Devi

Devi

Monday, February 20, 2017

ദിവസം 231. ശ്രീമദ്‌ ദേവീഭാഗവതം. 9. 9. ഭൂ ശക്തി സമുദ്ഭവം

ദിവസം 231.  ശ്രീമദ്‌ ദേവീഭാഗവതം. 9. 9. ഭൂ ശക്തി സമുദ്ഭവം

ദേവ്യാനിമേഷമാത്രേണ ബ്രഹ്മണ: പാത ഏവ ച
തസ്യ പാത: പ്രാകൃതിക: പ്രലയ: പരികീർത്തിത:
പ്രളയേ പ്രാകൃതേ ചോക്താ തത്രാദൃഷ്ടാ വസുന്ധരാ
ജലലുപ്താനി വിശ്വാനി സർവേ ലീനാ: പരാത്മനി

ദേവിയുടെ ഒരു നിമിഷം ബ്രഹ്മാവിന്റെ ആയുസ്സാണെന്നും അത് പ്രാകൃതികപ്രളയമാണെന്നും അങ്ങ് പറഞ്ഞു. അപ്പോൾ ഭൂമിയടക്കം എല്ലാം മറഞ്ഞ് പരമാത്മാവിൽ ലയിക്കുമെന്നും പറഞ്ഞു. ഇങ്ങിനെ മറയുന്ന ഭൂമിയും മറ്റും എവിടെയാണ് പോയി നിൽക്കുന്നത്? എങ്ങിനെയാണവ വീണ്ടും അവതരിക്കുന്നത്? ഭൂമിയെങ്ങിനെയാണിത്ര ധന്യയും മാന്യയും ഐശ്വര്യവതിയും മംഗളകാരിണിയുമായിത്തീർന്നത്? അവളുടെ ഉൽപ്പത്തിയെപ്പറ്റി പറഞ്ഞുതന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: എല്ലാറ്റിന്റെയും ആദിയും അവയുടെ സൃഷ്ടികർത്താവും ദേവിയാണെന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു. പ്രളയത്തിൽ എല്ലാം മറയുന്നത് അവളിലാണ്. അവളാണ് അവയുടെ ഉത്ഭവസ്ഥാനവും. ഇനിയാ മംഗളകാരിണിയായ ഭൂമിയുടെ കഥ പറയാം. പുണ്യദായകമാണാ ചരിതം. സർവ്വവിഘ്നങ്ങളെയും പാപങ്ങളെയും ഇല്ലാതാക്കാൻ പോന്ന പരമപാവനമായ കഥയാണത്.

മധുകൈടഭന്മാരുടെ മേദസ്സിൽ നിന്നാണ് മേദിനിയുണ്ടായതെന്ന് ചിലർ പറയുന്നത് യുക്തിസഹമല്ല. കാരണം ആ രാക്ഷസർ ' വെള്ളമില്ലാത്ത ഭുമിയിൽവെച്ച് വേണം ഞങ്ങളെ കൊല്ലാൻ’ എന്നു പറഞ്ഞതായാണ് കഥ. അപ്പോൾപ്പിന്നെ ഭൂമി പണ്ടേയുള്ളതാണെന്നു വന്നു. എന്നാൽ ജീവിച്ചിരുന്നപ്പോൾ അവർക്ക് ഭൂമി ദൃഷ്ടമായിരുന്നില്ല എന്നു മാത്രം. രാക്ഷസരുടെ മേദസ്സ് മറഞ്ഞുകിടന്ന ഭൂമിയുമായി ചേർന്നു തടിച്ചാവണം അവൾ മേദിനിയായത്.

പുഷ്കരത്തിൽ വച്ച് ധർമ്മനാണ് ഭൂമിയുടെ ഉൽപ്പത്തികഥ പറഞ്ഞത്. ഞാനത് അങ്ങേയ്ക്കായി പറഞ്ഞുതരാം. ഏറെക്കാലം ജലശായിയായിക്കിടന്ന വിരാട്ടിൽ കാലം കടന്നുപോകെ മനസ്സുണ്ടായി. ആ മനസ്സ് വിരാട്ടിന്റെ രോമകൂപങ്ങൾ തോറും വ്യാപരിച്ച് ഭൂമിയായിത്തീർന്നു. ആ രോമകൂപങ്ങളിൽ ഓരോന്നിലും ഓരോരോ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. സൃഷ്ടികാലത്ത് ജലാപരിയും അല്ലാത്തപ്പോൾ ജലത്തിൽ മറഞ്ഞും ബ്രഹ്മാണ്ഡം നിലകൊണ്ടു.

ബ്രഹ്മാണ്ഡത്തിൽ കാടും മലയും ഏഴാഴികളും ദ്വീപുകളുമുണ്ട്. ഗ്രഹങ്ങൾ, ചന്ദ്രാർക്കമണ്ഡലങ്ങൾ, ഹേമാദ്രി, മേരു, ബ്രഹ്മാ വിഷ്ണു രുദ്രൻമാർ, ദേവഗണങ്ങൾ, അവരുടെ ലോകങ്ങൾ,  എന്നിവയെല്ലാം ഓരോ ബ്രഹ്മാണ്ഡങ്ങളിലുമുണ്ട്. പുണ്യതീർത്ഥങ്ങളും ഭാരതഭൂമിയും സപ്തസ്വർഗ്ഗങ്ങളും ഏഴ് പാതാളലോകങ്ങളും ബ്രഹ്മലോകവും ധ്രുവലോകവും ചേർന്ന് ഒരു ബ്രഹ്മാണ്ഡമാകന്നു. ഇങ്ങിനെ സൃഷ്ടമായ ഓരോ വിശ്വങ്ങളും നശ്വരങ്ങളാണ്.

ബ്രഹ്മാവിന്റെ അന്ത്യമാവുമ്പോൾ പരമാത്മാവായ ശ്രീകൃഷ്ണൻ ആദ്യം മഹാവിരാട്ടിനെ സൃഷ്ടിക്കുന്നു. പിന്നെ ദിക്കാലേശ്വരൻമാരോടുകൂടിയ സ്ഥിതിലയങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജഗത്തിന്റെ നിത്യാധിഷ്ഠാനദേവതയാണ് ഭൂമി. വരാഹകല്പത്തിൽ മുനിമാരും മനുക്കളും മനുഷ്യരും ഭൂമീദേവിയെ പൂജിക്കുന്നു. വിഷ്ണു വരാഹരൂപമെടുത്ത് വന്നതിനാൽ വിഷുപത്നി എന്നും ദേവി പ്രകീർത്തയാണ്. ഭൂമിയുടെ പുത്രൻ മംഗളൻ. മംഗളപുത്രൻ ഘടേശൻ.

നാരദൻ പറഞ്ഞു: പഞ്ചീകരണം വഴിയാണ് മൂലപ്രകൃതിയിൽ നിന്നും വാരാഹി സംജാതയായത് എന്ന് നമുക്കറിയാം.  വരാഹകല്പത്തിൽ എല്ലാറ്റിനും ആധാരയായി നിന്ന വാരാഹിയെ എങ്ങിനെയാണ് ദേവൻമാർ പൂജിച്ചത്? അതിന്റെ ക്രമവും മംഗളന്റെ ജനനവൃത്താന്തവും ദയവായി വിസ്തരിച്ചാലും.

ശ്രീ നാരായണൻ പറഞ്ഞു: വരാഹകല്പത്തിൽ ബ്രഹ്മാവിന്റെ പ്രാർത്ഥനപ്രകാരം ഭഗവാൻ ഒരു പന്നിയായി അവതരിച്ച് ഭൂമിയെ പാതാളത്തിൽ നിന്നും ഉദ്ധരിച്ചു. ഏറെ ഘനമുള്ള ഭൂമിയെ ജലത്തിലൊരിലയെന്ന പോലെ ഭഗവാൻ സ്ഥാപിക്കുകയും ബ്രഹ്മാവ് അതിനുമുകളിൽ സുന്ദരമായ ഈ വിശ്വത്തെ സൃഷ്ടിക്കുകയും ചെയ്തു.

വിശ്വത്തിന്റെ അധിഷ്ഠാനദേവതയായ ഭൂമീദേവിയെക്കണ്ട് കോടിസൂര്യസമപ്രഭനായ ഭഗവാൻ സകാമനായി രതിക്കുചേർന്ന രീതിയിലുള്ള ഒരു ശരീരമെടുത്തു. എന്നിട്ട് ഭഗവാൻ ഭൂമീദേവിയുമായി രാപകൽ രതിക്രീഡയിൽ മുഴുകി, അതിന്റെ സുഖാനുഭൂതിയിൽ വിലയിച്ച് അവര്‍ ഒരു ദിവ്യവർഷം കഴിച്ചു. രതിവൈദഗ്ദ്ധ്യമുള്ള സ്ത്രീയും പുരുഷനും ചേർന്നാൽ അത് അത്യന്തസുഖപ്രദമാകുമല്ലോ. അങ്ങിനെ ദേവിയുടെ പരിരംഭണത്തിൽ കാലം കടന്നു പോയതുപോലും ഭഗവാനറിഞ്ഞില്ല. എന്നാൽ ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം ക്രീഡയവസാനിപ്പിച്ചു. തന്റെ വരാഹരൂപത്തിലേയ്ക്ക് തന്നെ മടങ്ങി. ഭഗവാൻ ഭൂമീദേവിയെ ധൂപദീപനൈവേദ്യങ്ങളാൽ പൂജിച്ച് ധ്യാനിക്കുകയും അവള്‍ക്ക് ഉപഹാരങ്ങൾ നല്കുകയും ചെയ്തു.

ഭഗവാൻ പറഞ്ഞു: സുരാസുരൻമാർക്കും മനുഷ്യർക്കും മാമുനിമാർക്കും വന്ദ്യയായി നീ സസുഖം വാഴുക. നീ പുഷ്പിണിയായിരിക്കുന്ന ‘അംബുവാചി’ (കർക്കടകത്തിലെ മകയിരം, തിരുവാതിര, പുണർതം, പൂയം എന്നീ ദിവസങ്ങളിൽ ഭൂമി രജസ്വലയായിരിക്കും) കാലമൊഴികെ എല്ലായ് പ്പോഴും നിന്നെയവർ പൂജിക്കും. ഗൃഹപ്രവേശം, കിണർകുഴിക്കൽ തുടങ്ങിയ അവസരങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. നിന്നെ പൂജിക്കാത്തവർക്ക് നരകമാണ് വിധിച്ചിട്ടുള്ളത്.

ഭൂമീദേവി പറഞ്ഞു: ഭഗവാനേ, അങ്ങയുടെ ഇച്ഛയ്ക്കനുസരിച്ച് വരാഹരൂപത്തിൽ ഞാനീ വിശ്വത്തെ ലീലാമാത്രമായി ധരിച്ചു കൊള്ളാം. എന്നാൽ മുത്ത്, പവിഴം, വൈരം, മാണിക്യം, ശിവലിംഗം, ദേവീ ബിംബം, വിഷ്ണു ബിംബം, യന്ത്രം, ശംഖ്, യജ്ഞസൂത്രം, പുഷ്പം, പുസ്തകം, ജപമാല, കർപ്പൂരം, സ്വർണ്ണം, ചന്ദനം, ഗോരോചനം, സാളഗ്രാമ ജലം, എന്നിവ താങ്ങാൻ എനിക്കു ശക്തിപോരാ.

ഭഗവാൻ പറഞ്ഞു: ശരി. ഇപ്പറഞ്ഞ വസ്തുക്കൾ ആരും വെറും നിലത്ത്, നിന്റെ ദേഹത്ത് വയ്ക്കാൻ പാടില്ല. അങ്ങിനെ ചെയ്യുന്നവൻ കാലസൂത്രനരകത്തിൽ നൂറു് ദിവ്യവർഷം കിടക്കേണ്ടി വരും.

ഭഗവാൻ ഇത്രയും പറഞ്ഞ് വിരമിക്കേ ഗർഭവതിയായ വസുധ മംഗളനെ പ്രസവിച്ചു. ഹരിയുടെ ആജ്ഞയനുസരിച്ച് എല്ലാവരും ഭൂമീദേവിയെ പൂജിച്ചാരാധിച്ചു. കണ്വശാഖയിലെ വേദമന്ത്രങ്ങളാണവർ ഉപയോഗിച്ചത്. ഇങ്ങിനെ  ഭൂമീദേവി മൂന്നു ലോകത്തിനും ആരാധ്യയായി.

നാരദൻ ചോദിച്ചു: ആ ദേവിയുടെ മൂലമന്ത്രം എന്താണ്? അവളെ സ്തുതിക്കേണ്ട ധ്യാനസ്തവങ്ങളും ഏവയെന്ന് പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ തുടർന്നു: ഭൂമിയെ ആദ്യം പൂജിച്ചത് വരാഹമൂർത്തി തന്നെയാണ്. പിന്നെ ബ്രഹ്മാവും മുനിമാരും മനുക്കളും മനുഷ്യരും അത് തുടർന്നു. അവർ എങ്ങിനെയാണ് ദേവിയെ സ്തുതിച്ചതെന്ന് ഇനി പറയാം.

“ഓം ഹ്രീം ശ്രീം ക്ളീം വസുധായൈ സ്വാഹാ” എന്ന മന്ത്രമാണ് വിഷ്ണു ജപിച്ചത്. ചന്ദനച്ചാറണിഞ്ഞ മെയ്യുള്ള സർവ്വാഭരണഭൂഷിതേ, രത്നഗർഭേ, രത്നാകരസമന്വിതേ, തങ്കപ്പൂഞ്ചേലയണിഞ്ഞവളേ, സുസ്മിതേ, സർവ്വപൂജിതേ, ദേവീ, നിന്നെ ഞങ്ങളിതാ നമസ്കരിക്കുന്നു എന്നിങ്ങിനെ എല്ലാവരും ദേവിയെ സ്തുതിച്ചു.

കണ്വശാഖയിലുള്ള സ്തുതി ഇങ്ങിനെയാണ്: ജയേ, ജലാധാരേ, ജലശീലേ ജലപ്രദേ, യജ്ഞസൂകരജായേ, ജയാവഹേ, ജയമേകിയാലും. മംഗളേ, മംഗളാകാരേ, മാംഗല്യേ, മംഗളപ്രദേ, എന്നിൽ മംഗളം നിറച്ചാലും. സർവ്വജ്ഞേ, സർവ്വാധാരേ, സർവ്വശക്തിസമന്വിതേ, സർവ്വകാമപ്രദേ, ദേവീ, എന്റെ ഹിതമൊക്കെ പൂർത്തീകരിച്ചാലും.

പുണ്യാശ്രയേ, പുണ്യദാത്രീ, പുണ്യവാൻമാരുടെ വാസഗൃഹമായുള്ളവളേ, സർവ്വസസ്യാലയേ, സർവ്വസസ്യാഢ്യേ, സർവ്വസസ്യദേ, സർവ്വസസ്യഹരേ, സർവ്വസസ്യാത്മികേ, ഭവേ, ഭൂമേ, ഭൂമിപസർവ്വസ്വേ, ഭൂമിപാലപരായണേ, ഭൂമിദേ, എനിക്ക് ഭൂമിധനം നൽകി അനുഗ്രഹിച്ചാലും. ഈ മഹാപുണ്യസ്തോത്രം രാവിലെ ചൊല്ലുന്നത് ഭൂമിദാനം ചെയ്യുന്നതിനു തുല്യമായ പുണ്യപ്രവൃത്തിയാണ്. ദിവസവും ഇതു ചൊല്ലുന്നവൻ രാജപദവിയലങ്കരിക്കും. ദാനംചെയ്ത ഭൂമി തിരിച്ചെടുത്ത പാപം തീർക്കാനും ഈ സ്തുതി ഉത്തമമാണ്. ഭൂമി രജസ്വലയാവുന്ന നാളുകളിൽ ഭൂമിയിൽ എന്തെങ്കിലും പ്രവൃത്തികൾ ചെയ്താലുണ്ടാകുന്ന പാപങ്ങളും ഈ മന്ത്രജപത്താൽ ഇല്ലാതാകുന്നു. അന്യന്റെ ഭൂമിയപഹരിച്ചതിന്റെ പാപം, അന്യന്റെ കിണർ തോണ്ടിയ പാപം, ഭൂമിയിൽ ശുക്ളം വിസർജിച്ച പാപം, ഭൂമിയിൽ ദീപങ്ങൾ വച്ചതിന്റെ പാപം, എന്നിവയെല്ലാം തീർക്കാൻ ഈ മന്ത്രജപത്തിനാകും.

ഭൂമീദേവിയെ സ്തുതിക്കുന്ന ഈ മന്ത്രം പഠിക്കുന്നത് നൂറ് അശ്വമേധങ്ങൾ നടത്തുന്നതിനു സമമാണ്. ഇതിന്റെ പഠനം സാധകന് സർവ്വമംഗളങ്ങളെയും പ്രദാനം ചെയ്യുന്നു.

No comments:

Post a Comment