Devi

Devi

Saturday, September 9, 2017

ദിവസം 272. ശ്രീമദ്‌ ദേവീഭാഗവതം. 9- 50. രാധാദുർഗ്ഗാമന്ത്ര പൂജാവിധി

ദിവസം 272  ശ്രീമദ്‌ ദേവീഭാഗവതം. 9- 50.  രാധാദുർഗ്ഗാമന്ത്ര പൂജാവിധി

ശ്രുതം സർവമുപാഖ്യാനം പ്രകൃതീനാം യഥാതഥം
യച്ഛ്രുത്വാ മുച്യതേ ജന്തുർജ്ജന്മ സംസാരബന്ധനാത്
അധുനാ ശ്രോതുമിച്ഛാമി രഹസ്യം വേദഗോപിതം
രാധായാശ്ചൈവ ദുർഗായാ വിധാനം ശ്രുതിചോദിതം

നാരദൻ പറഞ്ഞു: "മൂലപ്രകൃതിസംഭവകളായ ദേവിമാരുടെ ചരിതങ്ങൾ ധ്യാന-സ്തുതി-പൂജാവിധികളടക്കം അങ്ങ് പറഞ്ഞു തന്നു. സംസാരബന്ധനങ്ങളിൽ നിന്നും മുക്തനാവാൻ അവ കേട്ടാൽ മാത്രം മതി. ഇനിയും ഞാൻ കേൾക്കാൻ ഇച്ഛിക്കുന്നത് രാധയുടെയും ദുർഗ്ഗയുടെയും പൂജാവിധികളാണ്. അതീവ രഹസ്യങ്ങളും വേദഗോപ്യങ്ങളുമാണവ എന്നു ഞാൻ കേട്ടിരിക്കുന്നു.

ആ ദേവിമാരുടെ ചേതോഹരങ്ങളായ മാഹാത്മ്യ വിശേഷങ്ങൾ അങ്ങു തന്നെ വിവരിക്കുകയുണ്ടായി. എന്നാൽ ആരുടെ അംശമാണോ ഈ വിശ്വമായി വിളങ്ങുന്നത്, ആരാണോ ഈ വിശ്വത്തെ ഭരിച്ചു പരിപാലിക്കുന്നത്, ആ ദേവിമാരെ എങ്ങിനെയാണ് പൂജിക്കേണ്ടതെന്ന് കൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ശ്രുതിസമ്മതമായതും പരമരഹസ്യമായതുമായ കാര്യമാണ് അങ്ങ് ചോദിച്ചത്. മറ്റാർക്കും ഞാനത് പറഞ്ഞു കൊടുത്തിട്ടില്ല. സാരതമവും പരാത്പരവുമായ ആ രഹസ്യം ഞാൻ അങ്ങേയ്ക്ക് പറഞ്ഞു തരാം. ജഗത്തിന്‍റെ സൃഷ്ടിയുടെ ആദിയിൽത്തന്നെ മൂലപ്രകൃതിയായ സംവിത്തിൽ നിന്ന് ആവിർഭവിച്ച രണ്ടു ശക്തികളാണ് പ്രാണന്‍റെ അധിദേവതയായ രാധയും ബുദ്ധിയുടെ അധിദേവതയായ ദുർഗ്ഗയും. സമഷ്ടിക്കും വ്യഷ്ടിക്കും ഈ ദേവതമാർ അധിദേവതമാരാകുന്നു. ചരാചരങ്ങളായ ജീവജാലങ്ങൾക്ക് പ്രേരകശക്തിയായി അവയെയെല്ലാം നിയന്ത്രിക്കുന്നത് ഈ ദേവിമാരാണ്.

വിരാഡ് പുരുഷൻ പോലും അവർക്കധീനനാണ്. അവരുടെ കൃപ കൂടാതെ ആർക്കും മുക്തിപദം ലഭിക്കുകയില്ല. അതുകൊണ്ട് ആ ദേവിമാരെ സദാ ഭജിക്കുക . അതിനായുള്ള മന്ത്രങ്ങൾ ഞാൻ പറഞ്ഞുതരാം. ആദ്യം രാധികാ മന്ത്രം പറയാം. ബ്രഹ്മാവും വിഷ്ണുവും രാധാ ഉപാസന നടത്തിയത് ഈ മന്ത്രത്താലാണ്. "ഹ്രീം രാധായൈ സ്വാഹാ " എന്നാണ് ജപിക്കേണ്ടത്. മായാബീജത്തോടു കൂടിയ ഈ ഷഡക്ഷര മഹാമന്ത്രം സർവ്വാഭീഷ്ടപ്രദമാണ്. അതിന്റെ മാഹാത്മ്യം വർണ്ണിക്കുക എളുപ്പമല്ല. ധർമ്മാദികളായ പുരുഷാർത്ഥങ്ങളെ സാധിപ്പിക്കുന്ന ഒരു ചിന്താമണിതന്നെയാണീമന്ത്രം. മൂലപ്രകൃതി ആദ്യമായി ഈ മന്ത്രം ഉപദേശിച്ചത് സാക്ഷാൽ ശ്രീകൃഷ്ണനായാണ്. തുടർന്ന് ശ്രീകൃഷ്ണൻ വിഷ്ണുവിനും വിഷ്ണു ബ്രഹ്മാവിനും ബ്രഹ്മാവ് വിരാട് പുരുഷനും വിരാട് പുരുഷൻ ധർമ്മനും ധർമ്മൻ എനിക്കും മന്ത്രോപദേശം ചെയ്തു. രാധാമന്ത്രം ജപിക്കുകയാൽ എന്നെ ഋഷി എന്ന് വിളിക്കുന്നു.

ബ്രഹ്മാദികൾ ദിവസവും രാധാമന്ത്രം ജപിക്കുന്നുണ്ട്. കൃഷ്ണപൂജയ്ക്ക് അർഹത നേടാൻ ആദ്യം തന്നെ രാധികാർച്ചന നടത്തണം. വൈഷ്ണവർക്ക് രാധികാപൂജ കൂടാതെ കൃഷ്ണപൂജ ചെയ്യാൻ വിധിയില്ല. കൃഷ്ണന്‍റെ പ്രാണേശ്വരിയാണ് രാധ. രാധയെക്കൂടാതെ ശ്രീകൃഷ്ണനെ കാണുകയില്ല. അവർക്ക് തമ്മിൽ പിരിഞ്ഞിരിക്കാനാവില്ല. സകല കാമങ്ങളെയും സാധിപ്പിക്കുന്നതിനാലാണ് ദേവിക്ക് രാധ എന്ന പേരുണ്ടായത്. 'രാധ്നോതി' എന്നു പറഞ്ഞാൽ 'സാധയതി' എന്നർത്ഥം.

ഇവിടെപ്പറയുന്ന മന്ത്രങ്ങളുടെയെല്ലാം ഋഷി ശ്രീ നാരായണൻ എന്ന ഞാനാണ്. ഛന്ദസ്സ് ഗായത്രീ ദേവിയും ദേവത രാധികയുമാണ്. 'ഓം' ബീജമാകുന്നു. 'ഹ്രീം' ഭുവനേശ്വരിയായ ശക്തിയാണ്. 'ശ്രീ'യാണ് കീലകം. മൂലമന്ത്രം ആവർത്തിച്ച് ഉരുക്കഴിച്ച് ഷഡംഗന്യാസം ചെയ്ത് രാസേശ്വരിയായ രാധികാദേവിയെ സാമവേദോക്തമായ രീതിയിൽ ധ്യാനിക്കണം.

തൂവെള്ള ചെമ്പകപ്പുവിന്റെ നിറം, കോടി തിങ്കൾത്തിളക്കം, ശരത്കാലചന്ദ്രദ്വിതിയുള്ള മുഖകമലം, തിളങ്ങുന്ന താമരയിതൾ കണ്ണുകൾ, മുല്ലമൊട്ടിനൊക്കുന്ന ദന്തനിര, വഹ്നിശുദ്ധമായ വസ്ത്രം, പുഞ്ചിരി തൂകുന്ന പ്രസന്നവദനം, ആനക്കൊമ്പിന്റെ എടുപ്പുള്ള പോർകൊങ്കകൾ, കാഞ്ചിയണിഞ്ഞ നിതംബം, തടിച്ച കടിതടം, രത്നാഭരണങ്ങളണിഞ്ഞ ദേഹം , നിത്യവും നവയൗവനം. ശൃംഗാരരസ സമ്പൂർണ്ണ, ഭക്താനുഗ്രഹവ്യഗ്രതയുള്ള ഭാവം, വരദാഭയമുദ്രകൾ അലങ്കരിക്കുന്ന കൈകൾ, ഗോപികമാരുടെ നടുവിൽ നിത്യവും പന്ത്രണ്ടു വയസ്സായി നിൽക്കുന്ന ശ്രീകൃഷ്ണപ്രാണപ്രിയ, വേദം വാഴ്ത്തുന്ന പരമേശ്വരി, ഇങ്ങിനെ ദേവിയെ ധ്യാനിച്ച് സാളഗ്രാമത്തിലോ ഘടത്തിലോ അഷ്ടദളയന്ത്രത്തിലോ വിധിയാംവണ്ണം ആവാഹനം ചെയ്യാം.

മൂലമന്ത്രജപത്തോടെ ദേവിക്ക് ആസനാദികൾ നൽകി പാദ്യം, അർഘ്യം, ആചമനീയം, എന്നിവ യഥാക്രമം പാദത്തിലും ശിരസ്സിലും മുഖത്തും അർപ്പിക്കണം. മൂന്നു വട്ടമാണിവ അർപ്പിക്കേണ്ടത്. പീന്നീട് ഒരു കറവപ്പശുവിനെ കൂട്ടി മധുപർക്കം നൽകണം. ദേവിയെ സ്നാനത്തിനു കൊണ്ടു പോയി ദേവിയവിടെ അഭ്യംഗസ്നാനം  ചെയ്യുന്നതായി സങ്കൽപ്പിക്കുക. ദേവിക്ക് ധരിക്കാൻ വസ്ത്രങ്ങൾ ഭാവന ചെയ്ത് അർപ്പിക്കുക. ചന്ദനവും നാനാവിധ അലങ്കാരവസ്തുക്കളും ദേവിക്ക് ചാർത്തണം. പിന്നീട് തുളസീമാലയും പലവിധ കുസുമങ്ങൾ കോർത്തെടുത്ത പൂമാലകളും ദേവിയെ അണിയിക്കണം. പൊൻതാമരപ്പൂവുകളും പാരിജാതദളങ്ങളും ദേവിക്കായി അർച്ചിക്കണം.

അഗ്നി, ഈശ, അസുര, വായു, എന്നീ കോണുകളുടെ മദ്ധ്യത്തിലായി ഭഗവാന്റെ പരിവാരങ്ങളെ നിർത്തി അവരെ അർച്ചിച്ചു പൂജിക്കണം. പിന്നെ എട്ടിതളുകൾ ഉള്ള ഒരു പുഷപവിതാനസങ്കൽപ്പത്തിൽ വലത്തോട്ട് ക്രമത്തിൽ മാലാവതി, മാധവി, രത്നമാല, സുശീല, ശശികല, പാരിജാത, പരാവതി, സുന്ദരി എന്നീ അംഗദേവതകളെ പൂജിക്കണം. അഷ്ടദളപുഷ്പത്തിനു വെളിയിലായി ബ്രാഹ്മി, മഹേശ്വരി, തുടങ്ങിയ മാതാക്കളെയും വജ്രായുധധാരികളായ ദിക്പാലകരെ ഭൂപുരത്തിലും സങ്കൽപ്പിച്ച് പൂജിക്കണം. പരിവാരസമേതയായ ദേവിയെ രാജകീയമായ ഉപചാരങ്ങളോടെയാണ് ബുദ്ധിമാനായ ഒരുവൻ പൂജിക്കേണ്ടത്.

പിന്നീട് സഹസ്രനാമസ്തുതികൾ കൊണ്ട് ദേവിയെ സംപ്രീതയാക്കണം. മൂലമന്ത്രം നിത്യവും ഒരായിരം തവണ ജപിച്ച് രാസേശ്വരിയായ ശ്രീ രാധാദേവിയെ ഇപ്രകാരം പൂജിക്കുന്ന ഭക്തൻ വിഷ്ണുതുല്യനായി ഗോലോകത്ത് എത്തിച്ചേരും. രാധാദേവി വൃന്ദാവനത്തിൽ വൃഷഭാനുവിന്റെ പുത്രിയായി പിറന്നുവെങ്കിലും ദേവിയെന്നും ഗോലോക നിവാസിനിയത്രേ. രാധാമന്ത്രത്തിന്റെ പുരശ്ചരണ വിധിയനുസരിച്ച് ഓരോ മാത്രകളും ലക്ഷമുരു ജപിക്കേണ്ടതുണ്ടു്. എള്ളും ത്രിമധുരവും ചേർത്ത് ചെയ്യുന്ന രാധാഹോമത്തിന് പുരശ്ചരണത്തിന്റെ പത്തിലൊന്ന് ജപിച്ചാൽ മതി.

ഇനി രാധാദേവിക്ക് പ്രിയങ്കരമായ സ്തോത്രം പറഞ്ഞു തരാം . രാസമണ്ഡലവാസിനിയായ പരമേശീ, നിനക്ക് നമസ്ക്കാരം. കൃഷ്ണന് പ്രാണപ്രിയയായ ദേവീ, നിനക്ക് നമസ്ക്കാരം.

ത്രൈലോക്യ ജനനിയായ കരുണാനിധേ, ബ്രഹ്മാദികൾ സദാ വണങ്ങുന്ന പാദാരവിന്ദങ്ങൾക്കുടയവളേ, എന്നിൽ പ്രസാദിച്ചാലും.

സരസ്വതീ സ്വരൂപയായ ദേവീ നമസ്കാരം. സാവിത്രി, ശങ്കരീ, ഗംഗാരൂപേ, പത്മാവതിരൂപേ, ഷഷ്ഠീദേവീ, മംഗള ചണ്ഡികേ, തുളസീരൂപേ, ലക്ഷ്മീസ്വരൂപിണീ, ഭഗവതീ, ദുർഗ്ഗേ, സർവ്വസ്വരൂപിണീ, നമസ്ക്കാരം.

മൂലപ്രകൃതി രൂപിണിയായ ദേവീ, ഭവസാഗരത്തിൽ നിന്നുമെന്നെ കരകയറ്റണേ!

ഇങ്ങിനെ രാധാദേവിയെ സ്തുതിച്ച് മൂന്നു സന്ധ്യകളിലും പൂജ ചെയ്യുന്നവന് അസാദ്ധ്യമായി ഒന്നുമില്ല. അവൻ ദേഹമുപേക്ഷിക്കുമ്പോൾ ഗോലോകത്ത് സ്ഥാനമുറപ്പിക്കും. മഹർഷേ,  അതീവ രഹസ്യമാകയാൽ ഈ കാര്യം ആരോടും പറയാതിരിക്കുന്നതാണുത്തമം.

ഇനി ദുർഗ്ഗാദേവിയെ പൂജിക്കാനുള്ള വിധികൾ എന്തൊക്കെയെന്നു നോക്കാം. ദുർഗ്ഗാദേവിയെ സ്മരിക്കുന്ന മാത്രയിൽ മഹാവിപത്തുകൾ പോലും ഓടി മറയും. ലോകം മുഴുവനും ദുർഗ്ഗയെ പൂജിക്കുന്നു. സകലരാലും ഉപാസിക്കപ്പെടുന്ന ദേവി ബുദ്ധിക്ക് അടിസ്ഥാന ദേവതയാണ്. സർവ്വാന്തര്യാമിയാണ്. സകലർക്കും അമ്മയാണാ ദേവി. ശിവന്റെ ശക്തിയാണ് ദുർഗ്ഗാദേവി.

കരകയറാനാവാത്ത സങ്കടദുർഗ്ഗങ്ങളെ അതിജീവിപ്പിക്കുന്നവളാകയാൽ ദേവി ദുർഗ്ഗയെന്ന പേരിൽ പ്രശസ്തയായി. വൈഷ്ണവരും ശൈവരും അവളെ ഒരുപോലെ പൂജിക്കുന്നു - മൂലപ്രകൃതീദേവിയാകയാൽ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ ദുർഗ്ഗാദേവിയാൽ നിയന്ത്രിക്കപ്പെടുന്നു.

ദുർഗ്ഗാദേവിയുടെ മന്ത്രം വാക് ബീജമായ ഐം, ഭുവനേശ്വരീ ബീജമായ ഹ്രീം, കാമബീജമായ ക്ളീം, എന്നിവ ചേർന്ന  "ഐം ഹ്രീം ക്ളീം ചാമുണ്ഡായൈ വിച്ചേ" എന്നാണ്. ഭജിക്കുന്നവർക്ക് കല്പവൃക്ഷം തന്നെയായ ഈ മന്ത്രത്തിന്റെ ഋഷികൾ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരാണ്. ഗായത്രി, ഉഷ്ണിക്, അനുഷ്ടുപ്പ് എന്നിവയാണ് ഛന്ദസ്സുകൾ. മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നിവർ ദേവതകളാകുന്നു. രക്തദന്തിക, ദുർഗ്ഗ, ഭ്രമരിക എന്നിവർ ബീജങ്ങളാകുന്നു. നന്ദാ, ശാകംഭരി, ഭീമ എന്നിവരാണ് ശക്തികൾ. ധർമ്മാർത്ഥകാമമോക്ഷങ്ങളാണ് ഈ മന്ത്രത്തിന്റെ വിനിയോഗങ്ങൾ.

ഋഷി ശിരസ്സിലും, ഛന്ദസ്സ് മുഖത്തും, ദേവത ഹൃദയത്തിലും കുടികൊളളുന്നു, മൂന്നു ബീജങ്ങൾ വലത്തേ സ്തനത്തിലും മൂന്നു ശക്തികൾ ഇടത്തേ സ്തനത്തിലും സ്ഥിതി ചെയ്യുന്നു, എന്നിത്യാദി സങ്കൽപ്പങ്ങളിൽ സർവ്വാർത്ഥ സിദ്ധിക്കായി അംഗന്യാസം ചെയ്യണം. "ഐം, ഹ്രീം, ക്ലീം" എന്നീ മൂന്നു ബീജാക്ഷരങ്ങൾ കൊണ്ടും "ചാമുണ്ഡായൈ" എന്ന നാലക്ഷരങ്ങൾ കൊണ്ടും "വിച്ചേ" എന്ന രണ്ടക്ഷരങ്ങൾ കൊണ്ടും ഒൻപതക്ഷരങ്ങൾ ഉള്ള പൂർണ്ണമന്ത്രം കൊണ്ടും, "നമ:, സ്വാഹാ, വഷട്, ഹും, ഫട്"  എന്നിവയിൽ ഏതെങ്കിലും മന്ത്രത്തോട് ചേർത്ത് ഷഡംഗന്യാസം ചെയ്യാവുന്നതാണ്. ശിഖയിലും കണ്ണുകളിലും നാസികകളിലും മുഖത്തും ഗുദത്തിലും വിരല്‍ തൊട്ട്  മന്ത്രാക്ഷരങ്ങൾ ന്യസിക്കേണ്ടതാണ്. ഒടുവിൽ പൂർണ്ണമന്ത്രം കൊണ്ട് ദേഹം മുഴുവൻ വ്യാപകം ചെയ്യണം.

വാൾ, ചക്രം, ഗദ, ബാണം, ചാപം, ശൂലം, ഉലക്ക, ഭൂശുണ്ഠി, ശിരസ്സ്, ശംഖ്, എന്നിവയേന്തിയ പത്തു കൈകളാണ് ദുർഗ്ഗാദേവിക്കുള്ളത്. അവൾക്ക് കണ്ണുകൾ മൂന്നാണ്. നാനാ ഭൂഷണങ്ങൾ അണിഞ്ഞ ദേവിക്ക് നീലാഞ്ജന നിറമാണ്. അങ്ങിനെയുള്ള മഹാകാളിയെ ഞാൻ ധ്യാനിക്കുന്നു. മധുകൈടഭൻമാരെ ഇല്ലാതാക്കാൻ ബ്രഹ്മാവ് സ്തുതിച്ച ദേവിയെ, കാമ ബീജസ്വരൂപിണിയായ ഭഗവതിയെ  നമുക്ക് വാഴ്ത്താം.

വില്ലും, അമ്പും, കുലിശവും, പത്മവും, വേലും, വാളും, ഉലക്കയും, മഴുവും, കിണ്ടിയും, പാശവും, അക്ഷമാലയും, സുദർശനവും, ചർമ്മവും, മണിയും, സുരാപാത്രവും, ധരിച്ച് സൂര്യനെ വെല്ലുന്ന പ്രഭയോടെ വിളങ്ങുന്ന മായാബീജസ്വരൂപിണിയും മഹിഷാസുരമർദ്ദിനിയുമായ മഹാലക്ഷ്മിയെ ഇപ്രകാരം ധ്യാനിക്കണം. മണിശൂലം, ഹലം, ശംഖം, സുദർശനം, ഉലക്ക, അമ്പ്, വില്ല്, എന്നിവയേന്തിയ മുല്ലപ്പൂ നിറമുള ദേവി ശുംഭാദി രാക്ഷസരെ നിഗ്രഹിച്ചവളാണ്. വാക് ബീജസ്വരൂപിണി, സച്ചിദാനന്ദ സ്വരൂപിണി എന്നീ ഭാവങ്ങളിലാണ് മഹാസരസ്വതിയെ ധ്യാനിക്കേണ്ടത്.

ഇനി ദുർഗ്ഗായന്ത്രം എങ്ങിനെയെന്നു നോക്കാം. ആറു കോണുകൾ ഉള്ള രണ്ട് ത്രികോണങ്ങൾ വരയ്ക്കുക. അതിനു ചുറ്റും അഷ്ടദളപത്മം. അതിനു ചുറ്റും ഇരുപത്തിനാലു ദളങ്ങൾ. അതിനും പുറത്തായി ഭൂപുരം. ദേവിയെ സാളഗ്രാമത്തിലോ ഘടത്തിലോ പ്രതിമകളിലോ ഈ യന്ത്രത്തിലോ അഗ്നിയിലോ സൂര്യനിലോ ആവാഹിച്ച് മറ്റു ചിന്തകൾ ഉപേക്ഷിച്ച് പൂജകൾ ചെയ്യാം. ജയ, വിജയ, അജിത, അപരാജിത, നിത്യ, വിലാസിനി, ദോഗ്ധ്രി, അഘോര, മംഗള, എന്നീ നവശക്തികളെയും പീഠത്തിൽ ഉപവിഷ്ടരാക്കുക.

മുൻകോണിൽ സരസ്വതീസമേതനായ  ബ്രഹ്മാവിനെ പൂജിക്കണം. നിരൃതി കോണിൽ ലക്ഷ്മീ സമേതനായ വിഷ്ണു, വായുകോണിൽ പാർവ്വതീസമേതനായ മഹേശ്വരൻ, വലതുവശത്ത് ദേവിയുടെ വാഹനമായ സിംഹം, ഇടതുവശത്ത് മഹിഷാസുരൻ എന്നീ ക്രമത്തിൽ  പൂജകൾ നടത്തണം. പിന്നീട് ആറുകോണുകളിലായി നന്ദജ, രക്തദന്ത, ശാകംഭരി, ശിവ, ദുർഗ്ഗ, ഭീമ, ഭ്രാമരി എന്നിവരെയും എട്ടുദളങ്ങളിൽ ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹീ, നരസിംഹി, ഐന്ദ്രി, ചാമുണ്ഡ എന്നിവരെയും പൂജിക്കണം. പിന്നെ ഇരുപത്തിനാലു ദളങ്ങളിൽ വിഷ്ണുമായ, ചേതന, ബുദ്ധി, നിദ്ര, ക്ഷുധാ, ഛായ, പരാശക്തി, തൃഷ്ണ, ശാന്തി, ജാതി, ലജ്ജ, ക്ഷാന്തി, ശ്രദ്ധാ, കീർത്തി, ലക്ഷ്മി, ധൃതി, വൃത്തി, ശ്രുതി, സ്മൃതി, ദയാ, തുഷ്ടി, പുഷ്ടി, മാതാ, ഭ്രാന്തി, എന്നിവയോരോന്നിനും പൂജ നടത്തണം അതിനും വെളിയിലായി ഭൂപുരക്കോണുകളിൽ ഗണേശൻ, ക്ഷേത്രപാലൻ, വടുകൻ, യോഗിനികൾ എന്നിവരെ പൂജിക്കണം. ദിക്പാലകരായ ഇന്ദ്രാദിദേവതകളെ അവരുടെ ആയുധങ്ങളടക്കം പൂജിക്കണം.

ഇങ്ങിനെ ദേവതകളാൽ ചൂഴപ്പെട്ട ദേവിയെ സന്തോഷിപ്പിക്കാൻ ഉപചാരങ്ങൾ നൽകി നവാർണ്ണവമന്ത്രജപം ചെയ്യുക. പിന്നെ അതുല്യമെന്നും അനന്യമെന്നും വാഴ്ത്തപ്പെട്ട സപ്തശതീസ്തോത്രവും ചൊല്ലുക. ഇങ്ങിനെ എല്ലാ ദിവസവും പൂജ ചെയ്യുന്നതായാൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ നിഷ്പ്രയാസം സാധിതമാവും.

ഇതാണ് ശ്രീ ദുർഗ്ഗാപൂജയുടെ വിധിയും ക്രമവും - ഒരുവനെ കൃതാർത്ഥനാക്കാൻ ഇതിനെക്കുറിച്ചുള്ള ജ്ഞാനം മതി. ത്രിമൂർത്തികളും ലക്ഷ്മിതൊട്ടുള്ള ദേവീദേവൻമാരും പരമേശ്വരിയായ ദേവിയെ ധ്യാനിക്കുന്നു. ഒരു സാധകന്റെ ജന്മസാഫല്യം സദാ ദുർഗ്ഗാസ്മരണം ഉണ്ടാവുകയെന്നതാണ്. പതിന്നാലു മനുക്കളും ദുർഗ്ഗാദേവിയുടെ പാദം പണിഞ്ഞാണ് മനുക്കളായത്. ദേവൻമാർ അവരവരുടെ സ്ഥാനം ആർജ്ജിച്ചതും ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താലാണ്.

പഞ്ചപ്രകൃതികൾ, അവരുടെ അംശസംഭൂതരായ ദേവിമാർ, എന്നിവരുടെയെല്ലാം ഗൂഢചരിതം ഞാൻ പറഞ്ഞുതന്നു. ഇതു കേൾക്കുന്നവന് നാലു പുരുഷാർത്ഥങ്ങളെയും നേടാൻ പ്രയാസമേയമില്ല. അപുത്രന് പുത്രനും വിദ്യാർത്ഥിക്ക് വിദ്യയും അഭീഷ്ടാർത്ഥിക്ക് അഭീഷ്ടസിദ്ധിയും നേടാൻ ദുർഗ്ഗാദേവീ ചരിതം കേട്ടാൽ മതി. നവരാത്രി സമയത്ത് ശ്രദ്ധാലുവായി ഈ ചരിതം ചൊല്ലിയാൽ ദേവിയെ സംപ്രീതയാക്കാം. ഒരോരോ അദ്ധ്യായം മുടങ്ങാതെ വായിക്കുന്നവന് ദേവി വശംഗതയാവും. കുമാരിമാരോ ബാലൻമാരോ ഈ ഗ്രന്ഥത്തെ യഥാവിധി പകുത്ത് നോക്കി ശുഭാശുഭ ഫലം പരീക്ഷിക്കാവുന്നതാണ്. ആദ്യം അഭീഷ്ടത്തെ ദൃഢമായി സങ്കൽപ്പിച്ച് ദേവീപൂജ ചെയ്യുക. ജഗദീശ്വരിയെ പ്രണമിച്ച് ഗ്രന്ഥപൂജ ചെയ്യുക. പിന്നെ കുളിച്ചു ശുദ്ധയായ ഒരു കന്യകയെക്കൊണ്ട് ഒരു പൊന്നിൻ സൂചി ഗ്രന്ഥത്തിൽ തിരുകിവയ്പ്പിക്കുക. ഗ്രന്ഥത്തിലെ ആ പുറം പകുത്തു നോക്കി ഒരുവനിലെ ശുഭാശുഭവിവരങ്ങളും ഉദാസീനതയും  അറിയാവുന്നതാണ്.

ഒമ്പതാം സ്കന്ധം സമാപ്തം.

No comments:

Post a Comment