ദിവസം 133. ശ്രീമദ് ദേവീഭാഗവതം. 6. അദ്ധ്യായം 6 വൃത്രാസുരവധം
ഏവം പ്രാപ്തവരാ ദേവാ ഋഷയശ്ച
തപോ ധനാ:
ജഗ്മു: സര്‍വ്വേ ച
സംമന്ത്ര്യ വൃത്രസ്യാശ്രമമുത്തമം
ദദൃശുസ്തത്ര തം വൃത്രം
ജ്വലന്തമിവ തേജസാ
ഇങ്ങിനെ ദേവിയില്‍ നിന്നും
അഭീഷ്ടവരം സിദ്ധിച്ച ദേവന്മാര്‍ വൃത്രന്‍ തപസ്സു ചെയ്തിരുന്ന ഇടത്തേയ്ക്ക്
ചെന്നിട്ട് മധുരസ്വരത്തില്‍ സാമവാദങ്ങള്‍ പറയാന്‍ തുടങ്ങി. വൃത്രന്‍ ഇരുന്നിടം
അദ്ദേഹത്തിന്‍റെ തപോബലത്തില്‍ ജ്വലിച്ചു തിളക്കമാര്‍ന്നിരുന്നു. വിണ്ണവരെ
ഒറ്റയടിക്ക് വിഴുങ്ങാനും മൂന്നുലകങ്ങളും ജ്വലിപ്പിക്കാനും പോന്ന ആ താപസന്‍റെയടുക്കല്‍ച്ചെന്ന്
ഋഷിമാര്‍ രസകരമായും അദ്ദേഹത്തിനു ഹിതകരമായും സംസാരിക്കാന്‍ തുടങ്ങി.
‘അല്ലയോ മഹാഭാഗാ, സകലലോകങ്ങള്‍ക്കും അങ്ങയെ ഭയമാണ്. നീയാണെങ്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. ശക്രനോടുള്ള നിന്‍റെ വൈരം രണ്ടാള്‍ക്കും നല്ലതിനല്ല. രണ്ടാള്‍ക്കും അതുകൊണ്ട് സ്വൈരക്കേടാണ് എപ്പോഴും. വൈരിയായി ഒരാളുണ്ടെങ്കില്‍ സമാധാനം പോയി എന്നര്‍ത്ഥം. ഉറങ്ങാന്‍കൂടി പറ്റാത്ത അവസ്ഥ. പരസ്പരം വൈരികളായി ഇരിക്കുന്നുവെങ്കിലും തമ്മില്‍ ഒന്ന് പോരടിച്ചിട്ടും കാലം കുറേയായി. നിങ്ങള്‍ തമ്മിലുള്ള ഈ വൈരം കൊണ്ട് മറ്റുള്ള ദേവന്മാര്‍ക്കും മാനുഷര്‍ക്കും അസുരന്മാര്‍ക്കും ആകെ ബുദ്ധിമുട്ടാണ്. എപ്പോഴും ദുഖിച്ചു പേടിച്ചു കഴിയാനാണോ ഈ ജീവിതം? സുഖമാസ്വദിച്ചു കഴിയേണ്ട ജന്മം ഇങ്ങിനെ പാഴാക്കുന്നതെന്തിനാണ്? യുദ്ധക്കൊതിയന്മാരായ ചിലര്‍ അതിനെ വാഴ്ത്തിയെന്നുവരാം. എന്നാല്‍ പണ്ഡിതന് യുദ്ധമെന്നാല്‍ അത് എല്ലാവരും തോല്‍ക്കുന്ന വൃഥാപ്രയത്നം മാത്രമാണ്. പ്രപഞ്ചത്തിലെ സുഖമാകെ കെടുത്താന്‍ രണ്ടു കൂട്ടര്‍ തമ്മിലുള്ള പോരിനു കഴിയും. ഭോഗവിഷയങ്ങള്‍ എല്ലാവര്ക്കും അങ്ങിനെ അപ്രാപ്യമാവുകയും ചെയ്യും. കളിയായി പൂക്കള്‍കൊണ്ടുള്ള തല്ലുപോലും നല്ലതല്ല. പിന്നെയാണ് അമ്പുകള്‍ കൊണ്ടുള്ള തീക്കളി!
‘അല്ലയോ മഹാഭാഗാ, സകലലോകങ്ങള്‍ക്കും അങ്ങയെ ഭയമാണ്. നീയാണെങ്കില്‍ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. ശക്രനോടുള്ള നിന്‍റെ വൈരം രണ്ടാള്‍ക്കും നല്ലതിനല്ല. രണ്ടാള്‍ക്കും അതുകൊണ്ട് സ്വൈരക്കേടാണ് എപ്പോഴും. വൈരിയായി ഒരാളുണ്ടെങ്കില്‍ സമാധാനം പോയി എന്നര്‍ത്ഥം. ഉറങ്ങാന്‍കൂടി പറ്റാത്ത അവസ്ഥ. പരസ്പരം വൈരികളായി ഇരിക്കുന്നുവെങ്കിലും തമ്മില്‍ ഒന്ന് പോരടിച്ചിട്ടും കാലം കുറേയായി. നിങ്ങള്‍ തമ്മിലുള്ള ഈ വൈരം കൊണ്ട് മറ്റുള്ള ദേവന്മാര്‍ക്കും മാനുഷര്‍ക്കും അസുരന്മാര്‍ക്കും ആകെ ബുദ്ധിമുട്ടാണ്. എപ്പോഴും ദുഖിച്ചു പേടിച്ചു കഴിയാനാണോ ഈ ജീവിതം? സുഖമാസ്വദിച്ചു കഴിയേണ്ട ജന്മം ഇങ്ങിനെ പാഴാക്കുന്നതെന്തിനാണ്? യുദ്ധക്കൊതിയന്മാരായ ചിലര്‍ അതിനെ വാഴ്ത്തിയെന്നുവരാം. എന്നാല്‍ പണ്ഡിതന് യുദ്ധമെന്നാല്‍ അത് എല്ലാവരും തോല്‍ക്കുന്ന വൃഥാപ്രയത്നം മാത്രമാണ്. പ്രപഞ്ചത്തിലെ സുഖമാകെ കെടുത്താന്‍ രണ്ടു കൂട്ടര്‍ തമ്മിലുള്ള പോരിനു കഴിയും. ഭോഗവിഷയങ്ങള്‍ എല്ലാവര്ക്കും അങ്ങിനെ അപ്രാപ്യമാവുകയും ചെയ്യും. കളിയായി പൂക്കള്‍കൊണ്ടുള്ള തല്ലുപോലും നല്ലതല്ല. പിന്നെയാണ് അമ്പുകള്‍ കൊണ്ടുള്ള തീക്കളി!
യുദ്ധത്തില്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്നാര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ദേഹത്ത് അമ്പുകൊണ്ടാല്‍ മുറിയും എന്നതില്‍
സംശയമേയില്ല. എല്ലാം ദൈവാധീനമാണ്. ജയപരാജയങ്ങള്‍ നമ്മുടെ കയ്യില്‍ അല്ലാത്തപ്പോള്‍
യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ട് എന്തുകാര്യം? സുഖമായി ഉണ്ട് കുളിച്ചുറങ്ങി
ഭാര്യയുടെ ശുശ്രൂഷ ആസ്വദിച്ച് കഴിയുന്നതോ വാള്‍പ്പയറ്റില്‍ ദേഹത്ത്
മുറിവുണ്ടാവുന്നതോ സുഖപ്രദം? വാസ്തവത്തില്‍ കൂരമ്പേറ്റു മരിക്കുന്നവന് സ്വര്‍ഗ്ഗം
ലഭിക്കും എന്നൊക്കെയുള്ള പറച്ചില്‍ എല്ലാം വെറുതെ. വെറുതെ ദേഹത്ത് ചോരയുമൊലിപ്പിച്ച് കാക്കയ്ക്കും കഴുകാനും കൊത്തിപ്പറിക്കാന്‍ ഇട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ
ആലോചിച്ചു നോക്കൂ. അങ്ങ് ശക്രനോടു സന്ധി ചെയ്യുകയാണ് നല്ലത്. അങ്ങിനെ രണ്ടാള്‍ക്കും
സുഖമായി ജീവിക്കാം. ഞങ്ങള്‍ മാമുനിമാര്‍ക്കും ദേവന്മാര്‍ക്കും അതൊരാശ്വാസമാകും.
നിങ്ങള്‍ പോരില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സമാധാനമായി സുഖമനസ്സോടെ സ്വന്തം
ഭവങ്ങളില്‍ കഴിയാന്‍ സാധിക്കുമോ? ഞങ്ങള്‍ മുനിമാരുടെ മദ്ധ്യസ്ഥം നിങ്ങള്‍ക്ക്
സ്വീകാര്യമാവും എന്ന് കരുതുന്നു. രണ്ടാളും പരസ്പരം ശപഥം ചെയ്തു പിണക്കം തീര്‍ക്കണം. മഹാനായ നിന്‍റെ മനസ്സിന് യോജിച്ചവണ്ണം ശക്രന്‍ ശപഥം ചൊല്ലും. നീയും അതുപോലെ ചെയ്യുക.
ഭൂമിയുടെ നിലനില്‍പ്പ് തന്നെ സത്യത്തിലാണല്ലോ. സത്യമാണ് സൂര്യന് നിദാനം. കാറ്റ്
വീശുന്നത് സത്യം കൊണ്ടാണ്. സമുദ്രം പരിധി ലംഘിക്കാത്തതിനും കാരണം മറ്റൊന്നല്ല.
നിങ്ങള്‍ രണ്ടാളും സഖ്യം ചെയ്ത് പരസ്പരം വൈരം മറന്ന് ആത്മസുഹൃത്തുക്കളെപ്പോലെ ഊണും
വിശ്രമവും ഒന്നിച്ചാവുന്ന കാലം അനതിവിദൂരമാണ്.'
ഇത്രയും കേട്ടപ്പോള്‍
വൃത്രന്‍ പറഞ്ഞു: ‘നിങ്ങള്‍ എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്. കാരണം മുനിമാര്‍
കള്ളം പറയില്ലല്ലോ. കുടിലതയറിയാത്ത സത്യവൃത്തന്മാരാണ് ഋഷിമാര്‍. എങ്കിലും നിങ്ങള്‍ക്ക് കാപട്യമെന്തെന്നറിയാന്‍ വയ്യാത്തതുകൊണ്ട് ഒന്ന് മനസ്സിലാക്കണം. ബുദ്ധിയുള്ളവന്‍ സഖ്യം ചെയ്യുമ്പോള്‍ എതിര്‍
കക്ഷിയുടെ സ്വഭാവം നോക്കും. കള്ളനുമായും, ലജ്ജയില്ലാത്തവനുമായും
സദാചാരവിരുദ്ധനുമായും സദ്‌വൃത്തനായ ഒരുവന്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയില്ല. നിങ്ങള്‍
ശാന്തശീലരായതുകൊണ്ട് ലോകത്തിന്‍റെ രീതികള്‍ നിങ്ങള്‍ക്കറിയില്ല.’
അപ്പോള്‍ മുനിമാര്‍ പറഞ്ഞു:
‘നന്മതിന്മകളുടെ ഫലം ദേഹമെടുത്ത എല്ലാവരും അനുഭവിക്കുകതന്നെ ചെയ്യും. വിശ്വാസവഞ്ചകര്‍ക്ക് നരകം ഉറപ്പാണ്. ദ്രോഹം ശീലമാക്കിയവന്
ശാന്തി കിട്ടുകയുമില്ല. ബ്രഹ്മഹത്യക്കും മദ്യപാനത്തിനും മറ്റും പ്രായശ്ചിത്തം
ചെയ്യാന്‍ വിധിയുണ്ട്. എന്നാല്‍ മിത്രദ്രോഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക്
പ്രായശ്ചിത്തം ഇല്ലേയില്ല. അതുകൊണ്ട് അങ്ങ് പറയൂ നിബന്ധനകള്‍. ആ വ്യവസ്ഥ രണ്ടാള്‍ക്കും
സ്വീകാര്യമാവട്ടെ. അപ്പോള്‍ സന്ധിചെയ്യാന്‍ തടസ്സമില്ലല്ലോ.’
കല്ലുകൊണ്ട്, വജ്രം കൊണ്ട്,
മരം കൊണ്ട്, നനഞ്ഞതോ ഉണങ്ങിയതോ ആയ യാതൊന്നും കൊണ്ടും ഇന്ദ്രന്‍ എന്നെ കൊല്ലരുത്.
രാത്രിയും പകലും അരുത്. ഇത്തരത്തിലൊരു സന്ധി ഇന്ദ്രനുമായി ചെയ്യാന്‍ ഞാന്‍
ഒരുക്കമാണ്.’
‘അങ്ങിനെയാവാം’ എന്ന്
മുനിമാര്‍ വൃത്രന് വാക്ക് കൊടുത്തു. ഇന്ദ്രനോട് വിവരം പറഞ്ഞു. സന്ധിവ്യവസ്ഥ
അംഗീകരിപ്പിച്ചു. മുനിമാരുടെ സാന്നിദ്ധ്യത്തില്‍ അഗ്നിസാക്ഷിയായി ഇന്ദ്രന്‍ സത്യം
ചെയ്തു. വൃത്രന്‍ സന്തോഷിച്ചു. പരസ്പരം ചെയ്ത സന്ധിയിലും സത്യശപഥത്തിലും വിശ്വാസമര്‍പ്പിച്ച് വൃത്രന്‍
ഇന്ദ്രനെ മിത്രമാക്കി. അവര്‍ ഒരുമിച്ചു നന്ദനാരാമങ്ങളില്‍ വിഹരിച്ചും
ഗന്ധമാദനത്തില്‍ ഉലാത്തിയും കടല്‍ത്തീരത്തു മേളിച്ചും അവരുടെ മൈത്രീബന്ധം ഉറപ്പിച്ചു. വൃത്രന്‍ തുറന്ന മനസ്സോടെ ഇന്ദ്രനെ വിശ്വസിച്ചു കഴിഞ്ഞു.
എന്നാല്‍ ഇന്ദ്രന്‍റെ
വക്രബുദ്ധി വൃത്രനെ എങ്ങിനെ വധിക്കാം എന്നു തന്നെ ചിന്തിക്കുകയായിരുന്നു.
എന്തെങ്കിലും ഒരു പഴുതിനു വേണ്ടി ഇന്ദ്രന്‍ ഉഴന്നുനടന്നു. ശപഥം കഴിഞ്ഞ് ഒരു വര്‍ഷം
കടന്നുപോയി. ഇന്ദ്രന്‍റെ ആകാംഷ കൂടിവന്നു. ആയിടയ്ക്ക് ത്വഷ്ടാവ് മകനോട്
പറഞ്ഞു: ‘വൃത്രാ, ഞാന്‍ നിനക്ക് ഹിതം പറയാന്‍ വന്നതാണ്. ശത്രുതയില്‍ക്കഴിഞ്ഞവന്‍
സുഹൃത്തായാല്‍ അവനെ പൂര്‍ണ്ണമായും വിശ്വസിക്കരുത്. ഇന്ദ്രന്‍ അസൂയക്കാരനാണ്.
നിന്നോടുള്ള വൈരം പോയതായി അഭിനയിക്കുകയാണ് ആ സ്ത്രീലമ്പടന്‍. അവന്‍ ദ്രോഹം
ചെയ്യാന്‍ തരം നോക്കി നടക്കുന്ന മായാവിയാണ്. വാശിക്കാരനും
മത്സരബുദ്ധിയുള്ളവനുമാണ്. അമ്മയുടെ വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിനെ
നശിപ്പിച്ച ദുഷ്ടനാണ് അവന്‍. ആ ശിശുവിനെ അവന്‍ ഏഴു കഷണമാക്കിയ കഥ നീ
കേട്ടിട്ടില്ലേ? ഒരിക്കല്‍ പാപം ചെയ്തവന് അതാവര്‍ത്തിക്കാന്‍ മടി കാണില്ല.’
അച്ഛന്‍ ഇത്ര വിശദമായി
പറഞ്ഞിട്ടും വൃത്രന് ഇന്ദ്രനോട് വിശ്വാസക്കുറവ് തോന്നുകയുണ്ടായില്ല. അവന്‍റെ
കാലമടുത്തതായിരിക്കും അതിനു കാരണം. കടല്‍ത്തീരത്ത് ഉലാത്തിക്കൊണ്ടിരുന്ന
വൃത്രനെക്കണ്ട് ഇന്ദ്രന്‍ വിചാരിച്ചു. ‘ഇത് നല്ല തക്കമാണ്. ഇത്
രുദ്രസന്ധ്യയാണല്ലോ, പകലുമല്ല, രാത്രിയുമല്ല. വിജനമാണീ സ്ഥലം. ഇവനെ കൊന്നുകളയണം.’
ഉടനെതന്നെ ബ്രഹ്മാദി ദേവതകള്‍ തനിക്ക് നല്‍കിയ വരത്തെപ്പറ്റി ഇന്ദ്രന്‍ ആലോചിച്ചു. ഭഗവാന്‍
ഹരിയെ സ്മരിച്ചു. ഭഗവാന്‍ അദൃശ്യനായി വജ്രായുധത്തില്‍ പ്രവേശിച്ചു. ‘ഇവനെ
കൊല്ലാനുള്ള ഉപായമെന്താവും? സകല ദേവന്മാരെയും വെല്ലാനുള്ള കഴിവ് വൃത്രനുണ്ട്. ഇവനെ
ചതിയില്‍പ്പെടുത്തി കൊല്ലുക തന്നെ. ശത്രു ജീവനോടെയിരിക്കുമ്പോള്‍ സുഖമെവിടെ?’
അപ്പോള്‍ ആ സമുദ്രത്തില്‍
ഭീമാകാരമായ ഒരു നുര പൊന്തി വന്നു. ‘ഇതുണങ്ങിയതോ നനഞ്ഞതോ അല്ല. ഇതൊരായുധവുമല്ല’ എന്ന്
നിശ്ചയിച്ച് ഇന്ദ്രന്‍ ആ നുര കയ്യില്‍
കോരിയെടുത്തു. പരമഭക്തിയോടെ പരാശക്തിയെ സ്മരിച്ചു. ദേവിയും ആ നുരയ്ക്കുള്ളില്‍ ശക്തിയായി
പ്രവേശിച്ചു. ആ നുരകൊണ്ട് ഭഗവാന്‍ ഹരി ഒളിച്ചിരുന്ന വജ്രത്തെ മൂടിയിട്ട് ഇന്ദ്രന്‍
അത് വൃത്രന് നേരെ പ്രയോഗിച്ചു. വജ്രമേറ്റ് വൃത്രന്‍ മരിച്ചു വീണു. ശക്രന്‍
സന്തോഷിച്ചു. ആരുടെ കനിവാലാണോ ഇന്ദ്രന് തന്‍റെ ശത്രുവിനെ വകവരുത്താന്‍ കഴിഞ്ഞത്, ആ
പരാശക്തിയെ മഹര്‍ഷിമാര്‍ വാഴ്ത്തി. ഇന്ദ്രന്‍ യഥാവിഥി ദേവിയെ പൂജിച്ചു. ദേവോദ്യാനത്തില്‍ ഒരു
ക്ഷേത്രം പണിത് മാണിക്ക്യക്കല്ലുകൊണ്ട് വിഗ്രഹം തീര്‍ത്ത് ഇന്ദ്രന്‍ ദേവീപൂജ
നടത്തി. ദേവന്മാര്‍ക്കങ്ങിനെ ദേവി കുലദേവതയായി. വൃത്രന്റെ മരണം സാധിപ്പിച്ചതിനാല്‍
ശക്രന്‍ മഹാവിഷ്ണുവിനെയും പൂജിച്ചു. ദേവഭയം ഇല്ലാതാക്കാനാണല്ലോ ശ്രീഹരി ഇന്ദ്രനെ
സഹായിച്ചത്. ആകാശവാസികള്‍ സന്തോഷിച്ചു.
പരാശക്തിയുടെ ശക്തിവിശേഷം
ചേര്‍ന്ന കടല്‍പ്പതകൊണ്ട് മൂടി ദേവി വൃത്രനെ മോഹിപ്പിച്ചതിനാലാണ് ശക്രന് അവനെ വധിക്കാന്‍
കഴിഞ്ഞത്. വൃത്രനെ വധിച്ചത് ദേവിയാണെന്നും അല്ല, ശക്രനാണ് വൃത്രഹന്താവെന്നും
ലോകര്‍ രണ്ടു വിധത്തില്‍ പറഞ്ഞു വരുന്നുണ്ട്.
No comments:
Post a Comment