ദിവസം 166 ശ്രീമദ് ദേവീഭാഗവതം. 7.8. രേവതീ ചരിതം
സംശയോfയം മഹാൻ
ബ്രഹ്മൻ വർത്തതേ മമ മാനസേ
ബ്രഹ്മലോകഗതോ രാജാ രേവതീ സംയുത: സ്വയം
മയാ പൂർവ്വം ശ്രുതം കൃത്സ്നം ബ്രാഹ്മണേഭ്യ: കഥാന്തരേ
ബ്രാഹ്മണോ ബ്രഹ്മ വിച്ഛാന്തോ ബ്രഹ്മലോകമവാപ്നുയാത്
ജനമേജയൻ
ചോദിച്ചു.'ഭഗവൻ, ബ്രഹ്മലോകത്ത് ചെല്ലണമെങ്കിൽ ഒരുവൻ
ബ്രഹ്മജ്ഞനും പ്രശാന്തനും ശുദ്ധബ്രാഹ്മണനും ആയിരിക്കണമെന്ന് കേട്ടിരിക്കുന്നു.
അപ്പോൾപ്പിന്നെ രേവതനും പുത്രിക്കും അവിടെ എത്താൻ കഴിഞ്ഞതെങ്ങിനെ? സത്യലോകം പ്രാപിക്കുക അതീവ ദുഷ്കരം
തന്നെയെന്നാണ് കേട്ടിട്ടുള്ളത്. മരിച്ചു
കഴിഞ്ഞ് സ്വർഗ്ഗത്തിൽ എത്തുന്നവരെക്കുറിച്ച് ശാസ്ത്രങ്ങൾ പറയുന്നുണ്ട്. എന്നാൽ
ഉടലോടെ രാജാവെങ്ങിനെ അവിടെയെത്തി? എന്നിലെ സംശയം തീർക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയൂ.’
വ്യാസൻ
പറഞ്ഞു. 'സകല ലോകങ്ങളും നിലകൊള്ളുന്നത് മേരുപർവ്വതത്തിന്റെ ശിഖിരങ്ങളിലത്രേ.
ഇന്ദ്രലോകം, യമലോകം, കൈലാസം, വൈകുണ്ഠം മുതലായ ലോകങ്ങളെല്ലാം
അവിടെയാണ്. കുന്തിയുടെ മകനായ അർജുനൻ അഞ്ചു കൊല്ലം വില്ലാളിയായി സ്വര്‍ഗ്ഗലോകത്ത്
ഇന്ദ്രസന്നിധിയിൽ പാർത്തിട്ടുണ്ട്. മാത്രമല്ലാ കകുത്സ്ഥൻ തുടങ്ങിയ രാജാക്കൻമാരും
അങ്ങിനെ ചെയ്തിട്ടുണ്ടു്.
ദൈത്യൻമാർ
ഇന്ദ്രനെ തോൽപ്പിച്ച് സ്വർഗ്ഗത്തിൽ വാണ കഥകളും പ്രസിദ്ധമാണല്ലോ. മഹാ ഭിക്ഷൻ എന്ന
രാജാവ് ബ്രഹ്മലോകത്ത് പോയപ്പോൾ അതിസുന്ദരിയായ ഗംഗയെ അവിടെ കണ്ടു. അവളുടെ വസ്ത്രം
കാറ്റിൽത്തട്ടി നീങ്ങിയപ്പോൾ രാജാവ് ആ സുന്ദരിയുടെ നഗ്നമേനി കാണാൻ ഇടയായി.
കാമാതുരനായ രാജാവ് അവളെ നോക്കി പുഞ്ചിരിച്ചു. ഗംഗയും രാജാവിനെ നോക്കി വശ്യമായി
മന്ദഹസിച്ചു. സമയമറിയാതെയുള്ള അനൗചിത്യമായ പ്രണയചേഷ്ടകള്‍ കണ്ട ബ്രഹ്മാവ് രണ്ടു പേരെയും ശപിച്ചു
ഭൂമിയിലേക്ക് പറഞ്ഞയച്ചു.
അസുരൻമാർ തങ്ങളെ പീഡിപ്പിക്കുന്ന അവസരങ്ങളിൽ എല്ലാം ദേവൻമാർ വൈകുണ്ഠത്തിൽ ചെന്ന് പരാതി
പറയുന്നതിന്റെ കഥകളും അങ്ങ് കേട്ടിട്ടുണ്ടല്ലോ. സംശയം വേണ്ട. ആ ലോകങ്ങളിൽ പുണ്യം
ചെയ്ത മനുഷ്യർക്കും താപസർക്കും ചെന്നത്താം. യാഗകർമ്മങ്ങൾ വിധിയാംവണ്ണം ചെയ്തു
വിശുദ്ധിയാർജ്ജിച്ചവർക്കും സ്വർഗ്ഗലോകങ്ങൾ അഭിഗമ്യമാണ്. ആർജിതപുണ്യങ്ങളാണ്
മനുഷ്യനെ ഇതിനു പര്യാപ്തനാക്കുന്നത്.'
ജനമേജയൻ
ചോദിച്ചു: ‘പിന്നീട് രാജാവും രേവതിയും സത്യലോകത്ത് എന്താണ് ചെയ്തത്?’
വ്യാസൻ
തുടർന്നു. ‘ബ്രഹ്മലോകത്ത് ഗന്ധർവ്വൻമാരുടെ സംഗീതസദിര് നടക്കുമ്പോഴാണല്ലോ അവരവിടെ
ചെന്നത്. മകൾക്ക് വരനെ തേടിപ്പോയ രാജാവ് സംഗീതത്തിൽ ഒരൽപ്പനേരം ലയിച്ചു നിന്നു.
ഗാനം അവസാനിച്ചപ്പോൾ രാജാവ് മകളെ പിതാമഹന് കാട്ടിക്കൊടുത്തു.
'ദേവേശാ, എന്റെ മകളെ ഞാനാർക്കാണ് പാണിഗ്രഹണം ചെയ്ത് നൽകേണ്ടത്? അത് ചോദിക്കാനാണ് ഞാനിവിടെ വന്നത്. കുലമഹിമയുള്ള കുറെയേറെ രാജാക്കൻമാരെപ്പറ്റി ഞാനാലോചിച്ചു എന്നാൽ അവരൊന്നും ഇവൾക്ക് യോജിച്ചതായി തോന്നിയില്ല. കുലീനനും ധർമ്മിഷ്ഠനും ലക്ഷണമൊത്തവനും ബലവാനും ദാനശീലനും യോഗ്യനുമായ ഒരു വരനെ അങ്ങു തന്നെ നിർദ്ദേശിച്ചാലും.'
'ദേവേശാ, എന്റെ മകളെ ഞാനാർക്കാണ് പാണിഗ്രഹണം ചെയ്ത് നൽകേണ്ടത്? അത് ചോദിക്കാനാണ് ഞാനിവിടെ വന്നത്. കുലമഹിമയുള്ള കുറെയേറെ രാജാക്കൻമാരെപ്പറ്റി ഞാനാലോചിച്ചു എന്നാൽ അവരൊന്നും ഇവൾക്ക് യോജിച്ചതായി തോന്നിയില്ല. കുലീനനും ധർമ്മിഷ്ഠനും ലക്ഷണമൊത്തവനും ബലവാനും ദാനശീലനും യോഗ്യനുമായ ഒരു വരനെ അങ്ങു തന്നെ നിർദ്ദേശിച്ചാലും.'
അപ്പോൾ
ബ്രഹ്മാവ് ചിരിച്ചുകൊണ്ടു് പറഞ്ഞു. 'രാജാവേ, കാലം മാറിയത് അറിഞ്ഞില്ല അല്ലേ? അങ്ങ് കണ്ടു വെച്ച രാജകുമാരൻമാർ
മാത്രമല്ല അവരുടെ പൗത്രൻമാരും ബന്ധുക്കളും മരിച്ചു മണ്ണടിഞ്ഞിരിക്കുന്നു. അങ്ങയുടെ
വംശത്തിന്റെ സ്ഥിതിയും അങ്ങിനെതന്നെയാണ്.
അങ്ങയുടെ രാജ്യമിപ്പോൾ അസുരൻമാർ കീഴടക്കിയിരിക്കുകയാണ്. സോമവംശത്തിലെ ഒരു രാജാവാണ് ഇപ്പോള്‍ അവിടം ഭരിക്കുന്നത്.
മഥുര ഭരിക്കുന്നത് ഉഗ്രസേനൻ. ഈ ഉഗ്രസേനന്റെ മകൻ കംസൻ മഹാബലവാൻ ആണെങ്കിലും ഒരു വിവരദേഷിയാണ്. സ്വന്തം
പിതാവിനെ അയാള്‍ തുറുങ്കിൽ അടച്ചിരിക്കുന്നു. ഒരു ദുഷ്ടക്കൂട്ടമാണ് കംസനെ ഭരണത്തിൽ
സഹായിക്കുന്നത്. ഇവരുടെ ഭാരം സഹിക്കാതെ ഭൂമീദേവി എന്നെക്കണ്ട് സങ്കടം
പറഞ്ഞിരിക്കുന്നു. സാക്ഷാൽ നാരായണന് അംശാവതാരത്തിനുള്ള സമയം ആയിരിക്കുന്നു. ഇത്
ഇരുപത്തിയേഴാമത് ദ്വാപരയുഗമാണ്.
ഗംഗാതടത്തിൽ
നരനുമൊത്ത് മഹാതപം ചെയ്യുന്ന നാരായണനെ ദേവൻമാരും ഞാനും കൂടി ചെന്ന് കാണുകയുണ്ടായി.
നാരായണമുനി പുണ്യവതിയായ ദേവകിയിൽ വാസുദേവപുത്രനായ കൃഷ്ണനായി അവതരിച്ചു. ഈ
കൃഷ്ണനാണ് പാപിയായ കംസനെ വകവരുത്തിയത്. കംസൻ മരിച്ചപ്പോൾ രാജ്യം ഉഗ്രസേനനെ
ഏൽപ്പിച്ച് കൃഷ്ണൻ എല്ലാവർക്കും മാതൃകയായി. കംസന്റെ ശ്വശുരൻ ജരാസന്ധൻ പകരം
ചോദിക്കാൻ വന്നപ്പോൾ അവനെയും കൃഷ്ണൻ പരാജയപ്പെടുത്തി. പിന്നീട് വന്നത് മ്ലേച്ഛ യവനനാണ്. അപ്പോൾ യവനനെ ഭയന്നിട്ടെന്നപോലെ കൃഷ്ണൻ മഥുര വിട്ട് ദ്വാരകയെന്ന
ദ്വീപിലേക്ക് താമസം മാറ്റി. ദ്വാരകയിലെ
ജീർണ്ണിച്ച പട്ടണത്തെ അദ്ദേഹം മഹാനഗരമാക്കി പുതുക്കിപ്പണിതു. കോട്ടകളും
കൊട്ടാരങ്ങളും അങ്ങാടികളും നിറഞ്ഞ നഗരിയെ തലസ്ഥാനമാക്കി ഉഗ്രസേനനെ അവിടെ വാഴിച്ചു.
യദുക്കളായ ബന്ധുക്കളെ കൃഷ്ണൻ ദ്വാരകയിൽ താമസിപ്പിച്ചു. അവിടെയാണ് കൃഷ്ണൻ
വസിക്കുന്നത്.
കൃഷ്ണന്റെ
ജ്യേഷ്ഠൻ ബലരാമൻ എന്ന വീരൻ നിന്റെ മകൾക്ക് ചേർന്ന വരനായിരിക്കും. ഈ കമലലോചനയെ
അങ്ങ് ഹലായുധപാണിയായ ബലരാമന് നല്കുക. എന്നിട്ട് പരമ പവിത്രമായ ബദരികാശ്രമത്തിലേക്ക്
തപസ്സിനായി പുറപ്പെട്ടാലും.
വ്യാസൻ
തുടർന്നു. ബ്രഹ്മദേവന്റെ അനുജ്ഞ പ്രകാരം രാജാവ് രേവതിയെക്കൂട്ടി ദ്വാരകയിലെത്തി.
ബലരാമന് മകളെ നൽകി അദ്ദേഹം തപസ്സിനായി പുറപ്പെട്ടു. ബദരിയിൽ തപസ്സിലിരിക്കേ
അദ്ദേഹം ശരീരമുപേക്ഷിച്ചു.
രാജാവ്
ചോദിച്ചു. രേവത രാജൻ ബ്രഹ്മലോകത്ത് ഏകദേശം നൂറ്റിയെട്ട് യുഗങ്ങൾ കഴിഞ്ഞുവല്ലോ.
അപ്പോഴേക്ക് ആ കന്യക ഒരു പടുവൃദ്ധയായിക്കഴിഞ്ഞു കാണുമല്ല? രാജാവും മകളും ഇത്രയധികം ദീർഘായുസ്സോടെ എങ്ങിനെ നിലനിന്നു?
വ്യാസൻ
പറഞ്ഞു. ‘ബ്രഹ്മലോകത്ത് ജരാനരകളോ വിശപ്പോ ദാഹമോ മരണമോ ഭയമോ ക്ഷീണമോ ഇല്ല
എന്നറിഞ്ഞാലും. കാലമവിടെ നിശ്ചലമാണ്. നാമറിയുന്ന മാറ്റങ്ങള്‍ക്ക് അവിടെ
പ്രസക്തിയില്ല.
ഇനി
ശര്യാതിയുടെ കുലത്തിന് എന്തു പറ്റിയെന്നു നോക്കാം. ശര്യാതിരാജാവ് സ്വർഗ്ഗം പൂകിയപ്പോൾ രാക്ഷസൻമാർ അദ്ദേഹത്തിന്റെ
മക്കളെ ആക്രമിച്ചു. അവർ കുശസ്ഥലി ഉപേക്ഷിച്ചു പോയി. പിന്നീടു് സൂര്യവംശം അന്യം
നിന്നു പോവും എന്ന സ്ഥിതിയായി. അപ്പോൾ വൈവസ്വതമനുവിന്റെ തുമ്മലിൽ നിന്നും
ഇക്ഷ്വാകു എന്നൊരു വീരപുത്രൻ ജനിച്ചു. സൂര്യവംശം നില നിർത്തിയത് ഇക്ഷ്വാകുവാണ്.
ക്ഷുതത്തിൽ (തുമ്മൽ) നിന്നുണ്ടായതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് സിദ്ധിച്ചത്.
ഇക്ഷ്വാകു
രാജാവ് വംശവർദ്ധനാർത്ഥം നാരദന്റെ ഉപദേശം സ്വീകരിച്ച് ജഗദംബയെ ധ്യാനിച്ച്
തപസ്സനുഷ്ഠിച്ചു. അങ്ങിനെ അദ്ദേഹത്തിന് ബലിഷ്ഠരും പേരുകേട്ടവരുമായ നൂറ് പുത്രൻമാർ
ഉണ്ടായി. അവരിൽ ആദ്യ സന്താനം വികുക്ഷിയായിരുന്നു.
ഇക്ഷ്വാകു സ്വയം അയോദ്ധ്യ ഭരിച്ചു. ശകുനിയടക്കം അൻപത് മക്കളെ ഉത്തരാപഥത്തിലും നാൽപ്പത്തിയെട്ടു പുത്രന്മാരെ
ദക്ഷിണാപഥത്തിലും അദ്ദേഹം വാഴിച്ചു. ബാക്കിയുള്ള രണ്ടു പേർ രാജാവിനെ സേവിക്കാൻ
കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞുവന്നു.
No comments:
Post a Comment