ദിവസം 160 ശ്രീമദ്
ദേവീഭാഗവതം.7. 2. സൂര്യവംശ
കഥാവിസ്താരം
മമാഖ്യാഹി മഹാഭാഗ രാജ്ഞാം വംശം സവിസ്തരം
സൂര്യാന്വയ പ്രസൂതാനാം ധർമ്മജ്ഞാനാം വിശേഷത:
ശൃണു ഭാരത വക്ഷ്യാമി രവിവംശസ്യ വിസ്തരം
യഥാ ശ്രുതം മയാ പൂർവ്വം നാരദാദൃഷിസത്തമാത്
ജനമേജയൻ പറഞ്ഞു: ധർമ്മജ്ഞരായ സൂര്യവംശ
രാജാക്കൻമാരുടെ കഥകൾ കേൾക്കാൻ ഞങ്ങൾ ഏവരും ആകാംഷാഭരിതരാണ്. അവയെല്ലാം വിശദമായിത്തന്നെ പറഞ്ഞു തന്നാലും.
വ്യാസൻ തുടർന്നു: നാരദമുനിയിൽ നിന്നും കേട്ടതായ ആ സദ് കഥകൾ
ഞാൻ വിശദമായി പറയാം. സരസ്വതീ നദീതീരത്തുള്ള എന്റെ ആശ്രമത്തിൽ ഒരു ദിവസം നാരദമുനി
വന്നെത്തിയപ്പോള്‍ ഞാൻ അദ്ദേഹത്തെ ഉപചാരപൂർവ്വം സ്വീകരിച്ചിരുത്തി. അദ്ദേഹത്തെ
നമസ്ക്കരിച്ച് കുശലാന്വേഷണം നടത്തി.
‘അങ്ങയുടെ ആഗമനംമൂലം ഞാൻ ധന്യധന്യനായി.
അങ്ങയോട് ചോദിക്കാന്‍ എനിക്ക് ചില സംശയങ്ങൾ ഉണ്ടു്. അവയെ നിവൃത്തിച്ചു തന്നാലും.
ഏഴാം മന്വന്തരത്തിലെ പ്രസിദ്ധരായ രാജാക്കൻമാർ ആരൊക്കെയായിരുന്നു? അവരുടെ ജനനവും ചരിത്രവും
അദ്ഭുതാവഹമാണെന്ന് കേട്ടിരിക്കുന്നു. സൂര്യവംശജരായ അവരുടെ കഥകൾ എനിക്ക് പറഞ്ഞു
തന്നാലും.’
നാരദൻ പറഞ്ഞു: 'അദ്ഭുത കരവും
കർണ്ണാനന്ദകരവുമാണാ കഥകൾ. ബ്രഹ്മാവ് മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്നുമാണ്
ഉദ്ഭവിച്ചത് എന്ന കാര്യം എല്ലാവർക്കും അറിയാം. അദ്ദേഹം സ്വയംഭൂവും
സർവ്വശക്തനുമാണ്. ജഗത്തിന്റെ സൃഷ്ടാവ് ബ്രഹ്മദേവനാണ്. സൃഷ്ടിവാഞ്ഛയുമായി അദ്ദേഹം
പരമേശ്വരിയായ ശിവയെ തപസ്സു ചെയ്ത് സംപ്രീതയാക്കി. അങ്ങിനെ ശുഭലക്ഷണ സംയുക്തരായ
മാനസപുത്രൻമാരെ സൃഷ്ടിക്കാൻ ബ്രഹ്മദേവന് സാധിച്ചു. ആ പുത്രൻമാരിൽ മരീചി വളരെ
കാര്യപ്രാപ്തി പ്രകടിപ്പിച്ചയാളാണ്. മരീചിയുടെ പുത്രനാണ് കശ്യപൻ. ദക്ഷന്റെ പതിമൂന്ന്
പുത്രിമാർ കശ്യപന്റെ പത്നിമാരായിരുന്നു. ദേവൻമാരും അസുരൻമാരും യക്ഷൻമാരും
ഉരഗങ്ങളും പക്ഷിമൃഗാദികളുമെല്ലാം കശ്യപസന്തതികളാണ്:
ദേവൻമാരിൽ സൂര്യനാണ് വിഖ്യാതൻ.
വിവസ്വാൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പുത്രനാണ് വൈവസ്വത മനു.
വൈവസ്വതം എന്ന കുലത്തെ പോഷിപ്പിച്ചത് മനുവിന്റെ പുത്രൻ ഇക്ഷ്വാകുവാണ്.
ഇദ്ദേഹത്തിന് ഒൻപത് സഹോദരൻമാർ ഉണ്ടായിരുന്നു. നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്തൻ, പ്രാംശു, നൃഗൻ, ദിഷ്ടൻ, കരുഷൻ, പൃഷധൻ എന്നിങ്ങിനെയുള്ള പേരുകളില്‍ അവർ പ്രസിദ്ധരായി.
മനുവിന്റെ മകനായ ഇക്ഷ്വാകുവിന് മക്കൾ നൂറാണ്. അതിൽ മൂത്തവൻ വികുക്ഷി.
മറ്റ് ഒൻപത് മനുപുത്രൻമാരും പ്രഭാവത്തില്‍ മനുവിന്
തുല്യരാണ്. നാഭാഗന്റെ പുത്രനാണ് പ്രതാപിയായ അംബരീഷൻ. ധർമ്മിഷ്ഠനും സത്യവാനുമായ ഒരു
രാജാവായിരുന്നു അദ്ദേഹം. ധൃഷ്ടന് ധാർഷ്ടൻ എന്ന പേരുള്ള ഒരു മകൻ ജനിച്ചു.
ക്ഷത്രിയനാണെങ്കിലും രണഭീരുവായ അദ്ദേഹം ബ്രഹ്മകർമ്മങ്ങളിൽ മുഴുകി ആത്മനിഷ്ടനായി
കഴിഞ്ഞു കൂടി. അങ്ങിനെ അയാൾ ബ്രഹ്മജ്ഞാനിയായിത്തീർന്നു.
ശര്യാതിക്ക് ആനർത്തൻ എന്ന പേരിൽ
വിഖ്യാതനായ ഒരു പുത്രൻ ജനിച്ചു. സുകന്യയെന്നൊരു പുത്രിയും അദ്ദേഹത്തിനുണ്ടായി.
അതിസുന്ദരിയായ സുകന്യയെ അന്ധനായ ച്യവനമുനിക്കാണ് വിവാഹം ചെയ്ത് കൊടുത്തത്. അവളുടെ
സൌശീല്യം മൂലം മുനിക്ക് കാഴ്ചയും കിട്ടി. സൂര്യപുത്രൻമാരായ അശ്വിനീ ദേവകളാണ്
സുകന്യയെ ഇതിനു സഹായിച്ചത്.
ജനമേജയൻ ചോദിച്ചു: ‘മഹാമുനേ, എന്നിൽ ഒരു സംശയം നാമ്പെടുക്കുന്നു. രൂപഗുണവതിയായ
കന്യകയെ ഒരന്ധന് നൽകുക എന്ന കാര്യം ചിന്തിക്കാൻ കൂടി വയ്യ. ഒരുവന് ഗുണഹീനയോ അന്ധയോ
ആയ പുത്രിയാണ് ജനിച്ചതെങ്കിൽ അവളെ ഒരന്ധന് നൽകിയാൽ അതില്‍ തെറ്റില്ലഎന്ന് പറയാം. എന്നാല്‍ ഈ
പിതാവ് സുന്ദരിയായ മകളെ അന്ധനായ ച്യവന മുനിക്ക് നൽകാനുണ്ടായ കാരണം എന്താണ്?
വ്യാസൻ ചിരിച്ചുകൊണ്ടു് പറഞ്ഞു:
വൈവസ്വതമനുവിന്റെ മകനായ ശര്യാതി നാലായിരം രാജ കന്യകമാരെ വേളി കഴിച്ചുവത്രേ.
സുന്ദരികളും സുഭഗകളുമായ അവർക്കെല്ലാവർക്കുമായി സുകന്യ എന്ന ഒരൊറ്റ മകളേ
ഉണ്ടായിരുന്നുള്ളു. അച്ഛനും അമ്മമാർക്കും അരുമയായി അവൾ വളർന്നു. മാനസസരസ്സിനു തുല്യമായ ഒരു തടാകം കൊട്ടാരത്തില്‍ നിന്നും അധികം ദൂരത്തല്ലാതെ ഉണ്ടായിരുന്നു. ഹംസം, ചക്രവാകം
പണ്ടാരക്കോഴി, സർപ്പങ്ങൾ, പക്ഷിക്കൂട്ടങ്ങൾ,
താമരകൾ, എന്നിവ കൊണ്ടു് തടാകം
കമനീയമായിരുന്നു. വൻ മരങ്ങൾ അവിടെ തണൽ വിരിച്ചു നിന്നു. വണ്ടിനങ്ങളുടെ മൂളൽ, പക്ഷികളുടെ കളകൂജനം, എന്നിവയാൽ അന്തരീക്ഷം മുഖരിതമായിരുന്നു. അശോകം, കൊന്ന, മാതളം, പ്ലാവ്,
മാവ്, കുടകപ്പാല, പ്ലാശ്,
വേപ്പ്, കരിങ്ങാലി, കൂവളം,
നെല്ലി, പനകള്‍, വാഴത്തോട്ടങ്ങൾ,
ആല്, ചമ്പകം, കവുങ്ങ്,
തെങ്ങിനങ്ങൾ, എന്നിവയാൽ ആ പൊയ്കയും പരിസരവും
അതീവ രമണീയമായി കാണപ്പെട്ടു.
ഈ തടാകക്കരയിൽ മഹാനായ ച്യവനമുനി തപസ്സിൽ
മുഴുകിക്കഴിഞ്ഞിരുന്നു. ജലപാനം പോലുമില്ലതെ ജഗദംബികയെ ധ്യാനിച്ച് ഏറെക്കാലം കഴിവേ, അദ്ദേഹത്തിന്റെ ദേഹം മുഴുവൻ ചിതൽപ്പുറ്റ്
പൊതിഞ്ഞു. അതിനു ചുറ്റും വള്ളിപ്പടർപ്പ് പടർന്ന് അവിടം ഒരു മൺകൂമ്പാരമായി .
ഒരിക്കല്‍ ശര്യാതി തന്റെ പത്നിമാരുമായി തടാകക്കരയിൽ വിഹരിക്കുകയായിരുന്നു.
താമരപ്പൂക്കൾ നിറഞ്ഞ തടാകത്തിൽ രാജാവും പത്നിമാരും കളിക്കാനിറങ്ങി. സുകന്യ തന്റെ
കൂട്ടുകാരുമൊത്ത് ചുറ്റുമുള്ള കാട്ടിൽ കളിച്ചു നടന്നു. കാൽചിലങ്കയുടെ ശബ്ദം
കേൾപ്പിച്ചുകൊണ്ടു് അവൾ മുനിയിരിക്കുന്ന മൺകൂനയ്ക്കടുത്ത് കളി തുടർന്നു. ഇടക്ക് അവള്‍ മൺപുറ്റിലേയ്ക്ക് നോക്കിയപ്പോൾ അതിലെ വിടവുകളിലൂടെ മിന്നാമിനുങ്ങിനെപ്പോലെ തിളക്കമുള്ള
രണ്ടു് തുളകൾ കണ്ടു.
'എന്താണിതെന്ന് അറിയണം' എന്നു പറഞ്ഞ് അവളൊരു കൂർത്ത
മുള്ളെടുത്ത് മൺപുറ്റ് തോണ്ടാൻ തുടങ്ങി. സുന്ദരിയായ ഒരുവള്‍ മൺപുറ്റിൽ തൊട്ടപ്പോൾ
അതറിഞ്ഞ ച്യവനൻ ‘എന്താണ് ചെയ്യുന്നത്? ദൂരെപ്പോവൂ ഞാനൊരു താപസനാണ്.
മുള്ളു കൊണ്ടു് ഈ മൺപുറ്റ് പൊളിക്കരുത്.’ എന്നദ്ദേഹം വിളിച്ചു പറഞ്ഞു.
മുനി പറഞ്ഞത് വകവയ്ക്കാതെ സുകന്യ
മുള്ളുകൊണ്ടു് ആ വല്മീകത്തിലെ തിളങ്ങുന്ന തുളകൾ കുത്തിക്കീറി. അവ പാവം മുനിയുടെ
കണ്ണുകളായിരുന്നു.
ദൈവഹിതമെന്നോ കാലദോഷമെന്നോ പറയട്ടേ ആ കുട്ടികള്‍ കുറച്ചൊന്നു ശങ്കിച്ചു നിന്ന ശേഷം അവരുടെ കളികൾ തുടർന്നു. കണ്ണിൽ മുളളു
കൊണ്ടപ്പോൾ വേദനയും കോപവും
കൊണ്ട് മുനിയൊന്നു വിറച്ചു. അപ്പോഴേക്കും രാജാവിന്റെ ആന, കുതിര, കാലാൾ, പടകൾക്കും
മറ്റ് മൃഗങ്ങൾക്കും മന്ത്രിമാർക്കും രാജാവിനും പോലും മലമൂത്രതടസ്സം അനുഭവപ്പെട്ടു.
രാജാവ് അസ്വസ്ഥനായി. തന്റെ രാജ്യത്ത് ഇങ്ങിനെയൊരു കാര്യമുണ്ടാവാൻ എന്താണ് കാരണം
എന്നദ്ദേഹം ചിന്താകുലനായി.
'ആരാണ് എന്റെ നാട്ടില്‍ ദുഷ്കൃതം ചെയ്തത്? അല്ലെങ്കില്‍ ഇങ്ങിനെയൊരവസ്ഥ നാട്ടില്‍ ഉണ്ടാവുകയില്ല. തടാകത്തിന്റെ പടിഞ്ഞാറേകരയില്‍ മഹാനായ
ച്യവനൻ തപസ്സ് ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ആരെങ്കിലും ദുഖിപ്പിച്ചിട്ടുണ്ടാവും.
അതാവും രാജ്യത്തിലെ എല്ലാവര്‍ക്കും ഇങ്ങിനെയൊരു ദുര്യോഗമുണ്ടാവാൻ കാരണം. അറിഞ്ഞോ
അറിയാതെയോ മഹാത്മാക്കളെ ദ്രോഹിച്ചാൽ നാടിന്റെ ഗതി ഇതാണ്.'
വേദനകൊണ്ടു് വലഞ്ഞ സൈനികർ പറഞ്ഞു: 'പ്രഭോ ഞങ്ങൾ മനസാ വാചാ കർമ്മണാ മുനിയെ
അനാദരിച്ചിട്ടില്ല. മറ്റാരും അങ്ങിനെ ചെയ്തതായി കേട്ടതുമില്ല.'
No comments:
Post a Comment