Devi

Devi

Sunday, October 22, 2017

ദിവസം 293 ശ്രീമദ്‌ ദേവീഭാഗവതം. 11-8 ഭൂതശുദ്ധിപ്രകാരം

ദിവസം 293   ശ്രീമദ്‌ ദേവീഭാഗവതം. 11-8 ഭൂതശുദ്ധിപ്രകാരം

ഭൂതശുദ്ധിപ്രകാരം  ച കഥയാമി മഹാമുനേ
മൂലാധാരാത് സമുത്ഥായ കുണ്ഡലീം പരദേവതാം
സുഷുമ്നാമാർഗ്ഗമാശ്രിത്യ ബ്രഹ്മരന്ധ്രഗതാം സ്മരേത്
ജീവംബ്രഹ്മണിസംയോജ്യ ഹംസ മന്ത്രേണസാധക:

ശ്രീ നാരായണൻ പറഞ്ഞു: ഇനി ഞാൻ ഭൂതശുദ്ധി ചെയ്യുന്ന വിധം പറഞ്ഞു തരാം . മൂലാധാരത്തെ തൊട്ടുണർത്തിയിട്ട് സുഷുമ്നാനാഡിയിലൂടെ കുണ്ഡലിനി ബ്രഹ്മരന്ധ്രം പ്രാപിച്ചതായി ഭാവന ചെയ്യുക.

ഹംസമന്ത്രത്താൽ ജീവബ്രഹ്മൈക്യം സാദ്ധ്യമാക്കിയശേഷം പാദം മുതൽ മുട്ടുവരെയുള്ള ഭാഗത്തെ പൃഥ്വിയായി സ്മരിക്കണം. ചതുഷ് കോണകവും, സവജ്രകവും, 'ലം' എന്ന ബീജ സഹിതം സ്വർണ്ണവർണ്ണത്തിലുമാണ് ആ ഭൂമി നിലകൊള്ളുന്നത്.

പിന്നെ കാൽ മുട്ടുമുതൽ നാഭിവരെ അർദ്ധചന്ദ്രാകാരത്തിൽ രണ്ടു താമരകളോടെ 'വം' ബീജസഹിതം ശ്വേതനിറത്തിൽ ജലമണ്ഡലം ഭാവന ചെയ്യുക.

നാഭി മുതൽ ഹൃദയം വരെ അഗ്നിമണ്ഡലം ഭാവന ചെയ്യുക. ത്രികോണ രൂപത്തിൽ സ്വസ്തികാ ചിഹ്നത്തോടെ 'രം' ബീജ സഹിതമാണ് അഗ്നി മണ്ഡലം.

ഹൃദയം മുതൽ ഭ്രൂമമദ്ധ്യം വരെ ആറു ബിന്ദുക്കളോടുകൂടിയ വായുമണ്ഡലം. 'യം' ബീജമായി വൃത്താകാരത്തിൽ ധൂമ്രവർണ്ണത്തിലാണ് വായുമണ്ഡലം.

ഭ്രൂ മദ്ധ്യത്തിൽ നിന്നും ബ്രഹ്മരന്ധ്രം വരെ 'ഹം' ബീജമാക്കിയ സ്വച്ഛസുന്ദരമായ ആകാശ മണ്ഡലമാണ്.

ഇങ്ങിനെ പഞ്ചഭൂതങ്ങളെ ഭൂമി മുതൽ ക്രമീകമായി ഭാവന ചെയ്ത് ഉറപ്പിച്ച് ഓരോന്നിനെയും ഒന്നിനൊന്നില്‍ വിലയിപ്പിക്കണം. ഭൂമിയെ ജലത്തിൽ, ജലത്തെ അഗ്നിയിൽ, അഗ്നിയെ വായുവിൽ, വായുവിനെ ആകാശത്തിൽ, ആകാശത്തെ അഹങ്കാരത്തിൽ, അഹങ്കാരത്തെ മഹത് തത്വത്തിൽ, മഹത്തത്വത്തെ പ്രകൃതിയിൽ, പ്രകൃതിയെ ആത്മാവിൽ, എന്നിങ്ങിനെയാണാ ക്രമീകവിലയനം.

ഇങ്ങിനെ ശുദ്ധ ജ്ഞാനസ്വരൂപമായിക്കഴിഞ്ഞാൽ പെരുവിരൽ വലുപ്പത്തിൽ ശ്യാമവർണ്ണത്തോടെ ഇടതു കുക്ഷിയിൽ നിലകൊള്ളുന്ന പാപപുരുഷനെ ഓർക്കുക. തല ബ്രഹ്മഹത്യയും, കൈകൾ സ്വർണ്ണക്കവർച്ചയും, ഹൃദയം മദ്യപാനവും, കടിപ്രദേശം ഗുരുതൽപ്പവും, അതിനൊത്ത കാൽകളും മസ്തകവും ആയ അവൻ വാളും പരിചയും കൈയ്യിലേന്തിയിരിക്കുന്നു. തലകീഴായി നില്ക്കുന്ന ആ പാപിയെ  'യം' എന്ന വായുബീജം സ്മരിച്ച് അതിൽ നിന്നുളവായ വായു പൂരകം ചെയ്ത് വറട്ടി ശോഷിപ്പിക്കണം.

പിന്നീട് ആ പാപ പുരുഷനെ ' രം' ബീജമുച്ചരിച്ചുണ്ടാകുന്ന അഗ്നിയിൽ ദഹിപ്പിക്കണം. ഇത് കുംഭകമായി ചെയ്തതിനു ശേഷം പാപപുരുഷനെ എരിച്ച ചാരം 'യം' എന്ന വായു ബീജത്താൽ ഉണ്ടായ വായുവിനാൽ പുറത്തേക്ക് തള്ളണം. ഇതാണ് രേചകം. 'വം' എന്ന ജലബീജമുച്ചരിച്ച് ഉണ്ടായ അമൃത് കൊണ്ട് ആ ഭസ്മം കുഴച്ച് 'ലം' എന്ന ഭൂമി ബീജമുപയോഗിച്ച് ഒരു കനകഗോളം പോലെ ഉരുട്ടണം. 'ഹം' ബീജം ഉച്ചരിച്ചു കൊണ്ട് ആ സുവർണ്ണപിണ്ഡത്തെ കണ്ണാടിയായി സങ്കൽപ്പിച്ച് അതിൽ മുടി തൊട്ട് കാൽ നഖം വരെയുള്ള അംഗങ്ങൾ സങ്കൽപ്പിക്കുക.

പിന്നീടാ പിണ്ഡത്തിലേയ്ക്ക് മനസ്സുകൊണ്ട് ഭൂതങ്ങളെ ബ്രഹ്മത്തിൽ ലയിപ്പിച്ചതിന്റെ ക്രമത്തിൽ ഓരോന്നായി കടത്തിവിട്ടു സ്ഥാപിക്കുക. ബ്രഹ്മവുമായി ഏകീഭവിച്ച ജീവശക്തിയായ കുണ്ഡലിനിയെ സോfഹം എന്ന മന്ത്രത്താൽ ഹൃദയത്തിലേക്ക് ആവാഹിക്കുക. അങ്ങിനെ പരമാത്മസംഗത്താൽ സുധാമയമായ ജീവനെ ഹൃദയകമലത്തിൽ പ്രതിഷ്ഠിച്ച് മൂലാധാര സ്ഥിതയായ കുണ്ഡലിനീ ശക്തിയെ ധ്യാനിക്കുക.

"ആറു കൈകളിലായി ശൂലം, കരിമ്പിൻ വില്ല്, അഞ്ചമ്പുകൾ, തോട്ടി, മണിക്കയർ, രക്തകപാലം, എന്നിവ ധരിച്ചവളും, മൂന്നു കണ്ണുകളുള്ളവളും, ഉയർന്ന സ്തനദ്വയങ്ങളോടുകൂടിയവളും രക്തക്കടലിൽ തോണിപോലെ ചന്തമേറിയ താമരപ്പൂവിൽ ഇരുന്നരുളുന്നവളുമായ ദേവിയാകുന്ന പ്രാണശക്തി  ഞങ്ങൾക്ക് സുഖദായിനിയായിത്തീരട്ടെ" എന്നു ധ്യാനിക്കുക. എന്നിട്ടു് ഭസ്മം തൊടാം. ഇതുകൊണ്ട് ഒരുവന് സർവ്വാധികാരസിദ്ധിയുണ്ടാവും.

വിഭൂതി ധരിക്കുന്നതിന്റെ മാഹാത്മ്യം ശ്രുതി സ്മൃതി പുരാണങ്ങൾ ഉദ്ഘോഷിക്കുന്നുണ്ട്. അതെപ്പറ്റി ഇനി പറയാം.

No comments:

Post a Comment