ദിവസം 189 ശ്രീമദ് ദേവീഭാഗവതം. 7-31. പാര്‍വ്വതീ പ്രാദുര്‍ഭാവം
ധരാധരാധീശ മൌലാവാവിരാസീത് പരം
മഹ:
യദുക്തം ഭവതാ പൂര്‍വ്വം വിസ്തരാത്തദ്വദസ്വ മേ
കോ വിരജ്യേത മതിമാന്‍ പിബന്‍
ശക്തി കഥാമൃതം
സുധാം തു പിബതാം മൃത്യു: സ
നൈതത് ശൃണ്വതോ ഭവേത്
ജനമേജയൻ ചോദിച്ചു. ‘പരമമായ ഒരു
ജ്യോതിസ്സ് ഹിമവാന്റെ ശിരസ്സിൽ ഉദ്ഭവിച്ചു എന്ന്‍ അങ്ങ് പറഞ്ഞുവല്ലോ. അതൊന്ന് വിശദമാക്കിയാലും. അമൃത് കുടിക്കുന്നവർ പോലും
മൃത്യുവിന് കീഴടങ്ങേണ്ടതായി വരുമെങ്കിലും ദേവീ കഥാമൃതപാനം മൃത്യുവിനെപ്പോലും
അകറ്റി നിർത്തുവാൻ പോന്നതാണല്ലോ. അപ്പോള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കുന്നതില്‍പ്പരം സുകൃതമെന്തുള്ളൂ.’
വ്യാസൻ
പറഞ്ഞു: രാജാവേ, അങ്ങേയ്ക്ക് ദേവിയിൽ നിർവ്യാജ്യമായ ഭക്തിയുള്ളതിനാൽ അങ്ങ് അതീവ ഭാഗ്യവാനാണ്. കൃതകൃത്യനുമാണ്. മഹാത്മാക്കളിൽ നിന്നും കാര്യങ്ങൾ ഗ്രഹിക്കാൻ
അങ്ങേയ്ക്ക് അവസരങ്ങളും ഉണ്ടായി. സതീദേവിയുടെ ദേഹം യാഗാഗ്നിയിൽ വെന്തെരിഞ്ഞ ശേഷം
പരമശിവൻ കുറച്ചു നാൾ അലഞ്ഞു നടന്ന് ഒടുവിൽ ഒരിടത്ത് സ്ഥിരവാസം തുടങ്ങി. അവിടെ സമാധിസ്ഥനായി ദേവീ
സ്വരൂപത്തെ ധ്യാനിച്ച് കാലം കഴിച്ചു.
ശിവൻ
ചലനരഹിതനായതോടെ ഭൂമി ചൈതന്യമറ്റ്
ശക്തിഹീനമായിത്തീർന്നു. കടലും മലയും ദ്വീപുമൊക്കെ ശക്തിയില്ലാതെ
നില്പായി. മൂന്നുലകിലും സന്തോഷമില്ലാതെ ജനങ്ങൾ ഉദാസീനരായി. ഗ്രഹങ്ങളും ദേവതകളും
സതീദേവിയുടെ അഭാവത്തിൽ വിപരീത
സ്വഭാവങ്ങൾ കാണിക്കാൻ തുടങ്ങി.
അക്കാലത്ത്
താരകൻ എന്നു പേരായ ഒരു രാക്ഷസൻ പ്രബലനായി മൂന്നു ലോകവും കീഴടക്കി. 'ശിവന്റെ പുത്രനു മാത്രമേ നിന്നെ
വധിക്കാനാവൂ. എന്ന്
ബ്രഹ്മാവിൽ നിന്നും അവനൊരു വരം വാങ്ങിയിരുന്നു. ശിവന് പുത്രനില്ലെന്ന് തരകന് അറിയാമായിരുന്നു. അതാണ് അവൻ അജയ്യനെന്ന് സ്വയം കരുതാൻ കാരണം. വിഭാര്യനായ ശിവന് എങ്ങിനെ മകനുണ്ടാവാൻ?
ശങ്കരന്
പുത്രനുണ്ടാവാനുള്ള വഴിയെന്തെന്ന് ദേവൻമാർ ചേർന്നാലോചിച്ചു. വൈകുണ്ഠത്തിൽ ചെന്ന് അവര്‍ വിഷ്ണുവിനോടു് സങ്കടമുണർത്തിച്ചു.
‘നിങ്ങള്‍
എന്തിനാണ് വിഷമിക്കുന്നത്? മണി ദ്വീപത്തിൽ വാഴുന്ന സാക്ഷാൽ ജഗദംബികയുള്ളപ്പോൾ നാമെന്തിനു ഭയക്കണം?
ഭുവനേശ്വരിയായ അമ്മ സകല
കാമനകളെയും തീർത്തുതരുന്ന വരദായിനിയല്ലേ? ഇപ്പോൾ നമ്മെയിങ്ങിനെ ശിക്ഷിച്ചിരിക്കുന്നതും അമ്മ തന്നെയാണ്. പുത്രവത്സലയായ
അമ്മ ചിലപ്പോൾ തല്ലും, ചിലപ്പോൾ തലോടും. അമ്മയ്ക്ക് തന്‍റെ കുഞ്ഞിനെ വെറുക്കാൻ കഴിയുമോ? ഗുണദോഷങ്ങൾക്ക് അനുസൃതമായി അമ്മ നമ്മെ നിയന്ത്രിക്കുന്നു
എന്നു മാത്രം കരുതിയാൽ മതി. അതു
കൊണ്ട് എല്ലാവരും കൂടി അമ്മയെ ചെന്നുകണ്ടു് നിർവ്യാജ ഭക്തിയോടെ അപേക്ഷിക്കുക. '
ഇങ്ങിനെ ഉപദേശിച്ച ശേഷം രമാപതി ഭാര്യാ സമേതം ദേവൻമാരോടു കൂടി ഹിമവാനിലെത്തി പുരശ്ചരണകർമ്മത്തിൽ മുഴുകി. അംബായജ്ഞം അറിയാവുന്നവർ യജ്ഞം തുടങ്ങി. ചിലർ സമാധിസ്ഥരായി. ചിലർ നാമം ജപിച്ചു. ചിലർ സൂക്തങ്ങൾ ആലപിച്ചു. മറ്റു ചിലർ പാരായണത്തിൽ മുഴുകി. മന്ത്രം ജപിക്കുന്നവർ, പ്രതാനുഷ്ഠാനത്തിൽ മുഴുകിയവർ, പ്രാണാഗ്നിഹോത്രം ചെയ്യുന്നവർ, അന്തർ യാഗങ്ങളിൽ ഏർപ്പെട്ടവർ, ന്യാസം ചെയ്യുന്നവർ, ഇങ്ങിനെ വൈവിദ്ധ്യമാർന്ന രീതികളിൽ പരാശക്തിയെ ധ്യാനിച്ചുപൂജിച്ചുകൊണ്ടു് ദേവൻമാർ അനേകായിരം വർഷങ്ങൾ ചിലവഴിച്ചു. ഹൃല്ലേഖാമന്ത്രം ജപിച്ച് ഉപാസിച്ച് അവർ ദേവിയെ സംപ്രീതയാക്കി.
ഇങ്ങിനെ ഉപദേശിച്ച ശേഷം രമാപതി ഭാര്യാ സമേതം ദേവൻമാരോടു കൂടി ഹിമവാനിലെത്തി പുരശ്ചരണകർമ്മത്തിൽ മുഴുകി. അംബായജ്ഞം അറിയാവുന്നവർ യജ്ഞം തുടങ്ങി. ചിലർ സമാധിസ്ഥരായി. ചിലർ നാമം ജപിച്ചു. ചിലർ സൂക്തങ്ങൾ ആലപിച്ചു. മറ്റു ചിലർ പാരായണത്തിൽ മുഴുകി. മന്ത്രം ജപിക്കുന്നവർ, പ്രതാനുഷ്ഠാനത്തിൽ മുഴുകിയവർ, പ്രാണാഗ്നിഹോത്രം ചെയ്യുന്നവർ, അന്തർ യാഗങ്ങളിൽ ഏർപ്പെട്ടവർ, ന്യാസം ചെയ്യുന്നവർ, ഇങ്ങിനെ വൈവിദ്ധ്യമാർന്ന രീതികളിൽ പരാശക്തിയെ ധ്യാനിച്ചുപൂജിച്ചുകൊണ്ടു് ദേവൻമാർ അനേകായിരം വർഷങ്ങൾ ചിലവഴിച്ചു. ഹൃല്ലേഖാമന്ത്രം ജപിച്ച് ഉപാസിച്ച് അവർ ദേവിയെ സംപ്രീതയാക്കി.
ചൈത്രമാസ
നവമിദിനം, വെള്ളിയാഴ്ച, വേദോക്തമായ ഒരു ദിവ്യജ്യോതിസ്സ് അവർക്കു
മുന്നിൽ പ്രത്യക്ഷമായി. നാലു
വേദങ്ങൾ ചുറ്റും നിന്ന് ദിവ്യമായ ആലാപനത്തോടെ അതിനെ സ്തുതിക്കുകയാണ്. കോടി സൂര്യൻമാരുടെ ഉജ്വല പ്രഭയോടൊപ്പം ചാന്ദ്രശീതളിമയാണ് അതിനുള്ളത്. മേൽ കീഴ് മദ്ധ്യങ്ങളായി
വിഭജിതമാവാതെ, അപരിച്ഛിന്നവും ആദിമദ്ധ്യാന്തരഹിതവുമായി, കൈകാലുകൾ ഇല്ലാതെ, ആണോ പെണ്ണോ എന്ന വ്യത്യാസമില്ലാതെ, പ്രോജ്വലത്തായി, വിളങ്ങുന്ന ദിവ്യമഹസ്സ് അവരുടെ ദൃഷ്ടികളെ പെട്ടെന്നു മറച്ചു കളഞ്ഞു.
ധൈര്യമവലംബിച്ച്
അവർ വീണ്ടും കണ്ണു തുറന്നു. അപ്പോഴതാ
ആ ദിവ്യപ്രഭയിൽ നവയൗവനയുക്തയും അതീവ സുന്ദരിയുമായ ഒരു തരുണീമണിയെ കാണായി. ചെന്താമരമൊട്ട് നാണിക്കുന്ന വിധത്തിൽ ഉയർന്നു
തടിച്ച മാറ്. കിങ്കിണി കിലുങ്ങുന്ന കാൽചിലമ്പ്. കളകാഞ്ചി. കനകം കൊണ്ടുളള തോൾ വളയും കൈ വളയും. രത്നപ്പതക്കങ്ങൾ നിറഞ്ഞ മാല. കൈതപ്പൂക്കൾ
ചൂടിയ മുടിക്കെട്ട്. അതിനു ചുറ്റും വണ്ടുകൾ മുരളുന്നു. മനോഹരമായ അരക്കെട്ട്, അഴകുറ്റ രോമാവലി. കർപ്പൂരം ചേർത്ത താംബൂലം നിറഞ്ഞ
വായും തങ്കത്തോടയുടെ പ്രതിഫലനം കാണിക്കുന്ന മിനുസമാർന്ന കവിൾത്തടങ്ങളും; അഷ്ടമീചന്ദ്രനോടൊക്കുന്ന നെറ്റി. നീണ്ട പുരികങ്ങൾ, താമരക്കണ്ണുകൾ, ചാരുവായ മൂക്കിൻ തുമ്പ്, മധുരാധരം, മുല്ലമൊട്ടു പോലെ
പല്ലുകൾ, മുത്തുമാല, അമ്പിളിക്കല മിന്നുന്ന രത്നകിരീടം, കാശ്മീര കുങ്കുമം ചാർത്തിയ നെറ്റി. തിളക്കമാർന്ന മൂന്നു കണ്ണുകൾ. പാശം, അങ്കുശം, വരം, അഭയം എന്നിവയേന്തിക്കൊണ്ട് നാലു കൈകൾ.
ചുവന്ന പട്ടുചേല, മാതളപ്പൂവിന്റെ അഴക്. ശൃംഗാരരസസമ്പന്നയും സർവ്വാരാദ്ധ്യയും സർവ്വകാമങ്ങളെയും
സാധിപ്പിക്കുന്നവളുമായ ദേവി സകലരുടെയും അമ്മയാണ്. സകലരെയും മോഹിപ്പിക്കുന്നവളുമാണ്.
പ്രസന്ന
മുഖിയായ അമ്മയെ കണ്ട് വാനവർ ഭക്തിപൂർവ്വം നമസ്കരിച്ചു. പറയാൻ
വാക്കുകൾ കിട്ടാതെ അവർ കണ്ണീർ പൊഴിച്ചു. ഒടുവിൽ ഗദ്ഗദസ്വരത്തിൽ കൈകൂപ്പിക്കൊണ്ടു്
അവർ ദേവിയെ സ്തുതിക്കാൻ തുടങ്ങി.
ദേവൻമാർ
പറഞ്ഞു: 'ദേവീ നമസ്കാരം.
ശിവേ നിന്നെ ഞങ്ങളിതാ കൈകൂപ്പി തൊഴുന്നു. ഭദ്രപ്രകൃതിയായ അമ്മയ്ക്ക് നമസ്കാരം.
ജ്ഞാനപ്രഭയാൽ
അഗ്നിപോലെ ജ്വലിക്കുന്ന മഹാപ്രഭേ, കർമ്മഫലദാതാവേ, സംസാരസാഗരത്തിൽ നിന്നും സാധകനെ
കര കടത്തുന്നവളേ, സർവ്വ
കാമനകളെയും സാധിപ്പിക്കുന്നവളേ, അഷ്ടാംഗയോഗത്താൽ മാത്രം അഭിഗമ്യയായുളളവളേ, ദേവീ, ഞങ്ങൾ അവിടുത്തെ മുന്നിൽ അഭയം തേടി വന്നിരിക്കുന്നു. ദുർഗ്ഗേ, ദേവീ, ഞങ്ങളിതാ നമസ്കരിക്കുന്നു.
പ്രാണങ്ങൾ
നിർമ്മിച്ച പ്രകാശപൂർണ്ണമായ വാക്ക് ജഗത്സ്വരൂപമാണ് എന്ന് പറയപ്പെടുന്നു . കാമം, പ്രതിഷ്ഠ, അന്നം, ബലം, എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വാക്കാകുന്ന ആ പശു ഞങ്ങളിൽ സംപ്രീതയാകട്ടെ.
കാളരാത്രിയും
ബ്രഹ്മസ്തുതയും സ്കന്ദമാതാവും സരസ്വതിയും ശിവയും ദക്ഷപുത്രിയും പാവനയും ശിവയുമായ
നിന്നെ ഞങ്ങളിതാ സ്തുതിക്കുന്നു. ലക്ഷ്മീദേവി ഞങ്ങളെ
പ്രചോദിപ്പിക്കട്ടെ. അവ്യാകൃതാത്മികേ, വിരാഡ്രൂപേ, ബ്രഹ്മ മൂർത്തേ, നമസ്കാരം.
കയറിൽ
സർപ്പത്തെക്കാണുന്നതുപോലെ ഈ
ജഗത്ത് സത്യമായിക്കാണുന്നത്
അമ്മയെ അറിയാത്തതിനാലാണ്. അമ്മയെ
അറിഞ്ഞാലേ മുക്തി ലഭിക്കു. അങ്ങിനെയുള്ള അമ്മയെ ഞങ്ങൾ നമസ്ക്കരിക്കുന്നു.
തത്വമസി
മഹാവാക്യത്തിലെ ‘തത്’ അമ്മയാണ്. വേദത്തിന്റെ വിഷയം തന്നെ പരമേശ്വരിയാണ്.
അവസ്ഥാത്രയസ്വരൂപിണിയാണമ്മ. ഓരോ
ശരീരത്തിലും വ്യതിരിക്തമായി നിലകൊള്ളുന്ന അമ്മ പഞ്ചകോശങ്ങൾക്കും അതീതയാണ്.
ഓങ്കാര
രൂപേ, നമസ്കാരം. ഹ്രീങ്കാര രൂപേ, നമസ്കാരം. നാമമന്ത്രാത്മികേ, കരുണേ, മണി ദ്വീപ നിവാസിനീ നമസ്കാരം!'
ദേവസ്തുതി കേട്ട് സംപ്രീതയായ ദേവി കുയിൽനാദത്തോടെ ഇങ്ങിനെമൊഴിഞ്ഞു: 'നിങ്ങൾ ദേവന്‍മാരുടെ ആഗമനോദ്ദേശം
എന്താണ്? ഞാനുള്ളപ്പോൾ നിങ്ങൾ
എന്തിനാണ് ദുബിക്കുന്നത്? ഭക്തരെ
സംസാരസാഗരതരണത്തിന് സജ്ജരാക്കുക എന്നത് എന്റെ ജോലിയാണ്. പറയൂ, എന്താണ് നിങ്ങളെ
അലട്ടുന്നത്?'
ദേവൻമാർ
പറഞ്ഞു: 'ദേവീ
അമ്മയ്ക്ക് അറിയാത്തതായി യാതൊന്നുമില്ല. എങ്കിലും ഞങ്ങൾ പറയാം. താരകാസുരൻ ഞങ്ങളെ വല്ലാതെ പീഡിപ്പിക്കുന്നു. അവനെ ഇല്ലാതാക്കാൻ ശിവപുത്രനു
മാത്രമേ സാധിക്കൂ. എന്നാൽ
ശിവൻ വിഭാര്യനാണല്ലോ. അവിടുത്തോട്
ഞങ്ങൾ എന്തു പറയാനാണ്? വേണ്ടതു
പോലെ ചെയ്യാൻ അമ്മയ്ക്കറിയാം. നിന്റെ
പാദങ്ങളിൽ അചഞ്ചലമായ ഭക്തിയൊന്നു മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളു. ബാക്കിയുള്ള എല്ലാ ആഗ്രഹങ്ങളും ദേഹ സംബന്ധി മാത്രമാണെന്ന്
ഞങ്ങൾക്കറിയാം.'
ദേവി
അരുളി: ‘എന്റെ ശക്തി
ഹിമാലയത്തിൽ ഉടനെതന്നെ പിറക്കുന്നതാണ്. അവളെ ശിവന് നല്കുക. ഹിമാലയൻ എന്നെ
ഭക്തിയോടെ ഭജിക്കുന്നുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഭവനത്തിൽ ഞാൻ ജനിക്കാം.’
ദേവി
ഇങ്ങിനെ അനുഗ്രഹിക്കേ ഹിമാലയൻ മഹാറാണിയായ ദേവിയോടു് പറഞ്ഞു: ‘അമ്മയുടെ അനുഗ്രഹം ആരെയും മഹാനാക്കും. എന്നെയിങ്ങിനെ അനുഗ്രഹിക്കാൻ എന്താണാവോ
കാരണം? ഞാൻ വെറും ജഡൻ; അവിടുന്ന് സച്ചിത്
സ്വരൂപിണി! അനഘയായുള്ളവളേ,
നിന്റെ പിതൃത്വം എനിക്കെങ്ങിനെ ലഭിക്കും? നൂറ് ജന്മങ്ങൾ പുണ്യം ചെയ്താലോ
അശ്വമേധാദി യാഗങ്ങൾ നടത്തിയാലോ അത് സാദ്ധ്യമാണോ?'
'ജഗദംബിക
ഹിമവാന്റെ മകളായിപ്പിറന്നിരിക്കുന്നു. ഹിമവാൻ
എത്ര ഭാഗ്യവാൻ’ എന്ന്
എല്ലാവരും പുകഴ്ത്താൻ തുടങ്ങും. ആരുടെ ഉദരത്തിലാണോ ബ്രഹ്മാണ്ഡ
കോടികൾ ഉണ്ടായി നില നിന്ന് ഇല്ലാതാവുന്നത്,
ആ ജഗദംബികയെ പുത്രിയായി ലഭിക്കുന്നതിൽ പരം ഭാഗ്യമെന്തുള്ളൂ. എന്റെ പിതാമഹൻമാർ പോലും അമ്മയുടെ ഈ
അനുഗ്രഹത്താൽ ധന്യരായി.
അമ്മയിപ്പോൾ
എന്നിൽ ചൊരിഞ്ഞ കാരുണ്യം പോലെ സർവ്വ വേദാന്തസിദ്ധാന്തമായ അവിടുത്തെ രൂപം എനിക്കറിയാനും അവിടുന്നെന്നെ
അനുഗ്രഹിക്കണം. ഭക്തിയോഗവും
ജ്ഞാന യോഗവും എനിക്കായി അമ്മതന്നെ ഉപദേശിക്കണം. അങ്ങിനെ സാരൂപ്യസിദ്ധിയാൽ നീ തന്നെ ഞാൻ എന്നെനിക്ക് തിരിച്ചറിയാൻ കഴിയണം.'
പ്രസന്ന
മുഖിയായ അമ്മ വേദപ്പൊരുൾ ഉപദേശിക്കാൻ തുടങ്ങി.
അമ്മെ ഭഗവതി നാരായണി ഗൌരി ആനന്ദദേ ദേവി കൈതൊഴുന്നേന്‍
ReplyDelete