Devi

Devi

Wednesday, March 29, 2017

ദിവസം 239. ശ്രീമദ്‌ ദേവീഭാഗവതം. 9. 17. തുളസ്വ്യൂപാഖ്യാനം

ദിവസം 239.  ശ്രീമദ്‌ ദേവീഭാഗവതം. 9.  17.  തുളസ്വ്യൂപാഖ്യാനം

ധർമ്മധ്വജസ്യ പത്നീ ച മാധവീതി ച വിശ്രുതാ
നൃപേണ സാർധം സാff രാമേ രേമേ ച ഗന്ധമാദനേ
ശയ്യാം രതികരീം കൃത്വാ പുഷ്പചന്ദനചർച്ചിതാം
ചന്ദനാലിപ്ത സർവ്വാംഗീ പുഷ്പചന്ദനവായുനാ

ശ്രീ നാരായണൻ പറഞ്ഞു: ഗന്ധമാദനപർവ്വതത്തിലെ ആരാമവാടികകളിൽ തന്റെ പത്നി മാധവിയുമായി ധർമ്മധ്വജൻ രമിച്ചു വിഹരിച്ചു വാണു. നിത്യവും തന്റെ ശയ്യയില്‍ ചന്ദനച്ചാറു പൂശിയും മറ്റ് അലങ്കാരവസ്തുക്കൾ കൊണ്ടു് കമനീയമാക്കിയും രാജ്ഞി അവരുടെ മണിയറ സജ്ജമാക്കി. കമനീയമായ രത്നാഭരണങ്ങളണിഞ്ഞ് ദേഹത്ത് കളഭം പൂശി അവൾ തന്റെ നാഥനുമൊത്ത് മദനസുഖാനുഭൂതിയിൽ മുഴുകി ജീവിച്ചു. കാമക്രീഡയിൽ വിരക്തിയില്ലാതെ നൂറു ദിവ്യവർഷങ്ങള്‍ അവരങ്ങിനെ കഴിഞ്ഞു.

ക്രീഡാസുഖത്തില്‍ മുഴുകി നൂറു ദിവ്യവർഷം കഴിയവേ യാഥാർത്ഥ്യബോധം വന്ന രാജാവ് സുരതക്രിയകളിൽ നിന്നും പിൻവാങ്ങിയെങ്കിലും രാജ്ഞിയിലെ കാമാസക്തി നശിച്ചിരുന്നില്ല. രാജ്ഞി ഗർഭിണിയായി. നൂറു വർഷമാണ് അവളാ ഗർഭം ചുമന്നത്. ഗർഭകാലത്തെ തേജസ്സ് അവളെ കൂടുതൽ സുന്ദരിയാക്കി. ശുഭമായൊരു ദിനത്തിൽ ഉത്തമലഗ്നത്തിൽ, ശുഭമായ മുഹൂർത്തത്തിൽ രാജ്ഞി ലക്ഷ്മീദേവിയുടെ അംശമായ പത്മിനിയെ പ്രസവിച്ചു. ഒരു വെള്ളിയാഴ്ച തുലാമാസ പൗർണ്ണമിയിലാണവൾ ഭൂജാതയായത്.

ശരത്കാലചന്ദ്രനെപ്പോലെ ശോഭയാർന്ന പത്മിനിയുടെ കണ്ണുകൾ താമരപ്പൂവിതൾ പോലെ നീണ്ടും അധരങ്ങൾ തൊണ്ടിപ്പഴസദൃശങ്ങളും ആയിരുന്നു. അവൾ സദാ പുഞ്ചിരി തൂകി നിലകൊണ്ടു. ചുവന്നുതുടുത്ത കൈകളും ഒതുങ്ങിയ അരക്കെട്ടും കുഴിഞ്ഞ നാഭിയും വൃത്തമൊത്ത നിതംബങ്ങളും അവൾക്കുണ്ടായിരുന്നു. വേനലിൽ കുളിരും ശീതകാലത്ത് ചൂടും നൽകുന്ന തളിർമേനിക്ക് ഇടതൂർന്നുവളർന്ന കേശഭാരം അലങ്കാരമായി. മറ്റാരുമായും തുലനം ചെയ്യാനാവാത്തവിധം അഴകിന്റെ അധിദേവതയായി അവൾ വിരാജിച്ചു. തുലനമില്ലാത്തവൾ എന്ന അർത്ഥത്തിൽ തുളസി എന്നവൾക്ക് നാമകരണം ചെയ്തു. പ്രകൃതീദേവിയെപ്പോലെ പ്രശോഭിതയായിരുന്നു തുളസി.

ജനിച്ച് അധികം കഴിയും മുന്‍പ് അവൾ മറ്റുള്ളവരുടെ തടസ്സം വകവയ്ക്കാതെ തപസ്സിനായി ബദരിയിലേക്ക് പോയി. അവിടെയവള്‍ ലക്ഷം ദിവ്യവർഷം തപസ്സനുഷ്ഠിച്ചു. ശ്രീ നാരായണനെത്തന്നെ തനിക്കു കാന്തനായി ലഭിക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. ചൂടുകാലത്ത് പഞ്ചാഗ്നിക്കു നടുവിലും മഞ്ഞുകാലത്ത് ഈറനുടുത്തും അവൾ കഠിനതപം ചെയ്തു. മഴയും വെയിലും അവളെ തപസ്സിൽ നിന്നും പിന്തിരിപ്പിച്ചില്ല. ഇരുപതിനായിരം വർഷം വെറും ഫലമൂലാദികൾ ഭക്ഷിച്ചും മുപ്പതിനായിരം കൊല്ലം ഇലകൾ മാത്രം കഴിച്ചും നാൽപ്പതിനായിരം കൊല്ലം ഉപവസിച്ചും പിന്നെയൊരു പതിനായിരം കൊല്ലം ഒറ്റക്കാലിൽ നിന്നും അവൾ തപസ്സു ചെയ്തു. തപസ്സിൽ സംപ്രീതനായ ബ്രഹ്മാവ് അവൾക്ക് മുന്നിൽ  പ്രത്യക്ഷനായി. അവൾ വിധിയെ നമസ്ക്കരിച്ചു.

ബ്രഹ്മാവ് പറഞ്ഞു: നിനക്ക് എന്താണ് വേണ്ടത്? ഹരിഭക്തിയോ ദാസ്യമോ അജരാമരണ ഭാഗ്യമോ എന്താണെങ്കിലും ഞാൻ സാധിപ്പിക്കാം.

തുളസി പറഞ്ഞു: ഭഗവൻ, അങ്ങ് സർവ്വജ്ഞൻ. ഞാൻ ലജ്ജയേതും കൂടാതെ എന്റെ മനസ്സിലുള്ളത് പറയാം. പണ്ട് ഗോലോകത്ത് ഉണ്ടായിരുന്ന തുളസി എന്ന ഗോപികയാണ് ഞാൻ. ഞാന്‍ കൃഷ്ണപ്രിയയും അദ്ദേഹത്തിന്റെ സഖിയും ദാസിയുമായിരുന്നു. ഗോവിന്ദനുമായി രതിക്രീഡാമൂർഛയിൽ മുഴുകിയിരുന്ന എനിക്ക് ആ രതിലീലകളില്‍ ഇനിയും മതിവന്നിരുന്നില്ല. അപ്പോൾ രാസേശിയായ രാധാദേവി ഞങ്ങളെ കണ്ടു കോപിഷ്ഠയായി. ദേവിയെന്നെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. 'നീ മനുഷ്യയോനിയിൽ  ജനിക്കട്ടെ' എന്നാണെന്നെ ശപിച്ചത്. എന്നാൽ ഭഗവാൻ എന്നെ സമാധാനിപ്പിച്ചു. 'നീ വിഷമിക്കണ്ടതില്ല. ആ മനുഷ്യജന്മത്തിൽ തപോഫലമായി നിനക്കെന്റെ പത്നിപദം ലഭിക്കുന്നതാണ്. ബ്രഹ്മാവ്  നിന്നെയതിന് അനുഗ്രഹിക്കും.'   രാധയെ പേടിച്ചു ഞാൻ ഭൂമിയിൽ വന്നു ജനിച്ചു. ശ്രീനാരായണനെ എനിക്കു കാന്തനായി ലഭിക്കാനായി അങ്ങെനെ അനുഗ്രഹിക്കണം.

ബ്രഹ്മാവ് പറഞ്ഞു: 'സുദാമനെന്ന പേരിൽ ഗോലോകത്ത് കൃഷ്ണാംശസംഭൂതനായ ഒരു ഗോപനുണ്ടായിരുന്നു. അവനും രാധാ ശാപംമൂലം ഭാരതത്തിൽ ജനിച്ചിട്ടുണ്ട്. ശംഖചൂഡൻ എന്ന പേരിൽ പുകൾപെറ്റ അവനെ വെല്ലാൻ ആരുമില്ല. തേജോമയനും വിക്രമനുമായ അവൻ ഗോലോകത്ത് വച്ചുതന്നെ നിന്നെ മോഹിച്ചിരുന്നു. രാധാദേവിയെ പേടിച്ച് നിന്നെയൊന്നു പുൽകാൻ പോലും അവനു കഴിഞ്ഞിരുന്നില്ല. അയാൾക്ക് പൂർവ്വജന്മസമൃതിയുള്ളതുപോലെ നിനക്കും നിന്‍റെ പൂർവ്വജന്മം ഓർമ്മയുണ്ടല്ലോ. നിനക്ക് ശംഖചൂഡനെ വരിക്കാം. അവൻ കൃഷ്ണാംശം തന്നെയാണ്. ഈ ജന്മം കഴിഞ്ഞ് പിന്നീടു് നിനക്ക് സാക്ഷാൽ വിഷ്ണുവിനെത്തന്നെ കാന്തനായി ലഭിക്കും.

ശാപബലത്തിനാൽ നിന്റെയൊരംശം വൃക്ഷരൂപത്തിൽ നിലനില്ക്കും. വിശ്വത്തെ പവിത്രമാക്കാൻ നിന്റെ സാന്നിദ്ധ്യത്തിനാകും. നിന്നെക്കൂടാതെയുള്ള പൂജകൾ വൃഥാവിലാവും. പൂക്കളിൽ ശ്രേഷ്ഠയായ നീ വൃന്ദാവനി എന്ന പേരിൽ അറിയപ്പെടും. ഭഗവാന് പ്രാണനേക്കാൾ പ്രിയപ്പെട്ടവളാണ് നീ. ഗോപീഗോപൻമാർ നിന്റെ ദളങ്ങൾ ഇറുത്ത് ഗോവിന്ദന് അർച്ചിക്കും. വൃക്ഷങ്ങളുടെ അധിഷ്ഠാനദേവതയായി കൃഷ്ണനോടു് ചേർന്ന് നിനക്ക് വിഹരിക്കാം.'

പരമസന്തുഷ്ടയായ തുളസീദേവി ബ്രഹ്മാവിനെ നമസ്ക്കരിച്ചിട്ട് ഇങ്ങിനെ പറഞ്ഞു: 'ഇരുകരങ്ങളുള്ള കായാമ്പൂവർണ്ണനായ കണ്ണനോടുള്ളത്ര പ്രിയം എനിക്ക് ചതുർഭുജനായ വിഷ്ണുവിനോടില്ല. കൃഷ്ണരതിയിൽ ഭംഗമുണ്ടാകയാൽ എനിക്ക് തൃപ്തി കൈവന്നിട്ടില്ലതന്നെ. കൃഷ്ണൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ശ്രീ ഹരിയെ പ്രാർത്ഥിച്ചത്. അങ്ങയുടെ അനുഗ്രഹത്താൽ സുദുർലഭനായ ഗോവിന്ദനെ എനിക്കു ലഭിക്കും എന്നു നിശ്ചയം. ഭഗവാനേ, ആ ദ്വിഭുജമൂർത്തിയെത്തന്നെ എനിക്കു ലഭിക്കാനായി അനുഗ്രഹിക്കണേ. എന്നിലെ രാധാഭീതിയും ഇല്ലാതാക്കണേ!'

ബ്രഹ്മാവ് പറഞ്ഞു: 'ഞാൻ നിനക്ക് പതിനാറക്ഷരങ്ങൾ ഉള്ള രാധികാഷോഡശാക്ഷരീ മന്ത്രം പറഞ്ഞു തരാം. എന്റെ വരബലം കൊണ്ട് രാധക്ക് നീ പ്രിയതോഴിയായി മാറും. കൃഷ്ണൻ നിന്നെ രാധയ്ക്ക് തുല്യയായി കണക്കാക്കും. കൃഷ്ണനുമായുള്ള നിന്റെ സമാഗമം രാധ അറിയുകയുമില്ല.' 

രാധികാസ്തോത്രവും കവചവും പുരശ്ചരണ വിധികളും പൂജാവിധാനവും അവള്‍ക്ക് പറഞ്ഞുകൊടുത്ത് വിധി അപ്രത്യക്ഷനായി. തുളസീദേവി  എല്ലാ പൂജകളും മുറതെറ്റാതെ അനുഷ്ഠിച്ചു. അങ്ങിനെ അവൾ രമയെപ്പോലെ സിദ്ധയായിത്തീർന്നു. വിശ്വദുർലഭമായ മഹാഭോഗങ്ങൾ അവൾക്ക് സിദ്ധമായി. തപഃക്ലേശമെല്ലാം മറന്ന് പ്രസന്നമുഖിയായ തുളസീദേവി ചന്ദനചർച്ചിതമായ പൂമെത്തയിൽ സാമോദം ശയിച്ചു.

No comments:

Post a Comment