Devi

Devi

Wednesday, March 1, 2017

ദിവസം 234. ശ്രീമദ്‌ ദേവീഭാഗവതം. 9.12. ഗംഗോത്പത്തി

ദിവസം 234.  ശ്രീമദ്‌ ദേവീഭാഗവതം. 9.12. ഗംഗോത്പത്തി 

ധ്യാനം ച കണ്വശാഖോക്തം സർവ്വ പാപപ്രണാശനം
ശ്വേത പങ്കജവർണാഭാം ഗംഗാം പാപപ്രണാശിനീം
കൃഷ്ണവിഗ്രഹസംഭൂതാം കൃഷ്ണതുല്യാം പരാം സതീം
വഹ്നിശുദ്ധാംശുകാധാനാം രത്നഭൂഷണഭൂഷിതാം

ശ്രീ നാരായണൻ പറഞ്ഞു: കണ്വശാഖോക്തമായ ഈ ധ്യാനം എല്ലാ പാപങ്ങളെയും ഇല്ലാതാക്കും. വെളളത്താമരയുടെ നിറം പൂണ്ട ജാഹ്നവി പാപനാശിനിയാണ്. ശ്രീകൃഷ്ണനിൽ നിന്നും ഉദ്ഭൂതയായ ഇവൾ കൃഷ്ണതുല്യയാണ്. ചുവന്ന പട്ടും രത്നാഭരണങ്ങളും അണിഞ്ഞു വിലസുന്ന ദേവിക്ക് മുഴുവാർതിങ്കളിന്റെ കാന്തിയാണ്. തെളിഞ്ഞ മുഖത്ത് സദാ മന്ദഹാസപ്പൂ വിരിഞ്ഞു നില്ക്കുന്നു. സൗഭാഗ്യസാരസർവ്വസ്വമായ ദേവിക്ക് നിത്യയൗവനമാണ്. സദാ ശാന്തയും നാരായണപ്രിയയുമായ ദേവി മാലതീകുസുമങ്ങളാണ് മുടിയിൽ ചൂടിയിരിക്കുന്നത്. അവള്‍ നെറ്റിയിൽ വെളുത്ത ചന്ദനപ്പൊട്ടും അതിനു മുകളിൽ കുങ്കുമക്കുറിയും അണിഞ്ഞിരിക്കുന്നു. പൂങ്കവിളിൽ കമനീയമായ ചിത്രാലങ്കാരവും കാണപ്പെടുന്നു. ചെന്തൊണ്ടിപ്പഴം തോൽക്കുന്ന ചുണ്ടുകൾ,  വെൺമുത്തുകൾ നിരനിരയടുക്കിയ ദന്തനിര, ചോരിവായ്, മനോഹരമായ കണ്ണുകളും കടാക്ഷവിലാസവും, കൂവളക്കായപോലെ ഉരുണ്ട് കഠിനതയാർന്ന മാറിടങ്ങൾ, തടിച്ച അരക്കെട്ട്, വാഴത്തട പോലുള്ള തുടകൾ, താമരപ്പൂവിന്റെ കാന്തിയെ വെല്ലുന്ന പാദങ്ങൾ. ആ പാദങ്ങളിൽ കുങ്കുമ നിറമാർന്നതും ഇന്ദ്രൻ ചൂടുന്ന മന്ദാരപ്പൂവിന്റെ ചുവപ്പുനിറം പടർന്നതുമായ രത്‌നപാദുകങ്ങൾ അണിഞ്ഞിരിക്കുന്നു. ആ പാദങ്ങളിൽ സുരൻമാരും സിദ്ധരും മുനിമാരും അർഘ്യങ്ങൾ അർപ്പിക്കുന്നു. അവരുടെ ജടാഭാരമാര്‍ന്ന ശിരസ്സ് ഭ്രമരങ്ങളെന്നപോലെ ആ പദകമലങ്ങൾക്കു ചുറ്റും വീണു കിടക്കുന്നു.

മുമുക്ഷുക്കൾക്ക് അവൾ മുക്തിയേകന്നു. വരേണ്യയും വരദായിനിയുമാണ് ദേവി. വിഷ്ണുലോകത്തേക്ക് ഭക്തൻമാരെ നയിക്കാനവൾ സമർത്ഥയാണ്. സ്വയം വിഷ്ണുപദിയെന്നറിയപ്പെടുന്ന ഗംഗാദേവിയെ ഞാനിതാ നമസ്കരിക്കുന്നു. ഷോഡശാചാരപൂർവ്വമാണ് ആ ദേവിയെ പൂജിക്കേണ്ടത്. ആസനം, പാദ്യം, അർഘ്യം, അനുലേപനം, സ്നാനീയം, ധൂപം, ദീപം, നൈവേദ്യം, താംബൂലം, ശീതളജലം, വസ്ത്രം, ഭൂഷണം, മാല്യം, ഗന്ധം, ആചമനീയം, കിടക്ക, എന്നിവ ആചാരപൂർവ്വം നൽകുന്നതാണ് ഷോഡശപൂജ. ഇങ്ങിനെ പൂജിച്ചു നമസ്ക്കരിക്കുന്ന സാധകന് അശ്വമേധയാഗഫലം ലഭിക്കും.

നാരദൻ പറഞ്ഞു: പ്രഭോ, ദേവേശാ, പാപഹരമായ  വിഷ്ണുപദീസ്തോത്രം കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. അതുകൂടി പറഞ്ഞുതന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: നാരദാ, പാപനാശകരവും പുണ്യപ്രദവുമാണാ ദിവ്യസ്തോത്രം.

പരമശിവന്റെ സംഗീതത്തിൽ മൂർച്ഛിച്ചവളും കൃഷ്ണസംഭൂതയായവളും രാധയുടെ അംഗദ്രവസംയുക്തയുമായ ഗംഗാദേവിയെ ഞാനിതാ പ്രണമിക്കുന്നു. ഗോലോകത്ത് രാസമണ്ഡലത്തിൽ ശിവസന്നിധിയിൽ ജാതയായ ഗംഗാദേവിയെ ഞാൻ നമിക്കുന്നു.

കാർത്തികമാസത്തിലെ പൗർണ്ണമിയിൽ ഗോപിഗോപൻമാർ രാധാമഹോത്സവം ആഘോഷിക്കുമ്പോൾ ജനിച്ച ഗംഗാദേവിയെ ഞാനിതാ പ്രണമിക്കുന്നു.

ഗോലോകത്തെ ചുറ്റിവസിക്കുന്ന കോടിയോജന വിസ്താരവും  ലക്ഷം കോടിയോജന നീളവുമുള്ള പുണ്യനദി ഗംഗയെ ഞാനിതാ നമിക്കുന്നു.

വൈകുണ്ഡത്തെ ചുറ്റി നിന്ന്, വിസ്താരം കൊണ്ട് അറുപതുലക്ഷം യോജനയും നീളത്തിൽ അതിന്റെ അഞ്ചിരട്ടിയും ഉള്ള ഗംഗയെ ഞാൻ പ്രണമിക്കുന്നു.

ബ്രഹ്മലോകത്തെ ചുറ്റാൻ മുപ്പതുലക്ഷം യോജന വിസ്തൃതിയും അതിന്റെ അഞ്ചിരട്ടി നീളവുമുള്ള ഗംഗാദേവിയെ ഞാൻ നമിക്കുന്നു.

ശിവലോകത്തെ ചുറ്റാൻ മുപ്പതു ലക്ഷം യോജന വിസ്തൃതിയും അതിന്റെ നാലിരട്ടി നീളവുമാർന്ന ഗംഗയെ ഞാൻ നമസ്ക്കരിക്കുന്നു.

ലക്ഷംയോജന വിസ്താരവും അതിന്റെ അഞ്ചുമടങ്ങ് നീളവുമുള്ള ഗംഗാദേവി ധ്രുവലോകം ചുറ്റി വാഴുന്നു. അതുപോലുള്ള വലുപ്പത്തോടെ ചന്ദ്രലോകവും ചുറ്റി വാഴുന്നു. അറുപതിനായിരം യോജന വീതിയിൽ അതിന്റെ പത്തിരട്ടി നീളത്തിൽ സൂര്യലോകവും ചുറ്റുന്നു. അങ്ങിനെയുള്ള ഗംഗയെ ഞാനിതാ പ്രണമിക്കുന്നു.

ലക്ഷം യോജന വിസ്താരവും അതിന്റെ അഞ്ചിരട്ടി നീളവുമാർന്ന് ഗംഗ തപോലോകം ചുറ്റുന്നു. സഹസ്രം യോജന വിസ്താരത്തിൽ അതിന്റെ പത്തിരട്ടി നീളത്തിൽ ദേവി ജനലോകം ചുറ്റി വസിക്കുന്നു. പത്തുലക്ഷം യോജന വിസ്തൃതിയിൽ അതിന്റെ അഞ്ചിരട്ടി നീളത്തിൽ ദേവി മഹർലോകത്തെ ചുറ്റുന്നു. ആയിരം യോജന വിസ്തൃതിയിൽ അതിന്റെ നൂറിരട്ടി നീളത്തിൽ ഗംഗ കൈലാസത്തെ ചുറ്റുന്നു. നൂറുയോജന വീതിയും ആയിരം യോജന നീളവുമായി ഗംഗ സ്വർഗ്ഗത്തിൽ വാഴുന്ന മന്ദാകിനിയാണ്. പത്ത്  യോജന വീതിയിൽ നൂറുയോജന നീളത്തിൽ ഭോഗവതിയായി ഗംഗ പാതാളത്തിൽ വാഴുന്നു. അങ്ങിനെയുള്ള ഗംഗാദേവിയെ ഞാൻ പ്രണമിക്കുന്നു.

ഒരു വിളിപ്പാട് വീതിയിൽ ചിലയിടത്ത് ചടച്ചും ചുരുങ്ങിയും അളകനന്ദയായി ഭാരതത്തിൽ ഒഴുകുന്നതും ഗംഗയാണ്. കൃതയുഗത്തിൽ പാൽ നിറം, ത്രേതായുഗത്തിൽ തിങ്കൾ നിറം, ദ്വാപരത്തിൽ ചന്ദന നിറം എന്നിങ്ങിനെ വിലസുന്ന ഗംഗയെ ഞാൻ നമസ്കരിക്കുന്നു. കലികാലത്ത് ഭാരതത്തിലൂടെ ഒഴുകുമ്പോൾ ഗംഗയ്ക്ക് ജലത്തിന്റെ നിറമാണ്. സ്വർഗ്ഗത്തിൽ ഗംഗയ്ക്ക് പാൽ നിറമാണ് . അങ്ങിനെയുള്ള ദേവിയെ ഞാൻ നമിക്കുന്നു.

ഗംഗയിലെ ഒരു തുള്ളി ജലം ദേഹത്തു വീണാൽ പാപികൾക്കുപോലും ജ്ഞാനമുദിക്കും. അവര്‍ കോടിജന്‍മങ്ങളിൽ ചെയ്ത പാപങ്ങൾ നശിക്കും. അവരുടെ ബ്രഹ്മഹത്യാദി പാപങ്ങൾ പോലും ഇല്ലാതാകും. ഇരുപത്തിയൊന്ന് പദ്യങ്ങളുള്ള ഈ ഗംഗാസ്തുതി ചൊല്ലുന്നതുകൊണ്ട് അശ്വമേധം നടത്തിയാലുള്ള ഫലമാണ് സാധകനു ലഭിക്കുക. ഇതുമൂലം അപുത്രന് പുത്രനുണ്ടാകും. ഭാര്യയില്ലാത്തവന് ഭാര്യയെ കിട്ടും. രോഗിയുടെ ദീനം മാറും. ബദ്ധൻ മുക്തനാവും. കീർത്തിയില്ലാത്തവൻ പുകഴ്പെറ്റവനാവും. മൂർഖൻ വിദ്വാനാവും.

രാവിലെ ഈസ്തോത്രം ജപിക്കുന്നത് ഗംഗാസ്നാനം ചെയ്യുന്നതിനു തുല്യമാണ്. അത് ദുസ്വപ്നങ്ങളെ ഇല്ലായ്മ ചെയ്യും. ഭഗീരഥൻ ഇങ്ങിനെ സ്തുതിച്ചാണ്. സഗരൻമാർ ഭസ്മമായി കിടന്നയിടത്തേയ്ക്ക് ഗംഗാദേവിയെ കൂട്ടിക്കൊണ്ടുപോയത്. ഗംഗാവായു സ്പർശമേറ്റ മാത്രയിൽ അവരെല്ലാം വിഷ്ണുഗേഹം പൂകി.

ഭഗീരഥൻ സ്തുതിച്ചു കൂട്ടിക്കൊണ്ടുവന്നതിനാൽ ദേവി ഭഗീരഥിയായി അറിയപ്പെടുന്നു. മോക്ഷപ്രദവും പുണ്യപ്രദവുമായ ഗംഗാസ്തുതി ഞാൻ വിവരിച്ചു.  ഇനിയുമെന്താണ് അങ്ങേയ്ക്കറിയേണ്ടത്?

നാരദൻ പറഞ്ഞു: പരമപവിത്രയായ ഗംഗ എങ്ങിനെയാണ് ത്രിപഥഗയായി ഭൂജാതയായത്? ഏതു ലോകത്തിൽ, എവിടെവച്ചാണ് അതുണ്ടായത്? അവിടെയുള്ള ജനങ്ങൾ എന്തെല്ലാം പുണ്യകർമ്മങ്ങളാണനുഷ്ഠിച്ചത്? എല്ലാം വിശദമായി പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: കാർത്തികാപൂർണ്ണിമയുടെ അന്ന് രാസമണ്ഡലത്തിൽ വച്ച് ശ്രീകൃഷ്ണൻ രാധാദേവിയെ പൂജിച്ചു. ബ്രഹ്മാദികൾ ശ്രീകൃഷ്ണഭഗവാന്റെ പൂജയ്ക്ക്പോലും പാത്രമായ രാധയെ പൂജിച്ച് സന്തുഷ്ടിയടഞ്ഞു. ആ സമയം സരസ്വതീദേവി താളരാഗസുബദ്ധമായി വീണ വായിച്ചു. ബ്രഹ്മാവ് ഉത്തമരത്നനിർമ്മിതമായൊരു മാല സമ്മാനിച്ചു. പരമശിവൻ അതീവ ദുർലഭവും ശ്രേഷ്ഠവുമായൊരു രത്നം നല്കി. ശ്രീകൃഷ്ണൻ കൗസ്തുഭരത്നം നല്കി. രാധ അമൂല്യമായ രത്നനഖചിത്രമാലയാണ് നല്കിയത്. രത്നഖചിതമായ കുണ്ഡലമാണ് ലക്ഷ്മീദേവി സമ്മാനമായി നല്കിയത്.

മൂലപ്രകൃതിയും നാരായണപ്രിയയും വിഷ്ണുമായയുമായ ദുർഗ്ഗ ബ്രഹ്മഭക്തി നല്കി. ധർമ്മദേവൻ കീർത്തിയും ധർമ്മബുദ്ധിയും നല്കി. അഗ്നി പട്ടുടയാടയും വായു കാൽചിലമ്പുകളും സമ്മാനിച്ചു. ബ്രഹ്മാവിന്റെ പ്രേരണയാൽ ശങ്കരൻ ശ്രീകൃഷ്ണ സംഗീതമാധുരി തൂകി. ആ ഗീതമാധുരിയിൽ ലയിച്ച വിണ്ണവർ മരപ്പാവകളെപ്പോലെ ചലനമറ്റുനിന്നു. അവർക്ക് ബോധം വന്നപ്പോൾ രാസമണ്ഡലം ജലമയമായിരിക്കുന്നു. മാത്രമല്ല രാധാകൃഷ്ണൻമാരെ അവിടെ കാണാനുമുണ്ടായിരുന്നില്ല.

കൃഷ്ണവിരഹത്താല്‍ ഗോപീഗോപൻമാരും ബ്രാഹ്മണരും വിലപിക്കേ ബ്രഹ്മാവിന് കാര്യം മനസ്സിലായി. കൃഷ്ണനും രാധയും സ്വയം അലിഞ്ഞു ചേർന്ന് തീർത്ഥമായിരിക്കുന്നു. ബ്രഹ്മാവ് പരമപുരുഷനായ ശ്രീകൃഷ്ണനെ വാഴ്ത്തി സ്തുതിച്ചു. മറ്റു ദേവതകളും ബ്രഹ്മാവിനൊപ്പം ശ്രീകൃഷ്ണനെ വാഴ്ത്തി ഇങ്ങിനെ പ്രാർത്ഥിച്ചു: 'ഭഗവാനേ, അവിടുത്തെ സ്വരൂപം വീണ്ടും കാണിച്ചു തരണമേ.'

അപ്പോൾ ആകാശത്തു നിന്നും ഒരശരീരി കേട്ടു . "ഞാൻ സർവ്വാത്മാവും ഇവൾ ഭക്താനുഗ്രഹമൂർത്തിയായ ശക്തിയുമാണ്. കേവലം മിഥ്യയായ ദേഹങ്ങൾ കൊണ്ട് ഞങ്ങൾക്കെന്തു കാര്യം? മനുക്കളും മാമുനിമാരും എന്റെ മന്ത്രം ജപിച്ചു ശുദ്ധരായി എന്നെ പ്രാപിക്കാൻ ഇടയാവുന്നു. എന്റെ ഭൗതികമായ രൂപം ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തിങ്കൾക്കല ചൂടിയ ശംഭു ഒരു കാര്യം ചെയ്യട്ടെ. അദ്ദേഹം സർവ്വാഭീഷ്ടദായകങ്ങളായ ശാസ്ത്രവിശേഷമായി സ്തോത്രങ്ങളും ധ്യാനശ്ലോകങ്ങളും പൂജാവിധികളും മന്ത്രകവചങ്ങളും ഒരു കൃതിയായി രചിക്കട്ടെ. നാൻമുഖൻ ചന്ദ്രമൗലിയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യട്ടെ. ഈ ശ്രേഷ്ഠകൃതിയെ എല്ലാവരും ഗൂഢമായി സൂക്ഷിക്കുക.

സാധാരണക്കാർക്ക് എന്നിൽ ആഭിമുഖ്യം ഉണ്ടാവുകയില്ല. നൂറായിരം ജനങ്ങളിൽ ഒരാൾക്കോ മറ്റോ എന്റെ മന്ത്രാപാസന വശമായിയെന്നു വരാം. എന്റെ മന്ത്രം കൊണ്ട് വിശുദ്ധരായവർ മാത്രമേ എന്റെ സവിധത്തിൽ എത്തിച്ചേരുകയുള്ളൂ. ഈ തന്ത്രശാസ്ത്രം പരസ്യമായാൽ പിന്നെയെല്ലാവരും ഗോലോകത്തിൽ എത്തിച്ചേരും. അങ്ങിനെ ബ്രഹ്മാണ്ഡവ്യവസ്ഥിതിതന്നെ വ്യർത്ഥമാവും.

ബ്രഹ്മാവേ, അങ്ങ് പഞ്ചീകരണത്തിലൂടെ മൂന്നു വിധത്തിൽ സൃഷ്ടി നടത്തിയാലും. കുറച്ചു പേർ സ്വർഗ്ഗവാസികളും മറ്റു ചിലർ ഭൂലോകവാസികളുമാവട്ടെ. ശ്രീ ശങ്കരൻ തന്ത്രശാസ്ത്രം രചിക്കാമെന്ന് വാക്കു തന്നാൽ ഞാനെന്റെ സ്വരൂപം കാണിച്ചു തരാം.” എന്നു കൂടി അവസാനമായി പറഞ്ഞ് അശരീരി അവസാനിച്ചു.

ബ്രഹ്മാവ് ശിവനെ തന്ത്രശാസ്ത്രരചനയ്ക്കായി ഉദ്ബോധിപ്പിക്കവേ അദ്ദേഹം ഗംഗാജലം കൈയിലെടുത്ത് പ്രതിജ്ഞ ചെയ്തു. “വിഷ്ണുമായാമന്ത്രയുതവും വേദസാരവുമായ മഹാമന്ത്രം രചിച്ചു കൊള്ളാമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.” ഗംഗാജലം കൈയ്യിലെടുത്ത് വെറും വാക്കുരിയാടുന്നവൻ ബ്രഹ്മാവിന്റെ ആയുസ്സിന്റെയത്ര കാലം കാലസൂത്രത്തിൽ വാഴാനിടയാവും എന്നുണ്ടല്ലോ.

ദേവസദസ്സിൽ വച്ച് ശ്രീ ശങ്കരൻ ഇങ്ങിനെ പ്രസ്താവിക്കേ ഭഗവാൻ രാധാസമേതനായി അവിടെ സ്വരൂപത്തിൽ പ്രത്യക്ഷനായി. എല്ലാവരും ഭഗവാനെ സ്തുതിച്ചു സന്തുഷ്ടരായി. അവരവിടെ രാധാമഹോത്സവം കൊണ്ടാടി. പരമശിവൻ പിന്നീട് ‘മുക്തിദീപം’ എന്ന തന്ത്രശാസ്ത്രം രചിച്ചു.

നാരായണന്‍ തുടര്‍ന്നു: അതിരഹസ്യവും സുദുർലഭവുമായ ഒരു കഥയാണ് ഞാനിപ്പോൾ അങ്ങേയ്ക്ക് പറഞ്ഞു തന്നത്. ഗംഗയെന്നാൽ ദ്രവരൂപം പ്രാപിച്ച ശ്രീകൃഷ്ണഭഗവാൻ തന്നെയാണ്. രാധാകൃഷ്ണൻമാരലിഞ്ഞു നദിയായിത്തീര്‍ന്നതാണ് ഗംഗ. ഭുക്തിമുക്തി പ്രദായിനിയാണ് ജാഹ്നവി. ഓരോരോയിടങ്ങളിൽ ജാഹ്നവിയെ പ്രതിഷ്ഠിച്ചതും ശ്രീകൃഷ്ണൻ തന്നെയാണ്. ശ്രീകൃഷ്ണസ്വരൂപയായ ഗംഗാദേവി സർവ്വ ബ്രഹ്മാണ്ഡപൂജിതയാണ്.

No comments:

Post a Comment