ദിവസം 131. ശ്രീമദ് ദേവീഭാഗവതം. 6. 4. ദേവപരാജയം
നിര്‍ഗതാസ്തേ
പരാവൃത്താസ്തപോ വിഘ്നകരാ; സുരാ:
നിരാശാ: കാര്യ സംസിദ്ധ്യൈ
തം ദൃഷ്ട്വാ ദൃഢ ചേതസം
ജാതേ വര്‍ഷശതേ പൂര്‍ണ്ണേ
ബ്രഹ്മാ ലോക പിതാമഹ:
തത്രാജഗാമ തരസാ
ഹംസാരൂഢശ്ചതുര്‍മുഖ:
വ്യാസന്‍ തുടര്‍ന്നു: വൃത്രന്റെ സുദൃഢമനസ്സോടെയുള്ള തപോനിഷ്ഠ കണ്ട
ദേവന്മാര്‍ വിഷണ്ണരായി മടങ്ങി. അദ്ദേഹത്തിന്‍റെ തപസ്സു മുടക്കാന്‍ അവര്‍ക്ക്
സാധിച്ചില്ലല്ലോ. നൂറുകൊല്ലം തപസ്സു ചെയ്തു കഴിഞ്ഞപ്പോള്‍ വൃത്രന്‍റെ മുന്നില്‍
ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ‘ഇനി നിന്‍റെ ധ്യാനം മതിയാക്കാം. തപസ്സുകൊണ്ട്
ക്ഷീണിച്ച നിന്‍റെ ദേഹം കണ്ടു ഞാന്‍ സംതൃപ്തനായിരിക്കുന്നു. നിനക്ക് എന്ത് വരമാണ്
വേണ്ടത്?
സ്വപിതാവായ ബ്രഹ്മാവ് തന്‍റെ
മുന്നില്‍ വന്നു നിന്നപ്പോള്‍ അദ്ദേഹം ധ്യാനാസനത്തില്‍ നിന്നും എഴുന്നേറ്റു.
പിതാവിനെ നമസ്കരിച്ച ശേഷം ഗദ്ഗദകണ്ഠനായി പറഞ്ഞു. ‘പ്രഭോ, അങ്ങയുടെ ദര്‍ശനം തന്നെ
എനിക്കുള്ള വരലാഭം. എങ്കിലും ദുഷ്പ്രാപ്യമായ ഒരാഗ്രഹം എന്‍റെയുള്ളില്‍
നാമ്പിടുന്നത് അങ്ങേയ്ക്ക് അറിയാതെപോവില്ല. എന്‍റെ മൃത്യു ലോഹം കൊണ്ടോ, തടികൊണ്ടോ
ഉണങ്ങിയതോ നനഞ്ഞതോ ആയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ടോ ആവാന്‍ പാടില്ല. വീരരായ
ദേവന്മാരോടേറ്റുമുട്ടുമ്പോള്‍ അവരേക്കാള്‍ എന്‍റെ വീര്യം വര്‍ദ്ധിക്കണം.’
മകന്‍റെ വരാപേക്ഷ കേട്ട
ചതുര്‍മുഖന്‍ ‘അങ്ങിനെയാകട്ടെ’ എന്നവനെ അനുഗ്രഹിച്ചു. ബ്രഹ്മാവ്
സത്യലോകത്തേയ്ക്കും വൃത്രന്‍ ത്വഷ്ടാവിന്‍റെ അടുക്കലേയ്ക്കും മടങ്ങിപ്പോയി.
ബ്രഹ്മാവില്‍ നിന്നും വരം വാങ്ങി വന്ന വൃത്രനോട് ത്വഷ്ടാവ് പറഞ്ഞു: ‘നീ ശക്രനെ
കൊന്നു വിജയശ്രീലാളിതനായി വരിക. അങ്ങിനെ നീ ദേവാധിനാഥനായാല്‍ എന്‍റെ പുത്രദുഃഖം
ഇല്ലാതാകും. ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍ പറയുന്നത് അനുസരിക്കുക, ക്ഷീണാവസ്ഥയില്‍ അച്ഛനെ സംരക്ഷിക്കുക, മരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിനായി ഗയാശ്രാദ്ധം ചെയ്യുക എന്നിവയാണ് ഒരു മകന്‍റെ
കടമകള്‍. ഉത്തമപുത്രന്‍റെ ലക്ഷണങ്ങള്‍ ഈ മൂന്നുമാണ്. യാതൊരു തെറ്റും ചെയ്യാത്ത പരമസാത്വികനായ എന്‍റെ മകനെ ആ കശ്മലന്‍ കൊന്നുകളഞ്ഞില്ലേ?’
പിതാവിന്‍റെ വാക്കുകള്‍
കേട്ട് വൃത്രന്‍ അവിടെ നിന്നും പുറപ്പെട്ടു. യുദ്ധവ്യഗ്രനായി അവന്‍ രണഭേരി
മുഴക്കി. പെരുമ്പറയൊച്ച മുഴങ്ങി. ‘ഞാനാ ശക്രനെ കൊന്നു ദേവലോകം കീഴടക്കും’ എന്ന്
സേവകരോടു പറഞ്ഞുകൊണ്ടായിരുന്നു അവന്‍റെ യാത്ര. അവന്‍റെ വരവറിഞ്ഞ് അമരാവതി നഗരമാകെ
ഞെട്ടിവിറച്ചു.
വൃത്രന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രന്‍ തന്‍റെ സേനാനായകന്മാരുമായി
കൂടിയാലോചിച്ചു. കഴുകന്മാരുടെ ഒരു വ്യൂഹം ചമച്ച് ഇന്ദ്രന്‍ യുദ്ധത്തിനു തയ്യാറായി
നിന്നു. അപ്പോഴേയ്ക്ക് വൃത്രന്‍ എത്തിച്ചേര്‍ന്നു. ദേവന്മാരും ദാനവന്മാരും തമ്മില്‍
യുദ്ധം തുടങ്ങി. വൃത്രനും ശക്രനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാരംഭിച്ചു. വാള്‍,
കവണ, പാര, മഴു, പട്ടിശം തുടങ്ങിയ ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടു. ദേവന്മാര്‍
ചിന്തിച്ചു നില്‍ക്കെ അസുരപ്പട നിന്നാര്‍ത്തുവിളിച്ചു. വൃത്രന്‍ ദേവേന്ദ്രനെ
പിടികൂടി കവചങ്ങളും ആയുധങ്ങളും വലിച്ചു
ദൂരെയെറിഞ്ഞ് അദ്ദേഹത്തെ തന്‍റെ വായിലിട്ടു വിഴുങ്ങി. ശക്രന്‍ അപ്രത്യക്ഷനായതറിഞ്ഞു
സുരന്മാര്‍ എന്തുചെയ്യണം എന്നറിയാതെ ഉഴറി.
അവര്‍ പെട്ടെന്ന് ഗുരുവായ ബൃഹസ്പതിയെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. ‘ശക്രന്‍
ഇല്ലെങ്കില്‍ ഞങ്ങള്‍ക്കാരുണ്ട് ? എങ്ങിനെയെങ്കിലും അദ്ദേഹത്തെ രക്ഷിക്കണം.’
‘വാസവന്‍ വൃത്രന്‍റെ
വയറ്റില്‍ എത്തിക്കഴിഞ്ഞല്ലോ? ഇനി ഞാനെന്തു ചെയ്യും?’ എന്നായി ഗുരു. പെട്ടെന്ന്
ദേവന്മാര്‍ ഇന്ദ്രനെ വായില്‍ നിന്നും പുറത്തിറക്കാന്‍ ഉപായം തേടി. അതിനായി ജൃംഭ
എന്നൊരു സത്വത്തെ അവര്‍ ഉണ്ടാക്കി. ആ മഹാസത്വം വൃത്രനെ പീഡിപ്പിക്കെ അവന്‍ തന്‍റെ
വായ് തുറന്ന് വലിയൊരു കോട്ടുവായിട്ടു. ഇന്ദ്രന്‍ അപ്പോള്‍ സൂത്രത്തില്‍ വൃത്രന്‍റെ
വായിലൂടെ പുറത്തു ചാടി. അന്നുമുതലാണ് ജീവികളില്‍ ‘കോട്ടുവായ’ പതിവായത്.
യുദ്ധം
വീണ്ടും തുടര്‍ന്നു. ഒരു പതിനായിരം കൊല്ലം ഈ രണം നീണ്ടു നിന്നു. വൃത്രന്റെ വീര്യം
പോര് മുറുകുന്നതിനനുസരിച്ചു കൂടിക്കൊണ്ടിരുന്നു. അതാണല്ലോ അവനു കിട്ടിയ വരബലം.
വിണ്ണവര്‍ ആ യുദ്ധവീര്യത്തിനു മുന്നില്‍ പകച്ചുപോയി. ദേവന്മാര്‍ പടയില്‍ തോറ്റ്
ഇന്ദ്രനുമൊത്ത് ഓടിപ്പോയി. വൃത്രന്‍ നാകലോകത്തെ കീഴടക്കി. ഐരാവതം അവന്‍റെ
കയ്യിലായി. ദേവന്മാരുടെ നന്ദനോദ്യാനങ്ങള്‍ അവന്‍റെ കേളീവിഹാരങ്ങളായി. ദേവന്മാരുടെ
വിമാനങ്ങളും ഉച്ചൈശ്രവസ് എന്ന കുതിരയും ഇപ്പോള്‍ വൃത്രന്‍റെ നിയന്ത്രണത്തിലാണ്.
അപ്സരസ്സുകളും കാമധേനുവും എന്നുവേണ്ട സകല സമ്പത്തും നഷ്ടപ്പെട്ട ദേവന്മാര്‍
ഇപ്പോള്‍ കാട്ടിലും മലയിലും ഒളിച്ചു പാര്‍ക്കുകയാണ്. മകന്‍റെ ജയത്തില്‍ ത്വഷ്ടാവും
ആഹ്ലാദിച്ചു. വൃത്രനുമൊത്ത് അദ്ദേഹവും
നാകലോകത്ത് സുഖിച്ചു കഴിഞ്ഞു.
ഇനിയെന്തുചെയ്യും
എന്നാലോചിക്കാന്‍ ദേവന്മാരും മുനിവൃന്ദവും കൈലാസത്തില്‍ മഹേശ്വരനെ ചെന്ന് കണ്ടു.
‘ദേവ ദേവ, വൃത്രനോടു തോറ്റ് വലയുന്ന ഞങ്ങളെ രക്ഷിക്കണേ. ആ ശഠന്‍ നാകലോകം കീഴടക്കി
വാഴുന്നു. മറ്റൊരാശ്രയമില്ലാത്ത ഞങ്ങള്‍ എന്തുചെയ്യണം? എങ്ങോട്ടാണ് പോകേണ്ടത്? ആ
വരബലമത്തനായ വൃത്രനെ കൊന്നു ഞങ്ങളുടെ സങ്കടം തീര്‍ത്താലും മഹേശ്വരാ’ എന്നവര്‍
അഭ്യര്‍ഥിച്ചു. ‘നമുക്ക് ബ്രഹ്മാവിനെയും കൂട്ടി മഹാവിഷ്ണുവുമായി ആലോചിച്ചു വേണ്ടത്
ചെയ്യാം’ എന്ന് പരമശിവന്‍ ഉറപ്പുനല്‍കി. ‘ജനാര്‍ദ്ദനന്‍, വാസുദേവന്‍, മഹാശക്തന്‍,
കരുണാകരന്‍, ഇങ്ങിനെയൊക്കെ അറിയപ്പെടുന്ന വിഷ്ണുവിന് സാധിക്കാത്തതായി ഒന്നുമില്ല.’
ദേവന്മാര്‍ മഹേശ്വരനെയും
ബ്രഹ്മദേവനെയും കൂട്ടി വൈകുണ്ഠത്തിലെത്തി. പുരുഷസൂക്തം ജപിച്ചു ഭഗവാനെ അവര്‍
വാഴ്ത്തി സ്തുതിച്ചു. ‘എന്താണ് നിങ്ങളുടെ ആഗമനോദ്ദേശം? എന്ന് കമലാപതി അന്വേഷിച്ചു.
അപ്പോഴും ദേവന്മാര്‍ ഒന്നും മിണ്ടാതെ ചിന്താവിവശരായി കൂപ്പുകൈകളോടെ അവിടെത്തന്നെ
നിര്‍നിമേഷരായി നിന്നതേയുള്ളു.
No comments:
Post a Comment