Devi

Devi

Saturday, April 9, 2016

ദിവസം 132. ശ്രീമദ്‌ ദേവീഭാഗവതം. 6. 5. ദേവവരദാനം

ദിവസം 132. ശ്രീമദ്‌ ദേവീഭാഗവതം. 6. 5. ദേവവരദാനം

തഥാ ചിന്താതുരാന്‍ വീക്ഷ്യ സര്‍വാന്‍ സര്‍വ്വാര്‍ത്ഥ തത്ത്വ വിത്
പ്രാഹ പ്രേമ ഭാരോദ് ഭ്രാന്താന്‍ മാധവോ മേദിനീ പതേ
കിം മൌന മാശ്രിതാ യൂയം ബ്രുവന്തു കാരണം സുരാ:
സദസദ്വാ പി തച്ഛ്രുത്വാ യതിഷ്യേ തന്നിവാരണേ

ദേവന്മാര്‍ ചിന്താകുലരായി നില്‍ക്കുന്നത് കണ്ടു ശ്രീഹരി അവരോടു വീണ്ടും ആഗമനോദ്ദേശം എന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടു. എന്തിനാണെങ്കിലും പരിഹാരം ഉണ്ടാക്കാം എന്നവര്‍ക്ക് പ്രത്യാശ നല്‍കി.

‘ഈ മൂന്നു ലോകത്തും അങ്ങേയ്ക്ക് അറിയാത്തതായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? പിന്നെ എന്തിനാണീ ചോദ്യം? പണ്ട് വാമാനാവതാരമെടുത്ത് ബലിയില്‍ നിന്നും മൂന്നുലോകവും അളന്നെടുത്ത് ഇന്ദ്രന് നല്‍കിയത് അങ്ങാണ്. അതിനും മുന്‍പ് അമൃത് കൊണ്ടുവന്ന് അസുരന്മാരെ പറ്റിച്ചു ദേവഹിതം ചെയ്തതും അങ്ങ് തന്നെ. ഇപ്പോഴത്തെ ആപത്തിനും അങ്ങല്ലാതെ മറ്റാരുണ്ട് ഞങ്ങള്‍ക്ക് രക്ഷചെയ്യാന്‍?’ എന്നായി ദേവന്മാര്‍.

അപ്പോള്‍ വിഷ്ണു പറഞ്ഞു: ‘മനസ്സിലായി. നമുക്ക് വഴിയുണ്ടാക്കാം. അവനെ കൊല്ലാനുള്ള മാര്‍ഗ്ഗം നമുക്ക് കണ്ടെത്താം. നിങ്ങള്‍ക്ക് ഹിതം ചെയ്യാന്‍ ബുദ്ധിയോ ചതിയോ സൂത്രമോ എന്താണെന്ന് വച്ചാല്‍ അത് ഞാന്‍ പ്രയോഗിക്കും. സാമ,ദാന,ഭേദ,ദണ്ഡങ്ങളായ ഉപായങ്ങള്‍ ബന്ധുക്കളിലും ശത്രുക്കളിലും അവരവരുടെ തരം പോലെ സന്ദര്‍ഭാനുസരണം ഉപയോഗിക്കണം എന്നാണു ശാസ്ത്രമതം. ബ്രഹ്മാവ്‌ അവന്‍റെ തപസ്സില്‍ സംപ്രീതനായാണ് വരം നല്‍കിയത്. അതിന്‍റെ പ്രഭാവം അവനെ ദുര്‍ജ്ജയനാക്കിയിരിക്കുന്നു. ത്വഷ്ടാവ് അവനെ നിര്‍മ്മിച്ചിരിക്കുന്നത് അവന്‍റെ യുദ്ധപരാക്രമം രണത്തില്‍ ഉത്തരോത്തരം വര്‍ദ്ധിക്കുന്നതരത്തിലാണ്. ഇവനെ കീഴടക്കാനും വധിക്കാനും സാമം തന്നെ മാര്‍ഗ്ഗം. അതായത് സാമത്താല്‍ അവനെ വശത്താക്കിയിട്ട് ചതിയില്‍ക്കൂടി മാത്രമേ അവനെ ജയിക്കാനാവു. ഗന്ധര്‍വ്വന്മാര്‍ പോയി അവനെ വശീകരിക്കട്ടെ. വൃത്രനുമായി മിത്രത്വം ഭാവിച്ച് അവനു വിശ്വാസം വരുന്നതുപോലെ ഇടപെടുക. അങ്ങിനെ സമയമാകുമ്പോള്‍ ഇന്ദ്രന്‍റെ വജ്രായുധത്തില്‍ ഒളിച്ചിരുന്ന് ഞാന്‍ വേണ്ട സഹായം ചെയ്യാം. ഇതൊക്കെയാണെകിലും അവന്‍റെ ആയുസ്സ് തീരും വരെ നാം കാത്തിരിക്കണം.

ഋഷിമാരും ഗന്ധര്‍വ്വന്മാരും ചേര്‍ന്ന് വൃത്രനുമായി മൈത്രീബന്ധം സ്ഥാപിക്കുക. 'കാര്യസാദ്ധ്യത്തിനു കള്ളമാവാം.!' കാരണം അവനെ ശൌര്യം കൊണ്ട് കൊല്ലാനാവില്ല. ഇങ്ങിനെയൊരു കാര്യം ഞാന്‍ ബലിയുടെ കാര്യത്തില്‍ ചെയ്തിട്ടുണ്ട്. മോഹിനീ വേഷത്തില്‍ അസുരരെ മുഴുവന്‍ ഞാന്‍ കൊതിപ്പിച്ചു വഞ്ചിച്ചിട്ടുമുണ്ട്. നിങ്ങള്‍ ഏവരും ചേര്‍ന്ന് ജഗദംബികയായ യോഗമായയെ പ്രീതിപ്പെടുത്തുക. ഞാനും ആ അമ്മയെ വാഴ്ത്തി സ്തുതിക്കാം. ശത്രു സംഹാരവിജയത്തിനായി ഇന്ദ്രന്‍ ജഗന്മോഹിനിയായ ശിവയെ പൂജിക്കട്ടെ. ശത്രുവിനെ മോഹവലയത്തിലാക്കാന്‍ യോഗമായക്ക് നിഷ് പ്രയാസം കഴിയും. മായക്കടിമയായാല്‍പ്പിന്നെ അവനെ കൊല്ലുക എളുപ്പമാവും. മായാ ദേവിയുടെ ഒത്താശയില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അംബികാപ്രസാദം മാത്രമാണ് കാര്യസാദ്ധ്യത്തിനുതകുക. 

പരയായ ആ ജഗന്മാതാവിനെ, പ്രകൃതിയെ സത്വഗുണഭാവത്തോടെ പൂജിക്കുക. സകലഭൂതങ്ങളുടെയും അന്തര്യാമി അവളാണ്. ഞാനും എന്തെങ്കിലും സാധിക്കണമെങ്കില്‍ ആ ദേവിയെയാണ് ആശ്രയിക്കുന്നത്. മധുകൈടഭന്മാരെ കൊല്ലാന്‍ എനിക്ക് അയ്യായിരം കൊല്ലം വേണ്ടിവന്നു. അന്ന് ഞാന്‍ മൂലപ്രകൃതിയെ പ്രീതയാക്കിയാണ് അവരെ മോഹവലയത്തിലാക്കിയത്. മദഗര്‍വ്വിതരായ അവരെ അങ്ങിനെയാണ് ചതിവില്‍ ഞാന്‍ നിഹനിച്ചത്. അതുകൊണ്ട് ആ പരാപ്രകൃതിയെ ഭജിക്കുക മാത്രമേ കരണീയമായുള്ളു.”

മഹാവിഷ്ണുവിന്‍റെ ആദേശപ്രകാരം ദേവന്മാര്‍ മന്ദാരവൃഷങ്ങള്‍ നിറഞ്ഞ മേരുപര്‍വ്വതത്തില്‍ച്ചെന്നു തപസ്സാരംഭിച്ചു. സര്‍വ്വാര്‍ത്ഥപ്രദായികയായ ദേവിയെ, ജഗന്മാതാവായ സൃഷ്ടിസ്ഥിതിസംഹാരകാരിണിയെ സ്തുതിച്ചു.

"ദേവീ ഭഗവതീ വൃത്രാസുരന്‍റെ പീഡനത്താല്‍ വലയുന്ന ദേവന്മാരായ ഞങ്ങളെ രക്ഷിക്കണേ. ദീനജനത്തിന്റെ ഏകാശ്രയമായ അമ്മ അഭയമരുളും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഞങ്ങളെ അവിടുത്തെ മക്കളായി കണക്കാക്കിയാലും. അമ്മയ്ക്ക് അറിയാത്തതായി മൂന്നു ലോകത്തും ഒന്നുമില്ല. എന്നിട്ടും ഞങ്ങള്‍ വലയുന്നത് അമ്മ അറിയുന്നില്ലേ? ബ്രഹ്മാണ്ഡം നിന്റെ സൃഷ്ടിയാണ്. അതിലെ കാര്യകര്‍ത്താക്കളായ ത്രിമൂര്‍ത്തികളും നിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് അവര്‍ സ്വതന്ത്രരായല്ല വര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. അവര്‍ വിഹരിക്കുന്നത് നിന്‍റെ പുരികക്കൊടിയുടെ ചലനം അവരെ പ്രവര്‍ത്തനനിരതരാക്കുന്നത് കൊണ്ട് മാത്രമാണ്. തെറ്റ് ചെയ്ത പുത്രന്മാരെപ്പോലും ഒരമ്മ ഉപേക്ഷിക്കുന്നില്ല അപ്പോള്‍പ്പിന്നെ നിരപരാധികളായ ഞങ്ങളെ രക്ഷിക്കാന്‍ അമ്മയെന്താണമാന്തിക്കുന്നത്? അല്ല, ഇനി അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ നേടിയിട്ടും ഞങ്ങള്‍ ഭക്തിഹീനരായി സുഖലോലുപതയില്‍ മുഴുകി കഴിയുന്നു എന്ന് കരുതി ഞങ്ങളെ ഇനി കാണുകയേ വേണ്ട എന്നാണോ അവിടുന്നു നിനയ്ക്കുന്നത്? ഇങ്ങിനെയൊരു പരിഭവം സൃഷ്ടാവിന്  സ്വന്തം സൃഷ്ടികളെക്കുറിച്ചുണ്ടാവുമോ?

അവിടുന്ന് പണ്ട് മഹിഷാസുരനെ വധിച്ചു ഞങ്ങളെ രക്ഷിച്ചു. അതുപോലെ ഈ വൃത്രനെയും കൊന്നു ഞങ്ങള്‍ക്ക് അഭയം നല്‍കിയാലും. ശുംഭനിശുംഭ സോദരന്മാരെ ഹനിച്ചതും അമ്മയാണല്ലോ. അതുപോലെ വരലാഭം കിട്ടിയതിനാല്‍ മദഗര്‍വ്വോടെ ഞങ്ങളെ പീഡിപ്പിക്കുന്ന ഈ ദുഷ്ടനെയും അമ്മ ഹനിക്കണം. ദൈത്യപീഡയാല്‍ വലയുന്ന ദേവന്മാരുടെ അഴല്‍ തീര്‍ക്കാന്‍ ശക്തിയുള്ള മറ്റാരെയും ഞങ്ങള്‍ക്കറിയില്ല. അമ്മയല്ലാതെ ഞങ്ങള്‍ക്ക് മറ്റാരും ആശ്രയമില്ല. 

അമ്മയെന്ന നിലയ്ക്ക് വൃത്രനോടും അവിടുന്നു ദയ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആയിക്കോളൂ. പക്ഷെ അവനിലെ പാപബുദ്ധി ഒന്ന് മാറ്റിയെടുക്കണം. അവനെ ശുദ്ധനാക്കൂ. അല്ലെങ്കില്‍ അവനു നരകം തന്നെ ഗതി. പോരില്‍ നിന്‍റെ അമ്പുകള്‍ ഏറ്റു മരണമടയുന്നവര്‍ നേരെ അമരാവതിയിലേയ്ക്ക് പോവുകയാണല്ലോ ചെയ്യുന്നത്? അങ്ങിനെ നിന്‍റെ ശത്രുക്കള്‍ക്ക് പോലും സദ്ഗതി ലഭിക്കുന്നു. എന്നാല്‍പ്പിന്നെ അമ്മെ, ഇവനും സദ്ഗതി കൊടുത്ത് ഞങ്ങളെ രക്ഷിച്ചുകൂടേ? ഈ മഹാപാപി അവിടുത്തെ ഭക്തനാവാന്‍ യാതൊരു സാദ്ധ്യതയുമില്ല. കാരണം അങ്ങിനെയുള്ള ഒരാള്‍ ദേവന്മാരെ ഇങ്ങിനെ ഉപദ്രവിച്ചു വലയ്ക്കുമോ?

അമ്മെ, അവിടുത്തെ ഞങ്ങള്‍ എങ്ങിനെയാണ് പൂജിക്കുക? പൂക്കള്‍ എടുത്ത് അര്‍ച്ചിക്കാമെന്ന് വച്ചാല്‍ ആ പൂക്കളും എല്ലാ അര്‍ച്ചന വസ്തുക്കളും അമ്മയുടേത് മാത്രമല്ലേ?  മന്ത്രങ്ങളും ഞങ്ങള്‍ അടക്കം എല്ലാ ജീവജാലങ്ങളും അവിടുത്തെ ശക്തിരൂപങ്ങള്‍ തന്നെയല്ലേ? അതുകൊണ്ട് അമ്മയുടെ കാല്‍ക്കല്‍ കുമ്പിട്ടു നമസ്കരിക്കുകയല്ലാതെ മറ്റൊന്നും ഉചിതമാവുകയില്ല. ഞങ്ങള്‍ മാത്രമല്ല രാഗാദി ദോഷങ്ങള്‍ തൊട്ടു തീണ്ടാത്ത മാമുനിമാര്‍ പോലും പണിയുന്നത് അവിടുത്തെ കാലടികളല്ലേ? സംസാരമാവുന്ന അലകടല്‍ കടക്കാനുള്ള ഒരേയൊരു തോണി അമ്മയുടെ തൃപ്പാദകമലങ്ങള്‍ മാത്രമാകുന്നു എന്ന് ആ മഹാന്മാര്‍ക്ക് നല്ലവണ്ണം അറിയാം. ഹോമകര്‍മ്മങ്ങള്‍ ചെയ്യുന്നവരും നിന്നെയാണ് ഭജിക്കുന്നത്. ആ കര്‍മ്മങ്ങളില്‍ ദേവന്മാര്‍ക്കുള്ള ‘സ്വാഹാ’യും പിതൃക്കള്‍ക്കുള്ള ‘സ്വധ’യും സ്മരിക്കപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവ രണ്ടും ദേവിയുടെ തന്നെ രണ്ടു ഭാവങ്ങളാണ്.

അവിടുന്നാണ് ബുദ്ധിശക്തിയും, കാന്തിയും ശാന്തിയും. മനുഷ്യരില്‍ തെളിയുന്ന ബോധത്തിനു നിദാനമാവുന്നതും ലോകാംബയായ അവിടുന്നു തന്നെയാണ്. മൂന്നുലോകത്തുമുള്ള സകലവിഭവങ്ങളും നിന്റെ കരവിരുത് തന്നെയാണ്. ആ വിഭവങ്ങള്‍ ഉള്ളതുകൊണ്ട് അമ്മേ, അവിടുത്തെ ഭക്തന്മാര്‍ സുഭിക്ഷമായി കഴിയുന്നു.”

ഇങ്ങിനെ വാഴ്ത്തി സ്തുതിക്കുന്ന ദേവന്മാര്‍ക്ക് മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി മനോജ്ഞ ഭാവത്തില്‍ ഒരു കന്യകയായി ദേവി പ്രത്യക്ഷപ്പെട്ടു. നാല് തൃക്കൈകളില്‍ പാശം, അങ്കുശം, വരം, അഭയം എന്നിവയും അരക്കെട്ടില്‍ ചാര്‍ത്തിയ കണകണ ശബ്ദമുണ്ടാക്കുന്ന കിങ്ങിണിക്കൂട്ടവും ദേവിയുടെ ചാരുരൂപത്തെ അതിമോഹനമാക്കി.  കുയിലിന്‍റെതു പോലുള്ള മധുരനാദമാണ് ദേവിയുടേത്. കൈവളകളും കാല്‍ത്തളകളും ചിലുമ്പുന്ന നാദവും അതിമനോഹരം. അമ്പിളിക്കീറുകൊണ്ടുണ്ടാക്കിയ കിരീടത്തില്‍ വിശിഷ്ട രത്നങ്ങള്‍ തിളങ്ങുന്നു. പൂപ്പുഞ്ചിരി പൊഴിക്കുന്ന മുഖ കമലം. മൂന്നു കണ്ണുകള്‍, പാരിജാതപ്പൂവിന്‍റെ നീലനിര്‍മ്മല പ്രഭാപൂരം പൊഴിച്ച് ചുവന്ന പട്ടു ഞൊറിഞ്ഞുടുത്ത സുപ്രസന്നരൂപം. കരുണാസമുദ്രം.

സര്‍വ്വസൃഷ്ടികള്‍ക്കും നിദാനമായ പരയും ദ്വൈതപ്രപഞ്ച കാരണയുമായ അമ്മ സര്‍വ്വശൃംഗാരപ്രൌഢി നിറഞ്ഞ സര്‍വ്വജ്ഞയും സര്‍വ്വവേദാന്തങ്ങളുടെയും സത്തയുമാണ്. സച്ചിദാനന്ദം മോഹനരൂപം ധരിച്ചു മുന്നില്‍ നില്‍ക്കുന്നത് കണ്ട് ദേവന്മാര്‍ എല്ലാവരും താഴെവീണു നമസ്കരിച്ചു.

‘എന്താണ് നിങ്ങള്‍ക്ക് വേണ്ടത്’ എന്ന് ദേവി അവരോടു ചോദിച്ചു.

‘ദേവന്മാരെ പീഡിപ്പിക്കുന്ന വൃത്രനെ മോഹിപ്പിച്ചാലും. അവനു ദേവന്മാരില്‍ വിശ്വാസം ജനിപ്പിക്കണം. വജ്രായുധത്തിന് അസുരനിഗ്രഹശക്തിയും തന്നു ഞങ്ങളെ അനുഗ്രഹിക്കണം’ എന്ന് ദേവന്മാര്‍ ആവശ്യപ്പെട്ടു.  


‘അങ്ങിനെയാവട്ടെ’ എന്ന് ദേവി സംപ്രീതയായി അവരോടു പറഞ്ഞു.  

No comments:

Post a Comment