Devi

Devi

Wednesday, November 1, 2017

ദിവസം 300 ശ്രീമദ്‌ ദേവീഭാഗവതം. 11.15. ഊർധ്വപുണ്ഡ്രമഹിമ

ദിവസം 300   ശ്രീമദ്‌ ദേവീഭാഗവതം. 11.15. ഊർധ്വപുണ്ഡ്രമഹിമ

അഗ്നിരിത്യാദിഭിർമന്ത്രൈർ ഭസ്മ സംശോദ്ധ്യ സാദരം
ധാരണീയം ലലാടാദൗ ത്രിപുണ്ഡ്രം കേവലം ദ്വിജൈ:
ബ്രഹ്മക്ഷത്രിയവൈശ്യാശ്ച ഏതേസർവ്വേ ദ്വിജാ: സ്മൃതാ:
തസ്മാദാദ്ദ്വിജൈ: പ്രയത്നേന ത്രിപുണ്ഡ്രം ധാര്യമന്വഹം

ശ്രീ നാരായണൻ തുടർന്നു: അഗ്നി മുതലായ മന്ത്രങ്ങൾ സഹിതം ബ്രാഹ്മണർ നെറ്റിയിൽ ശുഭ്രഭസ്മം കൊണ്ട് മൂന്നു വരകളിടുന്നു. ക്ഷത്രിയരും വൈശ്യരും ബ്രാഹ്മണരെപ്പോലെ ദ്വിജർ തന്നെയായതിനാൽ അവരും ത്രിപുണ്ഡ്രം ധരിക്കണം. ഉപനയന സംസ്ക്കാരമുള്ള എല്ലാവരും ദ്വിജരാണ്. ശ്രുതിയുസരിച്ച് ദ്വിജൻമാരുടെ അവശ്യധർമ്മങ്ങളിൽ ഒന്നാണ് ഭസ്മധാരണം.

ഭസ്മം തൊടാതെ ചെയ്യുന്ന കർമ്മങ്ങൾ അവ ചെയ്യാതിരിക്കുന്നതിനു തുല്യമത്രേ. അതുപോലെയാണ് ജ്ഞാനോപദേശവും. ബ്രാഹ്മണ്യത്തിന്റെ ആധാരമായ ഗായത്രീജപം ചെയ്യുന്നതും ഭസ്മലേപനത്തിനുശേഷമേ ആകാവൂ. ഗായത്രി ഉപദേശിക്കുന്നയാൾ ഭസ്മം ധരിച്ചിരിക്കണം. അല്ലെങ്കിൽ അയാൾക്ക് ഗായത്രി ഉപദേശിക്കാൻ അർഹതയില്ല.

ഭസ്മക്കുറിയില്ലാത്ത നെറ്റിത്തടം ബ്രാഹ്മണനു ചേർന്നതല്ല. അങ്ങിനെയുള്ള വിപ്രനെ ആരും മതിക്കില്ല. മന്ത്രശുദ്ധമായ വിഭൂതിയണിഞ്ഞവനാണ് ബ്രാഹ്മണൻ. ഭസ്മം ശേഖരിക്കാനുള്ള ശ്രദ്ധ രത്നം സമ്പാദിക്കാനുള്ള ശ്രദ്ധപോലെ തീവ്രമായിരിക്കണം. അല്ലെങ്കിൽ ആ വിപ്രന് വരും ജന്മങ്ങളിൽ ചണ്ഡാലനായി ജനിക്കേണ്ടി വരും. ഭസ്മലേപനത്തിലും ഭസ്മോദ്ധൂളനത്തിലും സഹജമായ ശ്രദ്ധയില്ലാത്തവൻ ഹീനനായ ചണ്ഡാളൻ തന്നെയാണ്.

ഭസ്മം ധരിക്കാതെ കായ്കനികൾ ഭക്ഷിക്കുന്നവനെത്തുന്നത്  ഘോരനരകങ്ങളിലാണ്. ഭസ്മധാരണം കൂടാതെ ശിവപൂജ ചെയ്യുന്നവൻ വാസ്തവത്തിൽ ശിവനിന്ദയാണ് ചെയ്യുന്നത്. യാതൊരു കർമ്മത്തിനും അവന് അർഹതയില്ല. ഭസ്മം ധരിക്കാത്ത ഒരുവൻ സ്വർണ്ണ തുലാഭാരം ചെയ്താലും അതിന് ഫലമില്ല. യജ്ഞോപവീതം ധരിക്കാതെ സന്ധ്യാകർമ്മം അനുഷ്ഠിക്കാൻ പാടില്ല. അതുപോലെ ഭസ്മധാരണവും ഒഴിച്ചുകൂട്ടാൻ വയ്യാത്ത ഒന്നാണ്. പൂണൂൽ നഷ്ടപ്പെട്ടാൽ അതിന് ചില പ്രതിവിധികൾ കണ്ടെത്താം. എന്നാൽ ഭസ്മധാരണത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല.

വേദം കേൾക്കുന്ന ശൂദ്രനുണ്ടാകുന്ന അനർത്ഥങ്ങൾ പോലെ ഭസ്മം ധരിക്കാത്ത വിപ്രൻ സന്ധ്യ ചെയ്താലും അത് അനർത്ഥങ്ങൾക്ക് വഴിതെളിക്കും. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടിയാലും ബ്രാഹ്മണൻ വൈദികമായ ഭസ്മം എപ്പോഴും സൂക്ഷിച്ചു വയ്ക്കണം. വൈദീകമായ ഭസ്മം കിട്ടിയില്ലെങ്കിൽ സ്മാർത്തമായ ഭസ്മം കണ്ടെത്തുക. അതും കിട്ടിയില്ലെങ്കിൽ ലൗകീകമായ ഭസ്മമെങ്കിലും എടുക്കണം. ഭസ്മസമാഹരണത്തിൽ നിഷ്ഠയുള്ളവനെ പാപങ്ങൾ ബാധിക്കയില്ല.

വലംകയ്യിലെ മൂന്നു നടുവിരലുകൾ ഉപയോഗിച്ച് നെറ്റിത്തടം നീളെ കണ്ണുകളുടെ അറ്റം വരെ നീളത്തിൽ ത്രിപുണ്ഡ്രം ചാർത്തുക. ഇതിന് ആറംഗുലമോ കൂടുതലോ നീളമുണ്ടാവും. 'അ'കാരം മോതിരവിരലിൽ, 'ഉ'കാരം നടുവിരൽ, 'മ'കാരം ചൂണ്ടുവിരലിൽ, എന്ന സങ്കല്പത്തിലാണ് വിലങ്ങനെ മൂന്നു വരകളായി ത്രിഗുണാത്മികമായ ഭസ്മക്കുറിയണിയുന്നത്. നിത്യവും ത്രിപുണ്ഡ്രം ധരിക്കുന്നവൻ രുദ്രതുല്യനത്രേ.

ഇതെക്കുറിച്ച് പുരാണത്തിലുള്ള ഒരു കഥയിനി പറയാം. മഹർഷി ദുർവ്വാസാവ് ഒരിക്കൽ സർവ്വാംഗം വിഭൂതിയണിഞ്ഞ് പിതൃലോകത്ത് ചെന്നു. രുദ്രാക്ഷമണിഞ്ഞ് പരമശിവനെയും ജഗദംബയെയും വാഴ്ത്തി ശിവശങ്കര സർവ്വാത്മൻ, ശ്രീമാതേ, ജഗദംബികേ, എന്നു ജപിച്ചാണ് മഹർഷി ആഗതനായത്. പിതൃനാഥൻമാർ മഹർഷിയെക്കണ്ട് ഉപചാരപൂർവ്വം സ്വീകരിച്ചു. ആദരപൂർവ്വം ആസനാദികൾ നൽകി. പരസ്പരം കുശലവും പറഞ്ഞു.

ആ സമയത്ത് കുംഭീപാകമെന്ന നരകത്തിൽ നിന്നും 'അയ്യോ കൊല്ലുന്നേ, അയ്യോ മുറിക്കുന്നേ, അയ്യോ വേവുന്നേ ' എന്നൊക്കെയുള്ള നിലവിളി ഉയർന്നു കേൾക്കായി. ആരാണ് കരയുന്നതെന്ന് മുനി ശ്രേഷ്ഠൻ ചോദിക്കേ, 'മഹാമുനേ, ഇവിടെത്തന്നെയാണ് സംയമനീപുരം.  പാപികൾക്ക് ശിക്ഷ കിട്ടുന്നയിടം.' എന്ന് പിതൃക്കൾ മറുപടി പറഞ്ഞു.

യമരാജാവ് അവിടെ കറുത്തു ഭീകരരൂപികളായ ദൂതൻമാരുമൊത്ത് എൺപത്തിയാറ് കുണ്ഡങ്ങളിലായി പാപികൾക്ക് അനുയോജ്യമായ ശിക്ഷാവിധികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതിൽ കുംഭീ പാകമെന്ന കുഴിയാണ് ഏറ്റവും കഠിനം. അവിടെയൊരു പാപി അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ എന്തൊക്കെയെന്ന് ആർക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. ശിവനെയും വിഷ്ണുവിനെയും നിന്ദിക്കുന്നവൻ ഇവിടെയെത്തിച്ചേരുന്നു. വേദത്തെയും ഗണേശനേയും സൂര്യനേയും വിപ്രൻമാരെയും മറ്റും ദ്രോഹിക്കുന്നവർക്ക് ഇവിടമാണ് വിധിച്ചിട്ടുള്ളത്.

ദേഹത്ത് മുദ്രകുത്തിയവരും തോന്നിയപോലെ കാമാചാരരായി നടക്കുന്നവരും ത്രിശൂലധാരികളും ഇവിടെയെത്തും. മാതാപിതാക്കൾ, ഗുരുക്കൻമാർ, സജ്ജനങ്ങൾ എന്നിവരെ ദുഷിക്കുന്നവരും ധർമ്മദോഷം വരുത്തുന്നവരും ഇവിടെയാണ് ചെന്നെത്തുക. മഹർഷേ, അവിടെക്കിടന്നീ പാതകികൾ വേദനിച്ച് നിലവിളിക്കുന്ന ശബ്ദം ഞങ്ങൾക്ക് പരിചിതമായിപ്പോയി.

പിതൃക്കൾ ഇങ്ങിനെ പറഞ്ഞപ്പോൾ ദുർവ്വാസാവ് ആകാംഷയോടെ ആ നരകമൊന്ന് കാണണം എന്ന നിശ്ചയിച്ച് ആ കുഴിയിലക്ക് സൂക്ഷിച്ചു നോക്കി. പെട്ടെന്നാ പാപികൾക്ക് ദുരിതാനുഭവം മാറി സൗഖ്യമനുഭവപ്പെട്ടു. അവർ പാടുകയും ആടുകയും ചെയ്തു. മിഴാവും മൃദംഗവും ഇടയ്ക്കയും കൊട്ടി അവർ ആർത്തുല്ലസിച്ചു. പരസ്പരം പുണർന്നു. മുല്ലപ്പൂ ഗന്ധവും തളിർ തെന്നലും അവിടം നിറഞ്ഞു.

മാമുനി ഇതുകണ്ട് അമ്പരന്നു. യുദൂതർക്കും അത്ഭുതമായി. അവർ യമരാജന്റെയടുത്ത് ചെന്നുണർത്തിച്ചു. "മഹാശ്ചര്യം! കുംഭീ പാകത്തിലുള്ളവർ സ്വർഗ്ഗവാസികളേക്കാൾ സന്തോഷത്തിലാണ് ഇപ്പോൾ കഴിയുന്നത്! എന്താണതിന് കാരണമെന്നറിഞ്ഞുകൂടാ."

ധർമ്മരാജൻ ഉടനെ തന്നെ മഹാമഹിഷത്തിന്റെ പുറത്തു കയറി കുംഭീപാകത്ത് എത്തിച്ചേർന്നു. അമരാവതിയിലേയ്ക്കും ആളെ വിട്ട് വിവരമറിയിച്ചു. ഇന്ദ്രനും മറ്റു ദേവൻമാരൊത്ത് അവിടെയെത്തി. ബ്രഹ്മാവും വിഷ്ണുവും അവിടെ പരിവാരത്തോടെ എത്തി. എല്ലാവരും കുംഭീപാക നരകത്തിനു ചുറ്റും നിരന്നു നിന്നു. സ്വർഗ്ഗത്തേക്കാൾ സുഖമായി പാപികളവിടെ കഴിയുന്നു!

"പാപികൾക്ക് അവർ ചെയ്തതിന്റെ ഫലമനുഭവിക്കാനായി ഉണ്ടാക്കിയ ഈ ഭീകരനരകം ഇത്രമേൽ സുഖദായകമെങ്കിൽ പാപത്തെക്കുറിച്ച് ആർക്കും ഭയമുണ്ടാവില്ല. വേദമര്യാദകൾക്ക് ഇനി സ്ഥാനമെവിടെ?' എന്ന് ദേവൻമാർ വ്യാകുലപ്പെട്ടു.

ആശ്ചര്യം! ആശ്ചര്യം! ഭഗവാൻ സ്വന്തം സങ്കൽപ്പത്തെ മാറ്റിമറിച്ചിരിക്കുന്നു! എന്താണതിനു കാരണം? ഇങ്ങിനെ ചിന്തിച്ച് എല്ലാവരും കൂടി കൈലാസത്തിൽ പരമശിവന്റെയടുക്കലേയ്ക്ക് പോയി. കോടി കാമസൂര്യൻമാർക്ക് തുല്യമായ സൗന്ദര്യത്തോടെ ഭഗവാൻ പാർവ്വതീസമേതനായി അവിടെയിരിക്കുന്നു. അത്ഭുത ലാവണ്യനിധിയും നിത്യവും പതിനാറു വയസ്സിൽ നിലനിൽക്കുന്നവനുമായ മഹാദേവൻ പ്രാണപ്രിയയുമായി സല്ലപിച്ചു രസിക്കുന്നു. ദേവൻമാർ ചതുർവേദസഹിതനായ  ചന്ദ്രമൗലിയെ നമസ്ക്കരിച്ചു.

"എന്താണിങ്ങിനെ വിപരീതം സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല" എന്നവർ പരമശിനോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം ആരാഞ്ഞു. "ദേവാധിദേവാ ഇതിന്റെ കാരണം സർവ്വജ്ഞനായ അങ്ങു തന്നെ പറഞ്ഞു തരിക." എന്ന് മഹാവിഷ്ണു അഭ്യർത്ഥിച്ചപ്പോൾ പുഞ്ചിരിയോടെ മേഘ സ്വരത്തിൽ മഹാദേവൻ പറഞ്ഞു: "മഹാവിഷ്ണോ, ഇതിനെന്താണിത്ര അത്ഭുതം? ഭസ്മത്തിന്റെ മാഹാത്മ്യമാണിത്. ശൈവസമ്മതനായ ദുർവാസാവ് കുംഭീപാകത്ത് എത്തിയതിനാലാണ് ഇതു സംഭവിച്ചത്. മഹർഷി ആ കൂപത്തിലേയ്ക്ക് നോക്കിയപ്പോൾ ഏതാനും ഭസ്മരേണുക്കൾ അവിടെ വീഴാനിടയായി. അതാണ് ഭസ്മമാഹാത്മ്യം. പിതൃലോകവാസികൾക്ക് ഇതൊരു പുണ്യതീർത്ഥമാവും. ശ്രീ ഹരീ, അങ്ങുതന്നെ അവിടെ എന്റെ ലിംഗവും ദേവീ ബിംബവും സ്ഥാപിച്ച് പൂജിച്ചാലും. ആ ദേവി പിതൃക്കൾക്ക് ഈശ്വരിയായിരിക്കും. ഈ പുണ്യ പ്രദേശം പിതൃതീർത്ഥം എന്നറിയപ്പെടും."

ശ്രീഹരി ശിവനെ പ്രണമിച്ച് അവിടെ നിന്ന് മടങ്ങി. ദേവൻമാരെല്ലാം ഭസ്മത്തിന്റെ മഹിമയെ വാഴ്ത്തി. പിതൃക്കളും സന്തുഷ്ടരായി. ആ തീർത്ഥത്തിന്റെ കരയിൽ ശിവലിംഗവും ദേവീ ബിംബവും പ്രതിഷ്ഠിച്ച് ദേവൻമാർ നിത്യവും പൂജ ചെയ്തു. അവിടെ പാപഫലങ്ങൾ അനുഭവിക്കാനായി എത്തിയവർക്കെല്ലാം കൈലാസമണയാൻ ഭാഗ്യമുണ്ടായി. അവർക്ക് പോകാൻനായി ഒരുദിവ്യവിമാനം അവിടെയെത്തി. 'ഭദ്രഗണം' എന്ന പേരിൽ അവരവിടെ ഇപ്പോഴും വാഴുന്നു.

ആ തീർത്ഥത്തിൽ നിന്നും ദൂരത്തായി മറ്റൊരു കുംഭീപാകം നിർമ്മിക്കേണ്ടി വന്നു. അന്നു മുതൽ ശൈവൻമാർ അങ്ങോട്ടു പോകുന്നതിൽ നിന്നും ദേവൻമാർ വിലക്ക് കൽപ്പിച്ചു. ഇതാണ് ഭസ്മധാരണ മഹിമ .

അധികാരിഭേദമനുസരിച്ച് ഊർധ്വപുണ്ഡ്രക്രമം എങ്ങിനെയെന്ന് ഇനിപ്പറയാം. വൈഷ്ണവ ആഗമത്തിലാണ് ഇത് വിവരിച്ചിരുന്നത്. നെടുകെഭസ്മക്കുറിയിടുന്നതിന് വിരലുകൾക്കും ചില ക്രമങ്ങളുണ്ട്. സമുദ്രതീരം, മൺപുറ്റ്, തുളസിച്ചുവട് എന്നിവയുടെ സമീപത്തു നിന്നും മണ്ണെടുക്കാം. കറുത്ത മണ്ണ് ശാന്തിയണയ്ക്കും. ചുവന്ന മണ്ണ് വശ്യകരമാണ്. മഞ്ഞ മണ്ണ് ഐശ്വര്യ പ്രദവും വെളുത്തമണ്ണ് ധർമ്മപ്രദവുമാണ്. പെരുവിരൽ കൊണ്ട് നെടുകെ നെറ്റിക്കുറിയിടുന്നത് പുഷ്ടിപ്രദമാണ്. നടുവിരൽ ആയുഷ്കരമാണ്. അനാമികയെന്ന മോതിരവിരൽ അന്നദമാണ്. ചൂണ്ടാണിവിരൽ മുക്തിപ്രദമാണ്.

ഈ നാലു വിരലും നഖം തൊടാതെ കുറിയിടാൻ ഉപയോഗിക്കാം. കത്തുന്ന ദീപനാളത്തിന്റെയോ താമരമൊട്ടിന്റെയോ മുളയുടെ ഇലപോലെയോ, മത്സ്യം പോലെയോ ആമ പോലെയോ ശംഖ് പോലെയോ ഉള്ള ആകൃതികളിൽ ഊർധ്വ പുണ്ഡ്രം വരയ്ക്കാം. പത്ത് വിരൽപ്പാട് പ്രമാണമാണ് ഉത്തമം. ഒൻപത് മദ്ധ്യമം. എട്ടാണെങ്കിലും മധ്യമം. ഏഴ്, ആറ്, അഞ്ച്, എന്നിങ്ങിനെ മദ്ധ്യമത്തിൽ മൂന്നു തരം പുണ്ഡ്രങ്ങൾ ഉള്ളതുപോലെ അധമത്തിൽ നാല്, മൂന്ന്, രണ്ട് വിരൽ പ്രമാണങ്ങൾ ഉണ്ടു്.

ഊർധ്വ പുണ്ഡ്രധാരണത്തിൽ നെറ്റിയിൽ കേശവനും മാറിൽ മാധവനും ഉദരത്തിൽ നാരായണനും, ഗളത്തിൽ ഗോവിന്ദനും, വലത്തെ പള്ളയിൽ വിഷ്ണുവും സങ്കൽപ്പമാണ്. വലം കൈയുടെ നടുക്ക് മധുസൂദനൻ, വലം ചെവിയിൽ ത്രിവിക്രമൻ, ഇടംചെവിയിൽ ഋഷീകേശൻ. ഇടംകയ്യിൽ ശ്രീധരൻ, ഇടംപള്ളയിൽ വാമനൻ, കൈപ്പലകയിൽ ദാമോദരൻ, പൃഷ്ഠത്തിൽ പത്മനാഭൻ, മൂർധാവിൽ ശ്രീവാസുദേവൻ എന്നിങ്ങിനെ പന്ത്രണ്ട് നാമങ്ങൾ ധ്യാനിച്ചു വേണം ഓരോ പുണ്ഡ്രങ്ങൾ തൊടാൻ. രണ്ടു സന്ധ്യകളിലും ഇതാവർത്തിക്കുക.

അശുദ്ധനോ പാപിയോ ആണെങ്കിലും ഉർധ്വപുണ്ഡ്രം ധരിച്ചവന് പുണ്യവാനാവാം. അവൻ എവിടെക്കിടന്ന് മരിച്ചാലും ചണ്ഡാളനായാലും അവൻ ദിവ്യവിമാനമേറി എന്റെ സവിധത്തിൽ എത്തിച്ചേരും. എന്റെ സ്വരൂപത്തെപ്പറ്റി ജ്ഞാനമുള്ളവർ ശുദ്ധമനസ്ക്കരായി രണ്ടു വിഷ്ണുപാദവും  നെറ്റിമേൽ ഊർധ്വപുണ്ഡ്രമായണിയുന്നു. എന്റെ കാലിണകളിൽ ഭക്തരായവർ മഞ്ഞൾ കൊണ്ടും ശൂലാകൃതിയിൽ കുറിയിടുന്നു.

സാധാരണ വൈഷ്ണവരും അത്ര വടിവൊത്ത് കുറിയിടാൻ അറിയാത്തവരും ദീപം, പത്മം, മുള എന്നിവയുടെ ആകൃതിയിൽ കുറി വരയ്ക്കും. വടിവറ്റാലും വിടവോടെയായാലും അതിൽ ദോഷമില്ല.  എന്നാൽ രാമാനുജ മതക്കാരും മാധ്വമതക്കാരും നല്ല വടിവിൽത്തന്നെ  കുറിയിട്ടില്ലെങ്കിൽ ദോഷമാണത്.

കേശവാദി നാമങ്ങൾ ജപിച്ച് ദണ്ഡമായി വടിവോടെയാണ് വൈഷ്ണവർ ' നാമം' ഇടേണ്ടത്. നല്ല വെടിപ്പോടെ വിടവുകളുള്ള കുറി വരയ്ക്കുന്നവൻ ആ വിടവുകളിൽ എന്റെ മന്ദിരങ്ങൾ പണിയുകയാണ് ചെയ്യുന്നത്. ഊർധ്വപുണ്ഡ്രത്തിന്റെ വിശാലമായ വിടവിൽ ഭഗവാൻ വിഷ്ണു രമയോടൊത്ത് വാഴുന്നു. ഇടയ്ക്ക് വിടവില്ലാതെ ഊർധ്വ പുണ്ഡ്രം വരയ്ക്കുന്നവൻ ലക്ഷ്മീ സഹിതമിരിക്കുന്ന ഭഗവാൻ വിഷ്ണുവിനെ തിരസ്ക്കരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെയുള്ള വിപ്രൻ ഇരുപത്തിയൊന്ന് നരകങ്ങളിൽ വീണു പോവും.

വളവും തിരിവുമില്ലാതെ സ്ഫുടമായി ഇരുവശത്തും വിടവുകളോടെ മത്സ്യം, താമര, ദീപം എന്നിവയുടെ ആകൃതിയിലാണ് നാമം ധരിക്കേണ്ടത്. പൂണൂൽ, ശിഖ, എന്നിവയെ കൈകാര്യം ചെയ്യുന്നതുപോലെ പരിശുദ്ധമായി വേണം ഊധ്വപുണ്ഡ്രത്തെ കൈകാര്യം ചെയ്യാൻ. ഏതു കാര്യവും സഫലമാവാൻ ഊർധ്വ പുണ്ഡ്രം കൂടിയേ തീരൂ. അല്ലെങ്കിൽ ആ കർമ്മങ്ങൾ വിഫലങ്ങളാവും.

ഉത്തമ ബ്രാഹ്മണർ വൃത്തത്തിലോ, ചതുരത്തിലോ, ശൂലാകൃതിയിലോ അർധചന്ദ്രാകൃതിയിലോ ഉള്ള ഊർധ്വപുണ്ഡ്രം ധരിക്കുകയില്ല. വൈദിക ബ്രാഹ്മണർ ഖ്യാതിക്കായും മറ്റും മറ്റ് തരങ്ങളിലുള്ള പുണ്ഡ്രങ്ങൾ നെറ്റിമേലണിയരുത്. വിഷ്ണ്വാഗമങ്ങളിൽ പറഞ്ഞതായാലും വൈദിക ബ്രാഹ്മണൻ അവ ധരിക്കരുത്.

ഭസ്മത്രിപുണ്ഡ്രം  വൈദികമായതിനാൽ അതൊരിക്കലും വേണ്ടെന്നു വയ്ക്കരുത്. നെറ്റിയിൽ ഭസ്മക്കുറിയിടാതെ മറ്റ് പുണ്ഡ്രങ്ങൾ ഇടുന്നവരെ നരകങ്ങൾ കാത്തിരിക്കുന്നു. വൈദികർ തന്റെ ദേഹത്ത് മുദ്ര കുത്താൻ സമ്മതിക്കരുത്. വേദമാർഗ്ഗികൾ ശ്രുതിയനുസരിച്ചുള്ള കുറികൾ തൊടണം. വേദനിഷ്ഠരല്ലെങ്കിൽ അവർക്ക് മറ്റുതരം കുറികൾ പറഞ്ഞിട്ടുണ്ട്.

ഭവസാഗരത്തിൽ നിന്നും മർത്യനെ തരണം ചെയ്യിക്കുന്നവനാണ് മഹേശ്വരൻ. ഭഗവാൻ ശ്രൗതമായ കുറിയണിയുന്നത് ഭക്താനുഗ്രഹത്തിനായാണ്. ഭഗവാൻ വിഷ്ണുവണിയുന്ന കുറിയും വേദാനുസാരിയാണ്. രാമകൃഷ്ണാദി അവതാരങ്ങളെ ഉപാസിക്കുന്നവരും ശ്രൗതമായ കുറിയണിയുന്നു. അവരും ഭസ്മോദ്ധൂളനം ചെയ്യുന്നു.

ഊർധ്വ പുണ്ഡ്രധാരണം വേദനിഷ്ഠമല്ല. അതു കൊണ്ടത് വൈദിക ബ്രാഹ്മണർക്ക് പറഞ്ഞിട്ടുള്ളതല്ല. അശ്രൗതൻമാരായ താന്ത്രികർക്കാണതു പറഞ്ഞിട്ടുള്ളത്. എന്നാൽ ത്രിപുണ്ഡ്രം ശ്രൗതമാണ്. അതുകൊണ്ടു് ശിവഭക്തരായ വേദമാർഗ്ഗികൾ ഭസ്മം കൊണ്ട് മൂന്നു കുറികളാണ് അണിയേണ്ടത്. എന്നാൽ വിഷ്ണുഭക്തർക്ക് പറഞ്ഞിട്ടുള്ളത് സുഗന്ധപൂരിതമായ ഊർധ്വപുണ്ഡ്രധാരണമാണ്.

No comments:

Post a Comment