ദിവസം 165. ശ്രീമദ്
ദേവീഭാഗവതം.7.7. ച്യവന തപോബലം
ദത്തേ ഗ്രഹേ തു രാജേന്ദ്ര വാസവ: കുപിതോ ഭൃശം
പ്രോവാച ച്യവനം തത്ര ദർശയൻ ബലമാത്മന:
മാ ബ്രഹ്മബന്ധോ മര്യാദാമിമം ത്വം
കർത്തുമർഹസി
വധിഷ്യാമി ദ്വിഷം തം ത്വാം വിശ്വരൂപമിവാപരം
വ്യാസൻ തുടര്‍ന്നു: ച്യവനമഹർഷി അശ്വിനീ ദേവൻമാർക്ക് സോമപാത്രം നൽകിയപ്പോൾ ഇന്ദ്രന് കോപം
വന്നു. ക്രുദ്ധനായി ശക്രൻ മുനിയോടു്
പറഞ്ഞു: 'നീതികേട് കാണിക്കുന്ന നിന്നെ ഞാനൊരു
പാഠം പഠിപ്പിക്കുന്നുണ്ട്. ബ്രാഹ്മണാധമ, പണ്ടു് വിശ്വരൂപനെ വധിച്ചതു പോലെ നിന്നെയും ഞാൻ കാലപുരിക്കയക്കും.’
അപ്പോൾ
ച്യവന മഹർഷി പറഞ്ഞു: ‘അരുത് ദേവേന്ദ്രാ. ഈ അശ്വിനികളാണ് എന്നെ ദേവതുല്യനാക്കി
മാറ്റിയത്. അവരെ അപമാനിക്കരുത്. നിന്നെക്കൂടാതെ മറ്റ് ദേവൻമാരും സോമപാനികൾ അല്ലെ? ഇവരും ദേവസമൂഹത്തിൽ ഉള്ളവരാണെന്ന്
മറക്കരുത്.’
'അതൊന്നും പറയണ്ട. ഈ വൈദ്യൻമാർക്ക്
സോമം നൽകിയാൽ അങ്ങയെ വധിക്കാൻ തന്നെയാണ് എന്റെ തീരുമാനം.' ഇന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു.
ഏതായാലും
മഹർഷി ദേവഭിഷഗ്വരൻമാർക്ക് സോമരസം നൽകി. ദേവൻമാർ സോമപാനത്തിനായി പാത്രമെടുക്കാൻ
തുടങ്ങവേ ഇന്ദ്രൻ മുനിയുടെ നേര്‍ക്ക് അലറി. 'അങ്ങ്
സ്വന്തം കാര്യം നേടാൻ ഇവരെക്കൊണ്ട് സോമപാനം ചെയ്യിപ്പിച്ചാൽ വജ്രായുധം കൊണ്ടു്
കഴുത്തറുക്കും ഞാൻ. വിശ്വരൂപന് അങ്ങിനെയാണ് അന്ത്യമുണ്ടായത്.'
ഇന്ദ്രന്റെ
വാക്കുകൾ വകവയ്ക്കാതെ ച്യവനൻ സോമപാത്രമെടുത്ത് ഉപചാരപൂർവ്വം വൈദ്യൻമാർക്ക് നൽകി.
ദേവേന്ദ്രൻ കോടി സൂര്യപ്രഭ മിന്നുന്ന വജ്രായുധം ച്യവനന് നേരേ പ്രയോഗിച്ചു. എന്നാൽ
മഹർഷിയുടെ തപോബലം ആയുധത്തെ നിശ്ചലമാക്കി നിർത്തി.
പെട്ടെന്ന് ഇന്ദ്രനെ
നശിപ്പിക്കാൻ ഒരു കൃത്യയെ സൃഷ്ടിക്കണമെന്ന
സങ്കല്പ്പത്തോടെ മഹർഷി യജ്ഞഹവിസ്സ്
യാഗാഗ്നിയിൽ നിക്ഷേപിച്ചു. ആ ഹവിസ്സ് മഹാകായനും അതിശക്തിമാനുമായ ഒരു ഭീകരസത്വമായി
അഗ്നിയിൽ നിന്നും പുറത്ത് വന്നു. മദൻ എന്നാണവന്റെ പേര്. പർവ്വതതുല്യമായ ദേഹം.
സകലജീവികൾക്കും അവനെ ഭയമായിരുന്നു. നൂറു യോജന നീളമുള്ള നാലു ദംഷ്ട്രങ്ങൾ!
പത്തുയോജന നീളമുള്ള പല്ലുകൾ! പുലിനഖങ്ങൾ! തടിച്ചുരുണ്ട കൈയ്യുകൾ. ആകാശം മുട്ടെ ഉയരം. മഷി നിറത്തിൽ
ദേഹം. ഭയം ജനിപ്പിക്കുന്ന ജടാ ഭാരം. ചുവന്നു കലങ്ങിയ കണ്ണുകൾ. ഭയാനകമായ മുഖം. അവനെ
കണ്ടപാടെ ദേവൻമാർ ഓടിയൊളിക്കാൻ തുടങ്ങി. അവനെക്കണ്ടു പേടിച്ചു വിറച്ച ശക്രൻ യുദ്ധം ചെയ്യാൻ
കൂടി മറന്നുപോയി. ഇപ്പോള്‍ ഇതാ മദന്റെ വായിലാണ് വജ്രായുധം ഇരിക്കുന്നത്. അവൻ ഇന്ദ്രനെ
വിഴുങ്ങാനായി അടുത്തപ്പോൾ ദേവൻമാർ പേടിച്ച് ആർത്തുവിളിച്ചു.
ദേവേന്ദ്രന്
തന്‍റെ അടുത്തിരിക്കുന്ന ആയുധം എടുക്കാനുള്ള ത്രാണി പോലും പേടി കൊണ്ട് ഇല്ലാതായി.
അദ്ദേഹം ദേവഗുരുവിനെ മനസാ സ്മരിച്ചു.
മനക്കണ്ണിൽ
ഇന്ദ്രന്റെ അവസ്ഥ കണ്ടറിഞ്ഞ ബ്രഹസ്പതി വേഗംതന്നെ യജ്ഞശാലയിൽ എത്തി. 'ദേവേന്ദ്രാ, ഇവനിൽ മന്ത്രമോ വജ്രായുധമോ
ഏൽക്കുകയില്ല. ഋഷിയായ ച്യവനൻ അഗ്നിയിൽ നിന്നും
മനസാ സൃഷ്ടിച്ച ഇവൻ അജയ്യനാണ്. നമുക്കൊന്നും അവനെ ജയിക്കാൻ കഴിയില്ല. നീയാ ച്യവനനെത്തന്നെ ആശ്രയിക്കുക. അതേ വഴിയുള്ളു. അദ്ദേഹം മദനെ തടുത്ത് നമ്മെ
രക്ഷിക്കും. മുനി, പരാശക്തിയായ
അമ്മയെ ആരാധിക്കുന്നവനാണ്. അങ്ങിനെയുള്ള സാധകനെ തടുക്കാൻ ആർക്കും ആവില്ല തന്നെ.’
വ്യാസൻ
തുടർന്നു. ഗുരുവിന്റെ നിർദ്ദേശപ്രകാരം ഇന്ദ്രൻ മുനിയെ ചെന്ന് നമസ്കരിച്ചു. 'എന്റെ
ധാർഷ്ട്യം പൊറുത്ത് ക്ഷമിച്ചാലും. അങ്ങുണ്ടാക്കിയ ഈ ഭീകരനെ ഒതുക്കി നിർത്തി ഞങ്ങളെ
രക്ഷിച്ചാലും. അങ്ങയുടെ വാക്കുകൾ ഞാൻ അക്ഷരംപ്രതി അനുസരിച്ചു കൊള്ളാം. അങ്ങയുടെ
തീരുമാനം പോലെ അശ്വിനികൾ ഇന്നു മുതൽ സോമം കുടിച്ചുകൊള്ളട്ടെ. അങ്ങയുടെ യജ്ഞം
സഫലമായി. ശര്യാതി മഹാരാജാവും കൃതകൃത്യനായി ഭവിക്കട്ടെ. അങ്ങയുടെ മഹത്വം നാലാൾ
അറിയുന്നതിനായി ഞാൻ ചെയ്ത ഒരു കുസൃതിയായി മാത്രം ഇതിനെ കണ്ടാൽ മതി. മദനെ അടക്കിനിര്‍ത്തി ദേവൻമാർക്ക് ശുഭമണച്ചാലും.’
മുനി ഇന്ദ്രന്റെ അഭ്യർത്ഥനയെ മാനിച്ച് മദന്റെ
ഗർവ്വടക്കി. അവന്റെ വീരസ്യത്തെ മുഴുവൻ സത്രീയിലും മദ്യപാനത്തിലും ചൂതിലും
നായാട്ടിലും വീതിച്ചു വച്ചു.
ദേവൻമാർ
സോമപാനം നടത്തി തുഷ്ടരായി. സൂര്യപുത്രൻമാരായ അശ്വിനീദേവൻമാർക്ക് യജ്ഞവീതമായി അന്നു
മുതൽ സോമം ലഭ്യമായി. യജ്ഞസ്ഥലവും മുനിയുടെ ആശ്രമവും രാജാവും എല്ലാം ഇതോടെ
അതിപ്രശസ്തമായിത്തീര്‍ന്നു.
ശര്യാതിയുടെ
പുത്രൻ ആനർത്തൻ. അദ്ദേഹത്തിന്റെ മകൻ രേവതൻ. സമുദ്രത്തിൽ കുശസ്ഥലി എന്ന പട്ടണം
നിർമ്മിച്ചത് ഈ രാജാവാണ്. അവിടെ താമസിച്ച് രാജ്യഭരണം നടത്തിയ രേവതന് നൂറു
പുത്രൻമാർ ഉണ്ടായി. അതിൽ മൂത്തയാൾ കുകുദ്മി.
രേവതന്റെ
മകൾ സുന്ദരിയായ രേവതിക്ക് വിവാഹപ്രായമായപ്പോൾ 'ഇവളെ വരിക്കാൻ യോഗ്യനായി ആരുണ്ടു്?’, എന്നദ്ദേഹം ആലോചിച്ചു. 'ബ്രഹ്മാവിനോട്
തന്നെ ചോദിക്കാം' എന്നു തീരുമാനിച്ച് രാജാവ് കുമാരിയെയും കൂട്ടിക്കൊണ്ടു്
സത്യലോകത്ത് ബ്രഹ്മസവിധത്തിലെത്തി. ബ്രഹ്മലോകത്ത് ദിവ്യശരീരികളായ ദേവൻമാരും
മാമുനിമാരും പർവ്വതങ്ങളും ഛന്ദസ്സുകളും നദികളും എല്ലാം അതിദിവ്യമായ ഒരു
ഭാവഗരിമയിലായിരുന്നു.
സിദ്ധ-ചാരണ-ഗന്ധർവ്വ-ഋഷി വൃന്ദങ്ങൾ കൈകൂപ്പി ആലപിക്കുന്ന സ്തുതികളാൽ
ബ്രഹ്മലോകം അപ്പോള്‍ മന്ത്രമുഖരിതമായിരുന്നു.
No comments:
Post a Comment