Devi

Devi

Tuesday, November 22, 2016

ദിവസം 198 ശ്രീമദ്‌ ദേവീഭാഗവതം. 7- 40. ബാഹ്യപൂജാവിധാനം

ദിവസം 198 ശ്രീമദ്‌ ദേവീഭാഗവതം. 7- 40. ബാഹ്യപൂജാവിധാനം

പ്രാതരുത്ഥായ ശിരസി സംസ്മരേത് പത്മമുജ്ജലം
കർപ്പൂരാഭം സ്മരേത്തത്ര ശ്രീ ഗുരും നിജരൂപിണം
സുപ്രസന്നം ലസദ് ഭൂഷാഭൂഷിതം ശക്തി സംയുതം
നമസ്കൃത്യ തതോ ദേവീം കുണ്ഡലീം സംസ്മരേദ് ബുധ:


ദേവി അരുളി: 'അതിരാവിലെ എഴുന്നേറ്റ് ശിരസ്സിനു മുകളിൽ ബ്രഹ്മരന്ധ്രത്തിൽ വിരാജിക്കുന്ന കർപ്പൂരത്തൂവെണ്മയോലുന്ന ജാജ്വല്യമായ സഹസ്രാരപത്മത്തെ മനസ്സാ ധ്യാനിച്ച് അതിൽ ഭാര്യാസമേതം പ്രസന്ന ഭാവത്തിൽ ഇരിക്കുന്ന സ്വന്തം ഗുരുവിനെ സ്മരിച്ചിട്ട് കുണ്ഡലിനിയെ നമസ്കരിക്കുക. മൂലാധാരത്തിൽ നിന്നും ക്രമീകമായി മേലോട്ടു പോകുമ്പോൾ പ്രകാശമായും ബ്രഹ്മരന്ധ്രത്തിൽ നിന്നും കീഴോട്ടു വരുമ്പോൾ അമൃതായമാനമായ സുഖത്തെ നല്‍കി സുക്ഷുമ്നാനാഡിയിൽ വാണരുളുന്ന പരാശക്തിയായ ജഗദംബികയെ ഞാനിതാ ശരണം പണിയുന്നു. എന്നതാവണം സാധകന്റെ മന:പ്രാർത്ഥന.

ശിഖയുടെ നടുക്ക് ഇങ്ങിനെ ഭാവനചെയ്തു ധ്യാനിച്ച ശേഷം സച്ചിദാനന്ദ സ്വരൂപിണിയായി എന്നെ സ്മരിക്കുക. ഇനി ശൗചാദികർമ്മങ്ങൾ ആവാം. എന്നിട്ട് അഗ്നിഹോത്രം ചെയ്യുക. ഹോമം കഴിഞ്ഞാൽ സ്വാസനത്തിൽ ഇരുന്ന് സങ്കൽപ്പപൂജയും ചെയ്യണം.

ഇനി ഭൂതശുദ്ധിയാണ് ചെയ്യാനുള്ളത്. പഞ്ചഭൂതാത്മകമായ ദേഹത്തെ ബീജ മന്ത്രങ്ങളാൽ പരിശുദ്ധമാക്കുകയാണ് ഇതുകൊണ്ടു് സാധിക്കുന്നത്. ഇഷ്ടമൂർത്തിയായ ദേവതയുടെ രൂപത്തെ ധ്യാനിച്ച് മുദ്രകളാൽ സ്പഷ്ടീകരിക്കുന്ന ഹൃല്ലേഖാമാതൃകാ ന്യാസമാണ് ഇനി ചെയ്യേണ്ടത്. ഇത് നിത്യവും ആചരിക്കണം.

മൂലാധാരത്തിൽ 'ഹ' യും ഹൃദയത്തിൽ 'ര' യും ഭ്രൂമദ്ധ്യത്തിൽ 'ഇ' യും ശിരസ്സിൽ 'ഹ്രീ ' യും ന്യസിച്ച് മന്ത്രത്തോടെ മറ്റ് ന്യാസങ്ങളും ആചരിക്കണം. സ്വദേഹത്ത് ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നീ നാലുകാലുകൾ ഉളള ഒരു പീഠം വിഭാവന ചെയ്യുക. പ്രാണായാമം മൂലം വിടർന്നു വിലസുന്ന ഹൃത് കമലത്തിൽ പഞ്ചപ്രേതാസനം സങ്കൽപ്പിച്ച് ദേവിയെ ഉപാസിക്കുക.

ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ഈശ്വരൻ, സദാശിവൻ, എന്നിവർ എന്റെ പാദമൂലത്തിൽ കുടികൊള്ളുന്ന പഞ്ചപ്രേതങ്ങളാണ്. ഇവർ പഞ്ചഭൂതങ്ങൾക്ക് അധിപന്മാരാണ്. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം, എന്നീ അഞ്ച് അവസ്ഥകളും അവർക്ക് ബാധകമാണ്. എന്നാൽ ഞാൻ ഇവയ്ക്കെല്ലാം അതീതയായ മായാവിശിഷ്ട ബ്രഹ്മമാകുന്നു. ശക്തിതന്ത്രത്തിൽ സദാശിവൻ പലകയും മറ്റു നാലുപേർ കാലുകളുമായ ഒരു പീഠം സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. മാനസപൂജയ്ക്കായുള്ള പീഠമാണിത്. മാനസപൂജയിൽ ഇപ്രകാരമുള്ള സങ്കൽപ്പമുറച്ച ശേഷം മൂലമന്ത്രം ജപിക്കണം.

ജപ സമർപ്പണത്തിന് ശേഷം ബാഹ്യപൂജയ്ക്കായി ഭഗവതിക്കുള്ള അർഘ്യം നൽകണം. പാത്രാസാദനം, പൂജാദ്രവ്യ ശോധനം എന്നിവയാണിനി ചെയ്യേണ്ടത്. ദ്രവ്യശുദ്ധി ചെയ്യാൻ അസ്ത്ര മന്ത്രജപം, ജലപ്രോഷണം എന്നിവ ആകാം. ഗുരുക്കൻമാരെ വന്ദിച്ച് ആത്മരക്ഷാർത്ഥം പത്തു ദിക്കുകളെയും ബന്ധിച്ചു നിർത്തി അഗ്നി കൊണ്ട് ഒരു കോട്ട കെട്ടുന്നു എന്ന സങ്കല്പത്തിൽ ഹൃദയത്തിൽ കുടികൊള്ളുന്ന ഭഗവാനെ നേരത്തേ തയ്യാറാക്കിയ ബാഹ്യപീഠത്തിൽ ഇരുത്തുക. ഇതിനുള്ള മന്ത്രങ്ങൾ വഴി പോലെ ജപിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത് മൂർത്തിയെ ചൈതന്യവത്താക്കുക.

ആസനം, ആവാഹനം, അർഘ്യം, പാദ്യം. ആചമനം, സ്ഥാനം, വസ്ത്രം, ഭൂഷണങ്ങൾ, സുഗന്ധം, പുഷ്പങ്ങൾ എന്നിവയെല്ലാം ദേവിക്കായി സമർപ്പിക്കുക. പിന്നീട് യന്ത്രത്തിലുള്ള ആവരണ ദേവതകളെയും പൂജിക്കണം. ദിവസവും ഈ പൂജകൾ ചെയ്യുന്നതാണ് ഉത്തമം. അതിനു കഴിയാത്തവർ വെള്ളിയാഴ്ചകളിൽ മാത്രമെങ്കിലും പൂജകള്‍ ചെയ്യുക. സാധകന്‍ ദേവിയുടെ പ്രഭാരൂപങ്ങളായ അംഗദേവതകളെയും സ്മരിച്ചു പൂജിക്കേണ്ടതാണ്. മൂന്നു ലോകത്തും ദേവിയുടെ ദിവ്യപ്രഭ വ്യാപരിച്ചു വിലസുന്നതായി ഭാവന ചെയ്യുക.

സാംഗയും സാവരണയും സായുധയുമായ ശക്തിസ്വരൂപിണിയെ ധ്യാനിച്ച് ഭൂവനേശ്വരിയെ ധൂപഗന്ധപുഷ്പാദികൾ കൊണ്ടു് പൂജിക്കണം. നിവേദ്യം, താമ്പൂലം, തർപ്പണം, ദക്ഷിണ എന്നിവയാൽ എന്നെ സംപ്രീതയാക്കുക. ഹിമാലയാ, നിന്നാൽ വിരചിതമായ സഹസ്രനാമജപം എനിക്കേറെ പ്രിയങ്കരമാണ്.

അഹം രുദ്രേഭി സൂക്തം, ‘സർവേ വൈ ദേവാ ദേവീ മുപതസ്ഥു’ എന്നു തുടങ്ങുന്ന ഹൃല്ലേഖോപനിഷദ് മന്ത്രം കൊണ്ട് എന്നെ സ്തുതിച്ച് സംപ്രീതയാക്കുക. കണ്ണീരണിഞ്ഞു് രോമാഞ്ചത്തോടെ ഗദ്ഗദകണ്ഠനായി പ്രേമാർദ്ര ഹൃദയത്തോടെ ജഗജ്ജനനിയോട് ക്ഷമാപ്രാർത്ഥന ചെയ്യുക. പിന്നെ നൃത്തം, ഗീതം, വാദ്യം, എന്നിവയും പുരാണ പാരായണവും ആവാം. അവയുടെയെല്ലാം സത്ത ഞാനാകയാൽ അവയെല്ലാം എന്നെ പ്രീതിപ്പെടുത്തുന്നു.

ഇനി സർവ്വ സമർപ്പണമാണ്. സ്വദേഹം ഉൾപ്പടെയെല്ലാമെല്ലാം ദേവിക്കായി അർച്ചിക്കുക. ഹോമം കഴിക്കുമ്പോൾ ബ്രാഹ്മണരെയും സുവാസിനികളെയും വടുകന്മാരെയും അജ്ഞാനികളെയും ഭേദബുദ്ധി കൂടാതെ ഊട്ടി തൃപ്തരാക്കണം. പിന്നീടു് ഹസ്തമുദ്രയോടെ ഇഷ്ടമൂർത്തിയെ ഹൃദയത്തിലേക്ക് വിസർജ്ജിക്കണം.

ഹൃല്ലേഖാ മന്ത്രപൂര്‍വ്വമാണ് എനിക്കായുള്ള പൂജകൾ ആചരിക്കേണ്ടത്. കാരണം ‘ഹ്രീം’ എന്ന ഹൃല്ലേഖാമന്ത്രമാകുന്ന കണ്ണാടിയിൽ ഞാനെപ്പോഴും പ്രതിബിംബിക്കുന്നു. ഹൃല്ലോഖാമന്ത്രമൊന്നു ജപിക്കുന്നത്‌ തന്നെ മറ്റ് സകല മന്ത്രങ്ങളും ജപിക്കുന്നതിന് തുല്യമാണ്. ഒടുവിൽ ഗുരുവിനുള്ള ദക്ഷിണയും ഭൂഷണങ്ങളും സമർപ്പിക്കുക.

ഇപ്രകാരം ആരൊരുവൻ എന്നെ പൂജിക്കുന്നുവോ അവന് ദുർല്ലഭമായി യാതൊന്നുമില്ല. അവന്റെ ദേഹം ഒടുങ്ങുമ്പോൾ എന്റെ മോഹന മണിദ്വീപിൽ അവനൊരിടം ഉണ്ടാവും. ആ സാധകൻ ദേവീ സ്വരൂപനാകുന്നു. അവൻ സർവ്വരാലും ആരാധ്യനത്രെ.

ഞാൻ ദേവീപൂജാക്രമം വിശദമായിത്തന്നെ പറഞ്ഞുവല്ലോ . അവ മുറപോലെ ചെയ്ത് നീ കൃതകൃത്യനാവുക. ഈ ശാസ്ത്രം യോഗ്യനായ ഒരാൾക്ക് മാത്രമേ ഉപദേശിക്കാവൂ. ഭക്തിയില്ലാത്ത ദുർബുദ്ധികളോട് ഇതുപദേശിക്കുന്നത് സ്വന്തം മാതാവിന്റെ മാറ് തുറന്നു കാണിക്കുന്നതു പോലെ ഹീനമായ പ്രവൃത്തിയാണ്. ഭക്തിയുള്ള ശിഷ്യൻ, സുശീലൻ, ദേവീ ഭക്തനായ പുത്രൻ എന്നിവരെയാണ് ഇത് പഠിപ്പിക്കേണ്ടത്. ശ്രാദ്ധ കാലത്ത് ബ്രാഹ്മണസമക്ഷം പൂജാക്രമം ചൊല്ലുന്നത് പ്രപിതാക്കൻമാർക്ക് മുക്തിപ്രദമാണ്.'

വ്യാസൻ പറഞ്ഞു. 'ഹിമവാനെയും മറ്റു ദേവന്മാരെയും ഇത്രയും ഉപദേശിച്ചിട്ട് ജഗദംബിക അവിടെ നിന്നും മറഞ്ഞു. ദേവീദര്‍ശനസിദ്ധിയില്‍ ആ ദേവൻമാർ അതീവസന്തുഷ്ടരായിരുന്നു. പിന്നീടു് വാഗ്ദാനം ചെയ്തിരുന്നത് പോലെ ദേവി സ്വയം ഹിമവാന്റെ മകളായി പിറന്നു. ഗൗരിയായ ആ പർവ്വതനന്ദിനി കാലക്രമത്തിൽ ശ്രീ ശങ്കരനെ വിവാഹം കഴിച്ചു. അവർക്ക് സ്കന്ദൻ എന്ന സുബ്രഹ്മണ്യൻ മകനായിപ്പിറന്നു. സ്കന്ദനാണ് താരകാസുരനെ നിഗ്രഹിച്ചത്.

പണ്ടു് പാലാഴി കടയുന്ന നേരത്ത് സമുദ്രത്തിൽ നിന്നും അനേകം രത്നങ്ങൾ ഉണ്ടായി പുറത്തുവന്നു. അപ്പോൾ ദേവൻമാർ ആഗ്രഹിച്ച പ്രകാരം ജഗദംബിക ലക്ഷ്മീദേവിയെ രമാരൂപത്തിൽ പാല്‍ക്കടലില്‍ അവതരിപ്പിച്ചു. ആ രമയെയാണ് വിഷ്ണുവിനു നൽകിയത്. ഗൗരിയുടെയും ലക്ഷ്മിയുടെയും ഉത്ഭവകഥ സർവ്വകാമങ്ങളെയും സാധിപ്പിക്കുന്നു.

ഞാൻ പറഞ്ഞുതന്ന ഈ രഹസ്യ ശാസ്ത്രം ഗോപ്യമായി സൂക്ഷിച്ചാലും. താൽപ്പര്യമില്ലാത്ത അന്യൻമാർക്ക് പറഞ്ഞു കൊടുക്കാനുള്ളതല്ല ഈ ദേവീ ചരിതങ്ങൾ.

രാജാവേ, ഇനിയും എന്നാണറിയാനുള്ളത്?

ദേവീഭാഗവതം ഏഴാം സ്കന്ദം സമാപ്തം

No comments:

Post a Comment