Devi

Devi

Monday, October 16, 2017

ദിവസം 286 ശ്രീമദ്‌ ദേവീഭാഗവതം. 11-1 . പ്രാത: കൃത്യം

ദിവസം 286  ശ്രീമദ്‌ ദേവീഭാഗവതം. 11-1 .  പ്രാത: കൃത്യം
ഏകാദശ സ്കന്ധം ആരംഭം 

ഭഗവൻ ഭൂതഭവ്യേശ നാരായണ സനാതന
ആഖ്യാതം പരമാശ്ചര്യം ദേവീചരിതമുത്തമം
പ്രാദുർഭാവ: പരോ മാതു: കാര്യാർത്ഥമസുരദ്രുഹാം
അധികാരാപ്തിരുക്താfത്ര ദേവീപൂർണ്ണകൃപാവശാത്

നാരദൻ പറഞ്ഞു: "ത്രികാലജ്ഞാനിയായ ഭഗവാനേ, സനാതനനായ നാരായണാ, അവിടുന്ന് അത്യാശ്ചര്യകരമായ ദേവീചരിതം പറഞ്ഞു തന്നു. ദേവകാര്യർത്ഥമായി ദേവി പ്രാദുർഭവിച്ചതും ദേവൻമാരുടെ നഷ്ടാധികാരങ്ങൾ അസുരൻമാരിൽ നിന്നും വീണ്ടെടുത്ത് കൊടുത്തതുമെല്ലാം അങ്ങ് പറയുകയുണ്ടായി. ആ മഹാമായയെ സംപ്രീതയാക്കി ഭഗവതിയുടെ അനുഗ്രഹം സിദ്ധിക്കാൻ സാധകർ എന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത് എന്നുകൂടി പറഞ്ഞു തന്നാലും."

ശ്രീ നാരായണൻ പറഞ്ഞു: ദേവീപ്രീണനത്തിനായി ചെയ്യേണ്ട അനുഷ്ഠാനങ്ങൾ എന്തൊക്കെയെന്ന് ഞാൻ പറയാം. രാവിലെ എഴുന്നേൽക്കുന്നതു മുതൽ ഒരു സാധക ദ്വിജൻ എന്നൊക്കെയാണ് ആചരിക്കേണ്ടത് എന്നു നോക്കാം. ബ്രാഹ്മണർക്കെല്ലാം ഇതുപകരിക്കും.

നിത്യ നൈമിത്തിക കർമ്മങ്ങൾ, കാമ്യകർമ്മങ്ങൾ എന്നിവയും നിന്ദ്യങ്ങളല്ലാത്ത മറ്റു കർമ്മങ്ങളും സൂര്യോദയം മുതൽ അസ്തമയം വരെ ഒരു വിപ്രൻ ചെയ്യേണ്ടതായുണ്ട്. മാതാവ്, പിതാവ്, ഭാര്യ, പുത്രൻമാർ ഇവരൊന്നും തനിക്കു ചെയ്തു തീർക്കേണ്ട കർമ്മങ്ങളിൽ സഹായികളായി ഉണ്ടാവുകയില്ല. കർമ്മപന്ഥാവിൽ ധർമ്മം മാത്രമാണവനു തുണയാവുക. അതിനാൽ സ്വധർമ്മം തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അജ്ഞാനത്തിന്റെ ഇരുട്ട് നീക്കാൻ ധർമ്മം സഹായിക്കും.

ശ്രുതിസ്മൃതിപ്രകാരം ഒരു ബ്രാഹ്മണന്റെ ആദ്യധർമ്മം ആചാരമാണ്. ആചാരത്താൽ ചിരായുസ്സും ധനധാന്യാദി സമ്പത്തും സന്താനങ്ങളും വിപ്രനു ലഭിക്കുന്നു. അവന്റെ പാപങ്ങൾ ഇല്ലാതാവുന്നു. ആചാരം തന്നെയാണ് പരമമായ ധർമ്മം. ഇഹത്തിലും പരത്തിലും സൗഖ്യമാഗ്രഹിക്കുന്നവർ ആചാരനിഷ്ഠരായിത്തന്നെ ജീവിക്കാൻ ജാഗരൂകരായിരിക്കണം.

മോഹമാകുന്ന ഇരുട്ടിൽ ധർമ്മത്തിന്റെ വെളിച്ചം പരത്തുന്നത് ആചാരങ്ങളാണ്. അത് മുക്തിമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്നു. ആചാരം കർമ്മസിദ്ധിയെ പ്രദാനം ചെയ്യുന്നു.അങ്ങിനെ ശ്രേഷ്ഠതയ്ക്കും ആചാരം ഹേതുവാകുന്നു. കർമ്മത്താൽ ജ്ഞാനസിദ്ധിയും ഉണ്ടാകും. സകലകർമ്മങ്ങളിലും വച്ച് ഏറ്റവും ഉൽക്കൃഷ്ടമായത് തപസ്സാണ്. തപസ്സാണ് ജ്ഞാനം. കാരണം തപസ്സിനാൽ എന്തും നേടാമല്ലോ. 

ആചാരമില്ലാത്ത ബ്രാഹ്മണൻ യാതൊരു കർമ്മത്തിനും അർഹനല്ല. അവൻ ശൂദ്രനെപ്പോലെ വർജജ്യനാണ്. 

ആചാരം ശാസ്ത്രീയവും ലൗകീകവുമാണ്. ശുഭമിച്ഛിക്കുന്നവർ രണ്ടും മുടക്കമില്ലാതെ അനുഷ്ഠിക്കുന്നു. ദേശം ജാതി, ഗ്രാമം, കുലം, എന്നിവയുടെയെല്ലാം ധർമ്മം പാലിക്കാൻ ഒരുവൻ ബാദ്ധ്യസ്ഥനാണ്. അവയൊന്നും തെറ്റിച്ചുകൂടാ. ദുരാചാരി സകലരാലും വെറുക്കപ്പെടുന്നു. രോഗിയായും ദുഖിയായും അവൻ ദുരിതമനുഭവിക്കുന്നു.

ധർമ്മാനുസാരമല്ലാതെ കിട്ടുന്ന അർത്ഥവും കാമവും സാധകൻ ഒരിക്കലും സ്വീകരിക്കരുത്. അതുപോലെ ഹിംസാകലുഷമായതും ലോകവിദ്വേഷജനകമായതുമായ  ധർമ്മത്തെയും പരിത്യജിക്കാം.

ശാസ്ത്രങ്ങൾ അനവധിയുണ്ട്. അവയിൽ ധർമ്മനിർണ്ണയത്തിനായി സമാശ്രയിക്കേണ്ടത് ശ്രുതി, സ്മൃതി, പുരാണം, എന്നിങ്ങിനെ മൂന്നു പ്രമാണങ്ങലാളാണ്. ശ്രുതിസ്മൃതികൾ ധർമ്മത്തിന്റെ കണ്ണുകളും പുരാണങ്ങൾ ഹൃദയവുമാണ്. ഇവയിൽ വൈരുദ്ധ്യം കണ്ടാൽ പ്രമാണം ശ്രുതി തന്നെയാണ്.

ശ്രുതി രണ്ടു വിധത്തിൽ ഒരേ കാര്യം പറയുന്നുവെങ്കിൽ രണ്ടും ധാർമ്മികം തന്നെയെന്നു നിശ്ചയിക്കാം. തന്ത്രങ്ങൾ  വേദവിഹിതങ്ങളാണെങ്കിൽ ധാർമ്മികമാണ്. എന്നാൽ പുരാണങ്ങളിലും മറ്റും ധർമ്മമെന്ന് പ്രതിപാദിച്ചിട്ടുള്ള എല്ലാ തന്ത്രവിധികളും ധർമ്മമായി പരിഗണിക്കേണ്ടതില്ല. ശ്രുതിവിരുദ്ധമായ യാതൊന്നും ധാർമ്മികമാവുകയില്ല. വേദം തന്നെയാണ് ധർമ്മത്തിന്റെ അടിസ്ഥാനം. വേദപ്രോക്തങ്ങളായ ധർമ്മം വെടിഞ്ഞവനെ കാത്തിരിക്കുന്ന അനേകം നരകങ്ങളുണ്ട്. 

ശ്രുതിക്ക് അനുസരിച്ച് രചിക്കപ്പെട്ടതിനാലാണ് സ്മൃതികളും പുരാണങ്ങളും ധർമ്മപ്രമാണങ്ങളാവുന്നത്. വേദാനുസാരമല്ലാത്ത യാതൊന്നും ധർമ്മമല്ല. 'കു'ശാസ്ത്രവിധികൾ മനുഷ്യരെക്കൊണ്ട് ചെയ്യിപ്പിക്കുന്നവർ നരകത്തീയിൽ തലകീഴായി പതിക്കും. തനിക്ക് തോന്നിയപോലെ ആചാരങ്ങൾ അനുഷ്ഠിക്കുന്നവർക്കും നരകമാണ് വിധി. ലിംഗധാരികളായ പാശുപതൻമാരും, ദേഹത്ത് മുദ്രകുത്തിയവരും വൈഖാനസമതക്കാരുമൊക്കെ വേദവിരുദ്ധമായി ജീവിക്കുന്നതിനാൽ അവരും നരകത്തിലാണ് ചെന്നുചേരുക. 

അതു കൊണ്ട് വേദവിഹിത കർമ്മങ്ങൾ തന്നെയാണ് സാധകന് അഭികാമ്യം. ദിവസവും താൻ എന്താണ് ചെയ്തതെന്ന് സാധകൻ ആലോചിക്കണം. "ഞാനിന്ന് എന്തു സദ്കാര്യമാണ് ചെയ്തത്? ദാനങ്ങൾ ചെയ്തോ? ദാനം ചെയ്യാനായി അന്യനെ പ്രോൽസാഹിപ്പിച്ചോ? എന്റെ വാക്കുകൾ ഇന്നാരെയെങ്കിലും വേദനിപ്പിച്ചു കാണുമോ? ചെറുതോ വലുതോ ആയ പാപങ്ങൾ എന്തെങ്കിലും താൻ ചെയ്തു പോയോ?" എന്നിങ്ങിനെ ദിവസവും ആത്മവിചാരം ചെയ്യണം.

വെളുപ്പിനേ ഒന്നാം യാമത്തിനു മുൻപേ എഴുന്നേറ്റ് ധ്യാനത്തിനിരിക്കുക. വലതു കാൽപ്പത്തി മലർത്തി ഇടം തുടമേൽ വച്ച്, മുഖം അല്പം പിന്നോക്കമായി മാറ് ഉയർത്തി ബ്രഹ്മനിഷ്ഠയോടെ കണ്ണുകളടച്ച് പല്ലുകൾ തൊടാതെ വായടച്ചുപിടിച്ച് അണ്ണാക്കിൽ നാവു മുട്ടിച്ച് നിശ്ചലനായി അധികം ഉയർന്നോ താഴ്ന്നോ അല്ലാത്തൊരു പീഠത്തിൽ ഇരിക്കുക. ഇന്ദ്രിയങ്ങളെ ഒതുക്കി വച്ച് ധ്യാനനിഷ്ഠയോടെ രണ്ടുരുവോ മൂന്നുരുവോ പ്രാണായാമം ചെയ്ത് കത്തുന്ന വിളക്കുപോലെ ജാജ്വല്യപ്രഭയാർന്ന ഹൃദയനിവാസിയായ പരമാത്മാവിനെ മനസ്സിൽ ഉറപ്പിക്കുക. പിന്നെ സധുമം, വിധുമം, സഗർഭം, അഗർഭം, സലക്ഷ്യം, അലക്ഷ്യം എന്നിങ്ങിനെ ആറു തരത്തിലുള്ള പ്രാണായാമങ്ങൾ പടിപടിയായി ചെയ്യുക.

പ്രാണായാമത്തിന്റെ തുടക്കത്തിൽ നിഷ്കർഷയൊന്നുമില്ലാതെ ശ്വാസം വലിച്ചെടുക്കുന്നത് സധുമം ആണ്. അത് പുറത്തേക്ക് വിടുന്നതാണ് വിധുമം. മന്ത്രസഹിതം മാത്രാ നിഷ്കർഷതയോടെ ചെയ്യുമ്പോളത് സഗർഭമായി. മാത്രാരഹിതമായി ചെയ്യുമ്പോളത് അഗർഭം എന്നറിയപ്പെടുന്നു. ദേവതാധ്യാന സഹിതം ചെയ്യുന്ന പ്രാണായാമം സലക്ഷ്യമാകുന്നു. ദേവതാധ്യാനം കൂടാതെയുള്ളത് അലക്ഷ്യമാകുന്നു.

പൂരകം, കുംഭകം, രേചകം എന്നിങ്ങിനെ മൂന്നു വിധത്തിലാണ് പ്രാണായാമം ചെയ്യുന്നത്. ഇതിന് പ്രാണായാമത്തിലെ വർണ്ണത്രയം എന്നാണ് പറയുന്നത്. ഇത് പ്രണവാത്മകമാണ്. പ്രണവവും പ്രാണായാമവും ഒന്നാകുന്നു. പൂരകത്തിൽ 'പ്രണവത്തിലെ 'അ'യും കുംഭകത്തിൽ 'ഉ' വും രേചകത്തിൽ 'മ'യും ഉണ്ട്. ഇഡ എന്ന നാഡിയിലൂടെ പതിനാറു മാത്രകൾ എടുത്ത് ശ്വാസം അകത്തേക്ക് വലിക്കണം. അങ്ങിനെ ഉദരത്തിൽ പൂരകമായ വായുവിനെ പിംഗള വഴി പതിനാറു മാത്രകൾ കൊണ്ട് പുറത്തേക്ക് വിടുക. ഇത് 'സധുമ' പ്രാണായാമമാകുന്നു. 

ഷഡാധാര ചക്രങ്ങളായ മൂലാധാരം.ലിംഗം, നാഭി, ഹൃദയം, കണ്ഠം, നെറ്റി മദ്ധ്യം ഇവയിൽ ഓരോന്നാലും ഓരോ താമരപ്പൂ സങ്കല്പിക്കുക. അവയ്ക്ക് ക്രമത്തിൽ നാല്, ആറ്, പത്ത്, പന്ത്രണ്ട്, പതിനാറ്, രണ്ട്, എന്നിങ്ങിനെ ഇതളുകൾ ഉണ്ടെന്നും സങ്കല്പിക്കുക. ആ ദളങ്ങളിൽ "വ ശ ഷ സ" എന്നീ അക്ഷരങ്ങൾ മൂലാധാരത്തിലും "ബ ഭ മ യ ര ല" എന്നീ അക്ഷരങ്ങൾ ലിംഗത്തിലും "ഡ ഢ ണ ത ഥ ദ ധ ന പ ഫ" എന്നീ അക്ഷരങ്ങൾ നാഭിയിലും "ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ" എന്നീ പന്ത്രണ്ടക്ഷരങ്ങൾ ഹൃദയത്തിലും പതിനാറ് സ്വരങ്ങൾ കണ്ഠപദ്മദളങ്ങളിലും "ഹ, ക്ഷ" എന്നീ അക്ഷരങ്ങൾ നെറ്റിമദ്ധ്യത്തിലെ താമരയുടെ രണ്ട് ദങ്ങളിലും ദർശിക്കുക. ഇങ്ങിനെ തത്വാർത്ഥ പ്രധാനമായ രൂപത്തെയാണ് സാധകൻ ധ്യാനിക്കേണ്ടത്.

മൂലാധാരത്തിലെ നാലിതൾതാമരയുടെ മദ്ധ്യത്തിലിരിക്കുന്നതും അതിലെ പൂമ്പൊടിയുടെ നിറമോലുന്നതും "ഹ,ര", എന്നീ ബീജചിഹ്നങ്ങളോടുകൂടിയതും രക്തബിന്ദുവായ അഗ്നിയും ശ്വേതബിന്ദുവായ ചന്ദ്രനും സ്തനദ്വയങ്ങളായതും ആദിത്യൻ മുഖമായതും താമരനൂലിന്റെ സ്വരൂപത്തിലുള്ളതും ആയ കുണ്ഡലിനീശക്തിയെ ഒരു തവണയെങ്കിലും ഹൃദയത്തിൽ സാക്ഷാത്ക്കരിച്ചാൽ സാധകന് മുക്തിയായി.

"നില്പും ആഗമന ഗമനങ്ങളും ബുദ്ധിയും ചിത്തവും ചിന്തയും സ്തുതിയും വാക്കുമെല്ലാം ദേവി തന്നെയാകുന്നു. ഞാൻ ദേവനാകുന്നു. എല്ലാ സ്തുതികളും ദേവീ, അവിടുത്തെ അർച്ചനയാകുന്നു. ഞാൻ തന്നെ ദേവിയാകുന്നു. ഞാൻ ബ്രഹ്മമാകുന്നു.  എനിക്ക് ദുഖങ്ങളില്ല. ഞാൻ സച്ചിദാനന്ദ സ്വരൂപനാകുന്നു". എന്നിങ്ങിനെ സ്വയം ധ്യാനം ചെയ്തുറപ്പിക്കുക.

"ക്രമീകമായി മൂലാധാരത്തിൽ നിന്നും ബ്രഹ്മന്ധ്രത്തിലേയ്ക്കുള്ള യാത്രയിൽ ദേവിക്ക് തൂമിന്നലൊളിയാണ്. അവിടെ നിന്ന് മടങ്ങുമ്പോൾ അമൃതധാരയിൽ മുഴുകി സുഷുമ്നയെന്ന അന്ത:പദത്തിൽ കൂടി ചരിക്കുന്ന പരമാനന്ദസ്വരൂപമായ കുണ്ഡലിനിയെ ഞാനിതാ ശരണം പ്രാപിക്കുന്നു." എന്നും സങ്കൽപ്പിച്ചുറപ്പിക്കുക.

അതു കഴിഞ്ഞ് സ്വന്തം ബ്രഹ്മരന്ധ്രത്തിൽ ഗുരുവിനെ പൂജിക്കുക. മനസുകൊണ്ട് എല്ലാവിധ ഉപചാരങ്ങളും ഗുരുവിനെ പൂജിക്കാനായി ഒരുക്കി വയ്ക്കണം. "ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരരേവ പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ: " എന്ന മന്ത്രം ജപിച്ച് ഗുരു തന്നെയാണ് ത്രിമൂർത്തികളാവുന്നതെന്നും ഈ ജഗത്താവുന്നതെന്നും മനസ്സിലുറപ്പിച്ച് ഗുരുവിനെ സ്തുതിക്കുക.

No comments:

Post a Comment