Devi

Devi

Tuesday, October 17, 2017

ദിവസം 287 ശ്രീമദ്‌ ദേവീഭാഗവതം. 11-2 . ശൗചവിധി

ദിവസം 287  ശ്രീമദ്‌ ദേവീഭാഗവതം. 11-2 .  ശൗചവിധി

ആചാരഹീനം പൂനന്തി വേദാ യദപ്യധീതാ: സഹ ഷഡ്ഭിരംഗൈ:
ഛന്ദാംസ്യേനം മൃത്യുകാലേ ത്യജന്തി നീഡം ശകുന്താ ഇവ ജാതപക്ഷാ:
ബ്രാഹ്മേ മുഹൂർത്തേ ചോത്ഥായ തത്സർവം സമ്യഗാചരേത്
രാത്രേരന്തിമയാമേ തു വേദാഭ്യാസം ചരേദ്ബുധ:

ശ്രീ നാരായണൻ പറഞ്ഞു: ഷഡംഗ വേദങ്ങൾ പഠിച്ചിട്ടുള്ളവനാണെങ്കിലും ആചാരഹീനനാണെങ്കിൽ അവനത് ഗുണം ചെയ്യില്ല. പക്ഷികൾ ചിറകുമുളച്ചാൽപ്പിന്നെ കൂടുവിട്ടു പറന്നു പോകുന്നതുപോലെ മരണസമയത്ത് വേദങ്ങൾ അവനെ കൈവിടുന്നു. ജ്ഞാനിയായവൻ രാത്രിയുടെ അന്ത്യയാമമായ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് നിത്യകർമ്മങ്ങൾക്കുശേഷം വേദം പഠിക്കാനിരിക്കണം. പിന്നെ കുറച്ചു നേരം ഇഷ്ടദേവതാധ്യാനം ചെയ്യണം. യോഗിയാണെങ്കിൽ ബ്രഹ്മധ്യാനം ചെയ്യാം. ഇങ്ങിനെ ദിനവും ആചരിക്കുന്ന പക്ഷം ജീവബ്രഹ്മൈക്യം ഉണ്ടാവും. സാധകന് ജീവൻമുക്തിയാണുണ്ടാവുക.

രാത്രിയുടെ അന്ത്യയാമത്തിന് ഏഴര നാഴികയാണല്ലോ. സ്മൃതി പ്രകാരം അതിൽ ആദ്യത്തെ രണ്ടര നാഴിക ഉഷ:കാലമാണ്. പിന്നെ രണ്ടു നാഴിക അരുണോദയ കാലം, ഒരു നാഴിക പ്രാത:കാലം, ശേഷം രണ്ടു നാഴിക സൂര്യാദയ കാലം.

ബ്രാഹ്മണൻ പ്രാത: കാലത്ത് എഴുന്നേറ്റ് വീട്ടിൽ നിന്നും ശരപ്പാട് ദൂരത്ത് നിരൃതി കോണിൽ മലമൂത്ര വിസർജ്ജനം ചെയ്യണം. പൂണൂൽ ചെവിയിൽ തിരുകി നിലം തൊടാതെ വൃത്തിയായി സൂക്ഷിക്കണം. ശിരസ്സു മറച്ച് തുപ്പാൻപോലും വായ് തുറക്കാതെ മൗനിയായിരുന്നു വേണം വിസർജ്ജനത്തിനിരിക്കാൻ.  വിസർജ്ജനസ്ഥലം തിരഞ്ഞെടുക്കുമ്പോൾ അത് ഉഴുത നിലമോ, കുന്നോ, ചിതയോ, ജീർണ്ണിച്ച ക്ഷേത്രപറമ്പിലോ, മൺപുറ്റിലോ, പുൽപ്പരപ്പിലോ ആവരുത്. അത് വഴിയിലോ ഗുഹയിലോ ആകരുത്.  ജപിക്കുമ്പോഴോ പൂജ ചെയ്യുമ്പോഴോ പല്ലു തേക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ, ജോലി ചെയ്യുമ്പോഴോ, വിസർജ്ജന സമയത്തോ രതി സമയത്തോ, ഗുരുസന്നിധിയിലോ ഒക്കെ ഒന്നും മിണ്ടാതെ മൗനമാചരിക്കുക. യാഗം, ദാനം, വേദപഠനം എന്നീ സമയങ്ങളിലും മൗനമായിരിക്കുക.

"ശൗചസമയത്ത് ഋഷിമാരും ദേവതമാരും പിശാചുക്കളും ഉരഗങ്ങളും ഭൂതങ്ങളും ഇവിടെനിന്ന് പൊയ്ക്കൊള്ളുക. ഞാൻ ശൗചം ചെയ്യുകയാണ്" എന്ന് മൌനമായി പ്രാർത്ഥിച്ചു വേണം ശൗചത്തിനിരിക്കാൻ. കാറ്റിനും തീയിനും ജലത്തിനും പശുവിനും ബ്രാഹ്മണനും സൂര്യനും അഭിമുഖമായിരുന്ന് ശൗചമരുത്. പകൽ വടക്കോട്ടു നോക്കിയും രാത്രി തെക്കോട്ടു നോക്കിയും ഭൂമിയിലിരുന്ന് കാര്യം സാധിച്ച ശേഷം ഇലയോ മണ്ണോ പുല്ലോ കൊണ്ട് അവിടം മൂടണം. വെള്ളത്തിനടുത്ത് പോയി ഒരു പാത്രത്തിൽ ജലമെടുത്ത് മറ്റൊരിടത്തേക്ക് മാറിയിരുന്ന് മണ്ണെടുത്തുരച്ച് വേണം ശൗചം ചെയ്യാൻ. ബ്രാഹ്മണന് വെളുത്ത മണ്ണ്, ചുവപ്പ് മണ്ണ് ക്ഷത്രിയന്, മഞ്ഞ മണ്ണ് വൈശ്യന്, കറുത്ത മണ്ണ് ശൂദ്രന് എന്നാണ് വിധി. ഇങ്ങിനെ വിവിധങ്ങളായ മണ്ണില്ലാത്തയിടങ്ങളിൽ ഉള്ള മണ്ണുകൊണ്ട് കാര്യം സാധിക്കുക. എന്നാൽ ജലത്തിനടിയിലെ മണ്ണ്, ദേവാലയത്തിലെയും മനുഷ്യാലയത്തിലെയും മണ്ണ്, പുറ്റ് മണ്ണ്, എലി കൂട്ടി വച്ച മണ്ണ്, ഇവയൊക്കെ ഉപയോഗിക്കുന്നത്  നിഷിദ്ധമാണ്. ശൗചം ചെയ്ത മണ്ണ് തുടങ്ങി നിഷിദ്ധങ്ങളായ ഏഴു തരം മണ്ണുകളുണ്ട്.

മൂത്ര വിസർജ്ജനത്തിന് ഒരു ശൗചം, മലവിസർജ്ജനത്തിന് രണ്ട് ശൗചം, മൈഥുന ശേഷം മൂന്നു ശൗചം എന്നിങ്ങിനെയാണ് വിധി. മൂത്ര വിസർജ്ജനത്തിന് ലിംഗം കഴുകണം. പിന്നീട് കൈകൾ രണ്ടും മൂന്നു തവണ മണ്ണുരച്ച് കഴുകണം. മലശൗചത്തിന് ഇതിന്റെയിരട്ടി തവണ കഴുകണം. ലിംഗം രണ്ടു തവണ കഴുകി, ഗുദം അഞ്ചു തവണ മണ്ണുരച്ച് കഴുകി, പത്തു തവണ കൈ കഴുകി, കൈരണ്ടും കൂട്ടിയുരച്ച് ഏഴുതവണ കഴുകി, ദേഹശുദ്ധി വരുത്താം. ഇടം കാൽ മുന്നിലാക്കി രണ്ടു കാലും മണ്ണുപുരട്ടിയുരച്ച് വേണം കാൽ കഴുകാൻ.

ഗൃഹസ്ഥന് പറഞ്ഞിട്ടുള്ള ശൗച വിധിയാണിത്. ബ്രഹ്മചാരി അതിന്റെയിരട്ടിയും വാനപ്രസ്ഥൻ മൂന്നിരട്ടിയും യോഗി നാലിരട്ടിയും ശൗചമാചരിക്കേണ്ടതുണ്ട്. ഒരു ശൗചത്തിന് നെല്ലിക്കയുടെയത്ര മണ്ണെങ്കിലും എടുക്കണം എന്നും വിധിയുണ്ട്. പകലുള്ള ശൗച വിധിയാണ് ഇത്. രാത്രിയിൽ പകുതി ശൗചം മതിയാകും. രോഗിക്ക് അതിലും പകുതി മതി. വഴിയാത്രയിൽ ആണെങ്കിൽ അതിലും പകുതി ശൗചം മതി. ശൂദ്രർക്കും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഗന്ധം ഇല്ലാതാക്കുന്നത്ര തവണ  ശൗചം വേണം. ഗന്ധലേശം ബാക്കിയില്ലാത്ത വിധം എല്ലാവർണ്ണക്കാരും ശൗചം കഴിക്കണമെന്ന് ഭഗവാൻ മനുവാണ് വിധിച്ചത്. നാഭിക്ക് താഴെ ഇടംകൈകൊണ്ട് മാത്രമേ ശൗചം പാടുള്ളു. നാഭിക്ക് മുകളിൽ വലംകൈകൊണ്ട് ശൗചം ആവാം. വിസർജ്ജനത്തിനു ശേഷം ജലപാത്രം എടുക്കരുത്. അഥവാ അബദ്ധത്തിൽ ജലപാത്രം തൊട്ടു പോയാൽ പ്രായശ്ചിത്തം ചെയ്യണം.

മോഹം മൂലമോ ക്ഷീണം കൊണ്ടോ ശൗചം മുടങ്ങിയാൽ മൂന്നു രാത്രി ജലമാത്രാഹാരിയായി ജപിച്ച് കഴിയുക. ദേശം, കാലം, അവസ്ഥ, ദ്രവ്യം, ശക്തി, യുക്തി, എന്നിവയ്ക്കനുസരിച്ചാണ് ശൗചം ചെയ്യേണ്ടത്. മലശൗചശേഷം പന്ത്രണ്ട് തവണ കലുക്കുഴിയണം. മൂത്രമൊഴിച്ചാൽ നാലു തവണ വായ് കഴുകി മുഖം കുനിച്ച് തുപ്പണം. പിന്നെ പല്ലു തേക്കാം. മുള്ളുള്ള പാൽമരങ്ങളിൽ നിന്നും ചെറുവിരൽ വലുപ്പത്തിൽ പന്ത്രണ്ടുവിരൽ നീളത്തിൽ മുറിച്ചെടുത്ത കമ്പുകൾ ചെത്തിക്കൂർപ്പിച്ച് വേണം പല്ലു തേക്കാനുള്ള കമ്പുകൾ തയ്യാറാക്കാൻ. പൂവരശ്, ലന്തമരം, പാച്ചോറ്റി, അത്തി, മാവ്, ചമ്പകം, ബദരി, എന്നീ മരങ്ങളുടെ കമ്പുകൾ പല്ലുതേക്കാൻ ഉത്തമമാണ്.

"സോമരാജാവ് എന്നിൽ യശസ്സും ഐശ്വര്യവും നിറയ്ക്കട്ടെ. എന്റെ വായിൽ നിന്നും അന്നാദി മാലിന്യങ്ങൾ അകറ്റട്ടെ. വനസ്പതേ, ആയുസ്സും ബലവും കീർത്തിയും കാന്തിയും ബുദ്ധിയും വിത്തവും ജ്ഞാനവും സന്തതികളും തന്ന് ഞങ്ങളെ അനുഗ്രഹിച്ചാലും."  എന്നിങ്ങിനെ പ്രാർത്ഥനയോടെ വേണം പല്ലു തേയ്ക്കാനുള്ള കമ്പുകൾ പൊട്ടിച്ചെടുക്കാൻ. ഇങ്ങിനെ ദന്തധാവനത്തിനായി ചെടിക്കമ്പുകൾ കിട്ടാത്തപ്പോൾ പന്ത്രണ്ടു തവണ വായിൽ ജലം കുലുക്കുഴിഞ്ഞ് ദന്തശുദ്ധി വരുത്തിയാൽ മതി.

സങ്ക്രാന്തി ദിനത്തിൽ പല്ലു തേക്കുന്നത് നിഷിദ്ധമാണ്. ആദിത്യ ദ്രോഹമാണത്. കുലനാശമാണതിന്റെ ഫലം. അതുപോലെ തന്നെ വാവ്, ഏകാദശി, ഷഷ്ഠി, നവമി, പ്രതിപദം ദിവസങ്ങളിലും ദന്തധാവനം നിഷിദ്ധമാണ്. ഏഴു തലമുറകളെ അത് നശിപ്പിക്കും.

ആദ്യം കാലുകൾ നന്നായി കഴുകിയിട്ട് മൂന്നുവട്ടം ജലമാചമിക്കുക. രണ്ടു തവണ ചുണ്ട് തുടച്ച് പെരുവിരലിനോട് ചൂണ്ടാണിവിരൽ തൊട്ട് പിടിച്ച് മൂക്ക് തൊടുക. പെരുവിരൽ മോതിരവിരലിനോട് ചേർത്ത് കണ്ണുകളും ചെവികളും തൊടുക. ചെറുവിരലും പെരുവിരലും ചേർത്ത് നാഭിയും ഹൃദയവും സ്പർശിക്കുക. ഒടുവിൽ എല്ലാ വിരലുകളും ചേർത്ത് സ്വന്തം ശിരസ്സിൽ തൊടുക.

No comments:

Post a Comment