Devi

Devi

Saturday, March 11, 2017

ദിവസം 237. ശ്രീമദ്‌ ദേവീഭാഗവതം. 9. 15. ശക്തി പ്രാദുർ ഭാവം

ദിവസം 237.  ശ്രീമദ്‌ ദേവീഭാഗവതം. 9. 15.  ശക്തി പ്രാദുർ ഭാവം

നാരായണപ്രിയാ സാധ്വീ കഥം സാ ബഭൂവ ഹ
തുളസീ കുത്ര സംഭൂതാ കാ വാ സാ പൂർവ്വജന്മനി
കസ്യ വാ സാ കുലേ ജാതാ കസ്യ കന്യാ കുലേ സതീ
കേന വാ തപസാ സാച സംപ്രാപ്താ പ്രകൃതേ പരം

നാരദൻ ചോദിച്ചു: മഹാസാധ്വിയായ തുളസി ഭഗവാന്റെ പ്രിയപത്നിയായി തീർന്നതെങ്ങിനെയാണ്? അവളാരാണ്? എവിടെയാണ് ജനനം? അവളുടെ മുജ്ജന്മ വൃത്താന്തം എന്താണ്? ആരുടെ വംശത്തിലാണ്, ആരുടെ പുത്രിയായാണ് ദേവി ജനിച്ചത്? എപ്രകാരമുള്ള തപസ്സിന്റെ ഫലമായാണ് അവൾക്ക് പരംപുമാനെത്തന്നെ ഭർത്താവായി ലഭിച്ചത്?

പരമാത്മാവ് നിരീഹനും നിസ്പൃഹനും പരബ്രഹ്മവും ഈശ്വരനും നിർവ്വികാരനുമാണെന്ന് പ്രസിദ്ധമാണ്. സകലരാലും ആരാധിക്കപ്പെടുന്ന ഭഗവാൻ സകലതിനും കാരണഭൂതനാണ്. സകലതിന്റെയും പരിപാലകനും ഭഗവാൻ തന്നെ. അങ്ങിനെയുള്ള ഭഗവാന്റെ പത്നി എങ്ങിനെയാണ് വൃക്ഷരൂപം പ്രാപിക്കാനിടയായത്? മാത്രമല്ല അവൾക്ക് ദൈത്യൻമാരുടെ പീഡനം ഏൽക്കേണ്ടതായും വന്നു. എന്റെ മനസ്സ് സന്ദേഹങ്ങളാൽ കുഴങ്ങുന്നു. ദയവായി എനിക്ക് മന:സമാധാനമുണ്ടാക്കിയാലും.

ശ്രീ നാരായണൻ പറഞ്ഞു: വിഷ്ണുവിന്റെ അംശാവതാരമായി ദക്ഷസാവർണ്ണി എന്നപേരില്‍ പ്രസിദ്ധനായ ഒരു മനു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ ബ്രഹ്മസാവർണ്ണി ജിതേന്ദ്രിയനും ധർമ്മിഷ്ഠനും വിഷ്ണുഭക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ രുദ്രസാവർണ്ണിയും പേരക്കിടാവ് ദേവസാവർണ്ണിയും ഉത്തമഭക്തരായിരുന്നു. ദേവസാവർണ്ണിയുടെ മകൻ ഇന്ദ്രസാവർണ്ണി വിഷ്ണുഭക്തനും പുത്രൻ വൃക്ഷധ്വജൻ ശിവഭക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭവനത്തിൽ ഭഗവാൻ ശങ്കരൻ മൂന്നു ദേവയുഗങ്ങൾ താമസിച്ചു. ഭഗവാന് രാജാവിനോടു് അത്രയ്ക്ക് പ്രിയയായിരുന്നു.

എന്നാല്‍ ഈ രാജാവ് പരമശിവനെയല്ലാതെ മറ്റ് ദേവതകളെയൊന്നും പൂജിച്ചിരുന്നില്ല. വിഷ്ണുവിനെയോ ലക്ഷ്മീ-സരസ്വതീദേവിമാരെയോ അദ്ദേഹം ഗൗനിച്ചതേയില്ല. ഭാദ്രമാസത്തിലെ ലക്ഷ്മീപൂജയ്ക്ക് അദ്ദേഹം മുടക്കം വരുത്തി. അതുപോലെ സകലദേവൻമാരും ചെയ്യുന്ന സരസ്വതീപൂജയും അദ്ദേഹം ചെയ്യാറില്ല. വിഷ്ണുപൂജയോടും അദ്ദേഹത്തിന് വെറുപ്പായിരുന്നു.

ശിവനോടു് മാത്രം ഭക്തിയുണ്ടായിരുന്ന രാജാവിനെ ആദിത്യദേവൻ ശപിച്ചു. 'നിന്റെ ഐശ്വര്യമൊക്കെ പൊയ്പ്പോകട്ടെ'. എന്നാൽ തന്റെ ഭക്തനെ ശപിച്ച സൂര്യനു നേരെ പരമശിവൻ ശൂലവുമായി പാഞ്ഞുചെന്നു. സൂര്യൻ തന്റെ പിതാവായ കശ്യപനോടൊപ്പം ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. അവിടെയും രക്ഷയില്ലാഞ്ഞ് അവരെല്ലാം വൈകുണ്ഠലോകത്തെത്തി. അവർ നാരായണനിൽ അഭയം തേടി. ഭയത്തിന്റെ കാരണമറിഞ്ഞ ഭഗവാൻ അവരെ ആശ്വസിപ്പിച്ചു. 'ഭീരുക്കളാവാതെ, ഞാനുള്ളപ്പോൾ ഭയമെന്തിന്? ആപത്തിൽ ആരു വിളിച്ചാലും ചക്രപാണിയായി ഞാനവരെ സംരക്ഷിക്കും’. എന്നദ്ദേഹം അവർക്ക് ധൈര്യം നല്കി.

“ഞാൻ വിശ്വരക്ഷകനാണ്. എന്റെയീ കർമ്മത്തിന് ഒരു വിഘാതവും ഉണ്ടാവുകയില്ല. ബ്രഹ്മരൂപത്തിൽ സൃഷ്ടി ചെയ്യുന്നതും ശിവരൂപത്തിൽ സംഹാരം ചെയ്യുന്നതും ഞാനാകുന്നു. ഞാൻ ബ്രഹ്മാവും ശിവനും ആദിത്യനും എല്ലാമാണ്. ഇവർ തമ്മിൽ അന്തരമൊന്നുമില്ല. നിങ്ങൾ പരമശിവനെ പേടിക്കേണ്ടതില്ല. എല്ലാവർക്കും മംഗളം ഭവിക്കട്ടെ. ശങ്കരഭഗവാൻ ഭക്തവത്സലനാണ്. ക്ഷിപ്രപ്രസാദിയായ ഭക്തഭക്തനാണ് അദ്ദേഹം. സുദർശനചക്രവും പരമശിവനും എനിക്കേറ്റവും പ്രിയമാണ്. അർക്കനും ശങ്കരനും എന്റെ പ്രാണപ്രിയരാണ്. തേജസ്സിൽ അവരെ വെല്ലാൻ ആരുമില്ല. ലീലാ മാത്രയിൽ ബ്രഹ്മാണ്ഡങ്ങൾ ചമയ്ക്കാൻ മഹാദേവനാവും. കോടിബ്രഹ്മാക്കളെ സൃഷ്ടിക്കാനും മഹേശനു കഴിയും. അങ്ങിനെയുള്ള പരമശിവൻ പഞ്ചമുഖങ്ങളാലും എന്നെ ധ്യാനിച്ചു കഴിയുന്നു. എന്റെ ധ്യാനത്തിലും ആ മഹേശനാണുള്ളത്. എന്ന ഭജിക്കുന്നരെ ഞാൻ അതേ വിധത്തിൽത്തന്നെ സേവിക്കാൻ ശ്രദ്ധാലുവാണ്. ശിവം എന്നാൽ മംഗളം. ശിവത്തിന് അധിഷ്ഠാനദേവനാകയാലാണ് മഹേശന് ശിവൻ എന്ന പേരു സിദ്ധിച്ചത്.”

അപ്പോഴേയ്ക്ക് ക്രുദ്ധനായ ശൂലപാണി കാളപ്പുറത്തേറി ചുവന്ന കണ്ണുകളോടെ അവിടെയെത്തി. എന്നാൽ മഹാദേവന്‍ ലക്ഷ്മീകാന്തനെ കണ്ടയുടനെ വൃഷഭവാഹനത്തിൽ നിന്നുമിറങ്ങി വിഷ്ണു ഭഗവാനെ നമസ്ക്കരിച്ചു. ശ്രീഹരി രത്നഭൂഷിതനായി കിരീടകുണ്ഡലങ്ങൾ അണിഞ്ഞു വിളങ്ങിയിരുന്നു. മേഘവർണ്ണനായ ഭഗവാൻ വനമാല കഴുത്തിലണിഞ്ഞു് മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്ത് സർവ്വാംഗങ്ങളിലും ചന്ദനച്ചാറ് പൂശി ലക്ഷ്മീദേവി കൊടുത്ത താംബൂലം ആസ്വദിച്ചു കൊണ്ട് പരമശിവനെ സ്വീകരിച്ചു. വെഞ്ചാമരം വീശുന്ന പാർഷദൻമാരും നൃത്തഗീതങ്ങളിൽ മുഴുകിയ ദേവസ്ത്രീകളും ഭഗവാനു ചുറ്റും ഉണ്ടായിരുന്നു.

ഹരിയെ മഹാദേവൻ നമസ്ക്കരിച്ചു.  മഹാദേവനെ ബ്രഹ്മാവും സൂര്യനും കശ്യപനും സ്തുതിച്ചു. അപ്പോള്‍ മഹാദേവൻ വിഷ്ണുസവിധത്തിൽ ആസനസ്ഥനായി. വിഷ്ണുപാർഷദൻമാർ മഹേശന് വെഞ്ചാമരം വീശി. ശ്രീഹരി മഹാദേവനോട് കോപകാരണവും ആഗമനോദ്ദേശവും ആരാഞ്ഞു.

മഹാദേവൻ പറഞ്ഞു. ‘എനിക്ക് പ്രാണപ്രിയനായ ഭക്തശിരോമണി വൃഷധ്വജനെ ആദിത്യൻ ശപിച്ചിരിക്കുന്നു. വൃഷധ്വജൻ എനിക്ക്  പുത്രനെപ്പോലെയാണ്. അതിനാലാണ് എനിക്ക് കോപമുണ്ടായത്. സൂര്യനെ വധിക്കാനാണ് ഞാൻ പുറപ്പെട്ടത്. എന്നാൽ അവൻ ബ്രഹ്മാവിനെയും ഇപ്പോൾ അങ്ങയെയും അഭയം പ്രാപിച്ചിരിക്കുന്നു. വാക്കു കൊണ്ടോ ധ്യാനത്താലോ പോലും നിന്നെ ശരണം പ്രാപിച്ചവർക്ക് ആപത്തു വരികയില്ല.  പിന്നെ നേരിട്ട് നിന്റെ സവിധമണയുന്നവരുടെ കാര്യം പറയാനില്ല. ഹരിസ്മരണം അഭയപ്രദമാണെന്ന് നമുക്കറിയാം. സൂര്യശാപം മൂലം ഐശ്വര്യം നഷ്ടപ്പെട്ട എന്റെ ഭക്തന്റെ കാര്യം ഇനിയെന്താവും? അങ്ങു തന്നെ പറഞ്ഞാലും.’

ഭഗവാൻ വിഷ്ണു പറഞ്ഞു. ‘ഇവിടുത്തെ അരനാഴികനേരം കൊണ്ടു് ബ്രഹ്മാണ്ഡത്തിൽ ഇരുപത്തിയൊന്ന് യുഗങ്ങൾ കഴിഞ്ഞിരിക്കുന്നു. അങ്ങ് ഇപ്പോള്‍ മടങ്ങിയാലും. വൃഷധ്വജൻ കാലം പൂകിയിട്ട് യുഗങ്ങളായി. മാത്രമല്ല അദ്ദേഹത്തിന്റെ മകൻ രഥധ്വജനും ശ്രീരഹിതനായി മരണപ്പെട്ടു. ഇനിയതിൽ വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. രഥധ്വജപുത്രൻമാരായ ധർമ്മധ്വജനും കുശധ്വജനും ഭക്തരായിരുന്നുവെങ്കിലും ശാപബലത്താൽ ഐശ്വര്യ ഹീനരായിത്തീര്‍ന്നു. എന്നാൽ അവർ ലക്ഷ്മീ ഉപാസനയിൽ മുഴുകിയിരിക്കുന്നതിനാൽ ദേവി സ്വയം കലാംശമായി അവരുടെ കുലത്തിൽ വന്നു പിറക്കുന്നതാണ്. അങ്ങിനെ ആ കുലത്തിനു വീണ്ടും സമ്പത്തും ഐശ്വര്യവും ഉണ്ടാവും. മഹാദേവാ അങ്ങയുടെ പ്രിയശിഷ്യൻ മരിച്ചുവല്ലോ. ഇനി അവനെയോർത്ത് ദുഃഖിക്കേണ്ട. എല്ലാവരും സ്വധാമങ്ങളിലേക്ക് മടങ്ങിയാലും.’

ദേവൻമാർ മടങ്ങിപ്പോയപ്പോൾ ശ്രീഹരി ദേവിയുമായി അന്തപ്പുരത്തിലേക്ക് പോയി. പരിപൂർണ്ണതമനായ ശംഭു വീണ്ടും തപസ്സു ചെയ്യാൻ പുറപ്പെട്ടു.

No comments:

Post a Comment