Devi

Devi

Monday, November 27, 2017

ദിവസം 313 ശ്രീമദ്‌ ദേവീഭാഗവതം. 12.4. ഗായത്രീഹൃദയം

ദിവസം 313  ശ്രീമദ്‌ ദേവീഭാഗവതം. 12.4. ഗായത്രീഹൃദയം

ഭഗവൻ ദേവദേവേശ ഭൂത ഭവ്യ ജഗത്പ്രഭോ
കവചംച ശ്രുതം ദിവ്യം ഗായത്രീ മന്ത്ര വിഗ്രഹം
അധുനാ ശ്രോതുമിച്ഛാമി ഗായത്രീഹൃദയം പരം
യദ്ധാരണാദ്ഭവേത്പുണ്യം ഗായത്രീ ജപതോf ഖിലം

നാരദൻ പറഞ്ഞു: ഭഗവൻ, ത്രികാലങ്ങൾക്കും ഈശനായ നാരായണാ, അവിടുന്ന് ഗായത്രീമന്ത്ര സ്വരൂപയായ കവചം ചൊല്ലിത്തന്നത് കേട്ട് ഞാന്‍ ധന്യനായി.  ഇനി ഗായത്രീഹൃദയം കൂടി എന്നെ കേൾപ്പിക്കാൻ അവിടുന്ന് തയ്യാറാകണം. ഗായത്രീ ജപപുണ്യമെല്ലാം ഗായത്രീഹൃദയമറിഞ്ഞാൽ ഉണ്ടാവുമല്ലോ.

ശ്രീ നാരായണൻ പറഞ്ഞു: അഥർവ്വവേദത്തിൽ പറഞ്ഞിട്ടുള്ള ഗായത്രീഹൃദയം ഗൂഢാൽ ഗൂഢതരമാണ്. വേദമാതാവും വിരാഡ്രൂപിണിയുമായ ദേവിയെ ധ്യാനിച്ച് ദേവിയുടെ അംഗദേവതമാരെ സ്മരിച്ച് ജീവബ്രഹ്മൈക്യ ഭാവനയിൽ  പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും ഒന്നെന്നു കാണുന്ന പോലെ താനും ദേവീ രൂപവും ഒന്നുതന്നെയെന്ന് ഭാവന ചെയ്ത് ഭേദബുദ്ധി കൂടാതെയിരിക്കുക. ദേവൻമാർക്ക് അർച്ചന ചെയ്യാൻ ദേവനേ യോഗ്യതയുള്ളു എന്നതിനാലാണ് അഭേദത്വവും തന്മയീഭാവവും വേണമെന്ന് നിഷ്കർഷിക്കുന്നത്. അഭേദഭാവനയ്ക്കായി ദേവതകളെ സ്വദേഹത്തിൽ ഭാവന ചെയ്യുക.

ഈ മന്ത്രത്തിന്റെ ഋഷി ഞാൻ തന്നെയാണ്. ഗായത്രി യാണ് ഛന്ദസ്സ്. പരമേശ്വരിയാണ് ദേവത. വിജനമായ ഒരിടത്തു പോയി ഷഡംഗന്യാസം ചെയ്ത്  ഉചിതമായ ആസനത്തിലിരുന്ന് ഏകാഗ്രതയോടെ ധ്യാനിക്കുക.

അർത്ഥന്യാസം ഇപ്രകാരമാണ്: മൂർധാവിൽ ആകാശസ്ഥിതമായ ദൈവതത്തെ സങ്കൽപ്പിക്കുക. ദന്തനിരകളെ അശ്വിനീ ദേവകളായി സങ്കൽപ്പിക്കുക. ഓഷ്ഠപുടങ്ങളെ രണ്ടു സന്ധ്യകളായും  മുഖത്തെ അഗ്നിയായും ഭാവന ചെയ്യുക. നാവ് സരസ്വതിയും, കഴുത്ത് ബൃഹസ്പതിയും സ്തനങ്ങൾ അഷ്ടവസുക്കളും, കൈകൾ മരുത്തുക്കളുമാകട്ടെ. ഹൃദയം പർജ്ജന്യ ദേവനും, ഉദരം ആകാശവും, നാഭി അന്തരീക്ഷവും, അരക്കെട്ട് ഇന്ദ്രനും അഗ്നിയും, ജഘനം പ്രജാപതിയും, ആകട്ടെ. ഊരുക്കൾ കൈലാസവും മലയാദ്രിയുമാകട്ടെ.  കാൽമുട്ടുകൾ വിശ്വേദേവൻമാരും കണങ്കാൽ കൗശികനും, ഗുഹ്യം ഉത്തര-ദക്ഷിണായനങ്ങളായും, ഊരുക്കൾ പിതൃക്കളായും കാലടികൾ ഭൂമിയായും, വിരലുകൾ മരങ്ങളായും, രോമങ്ങൾ ഋഷികളായും, നഖങ്ങൾ മുഹൂർത്തങ്ങളായും  അസ്ഥികൾ ഗ്രഹങ്ങളായും, രക്തമാംസങ്ങൾ ഋതുക്കളായും, ഇമവെട്ടലുകൾ വർഷങ്ങളായും, രാത്രി പകലുകൾ സൂര്യചന്ദ്രന്മാരായും ഭാവനയിൽ ഉറപ്പിക്കുക. 

എന്നിട്ട് ഈ മന്ത്രം ജപിക്കുക. 
അനേകം നേത്രങ്ങളോടുകൂടിയ പരമോത്കൃഷ്ടയായ ഗായത്രീദേവിയെ ഞാൻ ശരണം പ്രാപിക്കുന്നു
സവിതാവിന്റെ ശ്രേഷ്ഠമായ ദിവ്യതേജസ്സിനെ ഞാനിതാ  നമിക്കുന്നു. 
കിഴക്കുദിച്ചുയരുന്ന അജയ്യ ജ്യോതിസ്സിനെ ഞാൻ നമിക്കുന്നു.
പ്രഭാത സൂര്യനെ ഞാന്‍ നമിക്കുന്നു.
പ്രതരാദിത്യ മണ്ഡല സ്ഥിതയായ ഗായത്രീ ദേവിയെ ഞാന്‍ നമിക്കുന്നു. 

പ്രാതകാലത്ത് ഇത് ചൊല്ലിയാൽ രാത്രി ചെയ്ത പാപങ്ങൾ നശിക്കുന്നു. വൈകുന്നേരം ചൊല്ലിയാൽ പകൽ ചെയ്ത പാപം നശിക്കുന്നു. രണ്ടുനേരം ചൊല്ലിയാൽ പാപരഹിതനായി സർവ്വ തീർത്ഥങ്ങളിലും മുങ്ങിയതിന്റെ പുണ്യം ലഭിക്കും. ദേവൻമാർക്ക് അവൻ പരിചിതനാവും.  മാത്രമല്ല, അഭക്ഷ്യം ഭക്ഷിച്ചതിന്റെ പാപം, അനുഭവിക്കാനർഹതയില്ലാത്തത് അനുഭവിച്ചതിന്റെ പാപം, പറയാൻ പാടില്ലാത്തത് പറഞ്ഞതിന്റെ പാപം, നേടാൻ പാടില്ലാത്തത് നേടിയെടുത്തതിന്റെ പാപം, അഗമ്യഗമന ദോഷം, ദുഷ്ടപ്രതിഗ്രഹദോഷം, അസത്യവാക്ക് ഉചരിച്ചതിന്റെ ദോഷം, എന്നിവയെല്ലാം തീരുന്നു. അബ്രഹ്മചാരിക്ക് ബ്രഹ്മചാരിത്വം തിരികെ കിട്ടും. അനേകം യാഗം ചെയ്ത ഫലവും അറുപതുലക്ഷം തവണ ഗായത്രി ജപിച്ചതിന്റെ ഫലവും ലഭിക്കും. എട്ടു ബ്രാഹ്മണരെ ഇതു പഠിപ്പിച്ചാൽ അവന് സിദ്ധിയുണ്ടാവും. എന്നും പ്രഭാതത്തിൽ ശുദ്ധനായി ഈ ഗായത്രീഹൃദയം ജപിക്കുന്നവൻ സർവ്വ പാപങ്ങളിൽ നിന്നും മുക്തനായി ബ്രഹ്മലോകത്തിൽ പൂജിതനായി വാഴും.

No comments:

Post a Comment