Devi

Devi

Monday, October 23, 2017

ദിവസം 294 ശ്രീമദ്‌ ദേവീഭാഗവതം. 11-9 ഭസ്മധാരണ വിധി

ദിവസം 294   ശ്രീമദ്‌ ദേവീഭാഗവതം. 11-9 ഭസ്മധാരണ വിധി

ഇദം ശിരോവ്രതം ചീർണ്ണം വിധിവദ്യൈർദ്വിജാതിഭി:
തേഷാമേവ പരാം വിദ്യാം വദേദജ്ഞാനബാധികാം
വിധിവച്ഛ്രദ്ധയാ സാർധം ന ചീർണ്ണം യൈ: ശിരോവ്രതം
ശ്രൗതസ്മാർത്തസമാചാരസ്തേഷാമനുപകാരക:

ശ്രീ നാരായണൻ പറഞ്ഞു. ശരിയാംവണ്ണം ശിരോവ്രതം അനുഷ്ഠിക്കുന്ന ബ്രാഹ്മണർക്ക് മാത്രമേ ബ്രഹ്മജ്ഞാനമുണ്ടാവൂ. ശിരോവ്രതം അനുഷ്ഠിക്കാത്ത വിപ്രൻ ചെയ്യുന്ന ശ്രൗതസ്മാർത്തകർമ്മങ്ങൾ നിഷ്ഫലമായിത്തീരും. ബ്രഹ്മാദികൾ പോലും ശിരോവ്രതമനുഷ്ഠിച്ചാണ് ദേവമാരായത് എന്ന് മനസ്സിലാക്കുക. അനാദികാലം മുതൽ ഈ വ്രതം അനുഷ്ഠിച്ചു വരുന്നു. മറ്റ് ദേവൻമാർക്കൊപ്പം ത്രിമൂർത്തികൾ പോലും ശിരോവ്രതം അനുഷ്ഠിക്കുന്നു.

എത്ര പാതകങ്ങൾ ചെയ്തവനാണെങ്കിലും ശിരോവ്രതമനുഷ്ഠിച്ച് അവന് പാപവിമുക്തി നേടാം. അഥർവണ വേദത്തിന്റെ ശിരസ്സിലാണ് ശിരോവ്രതം പ്രതിപാദിച്ചിരിക്കുന്നത്. ഇതനുഷ്ഠിക്കാനുള്ള പുണ്യം കിട്ടാൻ സാധകൻ ഭാഗ്യം ചെയ്യണം. ഇതേ വ്രതം സകല വേദശാഖകളിലും പല പേരുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ശിരോവ്രതം, പാശുപതവ്രതം, ശിവവ്രതം എന്നെല്ലാം ഇതറിയപ്പെടുന്നു. എങ്കിലും ശിവാഖ്യവും ചിദ്ഘനവുമായ പ്രതിപാദ്യ വിഷയവും തദ് ജന്യമായ ജ്ഞാനവും എല്ലാ വേദശാഖകളിലും ഒന്നു തന്നെയാകുന്നു.

സർവ്വവിദ്യകളും നേടിയവനാണെങ്കിലും ശിരോവ്രതം അനുഷ്ഠിക്കാത്തവൻ സർവ്വധർമ്മവുമറ്റവനാണ്. സർവ്വപാപശമനിയും സർവ്വവിദ്യാപ്രദായിനിയും ആയതിനാൽ ഈ വ്രതം അതീവനിഷ്ഠയോടെ വേണം അനുഷ്ഠിക്കാൻ. സൂക്ഷ്മവും സൂക്ഷ്മാർത്ഥപ്രദിപാദകവും ആയതിനാൽ അഥർവണ വേദ പ്രകാരമുള്ള ശിരോവ്രതം നിത്യവും ശ്രദ്ധയോടെ ആചരിക്കേണ്ടതാണ്.

പരിശുദ്ധമായ ഭസ്മമെടുത്ത് അഗ്നി തൊട്ട് ആറു മന്ത്രങ്ങൾ ജപിച്ച് ദേഹമാസകലം ഭസ്മം പൂശുന്നതിനെയാണ് ശിരോവ്രതമെന്നു പറയുന്നത്. സന്ധ്യാകാലങ്ങളാണ് ഇതിനനുയോജ്യം. ജ്ഞാനോദയം ഉണ്ടാവുന്നതു വരെ ഇതാചരിക്കേണ്ടതാണ്. സമയപരിധിവച്ച് പന്ത്രണ്ടു വർഷം അല്ലെങ്കിൽ ഒരു വർഷം, ആറു മാസം, മൂന്നു മാസം, പന്ത്രണ്ടു ദിവസം, എന്നിങ്ങനെ നിശ്ചയിച്ച് സങ്കൽപ്പസഹിതം ശിരോവ്രതം ആചരിക്കാം. ശിരോവ്രതം ദീക്ഷിച്ചിരിക്കുന്ന ഒരുവനെ ഉപദേശിക്കാൻ എല്ലാ ഗുരുക്കൻമാരും തയ്യാറാവണം. അങ്ങിനെ ചെയ്യാത്ത ഗുരുവിന്റെ അറിവെല്ലാം നിഷ്ഫലമായിപ്പോകും. അലിവും സ്നേഹവും വിജ്ഞാനവും നിറഞ്ഞ ഗുരു ഈശ്വരതുല്യനാണ്.

അനേകജന്മങ്ങളിൽ ധാർമ്മികമായ ജീവിതം കൊണ്ട് ആർജ്ജിച്ച സുകൃതംകൊണ്ടേ ശിരോവ്രതത്തിനുള്ള താൽപ്പര്യം സാധകരിൽ അങ്കുരിക്കൂ. അങ്ങിനെയല്ലാത്ത അജ്ഞാനികൾക്ക് ഇതിൽ താൽപ്പര്യം ഉണ്ടാവുകയില്ലെന്നു മാത്രമല്ല അവർക്കതിൽ വിദ്വേഷവും ഉണ്ടായേക്കാം. വിദ്വേഷമുളളവന് ആത്മജ്ഞാനം എങ്ങിനെയുണ്ടാവാനാണ്?

ശിരോവ്രത ദീക്ഷയെടുത്തവർക്കേ ബ്രഹ്മവിദ്യ ഉപദേശിക്കാൻ അർഹതയുള്ളൂ. അതുപോലെ വിധിയാംവണ്ണം പാശുപതവ്രതം അനുഷ്ഠിച്ചിട്ടുള്ള അന്തണർക്കേ ബ്രഹ്മവിദ്യ സ്വീകരിക്കാനും അർഹതയുള്ളൂ. മൃഗതുല്യനാണെങ്കിലും അവന്റെ 'പശുത്വം' ഈ വ്രതമാചരിച്ചാൽ ഇല്ലാതാകും. അവൻ മൃഗങ്ങളെ കൊന്നാൽപ്പോലും പാപമില്ല എന്നും പറയപ്പെടുന്നു.

ജാബാലമതാനുയായികൾ ത്രിപുണ്ഡ്രത്തെ ധരിക്കേണ്ടുന്നതിനെപ്പറ്റി പറയുന്നുണ്ട്. നെറ്റിയില്‍ വരയ്ക്കുന്ന മൂന്നു ഭസ്മക്കുറിയാണിത്‌.  ത്രൈംബക മന്ത്രവും പ്രണവവും ജപിച്ച് വേണം ഇത് ധരിക്കാൻ. ഗൃഹസ്ഥർ നിത്യവും ത്രിപുണ്ഡ്രം ധരിക്കണം. ജാബാലിക ശ്രുതിപ്രകാരം ഭിക്ഷുക്കളും മൂന്നുവട്ടം ഓംകാരം ജപിച്ച് ഹംസമന്ത്രത്തോടെ വേണം നിത്യവും ഇതണിയാൻ. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും ത്രിപുണ്ഡ്രം ധരിക്കാൻ വിധിയുണ്ട്. 'മേധാവീ', തുടങ്ങിയ മന്ത്രങ്ങൾ ചൊല്ലിയാണ് ബ്രഹ്മചാരികൾ നിത്യവും ത്രിപുണ്ഡ്രം ധരിക്കേണ്ടത്.

ബ്രാഹ്മണർ നനച്ച ഭസ്മം കൊണ്ട് നെറ്റിത്തടത്തിൽ വിലങ്ങനെ നിത്യവും ത്രിപുണ്ഡ്രം ധരിക്കണം. മഹാദേവനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നിത്യധർമ്മമായി ബ്രാഹ്മണർ ഇതാചരിക്കണം. ആദിബ്രാഹ്മണനായ ബ്രഹ്മദേവനും ഭസ്മധാരിയാണ്. അതുകൊണ്ടും ബ്രാഹ്മണർ നിത്യവും ചെയ്യേണ്ടതാണിത്. വിധിപ്രകാരം ഭസ്മമുണ്ടാക്കി ദേഹം മുഴുവൻ ഭസ്മം പൂശുമ്പോൾ ഓംകാരത്തോടെ 'ത്രയംബകം' അല്ലെങ്കിൽ 'നമശിവായ' ജപിക്കാം. അതിനൊപ്പം നിത്യവും ശിവലിംഗാഭിഷേകവും ചെയ്യണം.

സന്യാസാശ്രമി നെറ്റിയിൽ കൂടാതെ മാറിലും കൈകളിലും നിത്യവും ത്രിപുണ്ഡ്രം ധരിക്കണം. ബ്രഹ്മചാരികൾ അഗ്നിഹോത്രജന്യമല്ലാത്ത ഗൗണ ഭസ്മമാണ് ധരിക്കേണ്ടത്. 'ത്രിയായുഷാ', 'മേധാവീ', മുതലായ മന്ത്രങ്ങളാണ് ബ്രഹ്മചാരികൾ ജപിക്കേണ്ടത്.

'ശിവായ നമ:', എന്നു ജപിച്ച് ശൂദ്രരും നിത്യവും ഭസ്മം ധരിക്കണം. ഹീന ജാതിയിലുള്ളവർക്ക് മന്ത്രജപം കൂടാതെ ഭസ്മധാരണവും ധൂളനവും നടത്താം. സർവ്വധർമ്മങ്ങളിലും വച്ച് അതിശ്രേഷ്ഠമാകയാൽ ഇത് നിത്യാചാരമായി എല്ലാവര്‍ക്കും അനുഷ്ഠിക്കാവുന്നതാണ്.

അഗ്നിഹോത്രത്തിൽ നിന്നോ വിരജാഗ്നിയിൽ നിന്നോ ഉള്ള ചാരം ആദരപൂർവ്വമെടുത്ത് പാത്രത്തിലാക്കി കൈകാൽ കഴുകി ആചമിച്ച് ശ്രദ്ധയോടെ ഭസ്മമെടുത്ത്  'സദ്യോജാതം', 'പ്രപദ്യാമി' തുടങ്ങിയ പഞ്ചബ്രഹ്മ മന്ത്രത്തോടെ മൂന്നുരു പ്രാണായാമം ചെയ്യുക. 'അഗ്നിരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വായുരിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വംഹവാ ഇദം ഭസ്മ ', എന്നീ ആറു മന്ത്രങ്ങളും കൂടെ 'തേജോ ഭസ്മ' എന്നു കൂടി മൂന്നുരു ജപിക്കുക.

'ഓം ആപോ ജ്യോതി' എന്ന മന്ത്രം  ജപിച്ച് മഹാദേവനെ ധ്യാനിക്കുക. പിന്നെ 'അഗ്നിരിതി ഭസ്മ',  മുതലായ മന്ത്രങ്ങൾ ജപിച്ച് പൊടി ഭസ്മം ദേഹമെല്ലാം പൂശുക. അങ്ങിനെ സാധകൻ നിർമ്മലനും പാപവിമുക്തനും ആയിത്തീരും. പിന്നെ മഹാവിഷ്ണു ധ്യാനത്തോടെ വരുണനെയും സ്മരിച്ച് ഭസ്മം ജലത്തിൽ കുഴച്ച് 'അഗ്നിരിതി' ജപസഹിതം ജഗദംബാധ്യാനത്തോടെ ശിരസ്സിനു മുകളിൽ തൊട്ടുക. ഇങ്ങിനെ ഭാവനകൊണ്ട് ബ്രഹ്മഭൂതമായിത്തീർന്ന ഭസ്മം സ്വാശ്രമത്തിന് ഉചിതമായ രീതിയിൽ നെറ്റിയിലും മാറ്റിലും ചുമലിലും പൂശുക. നടുവിരലും മോതിരവിരലും ചേർത്ത് ഇടതുനിന്നും വലത്തോട്ട് രണ്ടു വരയും പെരുവിരൽ കൊണ്ട് വലത്തു നിന്ന് ഇടത്തോട്ട് ഒരു വരയും ഭസ്മം കൊണ്ട് വരച്ച് ത്രിപുണ്ഡ്രം പൂർത്തിയാക്കാം. നിത്യവും ത്രിസന്ധ്യകളിൽ ഭക്തിപൂർവ്വം ഇങ്ങിനെയാണ് ഭസ്മം തൊടേണ്ടത്.

No comments:

Post a Comment