ദിവസം 140. ശ്രീമദ് ദേവീഭാഗവതം. 6. 13. ശൂനശേഫരക്ഷണം
സാഹസം കൃതവാന്‍ രാജാ പൂര്‍വ്വം
യത് കഥിതോ മഖ:
വരുണായ പ്രതിജ്ഞാത: പുത്രം
കൃത്വാ പശും പ്രിയം
ഗതേ ത്വയി പിതാ പുത്രം
ബദ്ധ്വാ യൂപേ ലൃണ: പുന:
പശും കൃത്വാ മഹാബുദ്ധേ
വധിഷ്യധി വൃഥാതുര:
ബ്രാഹ്മണ വേഷത്തില്‍ വന്ന
ഇന്ദ്രന്‍ തുടര്‍ന്നു: ‘നിന്നെ വരുണന് ബലി നല്‍കാം എന്ന്‍ മഹാരാജാവ് നല്‍കിയ
വാക്ക് കുറച്ചു കടന്നുപോയി. ഇങ്ങിനെ ചെയ്യുന്ന പിതാക്കന്മാരുണ്ടോ? കൊട്ടാരത്തില്‍
ചെല്ലേണ്ട താമസം, യൂപത്തില്‍ക്കെട്ടി നിര്‍ദ്ദയം നിന്നെ ബലി കൊടുക്കും.’
വിപ്രന്റെ വാക്കുകള്‍
കേട്ട് രോഹിതന്‍ കൊട്ടാരത്തിലേക്ക് പോവാനുള്ള തീരുമാനം മാറ്റി. എന്നാല്‍ ഓരോതവണയും
പിതാവിന്‍റെ രോഗവാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും അവനു പിതാവിനെ കാണാന്‍ പോവണമെന്ന്
തോന്നും. അതിനായി പുറപ്പെടുമ്പോഴെയ്ക്കും ഇന്ദ്രന്‍ വന്ന് ഓരോരോ ന്യായം പറഞ്ഞ് അവനെ
അതില്‍ നിന്നും പിന്തിരിപ്പിക്കും.
കൊട്ടാരത്തില്‍
ഹരിശ്ചന്ദ്രന് രോഗം കലശലായി. അദ്ദേഹം ഗുരുവായ വസിഷ്ഠനെ വിളിച്ചു സങ്കടം പറഞ്ഞു:
രോഗപീഡിതനായ എന്നെ അങ്ങ് രക്ഷിക്കണം. എന്താണ് ഞാനിനി ചെയ്യുക?’
വസിഷ്ഠന്‍ പറഞ്ഞു: ‘രാജാവേ,
രോഗനിവാരണത്തിന് ഉപാധികള്‍ ഉണ്ട്. ഒരുവന് പതിമൂന്നുതരത്തില്‍ മക്കള്‍ ഉണ്ട്.
എല്ലാവരും അയാള്‍ തന്നെ ജന്മം കൊടുത്തവര്‍ ആവണമെന്നില്ല. ചോദിച്ച പണം നല്‍കി ഒരു
ബ്രാഹ്മണകുമാരനെ വിലയ്ക്ക് വാങ്ങി അവനെ ബലിമൃഗമായി വച്ച് യാഗം പൂര്‍ത്തിയാക്കാം.
ഇങ്ങിനെയുള്ള പുത്രന് ക്രീതപുത്രന്‍ എന്നാണു പറയുന്നത്. അങ്ങിനെ പാശിയെ പ്രീതനാക്കി
അങ്ങേയ്ക്ക് രോഗവിമുക്തി കൈവരിക്കാം.’
ഗുരു പറഞ്ഞതനുസരിച്ച്
രാജാവ് മന്ത്രിയോട് പറഞ്ഞു: ‘ഈ നാട്ടിലും സ്വന്തം മകനെ വില്‍ക്കാന്‍ തയ്യാറായി ആരെങ്കിലും
ഉണ്ടായേക്കും. എത്ര ക്ലേശം സഹിച്ചാണെങ്കിലും അങ്ങിനെ ഒരാളെ കണ്ടു പിടിക്കണം.
യജ്ഞത്തിന് വിപ്രകുമാരന്‍തന്നെ വേണമല്ലോ. എത്ര പണം വേണമെങ്കിലും അവന്‍റെ പിതാവിന്
നല്‍കാം. അതില്‍ പിശുക്ക് കാണിക്കേണ്ടതില്ല. ചോദിച്ച വില നല്‍കി അങ്ങിനെ ഒരുവനെ
കൊണ്ടുവന്നാലും.’
വീടായ വീട് തോറും മന്ത്രി
അന്വേഷിച്ചലഞ്ഞു. ഒടുവില്‍ അജീഗര്‍ത്തന്‍ എന്നൊരു ബ്രാഹ്മണനെ കണ്ടുകിട്ടി. അയാള്‍
രോഗിയാണ്. മൂന്നു മക്കളുമായി കഷ്ടപ്പെട്ട് കഴിയുന്ന അയാള്‍ വലിയ
ദാരിദ്ര്യത്തിലുമാണ്. അയാളുടെ മൂന്നു മക്കളില്‍ മദ്ധ്യമനായ ശൂനശേഫനെ ചോദിച്ച പണവും
നല്‍കി മന്ത്രി വാങ്ങിക്കൊണ്ടുവന്നു. ‘ബലിയ്ക്ക് ഇവന്‍ മതിയാകും’ എന്ന് രാജാവിനോട്
പറഞ്ഞ് അയാളെ ഏല്‍പ്പിച്ച് മന്ത്രി തന്‍റെ കര്‍ത്തവ്യം ചെയ്തു.
രാജാവ് യജ്ഞത്തിനുള്ള
സംഭാരങ്ങള്‍ എല്ലാം ചെയ്തു. വിപ്രന്മാര്‍ തയ്യാറായി. യജ്ഞം തുടങ്ങവേ അവിടെ വന്ന
വിശ്വാമിത്രന്‍ ഒരു കുമാരനെ യജ്ഞശാലയില്‍ കെട്ടിയിട്ടത് കണ്ട് ‘രാജാവേ, സാഹസമരുത്.
അവനെ കെട്ടഴിച്ചു വിടൂ. നിനക്കതുകൊണ്ട് സൌഖ്യമുണ്ടാവും. ബ്രാഹ്മണരക്ഷക്കായി
സ്വജീവന്‍ വരെ ത്യജിക്കുകയാണ് രാജാക്കന്മാരുടെ രീതി. അല്ലാതെ സ്വരക്ഷയ്ക്ക് ഒരു
ക്ഷത്രിയന്‍ ബ്രാഹ്മണനെ ബലാല്‍ക്കാരമായി യാഗബലി നല്‍കാന്‍ ഒരുങ്ങുന്നു. കഷ്ടം. ഈ ബാലന്‍റെ
കരച്ചില്‍ കേട്ട് എന്നില്‍ കരുണയുണരുന്നു. എല്ലാവര്‍ക്കും സ്വജീവന്‍
വിലപ്പെട്ടതാണ്. എന്‍റെ വാക്കുകളെ ആദരിക്കുമെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിച്ചാലും.
അവനെ വിടൂ.’
എന്നാല്‍ രാജാവ് കൌശികന്റെ
വാക്കുകള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. മുനി രാജാവിനോട് ക്രുദ്ധനായിയെങ്കിലും അദ്ദേഹം ശൂനശേഫന് ദിവ്യമായ വരുണമന്ത്രം ഉപദേശിച്ചുകൊടുത്തു. ബാലന്‍ ആ മന്ത്രം
പ്ലുതസ്വരത്തില്‍ ദയനീയമായി ധ്യാനപൂര്‍വ്വം ആവര്‍ത്തിച്ചു ജപിച്ചുകൊണ്ടിരുന്നു. ആര്‍ദ്ദ്രമായ
സ്വരത്തില്‍ മാന്‍ ചാടുന്നതുപോലെയുള്ള ആ ജപം കേട്ട് പ്രസന്നനായ വരുണന്‍ യാഗശാലയില്‍ നേരിട്ട് വന്നു കുമാരനെ മോചിപ്പിച്ചു. രാജാവിന്‍റെ രോഗം ശമിച്ചു. കൌശികന്‍ അങ്ങിനെ
ബ്രാഹ്മണകുമാരന്‍റെ ജീവന്‍ രക്ഷിച്ചു.
രാജാവ് തന്‍റെ വാക്കുകള്‍
കേള്‍ക്കാഞ്ഞതില്‍ വിശ്വാമിത്രന് കോപമുണ്ടായിരുന്നു. ഒരിക്കല്‍ രാജാവ്
മൃഗയാവിനോദത്തിനു കാട്ടില്‍പ്പോയി ഒരു പന്നിയെ പിന്തുടര്‍ന്നു. കൌശികീ നദിയുടെ
തീരത്തെത്തിയ രാജാവിന്‍റെയടുക്കല്‍ മുനിയൊരു വൃദ്ധബ്രാഹ്മണ വേഷത്തില്‍ എത്തി.
അദ്ദേഹം ഹരിശ്ചന്ദ്രന്റെ രാജ്യമടക്കം സകല സമ്പത്തും ദാനമായി ചോദിച്ചു വാങ്ങി
രാജാവിനെ നിസ്വനാക്കി. രാജാവിന്‍റെ കാര്യം കഷ്ടത്തിലായി. തന്‍റെ രാജാവിന് ഈ വിധി
വന്നല്ലോ എന്ന് വസിഷ്ഠമുനിക്ക് ദുഖമായി. അദ്ദേഹം കാട്ടിലെത്തി രാജര്‍ഷിയായ
വിശ്വാമിത്രനെ ഭര്‍സിച്ചു.
‘നീയൊരധര്‍മ്മ ക്ഷത്രിയന്‍
തന്നെ. വേറുതെയാണീ മുനിവേഷം. ധ്യാനത്തിനാണന്ന മട്ടില്‍ നദിയുടെ കരയ്ക്കിരുന്നു
തക്കം കിട്ടുമ്പോള്‍ മീന്‍ പിടിക്കുന്ന കൊക്കിന്റെ സൂത്രമാണ് നീയിപ്പോള്‍ എന്‍റെ
രാജാവിനോട് ചെയ്തത്. എന്‍റെ രാജാവ് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തെ നീ നിസ്വനാക്കിയത്? നീയൊരു ബകത്തിന്റെ പണി ചെയ്തതുകൊണ്ട് നിന്നെയൊരു ബകമാകാന്‍തന്നെ ഞാന്‍ ശപിക്കുന്നു.’
‘എന്നാല്‍ ശരി മഹാത്മന്‍,
ഞാന്‍ ബകമായി നില്‍ക്കുന്ന കാലത്തോളം നീയൊരു പൊന്മയായി മീന്‍ പിടിച്ചു
കഴിയാനിടവരട്ടെ’ എന്ന് വിശ്വാമിത്രന്‍ വസിഷ്ഠന് ഒരു മറുശാപവും നല്‍കി.
അങ്ങിനെയാ മഹാതാപസന്മാര്‍
കൊറ്റിയായും പൊന്മയായും ഒരേയിടത്തില്‍ ജീവിച്ചുവന്നു, കൊറ്റി മാനസതടാകത്തിനരികെ ഒരു മരക്കൊമ്പില്‍
കൂടുകെട്ടിത്താമസിച്ചു. മറ്റൊരു മരത്തില്‍ വസിഷ്ഠന്‍ പൊന്മയായും വസിച്ചു. അപ്പോഴും
രണ്ടാളും വൈരഭാവം വിട്ടിരുന്നില്ല. എല്ലാ ദിവസവും രണ്ടാളും കൂട്ടില്‍ നിന്നും
പുറത്തുവന്ന് നഖവും ചിറകും ഉപയോഗിച്ച് പരസ്പരം കൊത്തിക്കീറി മല്ലിടും. മേലാകെ ചോരപുരണ്ട്
പൂത്തുനില്‍ക്കുന്ന മുരിക്കുമരങ്ങള്‍ പോലെ അവര്‍ ശോണനിറമണിയും. ശാപക്കയറിനാല്‍
ബാദ്ധരായതിനാല്‍ രണ്ടു മാമുനിമാരും പക്ഷിരൂപത്തിലുള്ള ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു.
ലോകപിതാമഹനായ ബ്രഹ്മാവ്
പോരടിക്കുന്ന ഈ പക്ഷികളെക്കണ്ട് ദയാര്‍ദ്രനായി ദേവന്മാരോടുകൂടി വന്ന്‍ രണ്ടു
മുനിമാരെയും സമാധാനിപ്പിച്ച് പോരടിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. പരസ്പരം
നല്‍കിയിരുന്ന ശാപങ്ങള്‍ അവര്‍ പിന്‍വലിച്ചു. ബ്രഹ്മാവും ദേവന്മാരും പിരിഞ്ഞുപോയി.
വിശ്വാമിത്രനും വസിഷ്ഠനും വീണ്ടും മിത്രഭാവത്തിലായി.
കണ്ടില്ലേ, യാതൊരു
കാര്യമില്ലാതെ ഈ മഹാമുനിമാര്‍ തമ്മില്‍പ്പോലും വലിയ വഴക്കുണ്ടായി. അഹങ്കാരമടക്കി
സദാ സുഖിയായി വാഴുന്ന ആരെങ്കിലുമുണ്ടോ? മഹാത്മാക്കള്‍ക്കും രാജാക്കന്മാര്‍ക്കും
എന്നുവേണ്ട, ആര്‍ക്കും ചിത്തശുദ്ധി കിട്ടുക എന്നത് എളുപ്പമല്ല. കഷ്ടപ്പെട്ട്
മാത്രമേ ചിത്തശുദ്ധി ലഭ്യമാവൂ. ദാനം തപസ്സ്, സത്യം, ധര്‍മ്മ കര്‍മ്മങ്ങളിലുള്ള
ശ്രദ്ധ എന്നിവയെല്ലാം ഉചിതമായി ചെയ്തില്ലെങ്കില്‍ നിരര്‍ത്ഥകമാവും.
No comments:
Post a Comment