Devi

Devi

Wednesday, July 6, 2016

ദിവസം 159.ശ്രീമദ്‌ ദേവീഭാഗവതം. 7. 1 സോമസൂര്യവംശ കഥാരംഭം

ദിവസം 159.ശ്രീമദ്‌ ദേവീഭാഗവതം7. 1  സോമസൂര്യവംശ കഥാരംഭം
ഏഴാം സ്കന്ധം ആരംഭം
ശ്രുത്വൈതാം താപസാദ്ദിവ്യാം  കഥാം രാജാ മുദാന്വിത:
വ്യാസം പപ്രച്ഛ ധർമ്മാത്മാ പരീക്ഷിതസുത: പുനഃ
സ്വാമിൻ സൂര്യാന്വയാനാം ച രാജ്ഞാം വംശസ്യ വിസ്തരം
തഥാ സോമാന്വയാനാം ച ശ്രോതുകാമോ f സ്മി സർവ്വഥാ

സൂതൻ പറഞ്ഞു: മഹാനായ വ്യാസൻ ഇങ്ങിനെയുള്ള മഹത്തായ കഥകൾ പറഞ്ഞതു കേട്ട് സന്തുഷ്ടനായ ജനമേജയൻ വീണ്ടും ചോദിച്ചു. 'ഭഗവാനേ, സൂര്യവംശികളും ചന്ദ്രവംശികളും ആയ രാജാക്കൻമാരുടെ കഥകളും കൂടി കേൾക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പാപനാശകമാണ് ആ രാജവംശങ്ങളുടെ ചരിതം എന്നെനിക്കറിയാം. ആ വംശങ്ങളിലെ രാജാക്കൻമാർ പരാശക്തിയെ ഭജിച്ചവരാണെന്നും ഞാൻ കേട്ടിരിക്കുന്നു. ദേവീഭക്തരായവരുടെ ചരിതം കേട്ട് മതി വന്നവരായി ആരുണ്ടു്?'
രാജാവിന്റെ  ചോദ്യം കേട്ട് സന്തുഷ്ടനായ സത്യവതീസുതൻ പ്രസന്നഭാവത്തിൽ കഥ തുടർന്നു.
വ്യാസൻ പറഞ്ഞു: സോമസൂര്യവംശ രാജാക്കൻമാരുടെ കഥകൾ ഞാൻ അങ്ങേക്കായി വിസ്തരിച്ചുതന്നെ പറയാം. ബ്രഹ്മാവ് ഉണ്ടായത് മഹാവിഷ്ണുവിന്റെ നാഭീകമലത്തിൽ നിന്നുമാണല്ലോ. ആ വിരിഞ്ചൻ ജഗദംബയായ പരാശക്തിയെ ആരാധിച്ച് ദേവിയുടെ വരം വാങ്ങി സൃഷ്ടികർമ്മത്തിനായി തുനിഞ്ഞു. എന്നാൽ അദ്ദേഹത്തിന് മനുഷ്യനെ സൃഷ്ടിക്കാൻ കഴിയാതെ വന്നു. അതിനായി ചതുർമുഖൻ പലവിധ മാർഗ്ഗങ്ങളും പരീക്ഷിച്ചു നോക്കി. ഒടുവിൽ അദ്ദേഹം മനുഷ്യനെ സൃഷ്ടിച്ചുവെങ്കിലും അവർ സ്വയം പെറ്റുപെരുകിയില്ല.
പിന്നീട് അദ്ദേഹം ഏഴ് മാനസപുത്രൻമാരെ സൃഷ്ടിച്ചു. മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ എന്നിവരാണ് പ്രശസ്തരായ ആ സപ്തർഷികൾ. ബ്രഹ്മാവിന്റെ രോഷത്തിൽ നിന്നും രുദ്രൻ ഉണ്ടായി; മടിത്തട്ടിൽ നിന്നും നാരദൻ ജനിച്ചു; തള്ളവിരൽത്തുമ്പിൽ നിന്നും ദക്ഷൻ ഉണ്ടായി; സനകാദികൾ ബ്രഹ്മാവിന്റെ മനസ്സിൽ നിന്നും ഉണ്ടായി.
ദക്ഷപത്നിയായ വീരിണിയുടെ ഉൽഭവം ബ്രഹ്മാവിന്റെ ഇടത് കയ്യിലെ തള്ളവിരലിൽ നിന്നുമാണ്. വീരിണിക്ക് അസീകിനി എന്നും പേരുണ്ട്. അസീകിനിയുടെ മകനാണ് നാരദൻ.
ജനമേജയൻ ചോദിച്ചു: ഭഗവൻ, വീരിണിയിൽ  ദക്ഷനു ജനിച്ചതാണ് നാരദമുനി എന്നങ്ങ് പറഞ്ഞതിൽ എനിക്ക് സന്ദേഹമുണ്ട്. ബ്രഹ്മാവിന്റെ പുത്രൻ എങ്ങിനെയാണ് ദക്ഷപത്നിയിൽ പിറക്കുക? ആ കഥ ഒന്ന് വിസ്തരിച്ചാലും.നാരദനെ ആരെങ്കിലും ശപിച്ചതോ മറ്റോ ആണോ? അങ്ങിനെയുണ്ടായ പുനർജന്മമാണോ അത്?
വ്യാസൻ പറഞ്ഞു: സ്വയംഭൂവായ ബ്രഹ്മാവ് പ്രജാസൃഷ്ടിചെയ്യാൻ ആദ്യം നിയോഗിച്ചത് ദക്ഷനെയാണ്. പിതാവിന്റെ നിർദ്ദേശം കേട്ട പാടേ ദക്ഷൻ വീരിണിയിൽ അയ്യായിരം വീരപുത്രന്മാരെ ജനിപ്പിച്ചു. ആ വീരന്മാർ പ്രജാസൃഷ്ടിക്ക് തയ്യാറാവുന്നതു കണ്ട നാരദൻ കാലത്തിന്റെ പ്രേരണയോടെ അവരെ പരിഹസിച്ചു.
ഭൂവലിപ്പം മനസ്സിലാക്കാതെ സൃഷ്ടികർമ്മം ഏറ്റെടുക്കുക എന്നത് വിഡ്ഢിത്തമാണ്. അല്ലെങ്കിൽ വെറുതെ പരിഹാസപാത്രങ്ങളാവും. ആദ്യം ഭൂമിയുടെ വലുപ്പം അറിയണം. എന്നിട്ടു വേണം സൃഷ്ടി തുടങ്ങാൻ.’
മുനി പറഞ്ഞതിൽ കാര്യമുണ്ട്‌’എന്നു പറഞ്ഞ് അവർ ഭൂമിയെ അളക്കാൻ പുറപ്പെട്ടു - എല്ലാവരും യാത്രയായി. ചിലർ കിഴക്കോട്ടും മറ്റു ചിലർ തെക്കോട്ടും പോയി. ഇനിയും ചിലർ പടിഞ്ഞാറോട്ടും വടക്കോട്ടും യാത്രയായി. ദക്ഷൻ ദുഖിതനായി. പ്രജാസൃഷ്ടി നടത്താനായി ദക്ഷൻ വീണ്ടും പുത്രൻമാരെ ജനിപ്പിച്ചു.ആ പുത്രൻമാരും പ്രജാസൃഷ്ടിക്കായി ശ്രമം തുടങ്ങവേ അവരോടും നാരദൻ ഭൂവിസ്തൃതി കണ്ടു പിടിക്കാതെ സൃഷ്ടി ആരംഭിക്കുന്നതിന്റെ ബാലിശത്വം ഓർമ്മപ്പെടുത്തി. അവരും നാരദവാക്യത്തിൽ മോഹിതരായി യാത്ര പുറപ്പെട്ടു. ആ പുത്രൻമാരും സൃഷ്ടി നടത്താതെ യാത്ര തിരിച്ചതു കണ്ട് ക്രുദ്ധനായി ദക്ഷൻ നാരദനെ ശപിച്ചു. ‘എന്റെ പുത്രന്മാരെ നീ നശിപ്പിച്ചു. നീയും അതുപോലെ നശിച്ചുപോകട്ടെ. നിനക്കും ഗർഭവാസം അനുഭവിക്കാൻ ഇടയാവട്ടെ എന്റെ മകനായിത്തന്നെ നീ പിറക്കുന്നതാണ്.’
ഈ ശാപം മൂലം നാരദൻ വീണ്ടുമൊരു ജന്മമെടുത്തു. പിന്നീട് ദക്ഷനും വീരിണിക്കുമായി അറുപതു പുത്രിമാർ ഉണ്ടായി. ഇവരിൽ പതിമൂന്നു പേരെ കശ്യപൻ വിവാഹം കഴിച്ചു. ധർമ്മൻ പത്തുപേരെയും സോമൻ ഇരുപത്തിയേഴു പുത്രിമാരെയും ഭൃഗു രണ്ടു പേരെയും അരിഷ്ടനേമി നാലു പേരെയും വിവാഹം കഴിച്ചു. ദക്ഷന്‍ അംഗിരസ്സിനു രണ്ടു കന്യകമാരെ ദാനം ചെയ്തു. രണ്ടു പേർ കൃതാശ്വന്റെ ഭാര്യമാരായി. ഇവരുടെ പുത്രപൗത്രൻമാരായാണ് ദേവാസുര പ്രജകൾ എല്ലാം ഉണ്ടായത്. മോഹവും രാഗദ്വേഷങ്ങളും ബാധിക്കയാൽ ദേവൻമാരും ദാനവരും തമ്മിൽ വൈരമുണ്ടായി. വീരൻമാരായ ഈ രണ്ടു കൂട്ടർ തമ്മിൽ മൽസരവും സ്പർദ്ധയും സദാ വിപരീത ധ്രുവങ്ങളിലെന്ന പോലെ സഹജമായി നിലകൊണ്ടു.

No comments:

Post a Comment