ദിവസം 158. ശ്രീമദ് ദേവീഭാഗവതം. 6. 31. ഭഗവതീധ്യാനാതികം
നിശാമായ മഹാരാജ ബ്രവീമി
വിശദാക്ഷരം
മാഹാത്മ്യം ഖലു മായായാ
നാരദാത്തു മയാ ശ്രുതം
മയാ പുനര്‍മുനി: പൃഷ്ടോ
നാരദ: സര്‍വ്വ വിത്തമ:
ശ്രുത്വാ കഥാം മുനേസ്തസ്യ
നാരീദേഹസമുദ്ഭവാം.
നാരദൻ പറഞ്ഞു: ഭഗവാൻ ആ തടാകക്കരയിൽ വച്ച് എന്നോടു യാത്ര പറഞ്ഞു പിരിഞ്ഞുപോയി. 'ഞാൻ വൈകുണ്ഡത്തിലേക്ക് പോകുന്നു. അങ്ങേക്ക് ഇഷ്ടമുള്ള ഇടത്തേക്ക് പോവാം അല്ലെങ്കിൽ എന്റെ കൂടെ വരാം. അതുമല്ലെങ്കിൽ സ്വർഗ്ഗലോകത്ത് ചെല്ലാം.'
ഞാൻ ഭഗവാനോട് യാത്ര പറഞ്ഞു് ബ്രഹ്മലോകത്തേക്ക് പോയി. അവിടെച്ചെന്ന് അച്ഛനെ നമസ്ക്കരിച്ചു. ചിന്താകുലനായി ആ സന്നിധിയിൽ നിന്നപ്പോൾ എന്നിലെ അഴൽ അറിഞ്ഞ താതൻ ചോദിച്ചു: 'മകനേ നീ എവിടെ പോയിരുന്നു? നിന്റെ മനസ്സിനെ മഥിക്കുന്ന വിഷയം എന്താണ്? നിന്നെ ആരെങ്കിലും വഞ്ചിച്ചുവോ? അല്ലാ, നീ വല്ല അത്ഭുതവും കാണുകയുണ്ടായോ ? നിന്നിലെ വിഷാദത്തിനു കാരണം എന്താണ്? ഇങ്ങിനെ വിഷണ്ണനായി നിന്നെ കണ്ടിട്ടില്ലല്ലോ.'
എനിക്ക് മായാബലത്താൽ പറ്റിയ കഥയെല്ലാം അച്ഛനോടു് വിവരിച്ചു പറഞ്ഞു. 'അച്ഛാ, മഹാവിഷ്ണു എന്നെ വഞ്ചിച്ചു. കുറെയേറെ വർഷങ്ങള്‍ എന്നെയൊരു സ്ത്രീയാക്കി മാറ്റി. മാത്രമോ മക്കളെല്ലാം മരിച്ചതിന്റെ ദുഖവും എനിക്കനുഭവിക്കേണ്ടി വന്നു. അദ്ദേഹമെന്നെ വല്ലാതെ പറ്റിച്ചു. ഒടുവിൽ തന്റെ മൃദുവായ വാക്കുകളാൽ എനിക്ക് ബോധവും നൽകുകയുണ്ടായി. ഒരു സരോവരത്തിൽ മുങ്ങുമ്പോഴാണ് ഞാൻ സ്ത്രീയായി മാറിയത്. പിന്നീടു് അതേ പൊയ്കയിൽ മുങ്ങി നിവർന്നപ്പോഴേക്ക് ഞാൻ നാരദൻ എന്ന പുരുഷഭാവം യാതൊരു മാറ്റവുമില്ലാതെ തിരികെ കൈക്കൊള്ളുകയും ചെയ്തു. ബ്രഹ്മജ്ഞ, എങ്ങിനെയാണ് എന്നിലെ ഓർമ്മകളും ജ്ഞാനവും നൊടിയിടയിൽ ഇല്ലാതെയായത്? അങ്ങിനെയുള്ള മോഹത്തിൽ എങ്ങിനെയാണ് ഞാൻ ആമഗ്നനായിത്തീർന്നത്? ജ്ഞാനം നശിപ്പിച്ച് മോഹത്തിൽ മുക്കിക്കളയുന്ന ശക്തിയാണ് മായയെന്ന് ഞാനറിഞ്ഞിരുന്നില്ല. ശുഭാശുഭങ്ങളായ എല്ലാറ്റിനെയും ഞാൻ അനുഭവിച്ചറിഞ്ഞു. അങ്ങ് എങ്ങിനെയാണ് മായയെ വിജയിച്ചത്?'
ഞാനിങ്ങിനെ ചോദിച്ചപ്പോൾ മഹാത്മാവായ എന്റെ പിതാവ് തെല്ലൊരു പുഞ്ചിരിയോടെ ഇങ്ങിനെ പറഞ്ഞു. 'ദേവൻമാർക്കും മഹാമുനിമാർക്കും വായു ഭക്ഷണം മാത്രം കഴിക്കുന്ന സിദ്ധൻമാർക്കും ഒന്നും മായയെ വിജയിക്കാനാവില്ല. അതു പോലെ തന്നെ മായയെ ജയിക്കാൻ എനിക്കോ വിഷ്ണുവിനോ ഹരനോ പോലും സാദ്ധ്യമല്ല. കാലം, കർമ്മം സ്വഭാവം എന്നിവയെ നിമിത്ത കാരണങ്ങളാക്കി സൃഷ്ടിസ്ഥിതി സംഹാര കാര്യങ്ങൾ നടത്തുന്നത് ആ മഹാമായയാണ്. അവളെ അറിയുക അസാദ്ധ്യം. നിനക്ക് അതിനെക്കുറിച്ച് വിഷമം വേണ്ട. ഞങ്ങളും മായാബദ്ധർ തന്നെയാണ്.'
നാരദൻ തുടർന്നു: 'വ്യാസ, ഞാൻ അച്ഛനോടു് അനുവാദം വാങ്ങി വീണ്ടും യാത്ര തുടർന്നു. പുണ്യതീർത്ഥങ്ങൾ അനവധി സഞ്ചരിച്ചു. അഹങ്കാരശമനം വന്ന എന്നിൽ അപ്പോള്‍ ശാന്തി നിറഞ്ഞിരുന്നു. അങ്ങും ഭ്രമം കളഞ്ഞ് ഇവിടെത്തന്നെ കഴിഞ്ഞു കൂടുകയാണ് നല്ലത്. അല്ലെങ്കിൽ ശുഭാശുഭ കർമ്മങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്ന അറിവോടെ യാത്രകൾ തുടർന്നാലും.’
വ്യാസൻ പറഞ്ഞു: 'എന്നോട് യാത്ര പറഞ്ഞ് ആ മഹാമുനി യാത്രയായി. ഞാൻ മഹത്തായ ഭാഗവത രചനക്ക് അക്കാലം വിനിയോഗിച്ചു. സരസ്വതീ നദിയുടെ തീരം. സാരസ്വത കല്പം. പറയുന്നത് ഉത്തമപുരാണങ്ങളിൽ അത്യുത്തമമായ കഥ. എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാൻ ഉതകുന്ന കഥകളും ആഖ്യാനങ്ങളും ഭാഗവതത്തില്‍ ഞാന്‍ ചേര്‍ത്തൊരുക്കി. വേദമാണിതിലെ പ്രമാണം.
ഇന്ദ്രജാലക്കാരൻ തന്റെ കയ്യിലെ പാവയെ എങ്ങിനെയാണോ തുള്ളിക്കുന്നത് അതുപോലെ മായ, ബ്രഹ്മാവു മുതൽ പുൽക്കൊടി വരെയുള്ള എല്ലാറ്റിനെയും അവളുടെ വരുതിയിൽ നിർത്തി ലീലയാടുന്നു. ഇതിൽ പഞ്ചേന്ദ്രിയങ്ങളും ചിത്തവുമുള്ള ദേവാസുരനരവർഗ്ഗങ്ങൾ എല്ലാം ഉൾപ്പെടുന്നു. മായ എല്ലാവരെയും കളിപ്പിക്കുന്നു എന്ന കാര്യത്തിൽ ശങ്ക വേണ്ട.
എല്ലാറ്റിനും ഹേതു ഗുണത്രയങ്ങളാണ്. കാര്യമുണ്ടാവാൻ കാരണം കൂടിയേ തീരൂ. ത്രിഗുണങ്ങൾക്ക് ശാന്തം, ഘോരം, മൂഢം, എന്നിങ്ങിനെ മൂന്നു വിധത്തിലാണ് മായയുടെ ഭിന്നസ്വഭാവങ്ങൾ പ്രകടമാവുന്നത്. ഗുണരഹിതനായി ഈ ലോകത്ത് ആരുമില്ല. തുണിയാണെങ്കിൽ അത് നൂലുകൊണ്ട് നെയ്തത് തന്നെയായിരിക്കും. ദേവാസുരനരതിര്യഗ് വർഗ്ഗങ്ങൾ എല്ലാം ഗുണബദ്ധരാണ്. മണ്‍കുടമുണ്ടാക്കണമെങ്കിൽ മണ്ണ് കൂടിയേ തീരു.
ഗുണസംയുതരാകുമ്പോൾ ചിലപ്പോൾ സംപ്രീതരും ചിലപ്പോൾ പ്രീതിയില്ലാത്തവരായും ഗുണികൾ വർത്തിക്കുന്നു. സന്തോഷവും ഖേദവും അവരിൽ മാറി മാറി അവരില്‍ അങ്കുരിക്കുന്നു. ബ്രഹ്മാവിൽ സത്വഗുണം ഉയർന്നു നില്ക്കുമ്പോൾ അദ്ദേഹം സകലജീവികളോടും പ്രീതനായും ജ്ഞാനിയായും വർത്തിക്കുന്നു. അതേ ബ്രഹ്മാവ് രജോഗുണിയാവുമ്പോൾ ഘോരരൂപമാർജ്ജിച്ച് സകലരിലും പ്രീതി നശിച്ച് കാണപ്പെടുന്നു. അദ്ദേഹം തന്നെ തമോഗുണത്തിനു വശംവദനാവുമ്പോൾ വിഷാദവാനും മൂഢനും ആയിത്തീരുന്നു.
അതുപോലെയാണ് മഹാവിഷ്ണുവും. സത്വം അധികരിക്കുമ്പോൾ ശാന്തനും പ്രീതിമാനുമായി ജ്ഞാനസംയുത ഭാവത്തിൽ അദ്ദേഹം നിലകൊള്ളുന്നു. സർവ്വനിയന്താവായ മുകന്ദനും പ്രീതിഹീനനായി ഘോരഭാവമാർജിക്കാൻ രജസ്സ് വർദ്ധിച്ചാൽ മതി.
സത്വവാനാണെങ്കിൽ ഹരനും പ്രശാന്തനത്രേ. എന്നാൽ രജസ്സ് ഉണർന്നാൽ ഹരൻ ഘോരഭാവമാർജിക്കും. അപ്പോള്‍ സംപ്രീതഭാവമെല്ലാം പോയി മറയും. തമോ ഗുണവൃദ്ധിയാൽ ശിവനും ഒരു മൂഢനേപ്പോലെ ഖേദിക്കാൻ തുടങ്ങും.
ത്രിമൂർത്തികൾ പോലും ഗുണാധീനൻമാരാണെങ്കിൽ സൂര്യവംശത്തിലും സോമവംശത്തിലും ജനിച്ച വീരരാജാക്കൻമാർ ഗുണാധീനരാണെങ്കിൽ ദേവ,ദൈത്യ,നര വർഗ്ഗങ്ങൾ മായാധീനരായതിൽ എന്താണത്ഭുതം? ജഗത് മുഴുവനും മായക്ക് അധീനമത്രേ. ദേഹമെടുത്ത എല്ലാവരും മായക്ക് അധീനരാണ് രാജാവേ. ഇക്കാര്യത്തിൽ സംശയമേ വേണ്ട.
സംവിദ്രൂപിണിയായ ഭഗവതിക്ക് അധീനയായി വർത്തിക്കുന്ന മായ ആ ദേവിയുടെ പ്രേരണയാൽ പ്രവർത്തനനിരതയാവുകയാണ്. ദേവിയുടെ നാമം ജപിച്ച് അവളെ ആരാധിക്കുന്നവരെ മായ ബാധിക്കുകയില്ല. എന്ത് കൊണ്ടെന്നാൽ ദേവിയുടെ കൃപയുണ്ടെങ്കിൽ മായയുടെ ലീലാവിനോദം നടമാടുകയില്ല. ദേവി സ്വയം ജ്ഞാനമേകി സ്വന്തം മായയെ ഉൻമൂലനം ചെയ്യുകയാണ്.
ഈ വിശ്വം തന്നെ മായയാണ്. അതിലെ നായികയാണ് ദേവി. ഭുവനേശ്വരി എന്ന് പ്രകീർത്തിക്കപ്പെടുന്ന ജഗജ്ജനനിയുടെ മംഗള രൂപത്തിൽ മനസ്സുറച്ച ഒരുവനെ മായ ബാധിക്കുന്നതെങ്ങിനെ?
മായയെ ജയിക്കാൻ മറ്റൊരു ദേവതയെയും ആശ്രയിച്ചിട്ട് കാര്യമില്ല. ഒരു തരത്തിലുള്ള ഇരുട്ടിന് അതിലും വലിയ ഇരുട്ടിനെ വെല്ലാൻ കഴിയുന്നതെങ്ങിനെ? അതിനു വെളിച്ചം തന്നെ വേണം. അഗ്നിയോ തിങ്കളോ സൂര്യനോ ഉണ്ടെങ്കിലേ ഇരുട്ടകലുകയുള്ളു. അതുകൊണ്ട് സ്വപ്രകാശ സ്വരൂപിണിയായ ദേവിയെ സദാ പൂജിക്കണം. ആരാധിക്കണം. മായയിൽ നിന്നുള്ള മോചനം നേടാൻ ഭക്തിപൂർവ്വം ആ ദേവിയിൽ മനസ്സ് മുഴുകട്ടെ.
അങ്ങു ചോദിച്ചതുകൊണ്ടു് ഞാൻ വിസ്തരിച്ച വൃത്രാസുരവധം മുതലായ കഥകൾ കേട്ടുവല്ലോ. ഇനി എന്താണ് അങ്ങേക്ക് കേൾക്കാൻ ആഗ്രഹമുള്ളത്? ഈ അമൂല്യ ഗ്രന്ഥത്തിന്റെ പൂർവ്വാർദ്ധം പറഞ്ഞു കഴിഞ്ഞു. ഇതിൽ ദേവീമാഹാത്മ്യം മുതൽ പല കഥകളും പറയുകയുണ്ടായി. ശ്രീ മാതാവിനെ കുറിച്ചുള്ള ചരിതം വെറും വാക്കായി ആര്‍ക്കും പറഞ്ഞു കൊടുക്കരുത്. ഭക്തനും, ശാന്തരം ദേവീഭക്തിയുള്ള ശിഷ്യനും മൂത്തപുത്രനും ഈശ്വരഭക്തിയുള്ളവനും മാത്രമേ ഈ പുരാണം പറഞ്ഞു കൊടുക്കാവൂ. കാരണം എല്ലാ കഥകളിലും ശ്രേഷ്ഠമാണീ പുരാണം. വേദത്തിനു തുല്യമാണിത്. പ്രമാണങ്ങൾക്കനുസൃതവുമാണ്. ഈ പുരാണത്തെ തെളിഞ്ഞ ഹൃദയത്തോടെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ ജ്ഞാനിയും ധനവാനും ആയിത്തീരും.
ആറാം സ്കന്ധം സമാപ്തം
ശ്രീ ലളിതാംബികായൈ നമ:
ഹരിഃ ഓം
ശ്രീ ഗുരുഭ്യോ നമ:
No comments:
Post a Comment