ദിവസം 270. ശ്രീമദ് ദേവീഭാഗവതം. 9- 48. മനസോപാഖ്യാനം
മത്ത: പൂജാവിധാനം ച ശ്രൂയതാം മുനിപുംഗവ
ധ്യാനം ച സാമവേദോക്തം പ്രോക്തം ദേവീ വിധാനകം
ശ്വേതചമ്പക വർണ്ണാഭാം രത്നഭൂഷണഭൂഷിതാം
വഹ്നിശുദ്ധാം ശുകാധാനാം നാഗയജ്ഞോപവീതിനീം
ശ്രീ നാരായണൻ പറഞ്ഞു: അല്ലയോ മഹാമുനേ സാമവേദത്തിൽ പ്രതിപാദിച്ചിട്ടുള്ള വിധത്തിൽ ആ ദേവിയെ പൂജിക്കേണ്ടത് എങ്ങനെയെന്ന് ഇനി പറയാം. രത്നവിഭൂഷിതയും തൂവെള്ള ചെമ്പകപ്പൂ നിറവുമുള്ള ദേവി തങ്കനീരാളവും നാഗത്തിന്റെ പൂണൂലും അണിഞ്ഞിരിക്കുന്നു. മഹാജ്ഞാനം സിദ്ധമാക്കിയ ദേവി സിദ്ധയോഗിനിയും സിദ്ധരുടെ അധിഷ്ഠാതൃദേവതയുമാണ്. അങ്ങിനെയുള്ള ദേവിയെ ധ്യാനിച്ച് "ഓം ഹ്രീം ശ്രീം ക്ളീം ഐം മനസാദേവ്യൈ സ്വാഹാ " എന്ന മൂലമന്ത്രോപാസനയോടെയാണ് പൂജിക്കേണ്ടത്. വിവിധങ്ങളായ നൈവേദ്യങ്ങളും പുഷ്പഗന്ധലേപനങ്ങളും പൂജയ്ക്കായി വിനിയോഗിക്കണം.
ദേവിയുടെ മൂലമന്ത്രം പന്ത്രണ്ടക്ഷരങ്ങൾ ഉള്ളതാണ്. സാധകന്റെ അഭീഷ്ടങ്ങളെ എളുപ്പത്തിൽ സാധിപ്പിക്കുന്ന ഈ മന്ത്രം അഞ്ചുലക്ഷം തവണ ജപിച്ച് സിദ്ധി കൈവരിക്കാം. അങ്ങിനെയുള്ള സിദ്ധൻ ധന്വന്തരിക്ക് സമനാകും. കൊടിയ വിഷം പോലും അവന് അമൃത് പോലെയാവും. സങ്ക്രാന്തി ദിവസം കളിച്ചു ശുദ്ധനായി ഗൂഢമായ ഒരിടത്ത് ചെന്ന് ദേവിയെ ആവാഹിച്ച് ഭക്തിയോടെ പൂജിക്കണം. പഞ്ചമിക്ക് ധ്യാനപൂർവ്വം ദേവിക്കായി ബലിയർപ്പിക്കുന്നവൻ ധനവാനും കീർത്തിമാനും സൽപുത്ര സമ്പന്നനും ആവും. മാനസാ ദേവിക്കായുള്ള പൂജാവിധാനം ഇതാണ്. ഇനിയാദേവിയുടെ കഥ പറയാം. ധർമ്മൻ എന്നോട് പറഞ്ഞിട്ടുള്ളതാണീ ദിവ്യചരിതം.
പണ്ട് ലോകരെല്ലാം നാഗ ഭയത്താൽ വലഞ്ഞ് കശ്യപ മുനിയെ അഭയം പ്രാപിച്ചു. മുനി ബ്രഹ്മോപദേശം കേട്ട് വേദബീജാനുസാരമായി മന്ത്രങ്ങൾ സൃഷ്ടിച്ചു. ആ മന്ത്രങ്ങൾക്കൊപ്പം അധിഷ്ഠാതൃദേവതയായി കശ്യപൻ തപോബലത്താൽ ഒരു ദേവിയെയും മനസ്സുകൊണ്ട് സൃഷ്ടിച്ചു. ജനിച്ചപ്പോഴേ അവൾ കുമാരിയായിരുന്നു. ദേവി നേരേ പോയത് കൈലാസത്തിലേയ്ക്കാണ്. അവിടെ ചെന്ന് ദേവി കൈലാസേശനായ ചന്ദ്രശേഖരനെ പൂജിച്ച് തുഷ്ടനാക്കി. അതിനായി ദേവി ആയിരം വർഷം തപസ്സു ചെയ്തു. മഹേശ്വരൻ അവളെ കല്പതരുവിന് തുല്യമായ മഹാജ്ഞാനം നൽകി അനുഗ്രഹിച്ചു. അഷ്ടാക്ഷരാത്മകമായ കൃഷ്ണമന്ത്രമാണത്.
ലക്ഷ്മീ മായാ കാമ ബീജങ്ങൾ ചേർന്ന "ഓം ശ്രീം ഹ്രീം ക്ളീം കൃഷ്ണായ നമ: " എന്ന മന്ത്രവും 'ത്രൈലോക്യ മംഗളം' എന്ന കവചവും വേദോക്തങ്ങളായ പൂജനക്രമം, പുരശ്ചര്യവിധികൾ, സർപ്പാദി വിഷഹര മന്ത്രം എന്നിവയും മഹേശ്വരൻ ദേവിക്ക് നൽകി. പിന്നീട് പുഷ്ക്കരത്തിൽ ദേവി മൂന്നു യുഗക്കാലം ശ്രീകൃഷ്ണ പരമാത്മാവിനെ തപസ്സു ചെയ്ത് സിദ്ധയായിത്തീർന്നു. ശ്രീകൃഷ്ണനെ അവൾ നേരിൽക്കണ്ടു.
ക്ഷീണിച്ചു കൃശഗാത്രിയായി നിന്ന ദേവിയിൽ അലിവു തോന്നി ഭഗവാൻ "നീ എങ്ങുമെങ്ങും പൂജിതയായിത്തീരട്ടെ " എന്നനുഗ്രഹിച്ചു. ശ്രീകൃഷ്ണൻ അവളെ പൂജിക്കുകയും മറ്റുള്ളവരെക്കൊണ്ട് പൂജിപ്പിക്കുകയും ചെയ്തു. ആദ്യമായി മനസാ ദേവിയെ പൂജിച്ചത് ഭഗവാൻ ഹരിയും പിന്നീട് ശിവൻ, കശ്യപൻ, ഇന്ദ്രൻ, മുനിമാർ, മനുക്കൾ, നാഗങ്ങൾ, മനുഷ്യർ തുടങ്ങി എല്ലാവരും വിധിപ്രകാരം പൂജകൾ ചെയ്തു.
കശ്യപൻ ദേവിയെ ജരത്കാരു മുനിക്ക് നൽകിയിരുന്നു. ദീർഘകാല തപസ്സുകൊണ്ട് ക്ഷീണിതനായിരുന്ന മുനി അവളുടെ മടിയിൽ തല വച്ച് നിദ്രേശനായ ഭഗവാനെ സ്മരിച്ച് ഗാഢനിദ്രയിലാണ്ടു. സമയം കടന്നു പോയി സായം സന്ധ്യയാവാറായി. തന്റെ ഭർത്താവിന്‍റെ സന്ധ്യാവന്ദനത്തിന് മുടക്കം വന്നേക്കുമോ എന്നാ ദേവി ആകുലപ്പെട്ടു. "ബ്രാഹ്മണർ സന്ധ്യയ്ക്ക് അനുഷ്ഠിക്കേണ്ട കാര്യങ്ങൾക്ക് മുടക്കം വരുത്തുന്നത് ബ്രഹ്മഹത്യക്ക് തുല്യമായ പാപത്തെ ക്ഷണിച്ചു വരുത്തും " എന്നാലോചിച്ച് ദേവി അദ്ദേഹത്തെ ഉണർത്തി.
മുനി എന്നേറ്റ് അവളോട് കയർത്തു: "സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന എന്നെ എന്തിനാണ് ഉണർത്തിയത്? ഭർത്തൃദ്രോഹം ചെയ്തവളുടെ തപസ്സൊക്കെ നിഷ്ഫലമായിപ്പോകും. സ്വന്തം ഭർത്താവിനെ പൂജിക്കുന്നത് സാക്ഷാൽ കൃഷ്ണനെ പൂജിക്കുന്നതുപോലെയാണ്. ശ്രീഹരി തന്നെയാണ് പതിവ്രതകൾക്ക് വ്രതനിഷ്ഠ ഉറപ്പാക്കാൻ പതിരൂപത്തിൽ വരുന്നത്. ദാനം, തപസ്സ്, ഉപവാസങ്ങൾ, ദേവാരാധനകൾ എന്നിവയ്ക്കൊന്നും സ്വഭർത്താവിനെ സേവിക്കുന്നതിന്റെ പതിനാറിലൊന്ന് ഫലം പോലുമില്ല. ഭാരതഭൂമിയിൽ പതിസേവ ചെയ്യുന്നവൾ ഭർത്തൃസഹിതം വൈകുണ്ഠപദം പ്രാപിക്കും. എന്നാൽ ഭർത്താവിന് അപ്രിയം ചെയ്യുകയും പറയുകയും ചെയ്യുന്നവൾ സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം കുംഭീപാകത്തിൽ നരകിച്ചു കഴിയും. അതു കഴിഞ്ഞ് അവൾ ചണ്ഡാലസ്ത്രീയായി ജനിക്കും. അവൾക്ക് പുത്രഭാഗ്യവും ഭർത്തൃ ഭാഗ്യവും ഉണ്ടാവില്ല."
കോപത്താൽ മുനിയുടെ ചുണ്ട് വിറച്ചതു കണ്ട് ദേവി പറഞ്ഞു: "അങ്ങയുടെ സന്ധ്യാവന്ദനം മുടങ്ങുമല്ലോ എന്ന് ഭയന്നാണ് ഞാനങ്ങയെ നിദ്രയിൽ നിന്നും ഉണർത്തിയത്. വ്രതനിഷ്ഠനായ അങ്ങ് എന്നോട് ക്ഷമിച്ചാലും . നിദ്ര, മൈഥുനം, ആഹാരം, എന്നിവയ്ക്ക് ഭംഗം വരുത്തുന്നത് അക്ഷന്തവ്യമായ അപരാധമാണെന്ന് എനിക്കറിയാം. " എന്നുപറഞ്ഞ് അവൾ ഭർത്താവിന്റെ കാൽക്കൽ വീണു
ഇതു കേട്ട മുനി അസ്തമിക്കാറായ സൂര്യനെ ശപിച്ചേക്കുമെന്ന് മനസ്സിലാക്കിയ ആദിത്യൻ സന്ധ്യയുമായി അവിടെയെത്തി. ഭയഭക്തി ബഹുമാനത്തോടെ ആദിത്യൻ പറഞ്ഞു: "സൂര്യാസ്തമനം ആഗതമായി എന്ന കണ്ടാണീ ദേവി അങ്ങയെ ഉണർത്തിയത്. അതിന് എന്നെ ശപിക്കുന്നത് ശരിയല്ല. ശരണാർത്ഥിയായ എന്നോട് ക്ഷമിച്ചാലും. മഹാ ബ്രാഹ്മണരുടെ ഹൃദയം പുതുവെണ്ണ പോലെ പവിത്രവും മൃദുലവുമാണല്ലോ. എന്നാലവരുടെ കോപം ലോകത്തെ ഭസ്മമാക്കിക്കളയും. എങ്കിലും അവർക്ക് ലോകത്തെ വീണ്ടും സൃഷ്ടിക്കാനും കഴിയും. ബ്രഹ്മവംശജനാണ് ബ്രഹ്മതേജസ്സാണ്ട ബ്രാഹ്മണൻ. ഭൂസുരരാണവർ. " ആദിത്യസ്തുതിയിൽ പ്രീതനായ ജരത്കാരു സൂര്യദേവനെ അനുഗ്രഹിച്ചയച്ചു. എന്നാൽ അദ്ദേഹം മനസാ ദേവിയെ ഉപേക്ഷിച്ചു.
ദുഃഖാർത്തയായി വിലപിച്ച ദേവി ശംഭുവിനെയും ബ്രഹ്മാവിനെയും കശ്യപനെയും സ്മരിച്ചു. അവർ മൂവരും ശ്രീകൃഷ്ണ ഭഗവാനോടൊപ്പം ആ കൃശഗാത്രിയുടെ മുന്നിൽ വന്നു. ഇഷ്ടദേവനെങ്കിലും നിർഗ്ഗുണനായ പരമാത്മസത്യത്തെ ദർശിച്ച ജരത്കാരു ഭഗവാനെ നമസ്ക്കരിച്ചു. തുടർന്ന് മറ്റുള്ളവരെയും നമസ്ക്കരിച്ചിട്ട് അവരുടെ ആഗമനോദ്ദേശം ആരാഞ്ഞു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു: പതിവ്രതയായ പത്നിയെ പരിത്യജിക്കുന്നതിനു മുൻപ് അവളിൽ ഒരു പുത്രനെ ജനിപ്പിക്കണം. ഗർഭാധാനത്തിനു ശേഷം പത്നിയെ ത്യജിക്കാം. അവൾക്ക് സ്ത്രീധർമ്മം ആചരിക്കണമെങ്കിൽ ഇതു കൂടിയേ തീരൂ. പുത്രനെ സൃഷ്ടിക്കാതെ വിരക്തനായി ഭാര്യയെ ഉപേക്ഷിക്കുന്നവന്‍റെ പുണ്യം മുറത്തിലൊഴിച്ച വെള്ളം പോലെ ചോർന്ന് പോകും."
മഹാമുനിയായ ജരത്കാരു മന്ത്രജപത്തോടെ മനസാദേവിയുടെ നാഭിയിൽ ഒന്നു തൊട്ടു. "ദേവീ നിനക്ക് ജിതേന്ദ്രിയശ്രേഷ്ഠനും ബ്രാഹ്മണോത്തമനും തേജസ്വിയും മഹായോഗിയുമായ ഒരു പുത്രനുണ്ടാവും. അവൻ വിഷ്ണുഭക്തനായിരിക്കും. അവൻ നിന്റെ കുലത്തെ സംരക്ഷിക്കും. പിതൃക്കളും അവന്റെ ജന്മത്തിൽ സന്തുഷ്ടരാവും. പതിവ്രതയായ ഭാര്യ ഭർത്താവിനോട് പ്രിയം പറയുന്നവളാണ്. ധർമ്മിഷ്ഠയാണവൾ. അവൾ ഉത്തമ സന്താനങ്ങൾക്ക് മാതാവാകും. സാക്ഷാൽ ബന്ധുവെന്നാൽ ഒരുവനിൽ ഹരിഭക്തിയുണർത്തുന്നവനാണ്. ഒരുവനെ ഹരിമാർഗ്ഗം കാട്ടുന്നവനാണ് പിതാവ്. ഒരുവന്‍റെ യമഭീതിയകറ്റുന്നവളാണ് സഹോദരി. അവന് വിഷ്ണുമന്ത്രം ഉപദേശിക്കുന്നവനാണ് ഗുരു. ശ്രീകൃഷ്ണ പരമാത്മാവിനെക്കുറിച്ച് ഒരുവനിൽ ബോധമുണർത്തുന്നവനും ഗുരുവാണ്.
ബ്രഹ്മാവു മുതൽ പുൽക്കൊടി വരെയുള്ള സകലതിന്‍റെയും ആവിർഭാവം, നിലനിൽപ്പ്, തിരോഭാവം, എന്നിവ ഏതൊന്നിലാണോ സംഭവിക്കുന്നത്, അതിനെക്കുറിച്ചുള്ള ജ്ഞാനമാണ് ശരിയായ ജ്ഞാനം. ഹരിസേവയാണ് വേദയജ്ഞങ്ങളുടെ സാരസത്ത. ഹരിയെ സംബന്ധിച്ച തത്വം മാത്രമേ സത്യമായുള്ളു. ബാക്കിയെല്ലാം വെറും മിത്ഥ്യയാണ്. ശ്രീഹരിയെക്കുറിച്ചുള്ള ജ്ഞാനം ഞാൻ നിനക്ക് നല്കി. ആത്മജ്ഞാനദാതാവാണ് ശരിയായ ഭർത്താവ്.
ശിഷ്യനെ ദ്രോഹിക്കുന്നവൻ ശത്രുവാണ്. ബന്ധനത്തിൽ നിന്നും ഒരുവനെ മോചിപ്പിക്കാൻ കഴിയാത്തവനും ശത്രുതന്നെ. ഗർഭക്ലേശം, മരണഭീതി, ഇവയിൽ നിന്നും ഒരുവനെ രക്ഷിക്കാൻ കഴിയാത്തവൻ അച്ഛനും ബന്ധുവും ആകുന്നതെങ്ങിനെ? പരമാനന്ദ സ്വരൂപമായ ശ്രീ കൃഷ്ണ മാർഗ്ഗം കാണിക്കാത്തവർ എങ്ങിനെ ബന്ധുക്കളാവും? അതു കൊണ്ട് നീയും അനന്ത സച്ചിദാനന്ദമായനിർഗ്ഗുണബ്രഹ്മത്തെത്തന്നെ ഭജിക്കുക. കർമ്മബന്ധത്തിന്‍റെ വേരറുക്കാൻ ഇതേ ഒരു മാർഗ്ഗമുള്ളു.
നിന്നെ ത്യജിച്ച എന്‍റെ സാഹസം നീ പൊറുത്താലും. സത്വപ്രധാനികളായ ക്ഷമാശീലരാണല്ലോ സാധ്വികൾ. ഞാൻ തപസ്സിനായി പോകുന്നു. നിനക്കും ഇഷ്ടമുള്ളയിടത്തേക്ക് പോകാം. ശ്രീകൃഷ്ണന്റെ പദകമലങ്ങളാണ് നിസ്പൃഹൻമാരുടെ ഏക ലക്ഷ്യം."
ജരത്കാരുവിന്റെ വാക്കുകൾ കേട്ട് മനസാ ദേവി കണ്ണീരു വീഴ്ത്തി ഇങ്ങിനെ പറഞ്ഞു: "അങ്ങേയ്ക്ക് നിദ്രാ ഭംഗം വരുത്തിയത് വലിയൊരപരാധമായി കണക്കാക്കരുതേ. ഞാൻ അങ്ങയെ സ്മരിക്കുമ്പോൾ ഉടനെ എന്‍റെയടുക്കൽ എത്തിക്കൊള്ളാം എന്നെനിക്ക് അങ്ങ് വാക്കു തരണം. ബന്ധുവിരഹം ക്ലേശകരമാണ്. അതിൽത്തന്നെ പുത്ര വിരഹം അതി ക്ലേശകരമാണ്. പ്രാണപ്രിയനെ പിരിയുന്നതാണെങ്കിൽ സ്വപ്രാണനെ പിരിയുന്നതിലും വിഷമകരമാണ്. പതിവ്രതകൾക്ക് പതിയെന്നാൽ നൂറ് പുത്രൻമാരെക്കാൾ പ്രിയംകരനാണ്.
ഒരു മകനുള്ളവർക്ക് അവനിലാണ് പ്രിയം. വൈഷ്ണവർക്ക് ഹരിയിലാണ് പ്രിയം. ഒറ്റക്കണ്ണുളവർക്ക് ആ കണ്ണില്‍ പ്രിയം. ദാഹിക്കുന്നവർക്ക് ജലം പ്രിയം. വിശക്കുന്നവർക്ക് ഭക്ഷണം പ്രിയം. കാമുകർക്ക് രതിയിൽ പ്രിയം. കള്ളൻമാർക്ക് മറ്റുള്ളവർ സ്വരുക്കൂട്ടിയ ധനത്തിൽ പ്രിയം. കുലടകൾക്ക് ജാരസേവയിൽ പ്രിയം. പണ്ഡിതൻമാർക്ക് ശാസ്ത്രത്തിൽ പ്രിയം. വണിക്കുകൾക്ക് കച്ചവടത്തിൽ പ്രിയം. മനസ്സ് അതിന് ഏറ്റവും പ്രിയമായതിൽ മുഴുകിയിരിക്കും. ആ പോലെ സാധ്വികളായ നാരിമാർക്ക് അവരുടെ കാന്തനിൽത്തന്നെയാണ് മനസ്സ് മുഴുകിയിരിക്കുന്നത്. " ഇത്രയും പറഞ്ഞ് മനസാ ദേവി ജരത്കാരുവിന്‍റെ കാൽക്കൽ വീണു.
മുനിയവളെ എഴുന്നേൽപ്പിച്ച് മടിയിലിരുത്തി. അദ്ദേഹവും കണ്ണീരൊഴുക്കി. വിരഹദു:ഖചിന്തയാൽ അവളും കണ്ണീരൊഴുക്കിയെങ്കിലും താമസംവിനാ രണ്ടു പേർക്കും ജ്ഞാനോദയം സംഭവിച്ചു. അതോടെ ശോകമെല്ലാം അകന്നു. പത്നിയ്ക്ക് ജ്ഞാനോപദേശം ചെയ്ത് ശ്രീകൃഷ്ണ സ്മരണയോടെ മുനി തപസ്സിനായി വനം പൂകി. മനസാദേവി ഗുരുവായ ശംഭുവിന്‍റെയടുക്കൽ കൈലാസത്തിലേയ്ക്ക് പോയി. അവിടെ വച്ച് ദേവി വിഷ്ണ്വംശജനായ ഒരുത്തമപുത്രനെ പ്രസവിച്ചു.ആ പുത്രൻ യോഗികൾക്കും ജ്ഞാനികൾക്കും ഗുരുവായി. ഗർഭകാലത്ത് മനസാദേവി ശങ്കരനിൽ നിന്നും മഹാജ്ഞാനസാരം ശ്രവിച്ചിരുന്നുവല്ലോ.
ശംഭു ശിശുവിന്‍റെ ക്ഷേമാർത്ഥം വേദപാരായണം നടത്തി. ബ്രാഹ്മണർക്ക് ദാനം നൽകി. ഗൌരീദേവിയും ദാനങ്ങൾ ചെയ്തു. കുട്ടിയെ ശാസ്ത്രങ്ങളും നാലു വേദങ്ങളും പഠിപ്പിച്ചതിനു പുറമേ സഞ്ജീവനീവിദ്യയും ശംഭു തന്നെ അഭ്യസിപ്പിച്ചു. ഗുരുഭക്തിയും ഭഗവദ്ഭക്തിയുമുള്ള അമ്മയ്ക്ക് ജനിച്ച ഒരുവളുടെ പുത്രനാകയാൽ ആസ്തീകൻ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി. പരമശിവന്റെ നിർദ്ദേശപ്രകാരം അദ്ദേഹം വിഷ്ണുവിനെ തപസ്സു ചെയ്യാൻ പുഷ്ക്കരത്തിലേയ്ക്ക് പോയി.
മൂലപ്രകൃതിയുടെ ശ്രേഷ്ഠമന്ത്രം നേടിയ ബാലൻ മൂന്നു ലക്ഷം വർഷം തപസ്സ് ചെയ്ത് സിദ്ധനായി. പിന്നീടദ്ദേഹം കൈലാസത്തിലെത്തി ശിവനെ വണങ്ങി അവിടെത്തന്നെ കഴിഞ്ഞു വന്നു. പിന്നീട് മനസാ ദേവിയും പുത്രനും കശ്യപാശ്രമത്തിലെത്തി. പുത്രനുമൊത്ത് ആഗതയായ മകളെക്കണ്ട് മുനി സന്തുഷ്ടനായി. മുനി ശിശുവിന്‍റെ ക്ഷേമാർത്ഥം ദാനങ്ങൾ ചെയ്തു. ബ്രാഹ്മണഭോജനം നടത്തി. അവർ ആശ്രമത്തിൽ ഏറെക്കാലം താമസിച്ചു.
ഇനി ആസ്തീക മുനിയുടെ കഥ പറയാം. പണ്ട് അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന് കിട്ടിയ മുനിശാപത്തെപ്പറ്റി അറിയാമല്ലോ. ''ഇന്നേയ്ക്ക് ഏഴുദിവസത്തിൽ തക്ഷകൻ നിന്നെ കടിക്കും" എന്നായിരുന്നു ശാപം. അതിൽ നിന്നും രക്ഷ നേടാൻ രാജാവ് കാറ്റു പോലും കടക്കാത്ത ഒരു കൊട്ടാരത്തിൽ അതീവ സുരക്ഷാ സന്നാഹങ്ങളോടെ താമസം തുടങ്ങി. ഏഴു ദിനങ്ങൾ അങ്ങിനെ കടന്നു പോയി. ഏഴാം നാൾ തക്ഷകൻ രാജസന്നിധിയിലേയ്ക്ക് ശാപം സഫലമാക്കാൻ പോവുമ്പോൾ ധന്വന്തരിയെക്കണ്ടു. വിഷഹാരിയായ വൈദ്യനാണ് ധന്വന്തരി. തക്ഷകൻ വൈദ്യന് വിലപിടിച്ച രത്നങ്ങൾ നൽകി രാജാവിനെ കാണാൻ പോകുന്നതിൽ നിന്നും അദ്ദേഹത്തെ പിൻതിരിപ്പിച്ചു. കനത്ത സുരക്ഷയോടെ ആ മഞ്ചത്തിൽക്കിടന്നിരുന്ന രാജാവിനെ യഥാസമയം തക്ഷകൻ ദംശിച്ചു. രാജാവ് ശരീരം ഉപേക്ഷിച്ചു പരലോകം പൂകി.
പരീക്ഷത്തിന്‍റെ മകനായ ജനമേജയൻ പിതൃകർമ്മങ്ങൾ യഥാവിധി നടത്തി. പിതാവിനെ പിൻതുടർന്ന് രാജാവായ അദ്ദേഹം സർപ്പയജ്ഞം നടത്തി ഒട്ടനവധി നാഗങ്ങളെ കാലപുരിക്കയച്ചു. തക്ഷകൻ ഭീതിയോടെ അഭയത്തിനായി ദേവേന്ദ്രനെ സമീപിച്ചു. അപ്പോൾ ഇന്ദ്രനോടൊപ്പം തക്ഷകനെ ദഹിപ്പിക്കാൻ യാഗത്തിന്‍റെ ഋത്വിക്കുകൾ തീരുമാനിച്ചു. പേടിച്ചരണ്ട തക്ഷകനും ഇന്ദ്രനും മനസാദേവിയെക്കണ്ട് സങ്കടം പറഞ്ഞു. അവർ ദേവിയെ സ്തുതിച്ചു. അപ്പോൾ അമ്മയായ ദേവി കല്പിച്ചതനുസരിച്ച് ആസ്തീകമുനി ഇന്ദ്രന്‍റെയും തക്ഷകന്‍റെയും പ്രാണൻ സർപ്പ യജ്ഞവേദിയിൽ ചെന്ന് രാജാവിനോട് യാചിച്ചു വാങ്ങി. യജ്ഞം അവസാനിപ്പിച്ച് ദക്ഷിണകൾ ചെയ്ത് എല്ലാവരും മനസാദേവിയെ സ്തുതിച്ച് പൂജിച്ചു.
ദേവേന്ദ്രൻ വിവിധങ്ങളായ സംഭാരങ്ങളോടെ, ഉപചാരങ്ങളോടെ, ബലി സഹിതം മനസാ ദേവിയെ പൂജിച്ചു. ബ്രഹ്മാവിഷ്ണുശിവപ്രോക്തങ്ങളായ സ്തുതികളും ഷോഡശോപചാരങ്ങളും ഇന്ദ്രൻ പൂജയ്ക്കായി വിനിയോഗിച്ചു.
നാരദരേ, ഇനിയും എന്താണ് അങ്ങേയ്ക്ക് അറിയേണ്ടത്?
നാരദൻ പറഞ്ഞു: "മനസാദേവിയെ ഇന്ദ്രൻ സ്തുതിച്ചത് ഏതു സ്തോത്രങ്ങൾ കൊണ്ടാണ്? അദ്ദേഹം അനുഷ്ഠിച്ച പൂജാവിധികൾ കൂടി പറഞ്ഞു തന്നാലും."
ശ്രീ നാരായണൻ പറഞ്ഞു: ഇന്ദ്രൻ സ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ചു. എന്നിട്ട് ഭക്തിയോടെ മനസാദേവിയെ രത്നസിംഹാസനത്തിൽ ഇരുത്തി. രത്നകുംഭത്തിൽ ഗംഗാജലമെടുത്ത് വേദമന്ത്രമാലപിച്ച് ദേവിക്ക് അഭിഷേകം ചെയ്തു. മനോജ്ഞങ്ങളായ തങ്കനീരാളം വസ്ത്രമായി നൽകി. സർവ്വാംഗം ചന്ദനം ചാർത്തി. പാദാർഘ്യം നൽകി. ഗണേശൻ, സൂര്യൻ, വഹ്നി, വിഷ്ണു, ശിവൻ, പാർവ്വതി എന്നീ ആറു പേരെ പൂജിച്ച ശേഷം മനസാ ദേവിയെ ദശാക്ഷര മൂലമന്ത്രമായ "ഓം ഹ്രീം ശ്രീം മനസാ ദേവ്യൈ സ്വാഹാ" എന്നു ജപിച്ച് സർവ്വവും ദേവിക്ക് മുന്നിൽ സമർപ്പിച്ചു. ഷോഡശോപചാരങ്ങൾ ചെയ്തു. ദേവിയെ പ്രകീർത്തിക്കാനായി പലതരം വാദ്യഘോഷങ്ങൾ അവിടെ മുഴങ്ങിക്കേട്ടു.
മനസാ ദേവിക്കു മേൽ പുഷ്പവൃഷ്ടിയുണ്ടായി. പുളകിതഗാത്രനായി ഇന്ദ്രൻ സ്തുതിച്ചു: "സാധ്വികളിൽ അതിശ്രേഷ്ഠയായ ദേവീ, അവിടുത്തെ പ്രകീർത്തിക്കാൻ എനിക്കാഗ്രഹമുണ്ടെങ്കിലും ഞാനതിന് ശക്തനല്ല. പരാത്പരയും പരമശ്രേഷ്ഠയുമായ അവിടുത്തെ ഞാനെങ്ങിനെ വർണ്ണിക്കാനാണ്? സ്തുതികളിൽ ദേവതകളുടെ സ്വഭാവാഖ്യാനം സഹജമായും ഉണ്ടാവും. അതാണ് ആഗമപ്രോക്തം. എന്നാൽ ശുദ്ധസത്വസ്വരൂപയായ നിന്നെയെങ്ങിനെ വർണ്ണിക്കാനാണ്? കോപവും ഹിംസയും നിന്നിലില്ല.
നിന്നെ ഉപേക്ഷിക്കാൻ ഒരു സർവ്വസംഗപരിത്യാഗിക്ക് പോലും കഴിയില്ല. അതുകൊണ്ടാണല്ലോ വിട്ടുപോകും മുന്പ് ജരത്കാരുമുനിക്ക് നിന്നോട് യാചിക്കേണ്ടിവന്നത്? എനിക്ക് നീ എന്‍റെ അമ്മയായ അദിതിക്ക് സമസമ്പൂജ്യയാണ്. ദയയിൽ സഹോദരിയും ക്ഷമയിൽ അമ്മയുമാണ് നീ. അവിടുന്ന് എന്‍റെ ജീവൻ രക്ഷിച്ചു. എന്റെന്‍റെ പത്നിയേയും പുത്രൻമാരെയും രക്ഷിച്ചു. നിത്യപൂജ്യയായ നിന്നെ ഞാൻ ആവുംവിധം പൂജിക്കാം . എന്നിൽ പ്രീതയായാലും.
ആഷാഢമാസത്തിലെ സങ്ക്രാന്തി, നാഗപഞ്ചമിയിൽ, കർക്കടക സങ്ക്രാന്തി നാളുകളിൽ അല്ലെങ്കിൽ നിത്യവും നിന്നെ പൂജിക്കുന്നവർക്ക് ധനവും പുത്രപൗത്രാദികൾ സമൃദ്ധിയായി ഉണ്ടാവും. നിന്നെ പൂജിക്കുന്നവരുടെ കീർത്തി വർദ്ധിക്കും.അവർ വിദ്വാന്മാരും സദ്ഗുണസമ്പന്നരുമാകും. എന്നാൽ അറിയാതെ പോലും നിന്നെ നിന്ദിക്കുന്നവർക്ക് ഐശ്വര്യമുണ്ടാവുകയില്ല. അവരിലെ സർപ്പഭയം തീരുകയില്ല.
നാരായണാംശജനായ ജരത്കാരു മുനിയുടെ പത്നിയായ നീ തന്നെയാണ് വൈകുണ്ഠ ലക്ഷ്മി. തപോബലവും തേജസ്സും ചേർത്ത് നിന്നെ നിന്‍റെ പിതാവ് കശ്യപൻ മനസാ സൃഷ്ടിച്ചതാണല്ലോ. അവിടുന്ന് സിദ്ധയോഗിനിയാണ്. സത്യ സംരക്ഷകയായ സത്യസ്വരൂപിണിയാണ് നീ. മഹർഷിമാർ മനസാ ദേവിയെന്ന് നിന്നെ വാഴ്ത്തുന്നു. നിന്നെ പൂജിക്കുന്നവർക്ക് നീയെന്നും പ്രാപ്യയത്രെ."
ദേവിയെ സംപ്രീതയാക്കി വരവും വാങ്ങി ഇന്ദ്രൻ മടങ്ങി. ദേവി മുനിഗൃഹത്തിൽ പുത്രസഹിതം ഭ്രാതൃപൂജിതയായി താമസിച്ചു. ഗോലോകത്തു നിന്ന് കാമധേനുവെത്തി ദേവിക്ക് പാലഭിഷേകം നടത്തിയിട്ട് ക്ഷീരത്തോടൊപ്പം ഗൂഢമായ ജ്ഞാനവും ദേവിക്ക് നല്കി. പിന്നീട് ദേവി സ്വർഗ്ഗലോകത്ത് എത്തിച്ചേർന്നു.
ഇന്ദ്രനിർമ്മിതമായ ഈ സ്തോത്രം ചൊല്ലി മനസാ ദേവിയെ പൂജ ചെയ്യുന്ന പക്ഷം ഒരുവന് നാഗഭീതിയുണ്ടാവുകയില്ല. അഞ്ചുലക്ഷം തവണ ജപിച്ച് ഈ സ്തോത്രം സിദ്ധമാക്കിയാൽ കൊടിയ വിഷം പോലും അമൃതസമമാകും. അങ്ങിനെയുള്ള സിദ്ധന് സർപ്പത്തെ മെത്തയാക്കാം. സർപ്പത്തെ തന്‍റെ വാഹനവുമാക്കാം.

No comments:
Post a Comment