Devi

Devi

Saturday, November 26, 2016

ദിവസം 199 ശ്രീമദ്‌ ദേവീഭാഗവതം 8- 1. വരദാനം


ദിവസം 199 ശ്രീമദ്‌ ദേവീഭാഗവതം
 8- 1. വരദാനം
അഷ്ടമ സ്കന്ധം ആരംഭം

സൂര്യ ചന്ദ്രാന്വയോത്ഥാനാം നൃപാണാം സത് കഥാശ്രിതം
ചരിതം ഭവതാ പ്രോക്തം ശ്രുതം തദമൃതാസ്പദം
അധുനാ ശ്രോതുമിച്ഛാമി സാ ദേവീ ജഗദംബികാ
മന്വന്തരേഷു സര്‍വേഷു യദ്യദ്രൂപേണ പൂജ്യതേ


ജനമേജയൻ പറഞ്ഞു: ‘സൂര്യവംശികളും ചന്ദ്രവംശികളുമായ രാജാക്കൻമാരുടെ അമൃതസമാനമായ സത് കഥകൾ അങ്ങ് പറഞ്ഞു തന്നു. ഇനി എനിക്കറിയേണ്ടത് ഓരോ മന്വന്തരങ്ങളിലും ആ ജഗജ്ജനനിയെ പൂജിക്കേണ്ടത് എങ്ങിനെയെന്നാണ്. ഏതേത് രൂപങ്ങളിലാണ് അമ്മയെ ആരാധിക്കേണ്ടത്? ഏതേത് സ്ഥാനങ്ങളിൽ ഏതേത് കർമ്മങ്ങളാലാണ്, ഏത് ബീജ മന്ത്രങ്ങളാലാണ് ശ്രീദേവീപൂജകൾ അനുഷ്ഠിക്കേണ്ടത്? ദേവിയുടെ വിരാഡ് രൂപം എങ്ങിനെയെന്നും ഞങ്ങൾക്കു് മനസ്സിലാക്കിത്തരണം മാമുനേ. ആ ജഗദംബയുടെ സൂക്ഷ്മരൂപം മനതാരിൽ നിതാന്തം നിറഞ്ഞു നിൽക്കാനുതകുന്ന ധ്യാനപദ്ധതി എന്തെന്നും ഞങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്.’

വ്യാസൻ പറഞ്ഞു: ‘ദേവീപ്രീതിയോടെ സര്‍വ്വമംഗളമുണ്ടാവാൻ ഉതകുന്ന ദിവ്യാരാധന എങ്ങിനെ വേണമെന്ന് ഞാനിനി പറഞ്ഞു തരാം. പണ്ട് ഇതേ ചോദ്യം മഹർഷി നാരദൻ ശ്രീനാരായണമുനിയോടും ചോദിക്കുകയുണ്ടായി. ശ്രീ നാരദൻ ഒരിക്കൽ യാത്രാമദ്ധ്യേ നാരായണാശ്രമത്തിൽ ചെന്നു. മുനിയെ വണങ്ങിയിട്ട് നാരദൻ ഇതേ ചോദ്യം ദേവ്യാരാധനാ നിരതനായ നാരായണമുനിയോട് ചോദിച്ചു.’

നാരദൻ പറഞ്ഞു: ‘സർവ്വജ്ഞനും പുരാണപുരുഷോത്തമനുമായ മഹർഷേ, ഈ ജഗത്തിന്റെ ഉത്ഭവം എങ്ങിനെയാണ്? എന്താണതിനു പിന്നിലെ തത്വം? ആരുടെ ആഗ്രഹമാണ് ജഗത്തിന്റെ നിർമ്മിതിക്കു പിന്നിൽ ഉള്ളത് ? എവിടെയാണീ ജഗത്തിന്റെ അന്ത്യം? എങ്ങിനെയാണതുണ്ടാവുക? മായാമോഹം അവസാനിക്കാനായി സാധകനില്‍ വേണ്ടതായ അറിവെന്താണ്? ആരെ, എങ്ങിനെ ധ്യാനിച്ചു പൂജിച്ചാലാണ് വെളിച്ചത്താൽ ഇരുട്ടെന്നപോലെ എന്റെയുള്ളിലെ അജ്ഞാനത്തിന് അറുതി വരിക? ഇതിനുള്ള ഉത്തരം അങ്ങു തന്നെ പറഞ്ഞു തന്നാലും.’

നാരദന്റെ ചോദ്യം കേട്ട് സംപ്രീതനായ മഹായോഗി നാരായണമുനി കനിവോടെ ഇങ്ങിനെ പറഞ്ഞു: ‘മഹാമുനേ, ഈ ജഗത്തിന്റെ തത്വമെന്തെന്ന് ഞാൻ പറയാം. അതറിഞ്ഞാൽപ്പിന്നെ ലോകമെന്ന വിഭ്രമം ഒരുവനെ വലയ്ക്കുകയില്ല. കയറിൽ പാമ്പെന്ന പോലെയാണ് ഈ ജഗത്തെന്നറിഞ്ഞാൽപ്പിന്നെ മനുഷ്യന്റെ ഭ്രമമെല്ലാം അവസാനിച്ചു.

ഞാനും മറ്റ് ഋഷിമാരും ദേവൻമാരും ജഗത്തിന്റെ തത്വമായി കരുതുന്നത് ദേവിയെയാണ്. തന്റെ ത്രിഗുണശക്തികളാൽ ലോകത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിക്കുന്നത് ദേവിയാണ്. സിദ്ധരായ മുനിപുംഗവൻമാർ പൂജിക്കുന്ന ദേവിയുടെ സ്വരൂപം സ്മരിക്കുന്ന മാത്രയിൽ സകല പാപങ്ങളും ഇല്ലാതെയാകും. കാമിതഫലങ്ങൾ ലഭ്യമാകും. മോക്ഷമാർഗ്ഗം തെളിയും.

പ്രഥമ മന്വന്തരത്തിന്റെ അധിപൻ. സ്വായംഭുവമനു ബ്രഹ്മസംഭവനാണ്. അദ്ദേഹത്തിന്റെ പത്നിയാണ് ശതരൂപ. അതിപ്രതാപവാനായ മനു ബ്രഹ്മാവിനെ ഭക്തിയോടെ ശുശ്രൂഷ ചെയ്ത് പരിചരിച്ചു വന്നു. അങ്ങിനെയിരിക്കേ പിതാവ് മകനെ ഉപദേശിച്ചു: ‘മകനേ, നീ അതിശ്രേഷ്ഠമായ ദേവീപൂജ ചെയ്താലും. അങ്ങിനെ നിന്റെ പ്രജാസൃഷ്ടികള്‍ കീർത്തികരമാവട്ടെ.’

അച്ഛന്റെ അനുജ്ഞയനുസരിച്ച് സ്വയംഭുവമനു ശ്രീദേവീ ഉപാസന അനുഷ്ഠിച്ചു. തപസ്സുകൊണ്ട് അദ്ദേഹം ദേവിയെ സംപ്രീതയാക്കി. കാരണാത്മികയും ആദിമായയും സർവ്വശക്തിയുമായ ഭഗവതിയെ ഏകാഗ്രചിത്തത്തോടെ അദ്ദേഹം സ്തുതിച്ചു വന്ദിച്ചു.'

മനു ഇങ്ങിനെ സ്തുതിച്ചു: ‘ജഗത് കാരണകാരണയായ ദേവേശിക്ക് എന്റെ നമസ്കാരം. ശംഖചക്രഗദാപത്മധാരിയായ അമ്മേ, നമോവാകം. നാരായണപ്രിയയും വേദമൂർത്തയും വേദസ്വരൂപയും ലോകനാഥയും ബ്രഹ്മസ്വരൂപിണിയും സകലദേവൻമാരാൽ സ്തുതിക്കപ്പെടുന്നവളുമായ ദേവീ, കോടി കോടി നമസ്കാരം. മഹേശ്വരീ, മഹാമായേ, മഹാഭാഗേ, മഹോദയേ, മഹാദേവന്റെ അർദ്ധാംഗിനീ, ശിവേ, മഹോത്സവേ, മഹാനദേ, ജ്യേഷ്ഠേ, വിദ്യാനിവാസിനീ, മഹാമാരീ ഭയഹരേ, ദേവപൂജിതേ, ഞാനിതാ അവിടുത്തെ മുന്നിൽ കൈകൂപ്പുന്നു. സർവ്വ മംഗളമാംഗല്യേ, ശിവേ, സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ദേവീ നാരായണീ നമോസ്തുതേ!

ആരീ ലോകത്തിന്റെ ഊടും പാവും ഉല്പന്നമായി നിലകൊള്ളുന്നുവോ, ആ ആദ്യന്തരഹിതമായ ഏകചൈതന്യത്തെ ഞാൻ സദാ സ്മരിക്കുന്നു. ആരുടെ കടാക്ഷ കല്പനയാലാണോ ബ്രഹ്മാവ് ലോകസൃഷ്ടി ചെയ്യുകയും, മഹാവിഷ്ണ ലോകസംരക്ഷ ചെയ്യുകയും മഹാദേവൻ സംഹാരം നടത്തുകയും ചെയ്യുന്നത്, മധു കൈടഭൻമാരിൽ നിന്നും രക്ഷതേടി ആരെയാണോ ബ്രഹ്മാവ് ഭയനിവൃത്തിക്കായി പ്രാർത്ഥിച്ചത്, ആ ദേവിയെ ഞാൻ നമസ്ക്കരിക്കുന്നു.

ഹ്രീ, കീർത്തി, സ്മൃതി, കാന്തി, ഗിരിജ, കമല, ദാക്ഷായണി, വേദഗർഭ, സിദ്ധിപ്രദായിനി, അഭയപ്രദ, ഇങ്ങിനെയെല്ലാം പുകൾപെറ്റ ദേവിയെ ഞാൻ സ്തുതിക്കുന്നു, പൂജിക്കുന്നു. ജപിക്കുന്നു, ധ്യാനിക്കുന്നു. അമ്മയുടെ കാൽക്കൽ വീണു ഞാൻ നമസ്കരിക്കുന്നു. ഭാവനയിൽ സദാ ഞാൻ അമ്മയെത്തന്നെ കാണുന്നു. കേൾക്കുന്നു. ദേവീ, എന്നിൽ സംപ്രീതയാകണേ.

ബ്രഹ്മാവ് വേദനിധിയായതും, വിഷ്ണു ലക്ഷ്മീപതിയായതും, ഇന്ദ്രൻ ത്രിലോകാധിപതിയായതും വരുണൻ സമുദ്രാധിപനായതും, കുബേരൻ ധനാധിപതിയായതും യമൻ പിതൃപതിയായതും, നിരൃതി രാക്ഷസനാഥനായതും, സോമൻ സുധാംശുവായതും, അമ്മേ, അവിടുത്തെ കൃപയാൽ മാത്രമാണ്. മൂന്നുലോകത്തിനും അഭിവന്ദ്യയായ ദേവീ, ലോകേശീ, ജഗൻ മംഗളകാരിണീ, നമസ്കാരം, നമസ്കാരം. ഞാൻ അവിടുത്തെ മുന്നിൽ വീണ്ടും വീണ്ടും കൈകൂപ്പി വണങ്ങുന്നു.’

മനുവിന്റെ പ്രാർത്ഥനയാൽ സംപ്രീതയായ ദേവി പ്രത്യക്ഷയായി ഇങ്ങിനെ അരുളിച്ചെയ്തു: ‘നിന്റെ സ്തുതിയും ഭക്തിപ്രഹർഷവും പൂജയും എന്നെ സംപ്രീതയാക്കിയിരിക്കുന്നു. ബ്രഹ്മപുത്രാ, നിനക്ക് എന്തു വരമാണ് വേണ്ടത്?'

മനു പറഞ്ഞു: ‘കാരുണ്യമൂർത്തിയായ അമ്മേ, എന്റെ ഭക്തിയിൽ നീ സംതൃപ്തയാണെങ്കിൽ വിഘ്നമേതും കൂടാതെ പ്രജാസൃഷ്ടി ചെയ്യാൻ എന്നെ അനുഗ്രഹിച്ചാലും.’

ദേവി പറഞ്ഞു: ‘അങ്ങിനെയാകട്ടെ. എന്റെ അനുഗ്രഹം നിന്റെ പ്രജാസൃഷ്ടിയെ സദാ സംപുഷ്ടമാക്കട്ടെ. നിനക്ക് ഉത്തരോത്തരം അഭിവൃദ്ധി സംഭവിക്കട്ടെ. നീയിപ്പോൾ സ്തുതിച്ച ദേവീ സ്തോത്രം ഭക്തിപൂർവ്വം ജപിക്കുന്നവർക്ക് സന്തതി, വിദ്യ, കീർത്തി, ലക്ഷ്മി, ധനധാന്യ സമ്പത്ത്, ശക്തി, ശത്രു ജയം എന്നിവയുണ്ടാവട്ടെ.’

നാരായണ മുനി തുടർന്നു: ‘സ്വയംഭുവ മനുവിന് ഇങ്ങിനെ അനുഗ്രഹങ്ങൾ നൽകിയിട്ട് ദേവി അപ്രത്യക്ഷയായി. അദ്ദേഹം ബ്രഹ്മാവിനോട് തനിക്ക് പ്രജാസൃഷ്ടി ചെയ്യാനായി ഒരു സ്ഥാനം കല്പിച്ചു നൽകാൻ ആവശ്യപ്പെട്ടു. ‘അവിടെയിരുന്ന് ഞാൻ യാഗങ്ങൾ ചെയ്ത് പ്രജാസൃഷ്ടി നടത്തിക്കൊള്ളാം.'

എന്നാല്‍ മകൻ ഇങ്ങിനെ അഭ്യര്‍ത്ഥിച്ചപ്പോൾ വിധാതാവ് ചിന്താഗ്രസ്ഥനായി. ‘സൃഷ്ടാവായ എന്റെ സൃഷ്ടി അവസാനിച്ചിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു. സകലത്തിനും ആധാരയായ ഭൂമിയാകെ പ്രളയജലത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടെയെങ്ങിനെ സൃഷ്ടി തുടരാനാവും? എങ്കിലും ഭഗവാൻ ആദി പുരുഷന്റെ സഹായം എനിക്കുണ്ടാവാതിരിക്കില്ല. അല്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തി മാത്രമാണല്ലോ.’

Tuesday, November 22, 2016

ദിവസം 198 ശ്രീമദ്‌ ദേവീഭാഗവതം. 7- 40. ബാഹ്യപൂജാവിധാനം

ദിവസം 198 ശ്രീമദ്‌ ദേവീഭാഗവതം. 7- 40. ബാഹ്യപൂജാവിധാനം

പ്രാതരുത്ഥായ ശിരസി സംസ്മരേത് പത്മമുജ്ജലം
കർപ്പൂരാഭം സ്മരേത്തത്ര ശ്രീ ഗുരും നിജരൂപിണം
സുപ്രസന്നം ലസദ് ഭൂഷാഭൂഷിതം ശക്തി സംയുതം
നമസ്കൃത്യ തതോ ദേവീം കുണ്ഡലീം സംസ്മരേദ് ബുധ:


ദേവി അരുളി: 'അതിരാവിലെ എഴുന്നേറ്റ് ശിരസ്സിനു മുകളിൽ ബ്രഹ്മരന്ധ്രത്തിൽ വിരാജിക്കുന്ന കർപ്പൂരത്തൂവെണ്മയോലുന്ന ജാജ്വല്യമായ സഹസ്രാരപത്മത്തെ മനസ്സാ ധ്യാനിച്ച് അതിൽ ഭാര്യാസമേതം പ്രസന്ന ഭാവത്തിൽ ഇരിക്കുന്ന സ്വന്തം ഗുരുവിനെ സ്മരിച്ചിട്ട് കുണ്ഡലിനിയെ നമസ്കരിക്കുക. മൂലാധാരത്തിൽ നിന്നും ക്രമീകമായി മേലോട്ടു പോകുമ്പോൾ പ്രകാശമായും ബ്രഹ്മരന്ധ്രത്തിൽ നിന്നും കീഴോട്ടു വരുമ്പോൾ അമൃതായമാനമായ സുഖത്തെ നല്‍കി സുക്ഷുമ്നാനാഡിയിൽ വാണരുളുന്ന പരാശക്തിയായ ജഗദംബികയെ ഞാനിതാ ശരണം പണിയുന്നു. എന്നതാവണം സാധകന്റെ മന:പ്രാർത്ഥന.

ശിഖയുടെ നടുക്ക് ഇങ്ങിനെ ഭാവനചെയ്തു ധ്യാനിച്ച ശേഷം സച്ചിദാനന്ദ സ്വരൂപിണിയായി എന്നെ സ്മരിക്കുക. ഇനി ശൗചാദികർമ്മങ്ങൾ ആവാം. എന്നിട്ട് അഗ്നിഹോത്രം ചെയ്യുക. ഹോമം കഴിഞ്ഞാൽ സ്വാസനത്തിൽ ഇരുന്ന് സങ്കൽപ്പപൂജയും ചെയ്യണം.

ഇനി ഭൂതശുദ്ധിയാണ് ചെയ്യാനുള്ളത്. പഞ്ചഭൂതാത്മകമായ ദേഹത്തെ ബീജ മന്ത്രങ്ങളാൽ പരിശുദ്ധമാക്കുകയാണ് ഇതുകൊണ്ടു് സാധിക്കുന്നത്. ഇഷ്ടമൂർത്തിയായ ദേവതയുടെ രൂപത്തെ ധ്യാനിച്ച് മുദ്രകളാൽ സ്പഷ്ടീകരിക്കുന്ന ഹൃല്ലേഖാമാതൃകാ ന്യാസമാണ് ഇനി ചെയ്യേണ്ടത്. ഇത് നിത്യവും ആചരിക്കണം.

മൂലാധാരത്തിൽ 'ഹ' യും ഹൃദയത്തിൽ 'ര' യും ഭ്രൂമദ്ധ്യത്തിൽ 'ഇ' യും ശിരസ്സിൽ 'ഹ്രീ ' യും ന്യസിച്ച് മന്ത്രത്തോടെ മറ്റ് ന്യാസങ്ങളും ആചരിക്കണം. സ്വദേഹത്ത് ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നീ നാലുകാലുകൾ ഉളള ഒരു പീഠം വിഭാവന ചെയ്യുക. പ്രാണായാമം മൂലം വിടർന്നു വിലസുന്ന ഹൃത് കമലത്തിൽ പഞ്ചപ്രേതാസനം സങ്കൽപ്പിച്ച് ദേവിയെ ഉപാസിക്കുക.

ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ഈശ്വരൻ, സദാശിവൻ, എന്നിവർ എന്റെ പാദമൂലത്തിൽ കുടികൊള്ളുന്ന പഞ്ചപ്രേതങ്ങളാണ്. ഇവർ പഞ്ചഭൂതങ്ങൾക്ക് അധിപന്മാരാണ്. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം, എന്നീ അഞ്ച് അവസ്ഥകളും അവർക്ക് ബാധകമാണ്. എന്നാൽ ഞാൻ ഇവയ്ക്കെല്ലാം അതീതയായ മായാവിശിഷ്ട ബ്രഹ്മമാകുന്നു. ശക്തിതന്ത്രത്തിൽ സദാശിവൻ പലകയും മറ്റു നാലുപേർ കാലുകളുമായ ഒരു പീഠം സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. മാനസപൂജയ്ക്കായുള്ള പീഠമാണിത്. മാനസപൂജയിൽ ഇപ്രകാരമുള്ള സങ്കൽപ്പമുറച്ച ശേഷം മൂലമന്ത്രം ജപിക്കണം.

ജപ സമർപ്പണത്തിന് ശേഷം ബാഹ്യപൂജയ്ക്കായി ഭഗവതിക്കുള്ള അർഘ്യം നൽകണം. പാത്രാസാദനം, പൂജാദ്രവ്യ ശോധനം എന്നിവയാണിനി ചെയ്യേണ്ടത്. ദ്രവ്യശുദ്ധി ചെയ്യാൻ അസ്ത്ര മന്ത്രജപം, ജലപ്രോഷണം എന്നിവ ആകാം. ഗുരുക്കൻമാരെ വന്ദിച്ച് ആത്മരക്ഷാർത്ഥം പത്തു ദിക്കുകളെയും ബന്ധിച്ചു നിർത്തി അഗ്നി കൊണ്ട് ഒരു കോട്ട കെട്ടുന്നു എന്ന സങ്കല്പത്തിൽ ഹൃദയത്തിൽ കുടികൊള്ളുന്ന ഭഗവാനെ നേരത്തേ തയ്യാറാക്കിയ ബാഹ്യപീഠത്തിൽ ഇരുത്തുക. ഇതിനുള്ള മന്ത്രങ്ങൾ വഴി പോലെ ജപിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത് മൂർത്തിയെ ചൈതന്യവത്താക്കുക.

ആസനം, ആവാഹനം, അർഘ്യം, പാദ്യം. ആചമനം, സ്ഥാനം, വസ്ത്രം, ഭൂഷണങ്ങൾ, സുഗന്ധം, പുഷ്പങ്ങൾ എന്നിവയെല്ലാം ദേവിക്കായി സമർപ്പിക്കുക. പിന്നീട് യന്ത്രത്തിലുള്ള ആവരണ ദേവതകളെയും പൂജിക്കണം. ദിവസവും ഈ പൂജകൾ ചെയ്യുന്നതാണ് ഉത്തമം. അതിനു കഴിയാത്തവർ വെള്ളിയാഴ്ചകളിൽ മാത്രമെങ്കിലും പൂജകള്‍ ചെയ്യുക. സാധകന്‍ ദേവിയുടെ പ്രഭാരൂപങ്ങളായ അംഗദേവതകളെയും സ്മരിച്ചു പൂജിക്കേണ്ടതാണ്. മൂന്നു ലോകത്തും ദേവിയുടെ ദിവ്യപ്രഭ വ്യാപരിച്ചു വിലസുന്നതായി ഭാവന ചെയ്യുക.

സാംഗയും സാവരണയും സായുധയുമായ ശക്തിസ്വരൂപിണിയെ ധ്യാനിച്ച് ഭൂവനേശ്വരിയെ ധൂപഗന്ധപുഷ്പാദികൾ കൊണ്ടു് പൂജിക്കണം. നിവേദ്യം, താമ്പൂലം, തർപ്പണം, ദക്ഷിണ എന്നിവയാൽ എന്നെ സംപ്രീതയാക്കുക. ഹിമാലയാ, നിന്നാൽ വിരചിതമായ സഹസ്രനാമജപം എനിക്കേറെ പ്രിയങ്കരമാണ്.

അഹം രുദ്രേഭി സൂക്തം, ‘സർവേ വൈ ദേവാ ദേവീ മുപതസ്ഥു’ എന്നു തുടങ്ങുന്ന ഹൃല്ലേഖോപനിഷദ് മന്ത്രം കൊണ്ട് എന്നെ സ്തുതിച്ച് സംപ്രീതയാക്കുക. കണ്ണീരണിഞ്ഞു് രോമാഞ്ചത്തോടെ ഗദ്ഗദകണ്ഠനായി പ്രേമാർദ്ര ഹൃദയത്തോടെ ജഗജ്ജനനിയോട് ക്ഷമാപ്രാർത്ഥന ചെയ്യുക. പിന്നെ നൃത്തം, ഗീതം, വാദ്യം, എന്നിവയും പുരാണ പാരായണവും ആവാം. അവയുടെയെല്ലാം സത്ത ഞാനാകയാൽ അവയെല്ലാം എന്നെ പ്രീതിപ്പെടുത്തുന്നു.

ഇനി സർവ്വ സമർപ്പണമാണ്. സ്വദേഹം ഉൾപ്പടെയെല്ലാമെല്ലാം ദേവിക്കായി അർച്ചിക്കുക. ഹോമം കഴിക്കുമ്പോൾ ബ്രാഹ്മണരെയും സുവാസിനികളെയും വടുകന്മാരെയും അജ്ഞാനികളെയും ഭേദബുദ്ധി കൂടാതെ ഊട്ടി തൃപ്തരാക്കണം. പിന്നീടു് ഹസ്തമുദ്രയോടെ ഇഷ്ടമൂർത്തിയെ ഹൃദയത്തിലേക്ക് വിസർജ്ജിക്കണം.

ഹൃല്ലേഖാ മന്ത്രപൂര്‍വ്വമാണ് എനിക്കായുള്ള പൂജകൾ ആചരിക്കേണ്ടത്. കാരണം ‘ഹ്രീം’ എന്ന ഹൃല്ലേഖാമന്ത്രമാകുന്ന കണ്ണാടിയിൽ ഞാനെപ്പോഴും പ്രതിബിംബിക്കുന്നു. ഹൃല്ലോഖാമന്ത്രമൊന്നു ജപിക്കുന്നത്‌ തന്നെ മറ്റ് സകല മന്ത്രങ്ങളും ജപിക്കുന്നതിന് തുല്യമാണ്. ഒടുവിൽ ഗുരുവിനുള്ള ദക്ഷിണയും ഭൂഷണങ്ങളും സമർപ്പിക്കുക.

ഇപ്രകാരം ആരൊരുവൻ എന്നെ പൂജിക്കുന്നുവോ അവന് ദുർല്ലഭമായി യാതൊന്നുമില്ല. അവന്റെ ദേഹം ഒടുങ്ങുമ്പോൾ എന്റെ മോഹന മണിദ്വീപിൽ അവനൊരിടം ഉണ്ടാവും. ആ സാധകൻ ദേവീ സ്വരൂപനാകുന്നു. അവൻ സർവ്വരാലും ആരാധ്യനത്രെ.

ഞാൻ ദേവീപൂജാക്രമം വിശദമായിത്തന്നെ പറഞ്ഞുവല്ലോ . അവ മുറപോലെ ചെയ്ത് നീ കൃതകൃത്യനാവുക. ഈ ശാസ്ത്രം യോഗ്യനായ ഒരാൾക്ക് മാത്രമേ ഉപദേശിക്കാവൂ. ഭക്തിയില്ലാത്ത ദുർബുദ്ധികളോട് ഇതുപദേശിക്കുന്നത് സ്വന്തം മാതാവിന്റെ മാറ് തുറന്നു കാണിക്കുന്നതു പോലെ ഹീനമായ പ്രവൃത്തിയാണ്. ഭക്തിയുള്ള ശിഷ്യൻ, സുശീലൻ, ദേവീ ഭക്തനായ പുത്രൻ എന്നിവരെയാണ് ഇത് പഠിപ്പിക്കേണ്ടത്. ശ്രാദ്ധ കാലത്ത് ബ്രാഹ്മണസമക്ഷം പൂജാക്രമം ചൊല്ലുന്നത് പ്രപിതാക്കൻമാർക്ക് മുക്തിപ്രദമാണ്.'

വ്യാസൻ പറഞ്ഞു. 'ഹിമവാനെയും മറ്റു ദേവന്മാരെയും ഇത്രയും ഉപദേശിച്ചിട്ട് ജഗദംബിക അവിടെ നിന്നും മറഞ്ഞു. ദേവീദര്‍ശനസിദ്ധിയില്‍ ആ ദേവൻമാർ അതീവസന്തുഷ്ടരായിരുന്നു. പിന്നീടു് വാഗ്ദാനം ചെയ്തിരുന്നത് പോലെ ദേവി സ്വയം ഹിമവാന്റെ മകളായി പിറന്നു. ഗൗരിയായ ആ പർവ്വതനന്ദിനി കാലക്രമത്തിൽ ശ്രീ ശങ്കരനെ വിവാഹം കഴിച്ചു. അവർക്ക് സ്കന്ദൻ എന്ന സുബ്രഹ്മണ്യൻ മകനായിപ്പിറന്നു. സ്കന്ദനാണ് താരകാസുരനെ നിഗ്രഹിച്ചത്.

പണ്ടു് പാലാഴി കടയുന്ന നേരത്ത് സമുദ്രത്തിൽ നിന്നും അനേകം രത്നങ്ങൾ ഉണ്ടായി പുറത്തുവന്നു. അപ്പോൾ ദേവൻമാർ ആഗ്രഹിച്ച പ്രകാരം ജഗദംബിക ലക്ഷ്മീദേവിയെ രമാരൂപത്തിൽ പാല്‍ക്കടലില്‍ അവതരിപ്പിച്ചു. ആ രമയെയാണ് വിഷ്ണുവിനു നൽകിയത്. ഗൗരിയുടെയും ലക്ഷ്മിയുടെയും ഉത്ഭവകഥ സർവ്വകാമങ്ങളെയും സാധിപ്പിക്കുന്നു.

ഞാൻ പറഞ്ഞുതന്ന ഈ രഹസ്യ ശാസ്ത്രം ഗോപ്യമായി സൂക്ഷിച്ചാലും. താൽപ്പര്യമില്ലാത്ത അന്യൻമാർക്ക് പറഞ്ഞു കൊടുക്കാനുള്ളതല്ല ഈ ദേവീ ചരിതങ്ങൾ.

രാജാവേ, ഇനിയും എന്നാണറിയാനുള്ളത്?

ദേവീഭാഗവതം ഏഴാം സ്കന്ദം സമാപ്തം

Monday, November 21, 2016

ദിവസം 197 ശ്രീമദ്‌ ദേവീഭാഗവതം. 7- 39. ദ്വിവിധ വൈദികാർച്ചനം

ദിവസം 197 ശ്രീമദ്‌ ദേവീഭാഗവതം. 7- 39. ദ്വിവിധ വൈദികാച്ചനം

ദേവദേവി മഹേശാനി കരുണാസാഗരേംബികേ
ബ്രൂഹി പൂജാവിധിം സമൃഗ് യഥാവദധുനാ നിജം
വക്ഷ്യേം പൂജാവിധിം രാജന്നംബികായാ യഥാ പ്രിയം
അത്യന്ത ശ്രദ്ധയാസാർധം ശൃണു പർവ്വത പുംഗവ


ഹിമാലയൻ ചോദിച്ചു: അമ്മേ, കരുണാസാഗരമേ, എങ്ങിനെയൊക്കെയാണ് അവിടുത്തെ പൂജിക്കേണ്ടത് എന്ന് അമ്മ തന്നെ ഞങ്ങൾക്കു് വഴി പോലെ പറഞ്ഞു തന്നാലും.

ദേവി അരുളി: പർവ്വത രാജാവേ, അംബികയ്ക്ക് പത്ഥ്യമായ പൂജാക്രമങ്ങൾ ഞാൻ വിശദമാക്കാം. ശ്രദ്ധിച്ചു കേട്ടാലും. എനിക്കായി ബാഹ്യപൂജയും ആന്തരപൂജയും ചെയ്യാം. ബാഹ്യപൂജയിൽത്തന്നെ വൈദികം, താന്ത്രികം എന്നിങ്ങിനെ രണ്ടു രീതിയിൽ പൂജകളുണ്ട്. വൈദികപൂജ മൂർത്തിഭേദമനുസരിച്ച് രണ്ടുതരമാണ്. വൈദിക പൂജയ്ക്ക് ദീക്ഷയെടുത്ത് യോഗ്യരായവരാണ് അതിന് അധികാരികൾ. താന്ത്രിക ദീക്ഷയുള്ളവരാണ് തന്ത്രപൂജാധികാരികൾ. പൂജാ രഹസ്യങ്ങൾ മനസ്സിലാക്കാതെ വിരുദ്ധപൂജകളിൽ ഏർപ്പെടുന്നവർ മൂഢൻമാരത്രേ. അവര്‍ക്ക്  അധപതനമാണ് ഫലം.

പർവ്വത രാജാവേ, അങ്ങെന്റെ പരമ രൂപം കണ്ടിട്ടുണ്ടല്ലോ. അതിൽ എണ്ണമറ്റ ശിരസ്സുകളും കൈകാലുകളും ഉണ്ടു്. പരാത്പരവും സർവ്വശക്തിയുതവും ആയ ആ രൂപത്തെ നിത്യവും ധ്യാനിക്കുന്നത് വൈദികപൂജയുടെ ആദ്യപടിയാണ്. ശാന്തനായി, ദംഭാദിദോഷങ്ങൾ ഒഴിഞ്ഞവനായി, സ്ഥിരചിത്തതയോടെ യാഗം, ജപം, ധ്യാനം, ദാനം, തപം, ഭക്തിപ്രഹർഷം എന്നിവയോടെ എന്നിൽ മനസ്സുറപ്പിക്കുക. ഉള്ളിൽ എന്റെ രൂപം സദാ സ്മരിക്കുക. ഇങ്ങിനെ എന്റെ പ്രസാദത്തിനു പാത്രമാവുന്ന സാധകനെ ഞാൻ താമസംവിനാ ഭവസാഗരത്തിൽ നിന്നും കരകയറ്റും. കർമ്മത്തോടെയുള്ള ധ്യാനം, ഭക്തിയോടെയുള്ള ജ്ഞാനം എന്നിവയാൽ മാത്രമേ ഭക്തൻ എന്റെ പ്രീതിക്ക്  യോഗ്യനാവൂ. കേവലം കർമ്മം മാത്രം കൊണ്ട് അതു സാധിക്കുകയില്ല. ധർമ്മം ഭക്തിയുണ്ടാക്കുന്നു. ഭക്തി ജ്ഞാനത്തെയും.

ശ്രുതി സ്മൃതികൾ ധർമ്മത്തെ പ്രതിപാദിക്കുന്നു. എല്ലാ അറിവുകളും എന്നിൽ നിന്നുദിച്ചവയാകയാൽ വേദങ്ങളും ശ്രുതികളും സാധകനു പ്രമാണമാക്കാം. സ്മൃതികളിലും വേദപ്രമാണങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ അവയും സ്വീകാര്യമാണ്. മന്വാദി സ്മൃതികൾക്കും തുല്യ പ്രാമുഖ്യം ഉണ്ടു്. ഇവയിൽ തന്ത്രാർത്ഥങ്ങൾ പറയുന്ന ഭാഗങ്ങൾ വൈദികർ പഠിക്കേണ്ടതില്ല. മറ്റ് ശാസ്ത്രങ്ങൾ ഒന്നും പ്രാമാണികമല്ലതന്നെ. കാരണം അവ രചിച്ചിട്ടുള്ളവർ ഇനിയും അജ്ഞാനനാശം വന്നിട്ടുള്ളവരല്ല.

മോക്ഷകാംഷികൾ വേദത്തെ അലംഘ്യ നിയമങ്ങളായിത്തന്നെ കണക്കാക്കണം. രാജകല്പനകളെപ്പോലെയാണവ. ശ്രുതികളിൽ എന്റെ കല്പനകൾ കാണാം. അവയെ പരിപാലിക്കാനായി ബ്രാഹ്മണ ക്ഷത്രിയ ജാതികളെ ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. എന്നെപ്പറ്റിയുളള ഗൂഢതത്വങ്ങൾ ശ്രുതികളിലുണ്ട്. എപ്പോഴൊക്കെ ധർമമത്തിന് ച്യുതിയുണ്ടാവുന്നുവോ അപ്പോഴെല്ലാം ഞാനവതരിച്ച് ധർമമ സംസ്ഥാപനം ചെയ്യും. അതിനായി ഞാൻ ദേഹവുമെടുക്കും. അങ്ങിനെയാണ് ദേവൻമാരും ദൈത്യൻമാരും ഉണ്ടാവുന്നത്.

ധർമ്മം വെടിഞ്ഞ് ജീവിക്കുന്നവർക്ക് അതിഭീകര നരകങ്ങൾ ഞാനുണ്ടാക്കുന്നു. അന്യധർമ്മം അനുഷ്ഠിക്കുന്നവരെ നാടുകടത്താൻ രാജാവിന് അധികാരമുണ്ട് അതുപോലെയാണ് ആ നരകങ്ങളില്‍ ചിലര്‍  ചെന്ന് ചേരാനിടയാകുന്നത്. ശ്രുതിസ്മൃതി വിരുദ്ധങ്ങളായ അനേകം ചിന്താപദ്ധതികൾ ശാസ്ത്രങ്ങളാണെന്ന മട്ടിൽ പ്രചരിച്ചുവരുന്നുണ്ടല്ലോ. അവയെല്ലാം താമസങ്ങളാണെന്ന് മനസ്സിലാക്കുക. സാധകര്‍ അവയെ ആചരിക്കുന്നരുമായി സംഗമരുത്.

വാമം, കൗളകം, കാപാലികം, ഭൈരവാഗമം, മുതലായ സിദ്ധാന്തങ്ങള്‍ പരമശിവ നിർമ്മിതങ്ങൾ ആണെങ്കിലും അവ സാധകനെ മോഹിപ്പിക്കാൻ ഉണ്ടാക്കിയവയാണ്. പാപികൾക്ക് വേദ ധർമ്മാചരണം കൊണ്ടു് സദ്ഗതി ലഭിച്ചേക്കാം എന്ന ഫലേച്ഛയാൽ പ്രചോദിതരായി തന്ത്ര ഗ്രന്ഥങ്ങൾ ഉപയോഗിച്ചാണ് ഈ മാർഗ്ഗങ്ങളിൽ ഒരുവൻ ആകൃഷ്ടനാവുന്നത്.

ദക്ഷശാപം, ഭൃഗുശാപം, ദധീചിശാപം, മുതലായവയാൽ ഭൃഷ്ടരാക്കപ്പെട്ട ബ്രാഹ്മണർക്കായി ശൈവം, വൈഷ്ണവം, സൗരം, ശാക്തം, ഗാണപത്യം എന്നിങ്ങിനെയുള്ള ആഗമങ്ങൾ പരമശിവൻ സ്വയം നിർമ്മിച്ചവയാണ്. പൊതുവേ അവയൊന്നും വേദ വിരുദ്ധങ്ങളല്ല. വൈദികർക്ക് അവ നിഷിദ്ധവുമല്ല. വേദവിരുദ്ധമായ ഒന്നും ബ്രാഹ്മണർ സ്വീകരിക്കരുത്. വേദാധികാരിയല്ലെങ്കിൽ ഒരുവന്‍ ചിലപ്പോള്‍ വേദവിരുദ്ധമായവയും സ്വീകരിച്ചുവന്നിരിക്കും.

വൈദികൻ എപ്പോഴും വേദത്തെ മാത്രം സമാശ്രയിക്കണം. ധർമ്മത്തോടു കൂടിയ ജ്ഞാനമാണ് ബ്രഹ്മപ്രകാശകം. എല്ലാ ആശകളും ഉപേക്ഷിച്ച് സകല ചരാചരങ്ങളോടും കനിവോടെ, മദദംഭാദികൾ ഇല്ലാതെ, ഏക ചിത്തരായി, എന്നെത്തന്നെ ശരണം പ്രാപിച്ച്, എന്റെ തീർത്ഥ സ്ഥാനങ്ങളെപ്പറ്റി പറയുകയും എന്റെ ഗുണകീർത്തനം ആലപിക്കുകയും ചെയ്യുന്ന സാധകൻ, എന്റെ വിരാട് രൂപത്തെയാണ് ഉപാസിക്കുന്നത്. ബ്രഹ്മചാരിയോ സന്യാസിയോ വാനപ്രസ്ഥനോ ആയ സാധകൻ സദാ എന്നെത്തന്നെ സ്മരിച്ചു കൊണ്ടിരിക്കുന്നതിനാൽ അവരിലെ അജ്ഞാനതമസ്സിനെ ജ്ഞാനസൂര്യപ്രകാശകിരണങ്ങളാൽ ക്ഷണത്തിൽ ഞാൻ നശിപ്പിക്കുന്നതാണ്.

ഇതു വരെ പറഞ്ഞു തന്നത് വൈദികമായ പൂജകളെക്കുറിച്ചാണ്. ഇനി താന്ത്രികമായ പൂജകളെപ്പറ്റി പറയാം. ശുദ്ധി വരുത്തി പവിത്രമാക്കിയ സ്ഥണ്ഡിലത്തിലോ ഒരു മൂർത്തിയിലോ സൂര്യചന്ദ്രാദികളിലോ ജലത്തിലോ ബാണലിംഗത്തിലോ വസ്ത്രത്തിലോ യന്ത്രത്തിലോ ഹൃദയത്തിലോ ജഗദംബയെ പൂജിക്കാം. സഗുണയും കരുണാ പൂർണ്ണയും അരുണവർണ്ണത്തിൽ സർവ്വാംഗ സുന്ദരിയുമായ അമ്മ ശൃംഗാരസാരസർവ്വസ്വയത്രേ. പ്രസന്നമുഖിയും ഭക്തൻമാരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഉത്സുകയുമായ അമ്മയുടെ മുടിക്കെട്ടിൽ തിളക്കമാർന്ന ചന്ദ്രന്റെ ഒരു കീറ് അലങ്കാരമായിരിക്കുന്നു. പാശം, അങ്കുശം, വരം, അഭയം, ഭീതി എന്നിവയെ ധരിച്ചു വിളങ്ങുന്ന ദേവിയെ അവനവന്റെ കഴിവുകൾക്ക് അനുസരിച്ച് ലോഭം കൂടാതെ പൂജിക്കണം. ആന്തരപൂജാധികാരം സ്വയമേവ ആർജിക്കുന്നതു വരെ ബാഹ്യപൂജയ്ക്ക് മുടക്കമരുത്. ഒരിക്കൽ ആഭ്യന്തരപൂജ തുടങ്ങാനായാൽ പിന്നെ ബാഹ്യപൂജ ആവശ്യമില്ല. കാരണം ആഭ്യന്തരപൂജ കൊണ്ട് സംവിത്തിൽ ലയമുണ്ടായിക്കഴിഞ്ഞു. ഉപാധിരഹിതമായ സംവിത്ത് അപരിമേയവും സർവ്വശ്രേഷ്ഠവുമത്രേ.

സംവിത്തിൽ നിന്നും ഭിന്നമായി കാണപ്പെടുന്നതെല്ലാം മിഥ്യയാണ്. വെറും മായ മാത്രമാണവ. സംസാരദുഖശമനത്തിനായി ദേവിയെ നിർവ്വികല്പമായ മനസ്സോടെ ധ്യാനിക്കുക. ഭക്തി നിറഞ്ഞ മനസ്സോടെ ജഗദംബികയെ സാക്ഷാത്കരിക്കുക.

ഇനി ബാഹ്യപൂജാവിധികൾ പറഞ്ഞു തരാം .

Thursday, November 17, 2016

ദിവസം 196 ശ്രീമദ്‌ ദേവീഭാഗവതം. 7- 38. ദേവീസ്ഥാനവ്രതകഥനം

ദിവസം 196 ശ്രീമദ്‌ ദേവീഭാഗവതം. 7- 38. ദേവീസ്ഥാനവ്രതകഥനം

കതി സ്ഥാനാനി ദേവേശി ദ്രഷ്ടവ്യാനി മഹീതലേ
മുഖ്യാനി ച പവിത്രാണി ദേവീപ്രിയതമാനി ച
വ്രതാന്യപി തഥാ യാനി തുഷ്ടി ദാന്യുത്സവാ അപി
തത്സർവ്വം വദ മേ മാത: കൃതകൃത്യോ യതോ നര
:


ഹിമാലയൻ ചോദിച്ചു. ‘അമ്മേ, ദേവേശീ, ഒരു സാധകൻ ഈ ഭൂമിയിൽ അമ്മയ്ക്ക് പ്രിയതരമായ ഏതെല്ലാം പുണ്യസ്ഥലങ്ങൾ ദർശിക്കണം? അതുപോലെ അയാൾ അനുഷ്ഠിക്കേണ്ട വ്രതങ്ങൾ ഏതെല്ലാമാണ്? അയാള്‍ ആഘോഷിക്കേണ്ട ഉത്സവങ്ങൾ ഏതൊക്കെയാണ്? അമ്മേ, ഞങ്ങൾക്ക് ഇതെല്ലാം കേട്ട് കൃതകൃത്യത ഉണ്ടാകട്ടെ.’

ദേവി അരുളിച്ചെയ്തു: ‘കണ്ണുകള്‍ക്ക് കാണാവുന്നതെന്തും എന്റെ ആവാസസ്ഥാനങ്ങളാണ്. ഏതു കാലവും വ്രതപരിപാലനത്തിന് ഉചിതം തന്നെ. ഉത്സവങ്ങൾ നടത്താനും എല്ലാ കാലവും നന്ന്. ഞാൻ സർവ്വരൂപിണിയാണെന്ന് മനസ്സിലാക്കിയാലും. എങ്കിലും ഭക്തവാത്സല്യം ഉള്ളതിനാൽ നിങ്ങൾക്കു വേണ്ടി ഞാൻ ചിലത് പറഞ്ഞു തരാം.

നാഗരാജാവേ, മഹാലക്ഷ്മി വാഴുന്ന കോലാപുരം എന്റെ പ്രധാനപ്പെട്ട ആസ്ഥാനമാണ്. പിന്നെ മാതൃകാപുരം. അവിടെ രേണുകാദേവിയാണ് ഞാന്‍. തുലജാപുരത്ത് പിംഗളാദേവി. സപ്ത ശൃംഗത്ത് ജ്വാലാമുഖി. പിന്നെ ശ്രേഷ്ഠമായ ശാകംഭരീ സ്ഥാനം, ഭ്രാമരീ പൂരം, ശ്രീ രക്തദന്തികാ സ്ഥാനം, ദുർഗ്ഗാ സ്ഥാനം, വിന്ധ്യാചലനിവാസീ സ്ഥാനം, അന്നപൂർണ്ണ മഹാസ്ഥാനം , കാഞ്ചീപുരമെന്ന ഉത്തമ സ്ഥാനം, ഭീമാദേവീ സ്ഥാനം, വിമലാദേവീ സ്ഥാനം, ശ്രീ ചന്ദ്രലാദേവീ സ്ഥാനം, കൗശികീ സ്ഥാനം, നീലാംബാ സ്ഥാനം, ജംബുനദേശ്വരീ സ്ഥാനം, ശ്രീനഗരം, നേപാളിലെ ഗുഹ്യകാളി മഹാസ്ഥാനം, ചിദംബരത്തിലെ മീനാക്ഷീദേവിയുടെ ആസ്ഥാനം, സുന്ദരീദേവിയുടെ ആസ്ഥാനമായ വേദാരണ്യം, പരാശക്തിയുടെ ഏകാംബരം, യോഗേശ്വരിയുടെ മദാലസാ സ്ഥാനം, ചീനയിലെ നീലസരസ്വതീ സ്ഥാനം, വൈദ്യനാഥത്തിലെ ബഗളാ സ്ഥാനം, ശ്രീ ഭുവനേശ്വരിയുടെ സുശോഭന സ്ഥാനമായ മണിദ്വീപം, എന്നിവയെല്ലാം എന്റെ വാസസ്ഥലങ്ങളാണ്.

ത്രിപുരഭൈരവിയുടെ കാമാഖ്യായോനിമണ്ഡല സ്ഥാനത്ത് ദേവി മാസം തോറും രജസ്വലയാകുന്നു. ഇതിനേക്കാൾ ഉൽകൃഷ്ടമായ മറ്റൊരിടവും ഭൂമിയിൽ ഇല്ലതന്നെ. ഇവിടുത്തെ ദേവതമാർ പർവ്വതങ്ങളായി നിലകൊള്ളുന്നു. ഇവിടുത്തെ ഭൂമി മുഴുവൻ ദേവിയുടെ രൂപമാണെന്ന് വിദ്വാന്മാർ പറയുന്നു. ഇത്രയധികം പരിപാവനമായ മറ്റൊരിടം ഇല്ല.

ഗായത്രീദേവിയുടെ ശ്രേഷ്ഠമായ ആസ്ഥാനം പുഷ്കരം. അമരേശത്ത് ചണ്ഡിക, പ്രഭാസത്തിൽ പുഷ്കരേക്ഷിണി. നൈമിശത്ത് ലിംഗധാരിണീദേവി, ആഷാഢിയിൽ രതീദേവി, പുഷ്ക്കരാക്ഷത്തിൽ പുരൂഹത, ചണ്ഡമുണ്ഡീ മഹാസ്ഥാനത്ത് ദണ്ഡിനീദേവി, ഭാരഭൂതിയിൽ ഭൂതിദേവി, നാകുലത്ത് നകുലേശ്വരി. ഹരിശ്ചന്ദ്രത്തിൽ ചന്ദ്രിക, ശ്രീഗിരിയിൽ ശാങ്കരി, ജപ്യേശ്വരത്തിൽ ത്രിശൂല, ആമ്രാതകേശ്വരത്തിൽ സൂക്ഷ്മ, മഹാകാളത്തിൽ ശാങ്കരി, മധ്യമേശ്വരത്ത് ശർവപത്നി, കേദാരത്ത് മാർഗ്ഗദായിനി. ഗയയിൽ മംഗളാദേവി, ഭൈരവാഖ്യത്തിൽ ഭൈരവി, കുരുക്ഷേത്രത്തിൽ സ്ഥാണുപ്രിയ, നാകുലത്തിൽ സ്വായംഭുവി, കനഖലത്തിൽ ഉഗ്ര, വിമലേശ്വരത്ത് വിശ്വേശി, അട്ടഹാസത്തിൽ മഹാനദ, മഹേന്ദ്രത്തിൽ മഹാന്തക, ഭീമത്തിൽ ഭീമേശ്വരി, വസ്ത്രാപഥത്തിൽ ഭവാനി, അർധകോടിയിൽ രുദ്രാണി, അവിമുക്തയിൽ വിശാലാക്ഷി, മഹാലയത്തിൽ മഹാഭാഗ, ഗോകർണ്ണത്തിൽ ഭദ്രകർണ്ണി, ഭദ്രകർണ്ണികയിൽ ഭദ്ര, സുവർണ്ണാക്ഷത്തിൽ ഉൽപ്പലാക്ഷ, സ്ഥാണുവിൽ സ്ഥാണുനാഥ, കമലാലയത്തിൽ കമല, ഛഗലണ്ഡത്തിൽ പ്രചണ്ഡ, കുണ്ഡലത്തിൽ ത്രിസന്ധ്യ, മാകോടത്തിൽ മുകുടേശ്വരി, മണ്ഡലേശത്ത് ശാണ്ഡകി, കാലഞ്ജരത്തിൽ കാളി, ശങ്കുകർണ്ണത്തിൽ ധ്വനി, സ്ഥൂലകേശത്തിൽ സ്ഥൂല, പിന്നെ ജ്ഞാനികളുടെ ചിത്തത്തിൽ ഞാന്‍ ഹൃല്ലേഖ.

ഇപ്പറഞ്ഞ ആസ്ഥാനങ്ങൾ ക്രമമനുസരിച്ച് ദേവീപൂജയ്ക്കായി തിരഞ്ഞെടുക്കാം. പോരെങ്കിൽ കാശിയിൽത്തന്നെ എല്ലാ ക്ഷേത്രങ്ങളും ഉണ്ടു്. ദേവീഭക്തിയോടെ അവിടെ വസിച്ച് ഓരോരോ ദേവീസ്ഥാനങ്ങൾ സന്ദർശിച്ച് ദേവിയുടെ നാമങ്ങൾ ജപിച്ച്, ദേവിയുടെ രൂപം പൂജിച്ച്, സാധകന് സംസാരബന്ധനത്തിൽ നിന്നും മുക്തനാകാം.

പ്രഭാതത്തിൽ ദേവീനാമങ്ങൾ ചൊല്ലുന്നവന്റെ പാപങ്ങൾ ഇല്ലാതാവുന്നു. പിതാക്കൾക്ക് ശ്രാദ്ധമൂട്ടുന്ന വേളയിൽ ദേവിയുടെ നാമം ജപിക്കുന്നത് പ്രപിതാക്കളുടെ മുക്തിക്ക് കാരണമാകുന്നു.

ഇനി സ്ത്രീപുരുഷൻമാർ അനുഷ്ഠിക്കേണ്ട വ്രതങ്ങൾ ഏതെല്ലാമാണെന്നു പറയാം. അനന്തതൃതീയ വ്രതം, രസകല്യാണിനീ വ്രതം, ആർദ്രാനന്ദകര വ്രതം, വെള്ളിയാഴ്ച വ്രതം, കൃഷ്ണചദ്ദുർശീ വ്രതം, ചൊവ്വാഴ്ച വ്രതം, പ്രദോഷവ്രതം, എന്നിവയെല്ലാം സാധകര്‍ ആചരിക്കേണ്ടവയാണ്.

മഹാദേവൻ പ്രദോഷദിനത്തിൽ ദേവിയെ പീഠത്തിൽ കൂടിയിരുത്തിയ ശേഷം മറ്റു ദേവന്‍മാരുമൊത്ത് നൃത്തം ചെയ്യുന്നു. അന്ന് സാധകന്‍ പകലുപവാസം ചെയ്യണം. പ്രദോഷത്തിൽ ശിവപൂജയും വേണം. തിങ്കളാഴ്ച വ്രതവും എനിക്ക് പ്രിയമാണ്. അന്ന് ദേവീപൂജയിൽ ദിനം മുഴുവൻ ചിലവഴിച്ച ശേഷം രാത്രി ഒരു നേരം മാത്രം ഭക്ഷണം കഴിക്കാം. പിന്നീടു് എനിക്ക് പ്രിയമുള്ളത് ശരത്തിലും വസന്തത്തിലും ഉള്ള രണ്ടു നവരാത്രികളാണ്. ഇവയെക്കൂടാതെ നിത്യം ചെയ്യേണ്ടതായ മറ്റ് വ്രതങ്ങളുമുണ്ട്. എന്നിൽ സായൂജ്യമടയുന്ന ഭക്തൻ ദോളോത്സവം, ശയനോത്സവം, ജാഗരണോത്സവം, രഥോത്സവം, ദമനോത്സവം, പവിത്രോത്സവം എന്നിവയെല്ലാം യഥാവിധി നടത്താൻ ശ്രദ്ധാലുവായിരിക്കും.

സുവാസിനികളെയും എന്റെ ഭക്തൻമാരെയും സന്യാസിമാരെയും, കുമാരികളെയും അവരിലെല്ലാം എന്നെക്കണ്ട് ശ്രദ്ധാഭക്തിയോടെ പൂജിക്കുക. ലോഭം കൂടാതെ, അവനവന്‍റെ കഴിവനുസരിച്ച് പൂക്കൾ അർപ്പിച്ച് എനിക്കായി പൂജകള്‍ ചെയ്യുക. വർഷം തോറും ഇത്തരം പൂജകൾ മുടക്കം കൂടാതെ ചെയ്യുന്നവൻ എന്റെ പ്രീതിക്ക് പാത്രമാവുന്നു.

എന്നെ പ്രീതിപ്പെടുത്തുവാൻ ഒരു സാധകൻ എന്തെല്ലാം ചെയ്യണമെന്ന് ഞാനിപ്പോള്‍ പറഞ്ഞു തന്നുവല്ലോ. എന്നാലിത് ഭക്തിയില്ലാത്തവന് ഉപദേശിക്കരുത്. ഇവയൊന്നും അനവസരത്തിൽ വെറുതെ പറയുവാനുള്ളതല്ല.

Wednesday, November 16, 2016

ദിവസം 195 ശ്രീമദ്‌ ദേവീഭാഗവതം. 7-37. ഭക്തി മാഹാത്മ്യം

ദിവസം 195 ശ്രീമദ്‌ ദേവീഭാഗവതം. 7-37. ഭക്തി മാഹാത്മ്യം

സ്വീയാം ഭക്തം വദസ്വാംബ യേ ന ജ്ഞാനം സുഖേന ഹി
ജായേത മനുജസ്യാസ്യ മധ്യമസ്യാ വിരാഗിണ:
മാർഗ്ഗാ സ്ത്രയോ മേ വിഖ്യാതാ മോക്ഷപ്രാപ്തൗ നഗാധിപ
കർമ്മയോഗോ ജ്ഞാനയോഗോ ഭക്തിയോഗശ്ച സത്തമ


ഹിമാലയൻ പറഞ്ഞു. 'അമ്മേ ഇപ്പറഞ്ഞ യോഗമാർഗ്ഗം വിരക്തിയെത്താത്ത മദ്ധ്യമാധികാരിയായ ഒരു സാധകന് എങ്ങിനെയാണ് ആചരിക്കാൻ സാധിക്കുക? അതിനുള്ള എളുപ്പമാർഗ്ഗം കൂടി ഞങ്ങൾക്ക് ഉപദേശിച്ചു തരണം.'

ശ്രീദേവി ഇങ്ങിനെ അരുളി. 'നഗാധിപാ, മോക്ഷ സിദ്ധിക്ക് പ്രധാനമായും മൂന്നാണ് ഉപായങ്ങൾ. കർമ്മം, ജ്ഞാനം, ഭക്തി എന്നിവയാണവ. അതിൽ അയത്നമെന്നു പറയാവുന്നത് ഭക്തിയോഗമാണ്. അതിൽ ശരീരത്തെയോ മനസ്സിനെയോ വല്ലാതെ കഷ്ടപ്പെടുത്തേണ്ടതില്ല. ഇപ്പറഞ്ഞ ഭക്തിസാധനയും മനുഷ്യന്റെ ഗുണഭേദങ്ങൾ അനുസരിച്ച് മൂന്നു വിധത്തിലാണ് ഉള്ളത് . അന്യനെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തിൽ അഹങ്കാരത്തോടെ മത്സരബുദ്ധിയിൽ ചെയ്യുന്ന ഭക്തി സാധന, താമസമാണ്. പരപീഡയില്ലെങ്കിലും തനിക്ക് യശസ്സും പ്രതിഫലവും ലഭിക്കാനായി ചെയ്യുന്ന ഭക്തി, രാജസമാണ്. ഇതിൽ ഭക്തൻ അവനെ എന്നിൽ നിന്നും വേറിട്ട ഒരു സത്തയായി കാണുന്നു. ഭോഗലോലുപത്വം, പ്രത്യാശ എന്നിവയാണ് രാജ്യസഭക്തന്റെ സ്വഭാവം. ഭേദബുദ്ധിയോടെ ചെയ്യുന്ന ഈ ഭക്തിസാധന അജ്ഞാന ജന്യമത്രെ. ഈശ്വരാർപ്പണഭാവത്തോടെ തന്റെ പാപങ്ങൾ കഴുകിക്കളയാൻ നിത്യവും സാധനകൾ അനുഷ്ഠിക്കണം എന്നുറച്ച് അതിനായി പ്രയത്നിക്കുന്നവന്റെ ഭക്തി സാത്വികമാണ്. അവൻ എന്നെ പ്രീതിപ്പെടുത്താനാണ് സാധന ചെയ്യുന്നത്. സാത്വികഭക്തികൊണ്ട് പരാഭക്തിയില്‍ എത്താന്‍ സാധിക്കും. എന്നാൽ താമസഭക്തിയും രാജ്യസഭക്തിയും മനുഷ്യനെ പരാഭക്തിയിലേക്ക് നയിക്കുകയില്ല. സാധകൻ ഇവയെ തീര്‍ച്ചയായും വർജിക്കണം.

പരാഭക്തിയുടെ പ്രത്യേകതകൾ ഇനിപ്പറയാം. നിത്യവും എന്റെ ഗുണഗണങ്ങളും കീർത്തനങ്ങളും കേൾക്കുക, എന്റെ നാമം പ്രകീർത്തിക്കുക, അവയെ സദാ ഉള്ളിൽ ഇടമുറിയാതെ എണ്ണയൊഴുകുന്നത് പോലുള്ള ഋജുധാരയായി നിലനിർത്തുക, ഫലപ്രതീക്ഷ കൂടാതെ, എന്നെ സംപ്രീതയാക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പരമപ്രേമത്തിൽ നിമഗ്നമാക്കി മനസ്സർപ്പിക്കുക, എന്നിവയെല്ലാം പരാഭക്തി ലക്ഷണങ്ങളാണ്. എന്നെ സേവിക്കുക എന്ന ഏക ലക്ഷ്യം മാത്രമുള്ള സാധകമനസ്സ്, സാമീപ്യം, സാരൂപ്യം, സായൂജ്യം, എന്നിവയെപ്പോലും ലക്ഷ്യമാക്കാതെ സേവ്യ-സേവക ഭാവത്തിൽ അഭിരമിക്കുന്നു. സദാ ഉൻമേക്ഷത്താടെ സച്ചിദാനന്ദസ്വരൂപഭാവനയില്‍ എന്നെത്തന്നെ ധ്യാനിക്കുക. 'ഞാൻ, താൻ' എന്ന ഭേദഭാവം ഉള്ളിൽ നിന്നും തീർത്തും ഒഴിവാക്കി സർവ്വജീവജാലങ്ങളെയും എന്റെ രൂപത്തിൽ മാത്രം കാണുക. അവയിലെല്ലാം സ്പന്ദിക്കുന്ന ചൈതന്യസ്ഫുരണം അഭേദമാണെന്ന് കണ്ട് എല്ലാത്തിലും വർത്തിക്കുന്നത് ഞാൻ മാത്രമാണെന്ന് അറിയുക. തന്നോടുള്ള സ്വയമുള്ള പ്രീതിഭാവം മറ്റുള്ള ജീവജാലങ്ങളോടും അനുവർത്തിക്കുക.

എല്ലാവരിലും എന്റെ ചൈതന്യം ദർശിച്ച് ഏതു ചണ്ഡാളനെയും അഭേദഭാവേന നമസ്കരിക്കാൻ സഹജമായി തോന്നുക. എന്റെ ചരിതം കേൾക്കാൻ ഉത്സാഹമുണ്ടാവുക, എന്റെ ഭക്തരുമായുള്ള സത്സംഗത്തിൽ അഭിരുചിയുണ്ടാവുക, ഭക്തി വർദ്ധിച്ച് രോമാഞ്ചമുണ്ടാവുക, കണ്ണിൽ ആനന്ദാശ്രു താനേ വഴിയുക, എന്നിവയെല്ലാം പരാഭക്തി ലക്ഷണങ്ങളാണ്.

എന്റെ പൂജകളെ വിത്തശാഠ്യം കൂടാതെ സഹജമായ ശ്രദ്ധയോടെ അനുഷ്ഠിക്കുകയും എന്റെ ഉത്സവങ്ങൾ കൊണ്ടാടാൻ സഹജമായ താൽപര്യം സദാ ഉണ്ടാവുകയും ദേഹതാദാത്മ്യം കൂടാതെ ഉറക്കെ നാമം ജപിച്ച് നൃത്തം ചെയ്യുകയും, ദേഹരക്ഷയിലും പ്രാരാബ്ധങ്ങളിലും ചിന്തകൾ കുടുങ്ങി നില്‍ക്കാതെ കഴിയുകയും ചെയ്യുന്നത് പരാഭക്തി ലക്ഷണമാണ്. 'ദേവിയല്ലാതൊരു വസ്തുവില്ലെങ്ങും എവിടെയും എക്കാലത്തും' എന്ന അറിവ് ഉണര്‍വ്വായി ആ സാധകനില്‍ ഉറച്ചിരിക്കുന്നു.

പരാഭക്തിയിൽ വിലയിച്ചവൻ എന്റെ ചിന്മാത്രമായ മായാരൂപത്തിൽ വിലയിക്കുക തന്നെ ചെയ്യും. ഭക്തിയുടെ പാരമ്യംതന്നെയാണ് ജ്ഞാനം. അതു തന്നെ വൈരാഗ്യസീമയും. രണ്ടും ജ്ഞാനസിദ്ധിക്ക് നിദാനമാവുന്നു. ചിലർക്ക് പ്രാരാബ്ധത്തിന്റെ ആധിക്യത്താൽ ജ്ഞാനം സിദ്ധമായില്ല എങ്കിൽക്കൂടി അവരും ഭക്തിയൊന്നിനാൽത്തന്നെ ഞാൻ വാഴുന്ന മണിദ്വീപിൽ എത്തിച്ചേരും. മണിദ്വീപിൽ എത്തിയാൽ ഭോഗേച്ഛയില്ലെങ്കിലും സാധകന് ഭോഗസുഖം അനുഭവവേദ്യമാവും. അവനിൽ ചിദ്രൂപ ജ്ഞാനവും ഉണ്ടാവും.

ജ്ഞാനം കൂടാതെ മുക്തിയില്ല. ആർക്കാണോ ഈ ജന്മത്തിൽ ഇവിടെ വച്ചുതന്നെ ജ്ഞാനോദയം ഉണ്ടാവുന്നത്, അവന് മരണമില്ല. സ്വഹൃദ്ഗതനാണ് പ്രത്യഗാത്മാവ് എന്ന അറിവിന്റെ ഉണർവ്വാണ് എന്റെ സംവിത് രൂപജ്ഞാനം. 'ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മം തന്നെയാകുന്നു'.

കഴുത്തിലണിഞ്ഞ മാലയെ നാം ആഭരണമെന്നു കണക്കാക്കുന്നു. എന്നാലതിന്റെ യഥാർത്ഥ സത്ത സ്വർണ്ണം മാത്രമാണ്.

ജ്ഞാനമുദിക്കുമ്പോൾ അജ്ഞാനത്തിന്റെ ഇരുളകലുന്നു. അങ്ങിനെ നാമരൂപങ്ങൾക്കപ്പുറമുള്ള സത്ത വെളിവാകുന്നു. അങ്ങിനെ സാധകന് എല്ലാറ്റിനും കാരണമായ എന്നെ കാണാകുന്നു. കാണപ്പെടുന്ന വസ്തുവിനും കാണപ്പെടാത്ത കാരണത്തിനും അപ്പുറമാണ് എന്റെ സത്ത. നിഴലും വെയിലും പോലെ ഇടയ്ക്ക് മറഞ്ഞും ഇടക്ക് തെളിഞ്ഞും പിതൃലോകത്ത് ജലത്തിലെ പ്രതിബിംബം പോലെയും, ദേഹത്ത് കണ്ണാടിയിൽ കാണുന്ന നിഴൽ പോലെയും ഞാനിരിക്കുന്നു. എന്റെ മണിദ്വീപിൽ ദ്വൈതഭാവമില്ലാത്ത, ശുദ്ധജ്ഞാനം മാത്രമേയുള്ളു.

വൈരാഗ്യം മൂർച്ഛിച്ച ഒരാൾ ജ്ഞാനസിദ്ധിയിൽ എത്താതെ അന്തരിച്ചാൽ അവൻ ഒരു കല്പകാലം ബ്രഹ്മലോകത്ത് വസിച്ച ശേഷം ഒരു ഐശ്വര്യ സമ്പന്നമായ അന്തരീക്ഷത്തിൽ ശ്രീമാൻമാരുടെ കുലത്തിൽ സജ്ജനങ്ങളായ മാതാപിതാക്കളുടെ സന്താനമായി ജന്മമെടുക്കും. അവിടെ സാധനകൾ അനുഷ്ഠിക്കാൻ അവന് അവസരമുണ്ടാകും. അങ്ങിനെയവൻ ഒടുവില്‍ സഹജമായും ജ്ഞാനമാർഗ്ഗത്തിൽ എത്തിച്ചേരും.

ഹിമവാനേ, ഈ ജ്ഞാനസിദ്ധിക്ക് അനേകം ജന്മങ്ങൾ വേണ്ടിവന്നേക്കാം. അതിനാൽ കിട്ടിയ ജന്മത്തിൽത്തന്നെ താമസം വിനാ ജ്ഞാനസമ്പാദനത്തിനായി ഒരുവന്‍ പരിശ്രമിക്കണം. മനുഷ്യജന്മം ദുർലഭമാണ്. അതിൽ ബ്രാഹ്മണജന്മം അതീവ ദുർലഭം. അവരിലും വേദപഠനഭാഗ്യം ചുരുക്കം ചിലർക്കേ ഉണ്ടാവൂ.

ശമദമാദികൾ പരിശീലിക്കുക, യോഗസിദ്ധി കൈവരിക. ഉത്തമനായ ഗുരുവിനെ കിട്ടുക, ഇന്ദ്രിയങ്ങൾ നിപുണതയാർന്നതാവുക, ശരീരസംസ്കാരവും മോക്ഷേച്ഛയും ഉണ്ടാവുക, എന്നതെല്ലാം അനേക ജന്മങ്ങളിലെ പുണ്യം കൊണ്ടേ സിദ്ധിക്കൂ. ഇങ്ങിനെ അതീവ ദുർലഭമായ ജന്മം ഉണ്ടായിട്ടും ജ്ഞാനമാർജിക്കാൻ ശ്രമിക്കാത്തവന്റെ ജന്മം വിഫലമത്രേ! ഒരോ ചുവടുവെപ്പിലും ജ്ഞാനസമ്പാദനം ലക്ഷ്യമാക്കണം. പാലിൽ വെണ്ണ പോലെ ഗൂഢമായിരിക്കുന്ന വിജ്ഞാനത്തെ മനസ്സാകുന്ന കടകോൽ കൊണ്ട് കടഞ്ഞ് എടുക്കണം. അതിന് നിസ്തന്ദ്രമായ പരിശ്രമം അനിവാര്യമാണ്. വേദാന്തം ഉദ്ഘോഷിക്കുന്നത് ജ്ഞാനലബ്ധികൊണ്ടു് കൃതാർത്ഥനാവാം എന്നാണ്.

ഭക്തിയുടെ മാഹാത്മ്യം ഞാൻ വിശദമാക്കി. ഗിരിശ്രേഷ്ഠാ, ഇനിയും എന്നാണ് അങ്ങേയ്ക്ക് അറിയാനുള്ളത്?'

Tuesday, November 15, 2016

ദിവസം 194 ശ്രീമദ്‌ ദേവീഭാഗവതം. 7-36. ബ്രഹ്മ രൂപ വർണ്ണനം

ദിവസം 194 ശ്രീമദ്‌ ദേവീഭാഗവതം. 7-36. ബ്രഹ്മ രൂപ വർണ്ണനം

ഇത്യാദി യോഗ യുക്താത്മാ ധ്യായേന്മാം ബ്രഹ്മരൂപിണീം
ഭക്ത്യാ നിർവ്യാജയാ രാജന്നാസനേ സമുപസ്ഥിത:
ആവി: സന്നിഹിതം ഗുഹ്യചരം നാമ മഹത് പദം
അത്രൈതത് സർവ്വമർപ്പിത മേജത് പ്രാണമിഷച്ച യത്


എന്നെ അറിയുന്നവന്റെ ഒരു പൂജാ പദ്ധതി മറ്റുള്ള ഒരു കോടി പൂജകൾക്ക് സമമാണ്. അങ്ങിനെയുള്ള സാധകനും പൂജാർഹനാണ്. അവനെ പ്രസവിച്ച അമ്മ കൃതാർത്ഥയാണ്. അവൻ വാഴുന്നിടം പുണ്യഭൂമിയാണ്.

ഇങ്ങിനെയുളള യോഗാഭ്യാസങ്ങൾ ചെയ്തുകൊണ്ടു് എന്നെത്തന്നെ പരബ്രഹ്മമാണെന്ന് അറിഞ്ഞ് നിർവ്യാജ ഭക്തിയോടെ സദാ ധ്യാനിക്കുക. ബ്രഹ്മസ്വരൂപിണിയെന്നാൽ സർവ്വവ്യാപിയാണ്. എങ്കിലും ബുദ്ധിഗുഹയിലാണ് അതിന്റെ സ്ഥാനം. സ്വപ്രകാശത്താൽ പ്രോജ്വലിച്ചു നിലകൊള്ളുന്ന ആ പരമപദം മാമുനിമാർക്കു മാത്രം പ്രാപ്യമത്രെ. ബ്രഹ്മപദം അരികെയാണ്. സ്വഹൃദയത്തിലാണത് കുടികൊള്ളുന്നത്. സമസ്ത ചരാചരങ്ങളും അതിൽ കൽപ്പിതമായിരിക്കുന്നു.

എന്റെയീ രൂപം ബ്രഹ്മം തന്നെയാണ്. മായയെയും ജഗത്തിനെയും അധികരിച്ചുള്ള സദസദ് വരേണ്യമായ സത്തയാണത്. ജ്ഞാനത്തിൽ ഏറ്റവും ഉത്തമമായത് ഇതത്രേ. അണുക്കളിൽ വച്ച് അണുവും എന്നാൽ ശ്രേഷ്ഠതയിൽ അത്യുത്തമവും സൂര്യാദി തേജോഗോളങ്ങളേക്കാൾ തേജോമയവും ആണത്. സാമാന്യ ബുദ്ധിക്ക് അത് വിഷയമേയല്ല. എന്നാല്‍ സകല ചരാചരങ്ങളും ഇതിലാണsങ്ങുന്നത്.

അക്ഷരമായ ഈ രൂപത്തെയും, പ്രാണൻ, വാക്ക്, മനസ്സ്, എന്നിവയെയും 'ഇത് സത്യം, ഇത് അമൃതം' എന്നിങ്ങിനെ വ്യതിരിക്തമായി തിരിച്ചറിയണം. ബ്രഹ്മലക്ഷ്യത്തെ വേധിക്കണം എന്നർത്ഥം. ഉപനിഷത്തുക്കളാകുന്ന ധനുസ്സ് കുലച്ച് ബ്രഹ്മത്തിൽ ഏകാഗ്രതയോടെ ഉപാസനകൊണ്ടു് മൂർച്ചവരുത്തിയ ശരത്തിനെ അക്ഷരമായ പരമലക്ഷ്യത്തിൽ എയ്ത് കൊള്ളിക്കണം. പ്രണവം വില്ലും ഹൃദയം അമ്പുമാകുന്നു. ബ്രഹ്മമാണ് ലക്ഷ്യം. അതിലേക്ക് ഏകാഗ്രതയോടെ അമ്പെയ്യുമ്പോൾ തന്മയീഭാവത്തിൽ വിലയിക്കാനാവും.

സ്വർഗ്ഗം, ഭൂമി, ആകാശം, പ്രാണൻ, മനസ്സ്, എന്നിങ്ങിനെ എല്ലാമെല്ലാം എങ്ങാണോ കോർത്തിണക്കി വച്ചിട്ടുള്ളത് അത് ആത്മാവാകുന്നു. മറ്റെല്ലാം ത്യജിക്കാവുന്നതാണ്. സംസാരസാഗരം കടക്കാനുള്ള ഏക മാർഗ്ഗം ആത്മജ്ഞാനം ഒന്നു മാത്രമാണ്.

തേർ ചക്രത്തിന്റെ ആരക്കാലുകൾ അതിന്‍റെ കൂടത്തിൽ ഉറപ്പിച്ചിരിക്കുന്നതു പോലെ സർവ്വനാഡികളും അവയുടെ മൂലസ്ഥാനമായ ഹൃദയത്തിൽ ചേർന്നിരിക്കുന്നു. ഈ ഹൃദയത്തിൽ ആത്മാവ് അന്തകരണങ്ങൾക്ക് വിധേയനായി ചിലപ്പോൾ ക്രുദ്ധനായും മറ്റു ചിലപ്പോൾ ഹൃഷ്ടനായും കാണപ്പെടുന്നു എന്ന് ജനങ്ങൾ പറയുന്നു. ഹിമവാനേ, ഹൃദയാകാശത്തിൽ വാഴുന്ന ആത്മാവിനെ ഓങ്കാരമായി ധ്യാനിച്ചാൽ അജ്ഞാനത്തിന്റെ അതിരുകളെ ഭേദിക്കാം.

പരമാത്മാവ് മനോമയനായി അന്നമയ ദേഹത്തിൽ നിലകൊള്ളുന്ന ബുദ്ധിയിൽ പ്രതിഷ്ഠിതമാണ്. ഈ അറിവുള്ളിലുള്ള സാധകൻ സച്ചിദാനന്ദമായ സുധാസ്വരൂപത്തെ സാക്ഷാത്ക്കരിക്കുന്നു. പരബ്രഹ്മസാക്ഷാത്ക്കാരം ഉണ്ടായാൽ പിന്നെ കർമ്മങ്ങൾക്ക് അവസാനമായി. അപ്പോള്‍ അഹങ്കാരാദി കെട്ടുപാടുകൾ ഇല്ലാതെയായി സർവ്വസംശയങ്ങളും അസ്തമിക്കുന്നു.

ആത്മ വിദ്യാനിരതരായ സാധകർ ആനന്ദമയകോശത്തിൽ നിലകൊള്ളുന്ന ബ്രഹ്മത്തെ ശുഭ്രം, ജ്യോതിർമയം, പരം, നിഷ്കളം, എന്നിങ്ങിനെ എല്ലാമെല്ലാമായ പരമപ്രകാശമായി അറിയുന്നു. അവിടെ സൂര്യചന്ദ്രൻമാരുടെ പ്രഭയ്ക്ക് പോലും ചാരുതയില്ല. പിന്നെ അഗ്നിയുടെ തിളക്കം അവിടെയെങ്ങിനെ കാണപ്പെടാനാണ്? അത് സ്വയം പ്രകാശകമാണ്. അതിന്റെ വെളിച്ചമാണ് മറ്റെല്ലാത്തിനെയും പ്രോജ്വലത്തായി പ്രകടമാക്കുന്നത്.

ബ്രഹ്മം എന്നത് മുൻപും പിൻപും, താഴെയും മുകളിലും, അകത്തും പുറത്തും, തെക്കും വടക്കും, എല്ലാടവും എല്ലായ്പ്പോഴും നിറഞ്ഞു വിളങ്ങുന്നതത്രേ. ഈ വസ്തുത ആരിൽ അനുഭവമാകുന്നുവോ അവൻ കൃതകൃത്യനാകുന്നു. അവനിലിനി ശോകമില്ല. ആശകളുമില്ല. രണ്ടാമതൊരു വസ്തു ഉള്ളപ്പോഴാണ് , തന്നില്‍ നിന്നും വേറിട്ടൊരു വസ്തു ഉണ്ടെന്നു തോന്നുമ്പോഴാണ്, ഭയം ഉണരുന്നത്. ബ്രഹ്മം എന്നിൽ നിന്നും വേറിട്ട ഒന്നല്ല. അങ്ങിനെ ഒരിക്കലും ആയിരുന്നിട്ടുമില്ല. എന്റെ വാസം കൈലാസത്തിലോ വൈകുണ്ഠത്തിലോ, അല്ല. ഞാൻ സാധകന്റെ ഹൃദയകമല നിവാസിയാണ്. ഞാൻ തന്നെ അവൻ. അവൻ തന്നെ ഞാൻ.

പർവ്വത ശ്രേഷ്ഠാ, ഞാൻ ആത്മവിദ്യയെപ്പറ്റി നിനക്ക് വിശദമായി പറഞ്ഞു തന്നു. ഇനി ഇതേപ്പറ്റി പറയാൻ വാക്കുകളില്ല. ഈ ഉപദേശം ഉചിതമായ ചെവികളിലേയ്ക്ക് മാത്രമേ പകര്‍ന്നു നൽകാവൂ. സ്വന്തം ജ്യേഷ്ഠപുത്രനോ ഉത്തമനായ ശിഷ്യനോ ഇത് നൽകാം. ആത്മവിദ്യ നൽകുന്നയാൾ അച്ഛനേക്കാൾ ഉത്തമനാണ്. ബ്രഹ്മജ്ഞാനം പകർന്നു തരുന്നയാൾ പരമേശ്വരൻ തന്നെയത്രേ. ബ്രഹ്മജ്ഞാനം പ്രകാശിക്കാൻ യോഗ്യമായ മഹാത്മാവിലാണ് ഇത് ചെന്നു ചേരേണ്ടത്. പിതാവിൽ നിന്നു കിട്ടുന്ന ജന്മം മരണത്തോടെ നശിക്കുന്നു. എന്നാൽ ബ്രഹ്മവിദ്യ ദേഹത്തിന്‍റെ മരണത്തിനുമപ്പുറം നിലനില്ക്കും. ഗുരുവാണ് അച്ഛനേക്കാൾ ശ്രേഷ്ഠൻ എന്നു പറയാൻ ഇതാണ് കാരണം. ശിവൻ കോപിച്ചാൽ ഗുരുവിന് ആ കോപത്തെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ ഗുരുവിന്‍റെ കോപം ആരാലും തടുക്കാനാവില്ല. അതിനാൽ ഗുരുവിനെ എങ്ങിനെയെങ്കിലും പ്രസാദിപ്പിക്കുക. മനസ്സ്, വാക്ക്, കർമ്മം എന്നിവ സദാ ഗുരുവിന് ഹിതകരമായി ഒരുക്കി നിര്‍ത്തുക. അല്ലാത്തപക്ഷം അത് പ്രായശ്ചിത്തമില്ലാത്ത കൃതഘ്നതയാണ് എന്നറിഞ്ഞാലും.

ഇന്ദ്രൻ, ദന്യങ് എന്ന പേരുള്ള ഒരു അഥർവണ വേദിയായ മുനിക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചപ്പോൾ 'ഇത് നീ മറ്റൊരാൾക്ക് ഉപദേശിച്ചു കൊടുത്താല്‍ ഞാന്‍ നിന്റെ തല വെട്ടിക്കളയും’ എന്നൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ ആ മുനി ഈ വിദ്യ ദേവവൈദ്യൻമാരായ അശ്വിനീ ദേവൻമാർക്ക് ഉപദേശിച്ചു കൊടുത്തു. ഇന്ദ്രൻ പറഞ്ഞതുപോലെതന്നെ മുനിയുടെ തലയറുത്തു എങ്കിലും അശ്വിനികൾ വൈദ്യന്മാരായതിനാല്‍ ആ തലയും ഉടലും ചേർത്തുവെച്ച് മുനിയെ ജീവിപ്പിക്കുകയായിരുന്നു. എന്നാല്‍ അതത്ര എളുപ്പമൊന്നുമായിരുന്നില്ല. മുനിയില്‍ നിന്നും ഈ ജ്ഞാനം കിട്ടാനായി ദേവവൈദ്യൻമാർ ആദ്യമേ തന്നെ ഒരു സൂത്രം ചെയ്തു. അവർ മുനിയുടെ തലവെട്ടി അതിനു പകരം ഒരു കുതിരയുടെ തല വച്ചുപിടിപ്പിച്ചതിനു ശേഷമാണ് മുനിയിൽ നിന്നും ബ്രഹ്മവിദ്യ അഭ്യര്‍ത്ഥിച്ചു നേടിയത്. ഇന്ദ്രൻ തന്റെ വാക്കുപാലിക്കാന്‍ മുറിച്ചു കളഞ്ഞത് ആ കുതിരത്തലയായിരുന്നു. പിന്നീടാ വൈദ്യശിരോമണികള്‍ സുക്ഷിച്ചു വെച്ചിരുന്ന തല തുന്നിച്ചേര്‍ത്ത് ഗുരുവിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു

ഹിമവാനേ, ബ്രഹ്മവിദ്യ നേടാനുള്ള മാർഗ്ഗം കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്ന് മനസ്സിലാക്കാനാണ് ഞാൻ ഇക്കഥ പറഞ്ഞത്. സാധകന്‍ കഠിന പരിശ്രമം ചെയ്ത് ബ്രഹ്മവിദ്യയാർജിച്ചാൽ അവൻ എന്നെന്നേയ്ക്കും ധന്യധന്യനും കൃതകൃത്യനുമായി.

ദിവസം 193 ശ്രീമദ്‌ ദേവീഭാഗവതം. 7- 35. യോഗമന്ത്രസാധനം


ദിവസം 193 ശ്രീമദ്‌ ദേവീഭാഗവതം. 7- 35. യോഗമന്ത്രസാധനം

യോഗം വദ മഹേശാനി സാംഗം സംവിത്പ്രദായകം
കൃത്യേന യേന യോഗ്യോയം ഭവേയം തത്വദർശനേ
ന യോഗോ നഭസ: പൃഷ്ഠ നഭൂമൌ ന രസാതലേ
ഐക്യം ജീവാത്മനോരാഹുർയോഗം യോഗവിശാരദാ:

ഹിമാലയൻ പറഞ്ഞു: 'അമ്മേ ഏതൊക്കെ അനുഷ്ഠാനങ്ങൾ കൊണ്ടു് പരമാത്മചൈതന്യത്തെ സാക്ഷാത്ക്കരിക്കുവാനാകുമോ ആ യോഗമാർഗ്ഗങ്ങൾ ഞങ്ങൾക്കായി ഉപദേശിച്ചാലും. അങ്ങിനെ ആ മഹത്തത്വം ഞങ്ങൾക്ക് സുവിധിതമാകുമല്ലോ.'

ദേവി അരുളി: 'യോഗം എന്നത് ആകാശത്തും ഭൂമിയിലും മറ്റുമുള്ള നമ്മില്‍ നിന്നും വേറിട്ട ഒരു സംഗതിയല്ല. അത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യമാണ്. ഈ യോഗഭാവത്തെ മുടക്കുവാൻ കാമം, ക്രോധം, മദം, മോഹം, ലോഭം, മാത്സര്യം എന്നീ ആറ് വൈരികൾ ഉണ്ടു്. ഇവയെ യോഗാംഗങ്ങൾ ഉപയോഗിച്ച് തന്നെ നമ്മുടെ നിയന്ത്രണത്തിലാക്കാം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് സാധനകളിലൂടെ ജീവാത്മാ-പരമാത്മാ യോഗത്തിൽ ഒരു സാധകനെത്താൻ കഴിയും.

അഹിംസ, സത്യം, അസ്തേയം, ദയ, ശൗചം, ധൃതി, ക്ഷമ, ബ്രഹ്മചര്യം, മിതാഹാരം, ആർജ്ജവം, എന്നീ പത്ത് സ്വഭാവങ്ങളാണ് യമങ്ങൾ എന്നറിയപ്പെടുന്നത്.

ബ്രഹ്മചര്യം എന്നാൽ അഷ്ട മൈഥുനങ്ങളിൽ നിന്നും വിട്ടു നില്ക്കുക എന്നതാണ്. ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, സംഗമത്തിനായുള്ള പ്രയത്നം, സ്ത്രീപുരുഷസംഗമം, എന്നിവയാണ് ഈ എട്ട് മൈഥുനങ്ങൾ.

തപസ്സ്, സന്തോഷം, ആസ്തിക്യം, ദാനം, ദേവപൂജനം, സിദ്ധാന്തശ്രവണം, ഹ്രീ, മതി, ജപം. ഹോമം, എന്നീ പത്ത് നിയമങ്ങളാണ് സാധകൻ അനുഷ്ഠിക്കേണ്ടത്.

പത്മാസനം, സ്വസ്തികം, ഭദ്രാസനം, വജ്രാസനം, വീരാസനം, എന്നിവയാണ് അഞ്ച് ആസനങ്ങൾ. പത്മാസനത്തിൽ യോഗി തന്റെ കാൽപാദങ്ങൾ തുടയ്ക്ക് മുകളിൽ വച്ച് കൈകൾ പിണച്ച് കാലിലെ പെരുവിരൽ രണ്ടും പിടിച്ചു കൊണ്ട് ഏകാഗ്രതയോടെ ഇരിക്കുന്നു.

തുടയ്ക്കും മുട്ടിനും മദ്ധ്യേ പാദതലങ്ങൾ ഏറ്റിവച്ച് നീണ്ടു നിവർന്നിരിക്കുന്നത് സ്വസ്തികാസനം. വൃഷണങ്ങളുടെ അടിയിലുള്ള കീഴ് ഞരമ്പിന്റെ രണ്ടു വശങ്ങളിലും ഞെരിയാണി വച്ച്, കാൽ മടമ്പുകൾ കൈ കൊണ്ടു് പിടിച്ചിരിക്കുന്നത് ഭദ്രാസനം. തുടയ്ക്ക് മുകളിൽ കാലുകൾ കയറ്റി വച്ച് കൈകൾ പിണച്ച് കാൽമുട്ടുകളിൽ വച്ച് നിവർന്ന് ഇരിക്കുന്നതാണ് വീരാസനം.

ഈ പ്രാണായാമത്തെപ്പറ്റി പറയാം. പതിനാറു മാത്രാ നേരം കൊണ്ടു് ഇടത് നാസാ ദ്വാരത്തിലൂടെ വായു അകത്തേക്കെടുത്ത് അറുപത്തിനാലു മാത്ര കുംഭകം ചെയ്ത് വായുവിനെ സുഷുമ്നയിൽ നിർത്തി അതിനെ മുപ്പത്തിരണ്ടു മാത്രകൾ കൊണ്ട് വലത്തേ നാസാദ്വാരം വഴി സാവധാനം പുറത്തേക്ക് വിടുന്നതിനാണ് പ്രാണായാമം എന്നു പറയുന്നത്. ഇങ്ങിനെ ഇടതും വലതും മാറി മാറി പന്ത്രണ്ടോ പതിനാറോ തവണ പ്രാണായാമം ആവർത്തിക്കണം. ജപ ധ്യാനങ്ങളോടെ ചെയ്യുന്ന പ്രാണായാമം സഗർഭവും അല്ലാത്തത് വിഗർഭവും എന്നറിയപ്പെടുന്നു. പ്രാണായാമസമയത്ത് ദേഹത്ത് വിയർപ്പുണ്ടായാൽ അത് അധമപ്രാണായാമമാകുന്നു. ദേഹം വിറച്ചാൽ അത് മദ്ധ്യമവും ദേഹം ഉയർന്നു പൊങ്ങിയാൽ അത് ഉത്തമവും ആകുന്നു. ഉത്തമമായ ഈ അവസ്ഥയുണ്ടാകുന്നതുവരെ പ്രാണായാമം അഭ്യസിച്ചാൽ തേജസ്സ്, ലാഘവത്വം, തുടങ്ങിയ സിദ്ധികള്‍ ഉണ്ടാകും.

പ്രത്യാഹാരം എന്നത് ബാഹ്യ വിഷയങ്ങളിൽ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങളെ ബലാൽക്കാരേണ പിടിച്ചു നിയന്ത്രിക്കുന്ന പ്രവൃത്തിയാണ്.

കാൽ പെരുവിരൽ, നെരിയാണി, മുട്ട്‌, തുട, മൂലാധാരം, ലിംഗം,നാഭി, ഹൃദയം, കഴുത്ത്, കണ്ഠം, തൊണ്ട, മൂക്ക്, നെറ്റി മദ്ധ്യം, ശിരസ്സ്, മൂർദ്ധാവ്, ദ്വാദശാന്തം, (ദേഹത്തു നിന്നും പന്ത്രണ്ട് അംഗുലം അകലത്തിലുള്ള വായു വലയം) എന്നിവയിൽ പ്രാണനെ പിടിച്ചു നിർത്തുന്നതാണ് ധാരണ.

ഏകാഗ്രമായ മനസ്സിനുള്ളിൽ സദാ ഉണർന്നു വിലസുന്ന ചൈതന്യത്തെ തന്റെ ഇഷ്ടദേവതയുടെ ഭാവത്തിൽ ധ്യാനിക്കുന്നതാണ് ധ്യാനം.

ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു കണ്ട് ആ പരമാത്മൈക്യബോധം സദാ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സമാധി.

ഇനി മന്ത്രയോഗം എന്താണെന്ന് നോക്കാം. സൂര്യചന്ദ്രൻമാരും അഗ്നി, തേജസ്സ്, എന്നിവയോടു കൂടി ജീവ ബ്രഹ്മൈക്യത്തോടെ നിലകൊള്ളുന്ന പഞ്ചഭൂതാത്മകമായ വിശ്വമാണ് നമ്മുടെ ശരീരം. ഈ ദേഹത്തിൽ മൂന്നരക്കോടി നാഡികളുണ്ട്. അവയിൽ പത്തെണ്ണം വളരെ പ്രധാനങ്ങളാണ്. അവയിൽത്തന്നെ മൂന്നെണ്ണം നിശ്ചിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളവയുമാണ്. ആ മൂന്നു നാഡികള്‍ ചന്ദ്രൻ, സൂര്യൻ, അഗ്നി, എന്നിവയെ പ്രതിനിധാനം ചെയ്ത് നട്ടെല്ലിൽ നിലകൊള്ളുന്നു. ഇടത് വശത്ത് ഇഡ; മദ്ധ്യത്തിൽ സുഷുമ്നാ; വലത് പിംഗള, എന്നിങ്ങിനെയാണ് അവ അറിയപ്പെടുന്നത്. ഇഡ , ശുഭ്രമായ ചന്ദ്രക്കല പോലെ പ്രകാശിക്കുന്നു. ആത്മസ്വരൂപിയാണത്. പിംഗള, പുരുഷരൂപത്തിലുള്ള സൂര്യനാണ്. സുഷുമ്ന, അഗ്നിരൂപിണിയാണ്. സുഷുമ്നയുടെ മദ്ധ്യത്തിലായി ഇച്ഛാ-ജ്ഞാന-ക്രിയാശക്തിസ്വരൂപമായി വിചിത്രമെന്ന പേരുള്ള സ്വയംഭൂ ലിംഗം നിലകൊള്ളുന്നു. അതിനും മുകളിലാണ് ‘ഹ്രീ’ എന്ന മായാബീജമന്ത്രം. ബിന്ദുനാദസ്വരൂപമാണത്.

അതിനും മുകളിലാണ് രക്തവർണ്ണത്തിൽ ദീപശിഖ പോലെ പ്രശോഭിക്കുന്ന കുണ്ഡലിനി. അത് എന്നിൽ നിന്നും അഭിന്നയാണ്. ദേവീസ്വരൂപമാണ് കുണ്ഡലിനി എന്നർത്ഥം. ആ പ്രഭയ്ക്ക്ചുറ്റും ‘വ,ശ,ഷ,സ’ വർണ്ണങ്ങളിൽ നാലിതളുകളുള്ള സ്വർണ്ണനിറത്തിലുള്ള ഒരു താമരപ്പൂ ഭാവന ചെയ്യുക. ‘ബ, ഭ, മ, യ, ര, ല’ എന്നിങ്ങിനെ ആറിതളുകളുള്ളതും വൈരക്കല്ലുപോലെ തിളങ്ങുന്നതുമായ സ്വാദിഷ്ഠാനചക്രം ആളിക്കത്തുന്ന തീ പോലെ പ്രോജ്വലിച്ചുകൊണ്ട്‌ ആ താമരയ്ക്ക് മുകളില്‍ നിലകൊള്ളുന്നു. ശ്രേഷ്ഠലിംഗങ്ങള്‍ക്ക് അധിഷ്ഠാനമായി വിളങ്ങുന്നതിനാലും ഷഡ് ചക്രങ്ങള്‍ക്ക് ആധാരമായതിനാലും ഇതിനു മൂലാധാരമെന്നും പേരുണ്ട്.

അതിനുമീതെ തൂമിന്നലിന്റെ കാന്തി ചിതറുന്ന മണിപൂരക ചക്രം. ‘ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ’ എന്നീ പത്തക്ഷരങ്ങള്‍ ഇതളുകളായ ഈ പത്മം വിഷ്ണുവിന്റെ ഇരിപ്പിടവും മണിപോലെ തിളങ്ങുന്നതുമാണ്. വിഷ്ണുദര്‍ശനത്തിനു കാരണമാകുന്നത് ഈ ചക്രമത്രേ.

മണിപൂരകത്തിനു മുകളിലാണ് സൂര്യപ്രഭ ചിന്നുന്ന അനാഹതചക്രം. അനാഹതപത്മത്തിന് ‘ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ’ എന്നീ പന്ത്രണ്ടു് അക്ഷരദളങ്ങളാണുള്ളത്. അതിന്റെ മദ്ധ്യത്തിൽ പതിനായിരം സൂര്യന്മാരുടെ പ്രഭയോലുന്ന ബാണലിംഗം. ശബ്ദബ്രഹ്മമായ ഇത് കൊട്ടാതെ തന്നെ ശബ്ദമുണ്ടാക്കുന്നതിനാൽ അനാഹതം എന്നറിയപ്പെടുന്നു. ആനന്ദസദനമാണിത്. രുദ്രന്റെ ആവാസസ്ഥലം. ഹൃദയത്തിലാണ് അനാഹതചക്രത്തിന്റെ സ്ഥാനം.

അനാഹതത്തിനും മുകളിലായി പതിനാറിതളുകൾ ഉള്ള വിശുദ്ധിചക്രം. കണ്ഠത്തിലാണ് ഇതുള്ളത്. ധൂമ്രവർണ്ണത്തിൽ പ്രശോഭിക്കുന്ന ഇത് ഹംസത്തെ കാട്ടിത്തന്ന് ജീവന് വിശുദ്ധി നൽകുന്നു. വിശുദ്ധിപത്മത്തിന് ആകാശം എന്നും പേരുണ്ട്.

വിശുദ്ധിക്കും മുകളിൽ ‘ഹ, ക്ഷ’ എന്നീ രണ്ടക്ഷരങ്ങൾ ഇതളുകളായുള്ള ആജ്ഞാചക്രം ഭ്രൂമദ്ധ്യത്തിലായി നിലകൊള്ളുന്നു. പരമാത്മാവിൽ നിന്നുള്ള ആജ്ഞകൾ സംവദിക്കപ്പെടുന്നത് ഇതിലാണ്. ആജ്ഞാചക്രനിവാസിയായ പുരുഷന് പരമേശ്വരാജ്ഞയനുസരിച്ച് ഏതാണ് കരണീയം ഏതാണ് ഉപേക്ഷണീയം എന്ന വിവേകം ഉണ്ടാവുന്നത് ഇവിടെയാണ്.

ഇതിനും മുകളിലായി കൈലാസം, രോധിനി എന്നിങ്ങിനെ രണ്ടു് ചക്രങ്ങൾ കൂടിയുണ്ട്. ഈ രണ്ടു ആധാരചക്രങ്ങളുടെയും മുകളിലാണ് സഹസ്രാരങ്ങൾ ചേർന്ന ബിന്ദുസ്ഥാനം.

മഹാനുഭാവാ, ശ്രേഷ്ഠമായ യോഗമാർഗ്ഗമാണ് ഞാനിപ്പോൾ പറഞ്ഞത്. ആദ്യം പൂരകയോഗം ചെയ്ത് മനസ്സിനെ മൂലാധാരത്തോടു് ചേർക്കണം. ഇതിനായി ബാഹ്യവായുവിനെ ഉളളിലേക്കെടുത്ത് കുംഭകം ചെയ്ത് മനസ്സിനെ മൂലാധാരത്തിലേക്ക് നയിക്കണം. എന്നിട്ട് ഗുദത്തിന്റെയും ലിംഗത്തിന്റെയും മദ്ധ്യത്തിൽ നിലകൊള്ളുന്ന കുണ്ഡലിനിയെ തട്ടിയുണർത്തി നേരത്തേ പറഞ്ഞ സ്വയംഭൂലിംഗാദികളെ ഭേദിച്ച് ക്രമീകമായി ആ ശക്തിയെ സഹസ്രാരത്തിൽ എത്തിക്കണം. പിന്നെ ആ സഹസ്രാരത്തിൽ കുടികൊള്ളുന്ന ശംഭുവുമായി കുണ്ഡലിനീ ശക്തി ഏകീഭവിച്ചതായി ഭാവന ചെയ്ത് ധ്യാനിക്കണം.

അങ്ങിനെ ശിവശക്തിസംഗമത്തിൽ ഉണ്ടാകുന്ന അമൃതരസം ചെമ്പഞ്ഞിച്ചാറ് പോലെയാണ്. ആ അമൃതരസം മായാശക്തിയെക്കൊണ്ടു് പാനം ചെയ്യിപ്പിക്കുക. ആറു ചക്രങ്ങളിൽ കുടികൊള്ളുന്ന ദേവതമാരെ ഈ അമൃതധാര കൊണ്ട് തർപ്പണവും ചെയ്യുക. ഒടുവിൽ കണ്ഡലിനീ ശക്തിയെ മുകളിലേയ്ക്ക് കയറിപ്പോയ അതേ വഴിയിലൂടെ മൂലാധാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക. ഇങ്ങിനെ നിത്യാഭ്യാസം ചെയ്യുന്ന പക്ഷം സാധകന് സകലദോഷവിനിർമുക്തിയാണ് ഫലം. പിന്നെ ജരാമരണദോഷങ്ങൾ അവനെ ബാധിക്കുകയില്ല. അവന് മന്ത്രസിദ്ധികൾ കരഗതമാവുന്നു. ജഗദീശ്വരിയായ എനിക്കുള്ള പ്രാഭവങ്ങൾ അതേപോലെതന്നെ അവനിലും അങ്കരിക്കുന്നു. ഇതാണ് പ്രാണായാമം അല്ലെങ്കിൽ വായുധാരണം.

ഇനി ചിത്തധാരണയെക്കുറിച്ചാണ് പറഞ്ഞുതരാനുള്ളത്. കാലദേശാദികളാൽ അവച്ഛിന്നമാകാത്ത ദേവിയിൽ മനസ്സുറപ്പിച്ചു നിർത്തുമ്പോൾ ജീവനും ബ്രഹ്മവും ഒന്നാണെന്നബോധം ഉണ്ടാവും. ഇതിന് മനഃശുദ്ധി അനിവാര്യമാണ്. മനസ്സിൽ കറയുണ്ടെങ്കിൽ അത് മാറാനായി എന്റെ സഗുണരൂപത്തെ ആരാധിക്കുക. എന്റെ മധുരോദാരമായ അംഗങ്ങള്‍ ഓരോന്നും അനുക്രമത്തില്‍ മന്ത്രപൂർവ്വം ധ്യാനിച്ചുകൊണ്ടു് മനസ്സിനെ പിടിച്ചു നിർത്താം. അങ്ങിനെ പടിപടിയായി ഒടുവിൽ എന്റെ സമഗ്രമായ രൂപത്തെ ധ്യാനിച്ചുറപ്പിക്കണം. സംവിത്തായ ദേവിയിൽ ചിത്തലയം സംഭവിക്കുന്നതുവരെ ജപഹോമാദികളും മന്ത്രാപാസനയും തുടരണം. യോഗവും മന്ത്രവും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റേതില്ല. ഇവരണ്ടും ചേരാതെ ജ്ഞാനസിദ്ധി ഉണ്ടാവുകയില്ല. മന്ത്രവും യോഗവും സമ്യക്കായി അഭ്യസിക്കുമ്പോൾ അത് ബ്രഹ്മസിദ്ധിപ്രദമാണ്. ഇരുണ്ട മുറിയിലേയ്ക്ക് വിളക്കു കൊളുത്തി പ്രവേശിക്കുന്നതു പോലെ ഫലപ്രദമാണത്. മായയാൽ മൂടി മറഞ്ഞിരിക്കുന്ന ആത്മാവ് മന്ത്രങ്ങളാൽ ദൃശ്യമാവുന്നു.

സാംഗമായ യോഗം നിങ്ങൾക്കായി ഞാൻ വിശദീകരിച്ചു. എന്നാല്‍ ഒരു സാധകന്‍ നേരിട്ട് ഗുരുമുഖത്തു നിന്നും പഠിച്ച ശേഷമേ ഇത് അഭ്യസിക്കാവൂ. തനിയെ അഭ്യസിക്കാന്‍ പുറപ്പെടരുത്. വെറും ശാസ്ത്രപഠനം കൊണ്ടു് മാത്രം ഇതിനെ ശരിയായ വിധത്തിൽ അറിയാനാവുകയില്ല.

Sunday, November 13, 2016

ദിവസം 192 ശ്രീമദ്‌ ദേവീഭാഗവതം. 7-34. വൈരാഗ്യജ്ഞാന കഥനം

ദിവസം 192  ശ്രീമദ്‌ ദേവീഭാഗവതം7-34. വൈരാഗ്യജ്ഞാന കഥനം

ക്വ യൂയം മന്ദഭാഗ്യാ വൈ ക്വേദം രൂപം മഹാദ്ഭുതം
തഥാപി ഭക്ത വാത്സല്യാദീദൃശം ദർശിതം മയാ
ന വേദാദ്ധ്യയനൈർയോഗൈർ ന ദാനൈസ്തപസേജ്യയാ
 രൂപം ദൃഷ്ടുമിദം ശക്യം കേവലം മൽകൃപാം വിനാ

ദേവി അരുളി: മന്ദഭാഗ്യരായ നിങ്ങൾക്ക് ഈ രൂപം കാട്ടിത്തന്നത് എന്റെ ഭക്തവാത്സല്യം കൊണ്ടാണ്. എന്റെ കൃപ കൂടാതെ, വേദം പഠിച്ചതുകൊണ്ടോ ദാനതപസ്സുകൾ അനുഷ്ടിച്ചതുകൊണ്ടോ മാത്രം ഈ ദർശനം ലഭ്യമാവുകയില്ല.   പരമാത്മാവ് ഉപാധികളുമായി ചേരുന്നതിനാലാണ് കർതൃത്വം മുതലായ ഭാവങ്ങൾ കൈക്കൊണ്ടു് ജീവാത്മാവുരുവാകുന്നത്. കർതൃത്വഭാവങ്ങൾക്കനുസൃതമായി നാനാവിധ കർമങ്ങൾ ചെയ്ത് നാനാ യോനികളിൽ ജനിച്ച് അത് ധർമ്മാധർമ്മങ്ങൾ അനുഷ്ഠിക്കുന്നു. അവിടെ കർമ്മാനുസാരിയായി സുഖദുഖങ്ങൾ അനുഭവിക്കുന്നു. കർമ്മഫലങ്ങൾക്ക് ചേർന്ന രീതിയിലുള്ള ദേഹങ്ങളാണ് ജീവൻ സ്വീകരിക്കുക. ഇത് ഒരു സമയ യന്ത്രം എന്നതുപോലെ നിരന്തരം ആവർത്തിച്ചു തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതിന്റെയെല്ലാം കാരണം അജ്ഞാനമാണ്. അജ്ഞാനനാശമാണ് ജന്മസാഫല്യം. വിദ്യയ്ക്ക് മാത്രമേ അജ്ഞാനത്തിന്റെ ഇരുട്ടകറ്റാൻ കഴിയൂ.

കർമ്മം അജ്ഞാനജന്യമാകയാൽ കർമ്മം കൊണ്ടതിനെ നശിപ്പിക്കാം എന്നു പ്രതീക്ഷിക്കരുത്. ഇരുട്ടകറ്റാൻ ഇരുട്ടിനാവുകയില്ല. കർമ്മങ്ങൾ ഇഷ്ടാനിഷ്ടങ്ങളെ ഉണ്ടാക്കുന്നു. അവയാണെങ്കിൽ വീണ്ടും അനർത്ഥങ്ങളെ ജനിപ്പിക്കുകായും ചെയ്യുന്നു. ഇതൊരു തുടർച്ചയാണ്. അതുകൊണ്ടു് ജ്ഞാനസമ്പാദനം മുഖ്യമത്രേ. ജ്ഞാനം മാത്രമാണ് കൈവല്യം എന്നുപദേശിക്കുന്ന ശ്രുതികളുണ്ട്. എന്നാൽ കർമ്മത്തെ തീരെ ഉപേക്ഷിക്കാൻ പാടില്ല എന്നാണ് മറ്റു ശ്രുതികള്‍ ഉപദേശിക്കുന്നത്. കർമ്മവും ജ്ഞാനവും ഒരുമിച്ചു കൊണ്ടുപോവുകയാണ് കരണീയം എന്നാണ് ഇനിയും ചിലർ വാദിക്കുന്നത്.

ഇതിനെയെല്ലാം  മറ്റു ചിലർ ഖണ്ഡിക്കുന്നുമുണ്ട്‌. ജ്ഞാനവും കർമ്മവും തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ അവ തമ്മിൽ ചേരുകയില്ല. ജ്ഞാനം ഹൃദ് ഗ്രന്ഥി ഭേദകമാണ്. അതായത് അന്ത:കരണവൃത്തികൾക്ക് അവസാനമുണ്ടാക്കുന്നതാണ്. കർമ്മമോ അത് അന്തക്കരണ പ്രചോദകമാണ്. കൂടുതൽ കർമ്മങ്ങൾ കൂടുതൽ അന്തക്കരണവൃത്തികളെ അതുണ്ടാക്കുന്നു. ഇരുട്ടും വെളിച്ചവും ഒന്നിച്ചു നിലനില്ക്കുകയില്ലല്ലോ.

നാഗരാജാവേ, ഒന്ന് മനസ്സിലാക്കിയാലും. വേദാനുസാരിയായ കർമ്മങ്ങൾ ചിത്തശുദ്ധി കൈവരുന്നതിനായിട്ടാണ് ഉപകരിക്കുക. മന:ശുദ്ധി കൈവന്നാൽ പിന്നെ കർമ്മങ്ങൾ ഉപേക്ഷിക്കാം. ശമം, തിതിക്ഷ, ദമം, വൈരാഗ്യം എന്നിവ ഉറച്ചാൽ പിന്നെ സന്യാസമാവാം.  ഉത്തമനായ ഒരു ഗുരുവിനെ സമീപിച്ച് സന്യാസം സ്വീകരിക്കുക. തത്വമസി മുതലായവാക്യങ്ങളുടെ ഉൾപ്പൊരുൾ സദാ ചിന്തിച്ചുറയ്ക്കുക.

തത്വമസി വാക്യം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യ ഭാവത്തെയാണ് കാണിക്കുന്നത്. ഈ ഐക്യ ഭാവത്തെപ്പറ്റി പദാർത്ഥ ജ്ഞാനവും വാക്യജ്ഞാനവും സമ്യക്കായി സിദ്ധിക്കുമ്പോൾ എല്ലാ ഭയങ്ങളും ഇല്ലാതായി നിങ്ങൾക്ക് എന്റെ സ്വരൂപ്യം ആർജിക്കുവാൻ കഴിയും. ‘തത് '  എന്നത്   'ഞാൻ' തന്നെയാണ്. ‘ത്വം’ എന്നത് ജീവനെയാണ് സൂചിപ്പിക്കുന്നത്. ‘അസി’ എന്ന വാക്കു കൊണ്ട് ഞാനും ജീവനും തമ്മിലുള്ള അഭേദം ഐക്യം -  വെളിവാക്കുന്നു.   ജീവനും ഈശ്വരനും ഒന്നാണെന്ന് തത്വമസിപദം സൂചിപ്പിക്കുന്നതായി പറഞ്ഞുവല്ലോ. എന്നാൽ അതിൽ വാച്യാർത്ഥമായി വൈരുദ്ധ്യം തോന്നിയേക്കാം. കാരണം ജീവൻ പരിമിതനും ഈശ്വരൻ അപരിമിതനും ആണല്ലോ. അതിനാൽ ലക്ഷണ ന്യായം ഉപയോഗിച്ചു വേണം ഇത് വിവക്ഷിക്കുവാൻ.

ജീവൻ എന്നു പറയുമ്പോഴും ഈശ്വരൻ എന്നു പറയുമ്പോഴും ചിത്തത്തിനെയാണ് നാം ലക്ഷ്യമാക്കുന്നത്. ‘അല്പജ്ഞാനത്വാദി വിശിഷ്ട ചൈതന്യം’ ജീവൻ. ‘സർവ്വജ്ഞാനത്വാദി വിശിഷ്ട ചൈതന്യം’ ബ്രഹ്മം. രണ്ടിന്റെയും വിശേഷണങ്ങൾ നീക്കിയാൽ അവശേഷിക്കുന്നത് ചിത്ത് എന്ന ചൈതന്യം മാത്രം. ലക്ഷണ വ്യാപാരത്തിലൂടെ ഇത് വ്യക്തമാക്കാം.

'ആ ദേവദത്തനാണ് ഇവൻ' എന്നു പറയുമ്പോൾ മറ്റൊരു ദേവദത്തനും ഉണ്ടു് എന്നനുമാനിക്കാം. അതായത്, ദേവദത്തന്റെ നിലനിൽപ്പ് കാലത്തിനനുസരിച്ചാണ്. എന്നാൽ കാലദേശാധീനമായ വിശേഷണങ്ങൾ നീക്കിയാൽ  'അവനാണ് ദേവദത്തൻ' എന്നൊരു തീര്‍ച്ച വരുന്നു. അപ്പോൾ ഒരാളേയുള്ളു. അതുപോലെ സ്ഥൂലമായ ദേഹത്തെ മാറ്റി നിർത്തിയാൽ ജീവനും ബ്രഹ്മവും ഒന്നാണ്.
പഞ്ചഭൂതങ്ങൾ പഞ്ചീകരണ പ്രക്രിയയിലൂടെ സംഘാതമാവുന്നതാണ് സ്ഥൂലവും സൂക്ഷ്മവുമായ  ദേഹം എന്ന ആദ്യ ഉപാധി.  ഭോഗം, കർമം, ജര, വ്യാധി ഇവയക്കെല്ലാം ക്ഷേത്രമാവുന്നത് സ്ഥൂലദേഹമാണ്. എന്റെ മായാശക്തിയാലാണ് വെറും മിഥ്യയായ ദേഹത്തിന് സ്ഫുടമായ ഒരു  രൂപം കൈവരുന്നത്. അപഞ്ചീകൃത പഞ്ചഭൂതങ്ങളിൽ നിന്നുമുണ്ടാകുന്ന സൂക്ഷ്മ ദേഹം സുഖദുഖബോധങ്ങളെ ഉണ്ടാക്കുന്നു. ഇതെന്റെ രണ്ടാമത്തെ ഉപാധിയാണ്.   എന്‍റെ മൂന്നാമത്തെ ഉപാധിയാകുന്നത് അജ്ഞാനമാണ്. അവാച്യവും അനാദിയുമാണത്. കാരണ ശരീരമായി പ്രശോഭിക്കുന്നത് ഈ മൂന്നാംഉപാധിയാണ്.

'നേതി, നേതി', (ഇതല്ല ഇതല്ല), എന്ന് ഓരോരോ ഉപാധികളെ നിരീക്ഷിച്ച് ഉപേക്ഷിച്ചു ബാക്കിയാവുന്നതെന്തോ അതാണ് ആത്മാവ്. ദേഹത്രയങ്ങളുടെ, അതായത്, സ്ഥൂല സൂക്ഷ്മ, കാരണ ശരീരങ്ങളുടെ മദ്ധ്യത്തിലാണ് പഞ്ച കോശങ്ങളായ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ നിലകൊള്ളുന്നത്.
പഞ്ചകോശങ്ങളെയും ഉപേക്ഷിച്ചു ബാക്കി വരുന്നതാണ് എന്റെ രൂപം. നിത്യവസ്തുവായ ബ്രഹ്മം. അതൊരിക്കലും ജനിച്ചിട്ടില്ല. അതിനാൽത്തന്നെ മരിക്കുന്നുമില്ല. യാതൊരു മാറ്റങ്ങൾക്കും അത് വിധേയമല്ല. ശാശ്വതമായ അത് ദേഹനാശത്തിനു ശേഷവും ഉള്ള ഉൺമയാകുന്നു.

'ഞാൻ കൊന്നു' എന്ന് കൊന്നവനും, ഞാൻ കൊല്ലപ്പെട്ടു എന്നു മരിച്ചവനും വിചാരിക്കുന്നു. എന്നാൽ രണ്ടും ഉണ്ടായിട്ടില്ല. ആരും ആരെയും കൊല്ലുന്നില്ല. ആരും കൊല്ലപ്പെടുന്നില്ല.
അണുക്കളിൽ അണുവായും മഹത്തായവയിൽ മഹത്തുമാണ് ബ്രഹ്മം, അല്ലെങ്കില്‍ ആത്മാവ്. എല്ലാ പ്രാണികളുടേയും ഹൃദയ നിവാസിയാണത്. മനസ്സ് തെളിഞ്ഞാൽ ഈ അറിവു് ഉണർവ്വാവും. ഉണർവ്വ് ശോകത്തെ അകറ്റും.

ശരീരം ഒരു തേരായും ആത്മാവ് അതിന്റെ ഉടമസ്ഥനായും സങ്കൽപ്പിക്കുക. മനസ്സാണ് കടിഞ്ഞാൺ. പഞ്ചേന്ദ്രിയങ്ങൾ കുതിരകൾ. രൂപ, രസങ്ങളാകുന്ന വിഷയങ്ങളിലേക്കാണ് കുതിരകൾ ഓടിപ്പോകാൻ ആയുന്നത്. ബുദ്ധിയാണ് തേരാളി. ദേഹേന്ദ്രിയമനോബുദ്ധികൾ ഒറ്റക്കെട്ടായി നിന്ന് കർമഫലങ്ങൾ അനുഭവിക്കുന്നു. ഇതാണ് ജീവാത്മാവ്.

മനോനിയന്ത്രണം കൈവന്നവൻ പരമപദത്തിൽ എത്തുന്നു. അവന് പിന്നീടു് ജനിമരണങ്ങളില്ല. വിവേകബുദ്ധിയായ സാരഥി മനസ്സിനെ നിയന്ത്രിച്ച്‌ അവിടെയെത്തുന്നു. എന്നാൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവന് പരമപദ സിദ്ധി അപ്രാപ്യമത്രെ.

ശ്രവണമനനാദികൾ കൊണ്ടു് ആത്മതത്വം മനസ്സിലുറപ്പിക്കുക. ആത്മസ്വരൂപിണിയായി എന്നെ ഉള്ളിൽ പ്രതിഷ്ഠിക്കുക. ഏകാഗ്ര ചിത്തത്തോടെ മൂന്ന് ബീജാക്ഷരങ്ങളുള്ള ‘ഹ്രീം’ എന്ന മൂലമന്ത്രത്തെ ഭാവനാപൂർവ്വം ധ്യാനിച്ച് ഉപാസിക്കുക. ‘ഹ്രീം’ മന്ത്രത്തിലെ ‘ഹ’ എന്നത് എന്റെ സ്ഥൂലശരീരമാകുന്നു. ‘ര’ എന്നത് സൂക്ഷ്മദേഹവും ‘ഈ’ എന്നത് കാരണശരീരവുമാണ്. മൂന്നും ചേര്‍ന്നുള്ള ‘ഹ്രീ’ങ്കാരം  തുരീയാവസ്ഥയെ കാണിക്കുന്നു.

വൃഷ്ടിയിലും സമഷ്ടിയിലും ഈ മൂലമന്ത്രമായ അക്ഷരത്രയത്തിന്റെ സഹായത്തോടെ വൃഷ്ടിയും സമഷ്ടിയും ഒന്നാണെന്നു ഭാവന ചെയ്യുക. സമാധി യോഗത്തിനു മുൻപ് ഈ ഭാവനയോടെ കണ്ണുകളടച്ച് ജഗദീശ്വരിയെ ധ്യാനിക്കുക. പ്രാണായാമം ചെയ്ത് വായുക്കളെ അടക്കി സമീകരിക്കുക.

ആദ്യം ‘ഹ’ കാരത്തെ ‘ര’ കാരത്തിൽ അടക്കുക. അതായത് സ്ഥൂലത്തെ സൂക്ഷ്മത്തിൽ ലയിപ്പിക്കുക. പിന്നീടു് ‘ര’ കാരത്തെ ‘ഈ’ ബീജത്തിൽ ലയിപ്പിക്കുക. അങ്ങിനെ സൂക്ഷ്മം കാരണത്തിൽ വിലയിതമാവട്ടെ. ഒടുവിൽ ‘ഹ്രീ’ങ്കാരം തുരീയത്തിൽ ഒന്നാവണം. എന്നിട്ട് വാക്കും അർത്ഥവും തമ്മിൽ ഭേദമില്ലാത്ത ആ ചൈതന്യ സത്തയെ, ദ്വൈതഭാവം വെടിഞ്ഞ അഖണ്ഡ സച്ചിദാനന്ദത്തെ, അഗ്നിശിഖയിൽ ഭാവന ചെയ്ത് രമ്യമായിരിക്കുക.

ഇങ്ങിനെ എന്നെ ധ്യാനിച്ചു സാക്ഷാത്കരിക്കുന്ന സാധകൻ എന്റെ സാരൂപ്യമണയുന്നു. എന്റെ പരാത്പരമായ രൂപദർശനം അവനിലെ അജ്ഞാനത്തിനെ ക്ഷണത്തിൽ ഇല്ലാതാക്കുന്നു.

Wednesday, November 9, 2016

ദിവസം 191 ശ്രീമദ്‌ ദേവീഭാഗവതം. 7. 33. വിശ്വരൂപദര്‍ശനം

ദിവസം 191  ശ്രീമദ്‌ ദേവീഭാഗവതം7. 33. വിശ്വരൂപദര്‍ശനം

മന്മായാശക്തി സംക്ളുപ്തം ജഗത് സർവ്വം ചരാചരം
സാപി മത്ത: പൃഥങ് മായാ നാസ്ത്യേവ പരമാർത്ഥത:
വ്യവഹാരദൃശാ സേയം വിദ്യാ മായേതി വിശ്രുതാ
തത്ത്വദൃഷ്ട്യാ തു നാസ്ത്യേവ തത്ത്വമേവാസ്തി കേവലം

ദേവി അരുളി: എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ജഗത്ത് എന്റെ മായാശക്തി കൊണ്ട് പരിപൂർണ്ണമായും നിർണ്ണയിക്കപ്പെട്ടതാണ്. എന്നാൽ ആ മായ എന്നിൽ നിന്നും വിഭിന്നമല്ല എന്നും അറിയുക. മായാശക്തി എന്നിൽ കല്പിതം മാത്രമാകയാൽ അത് മിഥ്യയാണ്. കേവലം വ്യവഹാരത്തിൽ മാത്രമേ ഈ മായയ്ക്ക് നിലനില്പുള്ളു. തത്വദൃഷ്ട്യാ നോക്കുമ്പോൾ അത് ഉണ്മയല്ല. ബ്രഹ്മമല്ലാതെ മറ്റൊന്നും സത്യമായി ഇല്ല.

ഇങ്ങിനെയുള്ള ഞാൻ വിശ്വത്തെ സൃഷ്ടിച്ച ശേഷം ആ സൃഷ്ടികളിൽ പ്രാണനായി പ്രവേശിക്കുന്നു. കുടത്തിൽ ആകാശം എങ്ങിനെയോ അല്ലെങ്കിൽ കണ്ണാടിയിൽ പ്രതിബിബം എങ്ങിനെയോ അതു പോലെയാണത് സംഭവിക്കുന്നത്. ഹിമവാനേ, മായയും കർമ്മവും സഹിതമാണ് ഞാൻ സൃഷ്ടികളിൽ പ്രവേശിക്കുന്നത്. ഞാനങ്ങിനെ സൃഷ്ടികളിൽ നിലകൊള്ളുന്നില്ല എന്നു വരികിൽ ജീവന് വ്യവഹാരങ്ങൾ ഉണ്ടാവുകയില്ല. ലോകാന്തര പ്രാപ്തിയും സംഭവിക്കുകയില്ല. ഉപാദിഭേദം കൊണ്ടു് മായയ്ക്ക് വശംവദമായി ഓരോന്നിലും ഞാൻ ഓരോരോ വിധത്തിൽ പ്രഭാസിക്കുന്നു. കുടത്തിലെ ആകാശം പോലെയല്ല മഠത്തിലെ ആകാശം. എന്നാൽ ആകാശം സർവ്വത്ര നിറഞ്ഞിരിക്കുന്നു. സൂര്യൻ നന്മതിന്മകളെ ഒരുപോലെ പ്രകാശിപ്പിക്കുമല്ലോ. കൂടസ്ഥയാണ് ഞാനെങ്കിലും വ്യവഹാരത്തിൽ ഞാൻ നാനാ ജീവഭാവങ്ങളിൽ കാണപ്പെടുന്നു. ഉപാധിഭേദം എന്നിൽ കളങ്കമൊന്നും ഏല്പിക്കുന്നില്ല. തിന്മയെ പകൽ വെളിച്ചത്തിൽ വെളിവാക്കുന്നതു കൊണ്ട് സൂര്യനിൽ കളങ്കമുണ്ടോ?

ആത്മാവ് കർമ്മം ചെയ്യുന്നു എന്ന തെറ്റിദ്ധാരണ മൂഢൻമാർക്കേ ഉണ്ടാവൂ. ബുദ്ധി മുതലായ കർത്തൃത്വഭാവങ്ങൾ എന്നിൽ ആരോപിക്കുന്നത് തെറ്റാണ്. കാരണം എന്റേത് സാക്ഷി ഭാവം മാത്രമാണ്. ജീവനെന്നും ഈശ്വരനെന്നും പറയുന്നത് ഘടാകാശം, മഹാകാശം എന്നിങ്ങിനെയുള്ള വ്യവഹാര വ്യത്യാസങ്ങൾ മാത്രമാണ്. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുളള ഭേദവും ഇപ്രകാരമാണ്. അനേകം ജീവൻ ഉണ്ടെന്നു തോന്നുന്നത് മായയാലാണ്. വിഷ്ണു, ശിവൻ മുതലായ വിവിധ ദേവൻമാരും ഇതേ മായയുടെ കല്പനകളാണ്. സ്വയം നിലനില്പില്ലാത്ത ജീവന്റെ  ബഹുത്വം കാണിക്കാനാണ് അനേകം ജീവനുകളും ഈശ്വരൻമാരും മായാ കല്പിതങ്ങളായി സൃഷ്ടിക്കപ്പെട്ടത്. അവ തമ്മിലുള്ള ഭേദങ്ങൾ മായാ കല്പിതങ്ങൾ മാത്രമാണ്.
ദേഹം, ഇന്ദ്രിയം, സംസ്കാരം, എന്നിവകൊണ്ടു് അവിദ്യ ഭേദഭാവം കൈക്കൊള്ളുന്നു. എന്നാൽ ത്രിഗുണങ്ങളാൽ ബാധിക്കപ്പെട്ട മായ തന്നെയാണ് ജീവഭേദത്തിനു കാരണം. ഈശ്വരഭേദവും ഇങ്ങിനെയാണ് ഉണ്ടാവുന്നത്. 

വിശ്വം മുഴുവനും എന്നിൽ കുടികൊള്ളുന്നു എന്നറിഞ്ഞാലും. ഞാൻ തന്നെയാണ് വിഷ്ണുവും രുദ്രനും ഈശ്വരനും വിരാട്ടും  ബ്രഹ്മാവും ഗൌരിയും വൈഷ്ണവിയും, താരകളും ജന്തുക്കളും മറ്റ് ജീവജാലങ്ങളും കള്ളനും ചണ്ഡാളനുമോക്കെയായി  കാണപ്പെടുന്നത്. ക്രൂരകർമ്മം ചെയ്യുന്നവനും സത് കർമ്മം ചെയ്യുന്നവനും ആണും പെണ്ണും നപുംസകവും ഞാനാകുന്നു. കാണുന്നവയും കേൾക്കുന്നവയും അകത്തുള്ളവയും പുറത്തുള്ളവയും എല്ലാം ഞാൻ തന്നെ. വൃഷ്ടിയിലോ സമഷ്ടിയിലോ ഞാനല്ലാതെ യാതൊന്നുമില്ല. ഉണ്ടെന്നു പറയുകയാണെങ്കില്‍ അത് ‘വന്ധ്യാപുത്രന്‍’ എന്നു പറയും പോലെ അസംബന്ധം മാത്രമാകുന്നു. ഒരേ കയറിൽത്തന്നെയാണ് മാലയും പാമ്പും ഉള്ളത്. അതുപോലെയാണ് ഞാൻ സകലതിലും നിലകൊണ്ടുന്നത്.

ആപേക്ഷികവും സദാ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ  ജഗത്ത് , സത്തായ ഒന്നിൽ കല്പിതവും സദാ  സത്താണെന്ന തോന്നൽ ഉളവാക്കി നിലകൊള്ളുന്നതുമായ   ഒരു കേവല പ്രതിഭാസം മാത്രമാണ്.

ജഗദംബിക ഇങ്ങിനെ അരുളി നിർത്തിയപ്പോൾ ഹിമാലയൻ ഭഗവതിയോട് അവിടുത്തെ സമഷ്ടി സ്വരൂപം കാണാൻ ആഗ്രഹമുണ്ടെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ വിഷ്ണുവും മറ്റ്  ദേവൻമാരും ഹിമവാന്റെ അഭ്യർത്ഥന ശരിവച്ചു. അവരുടെ ആഗ്രഹം കൂടിയാണ് ഹിമവാൻ ഉണർത്തിച്ചത്.

ജഗദംബിക ദേവൻമാർക്കായി തന്റെ വിരാഡ് രൂപം കാട്ടിക്കൊടുത്തു. ആകാശമാണ് അവളുടെ ശിരസ്സ്. സൂര്യചന്ദ്രൻമാർ കണ്ണുകൾ. ദിക്കുകൾ ചെവികൾ. വേദങ്ങൾ വാക്കുകൾ. വായുവാണ് പ്രാണൻ. വിശ്വമാണ് ഹൃദയം. ഭൂമിയാണ് ജഘനം. നഭസ് നാഭിപ്രദേശം. ജ്യോതിശ്ചക്രമാണ്  മാറിടം. മഹർലോകം കണ്ഠം. ജനലോകം മുഖം. സത്യ ലോകത്തിനും കീഴെയുള്ള തപോലോകമാണ് നെറ്റി. ഇന്ദ്രാദിദേവൻമാർ കൈകാലുകൾ. ശബ്ദം ചെവികൾ. അശ്വിനീ ദേവതമാർ നാസികകൾ. ഗന്ധം ഘ്രാണമായി. മുഖം അഗ്നി. രാപകലുകൾ ഇമകൾ. ബ്രഹ്മസ്ഥാനം പുരികക്കൊടികളുടെ ചലനം. ജലം താലു പ്രദേശമായി. രസം നാക്കായി. യമൻമാർ ദംഷ്ട്രങ്ങളായി. സ്നേഹ കലകളായത് പല്ലുകൾ. മായ പുഞ്ചിരിയായി. കടക്കൺകോൺ സൃഷ്ടിയായി. ലജ്ജ മേൽചുണ്ടു്. ലോഭം അധരം. അധർമ്മം പൃഷ്ഠം. ലോകസൃഷ്ടാവായ പ്രജാപതി ദേവിയുടെ ലിംഗഭാഗമായി. സമുദ്രങ്ങൾ വയറായി. പർവ്വതങ്ങൾ അസ്ഥികളായി. നദികൾ നാഡികളായി. വൃക്ഷങ്ങൾ രോമങ്ങളായി. കൗമാര യൗവന വാർദ്ധക്യാദി അവസ്ഥകൾ ചലനങ്ങളായി. മേഘങ്ങൾ മുടിക്കെട്ടായി. സന്ധ്യകൾ രണ്ടു വസ്ത്രങ്ങളായി. ചന്ദ്രൻ മനസ്സ്. ഹരി വിജ്ഞാനശക്തി. രുദ്രൻ അന്തഃകരണം. കുതിരയുടെ വർഗ്ഗത്തിൽപ്പെട്ട മൃഗങ്ങൾ ശ്രോണിദേശത്തും കടിദേശത്തിനു താഴെയായി അതല,വിതലാദി ലോകങ്ങളും വ്യാപിച്ചു  കിടക്കുന്നു.

ഇങ്ങിനെ മഹത്തായ ആ അഭൌമഗംഭീര രൂപം ദർശിച്ച് ദേവൻമാർ വിസ്മയപ്പെട്ടു. ജ്വാലാമാലകൾ ആ രൂപത്തെ പ്രശോഭിപ്പിക്കുന്നു. ആയിരം ജിഹ്വകൾ ഭൂമിയെ നക്കിയുഴിയുന്നു. ആയിരം ദംഷ്ട്രകൾ 'കടകടാ'രവത്തോടെ ചലിക്കുന്നു. കണ്ണകള്‍ അഗ്നി ജ്വാലകൾ വർഷിച്ചും കൈകൾ അനേകായിരം ആയുധങ്ങൾ ധരിച്ചും കാണപ്പെടുന്നു.

ആയിരം തലകൾ, ആയിരം കണ്ണുകൾ, ആയിരം കാലുകൾ, കോടി സൂര്യപ്രഭ, കോടിമിന്നലിന്റെ പ്രഭാപൂരം, മഹാഘോര രൂപം. ഭയം അങ്കരിപ്പിക്കുന്ന അതിഭീകര ഭാവത്തിലുള്ള ആ വിരാഡ് രൂപം കണ്ട് ദേവൻമാർ ‘ഹാ.. ഹാ..’ എന്നു വിളിച്ച് മൂർച്ഛിച്ചു വീണു. അവര്‍ തന്നെ അഭ്യര്‍ഥിച്ചു  ലഭ്യമായ  ഈ ദര്‍ശനം  ജഗദംബയുടെ സമഷ്ടി സ്വരൂപമാണെന്ന വസ്തുത  അവർ മറന്നു പോയി.

അപ്പോൾ നാലു ദിക്കുകളിൽ നിന്നുമായി വേദങ്ങൾ ഉച്ചത്തിൽ ശബ്ദിച്ച് ദേവൻമാരെ മയക്കത്തിൽ നിന്നും ഉണർത്തി. ദേവൻമാർ  കണ്ണീരൊഴുക്കിക്കൊണ്ടു് ദേവിയെ സ്തുതിക്കാൻ തുടങ്ങി.
'അമ്മേ, ഈ മക്കളെ അഭയം തന്നു രക്ഷിക്കണേ! ഞങ്ങളുടെ അപരാധങ്ങൾ പൊറുക്കണേ. അവിടുത്തെ കോപം അടക്കണേ! ഞങ്ങൾ ഭയം കൊണ്ടു് അവിടുത്തെ സ്തുതിക്കാൻ പോലും വയ്യാത്തവരായിത്തീർന്നിരിക്കുന്നു. നിന്റെ വിക്രമം എത്രത്തോളമുണ്ടെന്ന് നിനക്കു പോലും അറിയാൻ വയ്യെന്നു തോന്നുന്നു. അപ്പോൾ ഞങ്ങൾ അതെങ്ങിനെ അറിയാനാണ്?

ഭുവനേശ്വരീ, പ്രണവാത്മികേ, സർവ്വ വേദാന്തസിദ്ധാന്തേ, ഹ്രീങ്കാര മൂർത്തേ, നമസ്തേ നമസ്തേ !
അഗ്നിയും സൂര്യനും ഔഷധികളും ഉണ്ടായതാരിൽ നിന്നാണോ ആസർവ്വാത്മികയെ ഞങ്ങളിതാ കുമ്പിടുന്നു.

ദേവാസുരൻമാരും പശു പക്ഷികളും മനുഷ്യരും ആരിൽ നിന്നും ഉദ്ഭൂതമായോ ആ സർവ്വാത്മികയെ ഞങ്ങളിതാ വണങ്ങുന്നു.

പ്രാണാപാന വായുക്കളും ധാന്യങ്ങളും, തപസ്സും ശ്രദ്ധയും സത്യവും ബ്രഹ്മചര്യവും വിധിയുമെല്ലാം ആരിൽ നിന്നുമുദ്ഭവിച്ചുവോ ആ സർവ്വാത്മാവിനെ ഞങ്ങൾ നമസ്കരിക്കുന്നു.

ഏഴു പ്രാണങ്ങളും അവയുടെ ഏഴ് ദീപ്തികളും ഏഴ് വിഷയങ്ങളും ഏഴ് വിഷയവിജ്ഞാനങ്ങളും ഏഴു ലോകങ്ങളും (ഇന്ദ്രിയസ്ഥാനങ്ങളും) ജനിപ്പിച്ചതാരോ ആ സർവ്വാത്മികയെ ഞങ്ങൾ തൊഴുന്നു.

ആഴിയും, മലയും, ഔഷധികളും രസങ്ങളും തന്നതാരാണോ ആ സർവ്വാത്മികയെ ഞങ്ങളിതാ നമസ്കരിക്കുന്നു.

യജ്ഞവും ദീക്ഷയും യൂപവും ദക്ഷിണയും ഋക്, സാമ യജുസ്സുകളും ആരിൽ നിന്നു പുറത്തു വന്നുവോ ആ സർവ്വാത്മികയ്ക്ക് നമസ്കാരം.

അമ്മേ അവിടുത്തെ മുന്നിലും പിന്നിലും നമസ്കാരം. മേലും കീഴും നമസ്കാരം. നാലു ദിക്കുകളിലും നമസ്കാരം. 

ഇനി ഈ ഭയാനകമായ അലൌകിക രൂപത്തെ മറച്ചാലും. അമ്മയുടെ മനോജ്ഞമായ രൂപത്തെ ഞങ്ങൾക്ക് കാട്ടിത്തന്നാലും.'

വ്യാസൻ പറഞ്ഞു: ദേവൻമാർ ഭീതിയോടെ ഇങ്ങിനെ സ്തുതിച്ച് അഭ്യർത്ഥിച്ചപ്പോൾ കരുണാമയിയായ ജഗദംബിക ഭീകരരൂപം വെടിഞ്ഞ് തന്റെ സുന്ദരരൂപം അവരെ കാട്ടിക്കൊടുത്തു. പാശം, അങ്കുശം, വരം, അഭയം എന്നിവയണിഞ്ഞ നാല്  തൃക്കരങ്ങൾ, കാരുണ്യം പൊഴിയുന്ന കണ്ണുകൾ, പുഞ്ചിരി വഴിയുന്ന മുഖകമലം.  ഭയവിമുക്തരായ ദേവൻമാർ രോമഹർഷമനുഭവിച്ചുകൊണ്ട്  ഗദ്ഗദത്തോടെ ജഗദംബികയായ ദേവിയെ വീണ്ടും വീണ്ടും വീണു നമസ്കരിച്ചു.