Devi

Devi

Wednesday, April 20, 2016

ദിവസം 136. ശ്രീമദ്‌ ദേവീഭാഗവതം. 6. 9. നഹുഷാധ:പതനം

ദിവസം 136. ശ്രീമദ്‌ ദേവീഭാഗവതം. 6. 9. നഹുഷാധ:പതനം

താം വീക്ഷ്യ വിപുലാപാംഗീം രഹ:ശോക സമന്വിതാം
ആഖണ്ഠല: പ്രിയം ഭാര്യാം വിസ്മിതശ്ചാബ്രവീത്തദാ
കഥമത്രാഗതാ കാന്തേ കഥം ജ്ഞാതസ്ത്വ യാഹ്യഹം
ദുര്‍ജ്ഞ്യേയ: സര്‍വഭൂതാനാം സംസ്ഥിതോസ്മി ശുഭാനനേ  

വ്യാസന്‍ തുടര്‍ന്നു: തന്‍റെ പ്രിയതമ മാനസസരസ്സില്‍ താനിരിക്കുന്ന ഏകാന്തപ്രദേശത്ത് എത്തിയത് കണ്ട് ഇന്ദ്രന്‍ ആശ്ചര്യപ്പെട്ടു. 'ഞാനിവിടെയുണ്ടെന്നു നീയെങ്ങിനെ അറിഞ്ഞു പ്രിയേ?' എന്നദ്ദേഹം ചോദിച്ചു.

‘ഭഗവതീപ്രസാദമാണ് അതിന്‍റെ കാരണം’. ആ ജഗദംബ കനിഞ്ഞതിനാലാണ് എനിക്കിവിടെ വരാനായത്. അങ്ങവിടെ ഇല്ലാത്തതിനാല്‍ മുനിമാര്‍ ചേര്‍ന്ന് നഹുഷനെ ഇന്ദ്രനായി വാഴിച്ചിരിക്കുന്നു. അവന്‍റെ ശല്യം സഹിക്കാനാവുന്നില്ല എനിക്ക്. അവനെ ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കണം എന്നതാണ് അവന്‍ പറയുന്നത്. ‘ഞാനിപ്പോള്‍ ഇന്ദ്രനാണ്‌. അതുകൊണ്ട് ഇന്ദ്രാണിയെ എനിക്ക് വേണം‘ എന്നാണവന്‍റെ വാദം. രിപുദമനാ, ഞാനെത് ചെയ്യണം?’

‘ഇനിയും എനിക്ക് പുറത്തുവരാന്‍ കാലമായില്ല. സതിയായ നീ കുറച്ചു കാലം കൂടി പൊറുക്കണം. കാത്തിരിക്കുകയും വേണം’

തന്‍റെ നാഥന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ശചി സങ്കടത്തോടെ പറഞ്ഞു: ‘എങ്ങിനെയാണ് അവനെയെനിക്ക് തടയാന്‍ കഴിയുക? മദഗര്‍വ്വിതനും അധികാരിയുമായ അവന്‍ എന്നെ ചൊല്‍പ്പടിക്ക് നിര്‍ത്തും. മാത്രമോ മുനിമാരും മറ്റു ദേവന്മാരും പറയുന്നത് ആ കാമാന്ധനെ ഞാന്‍ വരിക്കണമെന്നാണ്. ദേവഗുരുവിനെ ആശ്രയിക്കാമെന്ന് വച്ചാല്‍ അദ്ദേഹം വെറുമൊരു ദുര്‍ബ്ബലബ്രാഹ്മണന്‍. സേനാബലമില്ല താനും. ദേവന്മാര്‍ അവരവരുടെ കാര്യത്തില്‍ മാത്രം ശ്രദ്ധയുള്ളവരാണ്. ഞാന്‍ അബലയായ ഒരു നാരിയാണല്ലോ. അന്യപുരുഷന് കീഴടങ്ങി ഞാനൊരു വേശ്യയാവുകയില്ല. എന്നെ രക്ഷിക്കാന്‍ അവിടെയാരുമില്ല നാഥാ.’

ഇന്ദ്രന്‍ പറഞ്ഞു: ‘സുന്ദരീ ഞാനൊരുപായം പറയാം. ആപത്തുകാലത്ത് രക്ഷിക്കാന്‍ ഒരുവളുടെ ശീലഗുണങ്ങള്‍ മാത്രമേ ഉപകരിക്കൂ. അന്യന്‍റെ കീഴില്‍ കഴിയുമ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ അത്ര എളുപ്പമൊന്നുമല്ല. ചിലപ്പോള്‍ മനസ്സ് ഇളകും. എന്നാല്‍ ഒരുവളുടെ സത്സ്വഭാവം അവളെ രക്ഷിക്കും. നഹുഷന്‍ നിന്നെ ബലാല്‍ പ്രാപിക്കാന്‍ നോക്കിയാല്‍ അവനെ നീ നല്ല വാക്കുകൊടുത്തു മയക്കി വഞ്ചിക്കുക. നീ അയാളോട് ‘ഏകാന്തമായ ഒരിടത്ത് ഋഷിമാര്‍ ചുമക്കുന്ന പല്ലക്കിലേറി വന്ന്‍ എന്നെ സന്ധിക്കൂ’ എന്ന് പറയണം. ‘ഇങ്ങിനെ മാത്രമേ നിനക്ക് കീഴടങ്ങാന്‍ കഴിയൂ എന്നത് എന്‍റെയൊരു വ്രതമാണ്’. ഇത് പറഞ്ഞാല്‍ അവന്‍ ശരിക്കും മോഹവലയത്തില്‍ വീഴും. അവന്‍ ഋഷിമാരെ നിര്‍ബ്ബന്ധിച്ചു കൊണ്ടുവന്ന് അവന്റെ പല്ലക്ക് ചുമപ്പിക്കും. ആ മുനിമാരില്‍ ഒരാള്‍ അവനെ ശപിച്ചു ഭസ്മമാക്കും. നിന്നെ സഹായിക്കാന്‍ ദേവി സദാ കൂടെയുണ്ടല്ലോ? ആ അമ്മയെ അഭയം പണിയുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാവില്ല. അഥവാ ആപത്തുകള്‍ വന്നുപെട്ടാലും അത് ശ്രേയസ്സിന് വേണ്ടിയാണെന്ന് കരുതണം. ഗുരു ബൃഹസ്പതി പറയുന്നതുപോലെ മണിദ്വീപില്‍ വാഴുന്ന ആ മഹേശ്വരിയെ സദാ സ്മരിക്കുക. പൂജിക്കുക.’

ശചി ഇന്ദ്രന്‍റെ നിര്‍ദ്ദേശം അനുസരിക്കാമെന്ന്  സമ്മതിച്ചു. അവള്‍ നഹുഷനെ ചെന്ന് കണ്ടു. രാജാവ് അതീവമായ സന്തോഷം പ്രകടിപ്പിച്ചു. ‘നിന്‍റെ സത്യവ്രതപാലനത്തില്‍ ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു. ഭര്‍ത്താവിനെ തേടിപ്പോയ നീ തിരികെ എന്‍റെയടുക്കല്‍ത്തന്നെ വന്നുവല്ലോ. ഞാന്‍ ഇനി നിനക്ക് ദാസന്‍. ഇനിയുമെന്തിനാണ് മൌനം? സുന്ദരീ ഇനിയെന്നെ സേവിക്കൂ. നിന്‍റെ മൌനം ഭഞ്ജിച്ചുകാണാന്‍ ഞാന്‍ എന്ത് ചെയ്യണം?’

‘തല്‍ക്കാലത്തെക്ക് ഇന്ദ്രപദവിയില്‍ ഇരിക്കുന്ന അങ്ങ്  എനിക്ക് വേണ്ട കാര്യമെല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍ എന്‍റെയുള്ളില്‍ ഒരാഗ്രഹം കൂടിയുണ്ട്. അത് സാധിപ്പിച്ചു തന്നാല്‍ ഞാന്‍ നിനക്ക് അടിമ. എന്റെ മാനസോല്ലാസം വര്‍ദ്ധിക്കാന്‍ അങ്ങതു ചെയ്തു തരണം.’

‘കാര്യമെന്താണെങ്കിലും ഞാനത് നടത്തും. ഒരിടത്തും കിട്ടാത്ത സാധനമാണെങ്കിലും ഞാനത് വരുത്തി നിന്‍റെ കാല്‍ക്കല്‍ വെയ്ക്കാം.’

‘ഞാനതെങ്ങിനെ പറയും പ്രഭോ? നിനക്കതിനു കഴിയുമോ എന്ന് എനിക്കതത്ര വിശ്വാസമില്ല. ഇഷ്ടം എന്തായാലും സാധിപ്പിക്കും എന്ന് നീ സത്യം ചെയ്യണം ശപഥം ചെയ്താലേ ഞാന്‍ എന്‍റെ ആഗ്രഹം പറയുകയുള്ളൂ. ശപഥപ്രകാരം എന്റെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ നിനക്ക് ഞാന്‍ കീഴടങ്ങാം എന്നുറപ്പ് തരുന്നു.’

‘ഇന്നോളം ഞാന്‍ ചെയ്ത യാഗങ്ങളും ദാനധര്‍മ്മങ്ങളും സുകൃതങ്ങളും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നു നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിക്കും!’

‘ഇന്ദ്രന് കുതിര, ആന, തേര് എന്നിവയാണല്ലോ വാഹനങ്ങള്‍. വിഷ്ണുവിന് ഗരുഡന്‍. യമന് പോത്ത്. ശങ്കരന് കാള, ബ്രഹ്മാവിന് ഹംസം. ആറുമുഖനു മയില്‍. ഗണപതിക്ക് മൂഷികന്‍‌. അങ്ങിനെയൊക്കെയുള്ളപ്പോള്‍ അങ്ങേയ്ക്കും അപൂര്‍വ്വമായ ഒരു വാഹനം വേണമെന്നാണ് എന്‍റെ മോഹം. അത് ദേവാസുരന്മാര്‍ക്കും ത്രിമൂര്‍ത്തികള്‍ക്കും ഉള്ളവയാവരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. താപസികളായ ഋഷിമാര്‍ ചുമക്കുന്ന ഒരു പല്ലക്കാവട്ടെ അങ്ങയുടെ വാഹനം. അങ്ങിനെ അങ്ങ് എല്ലാ ദേവന്മാര്‍ക്കും മീതെയാവും. അങ്ങിനെ വര്‍ദ്ധിതതേജസ്സോടെ വരുന്ന മഹാനായ നിന്നെ സ്വീകരിക്കാനാണ്‌ എന്‍റെ തീരുമാനം.’

ഇത് കേട്ടപ്പോള്‍ ശചിയെ പുകഴ്ത്തിക്കൊണ്ട് നഹുഷന്‍ പറഞ്ഞു: ‘നീ പറഞ്ഞ വാഹനം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നീ പറഞ്ഞത് സത്യം. മുനിമാര്‍ ആരെയെങ്കിലും ചുമന്നു കൊണ്ട് നടക്കുന്നുവെങ്കില്‍ അയാള്‍ ചില്ലറക്കാരനാവില്ല. സപ്തര്‍ഷികളും മറ്റും അവനെ പുകഴ്ത്തും. ‘തപസ്സില്‍ മുന്തിയവാനും മൂലോകത്തിലും വെച്ച് മിടുക്കനുമാണിവന്‍’ എന്നവര്‍ കൊണ്ടാടും.’

മാരതാപം പൂണ്ടു മോഹിതനായി അയാള്‍ മുനിമാരോടു പറഞ്ഞു: ഞാനിപ്പോള്‍ സര്‍വ്വശക്തനായ ഇന്ദ്രനാണെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഡംഭൊന്നും കാണിക്കാതെ ഞാന്‍ പറയുന്നത് അനുസരിക്കണം. ഞാനീ സിംഹാസനത്തില്‍ ഇരുന്നിട്ടും ശചി എന്നെയിതുവരെ പ്രാപിച്ചിട്ടില്ല. ഞാനതിനു സമീപിച്ചപ്പോള്‍ അവള്‍ പറഞ്ഞത്  ഋഷിവാഹനത്തിലേറി വന്നാല്‍ മാത്രമേ എന്നെ സ്വീകരിക്കൂ എന്നാണ്. എനിക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്‌താല്‍ എന്‍റെ മാനം വര്‍ദ്ധിക്കും എന്‍റെ അഭിലാഷവും നടക്കും. എനിക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഇത്. നിങ്ങള്‍ക്കോ ഇത് നിഷ്പ്രയാസം. ശക്രപത്നിയില്‍ എനിക്കുള്ള ഉല്‍ക്കടമായ ആഗ്രഹം ഞാനെങ്ങിനെ നിങ്ങളോട് പറയും? എങ്ങിനെയെങ്കിലും എനിക്കായി നിങ്ങളിത് ചെയ്തേ തീരൂ.’

നിന്ദ്യമായ ഈ അപേക്ഷ കേട്ട് മുനിമാര്‍ ഭാവിയില്‍ നടക്കാന്‍ പോവുന്ന കാര്യം എന്തെന്ന് കണക്കാക്കി. മുനിമാര്‍ നഹുഷന്‍ പറഞ്ഞതുപോലെ ചെയ്യാം എന്നേറ്റു. ശചിയെ മാത്രം മനസ്സില്‍ ആലോചിച്ചു കഴിഞ്ഞിരുന്ന രാജാവിന് സന്തോഷമായി. അഴകുറ്റ ഒരു പല്ലക്കില്‍ നഹുഷന്‍ ഇരുന്നു. മുനിമാര്‍ അത് ചുമന്നു നടക്കവേ ‘സര്‍പ്പ, സര്‍പ്പ, നടക്ക് നടക്ക്‘ എന്നയാള്‍ പറഞ്ഞുകൊണ്ട് അവരെ ഉല്‍സാഹിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ കാമാര്‍ത്തനായി പല്ലക്കില്‍ ഇളകിയാടിയിരിക്കെ തന്‍റെ കാലുകൊണ്ട്‌ അഗസ്ത്യമഹര്‍ഷിയുടെ ശിരസ്സില്‍ കാലുകൊണ്ട്‌ തൊഴിക്കുകയും ചാട്ടകൊണ്ട് അവരെ അടിക്കുകയും ചെയ്തു. 

ലോപാമുദ്രയുടെ കാന്തനായ ഈ മുനിയാണെങ്കില്‍ കടല്‍ കുടിച്ചുവറ്റിച്ചവനും പഞ്ചബാണനെ വിഴുങ്ങിയവനുമാണ്. അദ്ദേഹം ക്രുദ്ധനായി നഹുഷനെ ശപിച്ചു. ‘സര്‍പ്പ, സര്‍പ്പ,! ഹും. മര്യാദയില്ലാത്ത മൂര്‍ഖ, ഇനി നീ അനേകായിരം കൊല്ലം ദുഖമനുഭവിച്ചു സര്‍പ്പമായി കാട്ടില്‍ക്കഴിയാനിടവരട്ടെ. അതുകഴിഞ്ഞ് യുധിഷ്ഠിരനെ കണ്ടുമുട്ടുമ്പോള്‍ നിനക്ക് ശാപമോക്ഷവും സ്വര്‍ഗ്ഗവും ലഭ്യമാകും. അന്ന് നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശരിയായ ഉത്തരങ്ങള്‍ നല്‍കും. അത് നിന്‍റെ ശാപമോക്ഷത്തിന് നിദാനവുമാകും.’

ഇങ്ങിനെ ശപിക്കപ്പെട്ടപ്പോള്‍ നഹുഷന്‍ മുനിയെ സ്തുതിച്ചു വണങ്ങി, ആ ശാപം ശിരസാ വഹിച്ചു. ഉടനെ സര്‍പ്പമായി അധപ്പതിച്ചു ഭൂമിയിലെത്തി. നഹുഷന് സംഭവിച്ച കാര്യങ്ങള്‍ ഗുരു മാനസസരോവരത്തില്‍ ചെന്ന് ഇന്ദ്രനോട് പറഞ്ഞു. ഇന്ദ്രന്‍ സന്തുഷ്ടനായി അവിടെത്തന്നെ നിന്നു. ദേവന്മാരും മഹര്‍ഷിമാരുമെല്ലാം മാനസത്തില്‍ ചെന്ന് ഇന്ദ്രനെ ആശ്വസിപ്പിച്ചു ബഹുമാനത്തോടെ അമരാവതിയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. സിംഹാസനത്തില്‍ ഇരുത്തി അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഇന്ദ്രാസനം കിട്ടിയതോടെ അദ്ദേഹം ക്രീഡാലോലുപനായി ശചിയുമൊത്ത് രമിച്ചു കഴിഞ്ഞു.

വ്യാസന്‍ തുടര്‍ന്നു: ഇങ്ങിനെ ഇന്ദ്രനും വൃത്രനെ കൊന്നതിന്‍റെ ഫലമായി അത്യധികം ദുഃഖം അനുഭവിക്കേണ്ടി വന്നു. അവസാനം ദേവിയുടെ കൃപാ കടാക്ഷമാണ് അദ്ദേഹത്തെ കരകയറ്റിയത്. അങ്ങ് ചോദിച്ചതുകൊണ്ട് വൃത്രാസുരവധത്തെക്കുറിച്ചുള്ള ഇക്കഥ ഞാന്‍ പറഞ്ഞു തന്നു. കര്‍മ്മത്തിന്‍റെ രീതിക്കനുസരിച്ച് അതിന്‍റെ ഫലവും നാം അനുഭവിക്കണം. അത് ശുഭമായാലും അശുഭമായാലും ആര്‍ക്കും അതില്‍ നിന്നും വിടുതലില്ല.

No comments:

Post a Comment