Devi

Devi

Thursday, November 16, 2017

ദിവസം 309 ശ്രീമദ്‌ ദേവീഭാഗവതം. 11.24.സദാചാര നിരൂപണം

ദിവസം 309  ശ്രീമദ്‌ ദേവീഭാഗവതം. 11.24.സദാചാര നിരൂപണം

നാരായണ മഹാഭാഗ ഗായത്ര്യാസ്തു സമാസത:
ശാന്ത്യാദികാൻ പ്രയോഗാംസ്തു വദസ്വ കരുണാനിധേ
അതിഗുഹ്യമിദം പൃഷ്ടം ത്വയാ ബ്രഹ്മ തനുദ്ഭവ
ന കസ്യാപി ച വക്തവ്യം ദുഷ്ടായ പിശുനായ ച

നാരൻ പറഞ്ഞു: മഹാനുഭാവനായ നാരായണാ, കൃപാനാധിയായ അങ്ങ് ഗായത്രിയുടെ ശാന്ത്യാദി പ്രയോഗങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു. അല്ലയോ ബ്രഹ്മപുത്രനായ മഹർഷേ ,അത്യന്തം രഹസ്യമാണിക്കാര്യം എന്നതിനാൽ അങ്ങിത് മറ്റാരോടും പറയരുത്. ദുഷ്ടന്മാരോടും ഏഷണിക്കാരോടും ഇതെപ്പറ്റി ചർച്ച ചെയ്യരുത്.

ചമതപാലിൽ മുക്കി ഹോമിച്ചാൽ ശാന്തി ലഭിക്കും.  വഹ്നിച്ചമത ഹോമിച്ചാൽ ഭൂതരോഗങ്ങളും ഗ്രഹ ബാധയും ഇല്ലാതാകും. അത്തി, അരയാൽ തുടങ്ങിയ പാൽ വൃക്ഷങ്ങളുടെ തണ്ടും ശകലങ്ങളും  ഭൂതരോഗശാന്തിക്കായി ഹോമിക്കാം. സൂര്യനെ തർപ്പണം ചെയ്യുന്ന ബ്രാഹ്മണന് പ്രശാന്തി കൈവരും. മുട്ടോളം ജലത്തിലിറങ്ങി നിന്ന് ജപിക്കുന്നത് സർവ്വ ദോഷശാന്തിപ്രദായകമത്രേ. കഴുത്തോളം മുങ്ങി ജപിച്ചാൽ പ്രാണഭയം ഇല്ലാതാവും. ജലത്തിൽ മുഴുവൻ മുങ്ങിക്കിടന്നുചെയ്യുന്ന ജപം ഏറ്റവും ഉൽകൃഷ്ടമാണ്.

സ്വർണ്ണപ്പാത്രത്തിലോ അല്ലെങ്കിൽ വെള്ളി, ചെമ്പ്, മണ്ണ്, ഇവ കൊണ്ടുണ്ടാക്കിയ പാത്രത്തിലോ പഞ്ചഗവ്യം തയ്യാറാക്കി, നന്നായി ജ്വലിക്കുന്ന പാൽമരത്തിന്റെ വിറകിൻ തീയിൽ ഹോമിക്കുക. പിന്നെ അതിൽനിന്നും ശേഷമെടുത്ത് പ്രത്യാഹുതിചെയ്ത് പഞ്ചഗവ്യം തൊട്ട് ആയിരം തവണ ഹോമിക്കുക. പിന്നെ ബാധോപദ്രവം ഉള്ളയിടങ്ങളിൽ  ദർഭ കൊണ്ട് തളിക്കുക. അവിടെ പരദേവതാ ധ്യാനത്തോടെ ബലി തുകുക. അങ്ങിനെ ആഭിചാരാദികൾ ഒഴിഞ്ഞ് ഭൂതപിശാചുകൾ വശഗതരാവും. മാത്രമല്ല അവരാ സ്ഥലം വിട്ട് ഗൃഹമെന്നല്ല, നാട് തന്നെയുപേക്ഷിച്ച് പോവും.

ബാധാസ്ഥലത്ത് നടുക്ക് ഒരു ചതുഷ്ക്കോണയന്ത്രമെഴുതി അതിനു നടുക്കൊരു ശൂലം തറച്ച് ആയിരം ഉരു ഗായത്രി ജപിച്ച് സർവ്വ ശാന്തിക്കായി അവിടം കുഴിക്കുക. ബാധകൾ ആ സ്ഥലമൊഴിഞ്ഞു പോവും. സ്വർണ്ണം, വെള്ളി, ചെമ്പ് കൊണ്ടുണ്ടാക്കിയ കുടമോ അല്ലെങ്കിൽ നൂല് കെട്ടിയൊരുക്കിയ മൺകുടമോ എടുത്ത് അതിൽ നാലു ദിക്കുകളിൽ നിന്നും ബ്രാഹ്മണർ കൊണ്ടുവന്ന തീർത്ഥജലം നിറയ്ക്കുക. ആ കുടം തൂവെണ്ണ മണൽ നിറച്ച ഒരിടത്ത് സ്ഥാപിച്ച് അതിൽ ഏലം, ചന്ദനം, കർപ്പൂരം,പിച്ചകം, പൂവാൻകുരുന്നില, മുല്ലപ്പൂ ,കൂവളത്തില, മൂവില, വിഷ്ണുക്രാന്തി, നെല്ല്, യവം, എള്ള് കടുക്, പാൽവൃക്ഷത്തളിരുകൾ എന്നിവയിടുക. ദർഭകൊണ്ട് കൂർച്ചം കെട്ടിവച്ച് ജ്ഞാനിയായ ബ്രാഹ്മണൻ കുളിച്ചു ശുദ്ധനായി ആയിരം ഉരു ഗായത്രി ജപിക്കണം.  അതിനു ചുറ്റും വേദജ്ഞരായ ബ്രാഹ്മണർ സൂര്യമന്ത്രങ്ങൾ ആയിരം വട്ടം ഉരുവിടണം. എന്നിട്ടാ തീർത്ഥം തളിച്ച് രോഗിയെ കുടിപ്പിച്ചാൽ ഭൂതബാധയും രോഗപീഡയും ആഭിചാരദോഷവും അവനെ വിട്ടു പോവും. മുന്നിലെത്തിയ മൃത്യുപോലും വഴിമാറിപ്പോവും.

ജ്ഞാനിയായ രാജാവ് ദീർഘായുസ്സ് ലഭിക്കാൻ ഈ കർമ്മം ചെയ്യിക്കേണ്ടതാണ്. ആ സമയത്ത് നൂറ് പശുക്കളെ ബ്രാഹ്മണർക്ക് ദാനവും നൽകണം. കഴിവുപോലെ ദക്ഷിണയും നൽകണം. ശനിയാഴ്ച ദിവസം അരയാലിന്റെ ചുവട്ടിലിരുന്ന് നൂറുരു ഗായത്രി ജപിക്കുന്ന വിപ്രൻ ഭൂതബാധയിൽ നിന്നും രോഗത്തിൽ നിന്നും ആഭിചാരദോഷങ്ങളിൽ നിന്നും മഹാഭയങ്ങളിൽ നിന്നും മുക്തനാവും. ചിറ്റമൃത് ചെറിയ കമ്പുകളായി മുറിച്ചെടുത്ത് പാലിൽ മുക്കി മൃത്യുഞ്ജയ ഹോമം നടത്തിയാൽ അത് സർവ്വവ്യാധികളെയും ഇല്ലാതാക്കും. പാലിൽ മാന്തളിർ മുക്കി ഹോമിച്ചാൽ ജ്വരം നശിക്കും.

വയമ്പ് പാലിൽ മുക്കി ഹോമിച്ചാൽ ക്ഷയം മാറും. ത്രിമധുരം ഹോമിച്ചാൽ രാജയഷ്മാവിന് ശമനമുണ്ടാവും.  സൂര്യനു നിവേദിച്ച അന്നവും ഹോമപ്പായസവും കഴിച്ചും രാജയഷ്മാവിന് ശമനമുണ്ടാക്കാം. സോമവല്ലി ചെറിയ കമ്പുകളായി മുറിച്ച് പാലിൽ മുക്കി കറുത്തവാവിന്റെയന്ന് ഹോമിക്കുന്നതുകൊണ്ടും  ക്ഷയശാന്തിയുണ്ടാവും.

ശംഖുപുഷ്പം ഹോമിച്ച് കുഷ്ഠരോഗം മാറ്റാം. ചെറുകടലാടി ഹോമിച്ച് അപസ്മാരം ഇല്ലാതാക്കാം. നാൽപ്പാമരത്തിന്റെ ചമത ഹോമിച്ച് ഉന്മാദ നാശം വരുത്താം. അത്തിച്ചമത ഹോമിച്ചാൽ അതിമേഹമകലും. കരിമ്പുനീര് അല്ലെങ്കിൽ തേൻ ഹോമിച്ച് പ്രമേഹത്തെ അകറ്റാം. അഗ്നി നിറമുള്ള പശുവിന്റെ പാലിൽ നിന്നെടുത്ത നെയ്യ് ഹോമിച്ച് വസൂരിയെ ഇല്ലാതാക്കാം. ത്രിമധുരവും വസൂരിയില്ലാതാക്കാൻ ഹോമിക്കാവുന്നതാണ്.

അരയാൽ, ആൽ, അത്തി എന്നിവ ഹോമിച്ചാൽ പശു, ആന, കുതിര, തുടങ്ങിയ നാൽക്കാലികളുടെ രോഗമില്ലാതാവും. വഹ്നിച്ചമത, നെയ്യ്, ഹവിസ്സ് എന്നിവ ഹോമിച്ച് ബാക്കി വരുന്നത് ഗൃഹത്തിന്റെ തറയിൽ വിതറുന്നതു കൊണ്ട് എറുമ്പ്, ഈച്ച, തേനീച്ചക്കൂട്, പുറ്റ്, എന്നിവയെല്ലാം ഒഴിഞ്ഞു പോവും.

ഭൂകമ്പം, ഇടിമിന്നൽ, എന്നിവ കൊണ്ടുള്ള ആപത്തൊഴിവാക്കാൻ കാട്ടുവഞ്ഞി ഏഴു ദിവസം ഹോമിച്ചാൽ മതി. മൺകട്ട എടുത്ത് നൂറ് ഉരു ജപിച്ച്‌ അതെറിയുന്ന ദിക്കിൽ നിന്നും തീയിനാലോ കാറ്റിനാലോ ഉപദ്രവങ്ങൾ ഉണ്ടാവുകയില്ല. മനസ്സുകൊണ്ടു് ജപിച്ചാൽപ്പോലും ബന്ധനങ്ങൾ അകന്നു പോവും. തൊട്ടു ജപിക്കുന്ന പക്ഷം ഭൂതബാധ, രോഗപീഡ, വിഷബാധ, എന്നിവയെല്ലാം മാറും. ജപിച്ച ജലം കുടിച്ചാലും ഭൂതങ്ങളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാം.

ഭൂതബാധയൊഴിയാൻ നൂറു തവണ ജപിച്ച് ഭസ്മം തൊട്ടാൽ മതി. ഗായത്രി ജപിച്ചിട്ട് ജപഭസ്മം ശിരസ്സിൽ തൊട്ടാൽ സർവവ്യാധികളും ഇല്ലാതാകും. സ്വന്തമായിട്ടു ചെയ്യാനാകാത്തവർ ബ്രാഹ്മണരെക്കൊണ്ട് ഇക്കർമ്മം നടത്തിക്കണം. അവർക്ക് ദക്ഷിണാദിയും നൽകണം.

പുഷ്പ ഹോമം നടത്തി വിപ്രന് ഐശ്വര്യസമൃദ്ധിയും സമ്പത്തും നേടാം. ചെന്താമര, പുത്തൻ പിച്ചിപ്പൂ, എന്നിവ ഹോമിച്ചാൽ ഐശ്വര്യം ഉണ്ടാവും. ചെന്നെല്ലരി ഹോമിക്കുന്നതും ഐശ്വര്യദായകമാണ്. കൂവളച്ചമത, അല്ലെങ്കിൽ അതിന്റെ ഇലയോ പൂവോ കായോ വേരിൻ കഷണമോ എടുത്ത് ഹോമിച്ചാൽ ഐശ്വര്യമുണ്ടാവും. കൂവളച്ചമത നെയ്യും പായസവും ചേർത്ത് നൂറ് വീതം ഏഴു ദിവസം ഹോമിച്ചാൽ ഐശ്വര്യമുണ്ടാവും.

മലരും ത്രിമധുരവും ചേർത്ത് ഹോമിച്ചാൽ ഇഷ്ട കന്യകയെ ലഭിക്കും. അത്  പോലെ കന്യകയ്ക്ക് ഇഷ്ടവരനെ ലഭിക്കാനും അങ്ങിനെ ചെയ്‌താല്‍ മതി. ചെന്താമര നൂറുവീതം ഏഴു ദിവസം ഹോമിച്ചാൽ സ്വർണ്ണം ലഭിക്കും. സൂര്യബിംബത്തിൽ നീർ തൂകിയാൽ ജലത്തിൽക്കിടക്കുന്ന സ്വർണ്ണം ലഭിക്കും. അന്നം ഹോമിച്ച് അന്നവും ധാന്യം ഹോമിച്ച് ധാന്യവും നേടാം.

വരളിപ്പൊടി ഹോമിച്ച്  പശുക്കളെ നേടാം. തിന നെയ്പായസം ഹോമിച്ചാൽ സന്താനഭാഗ്യമുണ്ടാവും. ആദിത്യന് അന്നവും പായസവും നിവേദിച്ച് ഹോമം നടത്തി ആ പായസം ഋതു സ്നാതയെ കഴിപ്പിച്ചാൽ സത്പുത്രഭാഗ്യമുണ്ടാവും.

പ്ലാശിന്റെ കോഴകൾ ഹോമിച്ച് ആയുസ്സ് കൂട്ടാം. ത്രിമധുരത്തിൽ തളിർച്ചില്ലകൾ മുക്കി മന്ത്രസഹിതം ഹോമം ചെയ്താൽ കൂടുതൽ ആയുസ്സും ധനധാന്യങ്ങളും ആർജിക്കാം.

സ്വർണ്ണ നിറമുള്ള താമരമൊട്ട് ഹോമിച്ച് നൂറു വയസ്സുവരെ ജീവിക്കാൻ കഴിയും. കറുകപ്പുല്ല് പാലോ തേനോ നെയ്യോ ചേർത്ത് നൂറ് വീതം ഏഴു ദിവസം ഹോമിച്ച് അപമൃത്യു ഒഴിവാക്കാം. വഹ്നിച്ചമതയ്ക്കും ആ ഗുണമുണ്ട്. ആലിൻ ചമത ഹോമിച്ച ശേഷം പായസം ഹോമിക്കുക. അത് നൂറ് വീതം ഏഴു ദിവസം ചെയ്ത് അപമൃത്യു ഒഴിവാക്കാം. ഉപവാസത്തോടെ മൂന്നു ദിവസം ജപിച്ചാൽ യമനിൽ നിന്നും രക്ഷപ്പെടാം. ജലത്തിൽ മുങ്ങിക്കിടന്ന് ജപിച്ചാൽ എളുപ്പത്തിൽ മൃത്യു തീണ്ടുകയില്ല.

കൂവളച്ചുവട്ടിലിരുന്ന് ഒരു മാസം ജപിച്ച് രാജ്യം നേടാം. വേരും കായും തളിരും ചേർത്ത് കൂവളത്തില ഹോമിക്കുന്നത് രാജ്യാധികാരം കിട്ടുന്ന കർമ്മമാണ്. നൂറ് താമരപ്പൂ വീതം ഒരു മാസം ഹോമിച്ചാൽ ശത്രുരഹിതമായ രാജ്യത്തിനവകാശിയാവും. വരിയരിക്കഞ്ഞിയും ചോറും  ഹോമിച്ചാൽ ഗ്രാമത്തിനധിപനാവാം.

അരയാലിൻ ചമത ഹോമിക്കുന്നതു കൊണ്ട് യുദ്ധജയമുണ്ടാവും. എരുക്കിൻ ചമതയാണെങ്കിൽ സർവ്വത്ര വിജയിയായിത്തീരും. ആറ്റുവഞ്ഞിയുടെ ഇലയും പൂവും പാലിൽ മുക്കി പായസത്തോടു കൂടി നൂറുവീതം ഏഴു ദിനം ഹോമിച്ചാൽ മഴയുണ്ടാകും. നാഭിയോളം ജലത്തിലിറങ്ങി ഏഴു ദിനം ജപിച്ചും മഴ നേടാം. പേമാരി പോവാൻ ഭസ്മം അഭിമന്ത്രിച്ച് ജലത്തിൽ ഹോമിച്ചാൽ മതി.

പ്ലാശിൻ ചമത ഹോമിച്ചാൽ ബ്രഹ്മതേജസ്സ് വർദ്ധിക്കും.  പ്ലാശിൻപൂ ഹോമം  സർവ്വാഭീഷ്ടങ്ങൾ സാധിപ്പിക്കുന്നു. പാൽഹോമം മേധാശക്തി വർദ്ധിപ്പിക്കും. നെയ്യ് ഹോമിച്ചാൽ ബുദ്ധി വളരും. അഭിമന്ത്രിച്ച ജലം കുടിച്ചാലും ബുദ്ധി വർദ്ധിക്കും.

പൂക്കൾ ഹോമിച്ചാൽ വസ്ത്രം കിട്ടും. നൂല് ഹോമിച്ചാൽ അതിനൊത്ത വസ്ത്രം ലഭിക്കും. ഉപ്പും തേനും കുഴച്ച് ഹോമിച്ചാൽ ഇഷ്ടപ്പെട്ടവനെ ലഭിക്കും. തേനിൽ മുക്കി പൂക്കൾ ഹോമിച്ചാൽ  ലക്ഷ്മിയേയും ഇഷ്ടപ്പെട്ടവനേയും വശത്താക്കാം. ജലത്തിൽ നിന്ന് ദിവസവും കൈ കൊണ്ട് കോരി ജലമെടുത്ത് സ്വയം അഭിഷേകം ചെയ്യുന്നതു കൊണ്ട് ആയുരാരോഗ്യ സൗഖ്യമുണ്ടാവും. അത് അന്യനെക്കൊണ്ട് ചെയ്യിച്ചാൽ അവനും ഫലം കിട്ടും.

ശുഭ്രമായ ഒരിടത്തിരുന്ന് ആയിരം ഉരു ജപം ഒരു മാസം തുടർച്ചയായി ചെയ്യുന്നവൻ ദീർഘായുസ്സാവും. രണ്ടു മാസമിങ്ങിനെ ജപിച്ചാൽ ആയുരാരോഗ്യ സൗഖ്യമുണ്ടാവും. ഐശ്വര്യം കൂടി വേണമെങ്കിൽ മൂന്നു മാസം ജപിക്കണം. ഒരു മാസം കൂടി ജപിച്ചാൽ ആയുസ്സും ആരോഗ്യവും ഭാര്യാപുത്രസമ്പത്തും കീർത്തിയും ലഭിക്കും.  ഇങ്ങിനെ ആഗ്രഹങ്ങൾക്കനുസരിച്ച് ജപമാസങ്ങൾ കൂട്ടിക്കൊണ്ടുവരണം. പ്രാണാപാന വായുക്കളെയടക്കി മുന്നൂറ് ഉരുവീതം മൂന്നു മാസം ജപിച്ചാൽ ആഗ്രഹങ്ങൾ എല്ലാം സാധിക്കും. ആയിരം വീതം ജപിച്ചാൽ മുക്തിക്കും അർഹത നേടും.

ഒറ്റക്കാലിൽനിന്ന് കൈ ഉയർത്തിപ്പിടിച്ച് പ്രാണനിയന്ത്രണത്തോടെ ഒരു  മാസം ജപതപസ്സു ചെയ്താൽ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്ന് കൗശികൻ പറയുന്നു. മൂന്നുലക്ഷം ജപം കൊണ്ട് സകല കാര്യങ്ങളും സാധിക്കാം. രാത്രി മാത്രം ഹവിഷാന്നം കഴിച്ച് ഒരാണ്ടുകാലം ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്താൽ ഋഷിത്വം കൈവരും. ഇങ്ങിനെ രണ്ടു കൊല്ലം ചെയ്താൽ ശാപാനുഗ്രഹ ശക്തിയുണ്ടാവും. മൂന്നു കൊല്ലം കൊണ്ട് ത്രികാലജ്ഞാനവും നാലുവർഷത്തെ തപസ്സുകൊണ്ട് ആദിത്യദർശനവും കിട്ടും. അഞ്ചു കൊല്ലമാവുകിൽ അണിമ തുടങ്ങിയ അഷ്ടൈശ്വര്യങ്ങൾ സാധകന്റെ കൂടെ വരും. ഏഴു വർഷം ഇങ്ങിനെ ഒറ്റക്കാലിൽ തപം ചെയ്ത് ജപിച്ചാൽ അമരത്വം ലഭിക്കും. ഒൻപതു കൊല്ലം കൊണ്ട് മനുത്വം, പത്തുകൊല്ലം കൊണ്ട് ഇന്ദ്രത്വം, പതിനൊന്നു കൊല്ലം കൊണ്ട് പ്രാജാപത്യം, പന്ത്രണ്ടു കൊല്ലം കൊണ്ട് ബ്രഹ്മത്വം, എന്നിങ്ങിനെയാണ് ഈ തപസ്സിന്റെ ഫലങ്ങൾ

മൂന്നു ലോകവും വെന്ന ഋക്ഷികളായ നാരദൻ തുടങ്ങിയവർ ഈ വ്രതം അനുഷ്ഠിച്ചാണ് അവരവരുടെ സ്ഥാനത്തെത്തിയത്.  ഋഷിമാരിൽ ചിലർ കിഴങ്ങോ സോമരസമോ പാലോ നെയ്യോ പഴങ്ങളോ ഇലകളോ അങ്ങിനെയെന്തെങ്കിലും കഴിച്ച് ക്ഷുത്തടക്കും. മറ്റു ചിലർ ഭിക്ഷാന്നം മാത്രം കഴിക്കും. ഇനിയും ചിലർ ഹവിഷ്യാന്നം കഴിക്കും.

ബ്രാഹ്മണർ പാപ ശുദ്ധിക്കായി ദിവസവും മൂവായിരം തവണ ഗായത്രി ജപിക്കണം. അങ്ങിനെയൊരു മാസം ജപിച്ചാൽ സ്വർണ്ണമോഷണപാപം തീർന്നു കിട്ടും. മദ്യം കഴിച്ചതിന്റെയും ഗുരുപത്നിയെ പ്രാപിച്ചതിന്റെയും പാപം തീർക്കാനും ഒരു മാസമിങ്ങിനെ ജപിച്ചാൽ മതി. വനത്തിൽ ഒരു കുടിൽ കെട്ടി താമസിച്ച് ഒരു മാസം ദിവസവും മൂവായിരം വീതം ഗായത്രി ജപിച്ചാൽ ബ്രഹ്മഹത്യാപാപം തീരും. പന്ത്രണ്ട് ദിവസം ജലത്തിലിറങ്ങി നിന്ന് ആയിരം തവണ ഗായത്രി ജപം ചെയ്താലും ബ്രാഹ്മണർക്ക് ഏർപ്പെട്ട പാപങ്ങൾ എല്ലാം തീർന്നു കിട്ടും.

പ്രാണനിയന്ത്രണത്തോടെ മൂവായിരം ഗായത്രി ഒരുമാസം ജപിച്ചാൽ എത്ര പാപിക്കും ഭയത്തിൽ നിന്നും രക്ഷ നേടാം. ആയിരം പ്രാണായാമം ചെയ്താൽ ബ്രഹ്മഹത്യാ പാപത്തിൽ നിന്ന് മോചനമാവും. പ്രാണായാമം ചെയ്യുമ്പോൾ ഏകാഗ്രതയോടെ ശ്വാസം ക്രമത്തിൽ അകത്തേക്കെടുത്ത് പ്രാണാപാനൻമാരെ സമമാക്കി നിർത്തണം. ഇങ്ങിനെയൊരു മാസം ആയിരം വീതം ആവർത്തിച്ചാൽ രാജാവിന് പരിശുദ്ധനാകാം. ദിവസവും മൂവായിരം വീതം പന്ത്രണ്ടുനാൾ ഗായത്രി ജപിച്ചാൽ ഗോഹത്യാപാപം ഇല്ലാതാകും.

നൂറ് പ്രാണായാമത്തോടെ പതിനായിരം തവണ ഗായത്രി ജപിച്ചാൽ അഗമ്യഗമനം, മോഷണം, കൊല, അഭക്ഷ്യം കഴിക്കൽ, തുടങ്ങിയ പാപങ്ങളിൽ നിന്നൊരു ബ്രാഹ്മണന് മുക്തനാവാം. വൻകാട്ടിൽ ഒരു മാസം കഴിഞ്ഞ് അവിടെ ദിനവും ആയിരം ഗായത്രി ജപിച്ച് അവന്റെ സകലപാപങ്ങളും അവ സങ്കരമാണെങ്കിൽക്കൂടി ഇല്ലാതാക്കാം. ദിവസവും മൂവായിരം ജപിക്കുന്നതു കൊണ്ട് ഉപവാസഫലം കിട്ടും. അത് ഇരുപത്തിനാലായിരം തവണയാണെങ്കിൽ അത് 'കൃഛ്രവ്രത'മായി. അറുപത്തിനാലായിരം ജപിച്ചാലത് 'ചാന്ദ്രായണ'തുല്യമായി.

രണ്ടു സന്ധ്യകളിലും പ്രാണായാമത്തോടെ നൂറ് ഗായത്രി നിത്യവും ജപിച്ചാൽ എല്ലാ പാപങ്ങളും ഒഴിവാകും. സൂര്യസ്വരൂപയായി ഗായത്രിയെ ധ്യാനിച്ച് ജപിച്ചാൽ സർവ്വപാപങ്ങളിൽ നിന്നും മുക്തിയായി.

ഞാനങ്ങേയ്ക്ക് പറഞ്ഞുതന്നതായ ഇക്കാര്യങ്ങളെല്ലാം അതിഗൂഢമായ കാര്യങ്ങളാണ്. മറ്റാരോടും ഇത് പറയരുത്. ഇതിൽപ്പറഞ്ഞതായ സദാചാരം ഉചിതമായി ആചരിച്ച് ഭഗവതിയെ സംപ്രീതയാക്കാം. നിത്യനൈമിത്തികങ്ങളും കാമ്യങ്ങളുമായ കർമ്മങ്ങൾ വിധിപോലെ ചെയ്താൽ ദുർഗ്ഗാപ്രീതിയും, ഭുക്തിമുക്തി ഫലങ്ങളും ഉണ്ടാവും.

ആചാരമാണ് പ്രഥമധർമ്മം. ധർമ്മത്തിന്റെ ദേവത പരമേശ്വരിയായ ദുർഗ്ഗയാണ്. സദാചാരത്തിന്റെ ഫലം മഹത്തരമാണ്. അവ തെറ്റാതെ നടത്തുന്നവൻ പരിശുദ്ധനാവുന്നു - അവൻ സുഖിയും ധന്യനുമാവുന്നു. ദേവീപ്രസാദം കിട്ടുന്നതായ സദാചാരങ്ങൾ എന്തൊക്കെയെന്ന് കേൾക്കുന്നതു പോലും ഐശ്വര്യപ്രദമാണ്. ആ ശ്രവണം സമ്പത്തും സൗഖ്യവും നൽകാൻ പര്യാപ്തമത്രേ. ഐഹികവും ആമുഷ്മികവുമായ സുഖം സിദ്ധിക്കാൻ സദാചാരാനുഷ്ഠാനം കൊണ്ട് സാധിക്കും.

No comments:

Post a Comment