Devi

Devi

Friday, October 27, 2017

ദിവസം 296 ശ്രീമദ്‌ ദേവീഭാഗവതം. 11-11 ഭസ്മത്രിവിധത്വം

ദിവസം 296   ശ്രീമദ്‌ ദേവീഭാഗവതം. 11-11  ഭസ്മത്രിവിധത്വം

ത്രിവിധത്വം കഥം ചാസ്യ ഭസ്മന: പരികീർത്തിതം
ഏതത് കഥയ മേ ദേവ മഹത് കൗതൂഹലം മമ
ത്രിവിധത്വം പ്രവക്ഷ്യാമി ദേവർഷേ ഭസ്മന: ശൃണു
മഹാപാപക്ഷയകരം മഹാകീർത്തികരം പരം

നാരദൻ പറഞ്ഞു: അങ്ങ് മൂന്നു വിധത്തിലാണ് ഭസ്മങ്ങൾ ഉണ്ടാക്കുന്നത് എന്നു  പറഞ്ഞു. അവയെപ്പറ്റി കൂടുതൽ അറിയാൻ എനിക്കാഗ്രഹമുണ്ട്.

ശ്രീ നാരായണൻ പറഞ്ഞു: മഹാപാപങ്ങളെപ്പോലും ഇല്ലാതാക്കുന്ന മൂന്നു തരം ഭസ്മങ്ങളെപ്പറ്റി ഞാൻ പറയാം. പശുവിന്റെ ചാണകം യോനിയിൽ നിന്നും കൈകൊണ്ടെടുത്ത് 'സദ്യോജാതം', മുതലായ ബ്രഹ്മമന്ത്രസഹിതം ചുട്ടെടുക്കുന്ന ഭസ്മം 'ശാന്തികൃത്' എന്നറിയപ്പെടുന്നു. ചാണകം താഴെ വീഴുന്നതിനു മുൻപ് പിടിച്ചെടുത്ത് 'ഷഡക്ഷര' മന്ത്രസഹിതം ചുട്ടെടുക്കുന്ന ഭസ്മം 'പൗഷ്ടികം' എന്നറിയപ്പെടുന്നു. 'ഹ്രൗം' എന്ന 'പ്രസാദ'മന്ത്രം ചൊല്ലി ചുട്ടെടുക്കുന്ന ഭസ്മമാണ് 'കാമദം'.

പ്രഭാതത്തിൽ ശുദ്ധിയോടെ ഭസ്മവ്രതമെടുത്ത് തൊഴുത്തിൽ ചെന്ന് ഗോകുലത്തെ വണങ്ങുക. വർണ്ണാനുരൂപമായുള്ള പശുക്കളുടെ ചാണകമാണ് എടുക്കേണ്ടത്. ബ്രാഹ്മണന് വെള്ളപ്പശുവിന്റെയും ക്ഷത്രിയന് ചുകപ്പു നിറമുള്ള പശുവിന്റെയും വൈശ്യന് പീതവർണ്ണത്തിലുള്ള പശുവിന്റെയും ശൂദ്രന് കറുത്ത പശുവിന്റെയും ചാണകം എടുക്കാം. ശുദ്ധചിത്തനായി പൗർണ്ണമി, അമാവാസി, അഷ്ടമി ദിവസങ്ങളിൽ ചാണകം എടുത്ത് 'ഹൃദയേ നമ' എന്നു ജപിച്ച് ചാണക ഉരുളകൾ ഉണ്ടാക്കി ശുദ്ധമായ ഒരിടത്ത് ഉമിയോ വയ്ക്കോലോ നിരത്തി വയ്ക്കുക.  പ്രസാദമന്ത്രം ചൊല്ലിക്കൊണ്ട് അത് വെയിലത്ത് വച്ചുണക്കുക.

അരണി കടഞ്ഞുണ്ടാക്കിയ തീയിലോ ബ്രാഹ്മണ ഗൃഹത്തിലെ അഗ്നിയിലോ പഞ്ചാക്ഷരം ജപിച്ചു കൊണ്ട് ഉണങ്ങിയ ചാണക ഉരുളകൾ ചുട്ടെടുക്കണം. പ്രസാദമന്ത്രമായ 'ഹ്രൗം' ജപിച്ച് അഗ്നികുണ്ഡത്തിൽ നിന്നും ഭസ്മമെടുത്ത് ഒരു പുതിയ പാത്രത്തിൽ സംഭരിക്കുക. സദ്യോജാതം ജപിച്ചു കൊണ്ട് രാമച്ചം, ചന്ദനം, കാശ്മീരകുങ്കുമം, കൈതപ്പൂ, പാതിരിപ്പൂ മുതലായ സുഗന്ധദ്രവ്യങ്ങൾ ഭസ്മപ്പാത്രത്തിൽ ഇടുക.

തുടർന്ന് ആദ്യം ജലസ്നാനവും പിന്നീട് ഭസ്മസ്നാനവും ചെയ്യാം. മുങ്ങിക്കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൈകാൽ കഴുകി ഭസ്മലേപനം ചെയ്യാം. 'ഈശാനം' ജപിച്ച് ശിരസ്സിലും 'തത്പുരുഷം' ജപിച്ച് മുഖത്തും 'അഘോരം' ജപിച്ച് ഹൃദയ ഭാഗത്തും 'വാമമന്ത്രം' ജപിച്ച് നാഭിയിലും ഭസ്മം പൂശിയ ശേഷം 'സദ്യോജാതം' കൊണ്ട് ദേഹമാസകലം ഭസ്മമണിയുക. എന്നിട്ട് ആദ്യവസ്ത്രം മാറ്റി മറ്റൊരു ശുഭ്രവസ്ത്രം ധരിക്കുക. എന്നിട്ട് കൈകാൽ കഴുകി ആചമിക്കുക. ഇനി ഭസ്മം ഉദ്ധൂളനം ചെയ്യുന്ന ഭാവേന ത്രിപുണ്ഡ്രം ധരിക്കാം.

ഉച്ചയ്ക്ക് മുൻപാണെങ്കിൽ വെള്ളത്തിൽ കുഴച്ചും അല്ലെങ്കിൽ വെള്ളം ചേർക്കാതെയും ത്രിപുണ്ഡ്രം ധരിക്കാം. ചൂണ്ടാണിവിരലും മോതിരവിരലും നടുവിരലും ചേർത്ത് പിടിച്ചാണ് ത്രിപുണ്ഡ്രം ഇടേണ്ടത്. മൂർധാവിൽ, നെറ്റിയിൽ, കാതിൽ, കഴുത്തിൽ, മാറിൽ, കൈകളിൽ, എല്ലാം ത്രിപുണ്ഡ്രം ധരിക്കണം. വിരലഞ്ചും ചേർത്ത് പ്രസാദ മന്ത്രം ചൊല്ലി മൂർധാവിലും , മൂന്നു വിരൽ ചേർത്ത് 'സ്വാഹാ' മന്ത്രം ചൊല്ലി നെറ്റിയിലും, 'സദ്യോമന്ത്രം' ചൊല്ലി വലംകാതിലും, 'വാമദേവമന്ത്രം' ചൊല്ലി ഇടംകാതിലും, 'അഘോര മന്ത്രം' ചൊല്ലി നടുവിരൽ കണ്ഠത്തിലും ഗുദത്തിലും, 'ഹൃദയേ നമ' എന്ന ചൊല്ലി മാറിലും ശിഖാമന്ത്രമായ 'വഷട്' ചൊല്ലി വലതുകയ്യാൽ ഇടതു കയ്യിലും തിരിച്ചും ഭസ്മമിടുക. 'ഈശാനം' ചൊല്ലി നടുവിരൽ കൊണ്ട് നാഭിയിലും ഭസ്മം തൊടാം .

നാം ഭാസ്മംകൊണ്ട് വരയ്ക്കുന്ന മൂന്നുരേഖകൾ ത്രിമൂർത്തികളാണ്. ഏറ്റവും താഴെ ബ്രഹ്മാവ്, അതിനു മുകളിൽ വിഷ്ണു, ഏറ്റവും മുകളിൽ ശിവൻ. ഒരു വിരൽ കൊണ്ടിടുന്ന രേഖയ്ക്ക് ഈശ്വരനാണ് ദേവത. ശിരസ്സിലെ ദേവത ബ്രഹ്മാവ്. നെറ്റിയിൽ ഈശ്വരൻ. കർണ്ണങ്ങളിൽ അശ്വിനീദേവകൾ. കണ്ഠത്തിൽ ഗണനാഥൻ. എന്നിവയാണ് സ്ഥാനദേവതമാർ . ഭസ്മോദ്ധൂളനം ബ്രാഹ്മണർക്ക് മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റുള്ളവർക്ക് മന്ത്രജപം കൂടാതെ ഭസ്മം ധരിക്കാം. അദീക്ഷിതരായ ബ്രാഹ്മണര്‍ക്കും മന്ത്രജപമില്ലാതെ ത്രിപുണ്ഡ്രം ധരിക്കാമെന്നാണ് വിധി.

No comments:

Post a Comment