Devi

Devi

Saturday, November 18, 2017

ദിവസം 310 ശ്രീമദ്‌ ദേവീഭാഗവതം. 12.1. ഗായത്രീച്ഛന്ദോദേവതർഷികൾ

പന്ത്രണ്ടാം സ്കന്ധം ആരംഭം

ദിവസം 310  ശ്രീമദ്‌ ദേവീഭാഗവതം. 12.1.  ഗായത്രീച്ഛന്ദോദേവതർഷികൾ

സദാചാരവിധിർദേവ ഭവതാ വർണിത: പ്രഭോ
തസ്യാപ്യതുലമാഹാത്മ്യം സർവപാപവിനാശനം
ശ്രുതം ഭവന്മുഖാംഭോജച്യുതം ദേവീ കഥാമൃതം
വ്രതാനി യാനി ചോക്താനി ചാന്ദ്രായണമുഖാനി തേ

നാരദൻ പറഞ്ഞു: നാരായണപ്രഭോ, അങ്ങ് സദാചാരക്രമങ്ങളും അവയുടെ പാപമോചന ശക്തിയും എനിക്ക് പറഞ്ഞുതന്നു. അതുപോലെ ആ മുഖത്തുനിന്നും ജഗദംബയുടെ കഥകളും ചാന്ദ്രായണാദിവ്രതങ്ങളുടെ മാഹാത്മ്യവും ഞാൻ മനസ്സിലാക്കി. എന്നാൽ ആ വ്രതനിഷ്ഠകൾ കുറച്ചു കഠിനമാണെന്ന് എനിക്കു തോന്നുന്നു. മനുഷ്യന് അത്ര ബുദ്ധിമുട്ടില്ലാതെ ദേവീപ്രസാദം നേടാൻ കഴിയുന്ന അനുഷ്ഠാനങ്ങൾ എന്താണ്?

സദാചാരവർണ്ണനയിൽ അവിടുന്ന് ഗായത്രി ജപിക്കേണ്ട വിധിയെങ്ങിനെയെന്ന് പറയുകയുണ്ടായി. അവയിൽ ഏറ്റവും ഫലപ്രദമായത് ഏതാണ്? ഏതനുഷ്ഠിച്ചാലാണ് മനുഷ്യന് കൂടുതൽ പുണ്യവും ശുഭവുമണയുക? ഗായത്രിക്ക് ഇരുപത്തിനാല് വർണ്ണങ്ങൾ ഉണ്ടെന്നു പറഞ്ഞു. അവയുടെ ഋഷിമാർ ആരൊക്കെയാണ്? അവയുടെ ഛന്ദസ്സുകളും ദേവതകളും എന്തെന്നു പഠിക്കാനും എനിക്കാഗ്രഹമുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: മറ്റ് കർമ്മങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ഗായത്രീ നിഷ്ഠയുണ്ടെങ്കിൽ ബ്രാഹ്മണൻ കൃതകൃത്യനായി. മൂന്ന് സന്ധ്യാവേളകളിലും അർഘ്യം തൂകി മൂവായിരം ഉരു ഗായത്രി ജപിക്കുന്ന വിപ്രൻ സംപൂജ്യനായിത്തീരും. ന്യാസം ചെയ്തോ അല്ലാതെയോ നിർവ്യാജ ചിത്തനായി സച്ചിദാനന്ദ സ്വരൂപിണിയായ ദേവിയെ ധ്യാനിച്ച് ഗായത്രി ജപിക്കുക. ഇതിൽ ഒരക്ഷരത്തിന്റെ സിദ്ധിയെങ്കിലും കിട്ടിയ ബ്രാഹ്മണൻ ഹരിശങ്കരബ്രഹ്മാദികൾക്കും സൂര്യചന്ദ്രാദികൾക്കും സമനായിത്തീരും.

ഗായത്രീമന്ത്രത്തിന്റെ ഋഷിമാർ വാമദേവൻ, അത്രി, വസിഷ്ഠൻ, ശുക്രൻ, കണ്വൻ, പരാശരൻ, വിശ്വാമിത്രൻ, കപിലൻ, ശൗനകൻ, യാജ്ഞവല്ക്യൻ, ഭരദ്വാജൻ, ജമദഗ്നി, ഗൗതമൻ , മുദ്ഗലൻ, വ്യാസൻ , ലോമശൻ, അഗസ്ത്യൻ,  കൗശികൻ, വത്സൻ, പുലസ്ത്യൻ, മാണ്ഡുകൻ, ദുർവ്വാസാവ്, നാരദൻ, കശ്യപൻ എന്നീ ഇരുപത്തിനാലു പേരാണ്.

ഗായത്രി, ഉഷ്ണിക്, അനുഷ്ഠിപ്പ്, ബൃഹതി, പംക്തി, ത്രിഷ്ടുപ്പ്, ജഗതി, അതിജഗതി, ശക്വരി, അതിശക്വരി, ധൃതി, അതിധൃതി, വിരാട് , പ്രസ്താരപംക്തി, കൃതി, പ്രകൃതി, ആകൃതി, വികൃതി, സംകൃതി, അക്ഷരപംക്തി, ഭൂ: , ഭുവ: സ്വ: ജ്യോതിഷ്മതി, ഇവയാണ് ഛന്ദസ്സുകൾ.

അഗ്നി, പ്രജാപതി, സോമൻ, ഈശാനൻ, സവിതാവ്, ആദിത്യൻ, ബൃഹസ്പതി, മൈത്രാവരുണൻ, ഭഗൻ, ആര്യമാവ്, ഗണേശൻ, ത്വഷ്ടാവ്, പൂഷാവ്, വിദ്യുത് ദേവത, വായു, വാമദേവൻ, മൈത്രാവരുണൻ, വിശ്വേദേവൻമാർ, മാതൃക്കൾ, വിഷ്ണു, വസുക്കൾ, രുദ്രൻ, കുബേരൻ, അശ്വിനീ ദേവൻമാർ, എന്നിവരാണ് ഗായത്രിയുടെ ഇരുപത്തിനാല് ദേവൻമാർ.

ഗായത്രീമന്ത്രത്തിന്റെ ഇരുപത്തിനാല് ഋഷി - ഛന്ദസ്സ് - ദേവതാ ക്രമം കേൾക്കുന്നതുപോലും പാപനാശകരമാണ്.

No comments:

Post a Comment