ദിവസം 233. ശ്രീമദ് ദേവീഭാഗവതം. 9.11. ഗംഗാസ്നാനാദി മാഹാത്മ്യം
ശ്രുതം പൃഥ്വ്യുപാഖ്യാനമതീവ സുമനോഹരം
ഗംഗോപാഖ്യാനമധുനാ വദ വേദവിദാം വര
ഭാരതേ ഭാരതീശാപാത് സാ ജഗാമ സുരേശ്വരീ
വിഷ്ണുസ്വരൂപാ പരമാ സ്വയം വിഷ്ണുപദീതി ച
നാരദൻ പറഞ്ഞു: ഭൂദേവിയുടെ മാഹാത്മ്യമേറിയ സുചരിതം കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. അതുപോലെ ഗംഗാദേവിയെക്കുറിച്ചും വേദവിത്തായ അങ്ങുതന്നെ എനിക്ക് പറഞ്ഞു തന്നാലും. വിമലസ്വരൂപയായ അവൾ സരസ്വതിയുടെ ശാപം നിമിത്തമാണല്ലോ ഭാരതത്തിലേക്ക് പോയത്? എങ്ങിനെയാണതുണ്ടായത് ? ദേവി ഭാരതത്തിലെത്താന്‍ വേണ്ടി ആരാണ് പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്തത്? ഗംഗാദേവിയുടെ പുണ്യകഥ കേൾക്കാൻ എനിക്കാഗ്രഹമുണ്ട്.
ശ്രീ നാരായണൻ പറഞ്ഞു: സൂര്യവംശത്തിലെ പ്രഗത്ഭനായ ഒരു രാജാവാണ് സഗരൻ. അദ്ദേഹത്തിന് രണ്ടു ഭാര്യമാർ. ഒന്ന് വൈദർഭി. മറ്റേത് ശൈബ്യ. ശൈബ്യയിൽ രാജാവിന് അസമഞ്ജസ് എന്ന പേരിൽ സുന്ദരനായ ഒരു മകനുണ്ടായി. മഹാദേവനെ ഭജിച്ച് വൈദർഭിയും ഗർഭിണിയായി. എന്നാൽ അവൾ പ്രസവിച്ചത് വെറുമൊരു മാംസപിണ്ഡത്തെയാണ്. രാജ്ഞി ദു:ഖാർത്തയായി വിലപിക്കേ പരമശിവൻ ഒരു വിപ്രവേഷത്തിലവിടെയെത്തി മാംസപിണ്ഡത്തെ അറുപതിനായിരം തുണ്ടങ്ങളാക്കി മുറിച്ചു. ആ ഖണ്ഡങ്ങൾ ഓരോന്നും തേജസ്സാർന്ന പുത്രൻമാരായിത്തീർന്നു. എന്നാൽ അവർക്ക് കപിലമുനിയുടെ ശാപമേൽക്കയാൽ എല്ലാവരും ഭസ്മമായിത്തീർന്നു. രാജാവ് ഖിന്നനായി വിലപിച്ച് കാട്ടിലേക്ക് ഓടിപ്പോയി.
അസമഞ്ജസ് ഗംഗയെ കൊണ്ടുവരാനായി കഠിനതപസ്സ് ചെയ്തെങ്കിലും അത് ഫലം കണ്ടില്ല. അദ്ദേഹത്തിന്റെ പുത്രൻ അംശുമാനും ഏറെക്കാലം ഇതിനായി തപസ്സു ചെയ്തതും വിഫലശ്രമമായിത്തീർന്നു. അംശുമാന്റെ പുത്രനാണ് ഭഗീരഥൻ എന്ന് പ്രസിദ്ധനായ രാജാവ്. ബുദ്ധിമാനും വിഷ്ണുഭക്തനും ജരാമരണവിമുക്തനുമായ മഹാനായിരുന്നു ഭഗീരഥൻ. അദ്ദേഹം ഗംഗയെ ഭൂമിയിൽ എത്തിക്കാനായി ഒരു ലക്ഷം വർഷം തപസ്സു ചെയ്തു. ഒടുവിൽ അദ്ദേഹം കോടിസൂര്യപ്രഭയോലുന്ന ശ്രീകൃഷ്ണഭഗവാനെ കണ്ടു. ഗോപാലവേഷത്തിൽ രണ്ടുകൈകൾ ഉള്ള കോമളമായ ഗോപാലസുന്ദരീ രൂപത്തിൽ അദ്ദേഹം ഭഗവാനെ ദർശിച്ചു. ഭക്താനുഗ്രഹതല്പരനും സ്വേച്ഛാമയനും പരബ്രഹ്മവും പ്രഭുവും സനാതനനും ബ്രഹ്മാദികൾ നമിക്കുന്നവനും മുനിഗണസേവിതനും സാക്ഷിരൂപനും പ്രകൃതിക്കതീതനും പ്രസന്നമുഖനും നിർഗ്ഗുണനും ചിൻമയനും ഈശ്വരനും അഗ്നിപോലെ പരിശുദ്ധനും മഞ്ഞപ്പട്ടടുത്തവനും രത്നാഭരണവിഭൂഷിതനും ആയ ഭഗവദ്രൂപത്തെ ഭഗീരഥൻ കൈകൂപ്പി തൊഴുതു. ദിവൃസ്തുതികളാൽ ഭഗവാനെ വാഴ്ത്തി. അങ്ങിനെ ഭഗവദനുഗ്രഹത്താൽ തന്റെ വംശത്തെ ഉദ്ധരിക്കാനുള്ള ആഗ്രഹം അദ്ദേഹം സാധിപ്പിച്ചു. ഭഗവദ്ദർശനത്താൽ കോൾമയിർകൊണ്ട ദേഹത്തോടെ അദ്ദേഹം സ്തുതികൾ ആലപിച്ചു.
ശ്രീ ഭഗവാൻ പറഞ്ഞു: ഗംഗാദേവീ, സരസ്വതീശാപം അനുസരിച്ച് നീ ഭാരതത്തിലേക്ക് പോയി സഗരപുത്രൻമാരെ പരിശുദ്ധരാക്കുക. അങ്ങിനെ നിന്നെ സ്പർശിച്ചു പവിത്രതയാർന്ന അവർക്കെല്ലാം ഒടുവിൽ എന്റെ സവിധത്തിൽ എത്താൻ സാധിക്കട്ടെ. അവർക്ക് എന്റെ സാരൂപ്യവും സിദ്ധിക്കുമാറാകും. അവർ കർമ്മഭോഗബന്ധങ്ങൾ എല്ലാമൊഴിഞ്ഞ് എന്റെ പാർഷദൻമാരായിത്തീരും. ഭാരത്തിലെ ജനങ്ങളുടെ പാപഭാരമെല്ലാം തീർക്കാൻ ഗംഗാദേവിക്കാകുമെന്ന് വേദങ്ങൾ പ്രകീർത്തിക്കുന്നു. അറിഞ്ഞുകൊണ്ടു ചെയ്ത മഹാപാപങ്ങൾ പോലും, ബ്രഹ്മഹത്യാദി പാപങ്ങൾ ആയാല്‍പ്പോലും, ഗംഗാസ്നാനത്താൽ ഇല്ലാതെയാകും. ഗംഗാദേവിയെ കണ്ടാലും തൊട്ടാലും അതു പുണ്യപ്രദമാണ്.
സാധാരണ സ്നാനത്തേക്കാൾ പത്തിരട്ടി സുകൃതം സങ്കല്പത്തോടെയുള്ള സ്നാനത്തിനാൽ ലഭിക്കും. പുണ്യദിനങ്ങളിൽ ചെയ്യുന്ന ഗംഗാസ്നാനത്തിന്റെ മാഹാത്മ്യം വേദങ്ങൾ പോലും വിശദീകരിക്കുന്നില്ല. രവിസംക്രമദിനത്തിലെ സ്നാനത്തിന് മുപ്പതിരട്ടിയാണ് ഫലം. വാവിന്റെയന്നുള്ള സ്നാനം മഹത്തരമാണ്. അത് ദക്ഷിണായനത്തിലാണെങ്കിൽ ഇരട്ടിഫലം ചെയ്യും. ഉത്തരായണത്തിൽ അതിനു പത്തിരട്ടിഫലമാണ്. ചാതുർമാസ്യത്തിലും പൗർണ്ണമിക്കും ചെയ്യുന്ന സ്നാനം അനന്തമായ ഫലത്തെ നൽകുന്നു. അക്ഷയനവമിയിലെ സ്നാനവും അതിവിശേഷമത്രേ.
ഈ ദിവ്യദിനങ്ങളിൽ ചെയ്യുന്ന സ്നാനദാനങ്ങൾക്ക് അനന്തമായ ഫലമാണുള്ളത്. അതിനു മറ്റ് ദിവസങ്ങളേക്കാൾ നൂറിരട്ടി ഫലമുണ്ടെന്നാണ് പറയുന്നത്. അതിന്റെ ഇരട്ടിഫലം ദസ്റാ പ്രതിപദത്തിലും അതുപോലെ തന്നെ ദസ്റാദശമിയിൽ വാരുണിക്കും ഉണ്ട്. പിന്നെ മഹാവാരുണിക്ക് നാലിരട്ടിഫലമാണ്. ഇങ്ങിനെ വിശിഷ്ടദിവസങ്ങളിലെ ഗംഗാസ്നാനം വളരെ സവിശേഷമാണ്. ചന്ദ്രഗ്രഹണ സമയത്തെ സ്നാനത്താല്‍ സാധാരണ ദിനങ്ങളിലെതിന്റെ കോടിയിരട്ടിയുടെ പത്തുമടങ്ങ് പുണ്യമാണ് ലഭിക്കുക. സൂര്യഗ്രഹണസമയത്തെ സ്നാനത്തിനും അർദ്ധോദയത്തിലെ സ്നാനത്തിനും അതിന്റെ നൂറിരട്ടി ഫലമുണ്ടു്.
ഭഗീരഥന്റെ മുന്നിൽ വച്ചാണല്ലോ ഭഗവാൻ ഗംഗയോടു് ഇങ്ങിനെ അരുളിച്ചെയ്തത്. അപ്പോൾ നമ്രശിരസകയായി ഗംഗാദേവി ഇങ്ങിനെ പറഞ്ഞു: 'അങ്ങയുടെ ആജ്ഞയും വാണിയുടെ ശാപവും ഇദ്ദേഹത്തിന്റെ തപസ്സും ചേർന്ന് എനിക്കിപ്പോൾ ഭാരതഭൂവിലേയ്ക്ക് പോകേണ്ടതായി വന്നുചേർന്നു. എന്നാൽ അവിടെച്ചെല്ലുമ്പോള്‍ എല്ലാവരും എന്നിലവരുടെ പാപങ്ങൾ നിക്ഷേപിക്കുമല്ലോ. അവയെ ഞാനെങ്ങിനെയാണ് നശിപ്പിക്കുക? ഭഗവാനേ, അവിടുന്നുതന്നെ അതിനുള്ള മാർഗ്ഗവും ഉപദേശിക്കണം. എത്ര കാലമാണ് ഞാൻ ഭാരതത്തിൽ കഴിയേണ്ടത്? എപ്പോഴാണ് എനിക്കു വീണ്ടും വിഷ്ണുപദപ്രാപ്തി കൈവരിക? സർവ്വവ്യാപിയായ മഹാപ്രഭുവിന് എല്ലാമറിയാം. എന്നിലുള്ള മറ്റ് ആഗ്രഹങ്ങളും എങ്ങിനെ നിവൃത്തിക്കാനാവും എന്നരുളിയാലും.'
ഭഗവാൻ പറഞ്ഞു: 'നിന്റെ ആഗ്രഹങ്ങൾ എല്ലാം ഞാനറിയുന്നു. ലവണസമുദ്രമായിരിക്കും നദിയായ നിന്റെ ഭർത്താവ്. സമുദ്രം എന്റെ തന്നെ അംശമാണ്. നീ സാക്ഷാൽ ലക്ഷ്മിസ്വരൂപിണിയുമാണ്. ഇങ്ങിനെയുള്ള സംഗം ഉത്തമമാണ്. നദികൾ ഏറെയുണ്ടെങ്കിലും ലവണാബ്ധിക്ക് ഏറ്റവും ചേർന്ന സംഗം നീയുമായാണ്. കലിയിൽ അയ്യായിരംവർഷംവരെ നീ ഭാരതത്തിൽ വാഴുക. നിനക്ക് സമുദ്രവുമായി ദിവസവും രമിക്കാം. നീയൊരു രസിക. സമുദ്രവും അതിനു ചേർന്ന രതിരസികനാണ്.
ഭാരതത്തിലെ ജനങ്ങൾ നിന്നെ ഭഗീരഥകൃതങ്ങളായ സ്തോത്രങ്ങളാൽ പൂജിക്കും. കണ്വശാഖോക്തമായ ധ്യാനം കൊണ്ട് നിന്നെ പൂജിക്കുന്നവർക്ക് അശ്വമേധം കൊണ്ടുണ്ടാവുന്നത്ര പുണ്യം ലഭിക്കും. നൂറുയോജന അകലത്തിരുന്നും ‘ഗംഗേ’, യെന്നൊന്ന് ജപിക്കുന്നവന് പാപവിമുക്തിയും വിഷ്ണുലോകപ്രാപ്തിയും ഉണ്ടാവും. ആയിരം പാപികളുടെ സ്നാനം ചെയ്തുണ്ടാവുന്ന മാലിന്യം ഒരു ദേവീ ഉപാസകന്റെ സ്നാനം കൊണ്ട് പവിത്രീകരിക്കപ്പെടും. അതുപോലെ പാപികളുടെ പിണം തൊട്ടതിന്റെ അശുദ്ധിയും ദേവീഭക്തനായ ഒരാളുടെ സ്പർശനം കൊണ്ട് ഇല്ലാതാവും. സരസ്വതി മുതലായ മറ്റ് നദികളും നിന്റെയീ ശുചീകരണപദ്ധതിയിൽ പങ്കാളികളാകും.
നിന്റെ ഗുണഗണങ്ങൾ പ്രകീർത്തിക്കുന്ന ഇടങ്ങളെല്ലാം പുണ്യതീർത്ഥങ്ങളാകും. നിന്റെ നീർക്കണങ്ങൾ തൊട്ടാൽ മഹാപാപിയും ശുദ്ധനാകും. നിന്നിൽ പ്രാണനുപേക്ഷിക്കുന്നവർ ഹരിപദമണയും. അവർ ഹരിപാർഷദൻമാരായി ഏറെ നാൾ കഴിയും. പുണ്യം ചെയ്തവനുമാത്രമേ നിന്നിൽ വിലയിക്കാനാവൂ. മരിച്ചുവീഴുന്നവന്റെ പിണം നിന്നിലൊഴുക്കി വിട്ടാൽ അവനും വൈകുണ്ഠവാസം ലഭിക്കും. അജ്ഞാനിയാണെങ്കിലും നിന്റെ പുണ്യസ്പർശനമേറ്റ് മരണപ്പെട്ടാൽ അവനു ഞാൻ സാരൂപ്യം നല്കും. അവനും എന്റെ പാർഷദനാകും. നിന്റെ നാമം സ്മരിച്ചു കൊണ്ട് എവിടെവച്ചു ദേഹമുപേക്ഷിച്ചാലും ബ്രഹ്മാവിന്റെ കാലത്തോളം അവന് സാലോക്യം അനുഭവിക്കാം. ശ്രേഷ്ഠമായ രത്നവിമാനത്തിൽക്കയറി പാർഷദൻമാരോടുകൂടി അസംഖ്യം പ്രളയക്കാലം എന്റെ സാരൂപ്യത്തിൽ അവർക്ക് കഴിയാം. അവർക്ക് ഗോലോകപ്രാപ്തിയുണ്ടാവും. അവരെല്ലാം എനിക്കു തുല്യരുമാവും.
എന്റെ നൈവേദ്യം കഴിക്കുന്നവരും എന്നെ ഭജിക്കുന്നവരും എവിടെവച്ചു മരിച്ചാലും കുഴപ്പമില്ല. മൂന്നുലോകവും പരിശുദ്ധമാക്കാൻ അവർക്കാവും. എന്റെ ഭക്തരുടെ ബന്ധുജനങ്ങളും പശുക്കളും രത്നവിമാനത്തിൽത്തന്നെ ഗോലോകത്തിൽ വന്നണയും. അവരെ സ്മരിക്കുന്നവര്‍പോലും പരിശുദ്ധരാവും. ഭഗവാൻ ഗംഗാദേവിയോടു് ഇങ്ങിനെ പറഞ്ഞിട്ട് ഭഗീരഥനെ ഉപദേശിച്ചു: 'നീ ഭക്തിയോടെ ഗംഗാദേവിയെ പൂജിച്ചു കൊള്ളുക.'
ഭഗീരഥൻ ഭഗവാൻ നിർദ്ദേശിച്ച പ്രകാരം ദേവിയെ സ്തുതിച്ചു പൂജിച്ചു. കൗഥുമശാഖോക്തമായ രീതിയിലാണ് ഭഗീരഥൻ ആ പൂജാവിധികൾ ചെയ്തത്. പിന്നീട് ഗംഗാദേവിയും ഭഗീരഥനും ശ്രീകൃഷ്ണ പരമാത്മാവിനെ വണങ്ങി യാത്രയാക്കി. ഭഗവാൻ അവർക്കു മുന്നിൽ നിന്നും അപ്രത്യക്ഷനായി.
നാരദൻ പറഞ്ഞു: മഹാത്മൻ, ഭഗീരഥപ്രോക്തങ്ങളായ ഗംഗാധ്യാനസ്തോത്രങ്ങൾ കൂടി ഞങ്ങൾക്ക് പറഞ്ഞു തന്നാലും. അദ്ദേഹം ചെയ്ത പൂജാക്രമങ്ങളും ഞങ്ങളെ ഉദ്ബോധിപ്പിച്ചാലും.
ശ്രീ നാരായണൻ പറഞ്ഞു: കുളിച്ച് നിത്യകർമ്മങ്ങൾക്കു ശേഷം ശുഭ്രവസ്ത്രം ധരിച്ച് ഏകാഗ്രചിത്തത്തോടെ ഗണപതി, സൂര്യൻ, അഗ്നി, വിഷ്ണു, ശിവൻ, ദേവി, എന്നീ ആറു ദേവതകളെ പൂജിക്കുക. വിഘ്നമൊഴിക്കാൻ ഗണേശനെ, ആരോഗ്യത്തിന് സൂര്യനെ, ശുദ്ധിയേകാൻ അഗ്നിയെ, ഐശ്വര്യത്തിന് വിഷ്ണുവിനെ, ജ്ഞാനസിദ്ധിക്ക് ശിവനെ, മുക്തിസിദ്ധിക്കായി ദേവിയെ, ഇങ്ങിനെ പൂജകൾ ചെയ്താണ് ഒരുവൻ ഗംഗാ ധ്യാനത്തിന് അധികാരിയാവുന്നത്. ഇനിയാ ഗംഗാധ്യാനം എങ്ങിനെയെന്നു പറയാം.