ദിവസം 199 ശ്രീമദ് ദേവീഭാഗവതം 8- 1. വരദാനം
അഷ്ടമ സ്കന്ധം ആരംഭം
സൂര്യ ചന്ദ്രാന്വയോത്ഥാനാം നൃപാണാം സത് കഥാശ്രിതം
ചരിതം ഭവതാ പ്രോക്തം ശ്രുതം തദമൃതാസ്പദം
അധുനാ ശ്രോതുമിച്ഛാമി സാ ദേവീ ജഗദംബികാ
മന്വന്തരേഷു സര്‍വേഷു യദ്യദ്രൂപേണ പൂജ്യതേ
ജനമേജയൻ പറഞ്ഞു: ‘സൂര്യവംശികളും ചന്ദ്രവംശികളുമായ രാജാക്കൻമാരുടെ അമൃതസമാനമായ സത് കഥകൾ അങ്ങ് പറഞ്ഞു തന്നു. ഇനി എനിക്കറിയേണ്ടത് ഓരോ മന്വന്തരങ്ങളിലും ആ ജഗജ്ജനനിയെ പൂജിക്കേണ്ടത് എങ്ങിനെയെന്നാണ്. ഏതേത് രൂപങ്ങളിലാണ് അമ്മയെ ആരാധിക്കേണ്ടത്? ഏതേത് സ്ഥാനങ്ങളിൽ ഏതേത് കർമ്മങ്ങളാലാണ്, ഏത് ബീജ മന്ത്രങ്ങളാലാണ് ശ്രീദേവീപൂജകൾ അനുഷ്ഠിക്കേണ്ടത്? ദേവിയുടെ വിരാഡ് രൂപം എങ്ങിനെയെന്നും ഞങ്ങൾക്കു് മനസ്സിലാക്കിത്തരണം മാമുനേ. ആ ജഗദംബയുടെ സൂക്ഷ്മരൂപം മനതാരിൽ നിതാന്തം നിറഞ്ഞു നിൽക്കാനുതകുന്ന ധ്യാനപദ്ധതി എന്തെന്നും ഞങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്.’
വ്യാസൻ പറഞ്ഞു: ‘ദേവീപ്രീതിയോടെ സര്‍വ്വമംഗളമുണ്ടാവാൻ ഉതകുന്ന ദിവ്യാരാധന എങ്ങിനെ വേണമെന്ന് ഞാനിനി പറഞ്ഞു തരാം. പണ്ട് ഇതേ ചോദ്യം മഹർഷി നാരദൻ ശ്രീനാരായണമുനിയോടും ചോദിക്കുകയുണ്ടായി. ശ്രീ നാരദൻ ഒരിക്കൽ യാത്രാമദ്ധ്യേ നാരായണാശ്രമത്തിൽ ചെന്നു. മുനിയെ വണങ്ങിയിട്ട് നാരദൻ ഇതേ ചോദ്യം ദേവ്യാരാധനാ നിരതനായ നാരായണമുനിയോട് ചോദിച്ചു.’
നാരദൻ പറഞ്ഞു: ‘സർവ്വജ്ഞനും പുരാണപുരുഷോത്തമനുമായ മഹർഷേ, ഈ ജഗത്തിന്റെ ഉത്ഭവം എങ്ങിനെയാണ്? എന്താണതിനു പിന്നിലെ തത്വം? ആരുടെ ആഗ്രഹമാണ് ജഗത്തിന്റെ നിർമ്മിതിക്കു പിന്നിൽ ഉള്ളത് ? എവിടെയാണീ ജഗത്തിന്റെ അന്ത്യം? എങ്ങിനെയാണതുണ്ടാവുക? മായാമോഹം അവസാനിക്കാനായി സാധകനില്‍ വേണ്ടതായ അറിവെന്താണ്? ആരെ, എങ്ങിനെ ധ്യാനിച്ചു പൂജിച്ചാലാണ് വെളിച്ചത്താൽ ഇരുട്ടെന്നപോലെ എന്റെയുള്ളിലെ അജ്ഞാനത്തിന് അറുതി വരിക? ഇതിനുള്ള ഉത്തരം അങ്ങു തന്നെ പറഞ്ഞു തന്നാലും.’
നാരദന്റെ ചോദ്യം കേട്ട് സംപ്രീതനായ മഹായോഗി നാരായണമുനി കനിവോടെ ഇങ്ങിനെ പറഞ്ഞു: ‘മഹാമുനേ, ഈ ജഗത്തിന്റെ തത്വമെന്തെന്ന് ഞാൻ പറയാം. അതറിഞ്ഞാൽപ്പിന്നെ ലോകമെന്ന വിഭ്രമം ഒരുവനെ വലയ്ക്കുകയില്ല. കയറിൽ പാമ്പെന്ന പോലെയാണ് ഈ ജഗത്തെന്നറിഞ്ഞാൽപ്പിന്നെ മനുഷ്യന്റെ ഭ്രമമെല്ലാം അവസാനിച്ചു.
ഞാനും മറ്റ് ഋഷിമാരും ദേവൻമാരും ജഗത്തിന്റെ തത്വമായി കരുതുന്നത് ദേവിയെയാണ്. തന്റെ ത്രിഗുണശക്തികളാൽ ലോകത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിക്കുന്നത് ദേവിയാണ്. സിദ്ധരായ മുനിപുംഗവൻമാർ പൂജിക്കുന്ന ദേവിയുടെ സ്വരൂപം സ്മരിക്കുന്ന മാത്രയിൽ സകല പാപങ്ങളും ഇല്ലാതെയാകും. കാമിതഫലങ്ങൾ ലഭ്യമാകും. മോക്ഷമാർഗ്ഗം തെളിയും.
പ്രഥമ മന്വന്തരത്തിന്റെ അധിപൻ. സ്വായംഭുവമനു ബ്രഹ്മസംഭവനാണ്. അദ്ദേഹത്തിന്റെ പത്നിയാണ് ശതരൂപ. അതിപ്രതാപവാനായ മനു ബ്രഹ്മാവിനെ ഭക്തിയോടെ ശുശ്രൂഷ ചെയ്ത് പരിചരിച്ചു വന്നു. അങ്ങിനെയിരിക്കേ പിതാവ് മകനെ ഉപദേശിച്ചു: ‘മകനേ, നീ അതിശ്രേഷ്ഠമായ ദേവീപൂജ ചെയ്താലും. അങ്ങിനെ നിന്റെ പ്രജാസൃഷ്ടികള്‍ കീർത്തികരമാവട്ടെ.’
അച്ഛന്റെ അനുജ്ഞയനുസരിച്ച് സ്വയംഭുവമനു ശ്രീദേവീ ഉപാസന അനുഷ്ഠിച്ചു. തപസ്സുകൊണ്ട് അദ്ദേഹം ദേവിയെ സംപ്രീതയാക്കി. കാരണാത്മികയും ആദിമായയും സർവ്വശക്തിയുമായ ഭഗവതിയെ ഏകാഗ്രചിത്തത്തോടെ അദ്ദേഹം സ്തുതിച്ചു വന്ദിച്ചു.'
മനു ഇങ്ങിനെ സ്തുതിച്ചു: ‘ജഗത് കാരണകാരണയായ ദേവേശിക്ക് എന്റെ നമസ്കാരം. ശംഖചക്രഗദാപത്മധാരിയായ അമ്മേ, നമോവാകം. നാരായണപ്രിയയും വേദമൂർത്തയും വേദസ്വരൂപയും ലോകനാഥയും ബ്രഹ്മസ്വരൂപിണിയും സകലദേവൻമാരാൽ സ്തുതിക്കപ്പെടുന്നവളുമായ ദേവീ, കോടി കോടി നമസ്കാരം. മഹേശ്വരീ, മഹാമായേ, മഹാഭാഗേ, മഹോദയേ, മഹാദേവന്റെ അർദ്ധാംഗിനീ, ശിവേ, മഹോത്സവേ, മഹാനദേ, ജ്യേഷ്ഠേ, വിദ്യാനിവാസിനീ, മഹാമാരീ ഭയഹരേ, ദേവപൂജിതേ, ഞാനിതാ അവിടുത്തെ മുന്നിൽ കൈകൂപ്പുന്നു. സർവ്വ മംഗളമാംഗല്യേ, ശിവേ, സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ദേവീ നാരായണീ നമോസ്തുതേ!
ആരീ ലോകത്തിന്റെ ഊടും പാവും ഉല്പന്നമായി നിലകൊള്ളുന്നുവോ, ആ ആദ്യന്തരഹിതമായ ഏകചൈതന്യത്തെ ഞാൻ സദാ സ്മരിക്കുന്നു. ആരുടെ കടാക്ഷ കല്പനയാലാണോ ബ്രഹ്മാവ് ലോകസൃഷ്ടി ചെയ്യുകയും, മഹാവിഷ്ണ ലോകസംരക്ഷ ചെയ്യുകയും മഹാദേവൻ സംഹാരം നടത്തുകയും ചെയ്യുന്നത്, മധു കൈടഭൻമാരിൽ നിന്നും രക്ഷതേടി ആരെയാണോ ബ്രഹ്മാവ് ഭയനിവൃത്തിക്കായി പ്രാർത്ഥിച്ചത്, ആ ദേവിയെ ഞാൻ നമസ്ക്കരിക്കുന്നു.
ഹ്രീ, കീർത്തി, സ്മൃതി, കാന്തി, ഗിരിജ, കമല, ദാക്ഷായണി, വേദഗർഭ, സിദ്ധിപ്രദായിനി, അഭയപ്രദ, ഇങ്ങിനെയെല്ലാം പുകൾപെറ്റ ദേവിയെ ഞാൻ സ്തുതിക്കുന്നു, പൂജിക്കുന്നു. ജപിക്കുന്നു, ധ്യാനിക്കുന്നു. അമ്മയുടെ കാൽക്കൽ വീണു ഞാൻ നമസ്കരിക്കുന്നു. ഭാവനയിൽ സദാ ഞാൻ അമ്മയെത്തന്നെ കാണുന്നു. കേൾക്കുന്നു. ദേവീ, എന്നിൽ സംപ്രീതയാകണേ.
ബ്രഹ്മാവ് വേദനിധിയായതും, വിഷ്ണു ലക്ഷ്മീപതിയായതും, ഇന്ദ്രൻ ത്രിലോകാധിപതിയായതും വരുണൻ സമുദ്രാധിപനായതും, കുബേരൻ ധനാധിപതിയായതും യമൻ പിതൃപതിയായതും, നിരൃതി രാക്ഷസനാഥനായതും, സോമൻ സുധാംശുവായതും, അമ്മേ, അവിടുത്തെ കൃപയാൽ മാത്രമാണ്. മൂന്നുലോകത്തിനും അഭിവന്ദ്യയായ ദേവീ, ലോകേശീ, ജഗൻ മംഗളകാരിണീ, നമസ്കാരം, നമസ്കാരം. ഞാൻ അവിടുത്തെ മുന്നിൽ വീണ്ടും വീണ്ടും കൈകൂപ്പി വണങ്ങുന്നു.’
മനുവിന്റെ പ്രാർത്ഥനയാൽ സംപ്രീതയായ ദേവി പ്രത്യക്ഷയായി ഇങ്ങിനെ അരുളിച്ചെയ്തു: ‘നിന്റെ സ്തുതിയും ഭക്തിപ്രഹർഷവും പൂജയും എന്നെ സംപ്രീതയാക്കിയിരിക്കുന്നു. ബ്രഹ്മപുത്രാ, നിനക്ക് എന്തു വരമാണ് വേണ്ടത്?'
മനു പറഞ്ഞു: ‘കാരുണ്യമൂർത്തിയായ അമ്മേ, എന്റെ ഭക്തിയിൽ നീ സംതൃപ്തയാണെങ്കിൽ വിഘ്നമേതും കൂടാതെ പ്രജാസൃഷ്ടി ചെയ്യാൻ എന്നെ അനുഗ്രഹിച്ചാലും.’
ദേവി പറഞ്ഞു: ‘അങ്ങിനെയാകട്ടെ. എന്റെ അനുഗ്രഹം നിന്റെ പ്രജാസൃഷ്ടിയെ സദാ സംപുഷ്ടമാക്കട്ടെ. നിനക്ക് ഉത്തരോത്തരം അഭിവൃദ്ധി സംഭവിക്കട്ടെ. നീയിപ്പോൾ സ്തുതിച്ച ദേവീ സ്തോത്രം ഭക്തിപൂർവ്വം ജപിക്കുന്നവർക്ക് സന്തതി, വിദ്യ, കീർത്തി, ലക്ഷ്മി, ധനധാന്യ സമ്പത്ത്, ശക്തി, ശത്രു ജയം എന്നിവയുണ്ടാവട്ടെ.’
നാരായണ മുനി തുടർന്നു: ‘സ്വയംഭുവ മനുവിന് ഇങ്ങിനെ അനുഗ്രഹങ്ങൾ നൽകിയിട്ട് ദേവി അപ്രത്യക്ഷയായി. അദ്ദേഹം ബ്രഹ്മാവിനോട് തനിക്ക് പ്രജാസൃഷ്ടി ചെയ്യാനായി ഒരു സ്ഥാനം കല്പിച്ചു നൽകാൻ ആവശ്യപ്പെട്ടു. ‘അവിടെയിരുന്ന് ഞാൻ യാഗങ്ങൾ ചെയ്ത് പ്രജാസൃഷ്ടി നടത്തിക്കൊള്ളാം.'
എന്നാല്‍ മകൻ ഇങ്ങിനെ അഭ്യര്‍ത്ഥിച്ചപ്പോൾ വിധാതാവ് ചിന്താഗ്രസ്ഥനായി. ‘സൃഷ്ടാവായ എന്റെ സൃഷ്ടി അവസാനിച്ചിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു. സകലത്തിനും ആധാരയായ ഭൂമിയാകെ പ്രളയജലത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടെയെങ്ങിനെ സൃഷ്ടി തുടരാനാവും? എങ്കിലും ഭഗവാൻ ആദി പുരുഷന്റെ സഹായം എനിക്കുണ്ടാവാതിരിക്കില്ല. അല്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തി മാത്രമാണല്ലോ.’
No comments:
Post a Comment