ദിവസം 228. ശ്രീമദ് ദേവീഭാഗവതം. 9. 6. ഗംഗാ സരസ്വതീ ശാപകഥ
സരസ്വതീ തു വൈകുണ്ഡേ, സ്വയം നാരായണാന്തികേ
ഗംഗാ ശാപേന കലഹാത്കലയാ ഭാരതേ സരിത്
പുണ്യദാ പുണ്യരൂപാ ച പുണ്യതീർത്ഥ സ്വരൂപിണീ
പുണ്യവദ്ഭിർ നിഷേവ്യാ ച സ്ഥിതി: പുണ്യവതാം മുനേ
ശ്രീ നാരായണൻ പറഞ്ഞു: വൈകുണ്ഡത്തിൽ വിഷ്ണുവിനൊപ്പം കഴിഞ്ഞിരുന്ന സരസ്വതി ഗംഗയുടെ ശാപമേറ്റ് ഭാരതത്തിൽ ഒരു നദിയായിത്തീർന്നു. ആ നദിക്കരയിൽ പുണ്യം ചെയ്ത സാധകർ പുണ്യതീർത്ഥത്തെ സേവിച്ചു കഴിയുന്നു. അവിടെയുള്ള തപസ്സികൾക്കവൾ തപോരൂപയാണ്. തപസ്സിന്റെ ഫലമേകുന്നവളും അഗ്നിയിൽ വിറകെന്ന പോലെ അവരുടെ പാപങ്ങളാകെ എരിച്ചു കളയുന്നവളുമാണാ പുണ്യനദി.
സരസ്വതീ നദിയുടെ പവിത്രത എന്തെന്നറിഞ്ഞ് അതിൽ വീണു മരിക്കുന്നവർക്ക് വിഷ്ണുസഭയിൽ ചിരകാലം വസിക്കാൻ കഴിയും. പാപിയാണെങ്കിലും അറിയാതെയാ നദിയിൽ മുങ്ങാനിടയായാൽ ഒരുവന്റെ സകലപാപങ്ങളും നശിക്കുന്നു. അവനും വിഷ്ണുലോകം ലഭിക്കും. ചാതുർമാസത്തിലും പൂർണ്ണമാസിയിലും മറ്റു ശുഭ്ര വേളകളിലും യദൃശ്ചയാ ആണെങ്കിൽപ്പോലും സ്വാർത്ഥതാൽപ്പര്യം കൊണ്ടായാലും സരസ്വതീനദിയിലെ സ്നാനം ഒരുവനെ ഹരിസാരൂപ്യത്തിനർഹനാക്കും.
സരസ്വതീ മന്ത്രം ഒരു മാസം മുടങ്ങാതെ ജപിക്കുന്നവൻ മൂർഖനാണെങ്കിലും കവീന്ദ്രനായിത്തീരും. നിത്യവും മുണ്ഡനം ചെയ്താ നദിയിൽ മുങ്ങുന്ന ഭക്തന് വീണ്ടുമൊരു ഗർഭവാസക്ലേശം അനുഭവിക്കേണ്ടിവരില്ല. വാണീദേവിയുടെ മഹിമകൾ ഇതൊക്കെയാണ്. ഇനിയും അങ്ങ് എന്താണറിയാൻ അർഹിക്കുന്നത്?
സൂതൻ പറഞ്ഞു: ശ്രീ നാരായണൻ വാണീദേവിയെപ്പറ്റി ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ നാരദമുനി വീണ്ടും സംശയം ചോദിച്ചു. “ഈ ദേവിയെങ്ങിനെയാണ് ഭാരതവർഷത്തിൽ ഒരു നദിയായി വന്നു പിറന്നത്? ആ ശാപകഥ കൂടി പറഞ്ഞു തന്നാലും. ഇത്തരം കഥകൾ എത്രകേട്ടാലും മതിവരാത്തവയാണ്. വേദസാരങ്ങൾ കഥാരൂപത്തിൽ കേൾക്കാൻ എന്നിൽ കൗതുകം കൂടി വരുന്നു. സംപൂജ്യയായ ഗംഗ എങ്ങിനെയാണ് വാണീദേവിയെ ശപിക്കാനിടയായത്? സത്വവതികളായ ഈ ദേവിമാർ പരസ്പരം കലഹിക്കാനുള്ള കാരണം രസകരമായ ഒന്നായിരിക്കും എന്നു തീർച്ച. ദയവായി അങ്ങ് കഥ തുടങ്ങിയാലും”.
ശ്രീ നാരായണൻ തുടർന്നു. കേട്ടാൽത്തന്നെ സർവ്വപാപങ്ങളും ഇല്ലാതാക്കുന്ന ആ കഥ ഞാൻ പറയാം. ഹരിയുടെ സമീപത്താണ് ലക്ഷ്മിയും ഗംഗയും സരസ്വതിയും കഴിയുന്നത്. ഭഗവാനാണെങ്കിൽ മൂന്നു പേരെയും ഒരുപോലെ പ്രീയവുമാണ്. ഒരു ദിവസം ഗംഗാദേവി പുഞ്ചിരിയോടെ തന്റെ കടക്കണ്ണുകൊണ്ടു് ഭഗവാനെ നോക്കി ആ അഭൌമ മുഖഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. വിഷ്ണുവും ഗംഗയെ നോക്കി പുഞ്ചിരിച്ചു. ലക്ഷ്മീദേവി അതു കണ്ടു് ക്ഷമിച്ചെങ്കിലും സരസ്വതിക്ക് അതങ്ങിനെ ക്ഷമിക്കാൻ കഴിഞ്ഞില്ല. ലക്ഷ്മി സാന്ത്വനത്തോടെ എന്തൊക്കെപ്പറഞ്ഞിട്ടും സരസ്വതി അടങ്ങിയില്ല. അവൾ വർദ്ധിതകോപത്തോടെ കലങ്ങിയ കണ്ണുകളും വിറച്ച ചുണ്ടുകളുമായി തന്റെ കാന്തനോടിങ്ങിനെ പറഞ്ഞു:
“ധർമ്മിഷ്ഠൻ സപത്നിമാരെ സമഭാവത്തിലാണ് കാണുക എന്നാൽ മൂർഖൻമാർ അങ്ങിനെയല്ല. അങ്ങേയ്ക്ക് ഗംഗയോട് പ്രിയമേറും. ലക്ഷ്മിയേയും വലിയ പ്രിയം തന്നെ. എന്നോടു മാത്രമാണ് സ്നേഹമില്ലാത്തത്. ഗംഗയ്ക്കാണെങ്കിൽ ലക്ഷ്മിയോട് ഏറെ പ്രീതിയുള്ളതിനാൽ ഭഗവാന്റെ ഈ ഹീനസ്വഭാവത്തെ സഹിക്കുകയാണ്. ഭാഗ്യഹീനയായ ഞാൻ ഇനിയിവിടെ ജീവിച്ചിട്ടെന്തു കാര്യം? ഭർത്താവ് സ്നേഹിക്കാനില്ലെങ്കിൽ ഒരുവളുടെ ജീവിതത്തിനെന്താണർത്ഥം.? അങ്ങ് സത്യമൂർത്തിയാണെന്നു പറയുന്ന മാമുനിമാർ വാസ്തവത്തിൽ വേദജ്ഞാനമൊന്നുമില്ലാത്ത മൂർഖൻമാരാണ്. അവർക്കൊന്നും ഹരിയുടെ ഉള്ളിലിരിപ്പ് എന്തെന്നറിയില്ല.” വാണിയുടെ ജല്പനംകേട്ട ഭഗവാൻ ഝടുതിയിൽ അവിടം വിട്ടു പോയി.
ഭഗവാൻ പോയപ്പോൾ വാണി ഗംഗയോടു് നേരിട്ടു വഴക്കിനു ചെന്നു. “കാമം മുഴുത്ത നാണമില്ലാത്ത നീയത്ര കേമിയൊന്നുമാവണ്ട. ഭർത്താവ് നിന്റെ വരുതിയിലാണെന്ന് നാലാളറിയാനാണല്ലാ നീയിങ്ങിനെ നിർലജ്ജം പെരുമാറുന്നത്? ഹരിയുടെ മുന്നിൽ വച്ചു തന്നെ ഞാൻ നിന്റെ മാനം കളയും നോക്കിക്കോളുക. നിന്റെ പ്രിയപ്പെട്ടവൻ അപ്പോൾ എന്തു ചെയ്യും എന്നു കാണാം.” വാണി ഗംഗയുടെ മുടിക്കെട്ടിൽ പിടിക്കാൻ തുടങ്ങവേ ലക്ഷ്മി അതിനെ തടഞ്ഞു.
കുപിതയായ വാണി ലക്ഷ്മിയെ ശപിച്ചു: “നീ വൃക്ഷരൂപയും നദീരൂപയും ആയിത്തീരട്ടെ. തെറ്റുകണ്ടിട്ടും പ്രതികരിക്കാതിരുന്ന നീയൊരു മരംപോലെ അല്ലെങ്കിൽ ഒരു പുഴപോലെ സഭയിൽ നോക്കി നില്ക്കാനിടവരട്ടെ.” ലക്ഷ്മീദേവി ക്ഷമയോടെ ആ ശാപം കേട്ടുനിന്നു. ക്രുദ്ധയായി വിറയ്ക്കുന്ന വാണിയെ ദേവിയെ കൈവിടാതെ പിടിച്ചു നിന്നു.
അപ്പോൾ ഗംഗപറഞ്ഞു: “വായാടിയായ അവളെ വിട്ടോളൂ. ഭയങ്കരിയായ അവൾക്കൊന്നും ചെയ്യാനാവില്ല. സദാ കലഹിക്കുന്ന അവളെ വാഗധിഷ്ഠാതൃദേവത എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇവൾ കലഹിക്കുന്നെങ്കിൽ എന്നോടാവട്ടെ. ഈ ദുശ്ശീല എന്റെയും അവളുടെയും ശക്തിയെന്തെന്നു കാണിക്കാൻ വേണ്ടിയാണീ കലഹത്തിൽ ഏർപ്പെടുന്നത്. ലോകർ ഞങ്ങളുടെ ബലം എന്തെന്ന് കാണട്ടെ.”
എന്നു പറഞ്ഞ് ഗംഗാദേവി, വാണിയെ ശപിച്ചു. “ലക്ഷ്മീദേവിയെ ശപിച്ച അവളും ഒരു നദിയായി പാപികൾ വാഴുന്നയിടത്ത് ഒഴുകാനിടയാകട്ടെ. കലികാലത്ത് അവരുടെ പാപങ്ങൾ അവൾ ഏറ്റെടുക്കട്ടെ.” ഉടനെ തന്നെ വാണിയും ഗംഗയെ ശപിച്ചു. “നീയുമൊരു നദിയായി ഭൂമിയിലെ പാപികളുടെ പാപങ്ങൾ ഏറ്റെടുക്കാനിടവരട്ടെ.”
അപ്പോഴവിടെ ഭഗവാൻ ഹരി വന്നെത്തി. ചതുർഭുജൻമാരായ നാലുപാർഷദൻമാർ കൂടെയുണ്ട്. ഉടനെ തന്നെ സരസ്വതീദേവിയുടെ കൈയെടുത്ത് വക്ഷസ്സിൽ ചേർത്തുപിടിച്ച് ഭഗവാന്‍ ചിരപുരാതനമായ ജ്ഞാനം മുഴുവൻ അവളെ ഓർമ്മിപ്പിച്ചു. മൂവരുടെയും കലഹത്തിന്റെ കാര്യം കേട്ട് ഭഗവാനവരെ ആശ്വസിപ്പിച്ചു.
ഭവാൻ പറഞ്ഞു: “ലക്ഷ്മീദേവീ, നീ അംശാവതാരമായി ധർമ്മധ്വജന്റെ ഗൃഹത്തിൽ പോയി അയോനിജയായ ഒരു കന്യകയായി ജനിക്കുക. നിന്റെ 'വൃക്ഷത്വം' അവിടെയാവട്ടെ. നീ എന്റെതന്നെ അംശമായ ശംഖചൂഡന്റെ പത്നിയാവും. ഒടുവിൽ എന്നിലേക്കു തന്നെ വരും. അതുപോലെ നീ ഭാരതത്തിൽപ്പോയി പരിശുദ്ധയായ തുളസിാച്ചെടിയായി ജനിക്കുക. അവിടെ കലകൊണ്ട് നിനക്ക് നദീഭാവവും ഉണ്ടാവും. പത്മാവതീ നദിയായി നീ പ്രശസ്തയാവും.
ഗംഗാദേവീ, നീയും ശാപപ്രകാരം ഭാരതത്തിൽപ്പോയി പരമപവിത്ര നദിയായ ഗംഗയാവുക. ഭഗീരഥൻ സ്വതപഫലം കൊണ്ട് നിന്നെയവിടെയെത്തിക്കും. പാപനാശകരിയായ ഭാഗീരഥിയായി നീ ഭൂമിയിലാകെ അറിയപ്പെടും. എന്റെ അംശമായ ശന്തനുവിന് ഭാര്യയായി നീ വാഴുക .
ഗംഗാശാപഫലത്താൽ വാണീദേവീ, നീയും ഭൂമിയിലേക്ക് തന്നെ പോവുക. സപത്നീ കലഹത്തിന്റെ ദുര്‍ഫലം അനുഭവിച്ചു തന്നെ തീരണമല്ലോ. മാത്രമല്ല നീ ബ്രഹ്മലോകത്തിൽ ബ്രഹ്മാവിന്റെ പത്നിയായിത്തീരുക. ലക്ഷ്മിദേവി എന്നോടൊപ്പവും ഗംഗാദേവി പരമശിവനൊപ്പവും വാഴട്ടെ.
ലക്ഷ്മീദേവിയായ രമ ശാന്തയും ക്രോധരഹിതയുമാണ്. മഹാസാധ്വിയായ അവളെ സതിമാർ പൂജിക്കട്ടെ. ധർമ്മസൗശീല്യങ്ങൾ ഉള്ളവർ എല്ലാം രമാദേവിയുടെ അംശങ്ങളാണ് . ഭിന്നസ്വഭാവമുള്ള മൂന്നുഭാര്യമാർ മൂന്നുഭൃത്യമാർ, മൂന്നുബന്ധുക്കൾ എന്നിവരുമൊത്ത് ആരും ഒരിടത്തു താമസിക്കരുത്. അവിടം വേദവിരുദ്ധമായ കലഹത്തിനു പറ്റിയ ഇടമാവും എന്നിപ്പോള്‍ തെളിഞ്ഞുവല്ലോ.
ഏതു വീട്ടിലാണോ സ്ത്രീകൾ പുരുഷൻമാരെപ്പോലെ പെരുമാറുന്നത്, പുരുഷൻ സ്ത്രീയ്ക്ക് അടിമയായി കഴിയുന്നത്, ആ ഗൃഹത്തിൽ ശുഭമുണ്ടാവുകയില്ല. വാക്ദുഷ്ടയും ദുർന്നടത്തയുള്ളവളും കലഹപ്രിയയും ആയുള്ള ഭാര്യ വാഴുന്ന ഗൃഹത്തേക്കാൾ വാഴാൻ ഉത്തമം കൊടുങ്കാടാണ്. അവിടെ ശല്യമൊന്നുമില്ലാതെ കിടന്നുറങ്ങാൻ തണലും ആഹരിക്കാൻ കാട്ടുപഴങ്ങളും കിട്ടുമല്ലോ.
ദുഷ്ടനാരിമാരേക്കാൾ കൂട്ടിനു നല്ലത് ദുഷ്ടമൃഗങ്ങളാണ്. വ്യാധിയും വിഷവും മറ്റും ഒരു പുരുഷന് ചിലപ്പോൾ ചെറുക്കാനാവും എന്നാൽ ദുഷ്ടത മുറ്റിയ ഒരു സ്ത്രീമുഖത്തെ ചെറുക്കുക എന്നത് അവന് അതീവ ദുഷ്ക്കരമത്രേ. മരിക്കുവോളം സ്ത്രീജിതന് പരിശുദ്ധിയുണ്ടാവുകയില്ല. നിത്യസത്കർമ്മങ്ങളുടെ ഫലം അവനു കിട്ടുകയുമില്ല. അവന് നാണക്കേടും മാനക്കേടും കൊണ്ടു് നരകാനുഭവം ഭൂമിയിൽത്തന്നെ ലഭിക്കുന്നതാണ്. ദുഷ്കീർത്തിയുള്ളവൻ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന മട്ടിലാണ് കഴിയുന്നത്.
സപത്നീവാസം ഒരിക്കലും സുഖപ്രദമാവില്ല. ഒരേയൊരു ഭാര്യ മാത്രമുള്ളവനേ സുഖമുള്ളു. ഗംഗേ, നിനക്ക് ശിവസ്ഥാനവും; വാണീ നിനക്ക് ബ്രഹ്മഗേഹവുമാണ് പറഞ്ഞിട്ടുള്ളത്. സുശീലയായ ലക്ഷ്മി എന്റെ കൂടെ വാഴട്ടെ. ശീലവതിയും പതിവ്രതയും സതിയും സുഭഗയുമായ ഭാര്യ കൂടെയുള്ളവനാണ് സുഖം. ധർമ്മവും മോക്ഷവും അവനുള്ളതാണ്. അവൻ മുക്തനും ശുചിയും സുഖിയുമായി വാഴും. ദുഃശീലയായ ഭാര്യയുള്ളവൻ അശുചിയും ദുഖിതനും മൃതോപമനുമാകുന്നു.

No comments:
Post a Comment