമായ വർത്തമാനങ്ങളാ ഗോഷ്ഠികളോ പാടില്ല. സ്ത്രീവിഷയത്തിന്റെ അഭാവം തന്നെയാണ് ബ്രഹ്മചര്യം. എന്നാൽ ഋതുസ്നാതയായ ധർമ്മപത്നിയെ പ്രാപിക്കാൻ ബ്രാഹ്മണന് വിധിയുണ്ട്. അതു കൊണ്ട് ബ്രഹ്മചര്യത്തിന് ഭംഗമുണ്ടാവുകയില്ല. ഋതുസ്‌നാനം കഴിഞ്ഞ് രാത്രിയിലാണ് ധർമ്മപത്നിയെ പ്രാപിക്കേണ്ടത്. കടങ്ങൾ വീട്ടുകയും പുത്രോൽപ്പാദനം നടത്തുകയും യജ്ഞങ്ങൾ നടത്തുകയും ചെയ്തെങ്കിൽ മാത്രമേ ഒരു വന് മോക്ഷമിച്ഛിക്കാൻ അവകാശമുള്ളു. അല്ലാത്തവന്റെ ജന്മം കോലാട്ടിൻ കഴുത്തിലെ മുല പോലെ നിഷ്പ്രയോജനമാണ്.

ഋഷികൾക്കും ദേവൻമാർക്കും പിതൃക്കൾക്കും കടക്കാരായതിനാൽ മനുഷ്യർ ആ കടങ്ങൾ വീട്ടാൻ ബാദ്ധ്യസ്ഥരാണ്. ബ്രഹ്മചര്യം കൊണ്ട് ഋഷിഋണവും തിലോദകം കൊണ്ട് പിതൃഋണവും യജ്ഞങ്ങൾ കൊണ്ട് ദേവഋണവും വീട്ടണം.  ഫലവർഗ്ഗങ്ങളോ ഹവിസ്സോ  ഭിക്ഷാന്നമോ കഴിച്ച് ജപത്തിൽ ആമഗ്നനായിരിക്കുക. ഉപ്പ്, കാരം, പുളി, ഉള്ളി, മൺകലത്തിൽ വേവിച്ചെടുത്ത ഭക്ഷണം,  താംബൂലം, മദ്യം, ദുഷ്ടസംസർഗ്ഗം, മലിനവസ്ത്രം, എന്നിവയും ദിവസത്തിൽ രണ്ടുനേരം ഭക്ഷണവും സാധകൻ ഉപേക്ഷിക്കണം. ശ്രുതിസ്മൃതികളെ നിന്ദിക്കരുത്. രാത്രി കാലത്തുള്ള ജപവും നന്നല്ല. ചൂത്, സ്ത്രീ സംസർഗ്ഗം, വെറും സംസാരം, ചീത്ത വർത്തമാനം, എന്നിവയിൽ സമയം കളയരുത്. ദിവസവും കുറേ സമയം ദേവതാപൂജയ്ക്കായും സ്തോത്ര പഠനത്തിനായും ചെലവഴിക്കുക.

നിലത്ത് കിടന്നുറങ്ങി ബ്രഹ്മചര്യവും മൗനവ്രതവും അനുഷ്ഠിച്ച് നിത്യപൂജ, നിത്യനിദാനം, ആനന്ദസ്തുതി കീർത്തനം, എന്നിവയിൽ മുഴുകിക്കഴിയുക. മൂന്നു നേരമുള്ള കുളി മുടക്കരുത്. നിത്യപൂജ, ഗുരുവിലുള്ള അചഞ്ചല വിശ്വാസം, തുടങ്ങിയ പന്ത്രണ്ട് ധർമ്മങ്ങൾ ജപനിഷ്ഠന് സിദ്ധിപ്രദമാണ്. നിത്യവും സൂര്യാഭിമുഖമായിട്ടാണ് ജപിക്കേണ്ടത് ദേവപ്രതിമയുടെ മുൻപിലോ അഗ്നിക്കഭിമുഖമായോ ഇരുന്നു പൂജകൾ ചെയ്യണം.

സ്നാനം, ഹോമം, ജപധ്യാനാദികൾ ,എന്നിവയെല്ലാം നിഷ്കാമ കർമ്മമായി ചെയ്ത് സർവ്വവും ഈശ്വരാർപ്പണമാക്കിയ സാധകന്റെ മനസ്സ് പ്രശാന്തമായിരിക്കും. അങ്ങിനെയുള്ളവൻ സഹജീവികളോട് അകമ്പയുള്ളവരായിരിക്കും. സ്വർഗ്ഗവും ബ്രഹ്മജ്ഞാനവും അവന് നേടാനാകും. വിദ്വേഷണം, മാരണം രോഗനാശനം, മുതലായ സിദ്ധികൾ അവന് സഹജമായി സ്വായത്തമാവും. ദേവർഷിമാരെ തപസ്സുചെയ്ത് പ്രീതരാക്കി അതത് ദേവതമാരുടെ അനുഗ്രഹത്താൽ അഭീഷ്ട ഫലസിദ്ധിയും അയാള്‍ക്ക് ഉണ്ടാവും.

ദേവതാപ്രീതികരമായ കർമ്മങ്ങളും അവയുടെ പുരശ്ചരണക്രമവും ഫലങ്ങളും ഇനിപ്പറയാം. സാധകൻ സ്വാധ്യായത്തിനു മുൻപേ പ്രജാപത്യം ആചരിച്ച് ക്ഷൗരം ചെയ്ത് നഖം വെട്ടി ശുചിയായിരിക്കുക. രാവും പകലും മൗനമാചരിച്ച് പവിത്രമായ മന്ത്രങ്ങൾ ചൊല്ലുക. വാക്കിൽ അല്പം പോലും കള്ളമരുത്. ഗായത്രിയും, 'ആപോഹിഷ്ഠാമയോ' മന്ത്രവും, ഓങ്കാരസഹിതം ജപിക്കുക. 'പുനന്ത്യ: സ്വസ്തിമത്യശ്ച' എന്ന സൂക്തവും 'പാവമാന്യ സൂക്തവും' കർമ്മങ്ങൾ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ചൊല്ലുക.

ആചാര്യൻമാർക്കും ഋഷികൾക്കും ദേവതകൾക്കും ഛന്ദസ്സുകൾക്കും തർപ്പണം ചെയ്യാനായി ആയിരമോ, നൂറോ പത്തോ ജപിക്കാം. വ്യാഹൃതീയത്തോടെ ഓങ്കാരസഹിതം സാവിത്രീ മന്ത്രം പതിനായിരം ഉരു ജപിക്കുക. അനാര്യൻമാരെയും നീചരെയും ഋതുവായ സ്ത്രീകളേയും ചണ്ഡാളരേയും ഗുരുനിന്ദകരെയും കണ്ട് സംസാരിച്ച്‌ സമയം കളയരുത്. ആരെയും നിന്ദിച്ച് സംസാരിക്കയുമരുത്.

ക്ലേശം സഹിച്ച് ചെയ്യുന്ന  കൃച്ഛ്റ കർമ്മങ്ങൾക്ക് എല്ലാം ആചാരവിധികൾ ഒരു പോലെയാണ്. 'കൃച്ഛ്ര പ്രാജാപത്യം', 'കൃച്ഛ്ര സന്താപനം', 'കൃച്ഛ്ര പരാകം', 'കൃച്ഛ്രചാന്ദ്രായണം', എന്നിവയെല്ലാം അനുഷ്ഠിക്കേണ്ട വിധം ഒന്നു തന്നെയാണ്. ഈ കർമ്മങ്ങൾ ഉചിതമായി ആചരിച്ച് പഞ്ചമഹാപാപങ്ങളിൽ നിന്നുപോലും മുക്തി നേടാം. 'തപ്തകൃച്ഛ്രം' കൊണ്ട് സർവ്വപാപങ്ങളും ക്ഷണത്തിൽ ഒഴിഞ്ഞു പോവുന്നു.

ചന്ദ്രായണം മൂന്നു തവണയനുഷ്ഠിച്ചാൽ ഒരുവന് സത്യലോക പ്രാപ്തിയുണ്ടാവും. എട്ടു തവണയാണെങ്കിൽ ദേവതാ ദർശനമാണ് ഫലം. പത്തുതവണ ചെയ്താൽ ഛന്ദോ ജ്ഞാനവും സർവ്വാഭീഷ്ട സിദ്ധിയും ഫലം.

പ്രജാപത്യം ചെയ്യുന്നയാൾ മൂന്നു ദിവസം പകൽ മാത്രം ഭക്ഷണം കഴിച്ചും, പിന്നെ മൂന്നുനാൾ രാത്രി മാത്രം ഭക്ഷണം കഴിച്ചും, പിന്നെയൊരു മൂന്നു ദിവസം യാചിക്കാതെ കിട്ടുന്ന അന്നം കഴിച്ചും,  ഒടുവിൽ മൂന്നുനാൾ ഉപവസിച്ചും, തയ്യാറെടുക്കണം. ഗോമൂത്രം, ചാണകം, തൈര്, പാല്, വെണ്ണ, ഇവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം ചേർത്ത കുശോദകം മാത്രം പകൽ സേവിക്കുക. പിന്നെയൊരു രാത്രി ഉപവസിക്കുക. ഇതാണ് 'കൃച്ഛ്ര സന്താപനം.'

ഓരോരുരുള മാത്രം ചോറുണ്ട് മൂന്നു ദിവസം കഴിയുക. പിന്നെ മൂന്നു ദിവസം ശുദ്ധോപവാസം. ഇതാണ് 'അതികൃച്ഛ്രം'. ഇങ്ങിനെ മൂന്ന് അതികൃച്ഛ്രം ചെയ്യുന്നതാണ് 'മഹാസന്താപനം'.

'തപ്ത കൃച്ഛ്രം' ആചരിക്കുന്ന ബ്രാഹ്മണൻ ജലം, പാല്, നെയ്യ്, എന്നിവ ക്രമത്തിൽ ചൂടോടെ കഴിക്കണം. ഒരു നേരം മാത്രം കുളിച്ച്‌ മനസ്സിനെ നിയന്ത്രിച്ച് മൂന്നു ദിവസം കഴിയുന്നതാണ് 'തപ്തകൃച്ഛ്രം'.

വെള്ളം മാത്രം കുടിച്ചുകൊണ്ട് മറ്റ് ഭക്ഷണമൊന്നും ആഹരിക്കാതെ പന്ത്രണ്ടുനാൾ ഉപവസിക്കുന്ന വ്രതമാണ് 'പരാകവ്രതം' എന്നറിയപ്പെടുന്ന മഹാപുണ്യപ്രദമായ 'പ്രജാപത്യവ്രതം'. വെളുത്ത പക്ഷം പ്രഥമ തിഥി മുതൽ ഒരുരുളയിൽ തുടങ്ങി ഓരോരുരുള ചോറ് കുട്ടി കറുത്ത പക്ഷത്തിൽ ഓരോരുരുള്ള കുറച്ചു ഭക്ഷിക്കുന്ന ഉപവാസമാണ് ചന്ദ്രായണം. അമാവാസിക്ക് ശുദ്ധോപവാസം വേണം.

പ്രാതലിന് നാലുരുള ചോറും അസ്തമയ ശേഷം നാലുരുളയും കഴിച്ച് അനുഷ്ഠിക്കുന്ന വ്രതമാണ് 'ശിശുചാന്ദ്രായണം.'

മനസംയമനത്തോടെ എട്ടുരുള ചോറ് വീതം ഉച്ചസമയത്ത് മാത്രം  ഹവിഷ്യാന്നത്തോട് ചേർത്ത്  ഭക്ഷിച്ച് 'യതിചാന്ദ്രായണം' അനുഷ്ഠിക്കാം. രുദ്രൻമാരും ആദിത്യരും മരുത്തുക്കളും, വന്ധുക്കളും ദേവൻമാരും ഭൂമിയുമെല്ലാം സുഖികളായിക്കഴിയുന്നത് ഈ വ്രതത്തിന്റെ സദ്ഫലം കൊണ്ടാണ്.

ഏഴു നാൾ വിധിപോലെ ചാന്ദ്രായണം അനുഷ്ഠിച്ചാൽ ദേഹത്തിലെ സപ്തധാതുക്കളായ ത്വക്ക്, രക്തം, മാംസം, ഞരമ്പ്, മേദസ്സ്, മജ്ജ, വസ, എന്നിവയെല്ലാം ശുദ്ധമാവും.

ഇങ്ങിനെയുള്ള കഠിന വ്രതങ്ങൾ അനുഷ്ഠിച്ച് നിത്യ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ സദ്ഫലങ്ങൾ അപ്പപ്പോൾത്തന്നെ ലഭിക്കും. സത്യസന്ധതയോടെ, മനശുദ്ധിയോടെ, ജിതേന്ദ്രിയനായി, കർമ്മങ്ങൾ ചെയ്യുമ്പോൾ അവ സർവ്വാഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നു.

ഓരോ വ്രതവും തുടങ്ങുന്നതിന്റെ മുൻപ് മൂന്നു ദിവസം രാത്രിയുപവാസം വേണം. മനസ്സിനെ മറ്റ് കർമ്മങ്ങളിൽ നിന്നും വിടുവിച്ച് ശുദ്ധനായി പുരശ്ചരണ കർമ്മങ്ങൾ അനുഷ്ഠിക്കണം.

സർവ്വ പാപങ്ങളെയും ഇല്ലാതാക്കുന്ന, സർവ്വാഭീഷ്ടങ്ങളെയും സാധിപ്പിക്കുന്ന, ഗായത്രീ മന്ത്രത്തിന്റെ പുരശ്ചരണ കർമ്മങ്ങളെപ്പറ്റി ഞാൻ അങ്ങേയ്ക്ക് പറഞ്ഞു തന്നത് ശ്രുതിസാരം തന്നെയാകയാൽ ഇത് വൃഥാ അന്യരോട് പറയാനുള്ളതല്ല എന്നോർമ്മിപ്പിക്കട്ടെ.

No comments:

Post a Comment