Devi

Devi

Tuesday, November 8, 2016

ദിവസം 190 ശ്രീമദ്‌ ദേവീഭാഗവതം. 7-32. ആത്മതത്വ നിരൂപണം

ദിവസം 190  ശ്രീമദ്‌ ദേവീഭാഗവതം7-32. ആത്മതത്വ നിരൂപണം

ശൃണ്വന്തു നിർജരാ: സർവേ വ്യാഹരന്ത്യാ  വചോ മമ
യസ്യ ശ്രവണ മാത്രേന  മദ്രുപത്വം പ്രപദ്യതേ
അഹമേവാസ പൂർവ്വം തു തദ്യത് കിഞ്ചിന്നഗാധിപ
തദാത്മരൂപം ചിത്സംവിത് പരബ്രഹ്മൈകനാമകം

ദേവി പറഞ്ഞു: 'ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേട്ടുകൊള്ളൂ. ശ്രവണമാത്രം കൊണ്ടു് നിങ്ങൾക്ക് എന്റെ സാരൂപ്യം ലഭിക്കും. സൃഷ്ടിക്കു മുൻപ് ഞാനല്ലാതെ മറ്റൊന്ന് ഉണ്ടായിരുന്നില്ല. ഞാൻ തന്നെയാണ് ബ്രഹ്മം, സംവിത്, ചിത്ത് എന്നെല്ലാം അറിയപ്പെടുന്ന സത്ത. നാമരൂപങ്ങൾ ഒന്നിനാലും നിർവ്വചിക്കാനരുതാത്തതും ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തതുമാണ് ബ്രഹ്മം. വൃദ്ധിക്ഷയങ്ങൾ അതിനില്ല. എന്നാൽ അതിന്റെ സഹജമായ ശക്തിയെ മായ എന്ന പേരിട്ടാണ് വിളിക്കുന്നത്. സത്തോ അസത്തോ രണ്ടും ചേർന്നതോ ആയ ഒന്നുമല്ലത്. മോക്ഷദായിനിയായ സദസദ്ഭിന്നയായ ഒരു ശക്തിയാണത്.

തീയിന് ചൂടു് എങ്ങിനെയാണോ, സൂര്യനിൽ പ്രഭയെങ്ങിനെയാണോ, ചന്ദ്രനിൽ നിലാവെങ്ങിനെയാണോ അതുപോലെ പരബ്രഹ്മത്തിൽ മായ നിലകൊള്ളുന്നു. ഉറങ്ങുമ്പോൾ നമ്മിലെ ചിത്തവൃത്തികൾ അടങ്ങിക്കിടക്കുന്നതു പോലെ പ്രളയകാലത്ത് ജീവൻ, കർമം, കാലം എന്നിവയെല്ലാം മായയിൽ അഭേദ്യമായി ലയിച്ചടങ്ങുന്നു. മായാശക്തിയോട് ചേർന്ന് ഞാൻ തന്നെ ജഗത്തിനു കാരണമാകുന്നു. സ്വാധാരത്തെ മറയ്ക്കുന്നതിനാൽ മായയിൽ ദോഷം ആരോപിക്കപ്പെടുന്നുണ്ട്. ചൈതന്യവുമായി ചേർച്ചയുള്ളതുകൊണ്ട് അത് ജഗത്തിന്റെ നിമിത്ത കാരണമാകുന്നു. പ്രപഞ്ചമായി പരിണമിക്കുന്നതിനാൽ അതിന് സമവായിത്വവും ലഭിക്കുന്നു.   ഹിമവാനേ, ഈ മായ തപസ്സെന്നും തമസ്സെന്നും ജഡമെന്നും ജ്ഞാനമെന്നും സനാതനമെന്നും പ്രധാനമെന്നും ശക്തിയെന്നും അറിയപ്പെടുന്നു. ശൈവശാസ്ത്രവിശാരദർ ഇതിനെ വിമർശം എന്നാണ് പറയുന്നത്. വേദാന്തികൾ അവിദ്യ എന്നു പറയുന്നതും ഇതിനെത്തന്നെയാണ്. കാണാൻ പറ്റുന്നതാകയാൽ ജഡമെന്നും ജ്ഞാനത്തെ മൂടുന്നതിനാൽ മിഥ്യയെന്നും ഇതിനെ പറയുന്നു.

ചൈതന്യം അദൃശ്യമാണ്. എന്നാല്‍ ദൃശ്യമായതെല്ലാം ജഡമാണ്. ചൈതന്യം സ്വയം പ്രഭാസിക്കുന്നു. അതിനു പ്രകാശിക്കാൻ മറ്റൊരു വസ്തു ആവശ്യമില്ല. സ്വപ്രകാശിതമല്ല ചൈതന്യം എന്നു വരികിൽ അനവസ്ഥ എന്ന ദോഷം അതിനുണ്ടാവും. അതായത് ഒന്നിനെ പ്രകാശിപ്പിക്കാൻ മറ്റൊന്ന്. അതിനെ പ്രകാശിപ്പിക്കാൻ ഇനിയൊന്ന്, ഇങ്ങിനെ അനന്തമായി അത് നീണ്ടു പോവും.
ചൈതന്യം ചൈതന്യത്തെ പ്രകാശിപ്പിക്കുന്നു എന്നു പറഞ്ഞാൽ കർത്താവും കർമ്മവും ഒന്നു തന്നെയായിരിക്കുക എന്നൊരു വിരോധാഭാസം വന്നു ചേരും. അതിനാൽ ദീപമെന്നതു പോലെ സ്വപ്രകാശിതയാണ് ഞാൻ. മറ്റുള്ളവയെ പ്രകാശിപ്പിക്കാനും എനിക്കാവും. സത്യമാണ് എന്റെ സംവിത് രൂപം. നിത്യമാണത്.

മൂന്നവസ്ഥകളിലും ജഡത്തിന് മാറ്റങ്ങളുണ്ടാവും. എന്നാൽ സംവിത്തിന് മാറ്റങ്ങളില്ല. അവസ്ഥാ ത്രയങ്ങളിൽ ഒന്നനുഭവിക്കുമ്പോൾ മറ്റു രണ്ടും ഇല്ല. അതായത് ജാഗ്രദനുഭവത്തിൽ സ്വപ്നാനുഭവവും സുഷുപ്തി അനുഭവവും ഇല്ല. എന്നാൽ സംവിത് എന്ന അനുഭൂതി ഒരിക്കലും ഇല്ലാതാകുന്നില്ല. അപ്പോൾ അത് നിത്യവും സത്യവുമാണെന്നു വരുന്നു. എന്നാൽ സംവിത് സ്വരൂപത്തിന് അഭാവമുണ്ടാകുന്നു എന്ന് പറയുകയാണെങ്കിൽ ആരാണത് പറയുന്നത് എന്ന് അന്യോഷിക്കേണ്ടി വരും. ‘അഭാവ’ത്തെപ്പോലും  അറിയുന്ന സാക്ഷിയാണ് സംവിത് സ്വരൂപമായി ശേഷിക്കുന്നത്. നിത്യവും നിജവുമാണ് സംവിതെന്ന് അറിവുള്ളവർ പറയുന്നു. സുഖ സ്വരൂപമാണത്. പരസ്പര പ്രേമത്തിനു കാരണമാകുന്നത് നിത്യസത്യമായ സംവിതാണ്. 

സുഖിയാവണം, എപ്പോഴും താനുണ്ടായിരിക്കണം എന്ന ബോധം എല്ലാവരിലും അങ്കുരിക്കുന്നുണ്ട്. ആത്മസ്ഥിതമായ പ്രേമമാണതിനു കാരണം. ആത്മാവ് പ്രേമസ്വരൂപമായതിനാലാണ് ഈ തോന്നൽ ഉണ്ടാവുന്നത്. എന്നാൽ പ്രപഞ്ചം മായാ കൽപ്പിതമാകയാൽ യാഥാർത്ഥ്യമല്ല. കയറിൽ പാമ്പിനെ കാണുന്നതുപോലുള്ള ഒരു ഭ്രമദൃശ്യം മാത്രമാണ് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം.

ആത്മഭിന്നമായതെല്ലാം മിഥ്യയാണ്. ആത്മാവിന്റെ ധർമ്മമാണ് ജ്ഞാനമെന്ന് ചിലർ പറയുന്നു. അങ്ങിനെയാണെങ്കിൽ ആത്മാവ് ജഡമാണെന്നു പറയേണ്ടി വരും. ഞാൻ ആത്മസ്വരൂപയാണ്. ആത്മാവിന്റെ ധർമ്മമല്ല ജ്ഞാനം. മറിച്ച്  ആത്മാവ് സ്വയം ജ്ഞാനസ്വരൂപമാണ്. ധർമി-ധർമ്മ ഭാവമുണ്ടെങ്കിൽ ഒന്ന് മറ്റൊന്നുമായി വ്യതിരിക്തമായി ഭേദഭാവത്തിൽ നിലകൊള്ളുന്നു എന്നർത്ഥം. ജ്ഞാനം എങ്ങിനെ ജഡത്തിനധീനമാകും? ആത്മാവും ജ്ഞാനവും തമ്മിൽ ഭേദമില്ല.

ജ്ഞാനസ്വരൂപം, സുഖസ്വരൂപം, സമ്പൂർണ്ണം, അസംഗം, ദ്വൈതവർജിതം, സത്യസ്വരൂപം എന്നിങ്ങിനെയെല്ലാം  ആത്മാവിനെപ്പറ്റി പറയാവുന്നതാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും കാമകർമ്മങ്ങൾ ചേർന്നുള്ള മായാ സംസ്കാരത്തിൽ ആമഗ്നമായി കഴിയുകയാലും കാലാനുസൃതമായ കർമഫലവിപാകം മൂലവും അപഗ്രഥനാത്മകമായ തത്വജ്ഞാനമില്ലാത്തതുകൊണ്ടും ആത്മാവിൽ സൃഷ്ടിവാഞ്ഛയുണ്ടാവുന്നു. അല്ലയോ ഗിരിപുംഗവാ, ഈ ആഗ്രഹം ബുദ്ധിപൂർവ്വകമൊന്നുമല്ല. അതായത് കർമഫലം അനുഭവിക്കേണ്ട സമയമാകുമ്പോൾ സ്വയമേവ സൃഷ്ടിവാഞ്ഛയുണ്ടാവുന്നു എന്നര്‍ത്ഥം. ഉറക്കമെണീക്കുമ്പോൾ മുൻ മനോവ്യാപാരങ്ങൾ ഉണരുന്നതു പോലെയാണീ സൃഷ്ടി. ഉറക്കമെന്നത് പ്രളയം. ഉണരുന്നത് സൃഷ്ടി.

ഇതാണെന്റെ അലൗകികമായ രൂപം. അവ്യക്തം, അവ്യാകൃതം, മായാശബളം എന്നിങ്ങിനെ ഇതറിയപ്പെടുന്നു. തത്വാദികൾക്ക് കാരണമായ സച്ചിദാനന്ദ വിഗ്രഹമാണിത്. സർവ്വകർമ്മങ്ങൾക്കും സാക്ഷിയായി ഇച്ഛ, ജ്ഞാനം, ക്രിയ എന്നിവയ്ക്ക് ആശ്രയമായി സച്ചിദാന സ്വരൂപം നിലകൊള്ളുന്നു. ഹ്രീങ്കാര മന്ത്രത്തിന്റെ തത്വമിതാണ്. ആദിമ തത്വവും ഇതാണ്.

ആദിതത്വത്തിൽ നിന്നും ശബ്ദതന്മാത്രാരൂപത്തിൽ ആകാശമുണ്ടായി. പിന്നീട് സ്പർശാത്മകമായി വായുവുണ്ടായി. രൂപാത്മകമായ അഗ്നിയാണ് പിന്നീടുണ്ടായത്. രസാത്മകമായ ജലവും ഗന്ധാത്മകമായ ഭൂമിയും പിന്നീടുണ്ടായി.

ആകാശത്തിന് ശബ്ദം എന്നൊരു ഗുണം മാത്രം.
വായുവിന് ശബ്ദവും സ്പർശവും ഗുണങ്ങൾ.
അഗ്നിക്ക് ശബ്ദം, സ്പർശം, രൂപമെന്നീ ഗുണങ്ങൾ
ജലത്തിന് ശബ്ദ, സ്പർശ, രൂപ, രസ, ഗുണങ്ങൾ
ഭൂമിക്ക് ശബ്ദ സ്പർശ, രൂപ, രസ, ഗന്ധ, ഗുണങ്ങൾ

ഈ പഞ്ചതന്മാത്രകളിൽ നിന്നും ലിംഗശരീരം അല്ലെങ്കിൽ സൂക്ഷ്മ ശരീരം ഉത്ഭവിച്ചു. സ്ഥൂല ശരീരത്തിന്റെ കാരണമാണീ ലിംഗശരീരം. സർവ്വാത്മകമായ ഇതു തന്നെയാണ് പരമാത്മാവിന്റെ സൂക്ഷ്മദേഹം. പരമാത്മാവിന്റെ കാരണ ദേഹമാണ് അവ്യക്തം എന്നറിയപ്പെടുന്നത്. ഈ അവ്യക്തത്തിൽ ബീജ രൂപത്തിൽ വിശ്വം നിലകൊള്ളുന്നു. പഞ്ചഭൂതങ്ങൾ പഞ്ചീകരണമെന്ന പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ സ്ഥൂലഭൂതങ്ങൾ ഉണ്ടാവുന്നു.

പഞ്ചീകരണം എന്തെന്ന് ഇനി പറയാം. പഞ്ചഭൂതങ്ങളെ ഓരോന്നിനെയും രണ്ടായി പകുത്ത് വയ്ക്കുക. ഓരോന്നിന്റെയും രണ്ടിൽ ഒന്നെടുത്ത് അതിനെ ഓരോന്നിനെയും നാലാക്കി വിഭജിക്കുക. അതായത് ആ ഭാഗങ്ങള്‍ ഓരോന്നും ഒരോരോ  ഭൂതങ്ങളുടെ എട്ടിലൊന്ന് വീതമുള്ള ഭാഗങ്ങളായിരിക്കും. ഓരോരോ പഞ്ചഭൂതങ്ങളുടെ പകുതിയുളളതിന്റെ കൂടെ ബാക്കിയുള്ള നാലുഭൂതങ്ങളുടെ നാലായി വിഭജിച്ച ഭാഗങ്ങൾ ഓരോന്നു ചേർക്കുക. അപ്പോൾ ഒരു പകുതിയും നാലു് എട്ടിലൊന്ന് ഭാഗങ്ങളും കൂടിയ    പകുതിയും  ചേര്‍ന്ന് ഒന്നായി (പൂര്‍ണ്ണമായി) സ്ഥൂലമായ പഞ്ചഭൂതങ്ങൾ ആവീർഭവിക്കുന്നു. ഇതാണ് പഞ്ചീകരണപ്രക്രിയ.

പഞ്ചികൃത ഭൂതങ്ങളാലാണ് വിരാഡ് രൂപത്തിന്റെ നിർമ്മിതി. അതാണെന്റെ സ്ഥൂലരൂപം. പഞ്ചഭൂതങ്ങളിലെ സത്വാംശങ്ങളിൽ നിന്നും ജ്ഞാനേന്ദ്രിയങ്ങൾ ഉണ്ടായി. സത്വാംശങ്ങൾ കൂടിച്ചേരുന്നതിന്റെ ഫലമായി അന്തഃകരണവും ഉണ്ടായി.   വൃത്തിഭേദാനുസാരം ഈ അന്തകരണം നാലു വിധത്തിലാണ്. അന്ത കരണത്തിൽ സങ്കല്പ വികല്പങ്ങൾ ഉണ്ടാവുമ്പോൾ അത് മനസ്സ്. സംശയരഹിതമായി ഉറച്ചൊരുള്ളുറപ്പ് വരുമ്പോൾ അത് ബുദ്ധി. ഒരു തീരുമാനത്തെപ്പറ്റി അനുസന്ധാനം ചെയ്യുമ്പാൾ അത് ചിത്തം. ‘ഞാൻ, ഞാൻ’ എന്നുള്ള തോന്നൽ അന്ത കരണത്തിൽ ഉദിക്കുമ്പോൾ അത് അഹംകാരം.

പഞ്ചഭൂതങ്ങളുടെ രാജസീകാംശങ്ങൾ ചേർന്ന് അഞ്ച് കർമേന്ദ്രിയങ്ങൾ ഉല്പന്നമാവുന്നു. ഇതേ രജോഗുണങ്ങളാണ് പഞ്ചപ്രാണങ്ങളെ ഉണ്ടാക്കുന്നത്. ഹൃദയത്തിൽ പ്രാണൻ. ഗുദത്തിൽ അപാനൻ; നാഭിയിൽ സമാനൻ; കണ്ഠത്തിൽ ഉദാനൻ. വ്യാനൻ ദേഹം മുഴുവനും വ്യാപരിച്ചിരിക്കുന്നു.

ജ്ഞാനേന്ദ്രിയങ്ങൾ അഞ്ച്. കർമ്മേന്ദ്രിയങ്ങളും അഞ്ച്. പ്രണങ്ങൾ അഞ്ച്. പിന്നെ മനസ്സ്, ബുദ്ധി. ഇങ്ങിനെ പതിനേഴെണ്ണം ചേർന്നതാണ് ലിംഗശരീരം.

പ്രകൃതി രണ്ടു വിധത്തിലാണ്. ശുദ്ധസത്യസ്വരൂപമായ പ്രകൃതിയാണ് മായ. ഗുണമിശ്രിതമായത് അവിദ്യ.  മായ സ്വാശ്രയത്തെ മറയ്ക്കുന്നില്ല.  ശുദ്ധസത്വപ്രധാനമായ മായയിൽ പരബ്രഹ്മം പ്രതിബിംബിക്കുന്നതാണ് ഈശ്വരൻ. ഈശ്വരൻ സർവ്വജ്ഞനും സർവ്വകർത്താവും സർവ്വാനുഗ്രഹദാതാവും സ്വാശ്രയസ്ഥാനത്തെ അറിയുന്നവനുമാണ്.

ഗുണസമ്മിശ്രമായ അവിദ്യയിൽപ്പതിയുന്ന ആത്മാവിന്റെ നിഴലാണ് ജീവൻ. സ്വാശ്രയത്തെ, ആനന്ദസ്വരൂപത്തെ, തിരിച്ചറിയാൻ അതിനാവുന്നില്ല. അതാണ് സകല ദുഖങ്ങൾക്കും ഹേതു. ജീവനും ഈശ്വരനും മൂന്നു വിധം ദേഹങ്ങൾ ഉണ്ടു്. ദേഹാഭിമാനമുള്ളതിനാൽ മൂന്നിനും വെവ്വേറെ പേരുകളുമുണ്ട്.

കാരണ ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ പ്രാജ്ഞൻ
സൂക്ഷ്മ ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍ തൈജസൻ.
സ്ഥൂല ദേഹത്തിൽ അഭിമാനിക്കുമ്പോൾ അവന്‍  വിശ്വൻ

ഈശ്വരനിൽ ഇവ യഥാക്രമം ഈശ്വരൻ, സൂത്രാത്മാവ്, വിരാട്, എന്നിങ്ങിനെ അറിയപ്പെടുന്നു.
ജീവൻ വ്യഷ്ടിദേഹാഭിമാനിയാവുമ്പോൾ ഈശ്വരൻ സമഷ്ടി ദേഹാഭിമാനിയാകുന്നു. സർവ്വജീവൻമാർക്കും അനുഗ്രഹം നൽകണമെന്ന വാഞ്ഛയാൽ ഈശ്വരൻ നാനാഭോഗാശ്രയമായ  പ്രപഞ്ചത്തെ പലേ തരത്തിൽ സൃഷ്ടിക്കുന്നു. ബ്രഹ്മസ്വരൂപിണിയായ എന്റെ ശക്തിയാൽ പ്രേരിതനായാണ് ഈശ്വരന്‍ സൃഷ്ടി ചെയ്യുന്നത്.  ഈശ്വരൻ കയറിൽ സർപ്പമെന്നപോലെ കല്പിതമാകയാൽ എന്നും എനിക്കധീനനാണ്.

No comments:

Post a Comment