Devi

Devi

Wednesday, March 29, 2017

ദിവസം 239. ശ്രീമദ്‌ ദേവീഭാഗവതം. 9. 17. തുളസ്വ്യൂപാഖ്യാനം

ദിവസം 239.  ശ്രീമദ്‌ ദേവീഭാഗവതം. 9.  17.  തുളസ്വ്യൂപാഖ്യാനം

ധർമ്മധ്വജസ്യ പത്നീ ച മാധവീതി ച വിശ്രുതാ
നൃപേണ സാർധം സാff രാമേ രേമേ ച ഗന്ധമാദനേ
ശയ്യാം രതികരീം കൃത്വാ പുഷ്പചന്ദനചർച്ചിതാം
ചന്ദനാലിപ്ത സർവ്വാംഗീ പുഷ്പചന്ദനവായുനാ

ശ്രീ നാരായണൻ പറഞ്ഞു: ഗന്ധമാദനപർവ്വതത്തിലെ ആരാമവാടികകളിൽ തന്റെ പത്നി മാധവിയുമായി ധർമ്മധ്വജൻ രമിച്ചു വിഹരിച്ചു വാണു. നിത്യവും തന്റെ ശയ്യയില്‍ ചന്ദനച്ചാറു പൂശിയും മറ്റ് അലങ്കാരവസ്തുക്കൾ കൊണ്ടു് കമനീയമാക്കിയും രാജ്ഞി അവരുടെ മണിയറ സജ്ജമാക്കി. കമനീയമായ രത്നാഭരണങ്ങളണിഞ്ഞ് ദേഹത്ത് കളഭം പൂശി അവൾ തന്റെ നാഥനുമൊത്ത് മദനസുഖാനുഭൂതിയിൽ മുഴുകി ജീവിച്ചു. കാമക്രീഡയിൽ വിരക്തിയില്ലാതെ നൂറു ദിവ്യവർഷങ്ങള്‍ അവരങ്ങിനെ കഴിഞ്ഞു.

ക്രീഡാസുഖത്തില്‍ മുഴുകി നൂറു ദിവ്യവർഷം കഴിയവേ യാഥാർത്ഥ്യബോധം വന്ന രാജാവ് സുരതക്രിയകളിൽ നിന്നും പിൻവാങ്ങിയെങ്കിലും രാജ്ഞിയിലെ കാമാസക്തി നശിച്ചിരുന്നില്ല. രാജ്ഞി ഗർഭിണിയായി. നൂറു വർഷമാണ് അവളാ ഗർഭം ചുമന്നത്. ഗർഭകാലത്തെ തേജസ്സ് അവളെ കൂടുതൽ സുന്ദരിയാക്കി. ശുഭമായൊരു ദിനത്തിൽ ഉത്തമലഗ്നത്തിൽ, ശുഭമായ മുഹൂർത്തത്തിൽ രാജ്ഞി ലക്ഷ്മീദേവിയുടെ അംശമായ പത്മിനിയെ പ്രസവിച്ചു. ഒരു വെള്ളിയാഴ്ച തുലാമാസ പൗർണ്ണമിയിലാണവൾ ഭൂജാതയായത്.

ശരത്കാലചന്ദ്രനെപ്പോലെ ശോഭയാർന്ന പത്മിനിയുടെ കണ്ണുകൾ താമരപ്പൂവിതൾ പോലെ നീണ്ടും അധരങ്ങൾ തൊണ്ടിപ്പഴസദൃശങ്ങളും ആയിരുന്നു. അവൾ സദാ പുഞ്ചിരി തൂകി നിലകൊണ്ടു. ചുവന്നുതുടുത്ത കൈകളും ഒതുങ്ങിയ അരക്കെട്ടും കുഴിഞ്ഞ നാഭിയും വൃത്തമൊത്ത നിതംബങ്ങളും അവൾക്കുണ്ടായിരുന്നു. വേനലിൽ കുളിരും ശീതകാലത്ത് ചൂടും നൽകുന്ന തളിർമേനിക്ക് ഇടതൂർന്നുവളർന്ന കേശഭാരം അലങ്കാരമായി. മറ്റാരുമായും തുലനം ചെയ്യാനാവാത്തവിധം അഴകിന്റെ അധിദേവതയായി അവൾ വിരാജിച്ചു. തുലനമില്ലാത്തവൾ എന്ന അർത്ഥത്തിൽ തുളസി എന്നവൾക്ക് നാമകരണം ചെയ്തു. പ്രകൃതീദേവിയെപ്പോലെ പ്രശോഭിതയായിരുന്നു തുളസി.

ജനിച്ച് അധികം കഴിയും മുന്‍പ് അവൾ മറ്റുള്ളവരുടെ തടസ്സം വകവയ്ക്കാതെ തപസ്സിനായി ബദരിയിലേക്ക് പോയി. അവിടെയവള്‍ ലക്ഷം ദിവ്യവർഷം തപസ്സനുഷ്ഠിച്ചു. ശ്രീ നാരായണനെത്തന്നെ തനിക്കു കാന്തനായി ലഭിക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. ചൂടുകാലത്ത് പഞ്ചാഗ്നിക്കു നടുവിലും മഞ്ഞുകാലത്ത് ഈറനുടുത്തും അവൾ കഠിനതപം ചെയ്തു. മഴയും വെയിലും അവളെ തപസ്സിൽ നിന്നും പിന്തിരിപ്പിച്ചില്ല. ഇരുപതിനായിരം വർഷം വെറും ഫലമൂലാദികൾ ഭക്ഷിച്ചും മുപ്പതിനായിരം കൊല്ലം ഇലകൾ മാത്രം കഴിച്ചും നാൽപ്പതിനായിരം കൊല്ലം ഉപവസിച്ചും പിന്നെയൊരു പതിനായിരം കൊല്ലം ഒറ്റക്കാലിൽ നിന്നും അവൾ തപസ്സു ചെയ്തു. തപസ്സിൽ സംപ്രീതനായ ബ്രഹ്മാവ് അവൾക്ക് മുന്നിൽ  പ്രത്യക്ഷനായി. അവൾ വിധിയെ നമസ്ക്കരിച്ചു.

ബ്രഹ്മാവ് പറഞ്ഞു: നിനക്ക് എന്താണ് വേണ്ടത്? ഹരിഭക്തിയോ ദാസ്യമോ അജരാമരണ ഭാഗ്യമോ എന്താണെങ്കിലും ഞാൻ സാധിപ്പിക്കാം.

തുളസി പറഞ്ഞു: ഭഗവൻ, അങ്ങ് സർവ്വജ്ഞൻ. ഞാൻ ലജ്ജയേതും കൂടാതെ എന്റെ മനസ്സിലുള്ളത് പറയാം. പണ്ട് ഗോലോകത്ത് ഉണ്ടായിരുന്ന തുളസി എന്ന ഗോപികയാണ് ഞാൻ. ഞാന്‍ കൃഷ്ണപ്രിയയും അദ്ദേഹത്തിന്റെ സഖിയും ദാസിയുമായിരുന്നു. ഗോവിന്ദനുമായി രതിക്രീഡാമൂർഛയിൽ മുഴുകിയിരുന്ന എനിക്ക് ആ രതിലീലകളില്‍ ഇനിയും മതിവന്നിരുന്നില്ല. അപ്പോൾ രാസേശിയായ രാധാദേവി ഞങ്ങളെ കണ്ടു കോപിഷ്ഠയായി. ദേവിയെന്നെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. 'നീ മനുഷ്യയോനിയിൽ  ജനിക്കട്ടെ' എന്നാണെന്നെ ശപിച്ചത്. എന്നാൽ ഭഗവാൻ എന്നെ സമാധാനിപ്പിച്ചു. 'നീ വിഷമിക്കണ്ടതില്ല. ആ മനുഷ്യജന്മത്തിൽ തപോഫലമായി നിനക്കെന്റെ പത്നിപദം ലഭിക്കുന്നതാണ്. ബ്രഹ്മാവ്  നിന്നെയതിന് അനുഗ്രഹിക്കും.'   രാധയെ പേടിച്ചു ഞാൻ ഭൂമിയിൽ വന്നു ജനിച്ചു. ശ്രീനാരായണനെ എനിക്കു കാന്തനായി ലഭിക്കാനായി അങ്ങെനെ അനുഗ്രഹിക്കണം.

ബ്രഹ്മാവ് പറഞ്ഞു: 'സുദാമനെന്ന പേരിൽ ഗോലോകത്ത് കൃഷ്ണാംശസംഭൂതനായ ഒരു ഗോപനുണ്ടായിരുന്നു. അവനും രാധാ ശാപംമൂലം ഭാരതത്തിൽ ജനിച്ചിട്ടുണ്ട്. ശംഖചൂഡൻ എന്ന പേരിൽ പുകൾപെറ്റ അവനെ വെല്ലാൻ ആരുമില്ല. തേജോമയനും വിക്രമനുമായ അവൻ ഗോലോകത്ത് വച്ചുതന്നെ നിന്നെ മോഹിച്ചിരുന്നു. രാധാദേവിയെ പേടിച്ച് നിന്നെയൊന്നു പുൽകാൻ പോലും അവനു കഴിഞ്ഞിരുന്നില്ല. അയാൾക്ക് പൂർവ്വജന്മസമൃതിയുള്ളതുപോലെ നിനക്കും നിന്‍റെ പൂർവ്വജന്മം ഓർമ്മയുണ്ടല്ലോ. നിനക്ക് ശംഖചൂഡനെ വരിക്കാം. അവൻ കൃഷ്ണാംശം തന്നെയാണ്. ഈ ജന്മം കഴിഞ്ഞ് പിന്നീടു് നിനക്ക് സാക്ഷാൽ വിഷ്ണുവിനെത്തന്നെ കാന്തനായി ലഭിക്കും.

ശാപബലത്തിനാൽ നിന്റെയൊരംശം വൃക്ഷരൂപത്തിൽ നിലനില്ക്കും. വിശ്വത്തെ പവിത്രമാക്കാൻ നിന്റെ സാന്നിദ്ധ്യത്തിനാകും. നിന്നെക്കൂടാതെയുള്ള പൂജകൾ വൃഥാവിലാവും. പൂക്കളിൽ ശ്രേഷ്ഠയായ നീ വൃന്ദാവനി എന്ന പേരിൽ അറിയപ്പെടും. ഭഗവാന് പ്രാണനേക്കാൾ പ്രിയപ്പെട്ടവളാണ് നീ. ഗോപീഗോപൻമാർ നിന്റെ ദളങ്ങൾ ഇറുത്ത് ഗോവിന്ദന് അർച്ചിക്കും. വൃക്ഷങ്ങളുടെ അധിഷ്ഠാനദേവതയായി കൃഷ്ണനോടു് ചേർന്ന് നിനക്ക് വിഹരിക്കാം.'

പരമസന്തുഷ്ടയായ തുളസീദേവി ബ്രഹ്മാവിനെ നമസ്ക്കരിച്ചിട്ട് ഇങ്ങിനെ പറഞ്ഞു: 'ഇരുകരങ്ങളുള്ള കായാമ്പൂവർണ്ണനായ കണ്ണനോടുള്ളത്ര പ്രിയം എനിക്ക് ചതുർഭുജനായ വിഷ്ണുവിനോടില്ല. കൃഷ്ണരതിയിൽ ഭംഗമുണ്ടാകയാൽ എനിക്ക് തൃപ്തി കൈവന്നിട്ടില്ലതന്നെ. കൃഷ്ണൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ശ്രീ ഹരിയെ പ്രാർത്ഥിച്ചത്. അങ്ങയുടെ അനുഗ്രഹത്താൽ സുദുർലഭനായ ഗോവിന്ദനെ എനിക്കു ലഭിക്കും എന്നു നിശ്ചയം. ഭഗവാനേ, ആ ദ്വിഭുജമൂർത്തിയെത്തന്നെ എനിക്കു ലഭിക്കാനായി അനുഗ്രഹിക്കണേ. എന്നിലെ രാധാഭീതിയും ഇല്ലാതാക്കണേ!'

ബ്രഹ്മാവ് പറഞ്ഞു: 'ഞാൻ നിനക്ക് പതിനാറക്ഷരങ്ങൾ ഉള്ള രാധികാഷോഡശാക്ഷരീ മന്ത്രം പറഞ്ഞു തരാം. എന്റെ വരബലം കൊണ്ട് രാധക്ക് നീ പ്രിയതോഴിയായി മാറും. കൃഷ്ണൻ നിന്നെ രാധയ്ക്ക് തുല്യയായി കണക്കാക്കും. കൃഷ്ണനുമായുള്ള നിന്റെ സമാഗമം രാധ അറിയുകയുമില്ല.' 

രാധികാസ്തോത്രവും കവചവും പുരശ്ചരണ വിധികളും പൂജാവിധാനവും അവള്‍ക്ക് പറഞ്ഞുകൊടുത്ത് വിധി അപ്രത്യക്ഷനായി. തുളസീദേവി  എല്ലാ പൂജകളും മുറതെറ്റാതെ അനുഷ്ഠിച്ചു. അങ്ങിനെ അവൾ രമയെപ്പോലെ സിദ്ധയായിത്തീർന്നു. വിശ്വദുർലഭമായ മഹാഭോഗങ്ങൾ അവൾക്ക് സിദ്ധമായി. തപഃക്ലേശമെല്ലാം മറന്ന് പ്രസന്നമുഖിയായ തുളസീദേവി ചന്ദനചർച്ചിതമായ പൂമെത്തയിൽ സാമോദം ശയിച്ചു.

Tuesday, March 14, 2017

ദിവസം 238. ശ്രീമദ്‌ ദേവീഭാഗവതം 9.16. ലക്ഷ്മീ ജന്മം

ദിവസം 238.  ശ്രീമദ്‌ ദേവീഭാഗവതം  9.16.  ലക്ഷ്മീ ജന്മം

ലക്ഷ്മീം തൗ സമാരാദ്ധ്യ ചോഗ്രേണ തപസാ മുനേ
വരമിഷ്ടം ച പ്രത്യേകം സമ്പ്രാപതുരഭീപ്സിതം
മഹാലക്ഷ്മീ വരേണൈവ തൗ പ്രഥ്വീശൗ ബഭൂവതു:
പുണ്യവന്തൗ പുത്രവന്തൗ ധർമ്മധ്വജകുശധ്വജൗ

ശ്രീ നാരായണൻ പറഞ്ഞു: ധർമ്മധ്വജനും കുശധ്വജനും ഉഗ്രതപസ്സു ചെയ്ത് ലക്ഷ്മീദേവിയെ സംപ്രീതയാക്കി അഭീഷ്ടവരങ്ങൾ നേടി. അവർ പുണ്യവാൻമാരായ രാജാക്കൻമാരായി. അവർക്ക് സുപുത്രഭാഗ്യവും കൈവന്നു. കുശധ്വജപത്നിയായ മാലാവതി ലക്ഷ്മീകലാംശമായ ഒരുത്തമപുത്രിയെ പ്രസവിച്ചു. പെറ്റുവീണ മാത്രയിൽ അവൾ സ്പഷ്ടമായി വേദധ്വനിമുഴക്കി സൂതികാഗ്രഹത്തിനു വെളിയിൽ വന്നു. 'വേദവതി' എന്ന് സജ്ജനങ്ങള്‍  അവളെ വിളിച്ചു.

ജനിച്ച ഉടനേ തന്നെ തപസ്സിനായി പുറപ്പെട്ട അവളെ ആരു തടഞ്ഞിട്ടും ഫലമുണ്ടായില്ല. നാരായണനിൽത്തന്നെ മനസ്സുറപ്പിച്ച വേദവതി ഒരു മന്വന്തരക്കാലം പുഷ്ക്കരത്തിൽ ഘോരതപസ്സു ചെയ്തു. കാലം ഏറിയപ്പോൾ ക്ഷീണിതയാകുന്നതിനു പകരം തപസ്സിനാൽ അവളുടെ യൗവനം കൂടുതൽ പുഷ്ടമാവുകയാണുണ്ടായത്. അപ്പോൾ അശരീരിയായി അവൾ ഇങ്ങിനെ കേട്ടു: 'ജന്മാന്തരത്തിൽ നിനക്ക് ഭർത്താവായി സാക്ഷാൽ ശ്രീഹരിയെത്തന്നെ ലഭിക്കും. ബ്രഹ്മാദികളും സുരൻമാരും ആരാധിക്കുന്ന പരംപുമാൻ നിനക്ക് നാഥനാവും'

ഈ വാക്കുകൾ കേട്ടു സന്തുഷ്ടയായ വേദവതി ഗന്ധമാദനപർവ്വതത്തിൽ അവളുടെ തപസ്സ് തുടർന്നു. ദീർഘകാലം അവിടെക്കഴിയവേ തന്റെ മുന്നിൽ രാക്ഷസേശനായ രാവണനെ അവൾ കണ്ടു. അതിഥിയെന്ന മര്യാദയിൽ ദൈത്യന് കാലു കഴുകാൻ ജലവും ആഹരിക്കാൻ പഴങ്ങളും അവൾ നല്കി. ആ തപസ്വിയുടെ അരികിലിരുന്ന് അയാൾ അതെല്ലാം ആസ്വദിച്ചു. എന്നിട്ട് ‘നീയാരാണ് സുന്ദരീ? ’, എന്നു ചോദിച്ചു. ദേവിയുടെ സൗന്ദര്യം അയാളെ കാമപീഡിതനാക്കി. തടിച്ച അരക്കെട്ടും ഉയർന്ന സ്തനങ്ങളും താമരപ്പൂ പോലുള്ള മുഖവും തൂമന്ദഹാസവും നിരയൊത്ത പല്ലുകളും അയാളെ മത്തനാക്കി. അവളെ തന്നിലേക്ക് അടുത്തു പിടിച്ചു ശൃംഗരിക്കാനായി തന്റെ കൈ കടന്നുപിടിച്ച ദൈത്യനെ കോപത്തോടെ ഒന്നു നോക്കിയപ്പോഴേക്ക് അയാൾ സ്തംഭിക്കപ്പെട്ടു. കൈകാലുകൾ അനക്കാനോ മിണ്ടാൻ പോലുമോ വയ്യാത്ത അവസ്ഥ.

ബുദ്ധിമാനായ രാവണൻ മനസാ ദേവിയെ സ്തുതിക്കാൻ തുടങ്ങി. ദേവീഭജനം ഏതുവിധേനെയും വൃഥാവിലാകാതിരിക്കാൻ വേണ്ടി മാത്രം ദേവിയാ സ്തുതികൾ സ്വീകരിച്ചു. എന്നാൽ 'എന്റെ ശക്തിയെന്തെന്ന് നീ കണ്ടുകൊള്ളൂ’ എന്നു പറഞ്ഞ് ദേവി സ്വദേഹം ഉപേക്ഷിച്ചു. ‘സകാമനായി എന്റെ ദേഹം സ്പർശിച്ച നീ ബന്ധുമിത്രാദികളോടെ നശിച്ചുപോകട്ടെ’ എന്നു ശപിക്കുകയും ചെയ്തു. ‘എന്താണ് ഞാനിപ്പോൾ ചെയ്തത്!’ എന്ന പശ്ചാത്താപത്തോടെ രാവണൻ വിലപിച്ചു. അവൻ ദേവിയുടെ ശരീരം ഗംഗയിൽ ഉപേക്ഷിച്ചു. കാലാന്തരത്തിൽ ജനകപുത്രി സീതയായി ജനിച്ചു വിഖ്യാതയായത് ഈ ദേവിയാണ്. രാവണന്റെ അവസാനം സീത കാരണമാണ് എന്നു പ്രസിദ്ധമാണല്ലോ.

പൂർവ്വജന്മതപസ്സിന്റെ ഫലമായി ദേവി ശ്രീരാമപത്നിയായി. തപസ്വികൾ ആരാധിക്കുന്ന രാമനുമായി ദീർഘകാലം രമിച്ചു കഴിയാൻ ദേവിക്ക് സാധിച്ചു. പൂർവ്വജന്മക്ലേശം ഓർമ്മയിൽ വരാതെ ആ ദുഃഖം അവൾക്കീ ജന്മത്തിൽ സൗഖ്യമായിത്തീർന്നു. പുതു യൗവനവും രാജകീയ ഭോഗങ്ങളും അവൾക്കു ലഭിച്ചു. രസികനും ശാന്തനും ദേവോത്തമനുമായ രാമൻ കാമദേവനു തുല്യം കോമളനുമായിരുന്നുവല്ലോ.   മനസ്സിനിഷ്ടപ്പെട്ട വരനെ ലഭിക്കുക എന്നത് വലിയൊരു ഭാഗ്യം തന്നെയാണ്.

ആ സുഖവും അധികകാലം നീണ്ടുനിന്നില്ല. പിതാവിന്റെ വാക്ക് പാലിക്കാൻ ശ്രീരാമന് വനവാസം ചെയ്യേണ്ടി വന്നു. ഒരിക്കൽ ദക്ഷിണ സമുദ്രതീരത്ത് സീതാലക്ഷ്മണ സമേതം താമസിക്കുമ്പോൾ ശ്രീരാമൻ അഗ്നിദേവനെ സന്ധിക്കുകയുണ്ടായി. രാമന്റെ ദുഖം അഗ്നിയെയും ദുഖിതനാക്കി. അദ്ദേഹം പറഞ്ഞു: ‘അങ്ങയുടെ ഭാവിയെപ്പറ്റി പറഞ്ഞാൽ അതത്ര ശുഭകരമല്ല. സീതയെ നഷ്ടപ്പെടാൻ ഉള്ള സമയമടുത്തു. ദൈവനിശ്ചയം ആർക്കും തടുക്കാനാവില്ല. വിധിയെ മറികടക്കാൻ കഴിവുള്ള ആരുമില്ലല്ലോ. അതുകൊണ്ടു് അങ്ങിപ്പോൾ സീതയെ എന്റെ പക്കൽ ഏൽപ്പിച്ചാലും. അവളുടെ ഛായ നിന്റെ കൂടെയിരിക്കട്ടെ. അഗ്നിപരീക്ഷാസമയം വരുമ്പോൾ സീതയെ ഞാൻ തിരികെ ഏൽപ്പിക്കാം. ദേവൻമാരുടെ ആജ്ഞയനുസരിച്ച് അങ്ങയെ സഹായിക്കാനാണ് ഇപ്പോൾ ഞാൻ വന്നത്.’

ശ്രീരാമൻ ലക്ഷ്മണനെപ്പോലും അറിയിക്കാതെ അഗ്നിയുടെ നിർദ്ദേശം സ്വീകരിച്ചു. ഇക്കാര്യം ഗോപ്യമായി വയ്ക്കാൻ തീരുമാനിച്ച് സീതയ്ക്ക് തുല്യം ആകാരഗുണങ്ങൾ ഉള്ള ഛായാസീതയെ രാമൻ സ്വീകരിച്ചു. ലക്ഷ്മണൻ പോലും ഈ വിവരമറിഞ്ഞില്ല. വനവാസകാലത്ത് പൊൻമാനെ പിടിച്ചു നൽകാൻ കാന്തനെ പ്രേരിപ്പിച്ചത് മായാ സീതയാണ്. സീതയെ രക്ഷിക്കാൻ ലക്ഷ്മണനെ ചുമതലപ്പെടുത്തി രാമൻ മാനെപ്പിടിക്കാൻ കാടകം പൂകി. അമ്പുകൊണ്ടു് മരിക്കാറായപ്പോൾ മായപ്പൊൻമാൻ തന്റെ മാരീചനെന്ന രാക്ഷസഭാവത്തിൽ പ്രത്യക്ഷനായി. 'ഹാ ലക്ഷ്മണാ' എന്ന് രാമശബ്ദത്തിൽ വിലപിച്ച ഒച്ച കേട്ട് സീത ലക്ഷ്മണനെ കാട്ടിലേക്ക് പറഞ്ഞയച്ചു. മാരീചനാകട്ടെ മരണത്തിനു മുൻപ് ഭഗവദ്ദർശനം കിട്ടി വൈകുണ്ഠഗമനം ചെയ്തു. അവിടെ അയാള്‍ ദ്വാരപാലകൻമാരുടെ കിങ്കരനായി.

രാമലക്ഷ്മണൻമാർ ആശ്രമത്തിൽ ഇല്ലാത്ത തക്കം നോക്കി രാവണൻ സീതയെ കട്ടുകൊണ്ടു പോയി. വനത്തിൽ ലക്ഷ്മണനെക്കണ്ട് രാമൻ സീതയുടെ സുരക്ഷയോർത്ത് വിഷമിച്ചു. രണ്ടാളും ആശ്രമത്തിൽ തിരികെ  ചെന്നപ്പോൾ സീതയെ കാണാനില്ല. രാമൻ ദുഖിതനായി മൂർച്ഛിച്ച് വീണു. ബോധമുണർന്നപ്പോൾ അവർ സീതാന്യോഷണം തുടങ്ങി. കുറെക്കാലം കഴിഞ്ഞ് ഗോദാവരീതീരത്തു വച്ച് സീതാസംബന്ധിയായ വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് വാനരപ്പടയുടെ സഹായത്തോടെ രാമൻ ലങ്കയിലേക്ക് ഒരു പാലം പണിതു. ലങ്കയിൽ പോയി രാവണാദികളെ നിശ്ശേഷം കൊന്നൊടുക്കി രാമൻ ധർമ്മ പരിപാലനം നടത്തി.

യുദ്ധം കഴിഞ്ഞ് സീതയെ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കി. അഗ്നിദേവൻ യഥാർത്ഥ ജാനകിയെ രാമന് തിരികെയേൽപ്പിച്ചു. അപ്പോൾ മായാസീത 'ഇനി ഞാനെന്താണ് ചെയ്യേണ്ടത്?' എന്ന് സമാദരപൂർവ്വം രാമനോടാരാഞ്ഞു.

ശ്രീരാമൻ പറഞ്ഞു: ‘നീ പുഷ്ക്കരത്തിൽ തപസ്സിനായി പോവുക. അവിടുത്തെ തപസ്സുകൊണ്ട് നിനക്ക് സ്വർഗ്ഗലക്ഷ്മിയായി മാറാൻ കഴിയും മൂന്നു ലക്ഷം ദിവ്യവർഷങ്ങൾ അവളവിടെ തപസ്സു ചെയ്തു സ്വർഗ്ഗലക്ഷ്മിയായി. ആ ഛായാസീതയാണ് ദീർഘമായ തപസ്സിന്റെ ഫലമായി ദ്രുപദരാജാവിന്റെ യജ്ഞകുണ്ഡത്തിൽ നിന്നും ഉദ്ഗമിച്ച് ദ്രൗപദിയായി ഒടുവിൽ പാഞ്ചാലിയായത്. പഞ്ചപാണ്ഡവരുടെ പത്നിയായി ആ സതീരത്നം.

കൃതയുഗത്തിലെ വേദവതി ത്രേതായുഗത്തിൽ രാമപത്നി സീതയായി. ദ്വാപരയുഗത്തിൽ ദ്രൗപദീദേവിയായത് ഛായാസീതയാണ്. മൂന്നുയുഗങ്ങളിലും വിരാജിക്കുന്ന അവൾ ‘ത്രിഹായനി’ എന്ന പേരിൽ അറിയപ്പെടുന്നു.

നാരദൻ ചോദിച്ചു: മഹാമുനേ ദ്രൗപദിക്ക് അഞ്ചു ഭർത്താക്കൻമാർ ഉണ്ടാവാൻ എന്താണ് കാരണം?

ശ്രീ നാരായണൻ പറഞ്ഞു: ലങ്കയിൽ യുദ്ധാനന്തരം യഥാർത്ഥ സീതാദേവി ശ്രീരാമനുമായി ഒന്നു ചേർന്നു. അപ്പോൾ ഛായാസീത ചിന്താകുലയായി. രാമന്റെയും അഗ്നിയുടെയും  നിർദ്ദേശപ്രകാരം അവൾ തീവ്രതപസ്സിൽ ഏർപ്പെട്ട് ശങ്കരനെ ഉപാസിക്കാൻ തുടങ്ങി. കാമാതുരയായിരുന്ന അവൾ ഒരു ഭർത്താവിനെ കിട്ടാനായി പ്രാർത്ഥിച്ചു. അഞ്ചു പ്രാവശ്യം ‘എനിക്കൊരു ഭർത്താവിനെ കിട്ടേണമേ’ എന്ന പ്രാർത്ഥിച്ചതു കേട്ടിട്ട് മഹാരസികനായ ശംഭു 'നിനക്ക് അഞ്ചു ഭർത്താക്കൻമാർ ഉണ്ടാവട്ടെ’ എന്ന്  അനുഗ്രഹിച്ചു. അങ്ങിനെയാണവൾ പാണ്ഡവർ അഞ്ചാൾക്കും പത്നിയായത്.

ഈ നമ്മുടെ കഥയിലേക്ക് വരാം. രാമൻ മൈഥിലിയെ തിരികെ നേടി ലങ്കയിൽ വിഭീഷണനെ അവിടുത്തെ ഭരണഭാരമേല്പിച്ചു നാട്ടിലേക്ക് മടങ്ങി രാജ്യഭാരം ഏറ്റെടുത്തു. പതിനോരായിരം കൊല്ലം ഭാരതവർഷത്തെ ദരിച്ചു' രാമരാജ്യ’മാക്കി. ഒടുവിൽ വൈകുണ്ഠമണഞ്ഞു. കമലാംശയായ വേദവതി ലക്ഷ്മിയിൽത്തന്നെ ലയിച്ചു. നാലുവേദങ്ങളും സദാ സരൂപം സമഞ്ജസമായി നിലകൊണ്ടിരുന്ന വേദവതിയുടെ പാപനാശകരമായ ഈ പുണ്യകഥ ഞാൻ അങ്ങേയ്ക്കായി പറഞ്ഞു തന്നു.

ഇനി ഞാൻ ധർമ്മധ്വജപുത്രിയുടെ കഥ പറയാം.

Saturday, March 11, 2017

ദിവസം 237. ശ്രീമദ്‌ ദേവീഭാഗവതം. 9. 15. ശക്തി പ്രാദുർ ഭാവം

ദിവസം 237.  ശ്രീമദ്‌ ദേവീഭാഗവതം. 9. 15.  ശക്തി പ്രാദുർ ഭാവം

നാരായണപ്രിയാ സാധ്വീ കഥം സാ ബഭൂവ ഹ
തുളസീ കുത്ര സംഭൂതാ കാ വാ സാ പൂർവ്വജന്മനി
കസ്യ വാ സാ കുലേ ജാതാ കസ്യ കന്യാ കുലേ സതീ
കേന വാ തപസാ സാച സംപ്രാപ്താ പ്രകൃതേ പരം

നാരദൻ ചോദിച്ചു: മഹാസാധ്വിയായ തുളസി ഭഗവാന്റെ പ്രിയപത്നിയായി തീർന്നതെങ്ങിനെയാണ്? അവളാരാണ്? എവിടെയാണ് ജനനം? അവളുടെ മുജ്ജന്മ വൃത്താന്തം എന്താണ്? ആരുടെ വംശത്തിലാണ്, ആരുടെ പുത്രിയായാണ് ദേവി ജനിച്ചത്? എപ്രകാരമുള്ള തപസ്സിന്റെ ഫലമായാണ് അവൾക്ക് പരംപുമാനെത്തന്നെ ഭർത്താവായി ലഭിച്ചത്?

പരമാത്മാവ് നിരീഹനും നിസ്പൃഹനും പരബ്രഹ്മവും ഈശ്വരനും നിർവ്വികാരനുമാണെന്ന് പ്രസിദ്ധമാണ്. സകലരാലും ആരാധിക്കപ്പെടുന്ന ഭഗവാൻ സകലതിനും കാരണഭൂതനാണ്. സകലതിന്റെയും പരിപാലകനും ഭഗവാൻ തന്നെ. അങ്ങിനെയുള്ള ഭഗവാന്റെ പത്നി എങ്ങിനെയാണ് വൃക്ഷരൂപം പ്രാപിക്കാനിടയായത്? മാത്രമല്ല അവൾക്ക് ദൈത്യൻമാരുടെ പീഡനം ഏൽക്കേണ്ടതായും വന്നു. എന്റെ മനസ്സ് സന്ദേഹങ്ങളാൽ കുഴങ്ങുന്നു. ദയവായി എനിക്ക് മന:സമാധാനമുണ്ടാക്കിയാലും.

ശ്രീ നാരായണൻ പറഞ്ഞു: വിഷ്ണുവിന്റെ അംശാവതാരമായി ദക്ഷസാവർണ്ണി എന്നപേരില്‍ പ്രസിദ്ധനായ ഒരു മനു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ ബ്രഹ്മസാവർണ്ണി ജിതേന്ദ്രിയനും ധർമ്മിഷ്ഠനും വിഷ്ണുഭക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ രുദ്രസാവർണ്ണിയും പേരക്കിടാവ് ദേവസാവർണ്ണിയും ഉത്തമഭക്തരായിരുന്നു. ദേവസാവർണ്ണിയുടെ മകൻ ഇന്ദ്രസാവർണ്ണി വിഷ്ണുഭക്തനും പുത്രൻ വൃക്ഷധ്വജൻ ശിവഭക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭവനത്തിൽ ഭഗവാൻ ശങ്കരൻ മൂന്നു ദേവയുഗങ്ങൾ താമസിച്ചു. ഭഗവാന് രാജാവിനോടു് അത്രയ്ക്ക് പ്രിയയായിരുന്നു.

എന്നാല്‍ ഈ രാജാവ് പരമശിവനെയല്ലാതെ മറ്റ് ദേവതകളെയൊന്നും പൂജിച്ചിരുന്നില്ല. വിഷ്ണുവിനെയോ ലക്ഷ്മീ-സരസ്വതീദേവിമാരെയോ അദ്ദേഹം ഗൗനിച്ചതേയില്ല. ഭാദ്രമാസത്തിലെ ലക്ഷ്മീപൂജയ്ക്ക് അദ്ദേഹം മുടക്കം വരുത്തി. അതുപോലെ സകലദേവൻമാരും ചെയ്യുന്ന സരസ്വതീപൂജയും അദ്ദേഹം ചെയ്യാറില്ല. വിഷ്ണുപൂജയോടും അദ്ദേഹത്തിന് വെറുപ്പായിരുന്നു.

ശിവനോടു് മാത്രം ഭക്തിയുണ്ടായിരുന്ന രാജാവിനെ ആദിത്യദേവൻ ശപിച്ചു. 'നിന്റെ ഐശ്വര്യമൊക്കെ പൊയ്പ്പോകട്ടെ'. എന്നാൽ തന്റെ ഭക്തനെ ശപിച്ച സൂര്യനു നേരെ പരമശിവൻ ശൂലവുമായി പാഞ്ഞുചെന്നു. സൂര്യൻ തന്റെ പിതാവായ കശ്യപനോടൊപ്പം ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. അവിടെയും രക്ഷയില്ലാഞ്ഞ് അവരെല്ലാം വൈകുണ്ഠലോകത്തെത്തി. അവർ നാരായണനിൽ അഭയം തേടി. ഭയത്തിന്റെ കാരണമറിഞ്ഞ ഭഗവാൻ അവരെ ആശ്വസിപ്പിച്ചു. 'ഭീരുക്കളാവാതെ, ഞാനുള്ളപ്പോൾ ഭയമെന്തിന്? ആപത്തിൽ ആരു വിളിച്ചാലും ചക്രപാണിയായി ഞാനവരെ സംരക്ഷിക്കും’. എന്നദ്ദേഹം അവർക്ക് ധൈര്യം നല്കി.

“ഞാൻ വിശ്വരക്ഷകനാണ്. എന്റെയീ കർമ്മത്തിന് ഒരു വിഘാതവും ഉണ്ടാവുകയില്ല. ബ്രഹ്മരൂപത്തിൽ സൃഷ്ടി ചെയ്യുന്നതും ശിവരൂപത്തിൽ സംഹാരം ചെയ്യുന്നതും ഞാനാകുന്നു. ഞാൻ ബ്രഹ്മാവും ശിവനും ആദിത്യനും എല്ലാമാണ്. ഇവർ തമ്മിൽ അന്തരമൊന്നുമില്ല. നിങ്ങൾ പരമശിവനെ പേടിക്കേണ്ടതില്ല. എല്ലാവർക്കും മംഗളം ഭവിക്കട്ടെ. ശങ്കരഭഗവാൻ ഭക്തവത്സലനാണ്. ക്ഷിപ്രപ്രസാദിയായ ഭക്തഭക്തനാണ് അദ്ദേഹം. സുദർശനചക്രവും പരമശിവനും എനിക്കേറ്റവും പ്രിയമാണ്. അർക്കനും ശങ്കരനും എന്റെ പ്രാണപ്രിയരാണ്. തേജസ്സിൽ അവരെ വെല്ലാൻ ആരുമില്ല. ലീലാ മാത്രയിൽ ബ്രഹ്മാണ്ഡങ്ങൾ ചമയ്ക്കാൻ മഹാദേവനാവും. കോടിബ്രഹ്മാക്കളെ സൃഷ്ടിക്കാനും മഹേശനു കഴിയും. അങ്ങിനെയുള്ള പരമശിവൻ പഞ്ചമുഖങ്ങളാലും എന്നെ ധ്യാനിച്ചു കഴിയുന്നു. എന്റെ ധ്യാനത്തിലും ആ മഹേശനാണുള്ളത്. എന്ന ഭജിക്കുന്നരെ ഞാൻ അതേ വിധത്തിൽത്തന്നെ സേവിക്കാൻ ശ്രദ്ധാലുവാണ്. ശിവം എന്നാൽ മംഗളം. ശിവത്തിന് അധിഷ്ഠാനദേവനാകയാലാണ് മഹേശന് ശിവൻ എന്ന പേരു സിദ്ധിച്ചത്.”

അപ്പോഴേയ്ക്ക് ക്രുദ്ധനായ ശൂലപാണി കാളപ്പുറത്തേറി ചുവന്ന കണ്ണുകളോടെ അവിടെയെത്തി. എന്നാൽ മഹാദേവന്‍ ലക്ഷ്മീകാന്തനെ കണ്ടയുടനെ വൃഷഭവാഹനത്തിൽ നിന്നുമിറങ്ങി വിഷ്ണു ഭഗവാനെ നമസ്ക്കരിച്ചു. ശ്രീഹരി രത്നഭൂഷിതനായി കിരീടകുണ്ഡലങ്ങൾ അണിഞ്ഞു വിളങ്ങിയിരുന്നു. മേഘവർണ്ണനായ ഭഗവാൻ വനമാല കഴുത്തിലണിഞ്ഞു് മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്ത് സർവ്വാംഗങ്ങളിലും ചന്ദനച്ചാറ് പൂശി ലക്ഷ്മീദേവി കൊടുത്ത താംബൂലം ആസ്വദിച്ചു കൊണ്ട് പരമശിവനെ സ്വീകരിച്ചു. വെഞ്ചാമരം വീശുന്ന പാർഷദൻമാരും നൃത്തഗീതങ്ങളിൽ മുഴുകിയ ദേവസ്ത്രീകളും ഭഗവാനു ചുറ്റും ഉണ്ടായിരുന്നു.

ഹരിയെ മഹാദേവൻ നമസ്ക്കരിച്ചു.  മഹാദേവനെ ബ്രഹ്മാവും സൂര്യനും കശ്യപനും സ്തുതിച്ചു. അപ്പോള്‍ മഹാദേവൻ വിഷ്ണുസവിധത്തിൽ ആസനസ്ഥനായി. വിഷ്ണുപാർഷദൻമാർ മഹേശന് വെഞ്ചാമരം വീശി. ശ്രീഹരി മഹാദേവനോട് കോപകാരണവും ആഗമനോദ്ദേശവും ആരാഞ്ഞു.

മഹാദേവൻ പറഞ്ഞു. ‘എനിക്ക് പ്രാണപ്രിയനായ ഭക്തശിരോമണി വൃഷധ്വജനെ ആദിത്യൻ ശപിച്ചിരിക്കുന്നു. വൃഷധ്വജൻ എനിക്ക്  പുത്രനെപ്പോലെയാണ്. അതിനാലാണ് എനിക്ക് കോപമുണ്ടായത്. സൂര്യനെ വധിക്കാനാണ് ഞാൻ പുറപ്പെട്ടത്. എന്നാൽ അവൻ ബ്രഹ്മാവിനെയും ഇപ്പോൾ അങ്ങയെയും അഭയം പ്രാപിച്ചിരിക്കുന്നു. വാക്കു കൊണ്ടോ ധ്യാനത്താലോ പോലും നിന്നെ ശരണം പ്രാപിച്ചവർക്ക് ആപത്തു വരികയില്ല.  പിന്നെ നേരിട്ട് നിന്റെ സവിധമണയുന്നവരുടെ കാര്യം പറയാനില്ല. ഹരിസ്മരണം അഭയപ്രദമാണെന്ന് നമുക്കറിയാം. സൂര്യശാപം മൂലം ഐശ്വര്യം നഷ്ടപ്പെട്ട എന്റെ ഭക്തന്റെ കാര്യം ഇനിയെന്താവും? അങ്ങു തന്നെ പറഞ്ഞാലും.’

ഭഗവാൻ വിഷ്ണു പറഞ്ഞു. ‘ഇവിടുത്തെ അരനാഴികനേരം കൊണ്ടു് ബ്രഹ്മാണ്ഡത്തിൽ ഇരുപത്തിയൊന്ന് യുഗങ്ങൾ കഴിഞ്ഞിരിക്കുന്നു. അങ്ങ് ഇപ്പോള്‍ മടങ്ങിയാലും. വൃഷധ്വജൻ കാലം പൂകിയിട്ട് യുഗങ്ങളായി. മാത്രമല്ല അദ്ദേഹത്തിന്റെ മകൻ രഥധ്വജനും ശ്രീരഹിതനായി മരണപ്പെട്ടു. ഇനിയതിൽ വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. രഥധ്വജപുത്രൻമാരായ ധർമ്മധ്വജനും കുശധ്വജനും ഭക്തരായിരുന്നുവെങ്കിലും ശാപബലത്താൽ ഐശ്വര്യ ഹീനരായിത്തീര്‍ന്നു. എന്നാൽ അവർ ലക്ഷ്മീ ഉപാസനയിൽ മുഴുകിയിരിക്കുന്നതിനാൽ ദേവി സ്വയം കലാംശമായി അവരുടെ കുലത്തിൽ വന്നു പിറക്കുന്നതാണ്. അങ്ങിനെ ആ കുലത്തിനു വീണ്ടും സമ്പത്തും ഐശ്വര്യവും ഉണ്ടാവും. മഹാദേവാ അങ്ങയുടെ പ്രിയശിഷ്യൻ മരിച്ചുവല്ലോ. ഇനി അവനെയോർത്ത് ദുഃഖിക്കേണ്ട. എല്ലാവരും സ്വധാമങ്ങളിലേക്ക് മടങ്ങിയാലും.’

ദേവൻമാർ മടങ്ങിപ്പോയപ്പോൾ ശ്രീഹരി ദേവിയുമായി അന്തപ്പുരത്തിലേക്ക് പോയി. പരിപൂർണ്ണതമനായ ശംഭു വീണ്ടും തപസ്സു ചെയ്യാൻ പുറപ്പെട്ടു.

Monday, March 6, 2017

ദിവസം 236. ശ്രീമദ്‌ ദേവീഭാഗവതം. 9.14. ഗംഗാ വിവാഹം

ദിവസം 236.  ശ്രീമദ്‌ ദേവീഭാഗവതം. 9.14.  ഗംഗാ വിവാഹം

ലക്ഷ്മീ സരസ്വതീ ഗംഗാ തുളസീ വിശ്വ പാവനീ
ഏതാ നാരായണ സ്യൈവ ചതസ്രശ്ച പ്രിയാ ഇതി
ഗംഗാ ജഗാമ വൈകുണ്ഠമിദമേവ ശ്രുതം മയാ
കഥം സാ തസ്യ പത്നീ ച ബഭൂവേതി ച ന ശ്രുതം.

നാരദൻ പറഞ്ഞു: നാരായണന്റെ പ്രിയ പത്നിമാരായി ലക്ഷ്മി, സരസ്വതി, ഗംഗ, തുളസി എന്നിവരാണെന്ന് പ്രസിദ്ധമാണ്. ഗംഗ വൈകുണ്ഠത്തിലേക്ക് പോയി എന്നു ഞാൻ കേട്ടിട്ടുണ്ടെങ്കിലും ദേവി ഭഗവാന്റെ പത്നിയായത് എങ്ങിനെയെന്നുകൂടി  പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: ഗംഗാദേവി വൈകുണ്ഠത്തിൽ എത്തിയ ഉടനേ തന്നെ പിതാമഹനായ ബ്രഹ്മാവും അവിടെയെത്തി. അവർ രണ്ടാളും ഭഗവാനെ നമസ്കരിച്ചു. ബ്രഹ്മാവ് പറഞ്ഞു: രാധാകൃഷ്ണൻമാരുടെ അംഗങ്ങളിൽ നിന്നും സംജാതയായ ദ്രവരൂപിണിയായ ഗംഗ നവയൗവനയുക്തയും സൗന്ദര്യ സൗശീല്യങ്ങളുടെ ഇരിപ്പിടവുമാണ്.  കൃഷ്ണസംഭൂതയും സത്വസ്വരൂപിണിയുമായ ഇവൾ കൃഷ്ണനൊഴികെ ആരെയും ഭർത്താവായി സ്വീകരിക്കുകയില്ല. എന്നാൽ അത്യന്തം തേജസ്വിനിയായ രാധ ഗംഗയെ കുടിച്ചു വറ്റിക്കാൻ തുടങ്ങി. ഭയപ്പാടോടെ ഗംഗ ഭഗവാന്റെ കാൽത്തളിരിൽ പോയി ഒളിച്ചു. അതോടെ ഗോലാകമാകെ ഉണ്ടങ്ങി വരണ്ടു.

സർവ്വാന്തര്യാമിയായ ഭഗവാൻ എല്ലാവരുടെയും ആഗ്രഹമനുസരിച്ച്  തന്റെ കാലിന്റെ പെരുവിരൽ നഖാഗ്രത്തിൽ നിന്നും ഗംഗയെ പുറത്തേക്ക് ഒഴുക്കിവിട്ടു. അപ്പോള്‍ ഇവൾക്ക് ഞാൻ രാധാമന്ത്രം ഉപദേശിച്ചു നൽകി. ബ്രഹ്മാണ്ഡത്തിൽ ജലം നിറഞ്ഞു. രാധയെയും രാധേശനായ ഭഗവാനെയും നമസ്കരിച്ച് ഞാൻ അങ്ങയെ കാണാൻ വന്നിരിക്കുകയാണിപ്പോൾ. അങ്ങീ സുന്ദരിയെ സ്വീകരിച്ചാലും. അങ്ങ് മറ്റാരേക്കാളും രസികനാണ്. ഇവളും അതിരസിക തന്നെ. പുരുഷരത്നമായ ഭഗവാനും നാരീരത്നമായ ഗംഗയും തമ്മിൽ ചേരേണ്ടതാണ്. വിദഗ്ധന് ചേരുന്നത് വിദഗ്ധയാണ്. സ്വയം വന്നുചേർന്ന കന്യകയെ സ്വീകരിക്കുന്നത് പുരുഷധർമ്മവുമാണ്. അതനുഷ്ഠിക്കാത്തവനെ ലക്ഷ്മീദേവി പോലും കൈവിടും. ജ്ഞാനമുള്ളവൻ ഒരു നാരിയെ അപമാനിക്കുകയില്ല.

പുരുഷൻ നാരീസംഭൂതനാണ്. നാരികൾ പ്രകൃതിയുടെ അംശങ്ങളുമാണ്. അതുകൊണ്ടു് നാരികളെ ആരും അപമാനിക്കരുത്. അങ്ങ് നിർഗ്ഗുണനും പ്രകൃതിക്ക് അതീതനുമാണെങ്കിലും അങ്ങ് പ്രകൃതിക്കും നാഥനാണ്. പരിപൂർണ്ണനായ കൃഷ്ണന്റെ അർദ്ധാംഗം ദ്വിഭുജനായ ശ്രീകൃഷ്ണനാണ്. കൃഷ്ണന്റെ മറ്റേ പകുതി ചതുർഭുജനായ വിഷ്ണുവുമാണ്. രാധയാണെങ്കിൽ കൃഷ്ണന്റെ വാമഭാഗത്ത് നിന്നും ഉണ്ടായവളാണ്. ആ രാധയുടെ വലതു ഭാഗം രാധയും ഇടതു ഭാഗം ലക്ഷ്മിയുമാകുന്നു. കൃഷ്ണനും നാരായണനും അഭിന്നരത്രേ. അങ്ങയുടെ  അംഗജാതയായ ഇവൾ അങ്ങയെ വരിക്കുന്നത് പരമപുരുഷൻ പ്രകൃതിയോട് ചേർന്നിരിക്കുന്നതുപോലെയാണ്. സ്ത്രീ പുരുഷൻമാർ ശിവശക്തികൾ എന്ന പോലെ ഏകാംഗരാണ്.

ഇത്രയും പറഞ്ഞ് ബ്രഹ്മാവ് അവിടെ നിന്നും മടങ്ങി. ഭഗവാൻ ഗംഗയെ ഗന്ധർവ്വവിധിയനുസരിച്ച് പൂവും ചന്ദനവും വച്ച് പാണിഗ്രഹണം ചെയ്തു. ഭഗവാൻ അങ്ങിനെ ഗംഗയുമായി രമിച്ചു വിഹരിച്ചു. അതിനു ശേഷമാണ് ശാപം കിട്ടിയ ഗംഗ ഭൂമിയിൽ വന്നു പതിച്ചത്. വിഷ്ണുപദത്തിൽ നിന്നും ഉദ്ഭവിക്കയാൽ ഗംഗയ്ക്ക് വിഷ്ണുപദി എന്ന പേരുമുണ്ടായി. ഒടുവിൽ ദേവി വൈകുണ്ഠത്തിൽ മടങ്ങിയെത്തി. നവസംഗമലീലയിൽ ഗംഗാദേവി ഭഗവാനുമായി രമിച്ചു മൂർച്ഛിച്ചു. അതു കണ്ട് വാണീദേവി ഏറെ വിഷമിച്ചു. സരസ്വതിക്ക് ഗംഗയോട് അസൂയയുണ്ടായിരുന്നുവെങ്കിലും തിരിച്ച് അങ്ങിനെയായിരുന്നില്ല. എങ്കിലും ഒടുവിൽ വിഷ്ണുപ്രിയയായ ഗംഗ സരസ്വതിയെ ശപിച്ച് ഭാരതത്തിലേക്കയച്ചു.

മഹാവിഷ്ണുവിന് ആദ്യം മൂന്നു പത്നിമാരായിരുന്നു. പിന്നീട് തുളസീദേവിയും ചേർന്ന് ഭഗവാന് ഭാര്യമാര്‍ നാലായി.

Sunday, March 5, 2017

ദിവസം 235. ശ്രീമദ്‌ ദേവീഭാഗവതം. 9.13. ഗംഗോപാഖ്യാനം

ദിവസം 235.  ശ്രീമദ്‌ ദേവീഭാഗവതം. 9.13. ഗംഗോപാഖ്യാനം

കലേ പഞ്ച സഹസ്രാബ്ദേ സമതീതേ സുരേശ്വര
ക്വ ഗതാ സാ മഹാഭാഗ തന്മേ വ്യാഖ്യാതുമർഹസി
ഭാരതം ഭാരതീ ശാപാത്സമാഗത്യേശ്വരേച്ഛയാ
ജഗാമ തത്ര വൈകുണ്ഠേ ശാപാന്തേ പുനരേവ സാ

നാരദൻ ചോദിച്ചു. സുരേശ്വരാ, കലിവർഷം അയ്യായിരം കഴിഞ്ഞപ്പോൾ മഹാഭാഗയായ ഗംഗ എങ്ങോട്ടാണ് പോയത്?

ഈശ്വരേഛയാല്‍ ഭാരതത്തില്‍ വന്നു കലാംശയായി പിറന്ന ഗംഗ ഒടുവിൽ വൈകുണ്ഠത്തിലേയ്ക്ക് തന്നെ തിരിച്ചു പോയി. അതുപോലെ സരസ്വതിയും പത്മാവതിയും ഭൂവാസം കഴിഞ്ഞ് വൈകുണ്ഠത്തിൽ തിരികെയെത്തി. വേദപ്രകാരം ഭഗവദ് പത്നിമാർ ഈ മൂന്നുപേരും പിന്നെ തുളസീദേവിയുമാണ്.

നാരദൻ പറഞ്ഞു: ഭഗവാൻ ഹരിയുടെ പാദങ്ങളിൽ നിന്നും ഉദ്ഭൂതയായ ഗംഗ ബ്രഹ്മാവിന്റെ കമണ്ഡലുവിൽ എത്തി. എന്നാലവള്‍ പിന്നീട് ശങ്കരപത്നിയുമായി എന്നു കേട്ടിരിക്കുന്നു. അതിന്റെ കഥ കൂടി വിസ്തരിച്ചാലും പ്രഭോ.

നാരായണൻ തുടർന്നു: ഗോലോകത്ത് രാധാകൃഷ്ണൻമാരിൽ നിന്നും അവരുടെ അംശമായാണല്ലോ ഗംഗ പിറവിയെടുത്തത്. അതീവസുന്ദരിയായ ഗംഗ ജലത്തിന്റെ അധിഷ്ഠാനദേവതയാണ്. സർവ്വാഭരണവിഭൂഷിതയും സദാ നവയൗവനസമ്പന്നയുമാണ് ഗംഗാദേവി. തനിത്തങ്കനിറം. ശരത്കാല മധ്യാഹ്നത്തിൽ വിടർന്നുല്ലസിക്കുന്ന താമരപോലുള്ള മുഖത്ത് സദാ പുഞ്ചിരി കളിയാടുന്നു. ശുദ്ധസത്വത്തിന്റെ വെണ്മയാണവൾക്ക്. തടിച്ചുറച്ച അരക്കെട്ടും അഴകാർന്ന ജഘനവും. തിങ്ങിവിങ്ങിയ അഴകുറ്റ കുചദ്വയങ്ങളും. കമനീയമായ കടക്കണ്ണുകള്‍കൊണ്ടുള്ള നോട്ടങ്ങൾ. മാലതീ മാലയണിഞ്ഞ മുടിക്കെട്ട്. അർദ്ധചന്ദ്രാകൃതിയിൽ ചന്ദനക്കുറി. കസ്തൂരി ചേർത്ത പത്തിക്കൂറ് വരച്ച കവിൾത്തടങ്ങള്‍. ഉച്ചമലരിപ്പൂപോലെ ചുവന്ന ചുണ്ടുകൾ. തളിർമാതളവിത്തിനൊക്കുന്ന പല്ലുകൾ. ഞൊറിഞ്ഞുടുത്ത വഹ്നിശുദ്ധമായ പുടവ.

ലജ്ജാവതിയും എന്നാൽ സകാമയുമായി അവർ കൃഷ്ണറെ സമീപം വസ്ത്രാഞ്ചലം കൊണ്ടു് മുഖം തെല്ലുമറച്ച് ഭഗവാന്റെ മുഖകമലത്തിലേക്ക് തന്നെ നോക്കിനിന്നു. ആ കോമളരൂപത്തെ കണ്ണുകൾ കൊണ്ട് പീലിയുഴിഞ്ഞ് സംഗലോലയായി അവളവിടെ നിലകൊണ്ടു. ഇതുകണ്ടു കൊണ്ടു് ഗോലോകത്തിന്‍റെ റാണി രാധാദേവി അങ്ങോട്ടു വന്നു. അവൾക്ക് കൂട്ടായി മുപ്പതുകോടി രാധികമാരുമുണ്ട്. ഗജേന്ദ്രനെപ്പോലെ മദഗാമിനിയായ രാധയുടെ മുഖം കോടിചന്ദ്രപ്രഭയുള്ളതാണെങ്കിലും കോപംകൊണ്ട് തുടുത്തിരുന്നു. അമൂല്യ രത്നങ്ങൾ അണിഞ്ഞും അഗ്നിപ്രഭയോലുന്ന ഉടയാടയണിഞ്ഞും വരുന്ന അവൾ നടക്കുമ്പോൾ ഓരോ പദം വയ്ക്കാനും ഓരോരോ പുതുചെന്താമരകൾ നിലത്തു വിടരുന്നുണ്ടായിരുന്നു. ദിവ്യരത്നവിമാനത്തിൽനിന്നുമിറങ്ങിയ രാധയെ പരിചരിക്കാൻ മഹർഷിമാർ വെഞ്ചാമരവുമെടുത്ത് തയ്യാറായി നിന്നു. കസ്തൂരിചന്ദനത്തൊടുകുറി ചാർത്തി സീമന്തരേഖയിൽ ദീപശിഖപോലെ കുങ്കമമണിഞ്ഞ് മന്ദാരപ്പൂചൂടിയ കേശഭാരവുമായി വന്ന ദേവിയുടെ അഴകാർന്ന ചുണ്ടുകൾ കോപത്താൽ തുടിച്ചിരുന്നു.

എണ്ണമറ്റ തോഴിമാരോടു കൂടി അവിടെയെഴുന്നള്ളിയ രാധാദേവിയെക്കണ്ട് ഭഗവാൻ സിംഹാസനത്തിൽ നിന്നുമെഴുന്നേറ്റു. ദേവി സമീപത്തുള്ള മറ്റൊരു സിംഹാസനത്തിൽ ഇരുന്നു. ഭഗവാൻ പുഞ്ചിരിതൂകി മധുരവാക്കുകൾ പറഞ്ഞു. സാക്ഷാൽ പരമശിവനും രാധയെ സ്തുതിച്ചു. ഗോപൻമാരും കൃഷ്ണനും അവൾക്ക് സ്തുതിപാടി. ഗംഗയും പെട്ടെന്നെഴുന്നേറ്റ് ചെന്ന് രാധയെ സ്തുതിച്ച് കുശലം ചോദിച്ചു. ശ്രീകൃഷ്ണന്റെ പാദങ്ങൾ സദാ മനസ്സിൽ കണ്ടിരുന്ന അവളുടെ തൊണ്ടയും ചുണ്ടും വരണ്ടുവെങ്കിലും അവൾ രാധയോട് മധുരോക്തികൾ പറഞ്ഞു, ദേവിയെ വാഴ്ത്തി.

ഭീതിപൂണ്ടു നിന്ന ഗംഗയ്ക്ക് ഭഗവാൻ ആശ്വാസമേകി. ബ്രഹ്മതേജസ്സിനാൽ പ്രോജ്വലിച്ചു വിലസുന്ന രാധയെ ഗംഗാദേവിയവിടെ ഉത്തുംഗ സിംഹാസനത്തിൽ വിരാജിക്കുന്നവളായി കണ്ടു. സൃഷ്ടിയുടെ സമാരംഭത്തിൽ ബ്രഹ്മാദികളെ സൃഷ്ടിച്ച സനാതനിയായ ദേവിക്ക് എന്നും പന്ത്രണ്ടു വയസ്സാണ് പ്രായം. വിശ്വവന്ദ്യയും നിരുപമയും ആദ്യന്തഹീനയും ശാന്തയും കാന്തയും മഹാസതിയും ശുഭസർവ്വസ്വയും സുഭഗയും വിശ്വോത്തര മഹാസുന്ദരിയും സാക്ഷാൽ ശ്രീകൃഷ്ണന്റെ പാതി മെയ്യും കൃഷ്ണതുല്യയും വിഷ്ണുവും ലക്ഷ്മിയും ആരാധിക്കുന്നവളും ആയ രാധയെ ഗംഗാദേവി നിർന്നിമേഷയായി നോക്കിനിന്നു. സഖിമാർ നല്കിയ താംബൂലം ചർവ്വണം ചെയ്തുകൊണ്ടു് ദേവിയാ സിംഹാസനത്തിൽ ഇരുന്നരുളി.

ജനനമില്ലാത്തവളും സർവ്വലോകജനനിയും ധന്യയും മാനിനിയും കൃഷ്ണപ്രാണവല്ലഭയും ശ്രീകൃഷ്ണന് പോലും അധിഷ്ഠാനദേവതയുമാണ് രാധ. കൃഷ്ണപ്രിയതമയും രമയും രാസേശ്വരിയുമായ രാധയെക്കണ്ട് ഗംഗയ്ക്ക് മതിയായില്ല. ആ സമയത്ത് സുസ്മിത ഭാവത്തിൽ വിനയത്തോടെ രാധ ശ്രീകൃഷ്ണനോടായി ഇങ്ങിനെ പറഞ്ഞു:

"നിന്റെ അരികത്തു നിന്നു പുഞ്ചിരി തൂകുന്ന ആ സുന്ദരിയാരാണ്? കാമാതുരയായി നിന്റെ മുഖകമലത്തെത്തന്നെയാണവർ സാകൂതം നോക്കുന്നത്! വസ്ത്രാഞ്ചലം കൊണ്ട് മുഖം പാതിമറച്ച് അവൾ അങ്ങയെ നോക്കി പുളകം കൊളളുന്നു. നീയും കാമഭാവത്തിലാണ് അവളെ നോക്കുന്നത്. ഞാനിവിടെ ഗോലോകത്ത് ഇരിക്കുമ്പോൾത്തന്നെയാണ് അങ്ങയുടെയീ ദുർവൃത്തി. സ്ത്രീകൾക്ക് അലിവേറുമല്ലോ അതിനാൽ ഞാനിത് പൊറുക്കുന്നു. സ്ത്രീലമ്പടനായ നീ ഇവളെയും കൂട്ടി ഗോലോകത്തു നിന്നും പൊയ്ക്കൊള്ളുക. വ്രജനായകനായ അങ്ങേയ്ക്ക് സ്വൈരം കിട്ടാൻ അതാണ് നല്ലത്.

ഞാൻ വിരജയോടൊപ്പം അങ്ങയെ ചന്ദനവനത്തിൽ വച്ച് കണ്ടിരുന്നു. സഖിമാർ പറഞ്ഞതുകൊണ്ടു് ഞാനന്ന് ക്ഷമിക്കുകയായിരുന്നു. അന്നെന്റെ ശബ്ദം കേൾക്കേ നീ പെട്ടെന്ന് പോയി ഒളിച്ചു കളഞ്ഞു. വിരജയാണെങ്കിൽ ഒരു നദിയായിത്തീർന്നു. കോടിയോജനവീതിയും നാലുകോടിയോജന നീളത്തിലും അങ്ങയുടെ കീർത്തിയെന്ന പോലെ അവൾ ഇന്നും ഒഴുകുന്നു.

ഞാൻ അവിടെനിന്നും മടങ്ങിയ തക്കത്തിൽ അങ്ങ് 'വിരജേ, വിരജേ' എന്നു വിളിച്ച് കരഞ്ഞപ്പോൾ അവൾ ഒരു സിദ്ധയോഗിനിയായി നിനക്ക് ദർശനം നല്കിയതും എനിക്കറിയാം. അവളെ പുണർന്ന് അങ്ങ് നടത്തിയ വീര്യാധാനത്തിൽ നിന്നുമാണല്ലോ സപ്തസമുദ്രങ്ങൾ ഉണ്ടായത്!

മറ്റൊരിക്കൽ ശോഭ എന്നൊരു ഗോപികയുമൊത്ത് അങ്ങ് ചമ്പകവനത്തിൽ ക്രീഡിക്കുന്നതും ഞാൻ കണ്ടു. അവളും ദേഹം വെടിഞ്ഞു. ചന്ദ്രമണ്ഡലം പൂകിയ ശോഭ സ്നിഗ്ദ്ധതേജസ്സായി മാറി. ആ തേജസ്സിനെ അങ്ങു തന്നെ രത്നങ്ങൾക്കും സ്വർണ്ണത്തിനുമൊക്കെ വീതിച്ചു നല്കിയല്ലോ. കുറച്ചു ശോഭ സ്ത്രീമുഖങ്ങൾക്കും കുറച്ച് രാജാക്കൻമാർക്കും കുറച്ച് പൂംതളിരുകൾക്കും കുറച്ച് പൂക്കൾക്കും നല്കി. പഴങ്ങൾക്കും സസ്യങ്ങൾക്കും അലങ്കരിച്ച രാജമന്ദിരങ്ങൾക്കും ദേവാലയങ്ങൾക്കും തേജസ്സിന്റെ അംശങ്ങൾ നല്കി. പുതുമുളയ്ക്കും പാലിനും ഈ തേജസ്സു് കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്.

പിന്നീടൊരിക്കൽ പ്രഭയെന്ന ഗോപികയെ ഞാൻ നിന്റെകൂടെ കണ്ടു. എന്നെ കണ്ടപ്പോഴേ അവളും ദേഹം വെടിഞ്ഞു സൂര്യമണ്ഡലം പൂകി. അവളുടെ ഉടൽ ഒരു തേജ:പുഞ്ജമായി മാറി. അപ്പോഴും അങ്ങ് പ്രേമവിരഹത്താൽ കരഞ്ഞുകൊണ്ട് ആ തേജസ്സ് പലർക്കായി വീതിച്ചു നല്കി. കണ്ണുകളിലൂടെ അങ്ങത് അഗ്നിക്കും, പുരുഷ കേസരികൾക്കും, ദേവൻമാർക്കും, വിഷ്ണുഭക്തൻമാർക്കും സർപ്പങ്ങൾക്കും യക്ഷൻമാർക്കും ബ്രാഹ്മണർക്കും മുനിമാർക്കും തപസ്വികൾക്കും സൗഭാഗ്യവതികൾക്കും യശസ്വികൾക്കും നല്കുകയുണ്ടായി. എന്നിട്ടും വിരഹസങ്കടം പൊറാഞ്ഞ് അങ്ങ് വിലപിച്ചുകൊണ്ടിരുന്നു.

പിന്നീടു് ശാന്തിയെന്ന ഗോപികയാണ് അങ്ങയുടെ മനം കവർന്നത്. രാസമണ്ഡലത്തിൽവച്ച് ഞാൻ നിങ്ങളെ കയ്യോടെ പിടികൂടി. വസന്തകാലമായിരുന്നല്ലോ അത്. പൂമാല ചൂടി ചന്ദനച്ചാറും പൂശി മണിദീപങ്ങൾ എരിയുന്ന മണിഗൃഹത്തിൽ  പൂമെത്തമേൽ ഇരുന്ന് ശാന്തിയുമായി അങ്ങ് കേളിയാടുകയായിരുന്നു. അങ്ങ് അവൾ നല്കിയ താംബൂലം ചവച്ച് ആസ്വദിക്കുകയായിരുന്നു. എന്റെ ശബ്ദം കേട്ടതും ശാന്തി ദേഹമുപേക്ഷിച്ചു. അവൾ സ്വയം അങ്ങയിൽ ലയിച്ചുചേർന്നു.

ശാന്തിയെയും അങ്ങ് വിരഹവേദനയുള്ളപ്പോൾത്തന്നെ പലർക്കായി വീതിച്ചു നല്കി. വിശ്വത്തിനും വനങ്ങൾക്കും ബ്രഹ്മാവിനും എനിക്കും ലക്ഷ്മിക്കും വിഷ്ണുഭക്തർക്കും ശാക്തൻമാർക്കും തപസികൾക്കും ധർമ്മിഷ്ഠൻമാർക്കും ധർമ്മനും ശാന്തിയുടെ അംശം വീതമായി ലഭിച്ചു.

പിന്നീടു് അങ്ങയെ ഒരിക്കൽ ക്ഷമയെന്ന ഗോപികയുടെ കൂടെയാണ് ഞാന്‍ കണ്ടത്. സുഗന്ധമാലയണിഞ്ഞ് ചന്ദനക്കുറിചാർത്തി അങ്ങ് അവളുമായി പൂമെത്തയിൽ പുതുസംഗമമൂർച്ഛയുടെ ആലസ്യത്തിൽ കിടക്കുകയായിരുന്നു. സുഖകരമായ തളർച്ചയിൽ കിടന്നുറങ്ങുന്ന രണ്ടാളേയും ഞാനാണ് വിളിച്ചുണർത്തിയത്. അന്നു ഞാൻ നിന്റെ മഞ്ഞ ചേലയും വനമാലയും മണി കുണ്ഡലവും കോലക്കുഴലും കൗസ്തുഭവും മറ്റും എടുത്തു കൊണ്ടുപോയത് നീ മറന്നുവെന്നോ? പിന്നീട് ദാസിമാരുടെ നിർബന്ധം കാരണം ഞാനവ നിനക്ക് തിരികെ തന്നുവെന്നേയുള്ളു.

ലജ്ജയും പാപവുമാണ് അവിടുത്തെ ദേഹത്തെ ഇങ്ങിനെ കാർവർണ്ണമാക്കിയത്. ക്ഷമയും അവളുടെ ദേഹം ഉപേക്ഷിച്ചു. പ്രേമക്കണ്ണീരു വീഴ്ത്തിക്കൊണ്ടു് ആ ദേഹം നീ പലർക്കായി വീതിച്ചു നൽകി. വിഷ്ണുവിനൽപ്പം നൽകി. വൈഷ്ണവൻമാർക്കും ധർമ്മിഷ്ഠർക്കും കുറച്ചു വീതം കിട്ടി. ദുർബ്ബലർ, മഹർഷിമാർ, പണ്ഡിതർ, ദേവൻമാർ എന്നിവരിലെല്ലാം ക്ഷമയുടെ അംശം അങ്ങിനെയാണ് ഉണ്ടായത്.

ഞാനിങ്ങിനെ നിന്റെ ഗുണഗണങ്ങൾ പറഞ്ഞിരുന്നതുകൊണ്ടു് എന്തു കാര്യം? നിനക്കുള്ള യോഗ്യതകൾ പറഞ്ഞാൽ തീരില്ല. ഇത്രയും പറഞ്ഞ് രാധാദേവി കണ്ണീരോടെ ഗംഗയോടു സംസാരിക്കാൻ മുതിരവേ ഗംഗ തന്റെ സിദ്ധയോഗത്താൽ അപകടം മണത്തറിഞ്ഞു. അവൾ സഭയിൽ പെട്ടെന്ന് അപ്രത്യക്ഷയായി. അവൾ സ്വന്തം ജലത്തിൽ ആമഗ്നയായി മറഞ്ഞു. എന്നാൽ രാധയുടെ സിദ്ധി അതിനുമപ്പുറമായിരുന്നു.

ഗംഗാജലത്തിൽ വിലയിതയാണ് ദേവിയെന്നറിഞ്ഞ രാധ ആ ജലം മുഴുവൻ കുടിച്ചു വറ്റിക്കാൻ തീരുമാനിച്ചു. എന്നാൽ ഈ വിവരം മനസ്സിലാക്കിയ ഗംഗ ശ്രീകൃഷ്ണ ഭഗവാന്റെ പദകമലങ്ങളിൽ അശ്രയം തേടി. രാധയാണെങ്കിൽ ഗംഗയെ സത്യലോകത്തും ഗോലോകത്തും വൈകുണ്ഡത്തിലും എല്ലാം തിരഞ്ഞു. ബ്രഹ്മാണ്ഡം പെട്ടെന്ന് ജലമയമില്ലാതെ വറ്റിവരണ്ടു. ജലജന്തുക്കൾ മരിച്ചുവീണു. ലോകം ഒരുണങ്ങിയ ചെളിക്കട്ടയായി.

ത്രിമൂർത്തികളും അനന്തനും ധർമ്മനും ഇന്ദ്രാദികളും മഹർഷിമാരും സിദ്ധതാപസൻമാരും തൊണ്ടവരണ്ടു് കഷ്ടത്തിലായി. അവർ ഗോവിന്ദനിൽ അഭയം തേടി. ഗോലോകത്തിൽ ചെന്ന് പരാത്പരനായ ശ്രീകൃഷ്ണഭഗവാനെ കണ്ടു സങ്കടമുണർത്തിച്ചു. വരനും വരേണ്യനും വരകാരണനും നിരീഹനും നിരാമയനും അനാശ്രയനും നിർഗ്ഗുണനും നിരാശ്രയനും സ്വേച്ഛാമയനും ഭക്താനുഗ്രഹകാതരനും സത്യസ്വരൂപനും സത്യേശനും പരനും പരേശനും പരമനും ആയ ഭഗവാനെ വാഴ്ത്തി സ്തുതിച്ച് അവർ രോമാഞ്ചം കൊണ്ടു.

അപ്പോൾ വെൺചാമരം വീശുന്ന ഗോപാലൻമാരാൽ പരിചരിക്കപ്പെട്ട് അമൂല്യരത്നസിംഹാസനത്തിൽ വിരാജിക്കുന്ന ജ്യോതിർമയനായ ശ്രീഹരി ഗോപാലികമാരുടെ നൃത്തങ്ങളും സ്തുതികളും ആസ്വദിച്ച് ഇരിക്കുകയായിരുന്നു. ശ്രീരാധ നൽകുന്ന താംബൂലം വായിലിട്ടു കൊണ്ട് അവളെ തന്റെ മാറിടത്തിൽ ചേർത്തുവച്ചിരിക്കുന്ന ഭഗവാന്റെ ദൃശ്യം ആഗതരെ സംതൃപ്തരാക്കി. അവർ പരസ്പരം നോക്കിയിട്ട് അവസാനം ബ്രഹ്മദേവനെ തങ്ങളുടെ കാര്യമുണർത്തിക്കാനേൽപ്പിച്ചു. അദ്ദേഹം മഹാവിഷ്ണുവിനെ വലതുവശത്തും ഇടത് വശത്ത് വാമദേവനെയും കൂട്ടി ശ്രീകൃഷ്ണപരമാത്മാവിനോടു് കാര്യമുണർത്തിക്കാൻ സഭയിലെത്തി.

അവിടമാകെ കൃഷ്ണമയമായിരിക്കുന്നു. ആ രാസമണ്ഡലത്തിൽ എല്ലാവരും വനമാലയണിഞ്ഞ് കോലക്കുഴൽ കൈയിൽപ്പിടിച്ച് മയിൽപ്പീലി മൂടിയിൽ ചൂടി മാറിൽ കൗസ്തുഭരത്നവുമായി വിളങ്ങുന്നു. എല്ലാവർക്കും ഒരുപോലുള്ള സിംഹാസനങ്ങൾ ഉണ്ടു്. സൗന്ദര്യമൂർത്തികളാണ് അവരെല്ലാം. രൂപം, ഗുണം, തേജസ്സ്, വയസ്സ് എല്ലാമവർക്ക് ഒരു പോലെയാണ്. അവരിൽ സേവ്യ-സേവക വ്യത്യാസം കാണാതെ ബ്രഹ്മാവ് കുഴങ്ങി. പെട്ടെന്ന് അവരെല്ലാം സാകാരഭാവം വെടിഞ്ഞ് നിരാകാരരായി. തേജസ്സു മാത്രമായി അവർ അവിടെ വിളങ്ങി. നിമിഷമാത്രയിൽ സാകാരവും നിരാകാരവുമായി കൃഷ്ണനവിടെ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെട്ടു.

ഒരിക്കൽ രാധാസമേതനായും അപ്പോൾത്തന്നെ തനിച്ചും ഭഗവാൻ കാണപ്പെട്ടു. മാത്രമല്ല കൃഷ്ണനെ രാധയായും രാധയെ കൃഷ്ണനായും ബ്രഹ്മാവവിടെ മാറിമാറിക്കണ്ടു. സ്ത്രീ പുരുഷനും പുരുഷൻ സ്ത്രീയുമായി ക്ഷണത്തിൽ മാറിമറയുന്ന ദൃശ്യം ബ്രഹ്മാവിനെ കുഴക്കി. അദ്ദേഹം കണ്ണുകളടച്ച് സർവ്വാപരാധങ്ങൾക്കും ക്ഷമ ചോദിച്ചു.

തന്റെതന്നെയുള്ളിൽ വാഴുന്ന ശ്രീകൃഷ്ണഭഗവാനോട് ബ്രഹ്മാവ് ധ്യാനയോഗമാർഗ്ഗത്താൽ പ്രാർത്ഥിച്ചു. പിന്നെ കണ്ണ് തുറന്നപ്പോൾ രാധയുടെ മാറിൽ വാഴുന്ന കൃഷ്ണന്റെ രൂപം അദ്ദേഹത്തിനു കാണായി . സ്വപാർഷദൻമാരാൽ പരിസേവിതരായി വാഴുന്ന ശ്രീഹരിയെ ബ്രഹ്മാവ് പ്രണമിച്ചു. ഭഗവാന് ആഗതരുടെ ആവശ്യം മനസ്സിലായി.

രമാപതി അവരോട് പറഞ്ഞു: 'കമലാപതേ, മഹാദേവാ, ബ്രഹ്മാവേ, വന്നാലും. എല്ലാവർക്കും ക്ഷേമമല്ലേ? നിങ്ങൾ ഗംഗയെ കൊണ്ടുപോവാനായി വന്നതാണല്ലോ? അവൾ പേടിച്ച് എന്റെ കാൽക്കീഴിൽ അഭയം തേടിയിരിക്കുന്നു. അവളെ പുറത്തു കണ്ടാൽ രാധയവളെ കുടിച്ചു വറ്റിച്ചുകളയും. അവളുടെ പേടി തീർക്കാൻ നിങ്ങൾക്കാവുമെങ്കിൽ ഞാനവളെ തരാം.' ഭഗവാൻ കൃഷ്ണന്റെ ഈ വാക്കുകൾ കേട്ട് നാൻമറകൾക്കും അധിപനായ ബ്രഹ്മാവ് നാലുമുഖങ്ങൾ കൊണ്ടും രാധാദേവിയെ വാഴ്ത്തി.

ബ്രഹ്മാവ് പറഞ്ഞു: 'രാധാദേവീ, ഈ ഗംഗയുടെ ഉത്ഭവം അവിടുന്ന് ശങ്കരസംഗീതത്തിൽ ലയിച്ച് ഭഗവാനുമായി രമിച്ചപ്പോഴല്ലേ ഉണ്ടായത് ? ദ്രവരൂപത്തിലുള്ള ഗംഗ നിന്റെ പുത്രിയാണ്. ഇനിമുതല്‍ നിന്റെ മന്ത്രം ഗ്രഹിച്ച് അവൾ നിന്നെ പൂജിച്ചു കൊള്ളും. ചതുർഭുജനായ വിഷ്ണു അവൾക്ക് പതിയാവട്ടെ. എന്നാൽ കലാംശം കൊണ്ടു് ഭൂമിയിലെത്തുന്ന അവൾക്ക് സമുദ്രവും പതിയാവും. ദേവീ, നിന്റെ പുത്രിയായ ഗംഗ എങ്ങുമെങ്ങും വാഴട്ടെ. അതിനായി അവളെ അനുഗ്രഹിച്ചാലും.'

ശ്രീരാധ ബ്രഹ്മവചനം കേട്ടു പുഞ്ചിരിക്കേ ഗംഗ ഭഗവാന്റെ പെരുവിരലിന്റെ നഖാഗ്രത്തിലൂടെ അവള്‍ ഉത്ഭവിച്ചു. ജലത്തിൽ നിന്നും സാകാരയായി ഗംഗാദേവി പുറത്തുവന്നു പ്രശാന്തയായി നിലകൊണ്ടു. ബ്രഹ്മാവ് ജലമെടുത്ത് തന്റെ കമണ്ഡലുവിൽ നിറച്ചു. മഹേശ്വരൻ കുറച്ചു ജലമെടുത്ത് തന്റെ ശിരസിൽ ധരിച്ചു.

ബ്രഹ്മാവ് ഗംഗയ്ക്കായി രാധികാമന്ത്രം ഉപദേശിച്ചു. സ്തോത്രവും കവചവും പൂജാക്രമവും ധ്യാനവും അവളെ പഠിപ്പിച്ചു. അങ്ങിനെ സാമവേദോക്തമായ പുരശ്ചരണ ക്രമത്തോടെ  ശ്രീരാധയെ പൂജിച്ച് ഗംഗാദേവി വൈകുണ്ഠമണഞ്ഞു. ലക്ഷ്മി, വാണി, തുളസി, ഗംഗ എന്നിങ്ങിനെ നാലുപേർ നാരായണന്റെ പത്നിമാരായി.

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു:  'അറിവില്ലാത്തവർക്ക് കാലവൃത്താന്തം മനസ്സിലാക്കാൻ പ്രയാസമാണ്.  ബ്രഹ്മാവേ, ഗംഗയെ കൊണ്ടുപൊയ്ക്കൊള്ളുക. കാലവൃത്താന്തം ഞാൻ പറഞ്ഞുതരാം. നിങ്ങൾ ദേവൻമാരും മുനികളും മനുക്കളും ഇപ്പോൾ നില്ക്കുന്നത് കലചക്രത്തിന് അതീതമായ ഒരിടത്താണ്. ഗോലോകത്തെ കാലചക്രം ബാധിക്കുകയില്ല. ഇപ്പോൾ കല്പാന്തമാണ്. വിശ്വം പ്രളയജലത്തിൽ മുങ്ങിയിരിക്കുന്നു. എല്ലാ ബ്രഹ്മാണ്ഡങ്ങളും എന്നിലിപ്പോൾ വിലയിച്ചിരിക്കുന്നു. വൈകുണ്ഠം ഒഴിച്ചെല്ലാം ജലമഗ്നമാണിപ്പോൾ. ബ്രഹ്മാവേ അങ്ങ് പോയിനി അങ്ങയുടേതായ  ബ്രഹ്മാണ്ഡത്തെ നിർമ്മിച്ചാലും.  അപ്പോൾ ഗംഗ കൂടെ വന്നുകൊള്ളും. ഇതു പോലെ മറ്റു ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിക്കാനായി മറ്റ് ബ്രഹ്മാദികളെയും എനിക്ക് ഉദ്ബോധിപ്പിക്കാനുണ്ട്. കല്പകാലങ്ങൾ ഏറെ കഴിഞ്ഞുപോയിരിക്കുന്നു. ഏറെ നാന്മുഖൻമാരും ഉണ്ടായി മറഞ്ഞിരിക്കുന്നു. ഇനിയും ഏറെ വിരിഞ്ചൻമാർ ഉണ്ടാകാനിരിക്കുന്നു.'

ഭഗവാൻ ഇങ്ങിനെ പറഞ്ഞ് മറഞ്ഞു. ദേവൻമാർ ലോകസൃഷ്ടിക്കായി പ്രയത്നം തുടങ്ങി. ഗംഗ ഗോലോകത്തുനിന്നും പുറപ്പെട്ട് സത്യലോകത്തും വൈകുണ്ഠത്തിലും ശിവലോകത്തും മുൻകല്പങ്ങളിൽ ഉണ്ടായിരുന്ന ലോകങ്ങളിലും എല്ലാം ശ്രീ കൃഷ്ണാജ്ഞയനുസരിച്ച് എത്തിച്ചേർന്നു. വിഷ്ണുപദത്തിൽ നിന്നും നിർഗ്ഗളിച്ച ഗംഗയ്ക്ക് വിഷ്ണുപദി എന്ന പേരുണ്ടായി.

നാരദരേ, സാരഗർഭവും മോക്ഷപ്രദവുമായ ഗംഗോപാഖ്യാനം ഞാൻ പറഞ്ഞു തന്നു. ഇനിയും എന്താണ് അങ്ങേയ്ക്കറിയേണ്ടത്?

Wednesday, March 1, 2017

ദിവസം 234. ശ്രീമദ്‌ ദേവീഭാഗവതം. 9.12. ഗംഗോത്പത്തി

ദിവസം 234.  ശ്രീമദ്‌ ദേവീഭാഗവതം. 9.12. ഗംഗോത്പത്തി 

ധ്യാനം ച കണ്വശാഖോക്തം സർവ്വ പാപപ്രണാശനം
ശ്വേത പങ്കജവർണാഭാം ഗംഗാം പാപപ്രണാശിനീം
കൃഷ്ണവിഗ്രഹസംഭൂതാം കൃഷ്ണതുല്യാം പരാം സതീം
വഹ്നിശുദ്ധാംശുകാധാനാം രത്നഭൂഷണഭൂഷിതാം

ശ്രീ നാരായണൻ പറഞ്ഞു: കണ്വശാഖോക്തമായ ഈ ധ്യാനം എല്ലാ പാപങ്ങളെയും ഇല്ലാതാക്കും. വെളളത്താമരയുടെ നിറം പൂണ്ട ജാഹ്നവി പാപനാശിനിയാണ്. ശ്രീകൃഷ്ണനിൽ നിന്നും ഉദ്ഭൂതയായ ഇവൾ കൃഷ്ണതുല്യയാണ്. ചുവന്ന പട്ടും രത്നാഭരണങ്ങളും അണിഞ്ഞു വിലസുന്ന ദേവിക്ക് മുഴുവാർതിങ്കളിന്റെ കാന്തിയാണ്. തെളിഞ്ഞ മുഖത്ത് സദാ മന്ദഹാസപ്പൂ വിരിഞ്ഞു നില്ക്കുന്നു. സൗഭാഗ്യസാരസർവ്വസ്വമായ ദേവിക്ക് നിത്യയൗവനമാണ്. സദാ ശാന്തയും നാരായണപ്രിയയുമായ ദേവി മാലതീകുസുമങ്ങളാണ് മുടിയിൽ ചൂടിയിരിക്കുന്നത്. അവള്‍ നെറ്റിയിൽ വെളുത്ത ചന്ദനപ്പൊട്ടും അതിനു മുകളിൽ കുങ്കുമക്കുറിയും അണിഞ്ഞിരിക്കുന്നു. പൂങ്കവിളിൽ കമനീയമായ ചിത്രാലങ്കാരവും കാണപ്പെടുന്നു. ചെന്തൊണ്ടിപ്പഴം തോൽക്കുന്ന ചുണ്ടുകൾ,  വെൺമുത്തുകൾ നിരനിരയടുക്കിയ ദന്തനിര, ചോരിവായ്, മനോഹരമായ കണ്ണുകളും കടാക്ഷവിലാസവും, കൂവളക്കായപോലെ ഉരുണ്ട് കഠിനതയാർന്ന മാറിടങ്ങൾ, തടിച്ച അരക്കെട്ട്, വാഴത്തട പോലുള്ള തുടകൾ, താമരപ്പൂവിന്റെ കാന്തിയെ വെല്ലുന്ന പാദങ്ങൾ. ആ പാദങ്ങളിൽ കുങ്കുമ നിറമാർന്നതും ഇന്ദ്രൻ ചൂടുന്ന മന്ദാരപ്പൂവിന്റെ ചുവപ്പുനിറം പടർന്നതുമായ രത്‌നപാദുകങ്ങൾ അണിഞ്ഞിരിക്കുന്നു. ആ പാദങ്ങളിൽ സുരൻമാരും സിദ്ധരും മുനിമാരും അർഘ്യങ്ങൾ അർപ്പിക്കുന്നു. അവരുടെ ജടാഭാരമാര്‍ന്ന ശിരസ്സ് ഭ്രമരങ്ങളെന്നപോലെ ആ പദകമലങ്ങൾക്കു ചുറ്റും വീണു കിടക്കുന്നു.

മുമുക്ഷുക്കൾക്ക് അവൾ മുക്തിയേകന്നു. വരേണ്യയും വരദായിനിയുമാണ് ദേവി. വിഷ്ണുലോകത്തേക്ക് ഭക്തൻമാരെ നയിക്കാനവൾ സമർത്ഥയാണ്. സ്വയം വിഷ്ണുപദിയെന്നറിയപ്പെടുന്ന ഗംഗാദേവിയെ ഞാനിതാ നമസ്കരിക്കുന്നു. ഷോഡശാചാരപൂർവ്വമാണ് ആ ദേവിയെ പൂജിക്കേണ്ടത്. ആസനം, പാദ്യം, അർഘ്യം, അനുലേപനം, സ്നാനീയം, ധൂപം, ദീപം, നൈവേദ്യം, താംബൂലം, ശീതളജലം, വസ്ത്രം, ഭൂഷണം, മാല്യം, ഗന്ധം, ആചമനീയം, കിടക്ക, എന്നിവ ആചാരപൂർവ്വം നൽകുന്നതാണ് ഷോഡശപൂജ. ഇങ്ങിനെ പൂജിച്ചു നമസ്ക്കരിക്കുന്ന സാധകന് അശ്വമേധയാഗഫലം ലഭിക്കും.

നാരദൻ പറഞ്ഞു: പ്രഭോ, ദേവേശാ, പാപഹരമായ  വിഷ്ണുപദീസ്തോത്രം കേൾക്കാൻ എനിക്കാഗ്രഹമുണ്ട്. അതുകൂടി പറഞ്ഞുതന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: നാരദാ, പാപനാശകരവും പുണ്യപ്രദവുമാണാ ദിവ്യസ്തോത്രം.

പരമശിവന്റെ സംഗീതത്തിൽ മൂർച്ഛിച്ചവളും കൃഷ്ണസംഭൂതയായവളും രാധയുടെ അംഗദ്രവസംയുക്തയുമായ ഗംഗാദേവിയെ ഞാനിതാ പ്രണമിക്കുന്നു. ഗോലോകത്ത് രാസമണ്ഡലത്തിൽ ശിവസന്നിധിയിൽ ജാതയായ ഗംഗാദേവിയെ ഞാൻ നമിക്കുന്നു.

കാർത്തികമാസത്തിലെ പൗർണ്ണമിയിൽ ഗോപിഗോപൻമാർ രാധാമഹോത്സവം ആഘോഷിക്കുമ്പോൾ ജനിച്ച ഗംഗാദേവിയെ ഞാനിതാ പ്രണമിക്കുന്നു.

ഗോലോകത്തെ ചുറ്റിവസിക്കുന്ന കോടിയോജന വിസ്താരവും  ലക്ഷം കോടിയോജന നീളവുമുള്ള പുണ്യനദി ഗംഗയെ ഞാനിതാ നമിക്കുന്നു.

വൈകുണ്ഡത്തെ ചുറ്റി നിന്ന്, വിസ്താരം കൊണ്ട് അറുപതുലക്ഷം യോജനയും നീളത്തിൽ അതിന്റെ അഞ്ചിരട്ടിയും ഉള്ള ഗംഗയെ ഞാൻ പ്രണമിക്കുന്നു.

ബ്രഹ്മലോകത്തെ ചുറ്റാൻ മുപ്പതുലക്ഷം യോജന വിസ്തൃതിയും അതിന്റെ അഞ്ചിരട്ടി നീളവുമുള്ള ഗംഗാദേവിയെ ഞാൻ നമിക്കുന്നു.

ശിവലോകത്തെ ചുറ്റാൻ മുപ്പതു ലക്ഷം യോജന വിസ്തൃതിയും അതിന്റെ നാലിരട്ടി നീളവുമാർന്ന ഗംഗയെ ഞാൻ നമസ്ക്കരിക്കുന്നു.

ലക്ഷംയോജന വിസ്താരവും അതിന്റെ അഞ്ചുമടങ്ങ് നീളവുമുള്ള ഗംഗാദേവി ധ്രുവലോകം ചുറ്റി വാഴുന്നു. അതുപോലുള്ള വലുപ്പത്തോടെ ചന്ദ്രലോകവും ചുറ്റി വാഴുന്നു. അറുപതിനായിരം യോജന വീതിയിൽ അതിന്റെ പത്തിരട്ടി നീളത്തിൽ സൂര്യലോകവും ചുറ്റുന്നു. അങ്ങിനെയുള്ള ഗംഗയെ ഞാനിതാ പ്രണമിക്കുന്നു.

ലക്ഷം യോജന വിസ്താരവും അതിന്റെ അഞ്ചിരട്ടി നീളവുമാർന്ന് ഗംഗ തപോലോകം ചുറ്റുന്നു. സഹസ്രം യോജന വിസ്താരത്തിൽ അതിന്റെ പത്തിരട്ടി നീളത്തിൽ ദേവി ജനലോകം ചുറ്റി വസിക്കുന്നു. പത്തുലക്ഷം യോജന വിസ്തൃതിയിൽ അതിന്റെ അഞ്ചിരട്ടി നീളത്തിൽ ദേവി മഹർലോകത്തെ ചുറ്റുന്നു. ആയിരം യോജന വിസ്തൃതിയിൽ അതിന്റെ നൂറിരട്ടി നീളത്തിൽ ഗംഗ കൈലാസത്തെ ചുറ്റുന്നു. നൂറുയോജന വീതിയും ആയിരം യോജന നീളവുമായി ഗംഗ സ്വർഗ്ഗത്തിൽ വാഴുന്ന മന്ദാകിനിയാണ്. പത്ത്  യോജന വീതിയിൽ നൂറുയോജന നീളത്തിൽ ഭോഗവതിയായി ഗംഗ പാതാളത്തിൽ വാഴുന്നു. അങ്ങിനെയുള്ള ഗംഗാദേവിയെ ഞാൻ പ്രണമിക്കുന്നു.

ഒരു വിളിപ്പാട് വീതിയിൽ ചിലയിടത്ത് ചടച്ചും ചുരുങ്ങിയും അളകനന്ദയായി ഭാരതത്തിൽ ഒഴുകുന്നതും ഗംഗയാണ്. കൃതയുഗത്തിൽ പാൽ നിറം, ത്രേതായുഗത്തിൽ തിങ്കൾ നിറം, ദ്വാപരത്തിൽ ചന്ദന നിറം എന്നിങ്ങിനെ വിലസുന്ന ഗംഗയെ ഞാൻ നമസ്കരിക്കുന്നു. കലികാലത്ത് ഭാരതത്തിലൂടെ ഒഴുകുമ്പോൾ ഗംഗയ്ക്ക് ജലത്തിന്റെ നിറമാണ്. സ്വർഗ്ഗത്തിൽ ഗംഗയ്ക്ക് പാൽ നിറമാണ് . അങ്ങിനെയുള്ള ദേവിയെ ഞാൻ നമിക്കുന്നു.

ഗംഗയിലെ ഒരു തുള്ളി ജലം ദേഹത്തു വീണാൽ പാപികൾക്കുപോലും ജ്ഞാനമുദിക്കും. അവര്‍ കോടിജന്‍മങ്ങളിൽ ചെയ്ത പാപങ്ങൾ നശിക്കും. അവരുടെ ബ്രഹ്മഹത്യാദി പാപങ്ങൾ പോലും ഇല്ലാതാകും. ഇരുപത്തിയൊന്ന് പദ്യങ്ങളുള്ള ഈ ഗംഗാസ്തുതി ചൊല്ലുന്നതുകൊണ്ട് അശ്വമേധം നടത്തിയാലുള്ള ഫലമാണ് സാധകനു ലഭിക്കുക. ഇതുമൂലം അപുത്രന് പുത്രനുണ്ടാകും. ഭാര്യയില്ലാത്തവന് ഭാര്യയെ കിട്ടും. രോഗിയുടെ ദീനം മാറും. ബദ്ധൻ മുക്തനാവും. കീർത്തിയില്ലാത്തവൻ പുകഴ്പെറ്റവനാവും. മൂർഖൻ വിദ്വാനാവും.

രാവിലെ ഈസ്തോത്രം ജപിക്കുന്നത് ഗംഗാസ്നാനം ചെയ്യുന്നതിനു തുല്യമാണ്. അത് ദുസ്വപ്നങ്ങളെ ഇല്ലായ്മ ചെയ്യും. ഭഗീരഥൻ ഇങ്ങിനെ സ്തുതിച്ചാണ്. സഗരൻമാർ ഭസ്മമായി കിടന്നയിടത്തേയ്ക്ക് ഗംഗാദേവിയെ കൂട്ടിക്കൊണ്ടുപോയത്. ഗംഗാവായു സ്പർശമേറ്റ മാത്രയിൽ അവരെല്ലാം വിഷ്ണുഗേഹം പൂകി.

ഭഗീരഥൻ സ്തുതിച്ചു കൂട്ടിക്കൊണ്ടുവന്നതിനാൽ ദേവി ഭഗീരഥിയായി അറിയപ്പെടുന്നു. മോക്ഷപ്രദവും പുണ്യപ്രദവുമായ ഗംഗാസ്തുതി ഞാൻ വിവരിച്ചു.  ഇനിയുമെന്താണ് അങ്ങേയ്ക്കറിയേണ്ടത്?

നാരദൻ പറഞ്ഞു: പരമപവിത്രയായ ഗംഗ എങ്ങിനെയാണ് ത്രിപഥഗയായി ഭൂജാതയായത്? ഏതു ലോകത്തിൽ, എവിടെവച്ചാണ് അതുണ്ടായത്? അവിടെയുള്ള ജനങ്ങൾ എന്തെല്ലാം പുണ്യകർമ്മങ്ങളാണനുഷ്ഠിച്ചത്? എല്ലാം വിശദമായി പറഞ്ഞു തന്നാലും.

ശ്രീ നാരായണൻ പറഞ്ഞു: കാർത്തികാപൂർണ്ണിമയുടെ അന്ന് രാസമണ്ഡലത്തിൽ വച്ച് ശ്രീകൃഷ്ണൻ രാധാദേവിയെ പൂജിച്ചു. ബ്രഹ്മാദികൾ ശ്രീകൃഷ്ണഭഗവാന്റെ പൂജയ്ക്ക്പോലും പാത്രമായ രാധയെ പൂജിച്ച് സന്തുഷ്ടിയടഞ്ഞു. ആ സമയം സരസ്വതീദേവി താളരാഗസുബദ്ധമായി വീണ വായിച്ചു. ബ്രഹ്മാവ് ഉത്തമരത്നനിർമ്മിതമായൊരു മാല സമ്മാനിച്ചു. പരമശിവൻ അതീവ ദുർലഭവും ശ്രേഷ്ഠവുമായൊരു രത്നം നല്കി. ശ്രീകൃഷ്ണൻ കൗസ്തുഭരത്നം നല്കി. രാധ അമൂല്യമായ രത്നനഖചിത്രമാലയാണ് നല്കിയത്. രത്നഖചിതമായ കുണ്ഡലമാണ് ലക്ഷ്മീദേവി സമ്മാനമായി നല്കിയത്.

മൂലപ്രകൃതിയും നാരായണപ്രിയയും വിഷ്ണുമായയുമായ ദുർഗ്ഗ ബ്രഹ്മഭക്തി നല്കി. ധർമ്മദേവൻ കീർത്തിയും ധർമ്മബുദ്ധിയും നല്കി. അഗ്നി പട്ടുടയാടയും വായു കാൽചിലമ്പുകളും സമ്മാനിച്ചു. ബ്രഹ്മാവിന്റെ പ്രേരണയാൽ ശങ്കരൻ ശ്രീകൃഷ്ണ സംഗീതമാധുരി തൂകി. ആ ഗീതമാധുരിയിൽ ലയിച്ച വിണ്ണവർ മരപ്പാവകളെപ്പോലെ ചലനമറ്റുനിന്നു. അവർക്ക് ബോധം വന്നപ്പോൾ രാസമണ്ഡലം ജലമയമായിരിക്കുന്നു. മാത്രമല്ല രാധാകൃഷ്ണൻമാരെ അവിടെ കാണാനുമുണ്ടായിരുന്നില്ല.

കൃഷ്ണവിരഹത്താല്‍ ഗോപീഗോപൻമാരും ബ്രാഹ്മണരും വിലപിക്കേ ബ്രഹ്മാവിന് കാര്യം മനസ്സിലായി. കൃഷ്ണനും രാധയും സ്വയം അലിഞ്ഞു ചേർന്ന് തീർത്ഥമായിരിക്കുന്നു. ബ്രഹ്മാവ് പരമപുരുഷനായ ശ്രീകൃഷ്ണനെ വാഴ്ത്തി സ്തുതിച്ചു. മറ്റു ദേവതകളും ബ്രഹ്മാവിനൊപ്പം ശ്രീകൃഷ്ണനെ വാഴ്ത്തി ഇങ്ങിനെ പ്രാർത്ഥിച്ചു: 'ഭഗവാനേ, അവിടുത്തെ സ്വരൂപം വീണ്ടും കാണിച്ചു തരണമേ.'

അപ്പോൾ ആകാശത്തു നിന്നും ഒരശരീരി കേട്ടു . "ഞാൻ സർവ്വാത്മാവും ഇവൾ ഭക്താനുഗ്രഹമൂർത്തിയായ ശക്തിയുമാണ്. കേവലം മിഥ്യയായ ദേഹങ്ങൾ കൊണ്ട് ഞങ്ങൾക്കെന്തു കാര്യം? മനുക്കളും മാമുനിമാരും എന്റെ മന്ത്രം ജപിച്ചു ശുദ്ധരായി എന്നെ പ്രാപിക്കാൻ ഇടയാവുന്നു. എന്റെ ഭൗതികമായ രൂപം ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തിങ്കൾക്കല ചൂടിയ ശംഭു ഒരു കാര്യം ചെയ്യട്ടെ. അദ്ദേഹം സർവ്വാഭീഷ്ടദായകങ്ങളായ ശാസ്ത്രവിശേഷമായി സ്തോത്രങ്ങളും ധ്യാനശ്ലോകങ്ങളും പൂജാവിധികളും മന്ത്രകവചങ്ങളും ഒരു കൃതിയായി രചിക്കട്ടെ. നാൻമുഖൻ ചന്ദ്രമൗലിയെ പ്രോൽസാഹിപ്പിക്കുകയും ചെയ്യട്ടെ. ഈ ശ്രേഷ്ഠകൃതിയെ എല്ലാവരും ഗൂഢമായി സൂക്ഷിക്കുക.

സാധാരണക്കാർക്ക് എന്നിൽ ആഭിമുഖ്യം ഉണ്ടാവുകയില്ല. നൂറായിരം ജനങ്ങളിൽ ഒരാൾക്കോ മറ്റോ എന്റെ മന്ത്രാപാസന വശമായിയെന്നു വരാം. എന്റെ മന്ത്രം കൊണ്ട് വിശുദ്ധരായവർ മാത്രമേ എന്റെ സവിധത്തിൽ എത്തിച്ചേരുകയുള്ളൂ. ഈ തന്ത്രശാസ്ത്രം പരസ്യമായാൽ പിന്നെയെല്ലാവരും ഗോലോകത്തിൽ എത്തിച്ചേരും. അങ്ങിനെ ബ്രഹ്മാണ്ഡവ്യവസ്ഥിതിതന്നെ വ്യർത്ഥമാവും.

ബ്രഹ്മാവേ, അങ്ങ് പഞ്ചീകരണത്തിലൂടെ മൂന്നു വിധത്തിൽ സൃഷ്ടി നടത്തിയാലും. കുറച്ചു പേർ സ്വർഗ്ഗവാസികളും മറ്റു ചിലർ ഭൂലോകവാസികളുമാവട്ടെ. ശ്രീ ശങ്കരൻ തന്ത്രശാസ്ത്രം രചിക്കാമെന്ന് വാക്കു തന്നാൽ ഞാനെന്റെ സ്വരൂപം കാണിച്ചു തരാം.” എന്നു കൂടി അവസാനമായി പറഞ്ഞ് അശരീരി അവസാനിച്ചു.

ബ്രഹ്മാവ് ശിവനെ തന്ത്രശാസ്ത്രരചനയ്ക്കായി ഉദ്ബോധിപ്പിക്കവേ അദ്ദേഹം ഗംഗാജലം കൈയിലെടുത്ത് പ്രതിജ്ഞ ചെയ്തു. “വിഷ്ണുമായാമന്ത്രയുതവും വേദസാരവുമായ മഹാമന്ത്രം രചിച്ചു കൊള്ളാമെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.” ഗംഗാജലം കൈയ്യിലെടുത്ത് വെറും വാക്കുരിയാടുന്നവൻ ബ്രഹ്മാവിന്റെ ആയുസ്സിന്റെയത്ര കാലം കാലസൂത്രത്തിൽ വാഴാനിടയാവും എന്നുണ്ടല്ലോ.

ദേവസദസ്സിൽ വച്ച് ശ്രീ ശങ്കരൻ ഇങ്ങിനെ പ്രസ്താവിക്കേ ഭഗവാൻ രാധാസമേതനായി അവിടെ സ്വരൂപത്തിൽ പ്രത്യക്ഷനായി. എല്ലാവരും ഭഗവാനെ സ്തുതിച്ചു സന്തുഷ്ടരായി. അവരവിടെ രാധാമഹോത്സവം കൊണ്ടാടി. പരമശിവൻ പിന്നീട് ‘മുക്തിദീപം’ എന്ന തന്ത്രശാസ്ത്രം രചിച്ചു.

നാരായണന്‍ തുടര്‍ന്നു: അതിരഹസ്യവും സുദുർലഭവുമായ ഒരു കഥയാണ് ഞാനിപ്പോൾ അങ്ങേയ്ക്ക് പറഞ്ഞു തന്നത്. ഗംഗയെന്നാൽ ദ്രവരൂപം പ്രാപിച്ച ശ്രീകൃഷ്ണഭഗവാൻ തന്നെയാണ്. രാധാകൃഷ്ണൻമാരലിഞ്ഞു നദിയായിത്തീര്‍ന്നതാണ് ഗംഗ. ഭുക്തിമുക്തി പ്രദായിനിയാണ് ജാഹ്നവി. ഓരോരോയിടങ്ങളിൽ ജാഹ്നവിയെ പ്രതിഷ്ഠിച്ചതും ശ്രീകൃഷ്ണൻ തന്നെയാണ്. ശ്രീകൃഷ്ണസ്വരൂപയായ ഗംഗാദേവി സർവ്വ ബ്രഹ്മാണ്ഡപൂജിതയാണ്.